ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിൻലൻഡ് പ്രസിഡന്റ് ഡോ. അലക്സാണ്ടർ സ്റ്റബ് 2026 മാർച്ച് 4 മുതൽ 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. നിലവിലെ പദവിയിൽ ആദ്യമായി ഇന്ത്യയിലെത്തിയ പ്രസിഡന്റ് സ്റ്റബ്, ന്യൂഡൽഹിയും മുംബൈയുമാണു സന്ദർശിക്കുന്നത്. ഫിൻലൻഡ് കാലാവസ്ഥാ-പരിസ്ഥിതി മന്ത്രി സാരി മുൾട്ടാല, തൊഴിൽ മന്ത്രി​ മത്യാസ് മാട്ടിനൻ എന്നിവരും ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും അടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു. 2026 മാർച്ച് 5-നു ന്യൂഡൽഹിയിൽ നടന്ന റായ്‌സീന സംഭാഷണത്തിന്റെ 11-ാം പതിപ്പു പ്രധാനമന്ത്രി ശ്രീ മോദി ഉദ്ഘാടനം ചെയ്തു; ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സ്റ്റബ് ഉദ്ഘാടനപ്രഭാഷണം നടത്തി. 2026 ഫെബ്രുവരിയിൽ നടന്ന AI ​ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ എത്തിയതിനു പിന്നാലെയാണു പ്രസിഡന്റ് സ്റ്റബ്ബിന്റെ ഈ സന്ദർശനം.

2026 മാർച്ച് 5-നു രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പ്രസിഡന്റ് സ്റ്റബ്ബിന് ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രി ശ്രീ മോദിയും പ്രസിഡന്റ് സ്റ്റബ്ബും തമ്മിൽ നടന്ന ഉഭയകക്ഷികൂടിക്കാഴ്ചയിൽ വിപുലമായ ചർച്ചകൾ നടത്തുകയും സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. സന്ദർശകനായ വിശിഷ്ടാതിഥിയോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി ശ്രീ മോദി മധ്യാഹ്നവിരുന്നും ഒരുക്കിയിരുന്നു.

2026-ലെ AI ഇംപാക്ട് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിനു ഫിൻലൻഡ് പ്രസിഡന്റ് ഇന്ത്യയെ അഭിനന്ദിച്ചു. നിർമിതബുദ്ധിയുടെ സുരക്ഷിതവും വിശ്വസനീയവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിനായി പ്രവർത്തിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള, പരസ്പരബഹുമാനത്തിലും ജനാധിപത്യമൂല്യങ്ങളിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ, ആഴമേറിയതും ശാശ്വതവുമായ സൗഹൃദം ഇരുനേതാക്കളും ഉയർത്തിക്കാട്ടി. ആഗോള സമാധാനം, സുരക്ഷ, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയോടുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കൾ ആവർത്തിച്ചു.

ഐക്യരാഷ്ട്രസഭയുടെ കേന്ദ്രബിന്ദുവായ, നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തോടും ബഹുരാഷ്ട്ര സഹകരണത്തോടുമുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യൻ പ്രധാനമന്ത്രിയും ഫിൻലൻഡ് പ്രസിഡന്റും ആവർത്തിച്ചു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഇരട്ടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, കാലാവസ്ഥവ്യതിയാനം, ജൈവവൈവിധ്യ നാശം തുടങ്ങിയ വെല്ലുവിളികൾക്കെതിരായ ആഗോള സഹകരണത്തിന്റെ പ്രാധാന്യവും ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

2026 ജനുവരി 27-നു നടന്ന ഇന്ത്യ-EU ഉച്ചകോടിയിൽ ഒപ്പുവച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ സ്വാഗതംചെയ്ത നേതാക്കൾ, വർധിച്ചുവരുന്ന വ്യാപാരവും നിക്ഷേപവും ഇന്ത്യ-ഫിൻലൻഡ് ഉഭയകക്ഷിബന്ധത്തിന് ഉൾപ്പെടെ ഇരുപക്ഷത്തിനും ഗുണകരമായ വലിയ അവസരങ്ങൾ നൽകുമെന്ന് വിലയിരുത്തി.

2021 മാർച്ച് 16-നു നടന്ന ഇന്ത്യ-ഫിൻലൻഡ് വെർച്വൽ ഉച്ചകോടി, 2018-ലും 2022-ലും യഥാക്രമം സ്റ്റോക്ക്‌ഹോമിലും കോപ്പൻഹേഗനിലും നടന്ന ഇന്ത്യ-നോർഡിക് ഉച്ചകോടികളുടെ രണ്ടു പതിപ്പുകൾക്കിടയിലുള്ള ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചകൾ, കൂടാതെ 2026 ഫെബ്രുവരിയിലെ AI ഇംപാക്ട് ഉച്ചകോടി എന്നിവ നൽകിയ കരുത്തു മുൻനിർത്തി, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും ദൃഢമാക്കുന്നതിനുമുള്ള പങ്കാളിത്തപരമായ പ്രതിജ്ഞാബദ്ധതയ്ക്കു നേതാക്കൾ ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ, ഇരുപക്ഷത്തിന്റെയും താൽപ്പര്യങ്ങളും നേട്ടങ്ങളും പരിഗണിച്ച് ഇന്ത്യ-ഫിൻലൻഡ് ബന്ധത്തെ ഡിജിറ്റലൈസേഷനിലും സുസ്ഥിരതയിലുമുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കുയർത്താൻ നേതാക്കൾ ധാരണയായി.

വ്യാപാരവും നിക്ഷേപവും

ചരിത്രപരമായ ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാർ (FTA) തുറന്നുനൽകുന്ന വിപുലമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഫിൻലൻഡ് പ്രസിഡന്റും വ്യവസായ സമൂഹത്തോട് ആഹ്വാനംചെയ്തു. ഈ സാഹചര്യത്തിൽ, ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള നിലവിലെ വ്യാപാരമൂല്യം 2030-ഓടെ ഇരട്ടിയായി വർധിപ്പിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്ന് ഇരുനേതാക്കളും വിലയിരുത്തി.

​ഫിൻലൻഡ് പ്രസിഡന്റിനൊപ്പം ഇന്ത്യ സന്ദർശിക്കുന്ന ബൃഹത്തായ വ്യവസായ പ്രതിനിധിസംഘവും, ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന AI ഇംപാക്ട് ഉച്ചകോടിയുമായി ബന്ധപ്പെട്ടു ഫിൻലൻഡ് പ്രധാനമന്ത്രിക്കൊപ്പം എത്തിയ കമ്പനികളും ഇരുരാജ്യങ്ങളിലെയും വ്യാവസായിക സമൂഹങ്ങൾക്കിടയിലുള്ള സജീവമായ ഇടപെടലുകളെ പ്രതിനിധാനംചെയ്യുന്നതായി നേതാക്കൾ വിലയിരുത്തി. മാർച്ച് 7-നു മുംബൈയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഫിൻലൻഡ് വ്യവസായ ഉച്ചകോടിയും CEO- മാരുടെ കൂടിക്കാഴ്ചയും വ്യാപാരം, സാങ്കേതിക സഹകരണം, നിക്ഷേപ ബന്ധങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനു വഴിയൊരുക്കുമെന്ന് ഇരുനേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഹെൽസിങ്കിയിൽ നടന്ന ‘സ്ലഷി’ൽ ഇന്ത്യയിലെ നൂതന സ്റ്റാർട്ടപ്പുകൾ സജീവമായി പങ്കെടുത്തതും, ന്യൂഡൽഹിയിൽ നടന്ന ‘സ്റ്റാർട്ടപ്പ് മഹാകുംഭ്’ പരിപാടിയിൽ ഫിൻലൻഡിലെ സ്റ്റാർട്ടപ്പുകൾ പങ്കെടുത്തതും നേതാക്കൾ സ്വാഗതം ചെയ്തു. ഇതിനു പുറമെ ഇന്ത്യ-ഫിൻലൻഡ് സ്റ്റാർട്ടപ്പ് ഇടനാഴിപോലുള്ള സംരംഭങ്ങളെയും അവർ അഭിനന്ദിച്ചു.

ഡിജിറ്റലൈസേഷൻ

ഏവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യ-സാമ്പത്തിക വികസനത്തിന്റെ പ്രധാന ചാലകശക്തി എന്ന നിലയിൽ ഡിജിറ്റലൈസേഷന്റെ പരിവർത്തനാത്മക ശക്തി അംഗീകരിച്ച്, 5G, 6G, ഹൈ-പെർഫോമൻസ് ആൻഡ് ക്വാണ്ടം കമ്പ്യൂട്ടിങ്, നിർമിതബുദ്ധി തുടങ്ങിയ പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പരിവർത്തനത്തെ മുൻഗണനാമേഖലകളായി നേതാക്കൾ തിരിച്ചറിഞ്ഞു. പരസ്പരവിശ്വാസത്തിലും നേട്ടത്തിലും അധിഷ്ഠിതമായ സഹകരണം ഈ മേഖലകളിൽ ശക്തിപ്പെടുത്താൻ സാധിക്കും. ഏകീകൃത പണമിടപാടു സംവിധാനം (UPI) പോലുള്ള ഡിജിറ്റൽ പണമയക്കൽ  ഉൾപ്പെടെ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിലെ ഇന്ത്യയുടെ അനുഭവം നേതാക്കൾ വിലയിരുത്തി. ഈ മേഖലയിലെ സഹകരണത്തിനുള്ള സാധ്യതകൾ അവർ ചർച്ചചെയ്തു.

ഈ പശ്ചാത്തലത്തിൽ, ഡിജിറ്റൽ പരിവർത്തനത്തിന് ആക്കം കൂട്ടുന്ന വ്യക്തവും ഗണ്യവുമായ പ്രവർത്തനങ്ങൾക്കായി മുൻഗണനകൾ നിശ്ചയിക്കുന്നതിനും പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡിജിറ്റലൈസേഷനെക്കുറിച്ചു വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സംയുക്തകർമസമിതി രൂപീകരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കു നേതാക്കൾ നിർദേശം നൽകി.

ഫിൻലൻഡിലെ ഗവേഷണ-വികസന, സാങ്കേതിക നൂതനാശയ ആവാസവ്യവസ്ഥകളിൽ ഗണ്യമായ എണ്ണം ഇന്ത്യൻ പ്രൊഫഷണലുകൾ ചെലുത്തുന്ന മികച്ച സ്വാധീനത്തെ ഫിൻലൻഡ് പ്രസിഡന്റ് എടുത്തുപറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിലൂടെയും സുസ്ഥിരതയിലൂടെയും ഏവർക്കും ഗുണകരമാകുന്ന സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഈ വ്യക്തികൾ നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.

സെമികണ്ടക്ടറുകൾ, 6G, ഊർജ സംവിധാനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ-ഫിൻലൻഡ് കമ്പനികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭങ്ങൾക്ക് RDI ധനസഹായം നൽകുന്നതിനായി ഇന്ത്യൻ ശാസ്ത്ര-സാങ്കേതിക വകുപ്പും ബിസിനസ് ഫിൻലൻഡും ചേർന്നു നടത്തുന്ന സംയുക്തനീക്കങ്ങളിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. ഭാരത് 6G അലയൻസും ഫിൻലൻഡിലെ ഔലു സർവകലാശാലയും തമ്മിലുള്ള സഹകരണ ചട്ടക്കൂടും അവർ വിലയിരുത്തി. 6G മേഖലയിലെ ഉഭയകക്ഷിസഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും അവർ സ്വാഗതം ചെയ്തു.

കൂടാതെ, നിർമിതബുദ്ധിയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് RDI സഹകരണത്തിനുള്ള കൂടുതൽ സാധ്യതകൾ തേടുന്നതിനായി ഇന്ത്യയുടെ ഇലക്ട്രോണിക്സ് – വിവരസാങ്കേതികവിദ്യ മന്ത്രാലയവും ബിസിനസ് ഫിൻലൻഡും തമ്മിൽ നടത്തുന്ന പ്രവർത്തനങ്ങളെ നേതാക്കൾ സ്വാഗതംചെയ്തു. ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യൻ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങും (C-DAC) ഫിൻലൻഡ് ഐടി സെന്റർ ഫോർ സയൻസും തമ്മിൽ നടന്ന ചർച്ചകളും അവർ ശ്രദ്ധയിൽപ്പെടുത്തി.

അത്യാധുനിക സാങ്കേതികവിദ്യയുടെ മേഖലയിൽ, ഇന്ത്യ-ഫിൻലൻഡ് പങ്കാളികൾക്കിടയിൽ ഭാവിയിൽ വലിയ സാധ്യതകളുള്ളതും സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തമുള്ളതുമായ വളർന്നുവരുന്ന മേഖലയെന്ന നിലയിൽ ബഹിരാകാശ സാങ്കേതികവിദ്യയെയും നേതാക്കൾ എടുത്തുപറഞ്ഞു.

സുസ്ഥിരത

സുസ്ഥിരതയുമായി ബന്ധപ്പെട്ട്, കുറഞ്ഞ കാർബൺ പരിവർത്തനം, ഊർജ കാര്യക്ഷമത, ജൈവ ഇന്ധനങ്ങൾ, സ്മാർട്ട് ഗ്രിഡുകൾ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ സംശുദ്ധ ഊർജ പ്രതിവിധികൾ വികസിപ്പിക്കുന്നതിലെ വലിയ സാധ്യതകൾ ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, ചാക്രിക സമ്പദ്‌വ്യവസ്ഥ, സുസ്ഥിര ജലപരിപാലനം, കാലാവസ്ഥാശാസ്ത്രം എന്നീ മേഖലകളിലെ സഹകരണത്തിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.

​ഈ ലക്ഷ്യത്തിനായി, സുസ്ഥിരതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളിൽനിന്നുമുള്ള പ്രസക്തരായ പ്രതിനിധികളെ ഉൾപ്പെടുത്തി സുസ്ഥിരതയെക്കുറിച്ചുള്ള സംയുക്ത കർമസമിതിക്കു രൂപം നൽകിയതിനെ നേതാക്കൾ സ്വാഗതംചെയ്തു.

കൂടാതെ, പുനരുൽപ്പാദക ഊർജ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കൾ വ്യക്തമാക്കി. ജൈവോർജം, മാലിന്യത്തിൽനിന്നുള്ള ഊർജോൽപ്പാദനം, ഊർജസംഭരണം, ഫ്ലെക്സിബിൾ RE സംവിധാനങ്ങൾ, ഗ്രീൻ ഹൈഡ്രജൻ, കാറ്റ്, സൗരോർജം, ചെറുകിട ജലവൈദ്യുത പദ്ധതികൾ തുടങ്ങി സുസ്ഥിരതയ്ക്കു സംഭാവന നൽകുന്ന പ്രധാന മേഖലകളെല്ലാം ഇതിൽ ഉൾപ്പെടുന്നു.

പരിസ്ഥിതിസഹകരണത്തിനായുള്ള ധാരണാപത്രം പുതുക്കിയതിനെയും ‘ലീഡർഷിപ്പ് ഗ്രൂപ്പ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷനു’ (LeadIT) കീഴിലുള്ള സഹകരണത്തെയും അവർ അംഗീകരിച്ചു. ചാക്രിക സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാസംരക്ഷണം, സുസ്ഥിരത എന്നീ മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള സഹകരണം മുന്നോട്ടു കൊണ്ടുപോകാൻ ബന്ധപ്പെട്ട കക്ഷികളെ നേതാക്കൾ പ്രോത്സാഹിപ്പിച്ചു.

അഡ്വാൻസ്ഡ് മീറ്ററിങ് ഇൻഫ്രാസ്ട്രക്ചർ (AMI), മറ്റു ഡിജിറ്റൽ ഗ്രിഡ് സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് എനർജി സൊല്യൂഷനുകളുടെ ദ്രുതഗതിയിലുള്ള വിന്യാസം കാര്യക്ഷമത വർധിപ്പിച്ചതായും, അതേസമയം നിർണായകമായ ഊർജ അടിസ്ഥാനസൗകര്യത്തിനു സൈബർ സുരക്ഷാഭീഷണി ഉയരുന്നതായും ഇരുപക്ഷവും സമ്മതിച്ചു. പ്രതിരോധശേഷിയുള്ളതും വിശ്വസനീയവും സുസ്ഥിരവുമായ സ്മാർട്ട് ഗ്രിഡ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു ഭാവിയിൽ സഹകരിക്കാവുന്ന മേഖലകൾ തേടാൻ അവർ തീരുമാനിച്ചു.

ചാക്രിക സമ്പദ്‌വ്യവസ്ഥാ പ്രതിവിധികൾ വർധിപ്പിക്കുന്നതിനും പുതിയ സഹകരണ സംരംഭങ്ങൾക്കായുള്ള മികച്ച വൈദഗ്ധ്യം ഒരുമിച്ചു കൊണ്ടുവരുന്നതിനുമായി ഫിൻലൻഡ് ആരംഭിച്ച സംവിധാനമായ ലോക ചാക്രിക സമ്പദ്‌വ്യവസ്ഥാവേദിക്ക് 2026-ന്റെ അവസാന പകുതിയിൽ ആതിഥ്യമരുളുന്ന ഇന്ത്യയെ ഫിൻലൻഡ് പ്രസിഡന്റ് അഭിനന്ദിച്ചു.

ഇന്ത്യ-നോർഡിക് വാട്ടർ ഫോറത്തിന്റെ ചട്ടക്കൂടിൽനിന്ന്, ഇന്ത്യ, ഫിൻലൻഡ്, മറ്റ് നോർഡിക് പങ്കാളികൾ എന്നിവരെ ഒന്നിപ്പിക്കുന്നതിൽ ഫിൻലൻഡ് വഹിക്കുന്ന സജീവമായ പങ്കിനെ ഇന്ത്യൻ പ്രധാനമന്ത്രി പ്രശംസിച്ചു. ജലവിഭവ പരിപാലനത്തിലും ചാക്രിക സമ്പദ്‌വ്യവസ്ഥാ പ്രതിവിധികൾക്കായുള്ള മലിനജല സംസ്കരണത്തിലും പുതിയ സഹകരണങ്ങളും മികച്ച രീതികളും പ്രോത്സാഹിപ്പിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.

കാലാവസ്ഥാ സംബന്ധമായ സഹകരണത്തിന്റെ കാര്യത്തിൽ, ഫിന്നിഷ് മെറ്റീരിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും (FMI) ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റും (IMD) തമ്മിൽ എയറോസോൾ നിരീക്ഷണത്തിലും വായു ഗുണനിലവാര പ്രവചനത്തിലും നിലനിൽക്കുന്ന സഹകരണത്തെ നേതാക്കൾ എടുത്തുപറഞ്ഞു. FMI-യും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (IITM) തമ്മിൽ ഒരു വിർച്വൽ റിസർച്ച് സെന്റർ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളെ അവർ സ്വാഗതം ചെയ്തു. കൂടാതെ, 11 ദശലക്ഷം യൂറോയിലധികം മൂല്യമുള്ള ബഹുരാഷ്ട്ര പദ്ധതികളിലൂടെ FMI-IITM ഗവേഷണ സഹകരണം നിലവിൽ തുടരുന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി.

ഭൂമിയുടെയും സ്വത്തിന്റെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന സംയോജിത ജിഐഎസ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലാൻഡ് സ്റ്റാക്കിനെക്കുറിച്ചും, ഇന്ത്യൻ ഗ്രാമവികസന മന്ത്രാലയവും ഫിൻലൻഡിലെ നാഷണൽ ലാൻഡ് സർവേയും ഫിന്നിഷ് എൻവയോൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ നഗരങ്ങളും കമ്പനികളും തമ്മിലുള്ള അനുഭവങ്ങൾ പരസ്പരം കൈമാറുന്നതിനെക്കുറിച്ചും നേതാക്കൾ ശ്രദ്ധാകുലരായി.

ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് മേഖലയിൽ സഹകരണം വളർത്തുന്നതിനായി ഒപ്പുവെച്ച ധാരണാപത്രത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ഇത് ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് മേഖലയിൽ മികച്ച പ്രവർത്തനരീതികൾ, രീതിശാസ്ത്രങ്ങൾ, സാങ്കേതിക വൈദഗ്ധ്യം എന്നിവ കൈമാറുന്നതിനുള്ള ചട്ടക്കൂട് നൽകുന്നു.

ചലനാത്മകത, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം

നൈപുണ്യമുള്ള തൊഴിലാളികൾ, വിദഗ്ധർ, യുവ പ്രൊഫഷണലുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ, ബിസിനസുകാർ, അക്കാദമിക് വിദഗ്ധർ എന്നിവരുൾപ്പെടെ എല്ലാ മേഖലകളിലെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന്റെ പ്രാധാന്യം ഇന്ത്യൻ പ്രധാനമന്ത്രിയും ഫിൻലൻഡ് പ്രസിഡന്റും അംഗീകരിച്ചു. ഇത് സാമ്പത്തിക അഭിവൃദ്ധി വളർത്തുന്നതിനും സാമൂഹിക ഘടനയെ സമ്പന്നമാക്കുന്നതിനും പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഈ സാഹചര്യത്തിൽ വരും വർഷങ്ങളിൽ സുഗമവും വ്യവസ്ഥാപിതവും ഇരുപക്ഷത്തിനും പ്രയോജനകരവുമായ ചലനാത്മകതയ്ക്ക്  വഴിയൊരുക്കുന്ന 'മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ്' ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ അഭിനന്ദിച്ചു. ഇന്ത്യയുടെയും ഫിൻലൻഡിന്റെയും അഭിവൃദ്ധിക്കും സാമ്പത്തിക വളർച്ചയ്ക്കും ഉതകുന്ന രീതിയിൽ, ഈ ധാരണാപത്രം സമഗ്രവും ഏകോപിതവുമായ രീതിയിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഇരുപക്ഷവും സമ്മതിച്ചു. നയതന്ത്ര കാര്യങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ ആവിഷ്കരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്ന വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സമ്പർക്കങ്ങളെയും നേതാക്കൾ അംഗീകരിച്ചു.

വിദ്യാഭ്യാസ സഹകരണത്തെക്കുറിച്ചുള്ള ഉന്നതതല ചർച്ചയിൽ (2024 ജനുവരി 31) അംഗീകരിച്ച സംയുക്ത പ്രസ്താവന നേതാക്കൾ ശ്രദ്ധിക്കുകയും സെക്കൻഡറി വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, വിദ്യാർത്ഥികളുടെ ചലനാത്മകത എന്നീ മേഖലകളിൽ പൊതുവായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് സംയുക്ത പരിശ്രമങ്ങൾ ത്വരിതപ്പെടുത്താൻ ബന്ധപ്പെട്ട കക്ഷികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഫിന്നിഷ് വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന താൽപ്പര്യവും അധ്യാപക പരിശീലനത്തിലെ വർദ്ധിച്ചുവരുന്ന സഹകരണവും ഫിന്നിഷ് മാതൃകയിൽ സ്ഥാപിക്കപ്പെടുന്ന ബാല്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂളുകളും വിദ്യാഭ്യാസ മേഖലയിലെ സഹകരണം തുടരുന്നതിനുള്ള ബന്ധപ്പെട്ടവരുടെ പങ്കിട്ട താൽപ്പര്യത്തിന്റെയും പ്രതിബദ്ധതയുടെയും വ്യക്തമായ അടയാളങ്ങളാണെന്ന് അവർ വിലയിരുത്തി.

കൂടാതെ, ചലച്ചിത്ര-ഗെയിമിംഗ് മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ശക്തമായ അടിത്തറ നൽകുന്ന ഉഭയകക്ഷി ഓഡിയോവിഷ്വൽ കോ-പ്രൊഡക്ഷൻ കരാറിനെക്കുറിച്ചുള്ള ചർച്ചകളും നേതാക്കൾ എടുത്തുപറഞ്ഞു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾ

പങ്കിട്ട മൂല്യങ്ങളിലും തത്വങ്ങളിലും പരസ്പര വിശ്വാസത്തിലും സമാനമായ താൽപ്പര്യങ്ങളിലും രാഷ്ട്രീയ ഇച്ഛാശക്തിയിലും അധിഷ്ഠിതമായി 2026 ജനുവരി 27-ന് നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ അംഗീകരിച്ച പുതിയ 'ഇന്ത്യ-ഇയു സമഗ്ര തന്ത്രപരമായ അജണ്ട'യെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും സ്ഥിരതയുള്ളതും വിശ്വസനീയവുമായ പങ്കാളികളാകാൻ കഴിയുമെന്നും, ഇരുപക്ഷത്തിനും ഗുണകരമായ ഫലങ്ങൾ നൽകുന്ന ആഴത്തിലുള്ള ദീർഘകാല ബന്ധം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും അവർ സമ്മതിച്ചു.

സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തെ പുതിയ തലത്തിലേക്ക് എത്തിക്കുമെന്ന് നേതാക്കൾ അടിവരയിട്ടു. വിപണി പ്രവേശനവും വ്യാപാര തടസ്സങ്ങൾ നീക്കുന്നതും വഴിയുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് പുറമെ, വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കുന്നതിലൂടെയും പുതിയ വിപണികൾ തുറക്കുന്നതിലൂടെയും സാമ്പത്തിക സുരക്ഷിതത്വത്തെ പിന്തുണയ്ക്കാൻ ഈ കരാറിന് കഴിയുമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

പ്രധാന വ്യാപാര, സാങ്കേതിക, സാമ്പത്തിക സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വേദിയെന്ന നിലയിൽ, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സാങ്കേതിക പങ്കാളിത്തത്തിന്റെ അടിസ്ഥാനശിലയായ 'ഇന്ത്യ-ഇയു ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിലിന്റെ' പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണ നേതാക്കൾ ആവർത്തിച്ചു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സുരക്ഷാ-പ്രതിരോധ പങ്കാളിത്തത്തിൽ ഒപ്പുവെച്ചത് ഇന്ത്യ-ഇയു തന്ത്രപ്രധാന പങ്കാളിത്തത്തിന് മറ്റൊരു അർത്ഥവത്തായ മാനം നൽകിയതായി പ്രധാനമന്ത്രിയും ഫിൻലൻഡ് പ്രസിഡന്റും എടുത്തുപറഞ്ഞു. സമുദ്ര സുരക്ഷ, പ്രതിരോധ വ്യവസായം, സൈബർ ഭീഷണികൾ, ബഹിരാകാശം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം ഇത് ആഴത്തിലാക്കും.

മൊബിലിറ്റി സഹകരണത്തിനായുള്ള സമഗ്ര ചട്ടക്കൂട് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെയും ഇന്ത്യയിൽ പൈലറ്റ് അടിസ്ഥാനത്തിൽ 'യൂറോപ്യൻ യൂണിയൻ ലീഗൽ ഗേറ്റ്‌വേ ഓഫീസ്' ആരംഭിച്ചതിനെയും നേതാക്കൾ പ്രശംസിച്ചു.

ബഹുതല സഹകരണം

ഐക്യരാഷ്ട്രസഭാ സംവിധാനത്തിൽ പരിഷ്കരണം ആവശ്യമാണെന്ന കാര്യം നേതാക്കൾ അംഗീകരിച്ചു. ഈ സാഹചര്യത്തിൽ സമകാലിക ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും കൂടുതൽ കാര്യക്ഷമവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രീതിയിൽ യുഎൻ രക്ഷാ സമിതിയിൽ സമഗ്ര പരിഷ്കരണം കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. പരിഷ്കരിച്ച ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ   ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള ഫിൻലൻഡിന്റെ പിന്തുണ പ്രസിഡന്റ് സ്റ്റബ്ബ് ആവർത്തിച്ചു.

ബഹുരാഷ്ട്രവാദത്തെ സംരക്ഷിക്കുന്നതിനും പരസ്പര സ്ഥാനാർത്ഥിത്വങ്ങളെയും നാമനിർദ്ദേശങ്ങളെയും പിന്തുണയ്ക്കുന്നതും ഉൾപ്പെടെയുള്ള  നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കുന്നതിനും ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും സഹകരിക്കേണ്ടതിന്റെ സുപ്രധാന പങ്ക് നേതാക്കൾ അടിവരയിട്ടു.

സമാധാനം, സുരക്ഷ, മനുഷ്യാവകാശങ്ങൾ, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം എന്നിവയുൾപ്പെടെയുള്ള ബഹുതല വേദികളിൽ ക്രിയാത്മക സഹകരണം തുടരാൻ ഇരുപക്ഷവും സമ്മതിച്ചു.

UNCLOS ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, 'ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ' ചേരാൻ ഇന്ത്യ ഫിൻലാൻഡിനെ സ്വാഗതം ചെയ്തു.

സംയുക്ത ഗവേഷണ സംരംഭങ്ങൾ, അക്കാദമിക് കൈമാറ്റങ്ങൾ, ശേഷി വികസന പരിപാടികൾ എന്നിവയുൾപ്പെടെ ആർട്ടിക് മേഖലയിലെ സഹകരണവും സംഭാഷണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. 2026 ജനുവരിയിൽ ഫിൻലൻഡിലെ റോവാനിമിയിൽ നടന്ന "ഹിമാലയൻ ആർട്ടിക് ഇക്കോസിസ്റ്റംസ്: സുസ്ഥിര ഭാവിക്കായി ഇന്ത്യ-ഫിൻലൻഡ് പങ്കാളിത്തം" എന്ന പ്രമേയത്തിലുള്ള ആദ്യത്തെ ഇന്ത്യ-ഫിൻലൻഡ് ആർട്ടിക് സംഭാഷണത്തെക്കുറിച്ച് അവർ പരാമർശിച്ചു. ആർട്ടിക് കാര്യങ്ങളിൽ സഹകരണം ആഴത്തിലാക്കുന്നതിനുള്ള തന്ത്രങ്ങളെയും വഴികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് അംഗങ്ങൾ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ധർ എന്നിവരെ ഈ സംഗമം ഒരുമിപ്പിച്ചു. ആർട്ടിക് കൗൺസിലിന്റെ ഘടനയ്ക്കുള്ളിലും ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ വിശാലമായ ചട്ടക്കൂടിനുള്ളിലും സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും അടിവരയിട്ടു.

അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും ഇരു നേതാക്കളും അസന്ദിഗ്ദ്ധമായും ശക്തമായും അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി, സമഗ്രവും സുസ്ഥിരവുമായ രീതിയിൽ ഭീകരവാദത്തെ നേരിടാൻ നിർണ്ണായകവും ഏകോപിതവുമായ അന്താരാഷ്ട്ര ശ്രമങ്ങൾക്ക് അവർ ആഹ്വാനം ചെയ്തു. അക്രമാസക്തമായ തീവ്രവാദത്തെയും മൗലികവാദത്തെയും പ്രതിരോധിക്കുന്നതിനും ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിനും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഭീകരവാദ ആവശ്യങ്ങൾക്കായി പുതിയ സാങ്കേതികവിദ്യകൾ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ഭീകരവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റുകളെ നേരിടുന്നതിനും സഹകരണം വർദ്ധിപ്പിക്കാൻ നേതാക്കൾ സമ്മതിച്ചു. ഐക്യരാഷ്ട്രസഭയിലും എഫ്.എ.ടി.എഫിലും (FATF) ഉൾപ്പെടെ ഭീകരവാദ ധനസഹായ ശൃംഖലകൾ തകർക്കുന്നതിനായി സജീവമായ നടപടികൾ തുടരാനുള്ള തങ്ങളുടെ ശക്തമായ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും 2025 നവംബർ 10-ന് ന്യൂഡൽഹിയിലെ ചുവപ്പുകോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തെയും അവർ ശക്തമായ ഭാഷയിൽ അപലപിച്ചു.

യു എൻ ചാർട്ടറിലെ തത്വങ്ങളുടെയും സ്വാതന്ത്ര്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിൽ, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും യുക്രെയ്നിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ തുടർന്നും പിന്തുണയ്ക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.

ഉപസംഹാരം

ഡിജിറ്റലൈസേഷൻ, സുസ്ഥിരത എന്നീ മേഖലകളിലെ ഇന്ത്യ-ഫിൻലൻഡ് തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, മുൻഗണനാ മേഖലകളും അനുബന്ധ പ്രവർത്തനങ്ങളും നിർവ്വചിച്ചുകൊണ്ട് ഭാവി ലക്ഷ്യമിട്ടുള്ള കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കാൻ ഡിജിറ്റലൈസേഷൻ, സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള അതത് കർമ്മ സമിതികളോട് നേതാക്കൾ ആവശ്യപ്പെട്ടു. കൂടാതെ, കൈവരിച്ച പുരോഗതിയെക്കുറിച്ച് ഫിൻലൻഡ് റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയത്തിനും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിനും റിപ്പോർട്ട് നൽകാനും അവർ നിർദ്ദേശിച്ചു.

തന്റെ സന്ദർശന വേളയിൽ ഏർപ്പെടുത്തിയ മികച്ച ക്രമീകരണങ്ങൾക്ക് ഫിൻലൻഡ് പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. തുറന്നതും ക്രിയാത്മകവുമായ സംവാദത്തിലും പുരോഗമനപരമായി വികസിച്ചുകൊണ്ടിരിക്കുന്ന സഹകരണത്തിലും ഇരു നേതാക്കളും തങ്ങളുടെ സംതൃപ്തി രേഖപ്പെടുത്തി. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും പങ്കിട്ട മനോഭാവത്തിൽ ഉറച്ച അടിത്തറയോടെ തങ്ങളുടെ ഇടപെടലുകൾ തുടരാൻ അവർ തീരുമാനിച്ചു. പ്രസിഡന്റ് സ്റ്റബ്ബ് പ്രധാനമന്ത്രി മോദിയെ ഫിൻലൻഡ് സന്ദർശിക്കാൻ ക്ഷണിക്കുകയും പ്രധാനമന്ത്രി മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's pace of economic growth shows that its Viksit Bharat dream is not out of reach

Media Coverage

India's pace of economic growth shows that its Viksit Bharat dream is not out of reach
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM chairs valedictory session of National Departmental Summit on Water
September 02, 2026
This marks the first in a series of Summits envisioned by PM to strengthen spirit of Team India and deepen cooperative federalism
PM stresses adoption of a continuous process of review and follow up to act on actionable and time-bound outcomes
Emphasising Jan Bhagidari, PM calls for promoting Jal Utsav to deepen public awareness on water conservation
PM calls for greater adoption of water-saving technologies and learning from global best practices
PM calls for robust water data governance through effective use of AI
PM suggests structured inter-State Study-visits involving public representatives, officials and farmers on water related issues

Prime Minister Shri Narendra Modi today chaired the valedictory session of the two-day National Departmental Summit on Water, organised by the Ministry of Jal Shakti. The Summit is the first in a series of Departmental Summits envisioned by Prime Minister to strengthen the spirit of Team India, deepen cooperative federalism and foster collective ownership of national priorities through closer collaboration between the Centre and the States. It brought together Ministers and senior officials from States and Union Territories for focused deliberations on various dimensions of India’s water security.

Prime Minister appreciated the intensive two-day deliberations and emphasised that the actionable and time-bound action points emerging from the Summit should be pursued through a continuous process of review and learning. He suggested that the Summit should not remain a one-time exercise and called for a continuous process of review and follow-up.

Prime Minister called for sensitising Urban Local Bodies to the challenges arising from urbanisation, including population growth and future water requirements, and suggested organising similar Chintan Shivirs for Urban Local Bodies. He called for greater adoption of water-saving technologies. He also suggested dedicated exhibitions and workshops, including exposure to global best practices, to enable Indian manufacturers and stakeholders to develop and scale efficient solutions.

Emphasising Jan Bhagidari, Prime Minister suggested promoting “Jal Utsav” to create greater awareness among people. Prime Minister called for making de-silting a regular programme and developing clear criteria and SOPs for de-silting. On dam safety, he stressed rigorous preparedness before every monsoon, adherence to prescribed precautions and creating awareness among school students, including through suitable incorporation in educational curricula.

Prime Minister further called for strengthening knowledge and capacity on water management and governance in universities and higher educational institutions. He suggested structured inter-State study-visits involving public representatives, officials and farmers to facilitate practical learning and replication of successful interventions.

Prime Minister called for robust water data governance, with water-sector data brought together, systematically managed, analysed and effectively utilised. He recommended the use of AI for data collection and analysis through a uniform format. He also stressed anticipatory and integrated planning to address water scarcity through suitable utilisation of treated water for agriculture and industrial purposes.

Drawing upon his experience as Chief Minister of Gujarat, Prime Minister noted that instances of water scarcity could be transformed into opportunities through systematic planning, commitment and deployment of adequate resources and capable officers.

Union Minister for Jal Shakti Shri C. R. Patil highlighted four key outcomes of the summit: accelerated completion of water infrastructure projects; strengthening water conservation as a sustained people’s movement; ensuring long-term sustainability of drinking-water sources; and institutionalising effective operation and maintenance of rural drinking-water schemes.