സ്ത്രീകൾ എല്ലാം മറന്നേക്കാം; എന്നാൽ ആത്മാഭിമാനത്തിനേറ്റ ക്ഷതം അവർ ഒരിക്കലും മറക്കില്ല: പ്രധാനമന്ത്രി
പാർലമെന്റിൽ നാരീശക്തി വന്ദൻ നിയമഭേദഗതിയെ എതിർത്ത പാർട്ടികൾ സ്ത്രീശക്തിയെ നിസ്സാരമായി കാണുന്നു: പ്രധാനമന്ത്രി​
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ‘മഹായജ്ഞ’മായിരുന്നു നാരീശക്തി വന്ദൻ നിയമഭേദഗതി: പ്രധാനമന്ത്രി
കുടുംബാധിപത്യപ്പാർട്ടികൾ നാരീശക്തി വന്ദൻ നിയമത്തെ എതിർക്കുന്നതിന്റെ പ്രധാന കാരണം ഭയമാണ്: പ്രധാനമന്ത്രി
രാജ്യത്തെ നൂറുശതമാനം സ്ത്രീശക്തിയുടെയും അനുഗ്രഹം നമുക്കൊപ്പമുണ്ട്: പ്രധാനമന്ത്രി
വനിതാസംവരണത്തിനു പ്രതിബന്ധമായി നിൽക്കുന്ന ഓരോ തടസ്സവും ഞങ്ങൾ നീക്കം ചെയ്യും: പ്രധാനമന്ത്രി
സ്ത്രീകളുടെ അവകാശങ്ങൾ തട്ടിയെടുത്ത്, ഇക്കൂട്ടർ മേശപ്പുറത്തു തട്ടി ആവേശം പ്രകടിപ്പിക്കുകയായിരുന്നു; അതു സ്ത്രീകളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും നേർക്കുള്ള കടന്നാക്രമണമായിരുന്നു: പ്രധാനമന്ത്രി
വനിതാസംവരണത്തെ എതിർത്തതിലൂടെ ചെയ്ത പാപത്തിനു പ്രതിപക്ഷത്തിനു തീർച്ചയായും ശിക്ഷ ലഭിക്കും: പ്രധാനമന്ത്രി

രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പുത്രിമാരോടുമായി വളരെ പ്രധാനപ്പെട്ട വിഷയം സംസാരിക്കാനാണ് ഇന്നു ഞാൻ വന്നത്! സ്ത്രീശക്തിയുടെ കുതിപ്പ് എങ്ങനെയാണു തടയപ്പെട്ടതെന്ന് ഇന്ന് ഇന്ത്യയിലെ ഓരോ പൗരനും കണ്ടുകൊണ്ടിരിക്കുകയാണ്. അവരുടെ സ്വപ്നങ്ങൾ ക്രൂരമായി തകർ​ക്കപ്പെട്ടു. പരമാവധി ശ്രമങ്ങൾ നടത്തിയിട്ടും നമുക്കു വിജയിക്കാനായില്ല, നാരീശക്തി വന്ദൻ നിയമ ഭേദഗതി പാസാക്കാൻ സാധിച്ചില്ല! അതിന്റെ പേരിൽ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ മാപ്പു ചോദിക്കുന്നു.

സുഹൃത്തുക്കളേ,

നമുക്കു രാജ്യതാൽപ്പര്യമാണു പരമപ്രധാനം, എന്നാൽ ചില വ്യക്തികൾക്കു പാർട്ടിതാൽപ്പര്യം എല്ലാമായി മാറുമ്പോൾ, രാജ്യതാൽപ്പര്യത്തേക്കാൾ വലുതു പാർട്ടിതാൽപ്പര്യമാണെന്നു വരുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നതു സ്ത്രീശക്തിയും രാജ്യതാൽപ്പര്യവുമാണ്. ഇത്തവണയും അതുതന്നെയാണു സംഭവിച്ചത്. കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികളുടെ സ്വാർഥരാഷ്ട്രീയം രാജ്യത്തെ സ്ത്രീശക്തിയുടെ കരുത്തുകുറയാൻ കാരണമായിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്നലെ, രാജ്യത്തെ കോടാനുകോടി സ്ത്രീകളുടെ കണ്ണുകൾ പാർലമെന്റിലായിരുന്നു, രാജ്യത്തിന്റെ സ്ത്രീശക്തി ഇതു കാണുകയായിരുന്നു. സ്ത്രീകൾക്ക് അനുകൂലമായ ഈ നിർദേശം പരാജയപ്പെട്ടപ്പോൾ കോൺഗ്രസ്, ഡിഎംകെ, ടിഎംസി, എസ്‌പി തുടങ്ങിയ കുടുംബാധിപത്യപ്പാർട്ടികൾ ആഹ്ലാദത്തോടെ കൈയടിക്കുന്നതു കണ്ട് എനിക്കും വലിയ ദുഃഖം തോന്നി. സ്ത്രീകളുടെ അവകാശങ്ങൾ തട്ടിയെടുത്ത് അവർ മേശപ്പുറത്തു തട്ടി ആവേശം പ്രകടിപ്പിക്കുകയായിരുന്നു. അവർ ചെയ്തതു വെറും മേശപ്പുറത്തു തട്ടലല്ല; മറിച്ച്, സ്ത്രീകളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും ഏറ്റ പ്രഹരമായിരുന്നു. സ്ത്രീകൾ എല്ലാം മറക്കും; എന്നാൽ, അവർക്കുണ്ടായ അപമാനം അവർ ഒരിക്കലും മറക്കില്ല. അതിനാൽ, പാർലമെന്റിൽ കോൺഗ്രസും സഖ്യകക്ഷികളും കാണിച്ച ഈ പെരുമാറ്റത്തിന്റെ വേദന സ്ത്രീകളുടെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കും. രാജ്യത്തെ സ്ത്രീകൾ ഈ നേതാക്കളെ അവരുടെ പ്രദേശങ്ങളിൽ കാണുമ്പോഴെല്ലാം, വനിതാ സംവരണം തടയപ്പെട്ടപ്പോൾ പാർലമെന്റിൽ ആഘോഷിക്കുകയും ആനന്ദിക്കുകയും ചെയ്തത് ഇതേ വ്യക്തികളാണെന്ന് ഓർക്കും. ഇന്നലെ പാർലമെന്റിൽ നാരീശക്തി വന്ദൻ ഭേദഗതിയെ എതിർത്ത പാർട്ടികളോടു ഞാൻ വ്യക്തമായി പറയും: ഈ വ്യക്തികൾ സ്ത്രീശക്തിയെ നിസ്സാരമായി കാണുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ രാജ്യത്തെ ഓരോ സംഭവവും നിരീക്ഷിക്കുന്നുണ്ടെന്നും, ഇവരുടെ ഉദ്ദേശ്യങ്ങൾ അവർ തിരിച്ചറിയുന്നുണ്ടെന്നും, യാഥാർഥ്യം അവർ പൂർണമായി മനസ്സിലാക്കിയിട്ടുണ്ടെന്നും ഇക്കൂട്ടർ മറന്നുപോകുന്നു. അതിനാൽ, വനിതാസംവരണത്തെ എതിർത്തതിലൂടെ പ്രതിപക്ഷം ചെയ്ത പാപത്തിനു തീർച്ചയായും അവർക്കു ശിക്ഷ ലഭിക്കും. ഭരണഘടനാ ശിൽപ്പികളുടെ വികാരങ്ങളെക്കൂടിയാണ് ഈ പാർട്ടികൾ അപമാനിച്ചത്. ജനങ്ങളിൽനിന്നുള്ള ശിക്ഷയിൽനിന്ന് അവർക്കു രക്ഷപ്പെടാനാവില്ല.

സുഹൃത്തുക്കളേ,

നാരീശക്തി വന്ദൻ ഭേദഗതി ആരിൽനിന്നെങ്കിലും എന്തെങ്കിലും തട്ടിയെടുക്കുന്നതിനെക്കുറിച്ചായിരുന്നില്ല. നാരീശക്തി വന്ദൻ ഭേദഗതി എല്ലാവർക്കും എന്തെങ്കിലും നൽകുന്നതിനെക്കുറിച്ചായിരുന്നു. അതു നൽകുന്നതിനായുള്ള ഭേദഗതിയായിരുന്നു. കഴിഞ്ഞ 40 വർഷമായി മാറ്റിവയ്ക്കപ്പെട്ട അവകാശം, 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതൽ, സ്ത്രീകൾക്കു നൽകുന്നതിനെക്കുറിച്ചായിരുന്നു അത്.

 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലെ സ്ത്രീകൾക്കു പുതിയ അവസരങ്ങളും പുതിയ കുതിപ്പും നൽകുന്നതിനും അവരുടെ പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള മഹത്തായ ശ്രമമായിരുന്നു നാരീശക്തി വന്ദൻ ഭേദഗതി. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിനും അവകാശങ്ങൾ നൽകുന്നതിനായി വ്യക്തമായ ഉദ്ദേശ്യത്തോടും സത്യസന്ധതയോടുംകൂടി നടത്തിയ വിശുദ്ധമായ ദൗത്യമായിരുന്നു ഇത്. ഇന്ത്യയുടെ വികസനയാത്രയിൽ സ്ത്രീകളെ സഹയാത്രികരാക്കുന്നതിനും ഏവരെയും ഉൾപ്പെടുത്തുന്നതിനുമുള്ള ശ്രമമായിരുന്നു അത്. നാരീശക്തി വന്ദൻ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമാണ്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ ഓരോ സംസ്ഥാനത്തിന്റെയും കരുത്ത് ഒരുപോലെ വർധിപ്പിക്കാനുള്ള ശ്രമമായിരുന്നു നാരീശക്തി വന്ദൻ ഭേദഗതി. പാർലമെന്റിൽ ഓരോ സംസ്ഥാനത്തിന്റെയും ശബ്ദത്തിനു കൂടുതൽ കരുത്തു നൽകാനുള്ള ശ്രമമായിരുന്നു ഇത്. സംസ്ഥാനം ചെറുതോ വലുതോ ആകട്ടെ, ജനസംഖ്യ കുറവോ കൂടുതലോ ആകട്ടെ, എല്ലാവരുടെയും കരുത്ത് ഒരേ അനുപാതത്തിൽ വർധിപ്പിക്കാനാണ് ഇതു ശ്രമിച്ചത്. എന്നാൽ ഈ സത്യസന്ധമായ ശ്രമത്തെ കോൺഗ്രസും സഖ്യകക്ഷികളും ചേർന്നു പാർലമെന്റിൽ ഭ്രൂണഹത്യക്ക് ഇരയാക്കിയിരിക്കുകയാണ്; അതെ ഭ്രൂണഹത്യ. കോൺഗ്രസ്, ടിഎംസി, സമാജ്‌വാദി പാർട്ടി, ഡിഎംകെ - ഈ പാർട്ടികളാണ് ഈ ഭ്രൂണഹത്യക്ക് ഉത്തരവാദികൾ. അവർ രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരായ കുറ്റവാളികളാണ്, രാജ്യത്തെ സ്ത്രീശക്തിക്കെതിരായ കുറ്റവാളികളാണ്.

സുഹൃത്തുക്കളേ,

​വനിതാസംവരണമെന്ന വിഷയത്തോടുതന്നെ കോൺഗ്രസിനു വിദ്വേഷമാണ്. വനിതാസംവരണം തടയാൻ അവർ എപ്പോഴും ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഓരോ തവണയും ഈ ദിശയിൽ ശ്രമങ്ങൾ നടന്നപ്പോഴെല്ലാം കോൺഗ്രസ് അവ തടസ്സപ്പെടുത്തി. ഇത്തവണയും വനിതാസംവരണം തടയാനായി കോൺഗ്രസും സഖ്യകക്ഷികളും ഒന്നിനുപുറകെ ഒന്നായി അസത്യങ്ങളെയാണ് ആശ്രയിച്ചത്. ചിലപ്പോൾ കണക്കുകളെ ചൊല്ലിയും മറ്റു ചിലപ്പോൾ മറ്റു രീതികളിലും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണു കോൺഗ്രസും സഖ്യകക്ഷികളും ശ്രമിച്ചത്. ഇതിലൂടെ ഇന്ത്യയിലെ സ്ത്രീശക്തിക്കു മുന്നിൽ ഈ പാർട്ടികൾ യഥാർഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ്. അവർ അവരുടെ മുഖംമൂടി അഴിച്ചുവച്ചിരിക്കുന്നു.

സുഹൃത്തുക്കളേ,

വ്യക്തിപരമായി, പതിറ്റാണ്ടുകൾ പഴക്കമുള്ള തെറ്റ് കോൺഗ്രസ് തിരുത്തുമെന്നു ഞാൻ പ്രത്യാശിച്ചിരുന്നു. കോൺഗ്രസ് അവരുടെ പാപങ്ങളിൽ പശ്ചാത്തപിക്കുമെന്നു ഞാൻ കരുതി. എന്നാൽ ചരിത്രം സൃഷ്ടിക്കാനും സ്ത്രീപക്ഷത്തു നിലയുറപ്പിക്കാനുമുള്ള അവസരം കോൺഗ്രസ് നഷ്ടപ്പെടുത്തി. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കോൺഗ്രസിന് അതിന്റെ നിലനിൽപ്പു നേരത്തെതന്നെ നഷ്ടമായിക്കഴിഞ്ഞു. പ്രാദേശിക പാർട്ടികളുടെ തോളിലേറി പരാദത്തെപ്പോലെയാണു കോൺഗ്രസ് അതിജീവിക്കുന്നത്. എന്നാൽ, പ്രാദേശിക പാർട്ടികൾ കരുത്താർജിക്കുന്നതുപോലും കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. അതിനാൽ, ഈ ഭേദഗതിയെ എതിർക്കാൻ പ്രേരിപ്പിച്ച്, പല പ്രാദേശിക പാർട്ടികളുടെയും ഭാവി ഇരുട്ടിലാക്കാൻ കോൺഗ്രസ് രാഷ്ട്രീയ ഗൂഢാലോചന നടത്തി.

സുഹൃത്തുക്കളേ,

കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, ടിഎംസി തുടങ്ങിയ പാർട്ടികൾ ഇത്രയും വർഷങ്ങളായി ഓരോ തവണയും ഇതേ ഒഴികഴിവുകളും ഇതേ അസത്യവാദങ്ങളും ഉന്നയിച്ച്, എപ്പോഴും എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നിരത്തി സ്ത്രീകളുടെ അവകാശങ്ങൾ കൊള്ളയടിക്കുകയാണു ചെയ്തത്. രാഷ്ട്രീയത്തിലെ ഈ വൃത്തികെട്ട രീതി രാജ്യം മനസ്സിലാക്കിക്കഴിഞ്ഞു; അതിനുപിന്നിലെ കാരണവും തിരിച്ചറിഞ്ഞിട്ടുണ്ട്.

 

സഹോദരീസഹോദരന്മാരേ,

നാരീശക്തി വന്ദൻ നിയമത്തോടുള്ള എതിർപ്പിന്റെ പ്രധാന കാരണം ഈ കുടുംബാധിപത്യപ്പാർട്ടികളുടെ ഭയമാണ്. സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടാൽ കുടുംബാധിപത്യം അപകടത്തിലാകുമെന്ന് അവർ ഭയപ്പെടുന്നു. സ്വന്തം കുടുംബത്തിനു പുറത്തുള്ള സ്ത്രീകൾ മുന്നോട്ടുവരുന്നത് അവർ ഒരിക്കലും ആഗ്രഹിക്കില്ല. ഇന്നു പഞ്ചായത്തുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിനു സ്ത്രീകൾ കഴിവു തെളിയിച്ചിട്ടുണ്ട്. അവർ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും കടന്നുവരാൻ ആഗ്രഹിക്കുമ്പോൾ, രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുമ്പോൾ, ഈ കുടുംബാധിപത്യപ്പാർട്ടികൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. മണ്ഡല പുനർനിർണയത്തിനുശേഷം സ്ത്രീകൾക്കായി കൂടുതൽ സീറ്റുകൾ ഉണ്ടാകും; സ്ത്രീകളുടെ പദവി ഉയരും; അതുകൊണ്ടാണ് ഇക്കൂട്ടർ നാരീശക്തി വന്ദൻ ഭേദഗതിയെ എതിർത്തത്. ചെയ്ത ഈ പാപത്തിനു രാജ്യത്തെ സ്ത്രീശക്തി കോൺഗ്രസിനോടും സഖ്യകക്ഷികളോടും ഒരിക്കലും ക്ഷമിക്കില്ല.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,

മണ്ഡല പുനർനിർണയത്തെക്കുറിച്ചു കോൺഗ്രസും സഖ്യകക്ഷികളും നിരന്തരം അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇതിന്റെ മറവിൽ ഭിന്നിപ്പിന്റെ തീ ആളിക്കത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. കാരണം, “വിഭജിച്ചു ഭരിക്കുക” എന്ന രാഷ്ട്രീയം ബ്രിട്ടീഷുകാരിൽനിന്നു കോൺഗ്രസിനു പാരമ്പര്യമായി ലഭിച്ചതാണ്. ഇന്നും കോൺഗ്രസ് അതേ പാതയിലാണു സഞ്ചരിക്കുന്നത്. രാജ്യത്തു വിള്ളലുകൾ സൃഷ്ടിക്കുന്ന വികാരങ്ങളെയാണു കോൺഗ്രസ് എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. അതിനാൽ, മണ്ഡല പുനർനിർണയം ചില സംസ്ഥാനങ്ങൾക്കു ദോഷം ചെയ്യുമെന്ന കള്ളം അവർ പ്രചരിപ്പിച്ചു! എന്നാൽ ഒരു സംസ്ഥാനത്തിന്റെയും പങ്കാളിത്ത അനുപാതത്തിൽ മാറ്റം വരില്ലെന്നും ആരുടെയും പ്രാതിനിധ്യം കുറയില്ലെന്നും ആദ്യ ദിവസം മുതൽ ഗവണ്മെന്റ് വ്യക്തമാക്കിയതാണ്. യഥാർഥത്തിൽ, എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകൾ ഒരേ അനുപാതത്തിൽ വർധിക്കുകയാണു ചെയ്യുക. എന്നിട്ടും കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്‌വാദി പാർട്ടി എന്നിവർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല.

സുഹൃത്തുക്കളേ,

​ഈ ഭേദഗതി ബിൽ എല്ലാ പാർട്ടികൾക്കും എല്ലാ സംസ്ഥാനങ്ങൾക്കും ലഭിച്ച അവസരമായിരുന്നു. ഈ ബിൽ പാസായിരുന്നെങ്കിൽ തമിഴ്‌നാട്, ബംഗാൾ, ഉത്തർപ്രദേശ്, കേരളം തുടങ്ങി ഓരോ സംസ്ഥാനത്തെയും സീറ്റുകൾ വർധിക്കുമായിരുന്നു. എന്നാൽ സ്വാർഥരാഷ്ട്രീയം കാരണം ഈ പാർട്ടികൾ സ്വന്തം സംസ്ഥാനത്തെ ജനങ്ങളെപ്പോലും വഞ്ചിച്ചു. ഉദാഹരണത്തിന്, കൂടുതൽ തമിഴ് വംശജരെ എംപിമാരും എംഎൽഎമാരുമാക്കാനും തമിഴ്‌നാടിന്റെ ശബ്ദത്തിനു കരുത്തേകാനും ഡിഎംകെക്ക് അവസരമുണ്ടായിരുന്നു! എന്നാൽ ആ അവസരം അവർ നഷ്ടപ്പെടുത്തി. ബംഗാളിലെ ജനങ്ങളെ മുന്നിലെത്തിക്കാൻ ടിഎംസിക്കും അവസരമുണ്ടായിരുന്നു. എന്നാൽ ടിഎംസിയും ആ അവസരം കളഞ്ഞുകുളിച്ചു. സമാജ്‌വാദി പാർട്ടിക്കു സ്ത്രീവിരുദ്ധ പ്രതിച്ഛായ എന്ന കറ മായ്ക്കാനുള്ള അവസരമായിരുന്നു ഇത്. എന്നാൽ എസ്‌പിയും അതു പാഴാക്കി. എസ്‌പി ഇപ്പോൾത്തന്നെ ലോഹിയ ജിയെ മറന്നുകഴിഞ്ഞു. നാരീശക്തി വന്ദൻ ഭേദഗതിയെ എതിർത്തതിലൂടെ ലോഹിയ ജിയുടെ എല്ലാ സ്വപ്നങ്ങളെയും എസ്‌പി ചവിട്ടിമെതിച്ചു. എസ്‌പി വനിതാസംവരണത്തിന് എതിരാണ്. ഉത്തർപ്രദേശിലെയും രാജ്യത്തെയും സ്ത്രീകൾ ഇത് ഒരിക്കലും മറക്കില്ല.

 

സുഹൃത്തുക്കളെ,

വനിതാ സംവരണത്തെ എതിർത്തതിലൂടെ കോൺഗ്രസ് പരിഷ്കരണ വിരുദ്ധ പാർട്ടിയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. 21-ാം നൂറ്റാണ്ടിലെ വികസിത ഇന്ത്യക്കായി എന്ത് തീരുമാനങ്ങൾ, എന്ത് പരിഷ്കാരങ്ങൾ ആവശ്യമാണോ, രാജ്യം എന്ത് തീരുമാനങ്ങൾ എടുക്കുന്നുവോ, കോൺഗ്രസ് അവയെ എതിർക്കുന്നു, തള്ളിക്കളയുന്നു, തടസ്സപ്പെടുത്തുന്നു. ഇതാണ് കോൺഗ്രസിന്റെ ചരിത്രം, ഇതാണ് കോൺഗ്രസിന്റെ നിഷേധാത്മക രാഷ്ട്രീയം.

സുഹൃത്തുക്കളെ,

ജൻധൻ-ആധാർ-മൊബൈൽ എന്ന ത്രിത്വത്തെ എതിർത്തതും ഇതേ കോൺഗ്രസ് തന്നെയാണ്. ഡിജിറ്റൽ പണമിടപാടുകളെ കോൺഗ്രസ്   എതിർത്തു.  ജിഎസ്ടിയെ കോൺഗ്രസ് എതിർത്തു. പൊതുവിഭാഗത്തിലെ ദരിദ്രർക്കുള്ള സംവരണത്തെ കോൺഗ്രസ് എതിർത്തു. മുത്തലാഖിനെതിരായ നിയമത്തെ കോൺഗ്രസ് എതിർത്തു. അനുച്ഛേദം 370 നീക്കം ചെയ്യുന്നതിനെ കോൺഗ്രസ് എതിർത്തു. ഏകീകൃത സിവിൽ കോഡ്, UCC ആവശ്യമാണെന്ന് നമ്മുടെ ഭരണഘടനയും കോടതികളും പറഞ്ഞിട്ടുണ്ട്, എന്നാൽ കോൺഗ്രസ് അതിനെയും എതിർക്കുന്നു. പരിഷ്കരണത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ തന്നെ കോൺഗ്രസ് പ്രതിഷേധ പ്ലക്കാർഡുകളുമായി പായുന്നു. രാജ്യത്തെ ശക്തിപ്പെടുത്തുന്ന ഏത് പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്താൻ കോൺഗ്രസ് അതിന്റെ എല്ലാ ശക്തിയും പ്രയോഗിക്കുന്നു.  'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നതിനെ കോൺഗ്രസ് എതിർക്കുന്നു. രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനെ കോൺഗ്രസ് എതിർക്കുന്നു. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന എസ്ഐആർ നെ കോൺഗ്രസ് എതിർക്കുന്നു. വഖഫ് ബോർഡിലെ പരിഷ്കാരങ്ങളെ കോൺഗ്രസ് എതിർക്കുന്നു.

സുഹൃത്തുക്കളെ,

അഭയാർത്ഥികൾക്ക് സുരക്ഷ നൽകിയ സിഎഎ (CAA) നിയമത്തെ പോലും കോൺഗ്രസ് എതിർത്തു. അതിനെതിരെ നുണ പറഞ്ഞും കുപ്രചരണങ്ങൾ നടത്തിയും രാജ്യത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. മാവോയിസ്റ്റ്-നക്സലൈറ്റ് അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ കോൺഗ്രസ് തടസ്സപ്പെടുത്തുന്നു. കോൺഗ്രസിന് ഒരു രീതി മാത്രമേയുള്ളൂ: പരിഷ്കാരം വരുമ്പോഴെല്ലാം നുണ പറയുക, ആശയക്കുഴപ്പം പ്രചരിപ്പിക്കുക. ചരിത്രം സാക്ഷിയാണ്, കോൺഗ്രസ് എപ്പോഴും ഈ നിഷേധാത്മക പാതയാണ് തിരഞ്ഞെടുത്തത്.

സുഹൃത്തുക്കളെ,

രാജ്യത്തിന് ആവശ്യമായ എന്ത് തീരുമാനമെടുത്താലും കോൺഗ്രസ് അതിനെ ചവുട്ടിത്താഴ്ത്തുന്നു. കോൺഗ്രസിന്റെ ഈ മനോഭാവം കാരണം ഇന്ത്യയ്ക്ക് അർഹിക്കുന്ന വികസനത്തിന്റെ ഉയരങ്ങളിൽ എത്താനായില്ല. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് മറ്റ് പല രാജ്യങ്ങളും നമുക്കൊപ്പം സ്വതന്ത്രമായിരുന്നു. ആ രാജ്യങ്ങളിൽ ഭൂരിഭാഗവും നമ്മളെക്കാൾ വളരെ മുന്നിലെത്തി, അതിന്റെ കാരണം ഇവിടെ കോൺഗ്രസ് ഓരോ പരിഷ്കാരത്തെയും തടഞ്ഞുകൊണ്ടിരുന്നു എന്നതാണ്. വൈകിപ്പിക്കുക, വഴിതിരിച്ചുവിടുക, തടസ്സപ്പെടുത്തുക - ഇതായിരുന്നു കോൺഗ്രസിന്റെ തത്വം, ഇതായിരുന്നു കോൺഗ്രസിന്റെ പ്രവർത്തന സംസ്കാരം. അയൽരാജ്യങ്ങളുമായുള്ള അതിർത്തി തർക്കങ്ങൾ കോൺഗ്രസ് നീട്ടിക്കൊണ്ടുപോയി. പാകിസ്ഥാനുമായുള്ള നദീജല തർക്കങ്ങളിൽ കോൺഗ്രസ് കാലതാമസം വരുത്തി. ഒബിസി സംവരണ കാര്യത്തിൽ കോൺഗ്രസ് 40 വർഷം തീരുമാനമെടുക്കാതെ വൈകിപ്പിച്ചു. സൈനികർക്കുള്ള വൺ റാങ്ക് വൺ പെൻഷൻ പദ്ധതി കോൺഗ്രസ് 40 വർഷം വൈകിപ്പിച്ചു.

സുഹൃത്തുക്കളെ,

കോൺഗ്രസിന്റെ ഈ മനോഭാവം രാജ്യത്തിന് എപ്പോഴും വലിയ ദോഷം ചെയ്തിട്ടുണ്ട്. കോൺഗ്രസിൻ്റെ എല്ലാ എതിർപ്പുകളും, എല്ലാ തീരുമാനങ്ങളും, എല്ലാ വഞ്ചനകളും രാഷ്ട്രം അനുഭവിച്ചിട്ടുണ്ട്. രാജ്യത്തെ തലമുറകളും അനുഭവിച്ചു. ഇന്ന് രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളെല്ലാം കോൺഗ്രസിന്റെ ഈ മനോഭാവത്തിൽ നിന്ന് ഉടലെടുത്തതാണ്. അതിനാൽ, ഈ പോരാട്ടം വെറും ഒരു നിയമത്തിന് വേണ്ടിയല്ല, ഈ പോരാട്ടം കോൺഗ്രസിന്റെ പരിഷ്കരണ വിരുദ്ധ മനോഭാവത്തിനെതിരെയാണ്, അത് പൂർണ്ണമായും നിഷേധാത്മകത നിറഞ്ഞതാണ്. കോൺഗ്രസിന്റെ ഈ മനോഭാവത്തിന് രാജ്യത്തെ വനിതകളും പെൺമക്കളും ശക്തമായ മറുപടി നൽകുമെന്നതിൽ എനിക്ക് സംശയമില്ല.

സുഹൃത്തുക്കളെ,

രാജ്യത്തെ വനിതകളുടെ സ്വപ്നങ്ങൾ തകരുന്നത് ഗവണ്മെന്റിന്റെ പരാജയമാണെന്ന് ചിലർ പറയുന്നു. എന്നാൽ ഈ വിഷയം ഒരിക്കലും വിജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ആയിരുന്നില്ല, ഒരിക്കലും ക്രെഡിറ്റിനെക്കുറിച്ചും ആയിരുന്നില്ല. പാർലമെന്റിലും ഞാൻ പറഞ്ഞിരുന്നു: ജനസംഖ്യയുടെ പകുതി പേർക്കും അവരുടെ അവകാശങ്ങൾ ലഭിക്കട്ടെ, പ്രതിപക്ഷത്തെ എല്ലാവരുടെയും ഫോട്ടോകൾ വെച്ച് പരസ്യങ്ങൾ നൽകി ഞാൻ അതിന്റെ ക്രെഡിറ്റ് അവർക്ക് നൽകാം. എന്നാൽ വനിതകളെ പഴഞ്ചൻ ചിന്താഗതിയോടെ നോക്കിക്കാണുന്നവർ  ഇപ്പോഴും നുണകളിൽ മുറുകെ പിടിക്കുന്നു, ഉറച്ചുനിൽക്കുന്നു!

സുഹൃത്തുക്കളെ,

വനിതകൾക്ക് ഭരണപങ്കാളിത്തം നൽകാനുള്ള പോരാട്ടം പതിറ്റാണ്ടുകളായി നടക്കുന്നു. വർഷങ്ങളായി ഞാനും അതിനായി പരിശ്രമിക്കുന്നവരിൽ ഒരാളാണ്. എത്രയോ സ്ത്രീകൾ ഈ വിഷയം എന്റെ മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. എത്രയോ സഹോദരിമാർ എല്ലാം വിശദീകരിച്ച് എനിക്ക് കത്തുകൾ എഴുതിയിട്ടുണ്ട്. എന്റെ രാജ്യത്തെ അമ്മമാരേ, സഹോദരിമാരേ, മക്കളേ - നിങ്ങൾ എല്ലാവരും ഇന്ന് സങ്കടത്തിലാണെന്ന് എനിക്കറിയാം. നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ബില്ല് പാസാക്കാൻ ആവശ്യമായ 66 ശതമാനം വോട്ട് ഇന്ന് നമുക്ക് ലഭിച്ചില്ലെങ്കിലും, രാജ്യത്തെ 100 ശതമാനം സ്ത്രീശക്തിയും ഞങ്ങളെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. രാജ്യത്തെ ഓരോ സ്ത്രീയ്ക്കും ഞാൻ ഉറപ്പ് നൽകുന്നു: വനിതാ  സംവരണത്തിന്റെ പാതയിലെ എല്ലാ തടസ്സങ്ങളും ഞങ്ങൾ നീക്കം ചെയ്യും. ഞങ്ങളുടെ ധൈര്യം വളരെ വലുതാണ്, ഞങ്ങളുടെ നിശ്ചയദാർഢ്യം തകർക്കാനാവാത്തതാണ്, ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്. വനിതാ സംവരണത്തെ എതിർക്കുന്ന പാർട്ടികൾക്ക് ഈ രാജ്യത്തെ സ്ത്രീശക്തി പങ്കാളിത്തം പാർലമെന്റിലും നിയമസഭകളിലും വർദ്ധിപ്പിക്കുന്നതിൽ നിന്ന് തടയാൻ ഒരിക്കലും സാധിക്കുകയില്ല. ഇത് സമയത്തിന്റെ മാത്രം കാര്യമാണ്. സ്ത്രീശക്തിയെ ശാക്തീകരിക്കാനുള്ള ബിജെപി-എൻഡിഎയുടെ ദൃഢനിശ്ചയം മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഞങ്ങൾക്ക് അംഗബലം ഉണ്ടായിരുന്നില്ല, പക്ഷേ അതിനർത്ഥം ഞങ്ങൾ തോറ്റു എന്നല്ല. ഞങ്ങളുടെ ആന്തരിക കരുത്ത് അജയ്യമാണ്. ഞങ്ങളുടെ പ്രയത്നം നിലയ്ക്കില്ല, ഞങ്ങളുടെ പരിശ്രമം അവസാനിക്കില്ല. നമുക്ക് മുന്നിൽ ഇനിയും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. പകുതി ജനസംഖ്യയുടെ സ്വപ്നങ്ങൾക്കായി, രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി, ഈ ദൃഢനിശ്ചയം നമ്മൾ നിറവേറ്റണം. എല്ലാവർക്കും വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Moving beyond Western paradigms: The geopolitical lesson of India’s multi-alignment

Media Coverage

Moving beyond Western paradigms: The geopolitical lesson of India’s multi-alignment
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives in a mishap in Surat, Gujarat
June 02, 2026
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi today expressed deep pain over the tragic mishap in Surat district, Gujarat. He extended his heartfelt condolences to those who have lost their loved ones and prayed for the earliest recovery of the injured. The Prime Minister noted that rescue operations are underway and authorities are providing all possible assistance at the accident site.

The Prime Minister has announced an ex-gratia of Rs. 2 lakh from the Prime Minister’s National Relief Fund (PMNRF) for the next of kin of each deceased. Shri Modi also noted that Rs. 50,000 would be provided to those who sustained injuries in the incident.

The Prime Minister posted on X:

"Deeply pained to hear about a mishap in Surat district, Gujarat. My condolences to those who have lost their loved ones. May the injured recover at the earliest. Rescue operations are underway and authorities are providing all possible assistance at the accident site.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM"