ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ പുണ്യവേളയിൽ തൻ്റെ മനസ്സ് അഗാധമായ ശാന്തിയിൽ നിറഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സന്യാസിമാരുടെ സാന്നിധ്യത്തിൽ ഇരിക്കുന്നത് തന്നെ ആത്മീയ അനുഭവമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇവിടെ എത്തിച്ചേർന്നിട്ടുള്ള വലിയൊരു കൂട്ടം ഭക്തജനങ്ങൾ ഈ മഠത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവശക്തിയെ കൂടുതൽ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇന്നത്തെ ഈ ചടങ്ങിൽ ജനങ്ങൾക്കിടയിൽ സന്നിഹിതനാകാൻ കഴിഞ്ഞത് താൻ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ വരുന്നതിനുമുമ്പ് രാമ ക്ഷേത്രവും വീർ വിത്തൽ ക്ഷേത്രവും സന്ദർശിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. അവിടത്തെ ശാന്തതയും അന്തരീക്ഷവും ഈ ചടങ്ങിൻ്റെ ആത്മീയ ചൈതന്യത്തെ കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠം അതിൻ്റെ 550-ാം വാർഷികം ആഘോഷിക്കുകയാണ്, ഇത് വളരെ ചരിത്രപരമായ ഒരു സന്ദർഭമാണ്. കഴിഞ്ഞ 550 വർഷത്തിനിടയിൽ ഈ സ്ഥാപനം നിരവധി പ്രക്ഷോഭങ്ങളെ നേരിട്ടു. യുഗങ്ങൾ മാറുകയും കാലഘട്ടങ്ങൾ മാറുകയും രാജ്യത്തും സമൂഹത്തിലും നിരവധി പരിവർത്തനങ്ങൾ സംഭവിക്കുകയും ചെയ്തിട്ടും മഠത്തിന് ഒരിക്കലും അതിൻ്റെ ദിശ നഷ്ടപ്പെട്ടില്ല. പകരം, മഠം ജനങ്ങൾക്ക് ഒരു മാർഗനിർദേശ കേന്ദ്രമായി ഉയർന്നു വന്നു. ചരിത്രത്തിൽ വേരൂന്നിക്കൊണ്ട് കാലത്തിനനുസരിച്ച് മുന്നോട്ട് പോയി എന്നതാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത,” ശ്രീ മോദി അഭിപ്രായപ്പെട്ടു. മഠം സ്ഥാപിച്ച ആ ചൈതന്യം, സാധനയെ സേവനവുമായും പാരമ്പര്യത്തെ പൊതുജനക്ഷേമവുമായും ബന്ധിപ്പിക്കുന്ന ആ ആത്മാവ് ഇന്നും ഊർജ്ജസ്വലമായി നിലനിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മീയതയുടെ യഥാർത്ഥ ലക്ഷ്യം ജീവിതത്തിന് സ്ഥിരതയും സന്തുലിതാവസ്ഥയും മൂല്യങ്ങളും നൽകുക എന്നതാണ് എന്ന ധാരണ തലമുറകളായി മഠം പകർന്നു നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഠത്തിൻ്റെ 550 വർഷത്തെ ഈ യാത്ര, ദുഷ്കരമായ സമയങ്ങളിൽ പോലും സമൂഹത്തെ നിലനിർത്തുന്ന ശക്തിയുടെ തെളിവാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ചരിത്രപരമായ വേളയിൽ മഠാധിപതി ശ്രീമദ് വിദ്യാധിഷ് തീർത്ഥ സ്വാമികൾക്കും കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ആഘോഷവുമായി ബന്ധപ്പെട്ട ഓരോരുത്തർക്കും അദ്ദേഹം ആശംസകൾ നേർന്നു.

ഒരു സ്ഥാപനം സത്യത്തിൻ്റെയും സേവനത്തിൻ്റെയും അടിത്തറയിൽ നിലകൊള്ളുമ്പോൾ, അത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളിൽ കുലുങ്ങുന്നില്ല, പകരം സമൂഹത്തിന് നിലനിൽക്കാനുള്ള ശക്തി നൽകുന്നു എന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ പാരമ്പര്യം തുടർന്നുകൊണ്ട് ഇന്ന് മഠം ഒരു പുതിയ അധ്യായം എഴുതുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇവിടെ 77 അടി ഉയരമുള്ള ശ്രീരാമൻ്റെ ഒരു ഗംഭീര വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് ദിവസം മുമ്പ് അയോധ്യയിലെ പ്രൗഢഗംഭീരമായ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് മുകളിൽ ധർമ്മ ധ്വജം ഉയർത്താൻ തനിക്ക് ഭാഗ്യമുണ്ടായെന്നും, ഇന്ന് ഇവിടെ ശ്രീരാമൻ്റെ ഗംഭീരമായ പ്രതിമ അനാച്ഛാദനം ചെയ്യാൻ സൗഭാഗ്യം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തദവസരത്തിൽ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തീം പാർക്കും ഉദ്ഘാടനം ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മഠവുമായി ബന്ധപ്പെട്ട പുതിയ മാനങ്ങൾ, ഭാവി തലമുറയ്ക്ക് അറിവിൻ്റെയും പ്രചോദനത്തിൻ്റെയും ആത്മീയ പരിശീലനത്തിൻ്റെയും ശാശ്വതമായ കേന്ദ്രങ്ങളായി മാറാൻ പോകുകയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഇവിടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയവും ആധുനിക സാങ്കേതികവിദ്യയോടു കൂടിയ 3D തിയേറ്ററും മഠത്തിൻ്റെ പാരമ്പര്യം സംരക്ഷിക്കുകയും പുതിയ തലമുറയെ അതിൻ്റെ പൈതൃകവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അതുപോലെ, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ പങ്കാളിത്തത്തോടെ 550 ദിവസങ്ങളിലായി നടന്ന ശ്രീരാമനാമ ജപയജ്ഞവും രാം രഥയാത്രയും സമൂഹത്തിലെ ഭക്തിയുടെയും അച്ചടക്കത്തിൻ്റെയും കൂട്ടായ ഊർജ്ജത്തിൻ്റെ പ്രതീകങ്ങളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കൂട്ടായ ഊർജ്ജം ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും ഒരു പുതിയ അവബോധം പരത്തുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ആത്മീയതയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ ക്രമീകരണങ്ങൾ ഭാവി തലമുറകൾക്ക് പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ നിർമ്മാണത്തിന് എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. നൂറ്റാണ്ടുകളായി സമൂഹത്തെ ഒന്നിപ്പിച്ച ആത്മീയ ശക്തിക്കായി സമർപ്പിച്ചിരിക്കുന്ന ഈ പ്രത്യേക അവസരത്തിന്റെ പ്രതീകങ്ങളായ സ്മാരക നാണയങ്ങളും തപാൽ സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ദ്വൈത വേദാന്തത്തിൻ്റെ ദിവ്യമായ അടിത്തറ സ്ഥാപിച്ച മഹത്തായ ഗുരു പരമ്പരയിൽ നിന്നാണ് ഈ മഠത്തിലേക്ക് ശക്തിയുടെ നിരന്തരമായ പ്രവാഹം ഉണ്ടായതെന്ന് എടുത്തുപറഞ്ഞുകൊണ്ട്, 1475-ൽ ശ്രീമദ് നാരായണ തീർത്ഥ സ്വാമികൾ സ്ഥാപിച്ച ഈ മഠം, അതുല്യ ആചാര്യനായ ജഗദ്ഗുരു ശ്രീ മാധവാചാര്യരുടെ മൂലസ്രോതസ്സായ ആ ജ്ഞാന പാരമ്പര്യത്തിൻ്റെ ഒരു വിപുലീകരണമാണെന്ന് അനുസ്മരിച്ചു. ആ ആചാര്യന്മാരെ അദ്ദേഹം ആദരവോടെ വണങ്ങി. ഉഡുപ്പിയും പർത്തഗാളിയും ഒരേ ആത്മീയ നദിയുടെ ജീവസ്സുറ്റ പ്രവാഹമാണെന്നതും, ഭാരതത്തിൻ്റെ പടിഞ്ഞാറൻ തീരത്തെ സാംസ്കാരിക പ്രവാഹത്തെ നയിക്കുന്ന ഗുരു ശക്തി ഒന്നുതന്നെയാണ് എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പാരമ്പര്യവുമായി ബന്ധപ്പെട്ട രണ്ട് പരിപാടികളിൽ ഒരേ ദിവസം പങ്കെടുക്കാൻ തനിക്ക് കഴിഞ്ഞത് ഒരു സവിശേഷ യാദൃശ്ചികതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പാരമ്പര്യവുമായി ബന്ധമുള്ള കുടുംബങ്ങൾ, തലമുറകളായി അച്ചടക്കം, അറിവ്, കഠിനാധ്വാനം, മികവ് എന്നിവയെ തങ്ങളുടെ ജീവിതത്തിൻ്റെ അടിത്തറയാക്കി എന്നത് അഭിമാനകരമായ കാര്യമാണെന്ന് അടിവരയിട്ടുകൊണ്ട്, വ്യാപാരം മുതൽ ധനകാര്യം വരെയും വിദ്യാഭ്യാസം മുതൽ സാങ്കേതികവിദ്യ വരെയും അവരിൽ കാണുന്ന കഴിവ്, നേതൃത്വം, അർപ്പണമനോഭാവം എന്നിവ ഈ ജീവിത ദർശനത്തിന്റെ ആഴത്തിലുള്ള അടയാളമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ പാരമ്പര്യവുമായി ബന്ധമുള്ള കുടുംബങ്ങളിലും വ്യക്തികളിലും വിജയത്തിൻ്റെ നിരവധി പ്രചോദനാത്മക കഥകളുണ്ടെന്നും, ഈ വിജയങ്ങളുടെയെല്ലാം വേരുകൾ വിനയം, മൂല്യങ്ങൾ, സേവനം എന്നിവയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഈ മഠം ഒരു അടിസ്ഥാനശിലയായിരുന്നുവെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇത് ഭാവി തലമുറയ്ക്ക് ഊർജ്ജം പകരുന്നത് തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചരിത്രപരമായ ഈ മഠത്തിൻ്റെ മറ്റൊരു പ്രധാന സവിശേഷത നൂറ്റാണ്ടുകളായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പിന്തുണച്ച സേവനമനോഭാവമാണെന്ന് എടുത്തുപറഞ്ഞുകൊണ്ട്, നൂറ്റാണ്ടുകൾക്ക് മുമ്പ്, ഈ പ്രദേശത്ത് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാവുകയും ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് പുതിയ സ്ഥലങ്ങളിൽ അഭയം തേടേണ്ടി വരികയും ചെയ്തപ്പോൾ, ഈ മഠമാണ് സമൂഹത്തിന് പിന്തുണ നൽകിയതെന്നും, അവരെ സംഘടിപ്പിച്ചതെന്നും, പുതിയ സ്ഥലങ്ങളിൽ ക്ഷേത്രങ്ങളും മഠങ്ങളും ആശ്രയകേന്ദ്രങ്ങളും സ്ഥാപിച്ചതെന്നും ശ്രീ മോദി അനുസ്മരിച്ചു. മഠം മതത്തെ മാത്രമല്ല, മാനവികതയെയും സംസ്കാരത്തെയും സംരക്ഷിച്ചുവെന്നും, കാലക്രമേണ അതിൻ്റെ സേവനധാര കൂടുതൽ വികസിച്ചു എന്നും ശ്രീ മോദി പറഞ്ഞു. ഇന്ന്, വിദ്യാഭ്യാസം മുതൽ ഹോസ്റ്റലുകൾ വരെയും, വയോജന സംരക്ഷണം മുതൽ നിർദ്ധന കുടുംബങ്ങൾക്കുള്ള സഹായം വരെയും, മഠം അതിൻ്റെ വിഭവങ്ങൾ പൊതുജനക്ഷേമത്തിനായി എപ്പോഴും സമർപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം എടുത്തുപറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിർമ്മിച്ച ഹോസ്റ്റലുകളോ, ആധുനിക സ്കൂളുകളോ, ദുഷ്കരമായ സമയങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളോ ആകട്ടെ, ഓരോ ഉദ്യമങ്ങളും ആത്മീയതയും സേവനവും ഒരുമിക്കുമ്പോൾ സമൂഹത്തിന് സ്ഥിരതയും മുന്നേറാനുള്ള പ്രചോദനവും ലഭിക്കുമെന്നതിൻ്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗോവയിലെ ക്ഷേത്രങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും പ്രതിസന്ധി നേരിടുകയും ഭാഷയും സാംസ്കാരിക സ്വത്വവും സമ്മർദ്ദത്തിലാകുകയും ചെയ്ത കാലഘട്ടങ്ങളുണ്ടായിരുന്നുവെങ്കിലും, അത്തരം സാഹചര്യങ്ങൾ സമൂഹത്തിൻ്റെ ആത്മാവിനെ ദുർബലപ്പെടുത്തിയില്ല, പകരം അതിനെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗോവയുടെ അതുല്യമായ പ്രത്യേകത അതിൻ്റെ സംസ്കാരം, എല്ലാ മാറ്റങ്ങളിലും അതിൻ്റെ യഥാർത്ഥ സത്ത നിലനിർത്തുകയും കാലത്തിനനുസരിച്ച് സ്വയം നവീകരിക്കുകയും ചെയ്തു എന്നതാണെന്നും, പർത്തഗാളി മഠം പോലുള്ള സ്ഥാപനങ്ങൾ ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“ ഇന്ത്യ ഇന്ന് ശ്രദ്ധേയമായ ഒരു സാംസ്കാരിക നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുകയാണ്. അയോധ്യയിലെ രാമ ക്ഷേത്രത്തിൻ്റെ പുനഃസ്ഥാപനം, കാശി വിശ്വനാഥ് ധാമിൻ്റെ മഹത്തായ പുനർവികസനം, ഉജ്ജയിനിലെ മഹാകാൽ മഹാലോകിൻ്റെ വിപുലീകരണം എന്നിവയെല്ലാം പുതിയ ശക്തിയോടെ ആത്മീയ പൈതൃകം വീണ്ടെടുക്കുന്ന രാജ്യത്തിൻ്റെ അവബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്,” ശ്രീ മോദി പറഞ്ഞു. രാമായണ സർക്യൂട്ട്, കൃഷ്ണ സർക്യൂട്ട്, ഗയാജിയിലെ വികസന പ്രവർത്തനങ്ങൾ, കുംഭമേളയുടെ അഭൂതപൂർവമായ നടത്തിപ്പ് തുടങ്ങിയ സംരംഭങ്ങൾ ഇന്നത്തെ ഇന്ത്യ പുതിയ ദൃഢനിശ്ചയത്തോടും ആത്മവിശ്വാസത്തോടും കൂടി അതിൻ്റെ സാംസ്കാരിക സ്വത്വം മുന്നോട്ട് കൊണ്ടുപോകുന്നതെന്നതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉണർവ്വ് ഭാവി തലമുറയെ അവരുടെ വേരുകളുമായുള്ള ബന്ധം തുടരാൻ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗോവയുടെ പുണ്യഭൂമിക്ക് അതിൻ്റേതായ വ്യതിരിക്തമായ ആത്മീയ സ്വത്വമുണ്ടെന്നും, നൂറ്റാണ്ടുകളായി ഭക്തിയുടെയും സന്യാസ പാരമ്പര്യത്തിൻ്റെയും സാംസ്കാരിക ആചാരങ്ങളുടെയും നിരന്തരമായ പ്രവാഹം ഇവിടെയുണ്ടെന്നും ശ്രീ മോദി അടിവരയിട്ടു. ഈ നാട് അതിൻ്റെ പ്രകൃതി സൗന്ദര്യത്തോടൊപ്പം 'ദക്ഷിണ കാശി' എന്ന സ്വത്വവും വഹിക്കുന്നുണ്ടെന്നും, അതിനെ പർത്തഗാളി മഠം കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഠത്തിൻ്റെ ബന്ധം കൊങ്കണിലും ഗോവയിലും മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അതിൻ്റെ പാരമ്പര്യം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളുമായും പുണ്യഭൂമിയായ വാരാണസിയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ വാരാണസിയിൽ നിന്നുള്ള പാർലമെൻ്റ് അംഗമാണ് എന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഠത്തിന്റെ സ്ഥാപകനായ ആചാര്യ ശ്രീ നാരായണ തീർത്ഥർ തൻ്റെ ഉത്തരേന്ത്യൻ യാത്രയ്ക്കിടെ വാരാണസിയിൽ ഒരു കേന്ദ്രം സ്ഥാപിക്കുകയും അതുവഴി മഠത്തിൻ്റെ ആത്മീയ പ്രവാഹത്തെ തെക്ക് നിന്ന് വടക്കോട്ട് വ്യാപിപ്പിക്കുകയും ചെയ്തു. വാരാണസിയിൽ സ്ഥാപിച്ച ആ കേന്ദ്രം ഇന്നും സാമൂഹ്യ സേവനം തുടരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ പുണ്യ മഠം 550 വർഷം പൂർത്തിയാക്കുമ്പോൾ, നമ്മൾ ചരിത്രം ആഘോഷിക്കുക മാത്രമല്ല, ഭാവിയുടെ ദിശ നിർണ്ണയിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള പാത ഐക്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും, സമൂഹം ഒന്നിക്കുമ്പോൾ, ഓരോ പ്രദേശവും ഓരോ വിഭാഗവും ഒറ്റക്കെട്ടായി നിലകൊള്ളുമ്പോൾ, രാജ്യം വലിയ കുതിച്ചുചാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ പ്രാഥമിക ദൗത്യം ജനങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുക, മനസ്സുകളെ ബന്ധിപ്പിക്കുക, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള പാലം പണിയുക എന്നതാണെന്നും, അതുകൊണ്ട് വികസിത ഭാരതത്തിൻ്റെ യാത്രയിൽ ഈ മഠം ഒരു പ്രധാന പ്രചോദന കേന്ദ്രത്തിൻ്റെ പങ്ക് വഹിക്കുന്നുവെന്നും പ്രധാനമന്ത്രി അടിവരയിട്ടു.
തനിക്ക് സ്നേഹമുള്ളിടത്തെല്ലാം താൻ വിനയത്തോടെ ചില അഭ്യർത്ഥനകൾ നടത്താറുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ന് താൻ ജനങ്ങൾക്കിടയിൽ വന്നിരിക്കുന്നതിനാൽ, ചില ചിന്തകൾ സ്വാഭാവികമായും തൻ്റെ മനസ്സിൽ ഉദിക്കുന്നുണ്ടെന്നും അത് പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സ്ഥാപനം മുഖേന ഓരോ പൗരനിലേക്കും എത്തിക്കാൻ കഴിയുന്ന ഒമ്പത് അഭ്യർത്ഥനകൾ മുന്നോട്ടുവയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ അഭ്യർത്ഥനകൾ ഒമ്പത് പ്രതിജ്ഞകൾ പോലെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയുടെ സംരക്ഷണം നമ്മുടെ കടമയായി കണക്കാക്കുമ്പോൾ മാത്രമേ വികസിത ഭാരതമെന്ന സ്വപ്നം സഫലമാകൂ എന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി, കാരണം ഭൂമി നമ്മുടെ അമ്മയാണ്, പ്രകൃതിയെ ബഹുമാനിക്കാൻ മഠത്തിൻ്റെ പ്രബോധനങ്ങൾ നമ്മെ നയിക്കുന്നു. അതിനാൽ, ആദ്യത്തെ പ്രതിജ്ഞ ജലം സംരക്ഷിക്കുക, വെള്ളം ലാഭിക്കുക, നദികളെ സംരക്ഷിക്കുക എന്നിവയായിരിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാമത്തെ പ്രതിജ്ഞ വൃക്ഷത്തൈകൾ നടുക എന്നതായിരിക്കണം എന്നും, "ഏക് പേഡ് മാ കേ നാം" എന്ന രാജ്യവ്യാപക പ്രചാരണത്തിന്റെ ഗതിവേഗം വർധിക്കുകയാണെന്നും, ഈ സ്ഥാപനത്തിൻ്റെ ശക്തികൂടി അതിനോടൊപ്പം ചേർന്നാൽ സ്വാധീനം കൂടുതൽ വലുതാകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഓരോ തെരുവും, അയൽപക്കവും, നഗരവും വൃത്തിയായി സൂക്ഷിക്കുന്ന ശുചിത്വ ദൗത്യമായിരിക്കണം മൂന്നാമത്തെ പ്രതിജ്ഞയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നാലാമത്തെ പ്രതിജ്ഞ സ്വദേശി സ്വീകരിക്കുക എന്നതായിരിക്കണമെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇന്ന് ഭാരതം ആത്മനിർഭർ ഭാരതം, സ്വദേശി എന്നീ മന്ത്രങ്ങളോടെ മുന്നോട്ട് പോകുകയാണെന്നും, രാജ്യം "വോക്കൽ ഫോർ ലോക്കൽ" എന്ന് പറയുന്നുണ്ടെന്നും, അത് നമ്മൾ മുന്നോട്ട് കൊണ്ടുപോകേണ്ട ഒരു ദൃഢനിശ്ചയമാണെന്നും ചൂണ്ടിക്കാട്ടി.

അഞ്ചാമത്തെ പ്രതിജ്ഞ 'ദേശ് ദർശൻ' ആയിരിക്കമെന്നും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളെ അറിയാനും മനസ്സിലാക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കണമെന്നും ശ്രീ മോദി പറഞ്ഞു. പ്രകൃതി കൃഷിയെ ജീവിതത്തിൻ്റെ ഭാഗമാക്കുക എന്നതാണ് ആറാമത്തെ പ്രതിജ്ഞയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, 'ശ്രീ അന്ന'- ചെറുധാന്യങ്ങൾ സ്വീകരിക്കുക, ഭക്ഷണത്തിലെ എണ്ണ ഉപയോഗം 10 ശതമാനം കുറയ്ക്കുക എന്നിവയാണ് ഏഴാമത്തെ പ്രതിജ്ഞയെന്നും അദ്ദേഹം പ്രസ്താവിച്ചു. എട്ടാമത്തെ പ്രതിജ്ഞ യോഗയും കായിക വിനോദങ്ങളും സ്വീകരിക്കുക എന്നതായിരിക്കണം എന്നും, ഒമ്പതാമത്തെ പ്രതിജ്ഞ ദരിദ്രരെ ഏതെങ്കിലും രൂപത്തിൽ സഹായിക്കുക എന്നതായിരിക്കണം എന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഈ പ്രതിജ്ഞകളെ കൂട്ടായ പൊതു പ്രതിബദ്ധതകളാക്കി മാറ്റാൻ മഠത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഠത്തിൻ്റെ 550 വർഷത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്, കാലത്തിനനുസരിച്ച് അതിൻ്റെ ഉത്തരവാദിത്തങ്ങൾ വികസിപ്പിക്കുമ്പോൾ മാത്രമേ പാരമ്പര്യം സമൂഹത്തെ മുന്നോട്ട് കൊണ്ടുപോവുകയുള്ളൂ എന്നാണ് എന്നും, നൂറ്റാണ്ടുകളായി മഠം സമൂഹത്തിന് നൽകിയ ഊർജ്ജം ഇനി ഭാവി ഭാരതം കെട്ടിപ്പടുക്കുന്നതിനായി നയിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗോവയുടെ ആത്മീയ മഹത്വം അതിൻ്റെ ആധുനിക വികസനം പോലെതന്നെ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവയെന്നും, വിനോദസഞ്ചാരം, ഫാർമ, സേവന മേഖല എന്നിവ ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. അടുത്ത കാലത്തായി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഗോവ പുതിയ നാഴികക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ചേർന്ന് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈവേകൾ, വിമാനത്താവളങ്ങൾ, റെയിൽ കണക്റ്റിവിറ്റി എന്നിവയുടെ വികസനം ഭക്തർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ യാത്ര എളുപ്പമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2047-ഓടെ വികസിത ഭാരതം എന്ന ദേശീയ കാഴ്ചപ്പാടിൽ ടൂറിസം ഒരു പ്രധാന ഘടകമാണെന്നും, അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമായി ഗോവ നിലകൊള്ളുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

“രാജ്യം ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, അവിടെ യുവജനങ്ങളുടെ ശക്തി, രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസം, സാംസ്കാരിക വേരുകളോടുള്ള അതിൻ്റെ താൽപ്പര്യം എന്നിവ ഒരുമിച്ച് ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്തുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ആത്മീയത, ദേശ സേവനം, വികസനം എന്നിവ ഒരുമിച്ച് മുന്നോട്ട് പോകുമ്പോൾ മാത്രമേ വികസിത ഭാരതം എന്ന ദൃഢനിശ്ചയം സഫലമാവുകയുള്ളൂ എന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഗോവയുടെ പുണ്യഭൂമിയും ഈ മഠവും ഈ ദിശയിൽ സുപ്രധാനമായ സംഭാവന നൽകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ശ്രീ മോദി തൻ്റെ പ്രസംഗം ഉപസംഹരിച്ചത്. ഈ പുണ്യ വേളയിൽ അദ്ദേഹം എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയംഗമമായ ആശംസകൾ നേർന്നു.
ഗോവ ഗവർണർ ശ്രീ പുസപതി അശോക് ഗജപതി രാജു, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീ ശ്രീപദ് നായിക് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.

പശ്ചാത്തലം
ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷമായ 'സാർധ പഞ്ചശതാബ്ദി മഹോത്സവത്തോ'ടനുബന്ധിച്ച് പ്രധാനമന്ത്രി ദക്ഷിണ ഗോവയിലെ കനകോണയിലുള്ള മഠം സന്ദർശിച്ചു.
ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൽ പ്രധാനമന്ത്രി 77 അടി ഉയരമുള്ള, വെങ്കലത്തിൽ നിർമ്മിച്ച പ്രഭു ശ്രീരാമൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തു. കൂടാതെ മഠം വികസിപ്പിച്ചെടുത്ത 'രാമായണ തീം പാർക്ക് ഗാർഡൻ' ഉദ്ഘാടനം ചെയ്യുകയും ചയ്തു. പ്രത്യേക തപാൽ സ്റ്റാമ്പും സ്മാരക നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.
ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠം ആദ്യത്തെ ഗൗഡ സാരസ്വത ബ്രാഹ്മണ വൈഷ്ണവ മഠമാണ്. എ.ഡി. 13-ാം നൂറ്റാണ്ടിൽ ജഗദ്ഗുരു മാധവാചാര്യർ സ്ഥാപിച്ച ദ്വൈത സമ്പ്രദായമാണ് മഠം പിന്തുടരുന്നത്. ദക്ഷിണ ഗോവയിലെ കുശാവതി നദിയുടെ തീരത്തുള്ള പർത്തഗാളി എന്ന ചെറിയ പട്ടണത്തിലാണ് മഠത്തിൻ്റെ ആസ്ഥാനം.
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
श्री संस्थान गोकर्ण पर्तगाळी जीवोत्तम मठ अपनी स्थापना की 550वीं वर्षगांठ मना रहा है। ये बहुत ऐतिहासिक अवसर है।
— PMO India (@PMOIndia) November 28, 2025
बीते 550 वर्षों में इस संस्था ने समय के कितने ही चक्रवात झेले हैं, युग बदला, दौर बदला, देश और समाज में कई परिवर्तन हुए, लेकिन बदलते युगों और चुनौतियों के बीच भी इस मठ…
ऐसे समय भी आए जब गोवा के मंदिरों और स्थानीय परंपराओं को संकट का सामना करना पड़ा।
— PMO India (@PMOIndia) November 28, 2025
जब भाषा और सांस्कृतिक पहचान पर दबाव बना।
लेकिन ये परिस्थितियां समाज की आत्मा को कमजोर नहीं कर पाईं,
बल्कि उसे और दृढ़ बनाया: PM @narendramodi
गोवा की यही विशेषता है कि यहां की संस्कृति ने... हर बदलाव में अपने मूल स्वरूप को बनाए रखा और समय के साथ पुनर्जीवित भी किया।
— PMO India (@PMOIndia) November 28, 2025
इसमें पर्तगाळी मठ जैसे संस्थानों का बहुत बड़ा योगदान रहा है: PM @narendramodi
आज भारत एक अद्भुत सांस्कृतिक पुनर्जागरण का साक्षी बन रहा है।
— PMO India (@PMOIndia) November 28, 2025
अयोध्या में राम मंदिर का पुनर्स्थापन, काशी विश्वनाथ धाम का भव्य पुनरुद्धार और उज्जैन में महाकाल महालोक का विस्तार, ये सब हमारे राष्ट्र की उस जागरूकता को प्रकट करते हैं जो अपनी आध्यात्मिक धरोहर को नई शक्ति के साथ उभार…
आज का भारत... अपनी सांस्कृतिक पहचान को नए संकल्पों और नए आत्मविश्वास के साथ आगे बढ़ा रहा है: PM @narendramodi
— PMO India (@PMOIndia) November 28, 2025


