1. ചരിത്രസന്ദർശനവും ശാശ്വതപങ്കാളിത്തവും

2025 ജൂൺ 15നും 16നും സൈപ്രസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡുലീദിസ് ഊഷ്മളമായി സ്വാഗതം ചെയ്തു. രണ്ടു പതിറ്റാണ്ടിന‌ിടെ സൈപ്രസിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത് എന്നതിനാൽ, പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ചരിത്രപരമായ നാഴികക്കല്ലാണ്. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ഗാഢവും ശാശ്വതവുമായ സൗഹൃദത്തെ ഇത് ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഈ സന്ദർശനം പൊതുവായ ചരിത്രത്തെ മാത്രമല്ല, തന്ത്രപ്രധാനമായ സംയുക്ത കാഴ്ചപ്പാടിലും പരസ്പരവിശ്വാസത്തിലും​ ബഹുമാനത്തിലും വേരൂന്നിയ ഭാവിയിലേക്കുള്ള പങ്കാളിത്തത്തെയും ആഘോഷിക്കുന്നു.

സൈപ്രസും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ വർധിച്ചുവരുന്ന വ്യാപ്തിയും ആഴവും അടിവരയിടുന്ന ദ്വിരാഷ്ട്ര-പ്രാദേശിക-ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും വിപുലമായ ചർച്ചകൾ നടത്തി. ബന്ധത്തിന്റെ ചലനാത്മകവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന സാമ്പത്തികവും സാങ്കേതികവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധങ്ങളിലെ സമീപകാല പുരോഗതിയെ അവർ സ്വാഗതം ചെയ്തു.

പരസ്പരമൂല്യങ്ങൾ, താൽപ്പര്യങ്ങൾ, ആഗോള കാഴ്ചപ്പാടുകൾ, ദീർഘവീക്ഷണം എന്നിവയുടെ വ്യാപകമായ ഐക്യത്തിന്റെയും  ഏകോപനത്തിന്റെയും പശ്ചാത്തലത്തിൽ, ഈ പങ്കാളിത്തം പ്രധാന മേഖലകളിൽ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ദൃഢനിശ്ചയം ഇരുപക്ഷവും പ്രകടിപ്പിച്ചു. പ്രാദേശിക-ആഗോള സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവയ്ക്കു സംഭാവന ചെയ്യുന്ന വിശ്വസ്തരും ഒഴിച്ചുകൂടാനാകാത്തതുമായ പങ്കാളികളായി, സഹകരണം കൂടുതൽ ആഴത്തിലാക്കാൻ സൈപ്രസും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്.

ഇനിപ്പറയുന്ന സംയുക്തപ്രഖ്യാപനത്തിനു നേതാക്കൾ ധാരണയായി:

​2. പങ്കുവയ്ക്കുന്ന മൂല്യങ്ങളും ആഗോള പ്രതിജ്ഞാബദ്ധതയും

സമാധാനം, ജനാധിപത്യം, നിയമപാലനം, ഫലപ്രദമായ ബഹുരാഷ്ട്രവാദം, സുസ്ഥിര വികസനം എന്നിവയോടുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയ്ക്ക് ഇരുനേതാക്കളും ഊന്നൽ നൽകി. യുഎൻ ചാർട്ടറിലും അന്താരാഷ്ട്ര നിയമത്തിലും അധിഷ്ഠിതമായ നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമത്തിനായുള്ള പിന്തുണ അവർ ആവർത്തിച്ചു. സഞ്ചാരസ്വാതന്ത്ര്യവും പരമാധികാര സമുദ്ര അവകാശങ്ങളും സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമത്തെക്കുറിച്ചുള്ള കൺവെൻഷനിൽ (UNCLOS) നേതാക്കൾ പ്രത്യേക ഊന്നൽ നൽകി.

ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കുമായുള്ള അചഞ്ചലമായ പിന്തുണ നേതാക്കൾ ആവർത്തിച്ചു. മിഡിൽ ഈസ്റ്റിലെ സ്ഥിതിയും യുക്രൈൻ യുദ്ധവും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ അവർ വിശദമായ ചർച്ചകൾ നടത്തി. ആണവ വിതരണക്കാരുടെ സംഘത്തിൽ ഇന്ത്യ അംഗമാകുന്നതിന്റെ മൂല്യം അംഗീകരിച്ച്, ആഗോളതലത്തിൽ ആണവ വ്യാപനം തടയുന്നതിനുള്ള ഘടന ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

ഐക്യരാഷ്ട്രസഭയും കോമൺ‌വെൽത്തും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾക്കുള്ളിൽ ഏകോപനം ശക്തിപ്പെടുത്താനുള്ള ഉദ്ദേശ്യം നേതാക്കൾ പ്രകടിപ്പിച്ചു. ആഗോള സുസ്ഥിരതയുടെയും പുനരുജ്ജീവനശേഷിയുടെയും സ്തംഭമായി സമുദ്രപരിപാലനത്തെ ഉയർത്തിക്കാട്ടുന്ന 2024ലെ അപിയ കോമൺ‌വെൽത്ത് സമുദ്ര പ്രഖ്യാപനം നടപ്പിലാക്കുന്നതിൽ വളരെയടുത്ത് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. ഈ സാഹചര്യത്തിലാണ്, 2024 ഏപ്രിലിൽ സൈപ്രസിൽ കോമൺ‌വെൽത്ത് സമുദ്ര മന്ത്രിമാരുടെ ആദ്യ യോഗം നടന്നത്. കോമൺ‌വെൽത്ത് അംഗരാജ്യങ്ങളിലുടനീളം സുസ്ഥിര സമുദ്ര പരിപാലനം മുന്നോട്ടു കൊണ്ടുപോകുന്നതിനും ശേഷി ശക്തിപ്പെടുത്തുന്നതിനുമായി ബ്ലൂ ചാർട്ടർ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതും ഇത് അടയാളപ്പെടുത്തി.

കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനും സമകാലിക ഭൗമരാഷ്ട്രീയ വെല്ലുവിളികൾ പ്രതിനിധാനം ചെയ്യുന്നതിനുമുള്ള വഴികൾ ഉൾപ്പെടെ, ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ പരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി പരിഷ്കരണത്തെക്കുറിച്ചുള്ള ഗവണ്മെന്റ്തല ചർച്ചകളിൽ മുന്നോട്ടുള്ള നീക്കത്തിന് ഇരുനേതാക്കളും പിന്തുണ പ്രകടിപ്പിച്ചു. കൂടാതെ ടെക്സ്റ്റ് അധിഷ്ഠിത ചർച്ചകളിലേക്ക് നീങ്ങുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ നടത്താനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. സ്ഥിരാംഗമായി ഇന്ത്യയെ ഉൾപ്പെടുത്തുന്നതിലൂടെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രാതിനിധ്യസ്വഭാവം വർധിപ്പിക്കുന്നതിനുള്ള പിന്തുണ സൈപ്രസ് ആവർത്തിച്ചു.

ബഹുരാഷ്ട്ര വേദികളിൽ പരസ്പരം സ്ഥാനാർത്ഥിത്വങ്ങളെ പിന്തുണയ്ക്കുന്നത് ഉൾപ്പെടെ, ഐക്യരാഷ്ട്രസഭയിൽ വളരെയടുത്ത സഹകരണത്തിൽ ഏർപ്പെടാനും പരസ്പരം പിന്തുണയ്ക്കാനും ഇരുപക്ഷവും ധാരണയായി.

​3. രാഷ്ട്രീയ സംവാദം

വിവിധ മേഖലകളിലെ ഏകോപനം സുഗമമാക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനും സൈപ്രസ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള നിലവിലെ ഉഭയകക്ഷി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും പതിവായി രാഷ്ട്രീയ സംഭാഷണങ്ങൾ നടത്താനും ഇരുപക്ഷവും ധാരണയായി. മേൽപ്പറഞ്ഞ മന്ത്രാലയങ്ങൾ ഇരുരാജ്യങ്ങളിലെയും അതതു മേഖലകളിലെ അധികൃതരുമായി വളരെയടുത്ത ഏകോപനത്തോടെ തയ്യാറാക്കേണ്ട കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സഹകരണ മേഖലകളുടെ നടപ്പാക്കൽ അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും.

​4. പരമാധികാരത്തിനും സമാധാനത്തിനും പിന്തുണ

യുഎൻ ചട്ടക്കൂടിനും പ്രസക്തമായ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി പ്രമേയങ്ങൾക്കും അനുസൃതമായി, രാഷ്ട്രീയ സമത്വമുള്ള ദ്വിമേഖല-ദ്വിവർഗ ഫെഡറേഷന്റെ അടിസ്ഥാനത്തിൽ സൈപ്രസ് പ്രതിസന്ധിക്ക് സമഗ്രവും ശാശ്വതവുമായ പരിഹാരം കൈവരിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെയുള്ള ശ്രമങ്ങൾ പുനരാരംഭിക്കുന്നതിനു സൈപ്രസും ഇന്ത്യയും കരുത്തുറ്റ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.

സൈപ്രസ് റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യം, പരമാധികാരം, പ്രാദേശിക സമഗ്രത, ഐക്യം എന്നിവയ്ക്കുള്ള അചഞ്ചലവും സ്ഥിരവുമായ പിന്തുണ ഇന്ത്യ ആവർത്തിച്ചു. ഇക്കാര്യത്തിൽ, അർഥവത്തായ ചർച്ചകൾ പുനരാരംഭിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഏകപക്ഷീയ നടപടികൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഇരുപക്ഷവും ഊന്നൽ നൽകി.

​5. സുരക്ഷ, പ്രതിരോധം, അടിയന്തര പ്രതികരണ സഹകരണം

സൈപ്രസും ഇന്ത്യയും അന്താരാഷ്ട്രതലത്തിലും അതിർത്തി കടന്നുള്ളതുമായ ഭീകരത ഉൾപ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും അക്രമാസക്തമായ തീവ്രവാദത്തെയും അസന്ദിഗ്ധമായി അപലപിച്ചു. സമാധാനത്തിനും സ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്ന വിവിധ ഭീഷണികളെ ചെറുക്കുന്നതിനുള്ള പൊതുവായ പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചുറപ്പിച്ചു.

അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച സൈപ്രസ്, അചഞ്ചലമായ പിന്തുണയും പ്രകടിപ്പിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ക്രൂരമായ ഭീകരാക്രമണങ്ങളിൽ സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ ഇരുനേതാക്കളും ശക്തമായി അപലപിച്ചു. ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം നേതാക്കൾ ആവർത്തിച്ചു. ഏതു സാഹചര്യത്തിലും അത്തരം പ്രവൃത്തികൾക്ക് ന്യായീകരണമില്ലെന്നു നേതാക്കൾ വ്യക്തമാക്കി. ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർ കണക്കുപറയേണ്ടിവരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാൻ നേതാക്കൾ എല്ലാ രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അതിർത്തി കടന്നുള്ള ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും അപലപിക്കുകയും ചെയ്തു. ഭീകരതയ്ക്കുള്ള ധനസഹായ ശൃംഖലകളെ തകർക്കുക, ഭീകരരുട സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കുക, ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കുക, ഭീകരരായ കുറ്റവാളികളെ അതിവേഗം നീതിപീഠത്തിനു മുന്നിൽ കൊണ്ടുവരിക എന്നിവയ്ക്ക് അവർ ആഹ്വാനം ചെയ്തു.  അതിർത്തികടന്നുള്ള ഭീകരതയെ ചെറുക്കുന്നതിനു സമഗ്രവും ഏകോപിതവും സുസ്ഥിരവുമായ സമീപനത്തിന്റെ ആവശ്യകതയ്ക്ക്  ഊന്നൽ നൽകിയ നേതാക്കൾ, ഇതിനായി ദ്വികക്ഷി-ബഹുരാഷ്ട്ര സംവിധാനങ്ങളിലൂടെ ചേർന്നു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

ഭീകരതയെ ചെറുക്കുന്നതിനുള്ള ബഹുമുഖ ശ്രമങ്ങൾ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. യുഎൻ ചട്ടക്കൂടിനുള്ളിൽ സമഗ്രമായ അന്താരാഷ്ട്ര ഭീകരതാ കൺവെൻഷൻ വേഗത്തിൽ പൂർത്തിയാക്കാനും അംഗീകരിക്കാനും അവർ ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ഭീകരരായി പ്രഖ്യാപിച്ച വ്യക്തികൾക്കും സംഘടനകൾക്കും, അവരുമായി ബന്ധപ്പെട്ട പ്രോക്സി ഗ്രൂപ്പുകൾക്കും, സഹായികൾക്കും, സ്പോൺസർമാർക്കുമെതിരെ, പ്രത്യേകിച്ച് 1267 യുഎൻഎസ്സി ഉപരോധ സമിതിയുടെ കീഴിലുള്ള ഭീകരർക്കെതിരെ, യോജിച്ച നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) എന്നിവയിലൂടെ ഭീകരവാദ ഫണ്ടിംഗ് തടയുന്നതിനുള്ള സജീവമായ നടപടികൾ തുടരുന്നതിനുള്ള തങ്ങളുടെ ശക്തമായ പ്രതിബദ്ധതയും അവർ ആവർത്തിച്ചു വ്യക്തമാക്കി. 

അന്താരാഷ്ട്ര സുരക്ഷാ സാഹചര്യത്തിലെ പുതിയ വെല്ലുവിളികൾ അംഗീകരിച്ചുകൊണ്ട്, തന്ത്രപരമായ സ്വയംഭരണം, പ്രതിരോധ സജ്ജീകരണം, പ്രതിരോധ ശേഷികൾ എന്നിവ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ഊന്നിപ്പറഞ്ഞു.

സൈബർ സുരക്ഷയിലും പുതിയ സാങ്കേതിക വിദ്യകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, തങ്ങളുടെ പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം ഉൾപ്പെടെ, പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ അവർ സമ്മതമറിയിച്ചു.
 
ആഴത്തിൽ വേരൂന്നിയ നാവിക പാരമ്പര്യങ്ങളുള്ള സമുദ്ര രാഷ്ട്രങ്ങളായി ഇന്ത്യയെയും സൈപ്രസിനെയും അംഗീകരിച്ചുകൊണ്ട്, സമുദ്ര മേഖലയിലും സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. 

ഇന്ത്യൻ നാവിക കപ്പലുകളുടെ പതിവായ തുറമുഖ സന്ദർശനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും, സമുദ്ര മേഖലയെക്കുറിച്ചുള്ള അവബോധവും പ്രാദേശിക സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് സംയുക്ത സമുദ്ര പരിശീലനങ്ങൾക്കും അഭ്യാസങ്ങൾക്കുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യും.

ഇതിന്റെ അടിസ്ഥാനത്തിലും നിലവിലുള്ള ആഗോള പ്രതിസന്ധികളുടെ വെളിച്ചത്തിലും, അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും ഏകോപിത പ്രതിസന്ധി പ്രതികരണത്തിനും വേണ്ടിയുള്ള സഹകരണം ശക്തിപ്പെടുത്താൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരായി.

മുൻകാലങ്ങളിലെ വിജയകരമായ ശ്രമങ്ങളെ അടിസ്ഥാനമാക്കി, ഒഴിപ്പിക്കൽ, തിരച്ചിൽ , രക്ഷാപ്രവർത്തനങ്ങൾ (SAR) എന്നിവയിലെ ഏകോപനം സ്ഥാപനവൽക്കരിക്കാൻ നേതാക്കൾ പരസ്പരം സമ്മതിച്ചു.

6. കണക്റ്റിവിറ്റിയും പ്രാദേശിക സഹകരണവും

മേഖലകൾക്കിടയിൽ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങളായി വർത്തിക്കുന്നതിനുള്ള തന്ത്രപരമായ കാഴ്ചപ്പാട് സൈപ്രസും ഇന്ത്യയും പങ്കിടുന്നു. സമാധാനം, സാമ്പത്തിക സംയോജനം, സുസ്ഥിര വികസനം എന്നിവ വളർത്തിയെടുക്കുന്ന പരിവർത്തനാത്മകവും ബഹുമുഖവുമായ ഒരു ഉദ്യമമെന്ന നിലയിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (IMEC) പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു. IMEC-നെ ക്രിയാത്മകമായ പ്രാദേശിക സഹകരണത്തിനുള്ള ഉത്തേജകമായി കണ്ട്, കിഴക്കൻ മെഡിറ്ററേനിയനിലും വിശാലമായ മിഡിൽ ഈസ്റ്റിലും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധത അവർ ആവർത്തിച്ചു. ഇന്ത്യൻ ഉപദ്വീപിൽ നിന്ന് വിശാലമായ മിഡിൽ ഈസ്റ്റ് വഴി യൂറോപ്പിലേയ്ക്ക് ആഴത്തിലുള്ള ഇടപഴകലിന്റെയും പരസ്പര ബന്ധങ്ങളുടെയും ഇടനാഴികൾ വളർത്തേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.

യൂറോപ്പിലേക്കുള്ള ഒരു കവാടമെന്ന നിലയിൽ സൈപ്രസിന്റെ പങ്കും, ഈ സാഹചര്യത്തിൽ, ചരക്ക് നീക്കം, സംഭരണം, വിതരണം, ലോജിസ്റ്റിക്സ് എന്നിവയ്ക്കുള്ള  പ്രാദേശിക കേന്ദ്രമായി വർത്തിക്കാനുള്ള അതിന്റെ സാധ്യതയും അംഗീകരിച്ചുകൊണ്ട്, ഇന്ത്യൻ ഷിപ്പിംഗ് കമ്പനികൾ സൈപ്രസിൽ സാന്നിധ്യമുറപ്പിക്കുന്നതിനുള്ള സാധ്യതയെ അവർ സ്വാഗതം ചെയ്തു. സാമ്പത്തിക, ലോജിസ്റ്റിക് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗമെന്ന നിലയിൽ സൈപ്രസ് ആസ്ഥാനമായുള്ളതും ഇന്ത്യൻ സമുദ്ര സേവന ദാതാക്കൾ ഉൾപ്പെടുന്നതുമായ  സംയുക്ത സംരംഭങ്ങളിലൂടെ സമുദ്ര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനെ അവർ പ്രോത്സാഹിപ്പിച്ചു.

7. യൂറോപ്യൻ യൂണിയൻ-ഇന്ത്യ തന്ത്രപരമായ സഹകരണം 

2026 -ൽ യൂറോപ്യൻ യൂണിയൻ കൗൺസിലിലെ സൈപ്രസിന്റെ അധ്യക്ഷ സ്ഥാനം പ്രതീക്ഷിക്കുന്ന ഇരു നേതാക്കളും, യൂറോപ്യൻ യൂണിയൻ–ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു. കോളേജ് ഓഫ് കമ്മീഷണേഴ്‌സിന്റെ ഇന്ത്യയിലേക്കുള്ള സുപ്രധാന സന്ദർശനത്തെ അവർ അനുസ്മരിക്കുകയും, പ്രഥമ ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ ചർച്ചകൾ ആരംഭിച്ചതിലും വ്യാപാരം, പ്രതിരോധം, സുരക്ഷ, സമുദ്രം, കണക്റ്റിവിറ്റി, ശുദ്ധവും ഹരിതവുമായ ഊർജ്ജം, ബഹിരാകാശം എന്നിവയുൾപ്പെടെ സന്ദർശന വേളയിൽ തിരിച്ചറിഞ്ഞ മുൻഗണനാ മേഖലകളിൽ ഇതിനകം കൈവരിച്ച പുരോഗതിയിലും അവർ സംതൃപ്തി പ്രകടിപ്പിച്ചു.

അധ്യക്ഷപദവിയുടെ കാലത്ത് യൂറോപ്യൻ യൂണിയൻ-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ സൈപ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു. യൂറോപ്യൻ യൂണിയൻ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുന്നതിനെ പിന്തുണയ്ക്കാൻ ഇരുപക്ഷവും സന്നദ്ധത പ്രകടിപ്പിക്കുകയും അതിന്റെ ഗണ്യമായ സാമ്പത്തികവും, തന്ത്രപരവുമായ സാധ്യതകൾ അവർ അംഗീകരിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയൻ-ഇന്ത്യ വ്യാപാര സാങ്കേതിക കൗൺസിൽ വഴിയുള്ള നിലവിലുള്ള പ്രവർത്തനങ്ങൾക്ക് അവർ പിന്തുണ പ്രകടിപ്പിക്കുകയും ഈ പ്രധാന ആഗോള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ 2025 ലെ തന്ത്രപരമായ രൂപരേഖയ്ക്കപ്പുറം ദീർഘവീക്ഷണമുള്ള ഒരു അജണ്ട നിലനിർത്താൻ പ്രതിജ്ഞാബദ്ധരാകുകയും ചെയ്തു.

8. വ്യാപാരം, നവീനാശയങ്ങൾ, സാങ്കേതികവിദ്യ, സാമ്പത്തിക അവസരങ്ങൾ

സൈപ്രസും ഇന്ത്യയും തമ്മിൽ വളർന്നുവരുന്ന തന്ത്രപരമായ പരസ്പര പൂരകത്വം തിരിച്ചറിഞ്ഞുകൊണ്ട്, വ്യാപാരം, നിക്ഷേപം, ശാസ്ത്രം, നവീനാശയങ്ങൾ, ഗവേഷണം എന്നിവയിലെ സഹകരണം വർദ്ധിപ്പിച്ച് സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കാനുള്ള പ്രതിബദ്ധത നേതാക്കൾ പ്രകടമാക്കി.

പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനായി, ബിസിനസ് പ്രതിനിധികളുൾപ്പെടെയുള്ള സൈപ്രസ് ഉന്നതതല സംഘം ഇന്ത്യ സന്ദർശിക്കുന്നതിനെയും നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സൈപ്രസ്-ഇന്ത്യ ബിസിനസ് ഫോറം സംഘടിപ്പിക്കുന്നതിനെയും    ഇരുനേതാക്കളും സ്വാഗതം ചെയ്തു. തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള സൈപ്രസ്-ഇന്ത്യ ബിസിനസ് വട്ടമേശ സമ്മേളനത്തെയും ഇരു നേതാക്കളും അഭിസംബോധന ചെയ്തു.

ഗവേഷണം, നവീനാശയങ്ങൾ സാങ്കേതികവിദ്യ എന്നിവയിൽ സഹകരണം പ്രോത്സാഹിപ്പിക്കാനും, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായം എന്നിവയ്ക്കിടയിൽ ശക്തമായ ബന്ധം വളർത്തിയെടുക്കാനും, നിർമ്മിതബുദ്ധി, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണം തുടങ്ങിയ പ്രധാന മേഖലകളിൽ നവീനാശയങ്ങൾ പരസ്പരം കൈമാറുന്നതിനെ പിന്തുണയ്ക്കാനും ഇരു നേതാക്കളും സമ്മതിച്ചു.

9. ചലനാത്മകത, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം

ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനുള്ള തന്ത്രപരമായ മുതൽക്കൂട്ടാണെന്ന് ഇരു നേതാക്കളും അംഗീകരിച്ചു. 2025 അവസാനത്തോടെ ഒരു മൊബിലിറ്റി പൈലറ്റ് പ്രോഗ്രാം തയ്യാറാക്കുന്നത് പൂർത്തീകരിക്കാൻ ഇരുപക്ഷവും പ്രവർത്തിക്കും.

സാംസ്കാരിക ബന്ധത്തിലൂടെയും ജനങ്ങൾ തമ്മിലുള്ള  ബന്ധങ്ങളിലൂടെയും പരസ്പര ധാരണ വളർത്തിയെടുക്കുന്നതിന്റെ മൂല്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും സൈപ്രസിനും ഇന്ത്യക്കുമിടയിൽ നേരിട്ടുള്ള വ്യോമഗതാഗതം സ്ഥാപിക്കുന്നതിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും, യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഉഭയകക്ഷി വിനിമയങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള അവസരങ്ങങ്ങളും പങ്കാളിത്ത രാജ്യങ്ങളിലൂടെയുള്ള മെച്ചപ്പെട്ട വ്യോമഗതാഗത മാർഗങ്ങങ്ങൾ എന്നിവ കണ്ടെത്താനും നേതാക്കൾ ധാരണയിലെത്തി.

10. ഭാവി: 2025-2029 കർമ്മ പദ്ധതി

സൈപ്രസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ ഈ സംയുക്ത പ്രഖ്യാപനം ആവർത്തിച്ചുറപ്പിക്കുന്നു. നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും, ഈ പങ്കാളിത്തം ഇരു മേഖലകളിലും അതിനപ്പുറവും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് തുടർന്നും അഭിവൃദ്ധിപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു

അടുത്ത അഞ്ച് വർഷത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി സൈപ്രസ് റിപ്പബ്ലിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും മേൽനോട്ടത്തിൽ ഒരു കർമ്മ പദ്ധതി തയ്യാറാക്കാൻ നേതാക്കൾ സമ്മതമറിയിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives due to a mishap in Nashik, Maharashtra
December 07, 2025

The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to a mishap in Nashik, Maharashtra.

Shri Modi also prayed for the speedy recovery of those injured in the mishap.

The Prime Minister’s Office posted on X;

“Deeply saddened by the loss of lives due to a mishap in Nashik, Maharashtra. My thoughts are with those who have lost their loved ones. I pray that the injured recover soon: PM @narendramodi”