സ്മരണികാസ്റ്റാമ്പും സ്മാരകനാണയവും പുറത്തിറക്കി
ഇന്ത്യൻ ചെറുധാന്യ (ശ്രീ അന്ന) സ്റ്റാർട്ടപ്പുകളുടെ സംഗ്രഹവും ചെറുധാന്യ (ശ്രീ അന്ന) നിലവാരത്തെക്കുറ‌ിച്ചുള്ള പുസ്തകവും ഡിജിറ്റലായി പുറത്തിറക്കി
ഐസിഎആറിന്റെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ചിനെ മികവിന്റെ ആഗോള കേന്ദ്രമായി പ്രഖ്യാപിച്ചു
“ആഗോള നന്മയോടുള്ള ഇന്ത്യയുടെ ഉത്തരവാദിത്വങ്ങളുടെ പ്രതീകമാണ് ആഗോള ചെറുധാന്യ സമ്മേളനം”
“ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ മാധ്യമമായി ശ്രീ അന്ന മാറുകയാണ്. ഇതു ഗ്രാമങ്ങളും ദരിദ്രരുമായി ബന്ധപ്പെട്ടിരിക്കുന്നു”
“വീടുകളിൽ ഒരാളുടെ പ്രതിമാസ ചെറുധാന്യ ഉപഭോഗം 3 കിലോഗ്രാമിൽ നിന്ന് 14 കിലോഗ്രാമായി വർധിച്ചു”
“ഇന്ത്യയുടെ ചെറുധാന്യ ദൗത്യം ചെറുധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ 2.5 കോടി കർഷകർക്ക് അനുഗ്രഹമായി മാറും”
“ലോകത്തോടുള്ള ഉത്തരവാദിത്വത്തിനും മാനവരാശിയെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിനും ഇന്ത്യ എല്ലായ്പോഴും മുൻഗണന നൽകുന്നു”
“നമുക്കു ഭക്ഷ്യസുരക്ഷയുടെയും ഭക്ഷണശീലങ്ങളുടെയും പ്രശ്നങ്ങളുണ്ട്; ഇതിനു ശ്രീ അന്ന പരിഹാരമായേക്കാം”
“ഇന്ത്യ അതിന്റെ പൈതൃകത്തിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നു, സമൂഹത്തിൽ മാറ്റത്തിനു പ്രേരിപ്പിക്കുന്നു, ആഗോള ക്ഷേമത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവരുന്നു”
“ചെറുധാന്യങ്ങൾ അനന്തസാധ്യതകളാണ് ഒരുക്കുന്നത്”

ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.  പിയുഎസ്എ ന്യൂഡൽഹി ഐഎആർഐ ക്യാമ്പസ് എൻഎഎസ്‌സി കോംപ്ലക്സിലെ സുബ്രഹ്മണ്യം ഹാളിലാണു സമ്മേളനം. രണ്ടുദിവസത്തെ ആഗോള സമ്മേളനത്തിൽ ചെറുധാന്യങ്ങളുമായി (ശ്രീ അന്ന) ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ നടക്കും. ഉൽപ്പാദകരിലും ഉപഭോക്താക്കളിലും മറ്റു പങ്കാളികൾക്കിടയിലും ചെറുധാന്യങ്ങളുടെ പ്രചാരണവും അവബോധവും; ചെറുധാന്യങ്ങളുടെ മൂല്യശൃംഖല വികസനം; ചെറുധാന്യങ്ങളുടെ ആരോഗ്യ-പോഷക വശങ്ങൾ; വിപണി ബന്ധങ്ങൾ; ഗവേഷണവും വികസനവും തുടങ്ങിയവ ചർച്ചയാകും.

പ്രദർശനത്തിനും ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനുമായി സജ്ജീകരിച്ച പ്രത്യേക പവലിയൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും സന്ദർശിക്കുകയും ചെയ്തു. സ്മരണികാസ്റ്റാമ്പും സ്മാരകനാണയവും അദ്ദേഹം പുറത്തിറക്കി. തുടർന്ന്, ഇന്ത്യൻ ചെറുധാന്യ (ശ്രീ അന്ന) സ്റ്റാർട്ടപ്പുകളുടെ സംഗ്രഹവും ചെറുധാന്യ (ശ്രീ അന്ന) നിലവാരത്തെക്കുറ‌ിച്ചുള്ള പുസ്തകവും പ്രധാനമന്ത്രി ഡിജിറ്റലായി പുറത്തിറക്കി.

അന്താരാഷ്ട്രത്തലവന്മാർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. പരിപാടി സംഘടിപ്പിച്ചതിന് എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ-വർക്ക് സെവ്ഡെ ഇന്ത്യാഗവണ്മെന്റിനെ അഭിനന്ദിച്ചു. ഈ കാലത്ത് ജനങ്ങൾക്കു ഭക്ഷണമൊരുക്കാൻ ചെലവുകുറഞ്ഞതും പോഷകസമൃദ്ധവുമായ അവസരമാണു ചെറുധാന്യങ്ങൾ നൽകുന്നതെന്ന് അവർ പറഞ്ഞു. ഉപ-സഹാറ ആഫ്രിക്കയിൽ ചെറുധാന്യങ്ങളുൽപ്പാദിപ്പിക്കുന്ന  പ്രധാന രാജ്യമാണ് എത്യോപ്യ. ചെറുധാന്യ പ്രചാരണത്തിന് ആവശ്യമായ നയപരമായ ശ്രദ്ധ ഉയർത്തിക്കാട്ടുന്നതിനും അവയുടെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി വിളകളുടെ ചേർച്ച പഠിക്കുന്നതിനും പരിപാടിയുടെ പ്രയോജനം അവർ ചൂണ്ടിക്കാട്ടി.

ചെറുധാന്യങ്ങളുടെ ആവശ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ ആഗോള നേതൃത്വം ഏറ്റെടുത്തിട്ടുണ്ടെന്നും അങ്ങനെ ചെയ്യുന്നതിലൂടെ അതിന്റെ വൈദഗ്ധ്യം ലോകത്തിന്റെ മറ്റ് ഭാഗങ്ങളുടെ ഉപയോഗത്തിനായി വിനിയോഗിക്കുകയാണെന്നും ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി പറഞ്ഞു. അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിന്റെ വിജയം സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെയധികം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചെറുധാന്യങ്ങൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന ഘടകമാണെന്നു ഗയാന അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 200 ഏക്കർ ഭൂമി സവിശേഷമായ ചെറുധാന്യ ഉൽപ്പാദനത്തിനായി നീക്കിവച്ച് ഗയാന ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. ഇത‌ിനായി ഇന്ത്യ സാങ്കേതിക മാർഗനിർദേശവും സാങ്കേതികവിദ്യാധിഷ്ഠിത പിന്തുണയും നൽകും.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ആഗോള ചെറുധാന്യ സമ്മേളനം സംഘടിപ്പിച്ചതിൽ ഏവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഇത്തരം പരിപാടികൾ ആഗോള നന്മയുടെ ആവശ്യകത മാത്രമല്ലെന്നും ആഗോള നന്മയോടുള്ള ഇന്ത്യയുടെ ഉത്തരവാദിത്വങ്ങളുടെ പ്രതീകമാണെന്നും പറഞ്ഞു. ഒരു ദൃഢനിശ്ചയത്തെ അഭിലഷണീയമായ ഫലമാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് ഐക്യരാഷ്ട്രസഭ 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചതെന്നു വ്യക്തമാക്കി. ലോകം അന്താരാഷ്ട്ര ചെറുധാന്യ വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ യജ്ഞം ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പാണെന്നതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്, കൃഷികേന്ദ്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, കാർഷിക സർവകലാശാലകൾ, ഇന്ത്യൻ എംബസികൾ, വിദേശ രാജ്യങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ ചെറുധാന്യ കൃഷി, ചെറുധാന്യ സമ്പദ്‌വ്യവസ്ഥ, ആരോഗ്യ ആനുകൂല്യങ്ങൾ, കർഷകരുടെ വരുമാനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 75 ലക്ഷത്തിലധികം കർഷകർ ഇന്ന് ഈ പരിപാടിയുമായി ഫലത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചെറുധാന്യ നിലവാരത്തെക്കുറിച്ചുള്ള പുസ്തക പ്രകാശനം, സ്മരണികാസ്റ്റാമ്പിന്റെയും നാണയത്തിന്റെയും അനാച്ഛാദനം എന്നിവയ്ക്കൊപ്പം ഐസിഎആറിന്റെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മികവിന്റെ ആഗോളകേന്ദ്രമായി പ്രഖ്യാപിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വേദിയിലെ പ്രദർശനം സന്ദർശിക്കാനും ചെറുധാന്യ കൃഷിയുമായി ബന്ധപ്പെട്ട എല്ലാതലങ്ങളും ഒരിടത്തുനിന്നു മനസിലാക്കാനും പ്രധാനമന്ത്രി പ്രതിനിധികളോട് ആവശ്യപ്പെട്ടു. ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കും കൃഷിക്കുമായി സ്റ്റാർട്ടപ്പുകൾക്കു തുടക്കംകുറിക്കാൻ യുവാക്കൾ മുൻകൈയെടുത്തതിനെ അദ്ദേഹം അഭിനന്ദിച്ചു. “ഇത് ചെറുധാന്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സൂചനയാണ്” - അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇപ്പോൾ ചെറുധാന്യങ്ങളെ ശ്രീ അന്ന എന്നു വിളിക്കുന്നതുപോലെ, ചെറുധാന്യങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ബ്രാൻഡിങ് സംരംഭങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിദേശ പ്രതിനിധികളെ അറിയിച്ചു. ശ്രീ അന്ന ഭക്ഷണത്തിലോ കൃഷിയിലോ മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഭാരതീയ പാരമ്പര്യം അറിയുന്നവർക്ക് എന്തിനുംമുന്നിലായി 'ശ്രീ' എന്നു ചേർക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാകും. “ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ മാധ്യമമായി ശ്രീ അന്ന മാറുകയാണ്. ഇതു ഗ്രാമവും ദരിദ്രരുമായി ബന്ധപ്പെട്ടിരിക്കുന്നു” - അദ്ദേഹം പറഞ്ഞു. “ശ്രീ അന്ന - രാജ്യത്തെ ചെറുകിട കർഷകരുടെ സമൃദ്ധിയിലേക്കുള്ള വാതിലാണ്; ശ്രീ അന്ന -  കോടിക്കണക്കിനു ജനങ്ങളുടെ പോഷകാഹാരത്തിന്റെ ആണിക്കല്ലാണ്; ശ്രീ അന്ന - ഗിരിവർഗ സമൂഹത്തിന് ആദരമേകുന്നതാണ്; ശ്രീ അന്ന - കുറച്ചുവെള്ളത്തിൽ കൂടുതൽ വിളകൾ ലഭ്യമാക്കുന്നതാണ്; ശ്രീ അന്ന - രാസരഹിത കൃഷിയുടെ വലിയ അടിത്തറയാണ്; ശ്രീ അന്ന - കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനു വലിയ സഹായമാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ അന്നയെ ആഗോളമുന്നേറ്റമാക്കി മാറ്റാനുള്ള ഗവണ്മെന്റിന്റെ നിരന്തരമായ ശ്രമങ്ങൾക്ക് അടിവരയിട്ടുകൊണ്ട്, 2018-ൽ ചെറുധാന്യങ്ങളെ പോഷക-ധാന്യങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അതിന്റെ ഗുണങ്ങളെക്കുറിച്ചു കർഷകരെ ബോധവാന്മാരാക്കുന്നതുമുതൽ വിപണിയിൽ താൽപ്പര്യം സൃഷ്ടിക്കുന്നതു വരെയുള്ള എല്ലാ തലങ്ങളിലും പ്രവർത്തനങ്ങൾ നടത്തിയതായും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് 12-13 വ്യത്യസ്ത സംസ്ഥാനങ്ങളിൽ ചെറുധാന്യങ്ങൾ പ്രധാനമായി കൃഷി ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വീടുകളിൽ ഒരാളുടെ പ്രതിമാസ ചെറുധാന്യ ഉപഭോഗം 3 കിലോഗ്രാമായിരുന്നത് ഇപ്പോൾ 14 കിലോഗ്രാമായി വർധിച്ചു. ചെറുധാന്യ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഏകദേശം 30% വർധിച്ചതായും അദ്ദേഹം അറിയിച്ചു. ചെറുധാന്യ പാചകക്കുറിപ്പുകൾക്കായി സമർപ്പിച്ചിരിക്കുന്ന സമൂഹമാധ്യമചാനലുകൾക്കു പുറമെ മില്ലറ്റ് കഫേകൾ തുടങ്ങിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. “‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ പദ്ധതിക്കു കീഴിൽ രാജ്യത്തെ 19 ജില്ലകളിൽ ചെറുധാന്യങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്” - ശ്രീ മോദി കൂട്ടിച്ചേർത്തു.

രണ്ടരക്കോടിയോളം ചെറുകിട കർഷകർ ഇന്ത്യയിൽ ചെറുധാന്യ ഉൽപ്പാദനത്തിൽ നേരിട്ടു പങ്കാളികളാണെന്നു പറഞ്ഞ പ്രധാനമന്ത്രി, വളരെ കുറച്ചു ഭൂമി മാത്രമാണെങ്കിലും അവർ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്നതായി ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ ചെറുധാന്യദൗത്യം അഥവാ ശ്രീ അന്നയ്ക്കായുള്ള യജ്ഞം, രാജ്യത്തെ 2.5 കോടി കർഷകർക്ക് അനുഗ്രഹമായി മാറും” - പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണു ചെറുധാന്യ കൃഷി ചെയ്യുന്ന രണ്ടരക്കോടി ചെറുകിട കർഷകരെ ഗവണ്മെന്റ് പരിപാലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്കരിച്ചതും പായ്ക്കു ചെയ്തതുമായ ഭക്ഷ്യവസ്തുക്കളിലൂടെ ചെറുധാന്യങ്ങൾ ഇപ്പോൾ കടകളിലും വിപണികളിലും എത്തുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ശ്രീ അന്ന വിപണിക്ക് ഉണർവു ലഭിക്കുമ്പോൾ ഈ 2.5 കോടി ചെറുകിട കർഷകരുടെ വരുമാനം വർധിക്കുമെന്നും അതുവഴി ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കരുത്താർജിക്കുമെന്നും വ്യക്തമാക്കി. ശ്രീ അന്നയിൽ പ്രവർത്തിക്കുന്ന 500ലധികം സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ടെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളായി ധാരാളം എഫ്‌പിഒകളും മുന്നോട്ടുവരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെറുഗ്രാമങ്ങളിലെ സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾ മാളുകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും എത്തപ്പെടുന്ന, ചെറുധാന്യ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സമ്പൂർണ വിതരണ ശൃംഖല രാജ്യത്തു വികസിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി-20 അധ്യക്ഷപദത്തിലെ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ഇന്ത്യയുടെ മുദ്രാവാക്യം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തെ മുഴുവൻ ഒരു കുടുംബമായി കണക്കാക്കുന്നത് അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിലും പ്രതിഫലിക്കുന്നുവെന്നു വ്യക്തമാക്കി. “ലോകത്തോടുള്ള കർത്തവ്യബോധത്തിനും മാനവരാശിയെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിനും ഇന്ത്യ എല്ലായ്പോഴും മുൻഗണന നൽകുന്നു” - പ്രധാനമന്ത്രി പറഞ്ഞു. യോഗയുടെ ഗുണഫലങ്ങൾ ലോകമെമ്പാടും എത്തുന്നുവെന്ന് അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ ഇന്ത്യ ഉറപ്പാക്കിയതായി യോഗയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെ 100 ലധികം രാജ്യങ്ങളിൽ യോഗ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട് എന്നതിലും ലോകത്തെ 30 ലധികം രാജ്യങ്ങൾ ആയുർവേദത്തിന് അംഗീകാരം നൽകിയിട്ടുണ്ട് എന്നതിലും അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. സുസ്ഥിര ഗ്രഹം കെട്ടിപ്പടുക്കുന്നതിനുള്ള ഫലപ്രദമായ വേദിയായി നൂറിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര സൗരസഖ്യം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ലൈഫ് ദൗത്യത്തിനു നേതൃത്വം നൽകുന്നതാകട്ടെ, കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ നിശ്ചിതസമയത്തിനുമുമ്പു കൈവരിക്കുന്നതാകട്ടെ, ഇവയിലെല്ലാം ഇന്ത്യ അതിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും സമൂഹത്തിൽ മാറ്റം വരുത്തുകയും ആഗോള ക്ഷേമത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവരികയും ചെയ്യുന്നു” - പ്രധാനമന്ത്രി പറഞ്ഞു. സമാനമായ സ്വാധീനം ഇന്ന് ഇന്ത്യയുടെ 'ചെറുധാന്യപ്രസ്ഥാനത്തിലും' കാണാൻ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ജോവർ, ബജ്‌റ, റാഗി, സാമ, കങ്‌നി, ചീന, കോഡോൺ, കുട്ട്‌കി, കുട്ടു തുടങ്ങിയ ശ്രീ അന്നയുടെ ഉദാഹരണങ്ങൾ നിരത്തിയ പ്രധാനമന്ത്രി, ചെറുധാന്യങ്ങൾ നൂറ്റാണ്ടുകളായി ഇന്ത്യയിലെ ജീവിതശൈലിയുടെ ഭാഗമാണെന്നു പറഞ്ഞു. മറ്റു രാജ്യങ്ങളിൽനിന്നു പഠിക്കുന്നതിനൊപ്പം കാർഷിക രീതികളും ശ്രീ അന്നയുമായി ബന്ധപ്പെട്ട അനുഭവങ്ങളും ലോകവുമായി പങ്കിടാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ദിശയിൽ സുസ്ഥിരമായ സംവിധാനം വികസിപ്പിക്കാൻ അദ്ദേഹം ഇവിടെ സന്നിഹിതരായ സുഹൃദ് രാഷ്ട്രങ്ങളിലെ കൃഷി മന്ത്രിമാരോട് പ്രത്യേകം അഭ്യർഥിക്കുകയും ചെയ്തു. വയലിൽനിന്ന് വിപണിയിലേക്കും ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കും ഉത്തരവാദിത്വങ്ങളുടെ പങ്കിടലിലൂടെ പുതിയ വിതരണ ശൃംഖല വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചെറുധാന്യങ്ങളുടെ കാലാവസ്ഥാ അതിജീവനശേഷിയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും എളുപ്പത്തിൽ അവ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഉൽപ്പാദനത്തിന് താരതമ്യേന കുറച്ചുവെള്ളം മതി എന്നതിനാൽ ജലക്ഷാമമുള്ള പ്രദേശങ്ങൾക്ക് ഇഷ്ടപ്പെട്ട വിളയാണിതെന്ന് അദ്ദേഹം പറഞ്ഞു. രാസവസ്തുക്കൾ ഇല്ലാതെ പ്രകൃതിദത്തമായി ചെറുധാന്യങ്ങൾ കൃഷി ചെയ്യാമെന്നും അതുവഴി മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നു ലോകം നേരിടുന്ന ഭക്ഷ്യസുരക്ഷാ വെല്ലുവിളികൾ പരാമർശിച്ച പ്രധാനമന്ത്രി, ഗ്ലോബൽ സൗത്തിലെ ദരിദ്രർക്കുള്ള ഭക്ഷ്യസുരക്ഷയുടെ വെല്ലുവിളിയും ഗ്ലോബൽ നോർത്തിലെ  ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങളും എടുത്തുപറഞ്ഞു. “നമുക്ക് ഒരുവശത്തു ഭക്ഷ്യസുരക്ഷയുടെ പ്രശ്നമുണ്ട്. മറുവശത്ത് ഭക്ഷണശീലങ്ങളുടെ പ്രശ്നമുണ്ട്” - ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കളുടെ അമിതമായ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. വളരാൻ എളുപ്പമായതിനാലും ചെലവു കുറവായതിനാലും മറ്റു വിളകളേക്കാൾ വേഗത്തിൽ കൃഷിചെയ്യാൻ തയ്യാറാകുന്നതിനാലും ശ്രീ അന്ന ഇത്തരം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശ്രീ അന്നയുടെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, അതു പോഷകങ്ങളാൽ സമ്പന്നവും, രുചിയിൽ സവിശേഷവും, നാരുകളുടെ അംശം കൂടുതലുള്ളതും, ശരീരത്തിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണെന്നും, ജീവിതശൈലി സംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കുമെന്നും പറഞ്ഞു.

“ചെറുധാന്യങ്ങൾ അനന്തസാധ്യതകളാണ് ഒരുക്കുന്നത്” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ദേശീയ ഭക്ഷ്യശേഖരത്തിൽ ശ്രീ അന്നയുടെ സംഭാവന 5-6 ശതമാനം മാത്രമാണെന്ന് അറിയിച്ച പ്രധാനമന്ത്രി, കാർഷിക മേഖലയിലെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും ഈ സംഭാവന വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കണമെന്ന് അഭ്യർഥിക്കുകയും ഓരോ വർഷവും കൈവരിക്കാവുന്ന ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ നിർദേശിക്കുകയും ചെയ്തു. ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് ഉത്തേജനം നൽകുന്നതിനായി രാജ്യം ഒരു പിഎൽഐ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുധാന്യ മേഖലയ്ക്ക് അതിന്റെ പരമാവധി പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. കൂടാതെ കൂടുതൽ കമ്പനികൾ ചെറുധാന്യ ഉൽപന്നങ്ങൾ നിർമിക്കാൻ മുന്നോട്ടുവരുന്നു. പല സംസ്ഥാനങ്ങളും അവരുടെ പിഡിഎസ് സംവിധാനത്തിൽ ശ്രീ അന്നയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണത്തിൽ ശ്രീ അന്ന ഉൾപ്പെടുത്തണമെന്നും അതുവഴി കുട്ടികൾക്ക് ശരിയായ പോഷകാഹാരം ലഭിക്കുമെന്നും ഭക്ഷണത്തിന് പുതിയ രുചിയും വൈവിധ്യവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യുമെന്നും നടപ്പാക്കാനുള്ള മാർഗരേഖ തയ്യാറാക്കുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. “കർഷകരുടെയും എല്ലാ പങ്കാളികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ, ഭക്ഷണം ഇന്ത്യയുടെയും ലോകത്തിന്റെയും സമൃദ്ധിക്ക് പുതിയ തിളക്കം നൽകും” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിങ് തോമർ, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, കേന്ദ്ര കൃഷി- കർഷക ക്ഷേമ സഹമന്ത്രിമാരായ ശ്രീ കൈലാഷ് ചൗധരി, ശ്രീമതി ശോഭ കരന്ദ്‌ലാജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പശ്ചാത്തലം
ഇന്ത്യയുടെ നിർദേശത്തെ അടിസ്ഥാനമാക്കിയാണ് ഐക്യരാഷ്ട്ര പൊതുസഭ (യുഎൻജിഎ) 2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി (International Year of Millets - ഐവൈഎം) പ്രഖ്യാപിച്ചത്. കൂടാതെ, ‘ഐവൈഎം 2023’ന്റെ ആഘോഷങ്ങൾ ‘ജനകീയ മുന്നേറ്റ’മാക്കി മാറ്റുന്നതിനും ഇന്ത്യയെ ‘ചെറുധാന്യങ്ങളുടെ ആഗോളകേന്ദ്ര’മാക്കി മാറ്റുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, കേന്ദ്ര ഗവണ്മെന്റിന്റെ മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ, കർഷകർ, സ്റ്റാർട്ടപ്പുകൾ, കയറ്റുമതിക്കാർ, ചില്ലറവ്യവസായങ്ങൾ, മറ്റ് പങ്കാളികൾ എന്നിവർ ഉൽപ്പാദകരെയും ഉപഭോക്താക്കളെയും ചെറുധാന്യങ്ങളുടെ (ശ്രീ അന്ന) നേട്ടങ്ങളെക്കുറിച്ചു ബോധവൽക്കരിക്കുകയും അവയെപ്രോത്സാഹിപ്പിക്കുകയുമാണ്.  ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം സംഘടിപ്പിക്കുന്നതു പ്രാധാന്യമർഹിക്കുന്നു. 

രണ്ടുദിവസത്തെ ആഗോള സമ്മേളനത്തിൽ ചെറുധാന്യങ്ങളുമായി (ശ്രീ അന്ന) ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ നടക്കും. ഉൽപ്പാദകരിലും ഉപഭോക്താക്കളിലും മറ്റു പങ്കാളികൾക്കിടയിലും ചെറുധാന്യങ്ങളുടെ പ്രചാരണവും അവബോധവും; ചെറുധാന്യങ്ങളുടെ മൂല്യശൃംഖല വികസനം; ചെറുധാന്യങ്ങളുടെ ആരോഗ്യ-പോഷക വശങ്ങൾ; വിപണി ബന്ധങ്ങൾ; ഗവേഷണവും വികസനവും തുടങ്ങിയവ ചർച്ചയാകും. വിവിധ രാജ്യങ്ങളിലെ കൃഷിമന്ത്രിമാർ, അന്താരാഷ്ട്ര ശാസ്ത്രജ്ഞർ, പോഷകാഹാര വിദഗ്ധർ, ആരോഗ്യ വിദഗ്ധർ, മുൻനിര സ്റ്റാർട്ടപ്പുകൾ, മറ്റു പങ്കാളികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Around 8 million jobs created under the PMEGP, says MSME ministry

Media Coverage

Around 8 million jobs created under the PMEGP, says MSME ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ജൂലൈ 23
July 23, 2024

Budget 2024-25 sets the tone for an all-inclusive, high growth era under Modi 3.0