പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.
ചരിത്രമെഴുതാൻ സമയം കളയേണ്ട ആവശ്യമില്ല, പകരം ചരിത്രം സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് സർദാർ പട്ടേൽ വിശ്വസിച്ചിരുന്നതായി പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. ഈ ബോധ്യം സർദാർ പട്ടേലിന്റെ ജീവിതത്തിലുടനീളം വ്യക്തമാണെന്നും സർദാർ പട്ടേൽ കൈക്കൊണ്ട നയങ്ങളും തീരുമാനങ്ങളുമാണ് ചരിത്രത്തിൽ ഒരു പുതിയ അധ്യായം സൃഷ്ടിച്ചതെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യാനന്തരം 550-ൽ അധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമെന്ന് തോന്നിപ്പിച്ച ഒരു ദൗത്യം അദ്ദേഹം എങ്ങനെ നിറവേറ്റിയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ആശയമായിരുന്നു സർദാർ പട്ടേലിന് പരമപ്രധാനം. അതുകൊണ്ടാണ് സർദാർ പട്ടേലിന്റെ ജന്മവാർഷികം സ്വാഭാവികമായും ദേശീയ ഐക്യത്തിന്റെ മഹോത്സവമായി മാറിയതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 140 കോടി ഇന്ത്യക്കാർ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായും ജനുവരി 26 റിപ്പബ്ലിക് ദിനമായും ആഘോഷിക്കുന്നതുപോലെ, സമാനമായ സ്ഥാനമാണ് ഇപ്പോൾ ഏകതാ ദിവസിനും ലഭിച്ചിരിക്കുന്നത്. ഇന്ന് കോടിക്കണക്കിന് ആളുകൾ ഐക്യപ്രതിജ്ഞയെടുക്കുകയും രാഷ്ട്രത്തിൻ്റെ ഐക്യം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായതായും അദ്ദേഹം അറിയിച്ചു. ഏക്താ നഗറിൽ പോലും ഏകതാ മാളും ഏകതാ ഉദ്യാനവും ഐക്യത്തിൻ്റെ ചരടിനെ ശക്തിപ്പെടുത്തുന്ന പ്രതീകങ്ങളായി നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിൻ്റെ ഐക്യത്തെ ദുർബലപ്പെടുത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ഓരോ പൗരനും ഒഴിവാക്കണം എന്ന് പ്രധാനമന്ത്രി ഊന്നിപ്പറയുകയും, ഇതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും ഓരോ ഇന്ത്യക്കാരനുമുള്ള ഏകതാ ദിവസത്തിൻ്റെ പ്രധാന സന്ദേശമെന്നും കൂട്ടിച്ചേർത്തു. സർദാർ പട്ടേൽ രാഷ്ട്രത്തിൻ്റെ പരമാധികാരത്തിന് എല്ലാറ്റിനുമുപരിയായി പ്രാധാന്യം നൽകിയിരുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. എന്നിരുന്നാലും, സർദാർ പട്ടേലിൻ്റെ മരണശേഷം വന്ന ഗവൺമെന്റുകൾ ദേശീയ പരമാധികാരത്തോട് അതേ ഗൗരവം കാണിച്ചില്ല എന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. കശ്മീരിൽ സംഭവിച്ച തെറ്റുകൾ, വടക്കുകിഴക്കൻ മേഖലയിലെ വെല്ലുവിളികൾ, രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയുടെ വ്യാപനം എന്നിവ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള ഭീഷണികളായി അദ്ദേഹം ചൂണ്ടിക്കാട്ടി. സർദാർ പട്ടേലിന്റെ നയങ്ങൾ പിന്തുടരുന്നതിനുപകരം, അന്നത്തെ ഗവൺമെന്റുകൾ നട്ടെല്ലില്ലാത്ത സമീപനമാണ് സ്വീകരിച്ചതെന്നും അതിൻ്റെ ഫലമായി രാജ്യം അക്രമത്തിൻ്റെയും രക്തച്ചൊരിച്ചിലിൻ്റെയും രൂപത്തിൽ പ്രത്യാഘാതങ്ങൾ നേരിട്ടുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മറ്റ് നാട്ടുരാജ്യങ്ങളെ വിജയകരമായി ലയിപ്പിച്ചതുപോലെ കശ്മീരിൻ്റെ സമ്പൂർണ്ണ ഏകീകരണമാണ് സർദാർ പട്ടേൽ ആഗ്രഹിച്ചിരുന്നതെന്ന് ഇന്നത്തെ യുവതലമുറയിലെ പലർക്കും അറിയില്ലായിരിക്കാമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി അന്നത്തെ പ്രധാനമന്ത്രി ആ ആഗ്രഹം നിറവേറ്റാൻ അനുവദിച്ചില്ലെന്ന് പറഞ്ഞു. കശ്മീരിനെ ഒരു പ്രത്യേക ഭരണഘടനയും പ്രത്യേക ചിഹ്നവും ഉപയോഗിച്ച് വിഭജിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നത്തെ ഭരണകക്ഷി കശ്മീർ വിഷയത്തിൽ വരുത്തിയ പിഴവ് പതിറ്റാണ്ടുകളോളം രാജ്യത്തെ കലുഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ദുർബലമായ നയങ്ങൾ കാരണം കശ്മീരിൻ്റെ ഒരു ഭാഗം പാകിസ്ഥാൻ്റെ നിയമവിരുദ്ധമായ അധിനിവേശത്തിന് കീഴിലായി. പാകിസ്ഥാൻ ഭീകരതയ്ക്ക് കൂടുതൽ ഇന്ധനം നൽകി. ഈ തെറ്റുകൾക്ക് കശ്മീരും രാജ്യവും വലിയ വില നൽകേണ്ടിവന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എന്നിട്ടും അന്നത്തെ ഗവൺമെന്റ് ഭീകരതയ്ക്ക് മുന്നിൽ തലകുനിച്ചുകൊണ്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സർദാർ പട്ടേലിന്റെ ദർശനങ്ങൾ മറന്നുപോയതിന് ഇപ്പോഴത്തെ പ്രതിപക്ഷ പാർട്ടിയെ വിമർശിച്ച ശ്രീ മോദി, തങ്ങളുടെ പാർട്ടി അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. 2014-ന് ശേഷം, സർദാർ പട്ടേലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഉരുക്കുപോലുള്ള ദൃഢനിശ്ചയത്തിന് രാജ്യം വീണ്ടും സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന്, കശ്മീർ ആർട്ടിക്കിൾ 370-ൻ്റെ കെട്ടുപാടുകളിൽ നിന്ന് മോചിതമായി പൂർണ്ണമായും മുഖ്യധാരയിൽ ലയിച്ചുവെന്നും പ്രധാനമന്ത്രി അടിവരയിട്ടു. പാകിസ്ഥാനും ഭീകരവാദത്തിൻ്റെ പിന്നിലുള്ളവരും ഇപ്പോൾ ഇന്ത്യയുടെ യഥാർത്ഥ ശക്തി തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിനെ പരാമർശിച്ചുകൊണ്ട്, ആരെങ്കിലും ഇന്ത്യയെ വെല്ലുവിളിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ, ശത്രുരാജ്യത്തിൻ്റെ അതിർത്തിക്കുള്ളിൽ പ്രഹരിച്ച് തിരിച്ചടിക്കുമെന്ന് ലോകം മുഴുവൻ കണ്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രതികരണം എപ്പോഴും ശക്തവും നിർണ്ണായകവുമായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഇന്ത്യയുടെ ശത്രുക്കൾക്കുള്ള സന്ദേശമാണിത് - "ഇത് ഉരുക്കുമനുഷ്യനായ സർദാർ പട്ടേലിന്റെ ഇന്ത്യയാണ്, അത് അതിൻ്റെ സുരക്ഷയിലോ ആത്മാഭിമാനത്തിലോ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല".
ദേശീയ സുരക്ഷാ രംഗത്തെ കഴിഞ്ഞ പതിനൊന്ന് വർഷത്തെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം നക്സൽ-മാവോയിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ചതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ന് മുമ്പ്, രാജ്യത്തിന്റെ ഹൃദയഭാഗത്ത് നിന്ന് നക്സൽ-മാവോയിസ്റ്റ് ഗ്രൂപ്പുകൾ ഭരണം നടത്തുന്ന രീതിയിലായിരുന്നു രാജ്യത്തെ സ്ഥിതിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ മേഖലകളിൽ, ഇന്ത്യൻ ഭരണഘടന ബാധകമായിരുന്നില്ല, പോലീസിനും ഭരണ സംവിധാനങ്ങൾക്കും പ്രവർത്തിക്കാൻ കഴിഞ്ഞില്ല. നക്സലുകൾ പരസ്യമായി ഉത്തരവുകൾ പുറപ്പെടുവിച്ചു, റോഡ് നിർമ്മാണം തടസ്സപ്പെടുത്തി, സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവ ബോംബെറിഞ്ഞു, അതേസമയം ഭരണകൂടം അവരുടെ മുന്നിൽ നിസ്സഹായരായി കാണപ്പെട്ടുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.
"2014-ന് ശേഷം, നമ്മുടെ ഗവൺമെന്റ് നക്സൽ-മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരെ ഒരു നിർണ്ണായക ആക്രമണം ആരംഭിച്ചു" എന്ന് പ്രസ്താവിച്ച ശ്രീ മോദി, നക്സലുകളെ പിന്തുണയ്ക്കുന്ന അർബൻ-നക്സലുകളെ പോലും ഒറ്റപ്പെടുത്തിയതായും ഊന്നിപ്പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിൽ വിജയിച്ചതായും നക്സൽ ശക്തികേന്ദ്രങ്ങളിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ നടത്തിയതായും അദ്ദേഹം പറഞ്ഞു. അതിൻ്റെ ഫലങ്ങൾ രാജ്യം മുഴുവൻ ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014-ന് മുമ്പ് രാജ്യത്തെ 125 ഓളം ജില്ലകൾ മാവോയിസ്റ്റ് ഭീകരതയുടെ പിടിയിലായിരുന്നു. ഇന്ന് ഈ എണ്ണം വെറും 11 ആയി കുറഞ്ഞുവെന്നും ഇതിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് കടുത്ത നക്സൽ സ്വാധീനമുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. നക്സൽ-മാവോയിസ്റ്റ് ഭീഷണികളിൽ നിന്ന് ഇന്ത്യയെ പൂർണ്ണമായും മോചിപ്പിക്കുന്നത് വരെ ഗവൺമെന്റ് പിന്മാറില്ലെന്ന് ഏക്താ നഗറിൽ നിന്ന്, സർദാർ പട്ടേലിൻ്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പ് നൽകി.

ഇന്ന് രാജ്യത്തിൻ്റെ ഐക്യത്തിനും ആഭ്യന്തര സുരക്ഷയ്ക്കും നുഴഞ്ഞുകയറ്റക്കാർ ഒരു ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി വിദേശ നുഴഞ്ഞുകയറ്റക്കാർ രാജ്യത്തേക്ക് പ്രവേശിക്കുകയും പൗരന്മാർക്കുള്ള വിഭവങ്ങൾ കൈക്കലാക്കുകയും ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകർക്കുകയും ദേശീയ ഐക്യത്തെ അപകടത്തിലാക്കുകയും ചെയ്തു. ഈ ഗുരുതരമായ വിഷയത്തിൽ മുൻ ഗവൺമെന്റുകൾ കണ്ണടച്ചതിനെ അദ്ദേഹം വിമർശിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ഈ പ്രധാന ഭീഷണിയെ നേരിടാൻ രാജ്യം ആദ്യമായി ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. ഈ വെല്ലുവിളി നേരിടാൻ ചെങ്കോട്ടയിൽ നിന്ന് ഡെമോഗ്രഫി മിഷൻ പ്രഖ്യാപിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വിഷയം ഗൗരവമായി ഉന്നയിക്കുമ്പോൾ പോലും ചിലർ ദേശീയ ക്ഷേമത്തേക്കാൾ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ ആളുകൾ നുഴഞ്ഞുകയറ്റക്കാർക്ക് അവകാശം നൽകാൻ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ദേശീയ ശിഥിലീകരണത്തിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് നിസ്സംഗരാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ സുരക്ഷയും വ്യക്തിത്വവും അപകടത്തിലായാൽ, ഓരോ പൗരനും അപകടത്തിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുകൊണ്ട്, ഇന്ത്യയിൽ താമസിക്കുന്ന ഓരോ നുഴഞ്ഞുകയറ്റക്കാരനെയും നീക്കം ചെയ്യാനുള്ള ദൃഢനിശ്ചയം വീണ്ടും ഉറപ്പിക്കാൻ രാഷ്ട്രീയ ഏകതാ ദിവസിൽ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു.
ജനാധിപത്യത്തിൽ ദേശീയ ഐക്യം എന്നാൽ ചിന്താപരമായ വൈവിധ്യത്തെ ബഹുമാനിക്കുകയെന്നും അർത്ഥമാക്കുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വീകാര്യമാണെങ്കിലും, വ്യക്തിപരമായ വിയോജിപ്പുകൾ നിലനിൽക്കരുതെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ നയിക്കാൻ ചുമതലപ്പെടുത്തിയവർ 'നാം ഭാരതീയർ' എന്ന മനോഭാവത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള വ്യക്തികളെയും സംഘടനകളെയും അപകീർത്തിപ്പെടുത്തുകയും രാഷ്ട്രീയ അയിത്തം സ്ഥാപനവൽക്കരിക്കുകയുംചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ഗവൺമെന്റുകൾ സർദാർ പട്ടേലിനോടും അദ്ദേഹത്തിന്റെ പാരമ്പര്യത്തോടും എങ്ങനെയാണ് പെരുമാറിയതെന്നും അതുപോലെ ബാബാ സാഹിബ് അംബേദ്കറെ അദ്ദേഹത്തിൻ്റെ ജീവിതകാലത്തും അതിനുശേഷവും എങ്ങനെയാണ് അരികുവൽക്കരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായൺ തുടങ്ങിയ നേതാക്കളോടും മുൻ ഗവൺമെന്റുകൾ ഇതേ സമീപനമാണ് സ്വീകരിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ വർഷം രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ 100 വർഷം തികയുന്ന കാര്യം സൂചിപ്പിച്ച ശ്രീ മോദി, ഈ സംഘടന നേരിടുന്ന ആക്രമണങ്ങളെയും ഗൂഢാലോചനകളെയും എടുത്തുപറഞ്ഞു. ഒരു പാർട്ടിക്കും ഒരു കുടുംബത്തിനും പുറത്ത് ഓരോ വ്യക്തിയെയും ആശയത്തെയും ഒറ്റപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിഭജിച്ച രാഷ്ട്രീയ തൊട്ടുകൂടായ്മ അവസാനിപ്പിച്ചതിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, സർദാർ പട്ടേലിന്റെ ബഹുമാനാർത്ഥം ഏകതാ പ്രതിമയുടെ നിർമ്മാണവും ബാബാ സാഹിബ് അംബേദ്കറിനായി പഞ്ചതീർത്ഥ സ്ഥാപിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ബാബാ സാഹിബിൻ്റെ ഡൽഹിയിലെ വസതിയും മഹാപരിനിർവാൺ സ്ഥലവും മുൻ ഗവൺമെന്റുകളുടെ കാലത്ത് അവഗണന നേരിട്ടെങ്കിലും എന്നാൽ ഇപ്പോൾ അത് ഒരു ചരിത്ര സ്മാരകമാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻ ഗവൺമെന്റിന്റെ കാലത്ത് ഒരു മുൻ പ്രധാനമന്ത്രിക്ക് മാത്രമാണ് പ്രത്യേക മ്യൂസിയം ഉണ്ടായിരുന്നത് എന്നും എന്നാൽ തങ്ങളുടെ ഗവൺമെന്റ് എല്ലാ മുൻ പ്രധാനമന്ത്രിമാരുടെയും സംഭാവനകളെ ആദരിക്കുന്നതിനായി പ്രധാനമന്ത്രിമാരുടെ മ്യൂസിയം നിർമ്മിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കർപ്പൂരി ഠാക്കൂറിന് ഭാരതരത്ന നൽകിയെന്നും നിലവിലെ പ്രതിപക്ഷ കക്ഷിയിൽ തൻ്റെ ജീവിതം മുഴുവൻ ചെലവഴിച്ച ശ്രീ പ്രണബ് മുഖർജിക്ക് പോലും ഭാരതരത്ന നൽകി ആദരിച്ചെന്നും അദ്ദേഹം പറഞ്ഞു. മുലായം സിംഗ് യാദവ് പോലുള്ള എതിർ പ്രത്യയശാസ്ത്രങ്ങളിൽ നിന്നുള്ള നേതാക്കളെയും പത്മ അവാർഡുകൾ നൽകി ആദരിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ഉയർന്ന് ദേശീയ ഐക്യത്തിൻ്റെ മനോഭാവം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ തീരുമാനങ്ങൾക്ക് പിന്നിലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് വിദേശത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച ബഹുപാർട്ടി പ്രതിനിധി സംഘത്തിലും ഈ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം പ്രതിഫലിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"രാഷ്ട്രീയ നേട്ടങ്ങൾക്കായി ദേശീയ ഐക്യത്തെ ആക്രമിക്കുന്ന മനോഭാവം കൊളോണിയൽ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്" എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിപക്ഷ പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് അധികാരവും പാർട്ടി ഘടനയും പാരമ്പര്യമായി നേടിയെടുക്കുക മാത്രമല്ല, അവരുടെ കീഴ്പ്പെടുത്തൽ മനോഭാവത്തെ ആന്തരികവൽക്കരിക്കുകയും ചെയ്തു. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150 വാർഷികം രാജ്യം ആഘോഷിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, 1905 ൽ ബ്രിട്ടീഷുകാർ ബംഗാളിനെ വിഭജിച്ചപ്പോൾ, വന്ദേമാതരം ഓരോ ഇന്ത്യക്കാരന്റെയും പ്രതിരോധത്തിന്റെ കൂട്ടായ ശബ്ദമായും ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായും മാറിയെന്ന് ഓർമ്മിപ്പിച്ചു. വന്ദേമാതരം ചൊല്ലുന്നത് നിരോധിക്കാൻ ബ്രിട്ടീഷുകാർ പോലും ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. എന്നാൽ, ബ്രിട്ടീഷുകാർക്ക് ചെയ്യാൻ കഴിയാത്തത് മുൻ ഗവൺമെന്റ് ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മതപരമായ കാരണങ്ങളാൽ അവർ വന്ദേമാതരത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്യുകയും, അതുവഴി സമൂഹത്തെ ഭിന്നിപ്പിച്ച് കൊളോണിയൽ അജണ്ട മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. വന്ദേമാതരത്തെ വിഭജിച്ച് വെട്ടിച്ചുരുക്കാൻ നിലവിലെ പ്രതിപക്ഷ കക്ഷി തീരുമാനിച്ച ദിവസം, അവർ ഇന്ത്യയുടെ വിഭജനത്തിന് അടിത്തറയിട്ടു എന്ന് പൂർണ്ണ ഉത്തരവാദിത്തത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അവർ ആ വലിയ തെറ്റ് ചെയ്തില്ലായിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യയുടെ ചിത്രം വളരെ വ്യത്യസ്തമായിരുന്നേനെ എന്നും അദ്ദേഹം വിമർശിച്ചു.
അന്നത്തെ ഭരണാധികാരികളുടെ ഈ മനോഭാവം കാരണം രാജ്യം പതിറ്റാണ്ടുകളോളം കൊളോണിയൽ ചിഹ്നങ്ങൾ വഹിച്ചുകൊണ്ടിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ പതാകയിൽ നിന്ന് കൊളോണിയൽ ഭരണത്തിൻ്റെ ചിഹ്നം നീക്കം ചെയ്തത് തങ്ങളുടെ ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ പരിവർത്തനത്തിൻ്റെ ഭാഗമായി രാജ്പഥ് കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമരകാലത്തെ ത്യാഗഭൂമിയായ ആൻഡമാനിലെ സെല്ലുലാർ ജയിലിന് ദേശീയ സ്മാരക പദവി ലഭിച്ചത് മൊറാർജി ദേശായിയുടെ ഗവൺമെന്റിന്റെ കാലത്താണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെ വരെ ആൻഡമാനിലെ പല ദ്വീപുകൾക്കും ബ്രിട്ടീഷ് വ്യക്തികളുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്. അവ ഇപ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്യുകയും ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷിൻ്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ദ്വീപുകൾക്ക് പരമവീര ചക്ര പുരസ്കാര ജേതാക്കളുടെ പേരുകളും നൽകിയിട്ടുണ്ട്.
കൊളോണിയൽ മനോഭാവം കാരണം, രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് പോലും ശരിയായ ബഹുമാനം ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകം സ്ഥാപിച്ചതിലൂടെ അവരുടെ ഓർമ്മകളെ അനശ്വരമാക്കിയതായി അദ്ദേഹം എടുത്തുപറഞ്ഞു. പോലീസ്, BSF, ITBP, CISF, CRPF, മറ്റ് അർദ്ധസൈനിക സേനാംഗങ്ങൾ എന്നിവരുൾപ്പെടെ 36,000 സൈനികർ ആഭ്യന്തര സുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ചു എന്നും അവരുടെ ധീരതയ്ക്ക് വളരെക്കാലം അർഹമായ അംഗീകാരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ രക്തസാക്ഷികളെ ആദരിക്കുന്നതിനായി പോലീസ് സ്മാരകം നിർമ്മിച്ചത് തങ്ങളുടെ ഗവൺമെന്റാണെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. "രാജ്യം ഇപ്പോൾ കൊളോണിയൽ മനോഭാവത്തിൻ്റെ എല്ലാ ചിഹ്നങ്ങളെയും നീക്കം ചെയ്യുകയും, രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവരെ ആദരിക്കുന്നതിലൂടെ 'രാഷ്ട്രമാണ് ആദ്യം' എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു" എന്നും ശ്രീ മോദി പറഞ്ഞു.

ഒരു രാഷ്ട്രത്തിൻ്റെയും സമൂഹത്തിൻ്റെയും നിലനിൽപ്പിൻ്റെ അടിത്തറ ഐക്യമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, സമൂഹത്തിൽ ഐക്യം നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്തിൻ്റെ അഖണ്ഡത സുരക്ഷിതമായിരിക്കും. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ദേശീയ ഐക്യം തകർക്കാൻ ലക്ഷ്യമിടുന്ന എല്ലാ ഗൂഢാലോചനകളെയും പരാജയപ്പെടുത്തണം എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യത്തിൻ്റെ എല്ലാ മേഖലകളിലും രാജ്യം സജീവമായി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഐക്യത്തിന്റെ നാല് അടിസ്ഥാന സ്തംഭങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു, ആദ്യത്തേത് സാംസ്കാരിക ഐക്യമാണ്. ആയിരക്കണക്കിന് വർഷങ്ങളായി രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ ഇന്ത്യയുടെ സംസ്കാരം രാജ്യത്തെ ഒരു ഏകീകൃത അസ്തിത്വമായി നിലനിർത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ, ഏഴ് പുണ്യനഗരങ്ങൾ, നാല് ധാമുകൾ, അമ്പതിലധികം ശക്തിപീഠങ്ങൾ, തീർത്ഥാടന പാരമ്പര്യം എന്നിവയാണ് ഇന്ത്യയെ ബോധപൂർവവും ജീവസുറ്റതുമായ ഒരു രാഷ്ട്രമാക്കി മാറ്റുന്ന സുപ്രധാന ഊർജ്ജമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗരാഷ്ട്ര തമിഴ് സംഗമം, കാശി തമിഴ് സംഗമം തുടങ്ങിയ പരിപാടികളിലൂടെ ഈ പാരമ്പര്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ ഇന്ത്യയുടെ ആഴമേറിയ യോഗ ശാസ്ത്രം പുതിയ ആഗോള അംഗീകാരം നേടുന്നുണ്ടെന്നും യോഗ ആളുകളെ ബന്ധിപ്പിക്കുന്ന ഒരു മാധ്യമമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഐക്യത്തിന്റെ രണ്ടാമത്തെ സ്തംഭമായ ഭാഷാപരമായ ഐക്യത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, ഇന്ത്യയുടെ നൂറുകണക്കിന് ഭാഷകളും ഭാഷാഭേദങ്ങളും രാജ്യത്തിന്റെ തുറന്നതും സൃഷ്ടിപരവുമായ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയിൽ, ഒരു സമൂഹമോ അധികാരമോ വിഭാഗമോ ഒരിക്കലും ഭാഷയെ ആയുധമാക്കുകയോ ഒരു ഭാഷയെ മറ്റൊന്നിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുകൊണ്ടാണ് ഭാഷാ വൈവിധ്യത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാഷകളെ രാജ്യത്തിന്റെ സ്വത്വത്തെ ശക്തിപ്പെടുത്തുന്ന സംഗീത സ്വരങ്ങളോട് ഉപമിച്ചു. എല്ലാ ഭാഷകളെയും ദേശീയ ഭാഷയായി കണക്കാക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിൽ ഒന്നായ തമിഴിന്റെയും അറിവിന്റെ നിധിയായ സംസ്കൃതത്തിന്റെയും ആസ്ഥാനമാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. ഓരോ ഇന്ത്യൻ ഭാഷയുടെയും അതുല്യമായ സാഹിത്യ-സാംസ്കാരിക സമ്പത്തിനെ അദ്ദേഹം അംഗീകരിച്ചു, ഗവൺമെന്റ് അവയെല്ലാം സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു. ഇന്ത്യയിലെ കുട്ടികൾ അവരുടെ മാതൃഭാഷയിൽ പഠിക്കാനും പുരോഗമിക്കാനും പൗരന്മാർ മറ്റ് ഇന്ത്യൻ ഭാഷകൾ പഠിക്കാനും വിലമതിക്കാനുമുള്ള ആഗ്രഹം ശ്രീ മോദി പ്രകടിപ്പിച്ചു. ഭാഷകൾ ഐക്യത്തിന്റെ നൂലുകളായി മാറണമെന്നും ഇത് ഒരു ദിവസത്തെ കടമയല്ല, മറിച്ച് കൂട്ടായ ഉത്തരവാദിത്തം ആവശ്യമുള്ള തുടർച്ചയായ ശ്രമമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ ഐക്യത്തിന്റെ മൂന്നാമത്തെ സ്തംഭം വിവേചനരഹിതമായ വികസനമാണെന്ന് പറഞ്ഞ ശ്രീ മോദി, സാമൂഹിക ഘടനയിലെ ഏറ്റവും വലിയ ദുർബലതകൾ ദാരിദ്ര്യവും അസമത്വവുമാണെന്നും രാജ്യത്തിന്റെ എതിരാളികൾ പലപ്പോഴും ഇവയെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഊന്നിപ്പറഞ്ഞു. ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിന് സർദാർ പട്ടേൽ ഒരു ദീർഘകാല പദ്ധതി രൂപീകരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സർദാർ പട്ടേലിനെ ഉദ്ധരിച്ച്, 1947 ന് പത്ത് വർഷം മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടിയിരുന്നെങ്കിൽ, അപ്പോഴേക്കും രാജ്യം ഭക്ഷ്യക്ഷാമത്തിന്റെ പ്രതിസന്ധിയെ മറികടക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാട്ടുരാജ്യങ്ങൾ ലയിപ്പിക്കുന്നതിനുള്ള വെല്ലുവിളി പരിഹരിച്ചതുപോലെ, ഭക്ഷ്യക്ഷാമവും തുല്യ ദൃഢനിശ്ചയത്തോടെ നേരിടാമായിരുന്നുവെന്ന് സർദാർ പട്ടേൽ വിശ്വസിച്ചു. സർദാർ പട്ടേലിന്റെ ദൃഢനിശ്ചയം അതാണെന്ന് ശ്രീ മോദി തുടർന്ന് പറഞ്ഞു, ഇന്നത്തെ പ്രധാന വെല്ലുവിളികളെ നേരിടാൻ അതേ മനോഭാവം അനിവാര്യമാണെന്നും ശ്രീ മോദി പറഞ്ഞു. സർദാർ പട്ടേലിന്റെ പൂർത്തീകരിക്കാത്ത പ്രതിബദ്ധതകൾ നിറവേറ്റാൻ ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ, 25 കോടി പൗരന്മാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങൾക്ക് വീടുകൾ ലഭിക്കുന്നു, ശുദ്ധമായ കുടിവെള്ളം എല്ലാ വീടുകളിലും എത്തുന്നു, സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകപ്പെടുന്നു. ഓരോ പൗരനും അന്തസ്സുള്ള ജീവിതം ഉറപ്പാക്കുക എന്നത് രാഷ്ട്രത്തിന്റെ ദൗത്യവും ദർശനവുമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വിവേചനവും അഴിമതിയും ഇല്ലാത്ത ഈ നയങ്ങൾ ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്നു.

ദേശീയ ഐക്യത്തിന്റെ നാലാമത്തെ സ്തംഭമായ കണക്റ്റിവിറ്റിയിലൂടെയുള്ള ഹൃദയബന്ധം വിവരിച്ചുകൊണ്ട് രാജ്യത്തുടനീളം റെക്കോർഡ് എണ്ണത്തിൽ ഹൈവേകളും എക്സ്പ്രസ് വേകളും നിർമ്മിക്കപ്പെടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. വന്ദേഭാരത്, നമോഭാരത് പോലുള്ള ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയെ പരിവർത്തനം ചെയ്യുന്നു. ചെറിയ നഗരങ്ങളിൽ പോലും എയർപോർട്ട് സൗകര്യങ്ങൾ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിൻ്റെ ധാരണ മാറ്റിയെന്ന് മാത്രമല്ല, മറിച്ച് വടക്കും തെക്കും, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരവും കുറച്ചുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇപ്പോൾ ആളുകൾ വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമായി സംസ്ഥാനങ്ങൾ കടന്ന് എളുപ്പത്തിൽ യാത്ര ചെയ്യുന്നു. ഇത് ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെയും സാംസ്കാരിക കൈമാറ്റത്തിൻ്റെയും ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുന്നുവെന്നും അത് ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കണക്റ്റിവിറ്റിയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രത്തെ സേവിക്കുന്നതിലൂടെയാണ് തന്റെ ഏറ്റവും വലിയ സന്തോഷം ലഭിക്കുന്നതെന്ന സർദാർ പട്ടേലിന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി ഈ വികാരം ആവർത്തിച്ചു, എല്ലാ പൗരന്മാരും അതേ മനോഭാവം സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ലെന്നും, ഭാരതമാതാവിനോടുള്ള ഭക്തി ഓരോ ഇന്ത്യക്കാരനും ഏറ്റവും ഉയർന്ന ആരാധനാരീതിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് നിൽക്കുമ്പോൾ, പർവതങ്ങൾ പോലും വഴിമാറുന്നുവെന്നും, അവർ ഒരേ സ്വരത്തിൽ സംസാരിക്കുമ്പോൾ, അവരുടെ വാക്കുകൾ ഇന്ത്യയുടെ വിജയ പ്രഖ്യാപനമായി മാറുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. അവിഭക്തമായും അചഞ്ചലമായും തുടരാനുള്ള ഒരു ദൃഢനിശ്ചയമായി ഐക്യം സ്വീകരിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. സർദാർ പട്ടേലിനുള്ള യഥാർത്ഥ ആദരാഞ്ജലിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ദൃഢനിശ്ചയത്തെ രാഷ്ട്രം ഒരുമിച്ച് ശക്തിപ്പെടുത്തുമെന്നും വികസിതവും സ്വാശ്രയവുമായ ഒരു ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും ഉറപ്പിച്ചു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. ഈ മനോഭാവത്തോടെ അദ്ദേഹം വീണ്ടും സർദാർ പട്ടേലിന്റെ കാൽക്കൽ പ്രണാമം അർപ്പിച്ചു.

പശ്ചാത്തലം
പ്രധാനമന്ത്രി രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും സർദാർ വല്ലഭായ് പട്ടേലിന് പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്തു. അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഏകതാ ദിവസ് പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
പരേഡിൽ BSF, CRPF, CISF, ITBP, SSB എന്നിവിടങ്ങളിൽ നിന്നുള്ളവരും വിവിധ സംസ്ഥാന പോലീസ് സേനകളും പങ്കെടുത്തു. റാംപൂർ ഹൗണ്ട്സ്, മുധോൾ ഹൗണ്ട്സ് തുടങ്ങിയ ഇന്ത്യൻ ഇനം നായകളെ മാത്രം ഉൾപ്പെടുത്തി BSF മാർച്ചിംഗ് കണ്ടിജെന്റ്, ഗുജറാത്ത് പോലീസിന്റെ കുതിരപ്പട, അസം പോലീസിന്റെ മോട്ടോർസൈക്കിൾ ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ ഒട്ടക കണ്ടിജെന്റ്, ബാൻഡ് എന്നിവ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

ജാർഖണ്ഡിലെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിലും ജമ്മു & കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും അസാധാരണമായ ധൈര്യം പ്രകടിപ്പിച്ച സിആർപിഎഫിലെ അഞ്ച് ശൗര്യചക്ര പുരസ്കാര ജേതാക്കളെയും ബിഎസ്എഫിലെ പതിനാറ് ധീരതാ മെഡൽ ജേതാക്കളെയും പരേഡിൽ ആദരിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ കാണിച്ച ധീരതയ്ക്കും അംഗീകാരം ലഭിച്ചു.
ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് പരേഡിൽ NSG, NDRF, ഗുജറാത്ത്, ജമ്മു & കശ്മീർ, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, മണിപ്പൂർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് ടാബ്ലോകൾ 'നാനാത്വത്തിൽ ഏകത്വം' എന്ന പ്രമേയത്തെ അവതരിപ്പിച്ചു. 900 കലാകാരന്മാർ പങ്കെടുത്ത സാംസ്കാരിക പരിപാടിയിൽ ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ ക്ലാസിക്കൽ നൃത്തങ്ങൾ പ്രദർശിപ്പിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

ആരംഭ് 7.0 ന്റെ സമാപന വേളയിൽ പ്രധാനമന്ത്രി 100-ാമത് ഫൗണ്ടേഷൻ കോഴ്‌സിലെ ഓഫീസർ ട്രെയിനികളുമായി സംവദിച്ചു. "ഭരണത്തെ പുനർവിചിന്തനം ചെയ്യുക" എന്ന വിഷയത്തിലാണ് ആരംഭിന്റെ ഏഴാം പതിപ്പ് നടക്കുന്നത്. 100-ാമത് ഫൗണ്ടേഷൻ കോഴ്‌സിൽ ഇന്ത്യയിലെ 16 സിവിൽ സർവീസുകളിൽ നിന്നും ഭൂട്ടാന്റെ 3 സിവിൽ സർവീസുകളിൽ നിന്നുമുള്ള 660 ഓഫീസർ ട്രെയിനികൾ ഉൾപ്പെടുന്നു.
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
After Independence, Sardar Patel accomplished the seemingly impossible task of uniting over 550 princely states.
— PMO India (@PMOIndia) October 31, 2025
For him, the vision of 'Ek Bharat, Shreshtha Bharat' was paramount. pic.twitter.com/XtVc21rO68
Every thought or action that weakens the unity of our nation must be shunned by every citizen.
— PMO India (@PMOIndia) October 31, 2025
This is the need of the hour for our country. pic.twitter.com/S7UZcrFOQb
This is Iron Man Sardar Patel's India.
— PMO India (@PMOIndia) October 31, 2025
It will never compromise on its security or its self-respect. pic.twitter.com/duZFVrI4gJ
Since 2014, our government has dealt a decisive and powerful blow to Naxalism and Maoist terrorism. pic.twitter.com/g2jE7k7pRI
— PMO India (@PMOIndia) October 31, 2025
On Rashtriya Ekta Diwas, our resolve is to remove every infiltrator living in India. pic.twitter.com/W1xYHD9yS9
— PMO India (@PMOIndia) October 31, 2025
Today, the nation is removing every trace of a colonial mindset. pic.twitter.com/zxKL9avri6
— PMO India (@PMOIndia) October 31, 2025
By honouring those who sacrificed their lives for the nation, we are strengthening the spirit of 'Nation First'. pic.twitter.com/CsUFSiiU5l
— PMO India (@PMOIndia) October 31, 2025
To achieve the goal of a Viksit Bharat, we must thwart every conspiracy that seeks to undermine the unity of the nation. pic.twitter.com/fkAB15B8Cu
— PMO India (@PMOIndia) October 31, 2025
The four pillars of India's unity:
— PMO India (@PMOIndia) October 31, 2025
Cultural unity
Linguistic unity
Inclusive development
Connection of hearts through connectivity pic.twitter.com/Yaunu2NBvM
The devotion to Maa Bharti is the highest form of worship for every Indian. pic.twitter.com/FprujcDtIl
— PMO India (@PMOIndia) October 31, 2025


