പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 2-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോൺഫറൻസിംഗിലൂടെ ബിഹാർ സംസ്ഥാന ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി 105 കോടി രൂപ കൈമാറും.
ജീവികയുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി അംഗങ്ങൾക്ക് മിതമായ പലിശ നിരക്കിൽ ഫണ്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ജീവിക നിധി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ജീവികയുടെ രജിസ്റ്റർ ചെയ്ത എല്ലാ ക്ലസ്റ്റർ-തല ഫെഡറേഷനുകളും ഈ സൊസൈറ്റിയിൽ അംഗങ്ങളാകും. ഈ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനായി ബീഹാർ ഗവണ്മെന്റും കേന്ദ്രഗവണ്മെന്റും ഫണ്ടുകൾ സംഭാവന ചെയ്യും.
വർഷങ്ങളായി ജീവികയുടെ സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട വനിതകളിൽ സംരംഭകത്വം വളരുകയും, ഇത് ഗ്രാമീണ മേഖലകളിൽ നിരവധി ചെറുകിട സംരംഭങ്ങളും ഉത്പാദന കമ്പനികളും സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, 18% മുതൽ 24% വരെ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ ആശ്രയിക്കാൻ വനിതാ സംരംഭകർ പലപ്പോഴും നിർബന്ധിതരായിട്ടുണ്ട്. മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കുറഞ്ഞ പലിശ നിരക്കിൽ വലിയ വായ്പ തുകകൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനുമുള്ള ബദൽ സാമ്പത്തിക സംവിധാനം എന്ന നിലയിലാണ് ജീവിക നിധി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ സംവിധാനം പൂർണ്ണമായും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുകയും ജീവിക ദീദിമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വേഗത്തിലും കൂടുതൽ സുതാര്യമായും ഫണ്ട് കൈമാറ്റം ഉറപ്പാക്കുകയും ചെയ്യും. ഇതിനായി 12,000 കമ്മ്യൂണിറ്റി കേഡറുകളിൽ ടാബ്‌ലെറ്റുകൾ ലഭ്യമാക്കുന്നു .
ഗ്രാമീണ വനിതകളുടെ സംരംഭകത്വ വികസനം ശക്തിപ്പെടുത്തുന്നതിനും കമ്മ്യൂണിറ്റി അധിഷ്ഠിത സംരംഭങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഈ ഉദ്യമം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബീഹാർ സംസ്ഥാനത്തുടനീളമുള്ള 20 ലക്ഷത്തോളം വനിതകൾ ഈ പരിപാടിക്ക് സാക്ഷ്യം വഹിക്കും.


