എൻ്റെ സഹപൗരന്മാരേ,
നമസ്കാരം!
നവംബർ 26 ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണ്. 1949-ൽ ഇതേ ദിവസമാണ് ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. വ്യക്തതയോടും ബോധ്യത്തോടും കൂടി രാജ്യത്തിന്റെ പുരോഗതിയെ നയിക്കുന്ന ഒരു വിശുദ്ധ രേഖയാണിത്. അതുകൊണ്ടാണ്, ഏകദേശം ഒരു ദശാബ്ദം മുമ്പ്, 2015-ൽ, എൻഡിഎ ഗവൺമെന്റ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
എളിയ പശ്ചാത്തലത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ ഒരു കുടുംബത്തിൽ നിന്നുള്ള എന്നെപ്പോലുള്ള ഒരു വ്യക്തിയെ 24 വർഷത്തിലേറെ തുടർച്ചയായി ഗവൺമെന്റിന്റെ തലവനായി സേവിക്കാൻ പ്രാപ്തമാക്കിയത് നമ്മുടെ ഭരണഘടനയുടെ ശക്തിയാണ്. 2014-ൽ, ആദ്യമായി പാർലമെന്റിൽ വന്ന്, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ പടികൾ തൊട്ട് വണങ്ങിയ നിമിഷങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. വീണ്ടും, 2019-ൽ, തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, സംവിധാൻ സദന്റെ സെൻട്രൽ ഹാളിൽ പ്രവേശിച്ചപ്പോൾ, ആദരസൂചകമായി ഞാൻ വണങ്ങി ഭരണഘടന നെറ്റിയിൽ വച്ചു. ഈ ഭരണഘടന എന്നെപ്പോലെ തന്നെ നിരവധി പേർക്ക് സ്വപ്നം കാണാനും അതിനായി പ്രവർത്തിക്കാനുമുള്ള ശക്തി നൽകിയിട്ടുണ്ട്.
ഭരണഘടനാ ദിനത്തിൽ, ഭരണഘടനാ നിർമ്മാണത്തിന് സംഭാവന നൽകിയ ഡോ. രാജേന്ദ്ര പ്രസാദ് അധ്യക്ഷനായ ഭരണഘടനാ അസംബ്ലിയിലെ എല്ലാ പ്രചോദനാത്മക അംഗങ്ങളെയും ഞങ്ങൾ ഓർക്കുന്നു. ശ്രദ്ധേയമായ ദീർഘവീക്ഷണത്തോടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായ ഡോ. ബാബാസാഹേബ് അംബേദ്കറുടെ ശ്രമങ്ങളെ ഞങ്ങൾ ഓർക്കുന്നു. ഭരണഘടനാ അസംബ്ലിയിലെ നിരവധി വിശിഷ്ട വനിതാ അംഗങ്ങൾ അവരുടെ ചിന്തനീയമായ ഇടപെടലുകളും ദർശനാത്മക വീക്ഷണങ്ങളും കൊണ്ട് ഭരണഘടനയെ സമ്പന്നമാക്കി.
എന്റെ ചിന്തകൾ 2010 ലേക്ക് പോകുന്നു. ഇന്ത്യൻ ഭരണഘടന 60 വർഷം പൂർത്തിയാക്കിയ വേളയായിരുന്നു അത്. ദുഃഖകരമെന്നു പറയട്ടെ, ദേശീയ തലത്തിൽ അർഹിക്കുന്ന ശ്രദ്ധ ആ അവസരത്തിന് ലഭിച്ചില്ല. എന്നാൽ, ഭരണഘടനയോടുള്ള ഞങ്ങളുടെ കൂട്ടായ നന്ദിയും പ്രതിബദ്ധതയും പ്രകടിപ്പിക്കാൻ, ഞങ്ങൾ ഗുജറാത്തിൽ ഒരു 'സംവിധാൻ ഗൗരവ് യാത്ര' സംഘടിപ്പിച്ചു. നമ്മുടെ ഭരണഘടന ആനപ്പുറത്തേറ്റി, ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നിരവധി പേർക്കൊപ്പം ഘോഷയാത്രയുടെ ഭാഗമാകാനുള്ള അവസരം എനിക്കും ലഭിച്ചു.
ഭരണഘടന 75 വർഷം പൂർത്തിയാക്കിയപ്പോൾ, ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് അസാധാരണമായ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഈ ചരിത്ര മുഹൂർത്തത്തിന്റെ സ്മരണയ്ക്കായി പാർലമെന്റിന്റെ ഒരു പ്രത്യേക സമ്മേളനം സംഘടിപ്പിക്കാനും രാജ്യവ്യാപകമായി പരിപാടികൾ ആരംഭിക്കാനും ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. ഈ പരിപാടികളിൽ റെക്കോർഡ് പൊതുജന പങ്കാളിത്തം ഉണ്ടായിരുന്നു.
ഈ വർഷത്തെ ഭരണഘടനാ ദിനം പല കാരണങ്ങളാൽ സവിശേഷമാണ്.
സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും ഭഗവാൻ ബിർസ മുണ്ടയുടെയും 150-ാം ജന്മവാർഷികമാണിത്. ഇരുവരും നമ്മുടെ രാഷ്ട്രത്തിന് മഹത്തായ സംഭാവനകൾ നൽകി. സർദാർ പട്ടേലിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം ഉറപ്പാക്കി. അനുഛേദം 370, 35(എ) എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ചുവടുവയ്പ്പുകളെ നയിച്ചത് അദ്ദേഹത്തിന്റെ പ്രചോദനവും ബോധ്യത്തിൽ നിന്നുള്ള ധൈര്യവുമാണ്. ജമ്മു-കശ്മീരിൽ ഇപ്പോൾ ഇന്ത്യൻ ഭരണഘടന പൂർണ്ണമായും പ്രാബല്യത്തിൽ വന്നിരിക്കുന്നു, ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും എല്ലാ ഭരണഘടനാ അവകാശങ്ങളും ഉറപ്പാക്കുന്നു. നമ്മുടെ ഗോത്ര സമൂഹങ്ങൾക്ക് നീതി, അന്തസ്സ്, ശാക്തീകരണം എന്നിവ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന് ഭഗവാൻ ബിർസ മുണ്ടയുടെ ജീവിതം പ്രചോദനമേകുന്നു.
ഈ വർഷം, വന്ദേമാതരത്തിന്റെ 150-ാം വാർഷികവും നാം ആഘോഷിക്കുന്നു, ആ വാക്കുകൾ യുഗങ്ങളായി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയവുമായി പ്രതിധ്വനിക്കുന്നു. അതേ സമയം, ധൈര്യം, കാരുണ്യം, ശക്തി എന്നിവയാൽ നമ്മെ പ്രകാശിപ്പിക്കുന്ന ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ വാർഷികവും നാം അനുസ്മരിക്കുന്നു.
ഈ വ്യക്തിത്വങ്ങളും നാഴികക്കല്ലുകളുമെല്ലാം നമ്മുടെ കടമകളുടെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്നു, ഭരണഘടനയിലെ അനുഛേദം 51A-ൽ മൗലിക കടമകളെക്കുറിച്ചുള്ള ഒരു സമർപ്പിത അധ്യായത്തിലൂടെ ഇത് ഊന്നിപ്പറയുന്നു. സാമൂഹികവും സാമ്പത്തികവുമായ പുരോഗതി എങ്ങനെ കൂട്ടായി കൈവരിക്കാമെന്നതിലേക്ക് ഈ കടമകൾ നമ്മെ നയിക്കുന്നു. മഹാത്മാഗാന്ധി എപ്പോഴും ഒരു പൗരന്റെ കടമകളെ ഊന്നിപ്പറഞ്ഞിരുന്നു. ഒരു കടമ നന്നായി നിർവഹിക്കുമ്പോൾ അതിനനുസൃതമായി അവകാശം സൃഷ്ടിക്കുന്നുവെന്നും യഥാർത്ഥ അവകാശങ്ങൾ കടമനിർവഹണത്തിന്റെ പ്രതിഫലമാണെന്നും അദ്ദേഹം വിശ്വസിച്ചു.
ഈ നൂറ്റാണ്ട് ആരംഭിച്ചിട്ട് 25 വർഷം കഴിഞ്ഞു. വെറും രണ്ട് പതിറ്റാണ്ടിനുള്ളിൽ, കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 100 വർഷം നാം ആഘോഷിക്കും. 2049-ൽ, ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് നൂറ് വർഷങ്ങൾ തികയും. നമ്മൾ രൂപപ്പെടുത്തുന്ന നയങ്ങളും, ഇന്ന് നമ്മൾ എടുക്കുന്ന തീരുമാനങ്ങളും, നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളും വരും തലമുറകളുടെ ജീവിതത്തെ രൂപപ്പെടുത്തും.
ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നാം മുന്നോട്ട് പോകുമ്പോൾ, നമ്മുടെ രാഷ്ട്രത്തോടുള്ള കടമകൾ മനസ്സിൽ എപ്പോഴും പ്രഥമ സ്ഥാനത്ത് വയ്ക്കണം.
നമ്മുടെ രാജ്യം നമുക്ക് വളരെയധികം നൽകിയിട്ടുണ്ട്, ഇത് നമ്മുടെ ഉള്ളിൽ നിന്ന് ആഴത്തിലുള്ള കൃതജ്ഞത പ്രകടിപ്പിക്കാൻ കാരണമാകുന്നു. ഈ വികാരത്തോടെ ജീവിക്കുമ്പോൾ, നമ്മുടെ കടമകൾ നിറവേറ്റുന്നത് നമ്മുടെ സ്വഭാവത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. നമ്മുടെ കടമകൾ നിർവഹിക്കുന്നതിന്, ഓരോ ജോലിയിലും പൂർണ്ണ ശേഷിയും സമർപ്പണവും ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. നമ്മുടെ ഓരോ പ്രവൃത്തിയും ഭരണഘടനയെ ശക്തിപ്പെടുത്തുകയും ദേശീയ ലക്ഷ്യങ്ങളും താൽപ്പര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുകയും വേണം. നമ്മുടെ ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത സ്വപ്നങ്ങൾ നിറവേറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ കർത്തവ്യബോധത്തോടെ നാം പ്രവർത്തിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി പലമടങ്ങ് വർദ്ധിക്കും.
നമ്മുടെ ഭരണഘടന നമുക്ക് വോട്ടവകാശം നൽകിയിട്ടുണ്ട്. പൗരന്മാർ എന്ന നിലയിൽ, നമ്മൾ രജിസ്റ്റർ ചെയ്തിട്ടുള്ള ദേശീയ, സംസ്ഥാന, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കേണ്ടത് നമ്മുടെ കടമയാണ്. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായി, 18 വയസ്സ് തികയുന്ന യുവാക്കളെ ആഘോഷിക്കുന്നതിനായി എല്ലാ നവംബർ 26 നും സ്കൂളുകളിലും കോളേജുകളിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം. അങ്ങനെ, കന്നിവോട്ടർമാർക്ക് അവർ വിദ്യാർത്ഥികൾ എന്നതിനപ്പുറം, രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ സജീവ പങ്കാളികളാണെന്നും തോന്നും.
നമ്മുടെ യുവാക്കളെ ഉത്തരവാദിത്തബോധവും അഭിമാനവും കൊണ്ട് പ്രചോദിപ്പിക്കുമ്പോൾ, അവർ ജീവിതത്തിലുടനീളം ജനാധിപത്യത്തിന്റെ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരായി തുടരും. ഈ പ്രതിബദ്ധതയാണ് ശക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറ.
ഈ ഭരണഘടനാ ദിനത്തിൽ, ഈ മഹത്തായ രാഷ്ട്രത്തിന്റെ പൗരന്മാർ എന്ന നിലയിൽ നമ്മുടെ കടമകൾ നിറവേറ്റാനുള്ള പ്രതിജ്ഞ വീണ്ടും ഉറപ്പിക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ, വികസിതവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു വികസിത ഭാരതത്തിന്റെ നിർമ്മാണത്തിന് നമുക്കെല്ലാവർക്കും അർത്ഥവത്തായ സംഭാവനകൾ നൽകാൻ കഴിയും.
എന്ന് സ്വന്തം
നരേന്ദ്ര മോദി


