നയരൂപീകരണത്തിന്റെ കാര്യത്തില്‍ ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ക്ക് പുതിയ വെല്ലുവിളികളു മായാണ് കൊവിഡ് -19 മഹാമാരി വന്നെത്തിയത് . ഇന്ത്യയ്കും ഇത് അപവാദമല്ല. സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുജനക്ഷേമത്തിനായി ആവശ്യമായ വിഭവങ്ങള്‍ സ്വരൂപിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് തെളിഞ്ഞിരിക്കുന്നു.

ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഈ പശ്ചാത്തലത്തിൽ 2020-21ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാന്‍ കഴിഞ്ഞുവെന്ന് നിങ്ങള്‍ക്കറിയാമോ? 2020-21 ല്‍ സംസ്ഥാനങ്ങള്‍ക്ക് 1.06 ലക്ഷം കോടി രൂപ അധികമായി സമാഹരിക്കാന്‍ കഴിഞ്ഞത് നിങ്ങളെ ആശ്ചര്യപ്പെടുത്തും. കേന്ദ്രത്തിന്റെയും , സംസ്ഥാനങ്ങളുടെയും പങ്കാളിത്ത സമീപനമാണ് വിഭവങ്ങളുടെ ലഭ്യതയില്‍ ഈ ഗണ്യമായ വര്‍ദ്ധന സാധ്യമാക്കിയത്.

കോവിഡ് മഹാമാരിയോടുള്ള നമ്മുടെ സാമ്പത്തിക പ്രതികരണം നാം രൂപപ്പെടുത്തിയപ്പോള്‍, നമ്മുടെ പരിഹാരങ്ങള്‍ ഒരേ അളവിലും എല്ലാവര്‍ക്കും യോജിക്കാവുന്ന വിധത്തിലുമാവുക എന്ന മാതൃക പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഭൂഖണ്ഡാന്തര തലങ്ങളുള്ള ഒരു ഫെഡറല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം, സംസ്ഥാന ഗവണ്‍മെന്റുകളുടെ പരിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ തലത്തില്‍ നയ സാമഗ്രികൾ കണ്ടെത്തുന്നത് തീര്‍ച്ചയായും വെല്ലുവിളിയാണ്. പക്ഷേ, നമ്മുടെ ഫെഡറല്‍ രാഷ്ട്രീയത്തിന്റെ കരുത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിലാണ് ഞങ്ങള്‍ മുന്നോട്ട് നീങ്ങിയത്.

2020 മേയില്‍, ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി, 2020-21 വര്‍ഷത്തേക്ക് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വർധിച്ച വായ്പയെടുപ്പ് അനുവദിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ജി എസ്സ് ഡി പി യുടെ 2 % അധികമായി അനുവദിച്ചു, അതില്‍ ഒരു ശതമാനത്തിനു ചില സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് നിബന്ധനയുണ്ട്. അധിക ഫണ്ട് ലഭിക്കുന്നതിന് പുരോഗമന നയങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു സീപനമാണിത്. ഈ പ്രവര്‍ത്തനത്തിന്റെ ഫലങ്ങള്‍ പ്രോത്സാഹജനകമായിരുന്നുവെന്ന് മാത്രമല്ല, മികച്ച സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കുന്നത് പരിമിതമായിട്ടാണെന്ന ധാരണയ്ക്ക് വിരുദ്ധവുമായി മാറി.


അധിക വായ്പകളുമായി ബന്ധപ്പെട്ട നാല് പരിഷ്‌കാരങ്ങള്‍ക്ക് (ജിഡിപിയുടെ 0.25% ഓരോന്നുമായും ബന്ധിപ്പിച്ചിരിക്കുന്നു) രണ്ട് സ്വഭാവങ്ങളുണ്ട്. ഒന്നാമതായി, ഓരോ പരിഷ്‌കാരങ്ങളും പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ച് ദരിദ്രര്‍, ദുര്‍ബലര്‍, മധ്യവര്‍ഗക്കാര്‍ എന്നിവരുടെ ജീവിതം സുഗമമാക്കൽ
മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമതായി, അവ ധനപരമായ സുസ്ഥിരതയും പ്രോത്സാഹിപ്പിച്ചു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് രാജ്യത്ത് എവിടെ നിന്നും റേഷന്‍ സാധനങ്ങൾ എടുക്കാന്‍ കഴിയും എന്നതാണ് ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡിന്റെ പ്രധാന നേട്ടം. പൗരന്മാര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ കൂടാതെ, വ്യാജ കാര്‍ഡുകളും ഡ്യൂപ്ലിക്കേറ്റ് അംഗങ്ങളെയും ഇല്ലാതാക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ട്. 17 സംസ്ഥാനങ്ങള്‍ ഈ പരിഷ്‌കരണം പൂര്‍ത്തിയാക്കി, കൂടാതെ 37,600 കോടി. രൂപയുടെ അധിക വായ്പയും അനുവദിച്ചു.


വ്യവസായ നടത്തിപ്പ് സുഗമമാക്കൽ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട്, ലൈസന്‍സുകള്‍ പുതുക്കുന്നത് സ്വപ്രേരിതവും ഓണ്‍ലൈനും വിവേചനരഹിതവുമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കമ്പ്യൂട്ടര്‍വല്‍കൃത പരിശോധനാ സംവിധാനം നടപ്പിലാക്കുക, ഉപദ്രവവും അഴിമതിയും കുറയ്ക്കുന്നതിന് പരിശോധനയുടെ മുന്‍കൂട്ടി അറിയിപ്പ് എന്നിവയായിരുന്നു മറ്റൊരു ആവശ്യം. ഈ പരിഷ്‌കരണം (19 നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നു) 'ഇന്‍സ്‌പെക്ടര്‍ രാജി'ന്റെ ഭാരം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായമാണ്. മെച്ചപ്പെട്ട നിക്ഷേപ കാലാവസ്ഥ, കൂടുതല്‍ നിക്ഷേപം, വേഗത്തിലുള്ള വളര്‍ച്ച എന്നിവയും ഇത് പ്രോത്സാഹിപ്പിക്കുന്നു. 20 സംസ്ഥാനങ്ങള്‍ ഈ പരിഷ്‌കരണം പൂര്‍ത്തിയാക്കി.

15-ാം ധനകാര്യ കമ്മീഷനും നിരവധി അക്കാദമിക് വിദഗ്ധരും സ്വത്ത്‌ നികുതിയുടെ നിര്‍ണായക പ്രാധാന്യംഊന്നിപ്പറഞ്ഞു. മൂന്നാമത്തെ പരിഷ്‌കരണത്തിന് സംസ്ഥാനങ്ങളില്‍ ഭൂനികുതി, ജല, മലിനജല നിരക്കുകള്‍ എന്നിവ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. നഗര പ്രദേശങ്ങളില്‍ ഭൂമി ഇടപാടുകള്‍ക്കും നിലവിലെ ചെലവുകള്‍ക്കുമുള്ള സ്റ്റാമ്പ് ഡ്യൂട്ടി മാര്‍ഗ്ഗനിര്‍ദ്ദേശ മൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കും ഈ പരിഷ്‌കരണം. ഇത് നഗരത്തിലെ ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും മെച്ചപ്പെട്ട സേവന നിലവാരത്തെ പ്രാപ്തമാക്കുകയും മികച്ച അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുകയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. സ്വത്ത്‌ നികുതിയും അതിന്റെ നടപ്പാക്കലിൽ പുരോഗമനപരമാണ്, അതിനാല്‍ നഗരങ്ങളിലെ ദരിദ്രര്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കും. വേതനം നല്‍കുന്നതില്‍ കാലതാമസം നേരിടുന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്കും ഈ പരിഷ്‌കരണം ഗുണം ചെയ്യുന്നു. 11 സംസ്ഥാനങ്ങള്‍ ഈ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കി.

കൃഷിക്കാര്‍ക്ക് സൗജന്യ വൈദ്യുതി വിതരണത്തിന് പകരമായി നേരിട്ട് ആനുകൂല്യ കൈമാറ്റം (ഡിബിടി) ഏര്‍പ്പെടുത്തുന്നതാണ് നാലാമത്തെ പരിഷ്‌കരണം. വര്‍ഷാവസാനത്തോടെ ഒരു ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ നടപ്പാക്കലിനൊപ്പം സംസ്ഥാന വ്യാപകമായി പദ്ധതി ആവിഷ്‌കരിക്കണമെന്നായിരുന്നു നിബന്ധന. ജിഎസ്ഡിപിയുടെ 0.15% അധിക വായ്പയെടുക്കല്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതികവും വാണിജ്യപരവുമായ നഷ്ടം കുറയ്ക്കുന്നതിന് ഒരു ഘടകവും വരുമാനവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് മറ്റൊന്നും നല്‍കിയിട്ടുണ്ട്. (ഓരോന്നിനും ജിഎസ്ഡിപിയുടെ 0.05%). ഇത് വിതരണ കമ്പനികളുടെ ധനസ്ഥിതി മെച്ചപ്പെടുത്തുകയും ജലത്തിന്റെയും ഊര്‍ജ്ജത്തിന്റെയും സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും മികച്ച സാമ്പത്തിക, സാങ്കേതിക പ്രകടനത്തിലൂടെ സേവന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 13 സംസ്ഥാനങ്ങള്‍ കുറഞ്ഞത് ഒരു ഘടകമെങ്കിലും നടപ്പാക്കി, 6 സംസ്ഥാനങ്ങള്‍ ഡിബിടി ഘടകം നടപ്പാക്കി. തല്‍ഫലമായി, 13,201 കോടി അധിക വായ്പ അനുവദിച്ചു.


മൊത്തത്തില്‍, 23 സംസ്ഥാനങ്ങൾ മൊത്തമുള്ള 2.14 ലക്ഷം കോടി രൂപയിൽ 1 .06 ലക്ഷം കോടി രൂപ അധിക വായ്പയെടുത്തിട്ടുണ്ട്. . തല്‍ഫലമായി, 2020-21 (നിബന്ധനയില്ലാത്തതും നിരുപാധികവുമായ) വായ്പയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച മൊത്തം വായ്പ അനുമതി തുടക്കത്തില്‍ കണക്കാക്കിയ ജിഎസ്ഡിപിയുടെ 4.5% ആയിരുന്നു.

നമ്മുടേത് പോലെ സങ്കീര്‍ണ്ണമായ വെല്ലുവിളികളുള്ള ഒരു വലിയ രാജ്യത്തിന്, ഇത് ഒരു അസാധാരണമായ അനുഭവമായിരുന്നു. വിവിധ കാരണങ്ങളാല്‍, പദ്ധതികളും പരിഷ്‌കാരങ്ങളും വര്‍ഷങ്ങളോളം പ്രവര്‍ത്തനരഹിതമായി തുടരുന്നതായി നാം പലപ്പോഴും കണ്ടിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊതു സൗഹൃദപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തുചേര്‍ന്നത് ഭൂതകാലത്തില്‍ നിന്നുള്ള മനോഹരമായ ഒരു വ്യതിയാനമായിരുന്നു. .
ഈ പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ അധിക ഫണ്ടുകളുടെ പ്രോത്സാഹനമില്ലെങ്കില്‍, ഈ നയങ്ങള്‍ നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് അഭിപ്രായപ്പെടുന്നു. 'ബോധ്യവും പ്രോത്സാഹനവും അനുസരിച്ചുള്ള പരിഷ്‌കാരങ്ങളുടെ' പുതിയ മാതൃകയാണിത്. തങ്ങളുടെ പൗരന്മാരുടെ നന്മയ്ക്കായി ദുഷ്‌കരമായ സമയങ്ങള്‍ക്കിടയില്‍ ഈ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍കൈയെടുത്ത എല്ലാ സംസ്ഥാനങ്ങളോടും എനിക്കു നന്ദിയുണ്ട്. 130 കോടി ഇന്ത്യക്കാരുടെ ദ്രുതഗതിയിലുള്ള പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Centre releases Rs 1.09 lakh crore tax devolution; Uttar Pradesh gets biggest share to accelerate development spending

Media Coverage

Centre releases Rs 1.09 lakh crore tax devolution; Uttar Pradesh gets biggest share to accelerate development spending
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി സമർപ്പിച്ച ഒരു ജീവിതം
July 06, 2026

ദേശീയതയുടെയും നിസ്വാർഥ സേവനത്തിന്റെയും ആദർശങ്ങൾ നെഞ്ചേറ്റുന്ന ദശലക്ഷക്കണക്കിനു വ്യക്തികൾക്ക് ഇന്ന്, ജൂലൈ 6, സവിശേഷ ദിനമാണ്. ധീരതയുടെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും എക്കാലത്തെയും മികച്ച മാതൃകയായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം നാം ആചരിക്കുകയാണ്. ബൗദ്ധികത, പൊതുസേവനം, ധാർമിക ബോധം എന്നിവയുടെ സന്തുലിതമായ സങ്കലനം ഡോ. ശ്യാമപ്രസാദ് മുഖർജിയെപ്പോലെ ഇത്രയധികം ആഴത്തിൽ പ്രതിഫലിപ്പിച്ച നേതാക്കൾ ആധുനിക ഇന്ത്യയിൽ വളരെ ചുരുക്കമാണ്.

വളരെ എളുപ്പത്തിൽ സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഉറപ്പാക്കാമായിരുന്ന സാഹചര്യങ്ങളിലാണ് ശ്യാമപ്രസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സർ അശുതോഷ് മുഖർജി ആ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖരായ വിദ്യാഭ്യാസവിദഗ്ദ്ധരിലും ബുദ്ധിജീവികളിലുമൊരാളായിരുന്നു. വിധി അദ്ദേഹത്തിന് മുന്നിൽ സമ്പദ്സമൃദ്ധിയുടെ പാത തുറന്നിട്ടെങ്കിലും, അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ നയിച്ചത് ത്യാഗത്തിന്റെയും ദേശീയ സേവനത്തിന്റെയും വഴിയിലേക്കാണ്. കൊളോണിയലിസം, വർഗീയത, മാനുഷിക വെല്ലുവിളികൾ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളേതുമാകട്ടെ, തന്റെ കാലഘട്ടത്തിലെ അ‌ത്തരം വെല്ലുവിളികൾക്കു മുന്നിൽ നിശബ്ദ സാക്ഷിയായി തുടരാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഈ യാത്രയിലുടനീളം, തൻ്റെ പിഞ്ചുകുഞ്ഞിന്റെയും ഭാര്യയുടെയും വിയോഗം ഉൾപ്പെടെയുള്ള ആഴത്തിലുള്ള വ്യക്തിപരമായ ദുരന്തങ്ങൾ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. എന്നിരുന്നാലും, ഈ ദുരന്തങ്ങൾ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ആഴത്തിലാക്കുകയും സേവനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്ക് കൂടുതൽ കരുത്ത് പകരുകയുമാണുണ്ടായത്.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പൊതുജീവിതത്തെ നിർവചിച്ച ഏതെങ്കിലും ആദർശം ഉണ്ടെങ്കിൽ, അത് ഇന്ത്യയുടെ അവിഭാജ്യതയായിരുന്നു. പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ വിഭജനത്തിന്റെ അശാന്തി നിറഞ്ഞ നാളുകളിൽ അദ്ദേഹം ഉറച്ചുനിന്നു. ഏതാനും വർഷങ്ങൾക്കുശേഷം, ഇതേ ദൃഢവിശ്വാസമാണ് അദ്ദേഹത്തെ ജമ്മു കശ്മീരിലേക്ക് ആകർഷിച്ചതും. തടവുശിക്ഷ അദ്ദേഹത്തെ തളർത്തിയില്ല; ഒറ്റപ്പെടുത്തൽ അദ്ദേഹത്തെ ദുർബലനാക്കിയതുമില്ല. താൻ ആർക്കുവേണ്ടിയാണോ നിലകൊണ്ടത്, ആ ദശലക്ഷക്കണക്കിന് ജനങ്ങളിൽ നിന്നും അകലെ, തടവിലിരിക്കെയാണ് അദ്ദേഹത്തിന്റെ ജീവിതം പെട്ടെന്ന് അവസാനിച്ചത്. ചരിത്രത്തിൽ ചില നിമിഷങ്ങളുണ്ട്, അവിടെ ഒരു വ്യക്തിയുടെ അന്തിമ ത്യാഗം രാഷ്ട്രീയത്തിന് അതീതമായി ദേശീയ സ്മൃതിയുടെ ഭാഗമായി മാറുന്നു. ഡോ. മുഖർജിയുടെ അവസാന യാത്ര അങ്ങനെയൊരു നിമിഷമായി അവശേഷിക്കുന്നു. താൻ വിശ്വസിച്ച ലക്ഷ്യത്തിനുവേണ്ടിയാണ് ഡോ. മുഖർജി സ്വയം ബലിനൽകിയതെന്ന് ആചാര്യ വിനോബ ഭാവെ പറയുകയുണ്ടായി. വർഷങ്ങൾക്കുശേഷം, 2019-ൽ 370, 35(എ) വകുപ്പുകൾ റദ്ദാക്കിയത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് നൽകിയ ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയായിരുന്നു.

ഡോ. മുഖർജി ഇന്ത്യക്കും ഇന്ത്യൻ മൂല്യങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകിയത്. അക്കാലത്തെ പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിച്ച്, സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും സംവിധാനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്താണ് അദ്ദേഹം ഇത് സാധ്യമാക്കിയത്. കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി അദ്ദേഹം മാറി. തനതായ ശൈലിയിലൂടെ, ദേശസ്‌നേഹപരവും ഭാവിയിലേക്കുള്ളതുമായ മികച്ച മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. ഒരു വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. മുഖർജി പറഞ്ഞതിങ്ങനെയാണ്: “വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ലർക്കുമാരെയും കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരെയും ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായി കാണുന്നത് തെറ്റാണ്. മുൻസിപ്പൽ കോർപ്പറേഷനുകൾ, പ്രൊവിൻഷ്യൽ-സെൻട്രൽ നിയമനിർമാണസഭകൾ തുടങ്ങിയ നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രാപ്തരായതും അതുപോലെ സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകൾ ഉൾപ്പെടെയുള്ള ജീവിതത്തിന്റെ വിവിധ മേഖലകളിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ശേഷിയുള്ളതുമായ വിദ്യാർഥികളെയാണ് നാം വാർത്തെടുക്കേണ്ടത്.”

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൽക്കട്ട സർവകലാശാല ലൈബ്രറി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശാസ്ത്ര ഗവേഷണങ്ങൾക്ക് ഊർജം പകരൽ, പുരാവസ്തു പഠനത്തെ പ്രോത്സാഹിപ്പിക്കൽ, കൃഷി ശാസ്ത്രത്തിൽ കോഴ്സുകൾ ആരംഭിക്കൽ തുടങ്ങി സവിശേഷമായ നിരവധി ശ്രമങ്ങൾക്കു തുടക്കം കുറിച്ചു. കായികം, അധ്യാപക പരിശീലനം, വിദ്യാർഥിക്ഷേമം തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം ശ്രദ്ധ ആകർഷിച്ചു. വിദ്യാർഥികളിലും പൂർവവിദ്യാർഥികളിലും അഭിമാനബോധം വളർത്തുന്നതിനായി, ജനുവരി 24 സർവകലാശാലയുടെ സ്ഥാപക ദിനമായി ആചരിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടു. സർവകലാശാലയ്ക്കായി ഗാനം രചിക്കാൻ മറ്റാരെയുമല്ല, ഗുരുദേവ് ടാഗോറിനെയാണ് അ‌ദ്ദേഹം ചുമതലപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന്റെ മറ്റൊരുദാഹരണം ജീവിതത്തിന്റെ പിൽക്കാലത്ത് ഭാരതീയ ജനസംഘം രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ കാണാൻ കഴിയും. കോൺഗ്രസ് പാർട്ടി സർവവ്യാപിയായിരുന്ന കാലഘട്ടത്തിൽ, നമ്മുടെ സാംസ്കാരിക വേരുകളോട് ചേർന്നുനിൽക്കുന്നതോടൊപ്പം ഇന്ത്യയുടെ പുരോഗതിക്കായി സംസാരിക്കാൻ ബദൽ ശബ്ദം ഉയരേണ്ടത് ഏറെ അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നി. പാർട്ടിയുടെ ചിഹ്നം മൺവിളക്കായ 'ദിയ' ആയത് ഒരുപക്ഷേ തികച്ചും അനുയോജ്യമായിരുന്നു. ഒരൊറ്റ വിളക്ക് ചെറുതാണെന്ന് തോന്നാമെങ്കിലും, അതിന് ചുറ്റുമുള്ള ഇരുളിനെ അകറ്റാനുള്ള വലിയ ശേഷി അ‌തിനുണ്ട്. ജനസംഘം സജീവമായിരുന്ന കാലത്തും അതിനുശേഷവും ചെയ്തത് കൃത്യമായി ഇതുതന്നെയായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ വ്യവസായ-വിതരണ മന്ത്രിയെന്ന നിലയിലുള്ള ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ കാലാവധി, വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എത്രത്തോളം സമഗ്രവും മാനുഷികവുമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രത്തിന് അന്തസ്സും അവസരങ്ങളും ആത്മവിശ്വാസവും തിരികെ നൽകാനുള്ള മാർഗമായാണ് അദ്ദേഹം വ്യവസായത്തെ വീക്ഷിച്ചത്. സമ്പത്ത് സൃഷ്ടിക്കുന്നതിനെയും മൂല്യവർധനയെയും അദ്ദേഹം ബഹുമാനിച്ചു. ദാമോദർ വാലി കോർപ്പറേഷൻ, സിന്ദ്രി രാസവള പ്ലാന്റ്, ശക്തമായ വ്യവസായ നയം തുടങ്ങിയ വഴികാട്ടിയായ ഉദ്യമങ്ങളിലൂടെ ആധുനിക വ്യവസായ ഇന്ത്യയുടെ അടിത്തറയിടുമ്പോൾ തന്നെ, ഇന്ത്യയുടെ പരമ്പരാഗതശേഷികൾ അവഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. കൈത്തറി, കുടിൽ വ്യവസായങ്ങൾ, കരകൗശല വിദഗ്ദ്ധർ, വസ്ത്രവ്യാപാര തൊഴിലാളികൾ എന്നിവർക്കെല്ലാം ഒരുപോലെ പ്രതിജ്ഞാബദ്ധനായ സംരക്ഷകനെയാണ് അദ്ദേഹത്തിലൂടെ ലഭിച്ചത്.

ഇവിടെ, എന്റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വയംപര്യാപ്തതയെക്കുറിച്ചുള്ള വ്യക്തമായ ദർശനത്തോടെ ഡോ. മുഖർജി സ്ഥാപിക്കാൻ പ്രയത്നിച്ച സിന്ദ്രി പ്ലാന്റ്, പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവർ അവഗണിക്കുകയാണുണ്ടായത്. അതിന്റെ പുനരുജ്ജീവനത്തിൽ സംഭാവന നൽകാൻ ഞങ്ങളുടെ ഗവണ്മെന്റിന് അവസരം ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് തീർച്ചയായും ഏറ്റവും സവിശേഷമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം സംവാദങ്ങളെയും ചർച്ചകളെയും പണ്ടുമുതലേ ആഘോഷമാക്കിയിട്ടുള്ളതാണ്. ഡോ. മുഖർജി ഈ ജനാധിപത്യ മനോഭാവം ഉൾക്കൊണ്ട വ്യക്തിയായിരുന്നു. ആദ്യകാലങ്ങളിലെ രാഷ്ട്രനിർമാണ ദൗത്യം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്ക് അതീതമാണെന്ന് വിശ്വസിച്ച അ‌ദ്ദേഹം പണ്ഡിറ്റ് നെഹ്റുവിന്റെ മന്ത്രിസഭയിൽ ചേർന്നു. ആത്മാർഥതയോടും ക്രിയാത്മകമായ ചിന്താഗതിയോടും കൂടി അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ വ്യത്യസ്തമായ പാത ആവശ്യമാണെന്ന് തോന്നിയപ്പോൾ, അദ്ദേഹം അന്തസ്സോടെ പദവി ഒഴിഞ്ഞു; രാജ്യം ആവശ്യപ്പെടുന്നു എന്ന് അദ്ദേഹം വിശ്വസിച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി പൂർണഹൃദയത്തോടെ സ്വയം സമർപ്പിച്ചു.

75 വർഷം മുമ്പ്, പണ്ഡിറ്റ് നെഹ്റു കൊണ്ടുവന്ന ഒന്നാം ഭേദഗതി ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമായിരുന്നു. ഡോ. മുഖർജി അതിന്റെ ഏറ്റവും ശക്തരായ വിമർശകരിൽ ഒരാളായിരുന്നു. കോൺഗ്രസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പൂർണമായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആ ധാരണ ശരിയാണെന്ന് തെളിയുകയും ചെയ്തു. 75 വർഷം മുമ്പ് ഒന്നാം ഭേദഗതി കൊണ്ടുവന്നവർ തന്നെയാണ് 1975-ൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതും 50 വർഷങ്ങൾക്ക് മുമ്പ് ഉദാര ജനാധിപത്യ മൂല്യങ്ങളുടെ അന്തസ്സത്തയെ വീണ്ടും തകിടം മറിച്ച 42-ാം ഭേദഗതി നിയമം കൊണ്ടുവന്നതും.

ഡോ. മുഖർജി അദ്ദേഹത്തിന്റെ മാനുഷിക പരിഗണനകളാലുള്ള പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധേയനായിരുന്നു. 1943-ൽ ബംഗാളിൽ ഏറ്റവും ദാരുണമായ ക്ഷാമമുണ്ടായപ്പോൾ ദുരിതബാധിതരെ സേവിക്കുന്നതിനായി ഡോ. മുഖർജി പൂർണമായും മുഴുകി. ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി നിരവധി ഭക്ഷണവിതരണകേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. ഒരു വശത്ത്, സ്വന്തം ജനങ്ങളുടെ ദുരവസ്ഥ അദ്ദേഹത്തെ ആഴത്തിൽ ഉലച്ചപ്പോൾ, മറുവശത്ത് കൊളോണിയൽ ഭരണാധികാരികളുടെ അനാസ്ഥയോട് അദ്ദേഹത്തിന് കടുത്ത വിമുഖത തോന്നി. തന്റെ ആത്മസംഘർഷങ്ങൾ പ്രകടിപ്പിച്ച്, 'പഞ്ചാഷേർ മന്വന്തർ' എന്നൊരു പുസ്തകം പോലും അദ്ദേഹം എഴുതുകയുണ്ടായി. 1942-ൽ മേദിനിപുരിൽ അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ, ജനജീവിതം സാധാരണ നിലയിലാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെട്ടു.

കൊൽക്കത്തയിലെ ഒരു കോളേജിൽ സംസാരിക്കവെ ഡോ. മുഖർജി യുവാക്കളോട് ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്: “നിങ്ങൾ ഏത് ജോലി ഏറ്റെടുത്താലും അത് ഗൗരവത്തോടെയും പൂർണതയോടെയും ഭംഗിയായും ചെയ്യുക; അത് ഒരിക്കലും പകുതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഏറ്റവും മികച്ച സംഭാവന നൽകിയെന്ന് ഉറപ്പാകുന്നതുവരെ നിങ്ങൾക്ക് ഒരിക്കലും സംതൃപ്തി തോന്നരുത്.” വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, അദ്ദേഹം അത്രമേൽ ആഴത്തിൽ വിശ്വസിച്ചിരുന്ന കരുത്തുറ്റതും അവിഭാജ്യവും ആത്മവിശ്വാസമുള്ളതും കാരുണ്യമുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ഓരോ ദിവസവും പരിശ്രമിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നൽകുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലി. ഇന്നത്തെ യുവാക്കളെ എനിക്കറിയാം, അവർ ഈ അവസരത്തിനൊത്തുയർന്ന് കൃത്യമായി അതു ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.