നമസ്കാരം! ഖുലുംബായ്!
എന്തൊക്കെയുണ്ട് വിശേഷങ്ങൾ? മാഘ് ബിഹു, മാഘ് ദൊമാശി ആഘോഷങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും സ്നേഹവും.
അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സർബാനന്ദ സോനോവാൾ ജി, പബിത്ര മാർഗരിറ്റ ജി, അസം നിയമസഭാ സ്പീക്കർ ബിശ്വജിത് ദോയ്മാരി ജി, ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് മെമ്പർ ഹാഗ്രാമാ മോഹീലാരി ജി, സംസ്ഥാന ഗവൺമെന്റ് മന്ത്രിമാർ, വിശിഷ്ട പൗരന്മാരായ സഹോദരീസഹോദരന്മാരേ, അസമിലെ എന്റെ സഹോദരീസഹോദരന്മാരേ,

അസമിന്റെ സംസ്കാരത്തെയും ഇവിടുത്തെ ബോഡോ പാരമ്പര്യങ്ങളെയും അടുത്തറിയാൻ എനിക്ക് അവസരം ലഭിക്കുന്നത് എന്റെ ഭാഗ്യമാണ്. പ്രധാനമന്ത്രി എന്ന നിലയിൽ, ഞാൻ അസമിൽ വന്ന ഇത്രയുമധികം തവണ ഇതുവരെ ഒരു പ്രധാനമന്ത്രിയും വന്നിട്ടില്ല. അസമിലെ കലയ്ക്കും സംസ്കാരത്തിനും വലിയൊരു വേദി ലഭിക്കണമെന്നത് എന്റെ എന്നത്തേയും ആഗ്രഹമാണ്. മഹത്തായ പരിപാടികളിലൂടെ അതിന്റെ സ്വത്വം രാജ്യത്തും ലോകത്തും സ്ഥാപിക്കപ്പെടണം. ഇതിനായി മുമ്പും നിരന്തര ശ്രമങ്ങൾ നടന്നിട്ടുണ്ട്. വലിയ തോതിലുള്ള ബിഹു ആഘോഷങ്ങളാകട്ടെ, ജുമൈർ ബിനോദിനിയുടെ ആവിഷ്കാരമാകട്ടെ, ഒന്നര വർഷം മുമ്പ് ഡൽഹിയിൽ നടന്ന ഗംഭീരമായ ബോഡോലാൻഡ് ഫെസ്റ്റിവലാകട്ടെ, അല്ലെങ്കിൽ മറ്റ് സാംസ്കാരിക പരിപാടികളാകട്ടെ, അസമിലെ കലയിലും സംസ്കാരത്തിലുമുള്ള വിസ്മയാവഹമായ സന്തോഷം അനുഭവിക്കാനുള്ള ഒരവസരവും ഞാൻ പാഴാക്കാറില്ല. ഇന്ന് ഒരിക്കൽ കൂടി, ഈ ബാഗുറൂമ്പ പരിപാടി നടക്കുകയാണ്. ഇത് ബോഡോ സ്വത്വത്തിന്റെ സജീവമായ ആഘോഷമാണ്. ബോഡോ സമൂഹത്തോടും അസമിന്റെ പൈതൃകത്തോടുമുള്ള ആദരവ് കൂടിയാണ് ഇത്. ഈ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ ആളുകൾക്കും, പ്രത്യേകിച്ച് എല്ലാ കലാകാരന്മാർക്കും, ഞാൻ എന്റെ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.
സുഹൃത്തുക്കളേ,
‘ബാഗുറൂമ്പ ദോഹോ’ എന്നത് വെറുമൊരു ഉത്സവമല്ല. അത് നമ്മുടെ മഹത്തായ ബോഡോ പാരമ്പര്യത്തെ ആദരിക്കാനുള്ള ഒരു മാധ്യമമാണ്. ബോഡോ സമൂഹത്തിലെ മഹദ്‌വ്യക്തികളെ സ്മരിക്കാനുള്ള ഒരു മാധ്യമവുമാണ്. ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മ, ഗുരുദേവ് കാളിചരൺ ബ്രഹ്മ, രൂപ്നാഥ് ബ്രഹ്മ, സതീഷ് ചന്ദ്ര ബസുമതാരി, മൊറദം ബ്രഹ്മ, കങ്കേശ്വർ നർസരി തുടങ്ങി സാമൂഹിക പരിഷ്കരണത്തിനും സാംസ്കാരിക നവോത്ഥാനത്തിനും രാഷ്ട്രീയ ബോധത്തിനും ശക്തി പകർന്ന ഇത്തരം നിരവധി മഹദ്‌വ്യക്തികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ അവസരത്തിൽ ബോഡോ സമൂഹത്തിലെ എല്ലാ മഹദ്‌വ്യക്തികളെയും ഞാൻ ആദരപൂർവ്വം വണങ്ങുന്നു.
സുഹൃത്തുക്കളേ,
അസമിന്റെ സംസ്കാരത്തെ അഖിലേന്ത്യാ തലത്തിലെ അഭിമാനമായാണ് ബിജെപി കണക്കാക്കുന്നത്. അസമിന്റെ ഭൂതകാലത്തിലൂടെയും ചരിത്രത്തിലൂടെയും മാത്രമേ ഇന്ത്യയുടെ ചരിത്രം പൂർണ്ണമാകൂ. അതുകൊണ്ടാണ് ബിജെപി ഗവൺമെന്റ് ഭരണത്തിൽ ബാഗുറൂമ്പ ദോഹോ പോലുള്ള വലിയ സാംസ്കാരിക ഉത്സവങ്ങൾ നടക്കുന്നത്, ബിഹുവിന് ദേശീയ അംഗീകാരം ലഭിക്കുന്നത്, ഞങ്ങളുടെ ശ്രമങ്ങളിലൂടെ ചരൈഡിയോ മൊയ്‌ദാം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിക്കുന്നത്, അസമീസ് ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിക്കുന്നത്.
സഹോദരീസഹോദരന്മാരേ,
ബോഡോ ഭാഷയ്ക്ക് അസമിന്റെ അസോസിയേറ്റ് ഔദ്യോഗിക ഭാഷാ പദവിയും ഞങ്ങൾ നൽകിയിട്ടുണ്ട്. ബോഡോ ഭാഷയിലെ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ പ്രത്യേക ഡയറക്ടറേറ്റും സ്ഥാപിച്ചു. ഞങ്ങളുടെ ഈ പ്രതിബദ്ധത കാരണം 'ബാതൗ' മതത്തിന് പൂർണ്ണ ആദരവോടെയുള്ള അംഗീകാരം ലഭിച്ചു, ബാതൗ പൂജയ്ക്ക് സംസ്ഥാന അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു വശത്ത് ധീരയോദ്ധാവായ ലാച്ചിത് ബോർഫുകന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കുകയും അതേസമയം തന്നെ ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തത് ബിജെപി ഗവൺമെന്റാണ്. അതുപോലെ ശ്രീമന്ത ശങ്കർദേവിന്റെ ഭക്തിയുടെയും സാമൂഹിക ഐക്യത്തിന്റെയും പാരമ്പര്യം, ജ്യോതി പ്രസാദ് അഗർവാല ജിയുടെ കലയും ബോധവും - അസമിന്റെ എല്ലാ പൈതൃകത്തെയും അഭിമാനത്തെയും ബഹുമാനിക്കുന്നത് ബിജെപി ഗവൺമെന്റ് വലിയ ഭാഗ്യമായി കരുതുന്നു. യാദൃശ്ചികമെന്നു പറയട്ടെ, ഇന്ന് ജ്യോതി പ്രസാദ് അഗർവാല ജിയുടെ ചരമവാർഷികം കൂടിയാണ്. ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

സുഹൃത്തുക്കളേ,
ഇന്ന് ഞാൻ ഇവിടെ വരുമ്പോൾ എന്റെ മനസ്സ് നിറയെ ചിന്തകളാണ്! എന്റെ അസം ഇത്രത്തോളം മുന്നേറുന്നുവെന്ന് ചിന്തിക്കുമ്പോൾ ഞാൻ വികാരഭരിതനാകുന്നു. ഓരോ ദിവസവും രക്തച്ചൊരിച്ചിൽ നടന്നിരുന്ന ഒരിടത്ത് ഇന്ന് സംസ്കാരത്തിന്റെ അത്ഭുതകരമായ വർണ്ണങ്ങൾ വിരിയുന്നു! വെടിയുണ്ടകളുടെ മുഴക്കം കേട്ടിരുന്ന ഇടത്ത് ഇന്ന് ഖാം, സിഫുങ് എന്നിവയുടെ മധുരനാദങ്ങൾ മുഴങ്ങുന്നു. മുമ്പ് നിരോധനാജ്ഞയുടെ നിശബ്ദത ഉണ്ടായിരുന്നിടത്ത് ഇന്ന് സംഗീതത്തിന്റെ താളങ്ങൾ പ്രതിധ്വനിക്കുന്നു. മുമ്പ് അശാന്തിയും അസ്ഥിരതയും ഉണ്ടായിരുന്നിടത്ത് ഇന്ന് ബാഗുറൂമ്പയുടെ ആകർഷക പ്രകടനങ്ങൾ നടക്കാൻ പോകുന്നു. ഇത്തരം വലിയൊരു പരിപാടി അസമിന്റെ മാത്രം നേട്ടമല്ല. ഈ നേട്ടം ഇന്ത്യയുടേത് കൂടിയാണ്. അസമിലെ ഈ മാറ്റത്തിൽ ഓരോ നാട്ടുകാരനും അഭിമാനിക്കുന്നു.
സുഹൃത്തുക്കളേ,
എന്റെ അസമീസ് ജനത, എന്റെ ബോഡോ സഹോദരീസഹോദരന്മാർ ഇതിനായി എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഞാൻ സംതൃപ്തനാണ്. സമാധാനത്തിന്റെയും വികസനത്തിന്റെയും ഉത്തരവാദിത്തം നിങ്ങൾ ഇരട്ട എഞ്ചിൻ ഗവൺമെന്റിന് നൽകി, നിങ്ങളുടെ അനുഗ്രഹത്താൽ ഞങ്ങൾ അത് നിറവേറ്റിക്കാണിച്ചു. വർഷങ്ങളായി നിലനിന്നിരുന്ന സംഘർഷങ്ങൾക്ക് 2020-ലെ ബോഡോ സമാധാന കരാർ അന്ത്യം കുറിച്ചു. ഈ കരാറിന് ശേഷം വിശ്വാസം തിരിച്ചുവരികയും ആയിരക്കണക്കിന് യുവാക്കൾ അക്രമത്തിന്റെ പാത വെടിഞ്ഞ് മുഖ്യധാരയിലേക്ക് മടങ്ങുകയും ചെയ്തു. കരാറിന് ശേഷം ബോഡോ മേഖലയിൽ വിദ്യാഭ്യാസത്തിനും വികസനത്തിനുമായി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു; സമാധാനം ക്രമസമാധാന പാലനത്തിൽ മാത്രം ഒതുങ്ങാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി, ഇതിൽ നിങ്ങളുടെ പരിശ്രമങ്ങളാണ് ഏറ്റവും വലിയ പങ്ക് വഹിച്ചത്.
സുഹൃത്തുക്കളേ,
അസമിന്റെ സമാധാനത്തിന്റെയും വികസനത്തിന്റെയും അഭിമാനത്തിന്റെയും കേന്ദ്രബിന്ദു അസമിലെ യുവാക്കളാണ്. സമാധാനം സ്ഥാപിക്കുന്നതിനായി അസമിലെ യുവാക്കൾ തിരഞ്ഞെടുത്ത പാതയെ എനിക്കും നിങ്ങൾക്കും ഒരുമിച്ച് ശോഭനമായ ഭാവിയിലേക്ക് നയിക്കേണ്ടതുണ്ട്. സമാധാന കരാർ വന്നതുമുതൽ ബോഡോലാൻഡിന്റെ വികസനത്തിനായി ഞങ്ങളുടെ ഗവൺമെന്റ് നിരന്തരം പ്രവർത്തിക്കുന്നു. പുനരധിവാസ പ്രക്രിയ ഗവൺമെന്റ് വേഗത്തിൽ മുന്നോട്ട് കൊണ്ടുപോയി; ആയിരക്കണക്കിന് യുവാക്കൾക്ക് ഒരു പുതിയ തുടക്കം കുറിക്കാൻ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം നൽകി!

സുഹൃത്തുക്കളേ,
ബിജെപി ഗവൺമെന്റിന്റെ പരിശ്രമത്തിന്റെ ഫലം ഇന്ന് നമുക്ക് മുന്നിലുണ്ട്. കഴിവുള്ള എന്റെ ബോഡോ യുവാക്കൾ ഇന്ന് അസമിന്റെ സാംസ്കാരിക അംബാസഡർമാരായി മാറുകയാണ്. ബോഡോ സമൂഹത്തിലെ പുത്രന്മാരും പുത്രിമാരും കായികരംഗത്തും നേട്ടങ്ങൾ കൈവരിക്കുന്നു. ഇന്ന് പുതിയ ആത്മവിശ്വാസത്തോടെ അവർ പുതിയ സ്വപ്നങ്ങൾ കാണുന്നു, അവ നിറവേറ്റുന്നു, ഒപ്പം അസമിന്റെ വികസനത്തിന് വേഗത പകരുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
അസമിന്റെ കലയെയും സംസ്കാരത്തെയും സ്വത്വത്തെയും ഞങ്ങൾ ബഹുമാനിക്കുമ്പോൾ ചിലർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അസമിന് ലഭിക്കുന്ന ബഹുമാനം ഇഷ്ടപ്പെടാത്തത് ഏത് പാർട്ടിക്കാർക്കാണെന്ന് നിങ്ങൾക്കറിയില്ലേ? ഉത്തരം ഒന്ന് മാത്രം - കോൺഗ്രസ് പാർട്ടി! ഭൂപൻ ഹസാരിക ജിക്ക് ഭാരതരത്ന നൽകുന്നതിനെ എതിർത്ത പാർട്ടി ഏതാണ്? കോൺഗ്രസ് പാർട്ടി! അസമിലെ സെമി കണ്ടക്ടർ യൂണിറ്റിനെ എതിർത്തത് ഏത് പാർട്ടിയാണ്? കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ ഒരു മന്ത്രി തന്നെ, അദ്ദേഹം കോൺഗ്രസിന്റെ ദേശീയ അധ്യക്ഷന്റെ മകൻ കൂടിയാണ്. അസമിൽ സെമി കണ്ടക്ടർ യൂണിറ്റ് സ്ഥാപിക്കുന്നതിനെ അദ്ദേഹം എതിർത്തു.
സുഹൃത്തുക്കളേ,
ഇന്നും ഞാൻ അസം സംസ്കാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും ധരിക്കുമ്പോഴോ അല്ലെങ്കിൽ എന്റെ കയ്യിൽ ഗമോസ ഉള്ളപ്പോഴോ അസമിനെ പരിഹസിക്കുന്നത് ഏത് പാർട്ടിയാണ്? കോൺഗ്രസ് പാർട്ടി.

സഹോദരീസഹോദരന്മാരേ,
ഇത്രയും പതിറ്റാണ്ടുകളായി അസമും ബോഡോലാൻഡ് മേഖലയും മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടുനിന്നതിന് കോൺഗ്രസ് മാത്രമാണ് ഉത്തരവാദി. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് അസമിൽ അസ്ഥിരത സൃഷ്ടിച്ചു, കോൺഗ്രസ് അസമിനെ അക്രമത്തിന്റെ തീയിലേക്ക് തള്ളിവിട്ടു; സ്വാതന്ത്ര്യാനന്തരം അസമിനും അതിന്റേതായ വെല്ലുവിളികൾ ഉണ്ടായിരുന്നു! എന്നാൽ കോൺഗ്രസ് എന്താണ് ചെയ്തത്? ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം കോൺഗ്രസ് അതിൽ നിന്ന് രാഷ്ട്രീയ ലാഭം കൊയ്തു. വിശ്വാസം ആവശ്യമായിരുന്നു, പക്ഷേ കോൺഗ്രസ് ഭിന്നത വർദ്ധിപ്പിച്ചു. സംഭാഷണം ആവശ്യമായിരുന്നു, എന്നാൽ കോൺഗ്രസ് സംഭാഷണത്തിന്റെ വഴികൾ അവഗണിക്കുകയും അടച്ചുപൂട്ടുകയും ചെയ്തു! പ്രത്യേകിച്ച് ബോഡോലാൻഡ് മേഖലയുടെ ശബ്ദം, ബോഡോലാൻഡിലെ ജനങ്ങളുടെ ശബ്ദം ഒരിക്കലും വേണ്ടവിധം കേട്ടില്ല. സ്വന്തം നാട്ടുകാരുടെ മുറിവുകൾ ഉണക്കേണ്ട സമയത്ത്, അസമിലെ ജനങ്ങളെ സേവിക്കേണ്ട സമയത്ത്, കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാർക്കായി അസമിന്റെ വാതിലുകൾ തുറന്നുകൊടുത്ത് അവരെ സ്വാഗതം ചെയ്യുന്ന തിരക്കിലായിരുന്നു.
സുഹൃത്തുക്കളേ,
കോൺഗ്രസ് അസമിലെ ജനങ്ങളെ തങ്ങളുടേതായി കാണുന്നില്ല. കോൺഗ്രസുകാർക്ക് വിദേശ നുഴഞ്ഞുകയറ്റക്കാരെയാണ് കൂടുതൽ ഇഷ്ടം. കാരണം അവർ ഇവിടെ വന്ന് കോൺഗ്രസിന്റെ ഉറച്ച വോട്ടുബാങ്കായി മാറുന്നു. അതുകൊണ്ടാണ് കോൺഗ്രസ് ഭരണകാലത്ത് വിദേശ നുഴഞ്ഞുകയറ്റക്കാർ വരുന്നത് തുടരുകയും അസമിലെ ലക്ഷക്കണക്കിന് ബിഘ ഭൂമി കൈവശപ്പെടുത്തുകയും ചെയ്തത്, കോൺഗ്രസ് ഗവൺമെന്റ് അവരെ സഹായിച്ചുകൊണ്ടേയിരുന്നു. ഇന്ന് ഹിമന്ത ജിയുടെ ഗവൺമെന്റ് ലക്ഷക്കണക്കിന് ബിഘ ഭൂമി നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചിപ്പിച്ച് അസമിലെ ജനങ്ങൾക്ക് നൽകുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,
കോൺഗ്രസ് എപ്പോഴും അസമിനെയും വടക്കുകിഴക്കൻ മേഖലയെയും അവഗണനയോടെയാണ് കണ്ടത്. വടക്കുകിഴക്കൻ മേഖലയുടെ വികസനം പോലും അത്യാവശ്യമാണെന്ന് കരുതുന്നില്ലാത്ത കോൺഗ്രസുകാർ എങ്ങനെയാണ് അസമിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക? ബോഡോ മേഖലയുടെ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും കുറിച്ച് ചിന്തിക്കാൻ അവർക്ക് എവിടെയാണ് സമയം? അതുകൊണ്ടാണ് കോൺഗ്രസ് ഗവൺമെന്റുകൾ മനഃപൂർവ്വം ഈ പ്രദേശത്തെ കുഴപ്പങ്ങളിലേക്ക് തള്ളിവിട്ടത്.
സഹോദരീസഹോദരന്മാരേ,
കോൺഗ്രസിന്റെ ആ പാപങ്ങൾ കഴുകിക്കളയുന്ന ജോലിയും ഞങ്ങളുടെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് ചെയ്യുന്നുണ്ട്. ഇന്ന് ഇവിടെ നടക്കുന്ന വികസനത്തിന്റെ വേഗത നിങ്ങളുടെ മുന്നിലുണ്ട്. നിങ്ങൾ നോക്കൂ, ഞങ്ങൾ ബോഡോ-കചാരി വെൽഫെയർ ഓട്ടോണമസ് കൗൺസിൽ രൂപീകരിച്ചു. ബോഡോലാൻഡ് മേഖലയിലെ മികച്ച വികസനത്തിനായി 1500 കോടി രൂപയുടെ പ്രത്യേക വികസന പാക്കേജ് നൽകി. കോക്രജാറിൽ മെഡിക്കൽ കോളേജും ആശുപത്രിയും പ്രവർത്തനം ആരംഭിച്ചു. താമുൽപൂരിലെ മെഡിക്കൽ കോളേജ് നിർമ്മാണവും വേഗത്തിലായി. നഴ്സിംഗ് കോളേജുകളിലൂടെയും പാരാ മെഡിക്കൽ സ്ഥാപനങ്ങളിലൂടെയും യുവാക്കൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഗോബർധന, പർബത്‌ജോറ, ഹൊറിസിംഗ തുടങ്ങിയ മേഖലകളിൽ പോളിടെക്നിക്, പരിശീലന സ്ഥാപനങ്ങളും നിർമ്മിച്ചു.
സുഹൃത്തുക്കളേ,
ബോഡോലാൻഡിനായി പ്രത്യേക വെൽഫെയർ ഡിപ്പാർട്ട്‌മെന്റും ബോഡോലാൻഡ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജും സ്ഥാപിച്ചു. ബോഡോ സമൂഹത്തിന്റെ ക്ഷേമത്തിനായി മികച്ച നയങ്ങൾ രൂപീകരിക്കാൻ ഇത് സഹായിക്കുന്നു.
സുഹൃത്തുക്കളേ,
ബിജെപി ഗവൺമെന്റ് ഹൃദയങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി, അസമും ഡൽഹിയും തമ്മിലുള്ള ദൂരം അവസാനിപ്പിച്ചു, മികച്ച അടിസ്ഥാന സൗകര്യങ്ങളിലൂടെ അസമിലെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ദൂരവും കുറയ്ക്കുന്നു. മുമ്പ് എത്താൻ പ്രയാസമായിരുന്ന ഇടങ്ങളിൽ ഇന്ന് ഹൈവേകൾ നിർമ്മിക്കപ്പെടുന്നു. ഈ മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുന്ന തരത്തിലാണ് റോഡുകൾ നിർമ്മിക്കുന്നത്. കോക്രജാറിനെ ഭൂട്ടാൻ അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ബിശ്മുരി-സരൽപാര റോഡ് പദ്ധതിക്കായി കോടിക്കണക്കിന് രൂപയുടെ ക്രമീകരണം ചെയ്തിട്ടുണ്ട്. കോക്രജാറിൽ നിന്ന് ഭൂട്ടാനിലെ ഗെലെഫുവിലേക്കുള്ള നിർദ്ദിഷ്ട റെയിൽ പദ്ധതി മറ്റൊരു പ്രധാന ചുവടുവെപ്പാണ്. ഇതിനെ ഞങ്ങൾ ഒരു പ്രത്യേക റെയിൽവേ പ്രോജക്റ്റായി പ്രഖ്യാപിച്ചു. ആക്ട് ഈസ്റ്റ് പോളിസിയുടെ സുപ്രധാന ഭാഗമായി ഞങ്ങൾ ഇതിനെ മാറ്റി. ഇത് പൂർത്തിയാകുന്നതോടെ വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും ഉത്തേജനം ലഭിക്കും.
സുഹൃത്തുക്കളേ,
ഒരു സമൂഹം അതിന്റെ വേരുകളുമായി ചേർന്നുനിൽക്കുമ്പോൾ, സംഭാഷണവും വിശ്വാസവും ശക്തമാകുമ്പോൾ, എല്ലാ വിഭാഗങ്ങൾക്കും തുല്യ അവസരങ്ങൾ ലഭിക്കുമ്പോൾ പോസിറ്റീവായ മാറ്റങ്ങൾ ദൃശ്യമാകും. അസമിന്റെയും ബോഡോലാൻഡിന്റെയും യാത്ര ആ ദിശയിലേക്കാണ് നീങ്ങുന്നത്. അസമിന്റെ ആത്മവിശ്വാസത്തിൽ നിന്നും അസമിന്റെ കരുത്തിൽ നിന്നും അസമിന്റെ പുരോഗതിയിൽ നിന്നും ഇന്ത്യയുടെ വളർച്ചാ ഗാഥയ്ക്ക് പുതിയ കരുത്ത് ലഭിക്കുന്നു. ഇന്ന് അതിവേഗം വളരുന്ന സംസ്ഥാനങ്ങൾക്കിടയിൽ അസം സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. അസമിന്റെ സമ്പദ്‌വ്യവസ്ഥ വേഗത കൈവരിക്കുന്നു. ഈ വികസനത്തിൽ, ഈ മാറ്റത്തിൽ, ബോഡോലാൻഡും ഇവിടുത്തെ ജനങ്ങളും സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്നത്തെ പരിപാടിക്ക് നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി ഞാൻ ആശംസകൾ നേരുന്നു. വളരെ നന്ദി.


