ഞാൻ സർദാർ പട്ടേൽ എന്ന് പറയും, നിങ്ങളെല്ലാവരും അമർ രഹെ , അമർ രഹെ എന്ന് പറയണം
സർദാർ പട്ടേൽ -അമർ രഹെ, അമർ രഹെ.
സർദാർ പട്ടേൽ -അമർ രഹെ , അമർ രഹെ.
സർദാർ പട്ടേൽ - അമർ രഹെ, അമർ രഹെ,അമർ രഹെ.
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

സുഹൃത്തുക്കളേ,
ചരിത്രം എഴുതുന്നതിൽ സമയം പാഴാക്കരുതെന്നും ചരിത്രം സൃഷ്ടിക്കാൻ നാം കഠിനാധ്വാനം ചെയ്യണമെന്നും സർദാർ പട്ടേൽ വിശ്വസിച്ചിരുന്നു. ഈ വികാരം അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ പ്രതിഫലിക്കുന്നു. സർദാർ സാഹിബ് സ്വീകരിച്ച നയങ്ങൾ, അദ്ദേഹം എടുത്ത തീരുമാനങ്ങൾ, ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു, ഒരു പുതിയ ചരിത്രം നിർമ്മിച്ചു . സ്വാതന്ത്ര്യാനന്തരം, അഞ്ഞൂറ്റമ്പതിലധികം നാട്ടുരാജ്യങ്ങൾ ഒന്നിപ്പിക്കുക എന്ന അസാധ്യമായ ദൗത്യം അദ്ദേഹം സാധ്യമാക്കി. ഒരു ഇന്ത്യ - ഒരു മഹത്തായ ഇന്ത്യ (ഏക് ഭാരത് - ശ്രേഷ്ഠ ഭാരത്) എന്ന ആശയം അദ്ദേഹത്തിന് പരമപ്രധാനമായിരുന്നു. അതുകൊണ്ടാണ് ഇന്ന്, സർദാർ പട്ടേലിന്റെ ജന്മദിനം, സ്വാഭാവികമായും ദേശീയ ഐക്യത്തിന്റെ ഒരു മഹത്തായ ഉത്സവമായി മാറിയത്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനവും ജനുവരി 26 ന് റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്നതുപോലെ, ഐക്യദിനത്തിന്റെ പ്രാധാന്യം നമുക്ക് പ്രചോദനത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. ഇന്ന് കോടിക്കണക്കിന് ആളുകൾ ഐക്യത്തിന്റെ പ്രതിജ്ഞയെടുത്തു, രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്ന അത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് നമ്മൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഇവിടെ ഏകതാ നഗറിൽ തന്നെ, ഏകതാ മാളും ഏകതാ ഗാർഡനും ഐക്യത്തിന്റെ നൂലിനെ ശക്തിപ്പെടുത്തുന്നതായി കാണാം.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ ഐക്യത്തെ ദുർബലപ്പെടുത്തുന്ന എന്തിൽ നിന്നും ഓരോ പൗരനും അകന്നു നിൽക്കണം. ഇത് ഒരു ദേശീയ കടമയാണ്; സർദാർ സാഹിബിനോടുള്ള യഥാർത്ഥ ആദരാഞ്ജലിയാണിത്. ഇന്ന് രാജ്യത്തിന് വേണ്ടത് ഇതാണ്, ഇതാണ് ഓരോ ഇന്ത്യക്കാരനുമുള്ള ഐക്യദിനത്തിന്റെ സന്ദേശവും പ്രതിജ്ഞയും.
സുഹൃത്തുക്കളേ,
സർദാർ സാഹിബ് രാജ്യത്തിന്റെ പരമാധികാരത്തെ മറ്റെല്ലാറ്റിനുമുപരിയായി പ്രതിഷ്ഠിച്ചു, എന്നാൽ നിർഭാഗ്യവശാൽ, സർദാർ സാഹിബിന്റെ നിര്യാണത്തെ തുടർന്നുള്ള വർഷങ്ങളിൽ, അന്നത്തെ സർക്കാരുകൾ രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ച് അത്ര ഗൗരവമുള്ളവരായിരുന്നില്ല. ഒരു വശത്ത്, കശ്മീരിൽ സംഭവിച്ച തെറ്റുകൾ, മറുവശത്ത്, വടക്കുകിഴക്കൻ മേഖലയിൽ ഉടലെടുത്ത പ്രശ്നങ്ങൾ, രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ വളർന്നുവന്ന നക്സലൈറ്റ്-മാവോയിസ്റ്റ് ഭീകരത എന്നിവയെല്ലാം രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ നേരിട്ടുള്ള വെല്ലുവിളികളായിരുന്നു. എന്നിരുന്നാലും, സർദാർ സാഹിബിന്റെ നയങ്ങൾ പിന്തുടരുന്നതിനുപകരം, ആ കാലഘട്ടത്തിലെ സർക്കാരുകൾ നട്ടെല്ലില്ലാത്ത ഒരു സമീപനമാണ് സ്വീകരിച്ചത്. അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും രൂപത്തിൽ രാജ്യം ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചു.

സുഹൃത്തുക്കളേ,
മറ്റ് നാട്ടുരാജ്യങ്ങൾ ലയിപ്പിച്ചതുപോലെ മുഴുവൻ കശ്മീർ പ്രദേശവും ലയിപ്പിക്കണമെന്ന് സർദാർ സാഹിബ് ആഗ്രഹിച്ചിരുന്നുവെന്ന് ഇന്നത്തെ യുവതലമുറയിലെ പലർക്കും അറിയില്ലായിരിക്കാം. എന്നാൽ നെഹ്‌റുജി അദ്ദേഹത്തിൻ്റെ ആഗ്രഹം നിറവേറ്റാൻ അനുവദിച്ചില്ല. പ്രത്യേക ഭരണഘടനയും പ്രത്യേക പതാകയും നൽകിയാണ് കാശ്മീർ വിഭജിക്കപ്പെട്ടത്!
സുഹൃത്തുക്കളേ,
പതിറ്റാണ്ടുകളായി കാശ്മീരിൽ കോൺഗ്രസ് ചെയ്ത തെറ്റിന്റെ തീയിൽ രാജ്യം കത്തിയെരിഞ്ഞു. കോൺഗ്രസിന്റെ മോശം നയങ്ങൾ കാരണം, കാശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാന്റെ നിയമവിരുദ്ധ അധിനിവേശത്തിലായി. പാകിസ്ഥാൻ, സർക്കാർ സ്പോൺസർ ചെയ്ത ഭീകരതയ്ക്കും പ്രചോദനം നൽകി.
സുഹൃത്തുക്കളേ,
കാശ്മീരും രാജ്യവും ഇത്രയും വലിയ വില നൽകിയിട്ടുണ്ട്. എന്നിട്ടും, കോൺഗ്രസ് എല്ലായ്പ്പോഴും ഭീകരതയ്ക്ക് കീഴടങ്ങിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
സർദാർ സാഹിബിന്റെ ദർശനം കോൺഗ്രസ് മറന്നു, പക്ഷേ ഞങ്ങൾ മറന്നില്ല. 2014 ന് ശേഷം, രാജ്യം വീണ്ടും അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉരുക്കുപോലുള്ള ദൃഢനിശ്ചയത്തിന് സാക്ഷ്യം വഹിച്ചു. ഇന്ന്, ആർട്ടിക്കിൾ 370 ന്റെ ചങ്ങലകളിൽ നിന്ന് കശ്മീർ മോചിതമായി മുഖ്യധാരയിലേക്ക് പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നു. ഇന്ന് പാകിസ്ഥാനും ഭീകരതയുടെ യജമാനന്മാരും പോലും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് മനസ്സിലാക്കിയിരിക്കുന്നു! ഇന്ന്, ഇന്ത്യയെ പുരികം ഉയർത്താൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ, ഇന്ത്യ അവരുടെ വീടുകളിൽ കയറി തിരിച്ചടിക്കുമെന്ന് ഓപ്പറേഷൻ സിന്ദൂരിലൂടെ ലോകം മുഴുവൻ കണ്ടിരുന്നു. ഇന്ത്യയുടെ പ്രതികരണം മുമ്പത്തേക്കാൾ വലുതും മുമ്പത്തേക്കാൾ നിർണ്ണായകവുമാണ്. ഇന്ത്യയുടെ ശത്രുക്കൾക്കുള്ള സന്ദേശം കൂടിയാണിത്, ഇത് ഉരുക്കുമനുഷ്യനായ സർദാർ പട്ടേലിന്റെ ഇന്ത്യയാണ്, അത് ഒരിക്കലും അതിന്റെ സുരക്ഷയിലും ബഹുമാനത്തിലും വിട്ടുവീഴ്ച ചെയ്യുന്നില്ല.

സുഹൃത്തുക്കളേ,
ദേശീയ സുരക്ഷയുടെ കാര്യത്തിൽ കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ വിജയം നക്സലിസം-മാവോയിസ്റ്റ് ഭീകരതയുടെ നട്ടെല്ല് തകർക്കുക എന്നതായിരുന്നു. 2014 ന് മുമ്പ്, നമ്മുടെ രാജ്യത്തെ സ്ഥിതി നക്സലൈറ്റുകളും മാവോയിസ്റ്റുകളും രാജ്യത്തിനകത്ത്, രാജ്യത്തിന്റെ ഹൃദയഭാഗത്ത് ഭരിക്കുന്ന തരത്തിലായിരുന്നു. നക്സലൈറ്റ് പ്രദേശങ്ങളിൽ രാജ്യത്തിന്റെ ഭരണഘടന നടപ്പിലാക്കിയിരുന്നില്ല. പോലീസ് ഭരണകൂടത്തിന് അവിടെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. നക്സലൈറ്റുകൾ പരസ്യമായി പുതിയ ഉത്തരവുകൾ പുറപ്പെടുവിക്കുമായിരുന്നു. റോഡുകളുടെ നിർമ്മാണം അവർ തടഞ്ഞു. സ്കൂളുകളും കോളേജുകളും ആശുപത്രികളും ബോംബുകൾ ഉപയോഗിച്ച് തകർത്തു. അവരുടെ മുന്നിൽ സർക്കാരും ഭരണകൂടവും നിസ്സഹായരായി തോന്നി.
സുഹൃത്തുക്കളേ,
2014 ന് ശേഷം, നമ്മുടെ സർക്കാർ നക്സലിസം-മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ടു. നഗരങ്ങളിലെ നക്സലൈറ്റ് പിന്തുണക്കാരെയും നഗര നക്സലൈറ്റുകളെയും ഞങ്ങൾ ഒതുക്കി . പ്രത്യയശാസ്ത്ര പോരാട്ടത്തിൽ ഞങ്ങൾ വിജയിക്കുകയും അവരുടെ ശക്തികേന്ദ്രങ്ങളിൽ അവരെ നേരിടുകയും ചെയ്തു; ഇന്ന് അതിന്റെ ഫലങ്ങൾ രാജ്യത്തിന്റെ മുന്നിലുണ്ട്. 2014 ന് മുമ്പ്, രാജ്യത്തെ ഏകദേശം 125 ജില്ലകൾ മാവോയിസ്റ്റ് ഭീകരതയുടെ പിടിയിലായിരുന്നു. ഇന്ന്, ഈ സംഖ്യ 11 ആയി കുറഞ്ഞു. അതിൽ പോലും, മൂന്ന് ജില്ലകളിൽ മാത്രമേ നക്സലിസം ഇപ്പോഴും ഗുരുതരമായ രീതിയിൽ വ്യാപകമായിട്ടുള്ളൂ. ഇന്ന്, സർദാർ പട്ടേലിന്റെ സാന്നിധ്യത്തിൽ, ഏക്താ നഗറിന്റെ ഈ നാട്ടിൽ നിന്ന്, രാജ്യം നക്സലിസത്തിൽ നിന്നും മാവോയിസത്തിൽ നിന്നും ആ ഭീകരതയിൽ നിന്നും പൂർണ്ണമായും മുക്തമാകുന്നതുവരെ, ഞങ്ങൾ നിർത്താൻ പോകുന്നില്ല, ഞങ്ങൾ സമാധാനത്തോടെ ഇരിക്കാൻ പോകുന്നില്ല എന്ന് ഞാൻ മുഴുവൻ രാജ്യത്തിനും ഉറപ്പ് നൽകുന്നു.

സുഹൃത്തുക്കളേ,
ഇന്ന്, നുഴഞ്ഞുകയറ്റം രാജ്യത്തിന്റെ ഐക്യത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഒരു പ്രധാന ഭീഷണി ഉയർത്തുന്നു. വിദേശ നുഴഞ്ഞുകയറ്റക്കാർ പതിറ്റാണ്ടുകളായി രാജ്യത്തേക്ക് കടന്നുവരുന്നു, അവർ നാട്ടുകാരുടെ വിഭവങ്ങൾ കൈവശപ്പെടുത്തിക്കൊണ്ടിരുന്നു, ജനസംഖ്യാ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു, രാജ്യത്തിന്റെ ഐക്യത്തെ അപകടത്തിലാക്കിക്കൊണ്ടിരുന്നു, എന്നാൽ മുൻ സർക്കാരുകൾ ഇത്രയും വലിയ ഒരു പ്രശ്നത്തിന് നേരെ കണ്ണടച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി രാജ്യത്തിന്റെ സുരക്ഷയെ മനഃപൂർവ്വം അപകടത്തിലാക്കി. ഇപ്പോൾ ആദ്യമായി രാജ്യം ഈ വലിയ ഭീഷണിക്കെതിരെ നിർണായക പോരാട്ടം നടത്താൻ തീരുമാനിച്ചു. ചെങ്കോട്ടയിൽ നിന്ന് ഞാൻ ജനസംഖ്യാ ദൗത്യം പ്രഖ്യാപിച്ചു.
പക്ഷേ സുഹൃത്തുക്കളേ,
ഇന്ന് നമ്മൾ ഈ വിഷയം ഗൗരവമായി ഉന്നയിക്കുമ്പോൾ, ചിലർ സ്വന്തം താൽപ്പര്യങ്ങൾക്ക് ദേശീയ താൽപ്പര്യത്തിന് മുകളിൽ മുൻതൂക്കം നൽകുന്നു. നുഴഞ്ഞുകയറ്റക്കാർക്ക് അവകാശങ്ങൾ നൽകുന്നതിനായി ഈ ആളുകൾ ഒരു രാഷ്ട്രീയ പോരാട്ടത്തിലാണ്. രാജ്യം വിഭജിക്കപ്പെട്ടുകഴിഞ്ഞാൽ, അത് വിഭജിക്കപ്പെട്ടാലും അവർക്ക് പ്രശ്‌നമില്ലെന്ന് അവർ വിശ്വസിക്കുന്നു. അതേസമയം, രാജ്യത്തിന്റെ സുരക്ഷയും സ്വത്വവും അപകടത്തിലാണെങ്കിൽ, ഓരോ വ്യക്തിയും അപകടത്തിലാകും എന്നതാണ് സത്യം. അതിനാൽ, ഇന്ന് ദേശീയ ഐക്യ ദിനത്തിൽ, ഇന്ത്യയിൽ താമസിക്കുന്ന എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്ന് നാം വീണ്ടും പ്രതിജ്ഞയെടുക്കണം.
സുഹൃത്തുക്കളേ,
ഒരു ജനാധിപത്യത്തിൽ ദേശീയ ഐക്യത്തെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, അതിന്റെ ഒരു വശം ആശയ വൈവിധ്യത്തെ നാം ബഹുമാനിക്കുന്നു എന്നതാണ്. അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യത്തിൽ സ്വീകാര്യമാണ്, പക്ഷേ ഹൃദയ വ്യത്യാസങ്ങൾ ഉണ്ടാകരുത്. എന്നാൽ വിരോധാഭാസം നോക്കൂ, സ്വാതന്ത്ര്യാനന്തരം, രാജ്യം ഉത്തരവാദിത്തം ഏൽപ്പിച്ച ആളുകൾ തന്നെ 'നമ്മൾ ജനങ്ങൾ' എന്ന ആത്മാവിനെ കൊല്ലാൻ ശ്രമിച്ചു. സ്വന്തം ചിന്തയിൽ നിന്നും പ്രത്യയശാസ്ത്രത്തിൽ നിന്നും വ്യത്യസ്തമായ ഓരോ വ്യക്തിയെയും സംഘടനയെയും അവർ പുച്ഛിക്കുകയും അതിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. രാഷ്ട്രീയ തൊട്ടുകൂടായ്മ രാജ്യത്ത് ഒരു സംസ്കാരമാക്കി മാറ്റി. കോൺഗ്രസ് സർക്കാരുകൾക്ക് കീഴിൽ സർദാർ പട്ടേലിനും അദ്ദേഹത്തിന്റെ പൈതൃകത്തിനും എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം? ബാബാ സാഹിബ് അംബേദ്കറുടെ ജീവിതകാലത്തും മരണശേഷവും ഈ ആളുകൾ എന്താണ് ചെയ്തത്? നേതാജി സുഭാഷ് ചന്ദ്രബോസിനോട് അവർ എന്താണ് ചെയ്തത്? ഡോ. ലോഹ്യ, ജയപ്രകാശ് നാരായണൻ തുടങ്ങിയവരോടും കോൺഗ്രസ് അതുതന്നെ ചെയ്തു. ഈ വർഷം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) 100-ാം വാർഷികമാണ്. സംഘത്തിനെതിരെ എന്തെല്ലാം തരത്തിലുള്ള ആക്രമണങ്ങളും ഗൂഢാലോചനകളും നടന്നു! ഒരു പാർട്ടിക്കും കുടുംബത്തിനും പുറത്തുള്ള ഓരോ വ്യക്തിയെയും ഓരോ ആശയത്തെയും തൊട്ടുകൂടാത്തവരാക്കി മാറ്റാൻ എല്ലാ ശ്രമങ്ങളും നടന്നു.

സഹോദരീ സഹോദരന്മാരേ,
രാജ്യത്തെ ഭിന്നിപ്പിച്ചിരുന്ന ഈ രാഷ്ട്രീയ തൊട്ടുകൂടായ്മ അവസാനിപ്പിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സർദാർ പട്ടേലിനായി ഞങ്ങൾ പ്രതിമ നിർമ്മിച്ചു. ബാബാ സാഹിബിന്റെ പഞ്ചതീർത്ഥം ഞങ്ങൾ നിർമ്മിച്ചു. ബാബാ സാഹിബിന്റെ മഹാ പരിനിർവാണ സ്ഥലമായ ഡൽഹിയിലെ അദ്ദേഹത്തിന്റെ വീട്, കോൺഗ്രസ് കാലഘട്ടത്തിൽ അവഗണിക്കപ്പെട്ടതിനാൽ ജീർണാവസ്ഥയിലായിരുന്നു. ആ പുണ്യസ്ഥലത്തെ ഞങ്ങൾ ഒരു ചരിത്ര സ്മാരകമാക്കി മാറ്റി. കോൺഗ്രസ് ഭരണകാലത്ത്, ഒരേയൊരു മുൻ പ്രധാനമന്ത്രിയുടെ പേരിൽ ഒരു മ്യൂസിയം ഉണ്ടായിരുന്നു. രാഷ്ട്രീയ തൊട്ടുകൂടായ്മയ്ക്ക് മുകളിൽ ഉയർന്നുവന്ന് രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾക്കായി സമർപ്പിച്ചിരിക്കുന്ന പ്രധാനമന്ത്രി മ്യൂസിയം ഞങ്ങൾ സൃഷ്ടിച്ചു. കർപൂരി താക്കൂറിനെപ്പോലുള്ള ഒരു ജനപ്രിയ നേതാവിന് ഞങ്ങൾ ഭാരതരത്ന നൽകി. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച പ്രണബ് ദായ്ക്ക് ഭാരതരത്നയും നൽകി. മുലായം സിംഗ് യാദവ് ജിയെപ്പോലുള്ള വിരുദ്ധ പ്രത്യയശാസ്ത്രമുള്ള ഒരു നേതാവിനെ പത്മ അവാർഡ് നൽകി ആദരിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം രാഷ്ട്രത്തിനായുള്ള ഐക്യത്തിന്റെ ആത്മാവ് ശക്തിപ്പെടുത്തുക എന്നതായിരുന്നു ഈ തീരുമാനങ്ങൾക്ക് പിന്നിലെ ആശയം. ഓപ്പറേഷൻ സിന്ദൂരിനുശേഷം വിദേശത്തേക്ക് പോയ ഞങ്ങളുടെ സർവകക്ഷി പ്രതിനിധി സംഘത്തിലും ഈ ഐക്യത്തിന്റെ ഒരു നേർക്കാഴ്ച നാം കണ്ടിട്ടുണ്ട്.
സുഹൃത്തുക്കളേ,
രാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തിന്റെ ഐക്യത്തെ ആക്രമിക്കുക എന്ന ആശയം അടിമത്തത്തിന്റെ മാനസികാവസ്ഥയുടെ ഭാഗമാണ്. കോൺഗ്രസ് ബ്രിട്ടീഷുകാരിൽ നിന്ന് പാർട്ടിയും അധികാരവും പാരമ്പര്യമായി സ്വീകരിച്ചു എന്നു മാത്രമല്ല, അടിമത്തത്തിന്റെ മാനസികാവസ്ഥയും സ്വീകരിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, നമ്മുടെ ദേശീയ ഗാനമായ വന്ദേമാതരം 150 വർഷം തികയാൻ പോകുന്നു. 1905 ൽ ബ്രിട്ടീഷുകാർ ബംഗാളിനെ വിഭജിച്ചപ്പോൾ, വന്ദേമാതരം പ്രതിഷേധിക്കുന്ന ഓരോ പൗരന്റെയും ശബ്ദമായി മാറി. വന്ദേമാതരം രാജ്യത്തിന്റെ ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ശബ്ദമായി മാറി. വന്ദേമാതരം ചൊല്ലുന്ന ആശയം തന്നെ നിരോധിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു. ഈ ശ്രമത്തിൽ ബ്രിട്ടീഷുകാർ വിജയിച്ചില്ല! വന്ദേമാതരം എന്ന മുദ്രാവാക്യം ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും പ്രതിധ്വനിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും, ബ്രിട്ടീഷുകാർക്ക് ചെയ്യാൻ കഴിയാത്ത പ്രവൃത്തി കോൺഗ്രസ് ചെയ്തു. മതപരമായ കാരണങ്ങളാൽ വന്ദേമാതരത്തിന്റെ ഒരു ഭാഗം കോൺഗ്രസ് നീക്കം ചെയ്തു. അതായത്, കോൺഗ്രസ് സമൂഹത്തെ വിഭജിക്കുകയും ബ്രിട്ടീഷുകാരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു. ഇന്ന് ഞാൻ വളരെ ഉത്തരവാദിത്തത്തോടെ ഒരു കാര്യം പറയുന്നു - വന്ദേമാതരം തകർക്കാനും, മുറിക്കാനും, വിഭജിക്കാനും കോൺഗ്രസ് തീരുമാനിച്ച ദിവസം, അതേ ദിവസം തന്നെ അത് ഇന്ത്യയുടെ വിഭജനത്തിന് അടിത്തറയിട്ടു. കോൺഗ്രസ് ആ പാപം ചെയ്തില്ലായിരുന്നുവെങ്കിൽ, ഇന്ന് ഇന്ത്യയുടെ ചിത്രം വ്യത്യസ്തമാകുമായിരുന്നു!
സുഹൃത്തുക്കളേ,
അക്കാലത്ത് സർക്കാരിൽ ഇരുന്ന ആളുകളുടെ അത്തരം ചിന്താഗതികൾ കാരണം, രാജ്യം പതിറ്റാണ്ടുകളായി അടിമത്തത്തിന്റെ പ്രതീകങ്ങൾ വഹിച്ചു. നിങ്ങൾ ഞങ്ങൾക്ക് രാജ്യത്തെ സേവിക്കാൻ അവസരം നൽകുകയും ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരികയും ചെയ്തപ്പോൾ, നമ്മുടെ നാവികസേനയുടെ പതാകയിൽ നിന്ന് അടിമത്തത്തിന്റെ അടയാളം നീക്കം ചെയ്യപ്പെട്ടുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? ഞങ്ങൾ ഈ മാറ്റം വരുത്തിയപ്പോൾ രാജ്പഥ് കർതവ്യ പാതയായി മാറി. സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരികളുടെ ത്യാഗങ്ങളുടെ സ്ഥലമായ ആൻഡമാനിലെ സെല്ലുലാർ ജയിലിന് മൊറാർജി ദേശായി സർക്കാരിന്റെ കാലത്ത് മാത്രമാണ് ദേശീയ സ്മാരക പദവി ലഭിച്ചത്. കുറച്ചു കാലം മുമ്പ് വരെ, ആൻഡമാൻ ദ്വീപുകൾക്ക് ബ്രിട്ടീഷുകാരുടെ പേരാണ് നൽകിയിരുന്നത്. ഇവയ്ക്ക് നേതാജി സുഭാഷിന്റെ പേരാണ് ഞങ്ങൾ നൽകിയത്. പല ദ്വീപുകൾക്കും പരമവീര ചക്ര ജേതാക്കളുടെ പേരാണ് നൽകിയിരിക്കുന്നത്. ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ഞങ്ങൾ സ്ഥാപിച്ചു.

സുഹൃത്തുക്കളേ,
രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് വീരമൃത്യു വരിച്ച സൈനികർക്ക് പോലും അടിമത്ത മനോഭാവം കാരണം ശരിയായ ബഹുമാനം ലഭിച്ചില്ല. ദേശീയ യുദ്ധ സ്മാരകം സ്ഥാപിച്ചുകൊണ്ട് നാം ആ ഓർമ്മകളെ അനശ്വരമാക്കി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ പോലും, 36,000 സൈനികർ, നമ്മുടെ പോലീസ് സേനയിലെ ഈ സൈനികർ, പോലീസ് സേനയിലെ കാക്കി ധരിച്ച ആളുകൾ ജീവൻ ബലിയർപ്പിച്ചതായി രാജ്യം പോലും അറിയുന്നില്ല. 36,000 രക്തസാക്ഷികൾ, ഈ കണക്ക് ചെറുതല്ല. നമ്മുടെ പോലീസ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, സിആർപിഎഫ്, നമ്മുടെ എല്ലാ അർദ്ധസൈനിക വിഭാഗങ്ങൾ, അവരുടെ ധീരതയ്ക്കും ബഹുമാനം നഷ്ടപ്പെട്ടു. ഒരു പോലീസ് സ്മാരകം നിർമ്മിച്ച് ആ രക്തസാക്ഷികളെ ആദരിച്ചത് ഞങ്ങളുടെ സർക്കാരാണ്. ഇന്ന്, സർദാർ പട്ടേലിന്റെ കാൽക്കൽ നിന്ന്, പോലീസ് സേനയിൽ നിന്ന് സേവനമനുഷ്ഠിച്ച രാജ്യത്തുടനീളമുള്ള എല്ലാ ആളുകളെയും, ഇന്ന് പോലീസ് സേനയിൽ നിന്ന് രാജ്യത്തെ സേവിക്കുന്ന എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു, സർദാർ പട്ടേലിന്റെ കാൽക്കൽ ഞാൻ നിൽക്കുന്നു, ഇന്ന് ഞാൻ അവരെ അഭിവാദ്യം ചെയ്യുന്നു, എനിക്ക് അവരെക്കുറിച്ച് അഭിമാനം തോന്നുന്നു, ഞാൻ അവരെ ബഹുമാനിക്കുന്നു. ഇന്ന് രാജ്യം അടിമത്ത മാനസികാവസ്ഥയുടെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കുകയാണ്. രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്യുന്നവരെ ആദരിക്കുന്നതിലൂടെ, 'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുകയാണ് നമ്മൾ ചെയ്യുന്നത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഒരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും നിലനിൽപ്പിന്റെ അടിത്തറ ഐക്യമാണ്. സമൂഹത്തിൽ ഐക്യം ഉള്ളിടത്തോളം കാലം, രാഷ്ട്രത്തിന്റെ അഖണ്ഡത സുരക്ഷിതമായിരിക്കും. അതിനാൽ, വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളെയും നാം പരാജയപ്പെടുത്തേണ്ടതുണ്ട്, ഐക്യത്തിന്റെ ശക്തിയാൽ അതിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടാണ്, ഇന്ന് രാജ്യം ദേശീയ ഐക്യത്തിന്റെ എല്ലാ മുന്നണികളിലും തുടർച്ചയായി പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തിന്റെ ഈ ആചാരത്തിന് നാല് തൂണുകളുണ്ട്. ഐക്യത്തിന്റെ ആദ്യ സ്തംഭം സാംസ്കാരിക ഐക്യമാണ്! ആയിരക്കണക്കിന് വർഷങ്ങളായി, രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ, ഇന്ത്യയെ ഒരു രാഷ്ട്രമെന്ന നിലയിൽ അനശ്വരമായി നിലനിർത്തിയത് ഇന്ത്യയുടെ സംസ്കാരമാണ്. നമ്മുടെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ, ഏഴ് പുരികൾ, നാല് ധാമുകൾ, 50-ലധികം ശക്തിപീഠങ്ങൾ, തീർത്ഥാടന പാരമ്പര്യം, ഇവയാണ് ഇന്ത്യയെ ബോധപൂർവമായ ഒരു രാഷ്ട്രമാക്കി മാറ്റുന്ന ജീവശക്തി. ഇന്ന്, സൗരാഷ്ട്ര തമിഴ് സംഗമം, കാശി തമിഴ് സംഗമം തുടങ്ങിയ പരിപാടികളിലൂടെ നാം ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ, ഇന്ത്യയുടെ മഹത്തായ യോഗ ശാസ്ത്രത്തിന് ഒരു പുതിയ ഐഡന്റിറ്റിയും ഞങ്ങൾ നൽകുന്നു. ഇന്ന്, നമ്മുടെ യോഗ ആളുകളെ ബന്ധിപ്പിക്കുന്ന ഒരു മാധ്യമമായി മാറുകയാണ്.
സുഹൃത്തുക്കളേ,
നമ്മുടെ ഐക്യത്തിന്റെ രണ്ടാമത്തെ സ്തംഭം ഭാഷാപരമായ ഐക്യമാണ്! ഇന്ത്യയിലെ നൂറുകണക്കിന് ഭാഷകളും ഉപഭാഷകളും ഇന്ത്യയുടെ തുറന്നതും സൃഷ്ടിപരവുമായ ചിന്തയുടെ പ്രതീകമാണ്. കാരണം, ഇവിടെ ഒരു സമൂഹമോ ശക്തിയോ വിഭാഗമോ ഒരിക്കലും ഭാഷയെ ആയുധമാക്കിയിട്ടില്ല. ഒരൊറ്റ ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് ഇന്ത്യ ഭാഷാ വൈവിധ്യത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഇത്രയധികം സമ്പന്നമായ ഒരു രാഷ്ട്രമായി മാറിയത്. വ്യത്യസ്ത സംഗീത കുറിപ്പുകൾ പോലെ നമ്മുടെ ഭാഷകൾ നമ്മുടെ സ്വത്വത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സുഹൃത്തുക്കളേ, എല്ലാ ഭാഷകളെയും ഒരു ദേശീയ ഭാഷയായി ഞങ്ങൾ കണക്കാക്കുന്നത്. ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴ് ഉണ്ടെന്ന് ഞങ്ങൾ അഭിമാനത്തോടെ പറയുന്നു, അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സംസ്കൃതം പോലെ അറിവിന്റെ ഒരു പാരമ്പര്യം നമുക്കുണ്ട്. അതുപോലെ, ഓരോ ഇന്ത്യൻ ഭാഷയ്ക്കും അതിന്റേതായ പ്രത്യേകതയുണ്ട്, അതിന്റേതായ സാഹിത്യ, സാംസ്കാരിക സമ്പത്തുണ്ട്. ഞങ്ങൾ എല്ലാ ഇന്ത്യൻ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയിലെ കുട്ടികൾ അവരുടെ മാതൃഭാഷയിൽ പഠിക്കുകയും പുരോഗതി പ്രാപിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ രാജ്യത്തെ മറ്റ് ഭാഷകളെ അറിയുകയും അവയിൽ നിന്ന് പഠിക്കുകയും വേണം. ഭാഷകൾ നമ്മുടെ ഐക്യത്തിന്റെ ഏകീകരണമായി മാറട്ടെ. ഇത് ഒരു ദിവസത്തെ കടമയല്ല. ഇത് തുടർച്ചയായ ഒരു കടമയാണ്, നാമെല്ലാവരും ഒരുമിച്ച് ഉത്തരവാദിത്തം വഹിക്കണം.

സുഹൃത്തുക്കളേ,
നമ്മുടെ ഐക്യത്തിന്റെ മൂന്നാമത്തെ സ്തംഭം വിവേചനരഹിത വികസനമാണ്! കാരണം ദാരിദ്ര്യവും വിവേചനവുമാണ് സാമൂഹിക ഘടനയിലെ ഏറ്റവും വലിയ ബലഹീനതകൾ. രാജ്യത്തിന്റെ ശത്രുക്കൾ എപ്പോഴും ഈ ബലഹീനതകളെ ചൂഷണം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ദാരിദ്ര്യത്തിനെതിരെ രാജ്യത്തിനായി ഒരു ദീർഘകാല പദ്ധതിയിൽ പ്രവർത്തിക്കാൻ സർദാർ സാഹിബ് ആഗ്രഹിച്ചത്. 1947 നേക്കാൾ 10 വർഷം മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടിയിരുന്നെങ്കിൽ, 1947 ഓടെ ഇന്ത്യ ഭക്ഷ്യക്ഷാമത്തിന്റെ പ്രതിസന്ധിയിൽ നിന്ന് മുക്തമാകുമായിരുന്നുവെന്ന് സർദാർ പട്ടേൽ ഒരിക്കൽ പറഞ്ഞു. നാട്ടുരാജ്യങ്ങൾ ലയിപ്പിക്കുക എന്ന വെല്ലുവിളി പരിഹരിച്ചതുപോലെ, ഭക്ഷ്യക്ഷാമത്തിന്റെ വെല്ലുവിളി പരിഹരിക്കുന്നതുവരെ അദ്ദേഹം നിർത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് സർദാർ സാഹിബിന്റെ ഇച്ഛാശക്തി. ഏറ്റവും വലിയ വെല്ലുവിളികളെപ്പോലും നേരിടാൻ, നാം ഈ ഇച്ഛാശക്തി പ്രകടിപ്പിക്കണം. സർദാർ സാഹിബിന്റെ ഈ പൂർത്തീകരിക്കപ്പെടാത്ത തീരുമാനങ്ങൾ പോലും നിറവേറ്റാൻ നമ്മുടെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾ ഉയർത്തി. ഇന്ന് കോടിക്കണക്കിന് ദരിദ്രർക്ക് വീടുകൾ ലഭിക്കുന്നു. ശുദ്ധജലം എല്ലാ വീട്ടിലും എത്തുന്നു. സൗജന്യ വൈദ്യസഹായം ലഭ്യമാണ്. അതായത്, ഓരോ പൗരനും മാന്യമായ ജീവിതം, ഇതാണ് ഇന്നത്തെ രാജ്യത്തിന്റെ ദൗത്യവും ദർശനവും. ഈ വിവേചനരഹിതവും അഴിമതിരഹിതവുമായ നയങ്ങൾ ഇന്ന് ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്നു.

സുഹൃത്തുക്കളേ,
ദേശീയ ഐക്യത്തിന്റെ നാലാമത്തെ സ്തംഭം - കണക്റ്റിവിറ്റിയിലൂടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുക എന്നതാണ്. ഇന്ന്, രാജ്യത്ത് റെക്കോർഡ് എണ്ണം ഹൈവേകളും എക്സ്പ്രസ് വേകളും നിർമ്മിക്കപ്പെടുന്നു. വന്ദേ ഭാരത്, നമോ ഭാരത് പോലുള്ള ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയെ പരിവർത്തനം ചെയ്യുന്നു. ചെറിയ നഗരങ്ങൾ പോലും ഇപ്പോൾ വിമാനത്താവള സൗകര്യങ്ങളുമായി ബന്ധിപ്പിക്കപ്പെടുന്നു. ഈ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടിനെ പൂർണ്ണമായും മാറ്റുകയാണ്. ഇത് രാജ്യത്തിനുള്ളിൽ വടക്കും തെക്കും, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരവും കുറച്ചിട്ടുണ്ട്. ഇന്ന്, വിനോദസഞ്ചാരത്തിനും ബിസിനസ്സിനും വേണ്ടി ആളുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യുന്നു. ആളുകൾ തമ്മിലുള്ള ബന്ധത്തിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും ഒരു പുതിയ യുഗമാണിത്. ഇത് ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്നു, കൂടാതെ നടന്ന ഡിജിറ്റൽ വിപ്ലവം ഈ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള അവസരവും നൽകിയിട്ടുണ്ട്. ഇന്ന്, ഡിജിറ്റൽ കണക്റ്റിവിറ്റി ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ പാത തുറക്കുന്നു.
സുഹൃത്തുക്കളേ,
സർദാർ പട്ടേൽ ഒരിക്കൽ പറഞ്ഞു, "രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോഴാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം ലഭിക്കുന്നത്." ഇന്ന് ഞാൻ രാജ്യത്തെ എല്ലാ പൗരന്മാരോടും ഇതേ അഭ്യർത്ഥന നടത്തുന്നു. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല. ഭാരതമാതാവിനെ ആരാധിക്കുന്നത് രാജ്യത്തെ ഓരോ പൗരന്റെയും ഏറ്റവും വലിയ ആരാധനയാണ്. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് നിൽക്കുമ്പോൾ, പാറകൾ പോലും സ്വയം വഴങ്ങുന്നു. 140 കോടി നാട്ടുകാർ ഒരേ സ്വരത്തിൽ സംസാരിക്കുമ്പോൾ, ആ വാക്കുകൾ ഇന്ത്യയുടെ വിജയത്തിന്റെ പ്രഖ്യാപനമായി മാറുന്നു. ഐക്യത്തിന്റെ ഈ അടിസ്ഥാന മന്ത്രത്തെ നമ്മുടെ ദൃഢനിശ്ചയമാക്കണം. നമ്മൾ വിഭജിക്കരുത്; നമ്മൾ ദുർബലരാകരുത്. സർദാർ സാഹിബിനോടുള്ള നമ്മുടെ യഥാർത്ഥ ആദരാഞ്ജലിയാണിത്. 'ഒരു ഇന്ത്യ, മികച്ച ഇന്ത്യ' എന്ന ദൃഢനിശ്ചയത്തെ ഒരുമിച്ച് ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. വികസിത ഇന്ത്യയെയും സ്വാശ്രയ ഇന്ത്യയെയും കുറിച്ചുള്ള സ്വപ്നം നമ്മൾ ഒരുമിച്ച് സാക്ഷാത്കരിക്കും. ഈ വികാരത്തോടെ, സർദാർ സാഹിബിന്റെ കാൽക്കൽ ഞാൻ വീണ്ടും ആദരാഞ്ജലി അർപ്പിക്കുന്നു. എന്നോടൊപ്പം പറയൂ - ഭാരത് മാതാ കീ ജയ്. സുഹൃത്തുക്കളേ, ഈ ശബ്ദം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തണം.
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വന്ദേമാതരം.
വന്ദേമാതരം.
വന്ദേമാതരം.
വന്ദേമാതരം.
വന്ദേമാതരം.
വന്ദേമാതരം.
വന്ദേമാതരം.


