നൂറ് കോടി ആശകളുടെ ഒരു രാജ്യമാണ് ഇന്ത്യ. കരുത്തുറ്റ ഒരു സമ്പദ്‌വ്യവസ്ഥ, രാജ്യത്തെ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള നയതന്ത്രം, ധീരരായ സൈന്യം, വളരുന്ന മൃദുശക്തി എന്നിവയിലൂടെ ഇന്ത്യ ലോകത്ത് പുതിയ പ്രതീക്ഷാമുനമ്പായി മാറിയിരിക്കുകയാണ്.
ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വിശാലമായ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ സാമ്പത്തികരംഗത്തെ ശക്തി അത് തെളിയിക്കുന്നു. വളർച്ചക്കായുള്ള ഗവൺമെൻ്റിൻ്റെ പരിഷ്കരണങ്ങൾ ഇന്ത്യയുടെ സാമ്പത്തികശക്തി മെച്ചപ്പെടുത്തി. ഏറ്റവും ആകർഷകമായ നിക്ഷേപസ്ഥാനം എന്ന പദവിയും ഇന്ന് ഇന്ത്യ നേടിയിരിക്കുകയാണ്. ജിഡിപി വളർച്ച (ഇന്നത്തെ വിലകളിൽ) 2013നും 2017നും ഇടയിൽ 31 ശതമാനം ഉയർന്നു, ആഗോളതലത്തിലെ ജിഡിപി വളർച്ച വെറും 4 ശതമാനമാണ്.
ഇന്ത്യയുടെ സാമ്പത്തികസ്വാധീനത്തിൻ്റെ വർദ്ധനവിനൊപ്പം മറ്റ് രാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധങ്ങളും സുപ്രധാനമാണ്. ഗവൺമെൻ്റിൻ്റെ നയതന്ത്രപ്രവർത്തനങ്ങളുടെ ഫലമാണത്. ആദ്യമായി ഇന്ത്യ, ഒന്നും രണ്ടുമല്ല മൂന്ന് വൻകിട രാഷ്ട്രസംഘങ്ങളിൽ അംഗത്വം നേടി. മിസൈൽ ടെക്നോളജി കൺട്രോൾ റെജിം, വാസനാർ ഉടമ്പടി, ഓസ്ട്രേലിയ ഗ്രൂപ്പ് എന്നിവയാണവ. ഈ നിരായുധീകരണ സംഘങ്ങളിലെ ഇന്ത്യയുടെ അംഗത്വം, വൻകിട സാങ്കേതികവിദ്യകൾ നമ്മുടെ ബഹിരാകാശ പ്രതിരോധ പദ്ധതികൾക്കായി നേടിയെടുക്കുന്നത് എളുപ്പമാക്കും.
മറ്റൊരു പ്രഥമ നടപടിയായി, അന്താരാഷ്ട്ര സമുദ്രാതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സംഘടനയായ ഇൻ്റർനാഷണൽ ട്രൈബ്യൂണൽ ഓൺ ലോ ഓഫ് ദ സീസിൽ (ഐറ്റിഎൽഒഎസ്) ഇന്ത്യക്ക് അംഗത്വം ലഭിച്ചു. സമുദ്രത്തിൽ ആരുടെയെങ്കിലും അനധികൃതമായ കടന്നുകയറ്റത്തിനെതിരെയുള്ള ശക്തമായ നേതൃത്വത്തിനായി നിരവധി രാജ്യങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്ന തക്ക സമയത്താണ് ഈ അംഗത്വം ലഭിച്ചതെന്നും ശ്രദ്ധേയമാണ്.
ദേശീയ സുരക്ഷയിൽ ഗവൺമെൻ്റിൻ്റെ ഉറച്ച തീരുമാനങ്ങൾ മൂലം, ഇന്ത്യൻ സൈന്യം ശത്രുവിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകാൻ പൂർണ്ണമായും സജ്ജമാണെന്ന വിശ്വാസം ഉറപ്പിച്ചിട്ടുണ്ട്. മിന്നലാക്രമണത്തിൽ അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദി കേന്ദ്രങ്ങൾ കൃത്യതയോടെ ആക്രമിച്ചത് ഇന്ത്യയുടെ ശക്തമായ സൈനികശേഷിയെ പ്രദർശിപ്പിച്ചു. ഗവൺമെൻ്റ് രാജ്യത്തിൻ്റെ സൈന്യത്തെ പൂർണമായും പിന്താങ്ങുന്നു. ഒരു റാങ്ക് ഒരേ പെൻഷൻ പോലുള്ള സൈന്യത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യങ്ങൾ യഥാവിധി നടപ്പാക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സൈന്യത്തിൻ്റെ ആധുനികവൽക്കരണം അതിവേഗത്തിലാകുകയും ആയുധങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലുമുള്ള പോരായ്മങ്ങൾ അതിവേഗ സൈനിക സംഭരണക്കരാറുകളിലൂടെ നികത്തുകയും ചെയ്യുന്നു.

ഒരു മൃദുശക്തി എന്ന നിലയിൽ “വസുധൈവകുടുംബകം” അതായത് ലോകം ഒരു കുടുംബം എന്ന പാതയിൽ ഇന്ത്യ ചരിക്കുകയാണ്. ലോകത്തെ മൊത്തം ബാധിക്കുന്ന പ്രശ്നങ്ങൾ സൗഹാർദ്ദത്തിലൂടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെയും പരിഹരിക്കാനാകുമെന്നാണ് നമ്മുടെ വീക്ഷണം. മനുഷ്യകുലത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാലാവസ്ഥാവ്യതിയാനം. പാരീസിലെ സിഒപി21ൽ ഇന്ത്യ നേതൃസ്ഥാനം വഹിക്കുക മാത്രമല്ല, അന്താരാഷ്ട്ര സൗരോർജ്ജസഖ്യത്തിനും അത് നേതൃത്വം നൽകുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന നൂറിലധികം രാജ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന്, പരിസ്ഥിതിക്ക് കോട്ടമില്ലാതെ സൗരോർജ്ജം ഉൽപാദിപ്പിച്ച് ഭാവിയിലെ ഊർജ്ജാവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള സഖ്യമാണിത്.
ഇന്ത്യയുടെ മൃദുശക്തി മെച്ചപ്പെട്ട ഗ്രഹത്തിലേക്ക് വഴിത തെളിക്കുന്ന മറ്റൊരു ഉദാഹരണമായി, യോഗ ലോക അംഗീകാരത്തിൻ്റെ നെറകുയിലേക്കെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു:
“നമ്മൾ ലോകസമാധാനത്തെപ്പറ്റി പറയുമ്പോൾ, രാജ്യങ്ങൾക്കിടയിൽ സമാധാനമുണ്ടാകണം. സമൂഹത്തിനുള്ളിൽ സമാധാനമുണ്ടെങ്കിലേ അത് സാദ്ധ്യമാകൂ. സമാധാനപരമായ കുടുംബങ്ങൾക്കേ സമൂഹത്തിൽ സമാധാനമുണ്ടാക്കാനാവൂ. സമാധാനമുള്ള വ്യക്തികൾക്കാണ് സമാധാരപരമായ കുടുംബങ്ങളുണ്ടാകൂ. ഇത്തരത്തിലുള്ള സൗഹാർദ്ദവും സമാധാനവും, വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും അങ്ങനെ അന്തിമമായി ലോകം മുഴുവനും ഉണ്ടാക്കാനുള്ള വഴിയാണ് യോഗ.”
ജൂൺ 21, അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഈ പൗരാണിക അഭ്യാസം ഒരിക്കൽക്കൂടി ലോകശ്രദ്ധയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയിൽ മുന്നോട്ടുവച്ച പ്രമേയം 173 രാജ്യങ്ങളാണ് പിന്തുണച്ചത്, ഇത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ ഇഥംപ്രദമായ തരത്തിലുള്ള ഒരു പിന്തുണയായിരുന്നു. യുനെസ്കോയുടെ ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി പട്ടികയിലും അത് സ്ഥാനം പിടിച്ചു. നിരവധിയായ ആരോഗ്യ ആദ്ധ്യാത്മിക ഗുണങ്ങൾ മൂലം, ലോകത്തെമ്പാടുമായി ജനങ്ങൾ യോഗയെ ഒരു ദിനചര്യയാക്കി മാറ്റുകയാണ്. തുടർച്ചയായ പിന്തുണ മൂലം യോഗ ആഗോളതലത്തിലെത്തി.
ഇന്ത്യ ശക്തമായ സാങ്കേതികമുന്നേറ്റം നടത്തുന്ന മറ്റൊരു മേഖലയാണ് അതിൻ്റെ ബഹിരാകാശ പദ്ധതി. ലോകനിലവാരത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരും സാങ്കേതികവിദഗദ്ധരും ഇന്ത്യയെ ബഹിരാകാശ വ്യവസായത്തിൽ മുൻനിരയിലെത്തിച്ചു. വിജയകരമായി 104 ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിച്ച് ഇസ്രോ റെക്കോഡ് കൈവരിച്ചു, ഇതിൽ 101 ഉപഗ്രഹങ്ങൾ, യുഎസ്എ, നെതർലാൻഡ്സ്, ഇസ്രയേൽ, കസാഖ്സ്ഥാൻ, യുഎഇ തുടങ്ങിയ വിദേശ രാജ്യങ്ങളുടേതായിരുന്നു. ഐആർഎൻഎസ്എസ്-1ജിയുടെ വിജയകരമായ വിക്ഷേപണത്തോടെ ഇന്ത്യയുടെ സ്വന്തം ഗ്ലോബൽ നാവിഗേഷൻ സിസ്റ്റവും പ്രവർത്തനമാരംഭിച്ചു. സ്വന്തം സാറ്റലൈറ്റ് നാവിഗേഷൻ സിറ്റമുള്ള വൻകിടരാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യയും സ്ഥാനം പിടിച്ചു.
വിവിധ മേഖലകളിൽ ഇന്ത്യക്കാർ നടത്തിയ വൻ ചുവടുവെപ്പുകൾ നല്ലൊരു ഭാവി പടുത്തുയർത്താൻ സഹായിക്കുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, സാമ്പത്തികവളർച്ച, വികസനം എന്നിവയിലെ മുന്നേറ്റങ്ങളിലൂടെ നമ്മൾ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല ചെയ്യുന്നത്, ലോകത്തിൻ്റെ മറ്റുഭാഗങ്ങളിൽ മനുഷ്യരാശിയുടെ ക്ഷേമത്തിനായി പകർത്താവുന്ന മാതൃകകളുടെ വിജയഗാഥകൾ കൂടി രചിക്കുകയാണ്.