പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ‘ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യവേ, കോയമ്പത്തൂരിലെ പുണ്യഭൂമിയിൽ നിന്ന് മരുതമലയിലെ മുരുകന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. സംസ്‌കാരത്തിന്റെയും കാരുണ്യത്തിന്റെയും സർഗാത്മകതയുടെയും നാടാണു കോയമ്പത്തൂര്‍ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ദക്ഷിണേന്ത്യയുടെ സംരംഭകത്വശക്തിയുടെ കേന്ദ്രമായി അതിനെ ഉയർത്തിക്കാട്ടി. ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ നഗരത്തിന്റെ തുണിത്തരമേഖല പ്രധാന സംഭാവന നല്‍കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുന്‍ പാര്‍ലമെന്റംഗം ശ്രീ സി പി രാധാകൃഷ്ണന്‍ ഇപ്പോള്‍ ഉപരാഷ്ട്രപതി എന്ന നിലയില്‍ രാജ്യത്തെ നയിക്കുന്നതിനാല്‍ കോയമ്പത്തൂരിന് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രകൃതി കൃഷി തന്റെ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന വിഷയമാണെന്നു സൂചിപ്പിച്ച ശ്രീ മോദി, ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടി സംഘടിപ്പിച്ചതിന് തമിഴ്‌നാട്ടിലെ എല്ലാ കര്‍ഷക സഹോദരീസഹോദരന്മാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ഒത്തുകൂടിയ കര്‍ഷകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, വ്യവസായ പങ്കാളികള്‍, നൂതനസംരംഭങ്ങള്‍, നൂതനാശയ ഉപജ്ഞാതാക്കൾ എന്നിവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുകയും ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും ഊഷ്മളമായി അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ വരുംവര്‍ഷങ്ങളില്‍ വലിയ പരിവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യ പ്രകൃതി കൃഷിയുടെ ആഗോളകേന്ദ്രമായി മാറാനുള്ള പാതയിലാണ്” – അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജൈവവൈവിധ്യം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും യുവാക്കള്‍ ഇപ്പോള്‍ കൃഷിയെ ആധുനികവും വികസിപ്പിക്കാനാകുന്നതുമായ അവസരമായി കാണുന്നുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ മാറ്റം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ വളരെയധികം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടെ കാര്‍ഷിക മേഖലയാകെ ഗണ്യമായ മാറ്റത്തിനു വിധേയമായിട്ടുണ്ടെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി ഏകദേശം ഇരട്ടിയായെന്നും കൃഷിയെ ആധുനികവല്‍ക്കരിക്കുന്നതില്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നതിന് ഗവണ്മെന്റ് സാധ്യമായ എല്ലാ വഴികളും തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (KCC) പദ്ധതിയിലൂടെ മാത്രം ഈ വര്‍ഷം കര്‍ഷകര്‍ക്ക് 10 ലക്ഷം കോടിയിലധികം രൂപയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നു സൂചിപ്പിച്ച മോദി, ഏഴുവര്‍ഷംമുമ്പ് കന്നുകാലി-മത്സ്യബന്ധന മേഖലകളിലേക്ക് KCC ആനുകൂല്യങ്ങള്‍ വ്യാപിപ്പിച്ചശേഷം, ഈ മേഖലകളില്‍ വ്യാപൃതരായവര്‍ക്കും അതിന്റെ ഗുണങ്ങള്‍ വ്യാപകമായി ലഭിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. ജൈവ വളങ്ങളുടെ GST കുറച്ചത് കര്‍ഷകര്‍ക്കു കൂടുതല്‍ ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതാനും നിമിഷങ്ങള്‍ക്കുമുമ്പ് ഇതേ വേദിയില്‍നിന്ന്, പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 21-ാം ഗഡു വിതരണം ചെയ്തതായും, രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് 18,000 കോടി രൂപ കൈമാറിയതായും പ്രധാനമന്ത്രി അറിയിച്ചു. തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിനു കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്കും ഈ തുക എത്തിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഈ പദ്ധതിപ്രകാരം ഇതുവരെ ചെറുകിട കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 4 ലക്ഷം കോടി രൂപ നേരിട്ട് കൈമാറിയതായും, ഇത് വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവരെ പ്രാപ്തരാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ച കോടിക്കണക്കിന് കര്‍ഷകര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

പ്രകൃതി കൃഷിയുടെ വ്യാപനം 21-ാം നൂറ്റാണ്ടിലെ കൃഷിയുടെ ആവശ്യകതയാണ് എന്നതിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കൃഷിയിടങ്ങളിലും കാര്‍ഷിക അനുബന്ധ മേഖലകളിലും രാസവസ്തുക്കളുടെ ഉപയോഗം കുത്തനെ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുകയും മണ്ണിന്റെ ഈര്‍പ്പത്തെ ബാധിക്കുകയും വര്‍ഷം തോറും കൃഷിച്ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. വിള വൈവിധ്യവല്‍ക്കരണത്തിലും പ്രകൃതിദത്ത കൃഷിയിലുമാണ് ഇതിനു പ്രതിവിധിയെന്ന് അദ്ദേഹം വ്യക്തമാക്കി.
മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കാനും വിളകളുടെ പോഷകമൂല്യം വര്‍ധിപ്പിക്കാനും രാജ്യം പ്രകൃതി കൃഷിയുടെ പാതയിലൂടെ മുന്നോട്ട് പോകണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത് ഒരു കാഴ്ചപ്പാടും ആവശ്യകതയുമാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമേ ഭാവി തലമുറകള്‍ക്കായി നമ്മുടെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ കഴിയൂ. കാലാവസ്ഥാവ്യതിയാനത്തെയും കാലാവസ്ഥാമാറ്റങ്ങളെയും നേരിടാനും, നമ്മുടെ മണ്ണിനെ ആരോഗ്യകരമായി നിലനിര്‍ത്താനും, ദോഷകരമായ രാസവസ്തുക്കളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനും പ്രകൃതി കൃഷി നമ്മെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സുപ്രധാന ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇന്നത്തെ പരിപാടി പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരെ പ്രകൃതി കൃഷി സ്വീകരിക്കുന്നതു പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് സജീവമായി ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, ഒരു വര്‍ഷം മുമ്പ് കേന്ദ്ര ഗവണ്‍മെന്റ് ദേശീയ പ്രകൃതി കൃഷി ദൗത്യം ആരംഭിച്ചതായും ഇതിനകം ലക്ഷക്കണക്കിന് കര്‍ഷകരെ ഇതിലൂടെ കൂട്ടിയിണക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ സംരംഭത്തിന്റെ ഗുണപരമായ സ്വാധീനം, വിശേഷിച്ചും ദക്ഷിണേന്ത്യയിലുടനീളം, ദൃശ്യമാണെന്നും തമിഴ്നാട്ടില്‍ മാത്രം ഏകദേശം 35,000 ഹെക്ടര്‍ ഭൂമി ഇപ്പോള്‍ ജൈവ, പ്രകൃതി കൃഷിക്ക് കീഴിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“പ്രകൃതി കൃഷി എന്നത് തദ്ദേശീയ ഇന്ത്യന്‍ ആശയമാണ്. അതു മറ്റെവിടെനിന്നെങ്കിലും ഇറക്കുമതി ചെയ്തതല്ല. മറിച്ച്, പാരമ്പര്യത്തില്‍നിന്ന് ഉരുത്തിരിഞ്ഞതും പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്നതുമാണ്” - പ്രധാനമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ കര്‍ഷകര്‍ പഞ്ചഗവ്യം, ജീവാമൃതം, ബീജാമൃത്, പുതയിടല്‍ തുടങ്ങിയ പരമ്പരാഗത പ്രകൃതി കൃഷിരീതികള്‍ നിരന്തരം സ്വീകരിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ രീതികള്‍ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വിളകളെ രാസവസ്തുക്കളില്ലാതെ നിലനിര്‍ത്തുകയും നിക്ഷേപച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീ അന്ന - ചെറുധാന്യ കൃഷി പ്രകൃതി കൃഷിയുമായി സംയോജിപ്പിക്കുന്നത് ഭൂമി മാതാവിനെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തമിഴ്നാട്ടില്‍ മുരുകനു തേനും തിനൈ മാവും എന്ന പേരില്‍ തേനും ശ്രീ അന്നയും ചേര്‍ത്ത് ഉണ്ടാക്കുന്ന വിഭവം സമര്‍പ്പിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ് പ്രദേശങ്ങളിലെ കമ്പും സാമൈയും കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ റാഗി, തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ സജ്ജ, ജോന്ന തുടങ്ങിയ ചെറുധാന്യങ്ങള്‍ തലമുറകളായി പരമ്പരാഗത ഭക്ഷണക്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിശിഷ്ട ഭക്ഷണത്തെ ആഗോള വിപണികളിലേക്ക് എത്തിക്കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ മോദി പറഞ്ഞു, കൂടാതെ പ്രകൃതിദത്തവും രാസവസ്തുക്കളില്ലാത്തതുമായ കൃഷി അവയുടെ അന്താരാഷ്ട്ര വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരം ശ്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏകവിള കൃഷിക്ക് പകരം ബഹുവിള കൃഷി പ്രോത്സാഹിപ്പിക്കണമെന്ന തന്റെ നിരന്തരമായ അഭ്യർത്ഥന ആവർത്തിച്ചുകൊണ്ട്, ഇക്കാര്യത്തിൽ ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളും പ്രചോദനത്തിന്റെ ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെയും കർണാടകയിലെയും മലയോര പ്രദേശങ്ങളിൽ ബഹുവിള കൃഷിയുടെ ഉദാഹരണങ്ങൾ വ്യക്തമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഒരേ പാടത്ത് തെങ്ങ്, കവുങ്ങ്, ഫലവൃക്ഷങ്ങൾ എന്നിവ കൃഷി ചെയ്യുകയും അതിനിടയിൽ സുഗന്ധവ്യഞ്ജനങ്ങളും കുരുമുളകും വളർത്തുകയും ചെയ്യുന്നുണ്ടെന്ന് ശ്രീ. മോദി നിരീക്ഷിച്ചു. ചെറിയ സ്ഥലങ്ങളിലെ ഇത്തരത്തിലുള്ള സംയോജിത കൃഷി, പ്രകൃതികൃഷിയുടെ അന്തർലീനമായ തത്വശാസ്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ കാർഷിക മാതൃക രാജ്യവ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഈ രീതികൾ എങ്ങനെ നടപ്പിലാക്കാമെന്നത് പരിഗണിക്കാൻ അദ്ദേഹം സംസ്ഥാന ഗവൺമെൻ്റുകളോട് അഭ്യർത്ഥിച്ചു.
ദക്ഷിണേന്ത്യ കൃഷിയുടെ ഒരു ജീവസ്സുറ്റ സർവകലാശാലയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പ്രവർത്തനക്ഷമമായ ചില അണക്കെട്ടുകൾ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും കലിംഗരായൻ കനാൽ പതിമൂന്നാം നൂറ്റാണ്ടിൽ ഇവിടെയാണ് നിർമ്മിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രദേശത്തെ ക്ഷേത്രക്കുളങ്ങൾ വികേന്ദ്രീകൃത ജലസംരക്ഷണ സംവിധാനങ്ങൾക്ക് മാതൃകയായി മാറിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അവിടെ നദീജലം കൃഷിക്കായി ക്രമീകരിച്ചുകൊണ്ട് ശാസ്ത്രീയ രീതിയിലുള്ള ജല എഞ്ചിനീയറിംഗിന് തുടക്കമിട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും ലോകത്തിനും വേണ്ടിയുള്ള പ്രകൃതി കൃഷിയിലെ നേതൃത്വവും ഈ പ്രദേശത്ത് നിന്ന് തന്നെ ഉയർന്നുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വികസിത ഭാരതത്തിന് വേണ്ടി ഭാവി കാർഷിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, 'ഒരു ഏക്കർ, ഒരു സീസൺ' പ്രകൃതി കൃഷിക്ക് തുടക്കമിടാനും അതിന്റെ ഫലങ്ങൾ കണ്ടറിഞ്ഞ് മുന്നോട്ട് പോകാനും അദ്ദേഹം കർഷകരോട് അഭ്യർത്ഥിച്ചു. പ്രകൃതി കൃഷിയെ കാർഷിക പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാക്കാനും കർഷകരുടെ പാടങ്ങളെ സജീവ പരീക്ഷണശാലകളായി കണക്കാക്കാനും അദ്ദേഹം ശാസ്ത്രജ്ഞരോടും ഗവേഷണ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു. "പ്രകൃതി കൃഷിയെ പൂർണ്ണമായും ശാസ്ത്ര പിന്തുണയുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യം," പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഈ പ്രചാരണത്തിൽ സംസ്ഥാന ഗവൺമെൻ്റുകൾക്കും കർഷക ഉത്പാദക സംഘടനകൾക്കും (FPOs) ഉള്ള നിർണ്ണായക പങ്ക് ശ്രീ മോദി അടിവരയിട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് 10,000 FPO-കൾ രൂപീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവയുടെ പിന്തുണയോടെ, ചെറുകിട കർഷക ക്ലസ്റ്ററുകൾ സൃഷ്ടിക്കാനും വൃത്തിയാക്കൽ പാക്കേജിംഗ്, സംസ്കരണം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കാനും, e- NAM പോലുള്ള ഓൺലൈൻ വിപണികളുമായി നേരിട്ട് ബന്ധിപ്പിക്കാനും കഴിയും. പരമ്പരാഗത അറിവ്, ശാസ്ത്രീയ ബലം, ഗവൺമെൻറ് പിന്തുണ എന്നിവ ഒത്തുചേരുമ്പോൾ കർഷകർ അഭിവൃദ്ധി പ്രാപിക്കുമെന്നും ഭൂമി ആരോഗ്യത്തോടെ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഉച്ചകോടി രാജ്യത്തെ പ്രകൃതി കൃഷിക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്നും ഈ വേദിയിൽ നിന്ന് പുതിയ ആശയങ്ങളും പരിഹാരങ്ങളും ഉയർന്നുവരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. തമിഴ്‌നാട് ഗവർണർ ശ്രീ ആർ.എൻ.രവി, കേന്ദ്രമന്ത്രി ഡോ.എൽ.മുരുകൻ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം
തമിഴ്‌നാട് പ്രകൃതി കൃഷി പങ്കാളിത്ത ഫോറമാണ് നവംബർ 19 മുതൽ 21 വരെ നടക്കുന്ന ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025 സംഘടിപ്പിക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവും രാസവസ്തുക്കൾ ഇല്ലാത്തതുമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ കാർഷിക ഭാവിക്കായി കാലാവസ്ഥാ സൗഹൃദപരവും സാമ്പത്തിക സുസ്ഥിരവുമായ ഒരു മാതൃകയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്താനും ഈ ഉച്ചകോടി ലക്ഷ്യമിടുന്നു.
കർഷക ഉത്പാദക സംഘടനകൾക്കും ഗ്രാമീണ സംരംഭകർക്കും വിപണി ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ജൈവ അസംസ്കൃത വസ്തുക്കൾ, കാർഷിക-സംസ്കരണം, പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്, തദ്ദേശീയ സാങ്കേതികവിദ്യകൾ എന്നിവയിലെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിലും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. തമിഴ്നാട്, പുതുച്ചേരി, കേരളം, തെലങ്കാന, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 50,000-ലധികം കർഷകരും, പ്രകൃതി കൃഷി അവലംബിക്കുന്നവരും ശാസ്ത്രജ്ഞരും ജൈവ അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നവരും വിൽപ്പനക്കാരും പങ്കാളികളും ഈ പരിപാടിയിൽ പങ്കെടുക്കും.
Click here to read full text speech
India is on the path to becoming the global hub of natural farming. pic.twitter.com/7rsJEXtojO
— PMO India (@PMOIndia) November 19, 2025
The youth of India are increasingly recognising agriculture as a modern and scalable opportunity.
— PMO India (@PMOIndia) November 19, 2025
This will greatly empower the rural economy. pic.twitter.com/kv4NGRmYrr
Natural farming is India’s own indigenous idea. It is rooted in our traditions and suited to our environment. pic.twitter.com/BV3gEHVE7n
— PMO India (@PMOIndia) November 19, 2025
One Acre, One Season...
— PMO India (@PMOIndia) November 19, 2025
PM @narendramodi’s request to farmers to practice natural farming on one acre of land for one season. pic.twitter.com/mOqgeaKxiI
Our goal must be to make natural farming a fully science-backed movement. pic.twitter.com/rKypedTdqP
— PMO India (@PMOIndia) November 19, 2025


