ജൈന സംസ്‌കാരത്തിന്റെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളും മാനവികതയ്ക്കായുള്ള അതിന്റെ കാലാതീതമായ മൂല്യങ്ങളും സാമ്രാട്ട് സംപ്രതി മ്യൂസിയം പ്രദർശിപ്പിക്കുന്നു: പ്രധാനമന്ത്രി
ഭഗവാൻ മഹാവീരന്റെ പാദങ്ങളിൽ ഞാൻ വണങ്ങുന്നു, കോബ തീർത്ഥിൽ നിന്ന് എല്ലാ പൗരന്മാർക്കും ഭഗവാൻ മഹാവീർ ജയന്തി ആശംസകൾ നേരുന്നു: പ്രധാനമന്ത്രി
സാമ്രാട്ട് സംപ്രതി മ്യൂസിയം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ പൈതൃകവും ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തിന്റെ പൈതൃകവുമാണ്: പ്രധാനമന്ത്രി
സിംഹാസനാരോഹണത്തിന് ശേഷം സംപ്രതി ചക്രവർത്തി അഹിംസ വ്യാപിപ്പിച്ചു. അദ്ദേഹം സത്യം, അസ്തേയം, അപരിഗ്രഹം എന്നിവ പ്രചരിപ്പിച്ചു: പ്രധാനമന്ത്രി
ഇന്ത്യയിൽ അറിവ് എപ്പോഴും സ്വതന്ത്രമായി ഒഴുകുന്ന ഒരു അരുവിയായിരുന്നു: പ്രധാനമന്ത്രി
ഓരോ യുഗത്തിലും തീർത്ഥങ്കരന്മാരും മുനിമാരും ചിന്തകരും അവതരിച്ചു, ജ്ഞാന സംഹിത വളർന്നുകൊണ്ടിരുന്നു, കാലക്രമേണ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു: പ്രധാനമന്ത്രി

ജയ് ജിനേന്ദ്ര!

ജയ് ജിനേന്ദ്ര!

ആചാര്യ ഭഗവന്ത് ശ്രീ പദ്മസാഗർ സൂരീശ്വർ ജി മഹാരാജ് സാഹിബ്, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായി, സംസ്ഥാന ഉപമുഖ്യമന്ത്രി ഭായി ഹർഷ് സംഘവി ജി, പരം പൂജ്യ ആചാര്യ ഭഗവന്ത്, പൂജ്യ സാധു ഭഗവന്ത്, സാധ്വിജി ഭഗവന്ത്, ഈ പരിപാവന സമ്മേളനത്തിൽ സന്നിഹിതരായിരിക്കുന്ന മുഴുവൻ ആചാര്യന്മാരേ, മുനി ഭഗവന്തുമാരേ, ബഹുമാനപ്പെട്ട മനുഷ്യസ്നേഹികളേ, പണ്ഡിതരേ, മാന്യരേ മഹതികളേ!

ഇന്ന് ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഈ പവിത്രമായ ജൈന തീർത്ഥാടന കേന്ദ്രത്തിൽ വരാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുന്നു. ആദ്യമായി ഞാൻ ഭഗവാൻ മഹാവീരന്റെ പാദങ്ങളിൽ വണങ്ങുന്നു. കോബ തീർത്ഥിൽ നിന്ന് എല്ലാവർക്കും ഞാൻ ഭഗവാൻ മഹാവീർ ജയന്തി ആശംസകൾ നേരുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന് പരം പൂജ്യ ആചാര്യ ശ്രീ കൈലാസ് സാഗർ സൂരീശ്വർജി മഹാരാജ് സാഹിബിന്റെ സ്മരണയ്ക്ക് മുന്നിൽ ഞാൻ വണങ്ങുന്നു. കോബയുടെ ഈ മണ്ണിൽ ജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ഈ മഹത്തായ കേന്ദ്രം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. കോബ തീർത്ഥിന്റെ ഈ ഇടം ആത്മീയ ശാന്തിയാൽ പൂരിതമാണ്. ഏതൊരു സ്ഥലത്തിന്റെ ഊർജ്ജമാണോ ഇത്രമാത്രം ദിവ്യമായിരിക്കുന്നത്, എവിടെയാണോ ഇത്രയധികം ജൈന മുനിമാരുടെയും സന്യാസിമാരുടെയും തപസ്സ് ലയിച്ചുചേർന്നിരിക്കുന്നത്, അവിടെ സൃഷ്ടിയും സേവനവും താനേ വെളിപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. കോബ തീർത്ഥിൽ അധ്യയനത്തിന്റെയും ആത്മീയ പരിശീലനത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ഒരു നിരന്തരമായ പാരമ്പര്യം വർഷങ്ങളായി നടക്കുന്നത് ഞാൻ കണ്ടുവരികയാണ്. ഇവിടെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നു, സാംസ്കാരിക മൂല്യങ്ങൾക്ക് കരുത്ത് ലഭിക്കുന്നു, അറിവ് പോഷിപ്പിക്കപ്പെടുന്നു. ഈ 'ത്രിവേണി' ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറയാണ്. ഈ ത്രിവേണി ഒഴുകിക്കൊണ്ടിരിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളേ,

ആയിരക്കണക്കിന് വർഷത്തെ ഇന്ത്യൻ പൈതൃകത്തെയും ജൈനമതത്തിന്റെ കാലാതീതമായ അറിവിനെയും നമ്മുടെ അമൂല്യനിധികളെയും അവയിൽ നിന്ന് ലഭിക്കുന്ന പ്രചോദനങ്ങളെയും വരുംനൂറ്റാണ്ടുകളിലേക്ക് അനശ്വരമാക്കുന്നതിനും പുതിയതും ആധുനികവുമായ രൂപത്തിൽ അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനുമായി നമ്മുടെ സന്യാസിമാർ ഈ ജൈന ഹെറിറ്റേജ് മ്യൂസിയം വിഭാവനം ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ആ സങ്കൽപ്പം ഒരു ബൃഹദ് രൂപത്തിൽ യാഥാർത്ഥ്യമാവുകയാണ്. ഈ സാമ്രാട്ട് സംപ്രതി മ്യൂസിയം ജൈന തത്ത്വചിന്തയുടെയും ഇന്ത്യൻ സംസ്കാരത്തിന്റെയും നമ്മുടെ പുരാതന പൈതൃകത്തിന്റെയും പവിത്രമായ കേന്ദ്രമായി മാറിയിരിക്കുന്നു. ഈ അതുല്യമായ ശ്രമത്തിന് നമ്മുടെ എല്ലാ ജൈന മുനിമാരെയും സന്യാസിമാരെയും ഞാൻ അഭിനന്ദിക്കുന്നു. ഞാൻ അവരുടെ പാദങ്ങളിൽ വണങ്ങുന്നു. ഈ ഉദ്യമത്തിന് വലിയ സംഭാവനകൾ നൽകിയ സമർപ്പിതരായ ആയിരക്കണക്കിന് ആളുകളെയും ഞാൻ അഭിനന്ദിക്കുന്നു.

സഹോദരീസഹോദരന്മാരേ,

അനശ്വരമായ അറിവ് പുതിയ തലമുറയ്ക്ക് കൈമാറുന്നതിനായി നമ്മൾ നവീകരണങ്ങൾ കൊണ്ടുവരുമ്പോഴും പുതുമ നിലനിർത്തുമ്പോഴും അതിലൂടെ നമ്മുടെ പൈതൃകം സമ്പന്നമാവുകയും വരാനിരിക്കുന്ന നാളെകൾക്ക് അത് പ്രചോദനമാവുകയും ചെയ്യുന്നു. സാമ്രാട്ട് സംപ്രതി മ്യൂസിയം ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ പൈതൃകമാണ്. ഇത് ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തിന്റെ പൈതൃകമാണ്. ഇതിനായി, ഞാൻ എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു.

 

സുഹൃത്തുക്കളേ,

സാമ്രാട്ട് സംപ്രതി എന്നത് വെറുമൊരു ചരിത്ര പ്രസിദ്ധനായ രാജാവിന്റെ പേര് മാത്രമല്ല. ഇന്ത്യയുടെ തത്ത്വചിന്തയെയും പ്രയോഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമാണ് സാമ്രാട്ട് സംപ്രതി. കാരണം നമ്മൾ ചരിത്രത്തിലേക്ക് നോക്കുമ്പോൾ ലോകത്തിലെ പല നാഗരികതകളിലും മഹാനായ ചിന്തകരും ദാർശനികരും ജനിച്ചതായി കാണാം. മനുഷ്യത്വത്തിന്റെ മാതൃകകൾ വിവിധ നിർവചനങ്ങളിൽ കൊത്തിയെടുക്കപ്പെടുകയും ചെയ്തു. എന്നാൽ അധികാരത്തിന്റെയും ശക്തിയുടെയും ചോദ്യം വന്നപ്പോൾ പല ഭരണാധികാരികളും ആദർശങ്ങളെയും മൂല്യങ്ങളെയും മാറ്റിനിർത്തി. ഇതുമൂലം ചിന്തയും പ്രയോഗവും തമ്മിലും ചിന്തയും വ്യവസ്ഥയും തമ്മിലും ഒരു വിടവ് രൂപപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ ഇന്ത്യയിൽ സാമ്രാട്ട് സംപ്രതിയെപ്പോലെയുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നു, അവർ അധികാരത്തെ സേവനമായും ആത്മീയ പരിശീലനമായും കരുതി പ്രവർത്തിച്ചു. ഒരിടത്ത് ചില ഭരണാധികാരികൾ അക്രമത്തെ ഒരു ആയുധമാക്കി ഭരണം നടത്തിയപ്പോൾ മറുവശത്ത് സാമ്രാട്ട് സംപ്രതി സിംഹാസനത്തിലിരുന്നുകൊണ്ട് അഹിംസ വ്യാപിപ്പിച്ചു. അദ്ദേഹം സത്യം, അസ്തേയം, അപരിഗ്രഹം എന്നിവയെ പ്രോത്സാഹിപ്പിച്ചു. അത്തരം നിസ്സംഗതയോടെ അത്തരം നിസ്വാർത്ഥമായ വികാരത്തോടെ, ഭരണത്തെ സേവനത്തിനുള്ള ഒരു മാധ്യമമായി കരുതി ജീവിതം നയിക്കുക - ഈ പാഠം നമുക്ക് ഇന്ത്യയുടെ ഭൂതകാലത്തിൽ നിന്ന് മാത്രമേ ലഭിക്കൂ. ഈ ഭൂതകാലത്തെ തന്നെയാണ് നമ്മൾ ഈ മ്യൂസിയത്തിൽ സംരക്ഷിക്കുന്നത്.

സുഹൃത്തുക്കളേ,

ഞാൻ കാണുകയായിരുന്നു, ഈ മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നത് തന്നെ ഓരോ ചുവടിലും മഹത്തായ ഇന്ത്യയുടെ വ്യക്തിത്വം ദൃശ്യമാകുന്ന രീതിയിലാണ്. ഇതിലെ ഏഴ് ഗാലറികൾ, ഓരോ ഗാലറിയും ഇന്ത്യയുടെ വൈവിധ്യത്തെയും സാംസ്കാരിക സമൃദ്ധിയെയും വിളിച്ചോതുന്നു. ഒന്നാമത്തെ ഗാലറിയിൽ നമ്മൾ നവപദത്തെ കാണുന്നു. നവപദം എന്നാൽ അരിഹന്ത്, സിദ്ധ, ആചാര്യ, ഉപാധ്യായ, സാധു എന്നിവയാണ്. ശരിയായ ദർശനം, ശരിയായ ജ്ഞാനം, ശരിയായ സ്വഭാവം, ശരിയായ തപസ്സ്. അതായത് സ്വയം തപസ്സുചെയ്ത് ജീവിതത്തെ അറിഞ്ഞവരിൽ നിന്ന് നമ്മൾ പഠിക്കുന്നു, നമ്മൾ ആർജ്ജിക്കുന്ന അറിവ് ശരിയായതായിരിക്കണം! നമ്മുടെ സ്വഭാവം ശരിയായതായിരിക്കണം! കാരണം അറിവ് ശരിയാകുമ്പോൾ അത് സമചിത്തതയുടെയും സേവനത്തിന്റെയും അടിസ്ഥാനമായി മാറുന്നു.

 

സുഹൃത്തുക്കളേ,

മൂന്നാമത്തെ ഗാലറിയിൽ നമ്മുടെ തീർത്ഥങ്കരന്മാരുടെ ജീവിതവും അവരുടെ പ്രബോധനങ്ങളും സംഭവങ്ങളും കലാപരമായ രീതിയിൽ ജീവസുറ്റതാക്കിയിട്ടുണ്ട്.

സഹോദരീസഹോദരന്മാരേ,

ഈ മ്യൂസിയത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതയും ഏറ്റവും വലിയ കരുത്തും ദൃശ്യമാണ്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ഈ കരുത്ത് - ഇന്ത്യയുടെ വൈവിധ്യവും വൈവിധ്യത്തിലെ ഏകത്വവുമാണ്. വിശ്വാസത്തിന്റെയും മതത്തിന്റെയും ആചാരങ്ങളുടെയും പേരിൽ ലോകം എപ്പോഴും സംഘർഷങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ഈ മ്യൂസിയത്തിൽ ഇന്ത്യയിലെ മറ്റെല്ലാ മതങ്ങളുടെയും മഹത്തായ പ്രാതിനിധ്യമുണ്ട്. വേദിക്, ബുദ്ധ പാരമ്പര്യങ്ങൾ, വേദങ്ങൾ, പുരാണങ്ങൾ, ആയുർവേദം, യോഗ, തത്ത്വചിന്ത - വ്യത്യസ്ത പാരമ്പര്യങ്ങളുടെ എല്ലാ നിറങ്ങളും ഒരു മഴവില്ല് പോലെ ഒന്നിച്ച് നിലകൊള്ളുന്നത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളിൽ, ലോകം അസ്ഥിരതയുടെയും അശാന്തിയുടെയും തീയിൽ വെന്തുരുകുമ്പോൾ, ഈ മ്യൂസിയത്തിന്റെ പൈതൃകവും അതിന്റെ സന്ദേശവും ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ മാനവികതയ്ക്കും വളരെ പ്രധാനമാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് വരുന്ന ജിജ്ഞാസുക്കളുടെയും വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും എണ്ണം ഇനിയും വർദ്ധിപ്പിക്കുക എന്നത് നമ്മുടെ പരിശ്രമമായിരിക്കണം. ഇവിടെ വരുന്ന ആളുകൾ ഇന്ത്യയുടെയും ജൈനമതത്തിന്റെയും പ്രബോധനങ്ങൾ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കണം.

 

സുഹൃത്തുക്കളേ,

ഇന്ത്യയിൽ അറിവ് എപ്പോഴും ഒരു സ്വതന്ത്രമായ ഒഴുക്കായിരുന്നു. ഓരോ കാലഘട്ടത്തിലും തീർത്ഥങ്കരന്മാരും ഋഷിമാരും ചിന്തകരും ജനിച്ചു. അറിവിന്റെ ശേഖരം വർദ്ധിച്ചുകൊണ്ടേയിരുന്നു, കാലത്തിനനുസരിച്ച് പുതിയ പലതും കൂട്ടിച്ചേർക്കപ്പെട്ടു. സങ്കൽപ്പിച്ചുനോക്കൂ, ഒരുകാലത്ത് തക്ഷശിലയും നളന്ദയും പോലുള്ള നമ്മുടെ സർവ്വകലാശാലകൾ ലക്ഷക്കണക്കിന് പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും കൊണ്ട് നിറഞ്ഞതായിരുന്നു. എന്നാൽ വിദേശ ആക്രമണകാരികൾ, മതസങ്കുചിത ചിന്താഗതിയാൽ അറിവിനെപ്പോലും തങ്ങളുടെ ശത്രുവായി കരുതി അവയെ ചുട്ടുപഴുപ്പിച്ചു. മാനവികതയുടെ അത്തരം മഹത്തായ പൈതൃകങ്ങൾ നശിപ്പിക്കപ്പെട്ടു. ആ ദുഷ്കരമായ കാലഘട്ടത്തിൽ ആളുകൾ ബാക്കിയുള്ള കയ്യെഴുത്തുപ്രതികൾ തലമുറയായി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം അവ കണ്ടെത്താനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം രാജ്യത്തിന് ഉണ്ടായിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അടിമത്ത മനോഭാവം കാരണം ഇതിലേക്ക് ശ്രദ്ധ നൽകപ്പെട്ടില്ല. ആചാര്യ ഭഗവന്ത് ശ്രീ പദ്മസാഗർ സൂരീശ്വർ ജി മഹാരാജ് സാഹേബിനെപ്പോലുള്ള മഹത് വ്യക്തികളും സന്യാസിമാരും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി. ഇതിനായി അവർ തങ്ങളുടെ ജീവിതം മുഴുവൻ സമർപ്പിച്ചു. ജീവിതത്തിന്റെ 60 വർഷക്കാലം, ഗ്രാമങ്ങൾ തോറും, നഗരങ്ങൾ തോറും, രാജ്യത്തിന്റെ ഓരോ കോണിലും അവർ കയ്യെഴുത്തുപ്രതികൾക്കായി തിരഞ്ഞു. അത്തരം മൂന്ന് ലക്ഷത്തിലധികം കയ്യെഴുത്തുപ്രതികൾ, അതായത് കരിമ്പന ഇലകളിലും ഭൂർജ്ജ മരത്തൊലിയിലും രേഖപ്പെടുത്തിയ നൂറുകണക്കിന് വർഷം പഴക്കമുള്ള ജ്ഞാനം, ഇന്ന് കോബയിൽ സുരക്ഷിതമായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യയുടെ ഭൂതകാലത്തിനും വർത്തമാനകാലത്തിനും നമ്മുടെ ഭാവികാലത്തിനും നൽകുന്ന വലിയൊരു സേവനമാണ്.

സുഹൃത്തുക്കളേ,

കൈയെഴുത്തുപ്രതികളെ അവഗണിച്ചുകൊണ്ട് മുൻ ​ഗവൺമെന്റുകൾ വരുത്തിയ തെറ്റ് ഇന്ന് നമ്മൾ തിരുത്തുകയാണ്. ഇതിനായി നമ്മൾ 'ജ്ഞാന ഭാരതം മിഷൻ' ആരംഭിച്ചിട്ടുണ്ട്. ഇതിൽ നാം സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ മിഷന്റെ കീഴിൽ, പുരാതന കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൈസേഷൻ നടക്കുന്നു, അവ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കപ്പെടുന്നു. സ്കാനിംഗ്, കെമിക്കൽ ട്രീറ്റ്‌മെന്റ്, ഡിജിറ്റൽ ശേഖരണം തുടങ്ങിയ എല്ലാ ശ്രമങ്ങളും ഈ ദിശയിൽ നടക്കുന്നുണ്ട്. ഈ ഞായറാഴ്ച 'മൻ കി ബാത്തിൽ', ഈ ദിശയിൽ ഒരു സർവേ ആരംഭിച്ചതിനെക്കുറിച്ച് ഞാൻ വിശദമായി പരാമർശിച്ചിരുന്നു. ഇതിൽ രാജ്യമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ പക്കൽ സംരക്ഷിച്ചിട്ടുള്ള കൈയെഴുത്തുപ്രതികൾ അപ്‌ലോഡ് ചെയ്യുന്നു. രാജ്യത്തിന്റെ ഓരോ കോണിലും ചിതറിക്കിടക്കുന്ന കൈയെഴുത്തുപ്രതികൾ ശേഖരിക്കുന്നതിൽ ഈ പ്രചാരണം വലിയ പങ്കുവഹിക്കും.

സുഹൃത്തുക്കളേ,

ഗവൺമെന്റ് തലത്തിലുള്ള ജ്ഞാന ഭാരതം മിഷനും കോബതീർത്ഥിന്റെ അസാധാരണ സംഭാവനയും സമൂഹത്തിന്റെയും ഗവൺമെന്റിന്റെയും ഈ സംയുക്ത ശ്രമങ്ങൾ ഇന്ത്യയുടെ പുതിയ സാംസ്കാരിക പുനരുത്ഥാനത്തിന്റെ പ്രതീകം കൂടിയാണ്.

 

സുഹൃത്തുക്കളേ,

ഇന്ന് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും അത് ലോകത്തിന് മുന്നിൽ എത്തിക്കാനുമുള്ള ശ്രമങ്ങൾ എല്ലാ തലങ്ങളിലും നടക്കുന്നുണ്ട്. കൈയെഴുത്തുപ്രതികളും ജ്ഞാനപൈതൃകവും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, അതോടൊപ്പം പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനം, ചരിത്രരേഖകളുടെ വികസനം, ആയുർവേദത്തിന്റെയും യോഗയുടെയും പ്രചാരണവും വ്യാപനവും എന്നിവയിലും എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നു. ഇവിടെ ഗുജറാത്തിൽ തന്നെ, ലോത്തലിൽ ഒരു കൂറ്റൻ മാരിടൈം മ്യൂസിയം നിർമ്മിക്കപ്പെടുന്നു, ഇത് ലോകത്തിലെ ഏറ്റവും വലിയ മാരിടൈം മ്യൂസിയമായി മാറാൻ പോകുന്നു. ഇവിടെ നിന്ന് വെറും 70-80 കിലോമീറ്റർ അകലെയാണിത്. മറുഭാഗത്ത്, വഡ്‌നഗറിൽ വളരെ വലിയൊരു മ്യൂസിയം നിർമ്മിച്ചിട്ടുണ്ട്; ലോകത്തിലെ മികച്ച മ്യൂസിയങ്ങളുടെ പട്ടികയിൽ അത് ഇതിനോടകം ഇടംപിടിച്ചു കഴിഞ്ഞു. ഡൽഹിയിൽ 'യുഗേ യുഗീൻ ഭാരത്' മ്യൂസിയം നിർമ്മിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഇന്ന് ആദ്യമായി സ്വാതന്ത്ര്യസമര ചരിത്രത്തെ സമഗ്രമായ രൂപത്തിൽ മുന്നോട്ട് കൊണ്ടുവരാൻ അർത്ഥവത്തായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും, മുമ്പ് ഇവ ഒരു രാഷ്ട്രീയ ലാക്കോടെയാണ് ചെയ്തിരുന്നത്. എങ്ങനെ ഒരു രാഷ്ട്രീയ കുടുംബത്തിന്റെ കഥാതന്തു സജ്ജമാക്കാം, വോട്ട് ബാങ്കിന് അനുസരിച്ച് എങ്ങനെ കാര്യങ്ങൾ സംസാരിക്കാം - ഇതിന് ചുറ്റുമാണ് എല്ലാം കറങ്ങിയിരുന്നത്. ഈ മനോഭാവം നമ്മൾ അവസാനിപ്പിച്ചു. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രവുമായാണ് നമ്മൾ നീങ്ങുന്നത്. വികസിത ഭാരതം എന്ന കാഴ്ചപ്പാടിന്റെ ആത്മാവ് ഈ മന്ത്രം തന്നെയാണ്.

സുഹൃത്തുക്കളേ,

നിങ്ങൾ സന്യാസിമാരെല്ലാം ഇന്ത്യയുടെ പൈതൃകത്തെ പരിപാലിക്കാൻ ഇത്ര വലിയ പരിശ്രമമാണ് നടത്തുന്നത്. വ്യക്തിപരമായ ആഗ്രഹങ്ങൾക്ക് മുകളിലായി സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലക്ഷ്യങ്ങൾക്കായി നമ്മൾ പ്രവർത്തിക്കുമ്പോൾ രാജ്യത്തിന്റെ വികസനത്തിന് കൂടുതൽ വേഗത ലഭിക്കുന്നു. ഈ വികാരത്തോടെ തന്നെയാണ് നവകാർ മഹാമന്ത്ര ദിനത്തിൽ ഡൽഹിയിൽ നടന്ന പരിപാടിയിൽ ഞാനും പങ്കെടുത്തത്. ആ ചടങ്ങിൽ നാല് വിഭാഗങ്ങളും ഒരുമിച്ചുകൂടിയിരുന്നു. ആ ചരിത്ര നിമിഷത്തിൽ ഞാൻ ഒമ്പത് അഭ്യർത്ഥനകൾ നടത്തിയിരുന്നു, ഒമ്പത് പ്രമേയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു, അവയെക്കുറിച്ച് നമ്മുടെ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായിയും ഇപ്പോൾ പരാമർശിച്ചു. ഓരോ തവണയും ആ ഒമ്പത് പ്രമേയങ്ങൾ ഞാൻ നിങ്ങളുടെ മുമ്പാകെ ആവർത്തിക്കാറുണ്ട്. ഇന്നത്തെ ഈ അവസരവും അവ വീണ്ടും ആവർത്തിക്കാനുള്ളതാണ്. ഒന്നാമത്തെ പ്രമേയം - ജലം സംരക്ഷിക്കാനുള്ള പ്രമേയം. രണ്ടാമത്തെ പ്രമേയം - അമ്മയുടെ പേരിൽ ഒരു മരം. മൂന്നാമത്തെ പ്രമേയം - ശുചിത്വ മിഷൻ. നാലാമത്തെ പ്രമേയം - വോക്കൽ ഫോർ ലോക്കൽ. അഞ്ചാമത്തെ പ്രമേയം - ദേശ ദർശൻ (രാജ്യം ചുറ്റിക്കാണൽ). ആറാമത്തെ പ്രമേയം - പ്രകൃതികൃഷി അവലംബിക്കൽ. ഏഴാമത്തെ പ്രമേയം - ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കൽ. എട്ടാമത്തെ പ്രമേയം - യോഗയും കായിക വിനോദങ്ങളും ജീവിതത്തിലേക്ക് കൊണ്ടുവരിക. ഒമ്പതാമത്തെ പ്രമേയം - ദരിദ്രരെ സഹായിക്കാനുള്ള പ്രമേയം, പത്താമത്തെ പ്രമേയം നിങ്ങൾ തന്നെ കൂട്ടിച്ചേർത്തതാണ്, അത് ഇന്ത്യയുടെ പൈതൃക സംരക്ഷണം. ഇന്നത്തെ പരിപാടി ഇതിന്റെ പ്രതിഫലനമാണ്

 

സുഹൃത്തുക്കളേ,

വരുംകാലത്ത് നമ്മുടെ മുന്നിൽ വലിയ ലക്ഷ്യങ്ങളുണ്ട്. വലിയ തീരുമാനങ്ങൾ നമുക്ക് നിറവേറ്റാനുണ്ട്. നമ്മുടെ ഐക്യവും നമ്മുടെ ഈ സാംസ്കാരിക പിന്തുണകളും ഇതിൽ നമ്മുടെ കരുത്തായി മാറും. വരും കാലങ്ങളിൽ സാമ്രാട്ട് സംപ്രതി മ്യൂസിയം ഈ ദിശയിൽ ഒരു പ്രധാന പങ്കുവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പുതിയ തലമുറയ്ക്ക് പ്രചോദനം ലഭിക്കുന്നതും സമൂഹത്തിന് പുതിയൊരു ഊർജ്ജം ലഭിക്കുന്നതുമായ ജ്ഞാനത്തിന്റെയും ആത്മീയ പരിശീലനത്തിന്റെയും സംസ്കാരത്തിന്റെയും അത്തരമൊരു കേന്ദ്രമായി ഇത് മാറും. ഈ ആത്മവിശ്വാസത്തോടെ, ഈ സുപ്രധാന പ്രവർത്തനത്തിന് നിങ്ങൾക്കെല്ലാവർക്കും ഞാൻ ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ നേരുന്നു.

അതോടൊപ്പം തന്നെ മഹാരാജ് സാഹിബ് ഇതെല്ലാം ചെയ്തപ്പോൾ അത് കാണാൻ പോലും നമ്മൾ സമയം കണ്ടെത്തുന്നില്ലെങ്കിൽ അത് എങ്ങനെ ശരിയാകും? കൂടുതൽ കൂടുതൽ ആളുകൾ ഇവിടെ വന്ന് വെറുതെ കണ്ടുമടങ്ങുന്ന അവസ്ഥ ഉണ്ടാകരുത്. അറിയാൻ ശ്രമിക്കുക, മനസ്സിലാക്കാൻ ശ്രമിക്കുക. ഇതൊരു വിലമതിക്കാനാവാത്ത നിധിയാണ്. ഗുജറാത്തിലെ എല്ലാ തലമുറകളിലുമുള്ള ആളുകൾ അവരുടെ കുടുംബത്തോടൊപ്പം ഇവിടെ വരണമെന്നും മനസ്സ് നിറയുന്നതുവരെ ഇത് കാണണമെന്നും അറിവിലും മഹത്തായ പൈതൃകത്തിലും അഭിമാനം കൊള്ളണമെന്നും ഞാൻ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മഹാവീർ ജയന്തി പല തരത്തിൽ ശുഭകരമാണ്, കാരണം ഞാൻ ഇവിടെ ഗാന്ധിനഗറിൽ എത്തിയ ഉടനെ, ഗുജറാത്തിന്റെ മണ്ണിൽ കാലുകുത്തുമ്പോൾ ആദ്യത്തെ പരിപാടി വേരുകളുമായി ബന്ധപ്പെടുക എന്നതാണ്, ഇവിടെ നിന്ന് ഞാൻ ഇനി സാനന്ദിലേക്ക് പോകും. രണ്ടാമത്തെ പരിപാടി അവിടെയാണ് - ലോകവുമായി ബന്ധപ്പെടുക എന്നത്. ഇവിടെ ഞാൻ മഹത്തായ സാംസ്കാരിക പാരമ്പര്യങ്ങളുടെയും ഗംഭീരമായ ഭൂതകാലത്തിന്റെയും ഒരു തുള്ളി നുകർന്നു, സാനന്ദിൽ ലോകത്തിലെ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ചിപ്പുകളുടെ നിർമ്മാണോദ്ഘാടനം നടക്കുന്നു, സെമികണ്ടക്ടറുകളുടെ ഉദ്ഘാടനം നടക്കുന്നു. ഇവിടെ വേരുകളുമായി ബന്ധപ്പെടുന്നതിനെക്കുറിച്ചാണെങ്കിൽ അവിടെ ലോകത്തെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചാണ്, ഇതെല്ലാം ഗുജറാത്തിന്റെ മണ്ണിൽ സംഭവിക്കുന്നു, ഇന്ത്യയുടെ മണ്ണിൽ സംഭവിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. വളരെ നന്ദി.

ജയ് ജിനേന്ദ്ര!

ജയ് ജിനേന്ദ്ര!

ജയ് ജിനേന്ദ്ര!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's high-flying ambitions: How policy overhaul doubled nation's MRO footprint from 96 to 166

Media Coverage

India's high-flying ambitions: How policy overhaul doubled nation's MRO footprint from 96 to 166
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 16
May 16, 2026

Petroleum Reserves Secured, Dollars Pouring In, AI Supercluster Rising — Welcome to PM Modi’s New India