കച്ച്, ഇന്ന് വ്യാപാരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും വലിയ കേന്ദ്രമാണ്; ഭാവിയിൽ കച്ചിന്റെ ഈ രീതിയിലുള്ള പങ്ക് കൂടുതൽ വിപുലമാകും: പ്രധാനമന്ത്രി
സമുദ്രോൽപ്പന്നം മുതൽ വിനോദസഞ്ചാരം, വ്യാപാരം എന്നിങ്ങനെ, തീരദേശ മേഖലകളിൽ ഇന്ത്യ ഒരു പുതിയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്: പ്രധാനമന്ത്രി
ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ല എന്നതാണ് ഞങ്ങളുടെ നയം: പ്രധാനമന്ത്രി
മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനും ഭീകരത അവസാനിപ്പിക്കുന്നതിനുമുള്ള ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രി
ഭീകരരുടെ ആസ്ഥാനങ്ങൾ ഇന്ത്യയുടെ റഡാറിൽ ഉണ്ടായിരുന്നു, ഞങ്ങൾ അവയെ കൃത്യതയോടെ ആക്രമിച്ചു; ഇത് നമ്മുടെ സായുധ സേനയുടെ ശക്തിയും അച്ചടക്കവും പ്രകടമാക്കുന്നു: പ്രധാനമന്ത്രി
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടം: പ്രധാനമന്ത്രി

ഗുജറാത്തിലെ ഭുജിൽ 53,400 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം കച്ചിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. വിപ്ലവകാരികൾക്കും രക്തസാക്ഷികൾക്കും, പ്രത്യേകിച്ച് മഹാനായ സ്വാതന്ത്ര്യ സമര സേനാനി ശ്രീ ശ്യാംജി കൃഷ്ണ വർമ്മയ്ക്കും അദ്ദേഹം ആദരമർപ്പിച്ചു. കച്ചിലെ പുത്രീപുത്രന്മാർക്ക് അദ്ദേഹം തൻ്റെ സ്നേഹാദരങ്ങൾ അറിയിക്കുകയും, അവരുടെ ധൈര്യത്തേയും സംഭാവനകളെയും അംഗീകരിക്കുകയും ചെയ്തു.

കച്ചിന്റെ പുണ്യഭൂമിയിലെ ദൈവിക സാന്നിധ്യമായ അശാപൂര മാതാവിന് പ്രധാനമന്ത്രി ശ്രീ മോദി പ്രണാമമർപ്പിച്ചു. ഈ പ്രദേശത്ത് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിക്കുകയും ജനങ്ങൾക്ക് തൻ്റെ ആദരവ് അറിയിക്കുകയും ചെയ്തു. 

കച്ചുമായുള്ള തന്റെ ആഴമേറിയ ബന്ധത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, ജില്ലയിലുടനീളമുള്ള തന്റെ പതിവ് സന്ദർശനങ്ങൾ ശ്രീ മോദി അനുസ്മരിക്കുകയും ആ ഭൂമി തന്റെ ജീവിത ദിശയെ എങ്ങനെ രൂപപ്പെടുത്തിയെന്ന് ഊന്നിപ്പറയുകയും ചെയ്തു. ജീവിത സാഹചര്യങ്ങൾ ഗണ്യമായി മെച്ചപ്പെട്ടെങ്കിലും, കഴിഞ്ഞ കാലം വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നർമ്മദ നദിയിലെ ജലം കച്ച് മേഖലയിലെത്തിയപ്പോൾ താൻ എത്രമാത്രം ഭാഗ്യവാനായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം പലപ്പോഴും കച്ച് സന്ദർശിക്കുകയും ജില്ലാ ഓഫീസിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കച്ചിലെ കർഷകരുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ മോദി അവരുടെ മനോഭാവം എല്ലായ്പ്പോഴും ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ വർഷങ്ങളുടെ പരിചയസമ്പത്ത് അതിന്റെ വികസനത്തിനായുള്ള തന്റെ ശ്രമങ്ങൾക്ക് വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

ശ്രദ്ധേയമായ വിജയം കൈവരിക്കുന്നതിൽ കച്ച് പ്രത്യാശയുടെയും അക്ഷീണ പരിശ്രമത്തിന്റെയും ശക്തി പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഒരുകാലത്ത് ഈ പ്രദേശത്തിൻ്റെ ഭാവിയെക്കുറിച്ച് പലരെയും സംശയിക്കാൻ പ്രേരിപ്പിച്ച വിനാശകരമായ ഭൂകമ്പത്തെ അനുസ്മരിച്ചു. എന്നിരുന്നാലും, കച്ച് ചാരത്തിൽ നിന്ന് ഉയർന്നുവരുമെന്ന് അദ്ദേഹത്തിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു -  അത് ജനങ്ങൾ യാഥാർത്ഥ്യമാക്കി. "ഇന്ന് കച്ച് വ്യാപാരത്തിൻ്റെയും വാണിജ്യത്തിൻ്റെയും വിനോദസഞ്ചാരത്തിൻ്റെയും ഒരു പ്രധാന കേന്ദ്രമായി നിലകൊള്ളുന്നു,"പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിൽ ഈ മേഖലയുടെ പങ്ക് കൂടുതൽ വികസിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കച്ചിന്റെ ദ്രുതഗതിയിലുള്ള വികസനം കാണുന്നതിലും അതിന്റെ പുരോഗതിയെ പിന്തുണയ്ക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. തന്റെ സന്ദർശന വേളയിൽ, അടിസ്ഥാന സൗകര്യങ്ങളിലും സാമ്പത്തിക വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിച്ച് 50,000 കോടി രൂപയിലധികം വരുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തുടക്കമിടുകയും ചെയ്തു. ഈ ഉദ്യമങ്ങൾ ഇന്ത്യ ഒരു പ്രമുഖ സമുദ്ര സമ്പദ്‌വ്യവസ്ഥയായും ഹരിത ഊർജ്ജത്തിന്റെ ആഗോള കേന്ദ്രമായും ഉയർന്നുവരുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പരിവർത്തനാത്മക വികസനങ്ങൾക്ക് കച്ചിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

 "കച്ച് ലോകത്തിലെ ഏറ്റവും വലിയ ഹരിതോർജ്ജ കേന്ദ്രമായി ഉയർന്നുവരുന്നു", ശ്രീ മോദി എടുത്തുപറഞ്ഞു. ഹരിത ഹൈഡ്രജന്റെ പരിവർത്തന സാധ്യതകളെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, ഭാവിയിലെ ഇന്ധനമായി അതിനെ വിശേഷിപ്പിച്ചു. കാറുകളും ബസ്സുകളും തെരുവ് വിളക്കുകളും താമസിയാതെ തന്നെ ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും ഇത് ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ മൂന്ന് നിയുക്ത ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകളിൽ ഒന്നാണ് കാണ്ഡ്ല എന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. കച്ചിൽ ഒരു പുതിയ ഹരിത ഹൈഡ്രജൻ പ്ലാന്റിന് തറക്കല്ലിടുന്നതായി പ്രഖ്യാപിച്ച അദ്ദേഹം, ഇതിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പൂർണ്ണമായും "മെയ്ഡ് ഇൻ ഇന്ത്യ" ആണെന്നും അടിവരയിട്ടു. കൂടാതെ, ഇന്ത്യയിലെ സൗരോർജ്ജ വിപ്ലവത്തിൽ കച്ചിന്റെ സുപ്രധാന പങ്ക് ശ്രീ മോദി എടുത്തുപറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതികളിലൊന്ന് ഈ മേഖലയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖാവ്ഡ സമുച്ചയം സ്ഥാപിക്കപ്പെട്ടതോടെ, കച്ച് ആഗോള ഊർജ്ജ ഭൂപടത്തിൽ അതിന്റെ സ്ഥാനം ഉറപ്പിച്ചുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ജനങ്ങൾക്ക് മതിയായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനൊപ്പം വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനുള്ള ഗവണ്മെന്റിന്റെ  പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചുകൊണ്ട്, പി.എം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന ആരംഭിച്ച കാര്യം അദ്ദേഹം പരാമർശിച്ചു. ഇത് ഗുജറാത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ചെയ്തു. പല രാജ്യങ്ങളുടെയും വളർച്ചയിൽ സമുദ്രതീര മേഖലകളുടെ സാമ്പത്തിക പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പുരാതന തുറമുഖ നഗരങ്ങളായ ധോള വീരയും ലോഥലും ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിലും ചരിത്രപരമായ വ്യാപാരത്തിലും വികസനത്തിലും വഹിച്ച പങ്ക് പ്രധാന ഉദാഹരണങ്ങളായി പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, "ഈ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തുറമുഖങ്ങൾക്ക് ചുറ്റുമുള്ള നഗരങ്ങൾ വികസിപ്പിച്ച് തുറമുഖാധിഷ്ഠിത വികസനത്തിനായുള്ള കാഴ്ചപ്പാട് ഗവണ്മെന്റ് മുന്നോട്ട് കൊണ്ടുപോകുന്നു". സമുദ്രവിഭവങ്ങൾ, വിനോദസഞ്ചാരം, വ്യാപാരം എന്നിവ ഉൾക്കൊള്ളുന്ന ഒരു പുതിയ തീരദേശ ആവാസവ്യവസ്ഥയെ ഇന്ത്യ സജീവമായി വളർത്തിയെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖങ്ങൾ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇത് ശ്രദ്ധേയമായ ഫലങ്ങൾ ഉളവാക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാന തുറമുഖങ്ങൾ ഇതാദ്യമായി ഒരു വർഷത്തിനുള്ളിൽ15 കോടി ടൺ ചരക്ക് കൈകാര്യം ചെയ്തു. അതിൽ കാണ്ഡ്ല തുറമുഖം നിർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ സമുദ്ര വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും കച്ചിലെ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ പ്രധാനമന്ത്രി, കാണ്ഡ്ല, മുന്ദ്ര തുറമുഖങ്ങളുടെ ശേഷിയും കണക്റ്റിവിറ്റിയും നിരന്തരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഒരു പുതിയ ജെട്ടിയും വിപുലീകരിച്ച കാർഗോ സംഭരണ ​​സൗകര്യവും ഉൾപ്പെടെ നിരവധി ഷിപ്പിംഗ് അനുബന്ധ സൗകര്യങ്ങൾ തദവ സരത്തിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ബജറ്റിൽ സമുദ്രമേഖലയ്ക്കായി പ്രത്യേക ഫണ്ട് സൃഷ്ടിച്ചുകൊണ്ട്  ഗവൺമെൻ്റ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കപ്പൽ നിർമ്മാണത്തിന്റെ പ്രാധന്യം എടുത്തുപറഞ്ഞ അദ്ദേഹം,  ആഭ്യന്തര ആവശ്യങ്ങൾക്കായി മാത്രമല്ല, ആഗോള ആവശ്യകതയ്ക്കും ഇന്ത്യ വലിയ കപ്പലുകൾ നിർമ്മിക്കുമെന്ന് ചൂണ്ടിക്കാട്ടി. ഈ ഉദ്യമങ്ങൾ  രാജ്യത്തെ യുവാക്കൾക്ക് സമുദ്ര മേഖലയിൽ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

പൈതൃകത്തോടുള്ള കച്ചിൻ്റെ ആഴമേറിയ ബഹുമാനം ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഈ പൈതൃകം ഇപ്പോൾ ഈ പ്രദേശത്തിന്റെ വികസനത്തിന് പിന്നിലെ ഒരു പ്രേരകശക്തിയായി മാറിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഭുജിലെ തുണിത്തരങ്ങൾ, ഭക്ഷ്യ സംസ്കരണം, സെറാമിക്സ്, ഉപ്പ് ഉൽപാദനം എന്നിവയുൾപ്പെടെയുള്ള വിവിധ വ്യവസായങ്ങളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉണ്ടായ ശ്രദ്ധേയമായ വളർച്ച അദ്ദേഹം എടുത്തുപറഞ്ഞു. കച്ച് എംബ്രോയിഡറി, ബ്ലോക്ക് പ്രിന്റിംഗ്, ബന്ധാനി തുണിത്തരങ്ങൾ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയ കച്ചിന്റെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ വ്യാപകമായ അംഗീകാരത്തെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. കൈത്തറി കലയുടെ സജീവ മ്യൂസിയമായി ഭുജോഡി ഗ്രാമത്തെ പ്രശംസിക്കുകയും, കച്ചിൽ ഭൂമിശശാസ്ത്ര സൂചിക  (GI) ടാഗ് ഔദ്യോഗികമായി നേടിയ അജ്‌റാഖ് പ്രിന്റിംഗിന്റെ അതുല്യമായ പാരമ്പര്യത്തെ അംഗീകരിക്കുകയും ചെയ്തു. ഗോത്ര കുടുംബങ്ങളേയും കരകൗശല വിദഗ്ധരേയും സംബന്ധിച്ച്  ഈ അംഗീകാരത്തിനുള്ള  പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. ഇത് അവരുടെ സാംസ്കാരിക സ്വത്വത്തെയും കരകൗശല വൈദഗ്ധ്യത്തെയും ശക്തിപ്പെടുത്തുന്നു. കൂടാതെ, തുകൽ, തുണി വ്യവസായങ്ങളെ പിന്തുണയ്ക്കുന്ന കേന്ദ്ര ബജറ്റിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് ശ്രീ മോദി എടുത്തുപറഞ്ഞുകൊണ്ട്  ഈ മേഖലകളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു.

കച്ചിലെ കഠിനാധ്വാനികളായ കർഷകരെ ആദരിക്കുകയും , വെല്ലുവിളികളെ അതിജീവിക്കുന്നതിൽ അവർ കാണിച്ച സ്ഥിരോത്സാഹത്തെ അംഗീകരിക്കുകയും ചെയ്തുകൊണ്ട് , ഗുജറാത്തിലെ ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനെത്തുടർന്ന്  ഉണ്ടായ കടുത്ത ബുദ്ധിമുട്ടുകൾ നിറഞ്ഞ  ഒരു കാലത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. എന്നിരുന്നാലും നർമ്മദ ജിയുടെ അനുഗ്രഹത്താലും സർക്കാരിന്റെ സമർപ്പിത പരിശ്രമത്താലും സ്ഥിതിഗതികൾ മാറി. കച്ചിന്റെ സമ്പത്ത് പുനർനിർമ്മിക്കുന്നതിൽ കെവാഡിയ മുതൽ മോദ്കുബ വരെ നീളുന്ന കനാലിന്റെ നിർണായക പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ന്, കച്ചിൽ നിന്നുള്ള മാമ്പഴം, ഈത്തപ്പഴം, മാതളം , ജീരകം, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ ആഗോള വിപണികളിൽ എത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, പരിമിതമായ അവസരങ്ങൾ കാരണം കച്ച് ഒരുകാലത്ത് നിർബന്ധിത കുടിയേറ്റത്തെ അഭിമുഖീകരിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എങ്കിലും, കച്ച്‌ നേടിയെടുത്ത  ശ്രദ്ധേയമായ പുരോഗതിയുടെ ഫലമായി,തദ്ദേശീയരായ  യുവാക്കൾ ഇപ്പോൾ കച്ചിനുള്ളിൽ തന്നെ തൊഴിൽ കണ്ടെത്തുന്നു, ഇത് പ്രദേശത്തിന്റെ വളരുന്ന അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുക എന്നത് തങ്ങളുടെ സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്ന് ശ്രീ മോദി ആവർത്തിച്ച് ഉറപ്പിച്ചു പറഞ്ഞു. ടൂറിസം വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു മേഖലയാണെന്നും, സമ്പന്നമായ ചരിത്രം, സാംസ്കാരിക പൈതൃകം, പ്രകൃതി സൗന്ദര്യം എന്നിവയാൽ സമ്പന്നമായ കച്ച് ഈ മേഖലയിൽ വിപുലീകരണത്തിന് അനുയോജ്യമായ സ്ഥലമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ ഉയരങ്ങളിലെത്തിക്കൊണ്ടിരിക്കുന്ന കച്ചിന്റെ റാൻ ഉത്സവിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ സംതൃപ്തി പ്രകടിപ്പിച്ച ശ്രീ മോദി, 'സ്മൃതി വൻ' സ്മാരകത്തെ എടുത്തുകാട്ടുകയും  ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിൽ ഒന്നായി യുനെസ്കോ ഇതിനെ അംഗീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു . വരും വർഷങ്ങളിൽ കച്ചിന്റെ ടൂറിസം വ്യവസായം കൂടുതൽ വളർച്ച കൈവരിക്കുമെന്നും, ധോർദോ ഗ്രാമം ആഗോളതലത്തിൽ ഏറ്റവും മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായി അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, മാണ്ഡ്വിയിലെ കടൽത്തീരം സന്ദർശകരുടെ ഒരു പ്രധാന ആകർഷണമായി ഉയർന്നുവരികയാണെന്നും, ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി റാൻ ഉത്സവിനിടെ മാണ്ഡ്വിയിൽ ഒരു ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രിയോട് ശ്രീ മോദി ആവശ്യപ്പെട്ടു. അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള നമോ ഭാരത് റാപ്പിഡ് റെയിൽ ഈ മേഖലയിലെ ടൂറിസത്തെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പരാമർശിച്ചു.

 

2014 ൽ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത ദിവസമായ മെയ് 26 ന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2014 ൽ പതിനൊന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി  മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ടൂറിസത്തിൽ ഇന്ത്യയുടെ ശക്തമായ വിശ്വാസം  ആവർത്തിച്ച അദ്ദേഹം, ടൂറിസത്തിന് പകരം തീവ്രവാദത്തെ വളർത്തുന്ന പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളുമായും താരതമ്യം ചെയ്തു. "ഭീകരത ഒരു ഗുരുതരമായ ആഗോള ഭീഷണിയാണ്, ഇന്ത്യയ്ക്ക് അതിനെതിരെ ഒരു വിട്ടുവീഴ്ചയില്ലാത്ത നയമുണ്ട്", അദ്ദേഹം ആവർത്തിച്ചു. ഓപ്പറേഷൻ സിന്ദൂരിനെ എടുത്തുകാണിച്ചുകൊണ്ട്, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാടിനെ ദൗത്യം അടിവരയിടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ പൗരന്മാരെ ദ്രോഹിക്കാനുള്ള ഏതൊരു ശ്രമത്തിനും അതേ ഭാഷയിൽ തന്നെ ദൃഢമായ മറുപടി നൽകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു, ഇന്ത്യയെ വെല്ലുവിളിക്കാൻ ധൈര്യപ്പെടുന്നവർക്ക് എന്ത് വിലകൊടുത്തും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

"ഓപ്പറേഷൻ സിന്ദൂർ എന്നത് മനുഷ്യത്വത്തെ സംരക്ഷിക്കുന്നതിനും ഭീകരതയെ തുടച്ചുനീക്കുന്നതിനുമുള്ള ഒരു ദൗത്യമാണ്", പ്രധാനമന്ത്രി വിശദീകരിച്ചു. ഏപ്രിൽ 22 ന് ബീഹാറിൽ നടന്ന ഒരു റാലിയിൽ ഭീകര സംഘടനകളെയും അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തപ്പോൾ പറഞ്ഞ വാക്കുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു. പഹൽഗാം ആക്രമണത്തിന്റെ രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാൻ ഭീകര സംഘടനകൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതിരുന്നപ്പോൾ ഇന്ത്യൻ സായുധ സേനയ്ക്ക് പ്രതികരിക്കാൻ സ്വാതന്ത്ര്യം നൽകിയതായും അദ്ദേഹം പരാമർശിച്ചു. ഇന്ത്യ തീവ്രവാദ ആസ്ഥാനങ്ങളെ കൃത്യമായി ലക്ഷ്യം വച്ചുവെന്ന് അദ്ദേഹം പറഞ്ഞു, ഇത് നമ്മുടെ  സായുധ സേനയുടെ കഴിവും അച്ചടക്കവും പ്രകടമാക്കി. തീവ്രവാദ ഒളിത്താവളങ്ങൾ കൃത്യമായി ഇല്ലാതാക്കാൻ കഴിയുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നിർണായക നടപടിയെത്തുടർന്ന് പാകിസ്ഥാൻ പരിഭ്രാന്തിയിലായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പാകിസ്ഥാൻ ഇന്ത്യൻ സിവിലിയന്മാരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും, എന്നാൽ  ഇരട്ടി ശക്തിയോടെയും  ശ്രദ്ധേയമായ കൃത്യതയോടെയും    പാകിസ്ഥാന്റെ  സൈനിക സ്ഥാനങ്ങൾ ആക്രമിച്ച്, ഇന്ത്യ തിരിച്ചടിച്ചതിനെയും പ്രധാനമന്ത്രി പരാമർശിച്ചു . "പാകിസ്ഥാന്റെ വ്യോമതാവളങ്ങളും സൈനിക സ്ഥാപനങ്ങളും ഇന്ത്യ നശിപ്പിച്ചത് ലോകത്തെ അത്ഭുതപ്പെടുത്തി", അദ്ദേഹം കൂട്ടിച്ചേർത്തു. സായുധ സേനയുടെ അസാധാരണമായ പ്രൊഫഷണലിസം, ധൈര്യം, കൃത്യത എന്നിവയെ അദ്ദേഹം പ്രശംസിച്ചു.

 

1971-ൽ പാകിസ്ഥാൻ സൈന്യം ഭുജ് വ്യോമതാവളം ആക്രമിച്ച ചരിത്രപ്രധാനമായ യുദ്ധത്തെ അനുസ്മരിച്ചുകൊണ്ട്, ദുഷ്‌കരമായ സാഹചര്യങ്ങളിൽ വ്യോമതാവളം പുനഃസ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഭുജിലെ സ്ത്രീകളുടെ അസാധാരണ ധൈര്യത്തെ ശ്രീ മോദി പ്രശംസിച്ചു. തുടർച്ചയായ പാകിസ്ഥാൻ ബോംബാക്രമണങ്ങൾക്കിടയിലും, 72 മണിക്കൂറിനുള്ളിൽ ഭുജിലെ സ്ത്രീകൾ വ്യോമതാവളം പുനർനിർമ്മിച്ചുവെന്നും അതുവഴി അതിന്റെ വേഗത്തിലുള്ള പ്രവർത്തന വീണ്ടെടുക്കൽ സാധ്യമായെന്നും അദ്ദേഹം വിവരിച്ചു. ഈ ധീരരായ സ്ത്രീകളെ കാണാനും അവരുടെ സഹിഷ്ണുതയും സംഭാവനയും അംഗീകരിക്കാനും തനിക്ക് അവസരം ലഭിച്ചതായി അദ്ദേഹം പങ്കുവെച്ചു.

"ഇന്ത്യയുടെ പോരാട്ടം അതിർത്തി കടന്നുള്ള ഭീകരതയ്ക്കും അതിനെ പിന്തുണയ്ക്കുന്നവർക്കും എതിരാണ്", പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു, ഇന്ത്യയുടെ ശത്രുത ഭീകരതയെ വളർത്തുന്ന ശക്തികളോടാണെന്നും ഏതെങ്കിലും രാജ്യത്തെ ജനങ്ങളോടല്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കച്ചിൽ നിന്നുള്ള പാകിസ്ഥാൻ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അവരോട് അവരുടെ സാഹചര്യത്തിന്റെ യാഥാർത്ഥ്യം തിരിച്ചറിയാൻ ആവശ്യപ്പെട്ടു. അവരുടെ സർക്കാരും സൈന്യവും തീവ്രവാദത്തെ സജീവമായി പിന്തുണയ്ക്കുകയും അത് വരുമാനം ഉണ്ടാക്കാനുള്ള മാർഗമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ പാത യഥാർത്ഥത്തിൽ അവരുടെ ഏറ്റവും നല്ല താൽപ്പര്യങ്ങൾക്കാണോ എന്ന് ചിന്തിക്കാൻ അദ്ദേഹം പാകിസ്ഥാനിലെ  ജനങ്ങളോട് ആഹ്വാനം ചെയ്തു. അധികാരത്താൽ നയിക്കപ്പെടുന്ന അജണ്ടകൾ പാകിസ്ഥാന്റെ ജീവിതത്തെ അപകടത്തിലാക്കുകയും അവരുടെ കുട്ടികളുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തീവ്രവാദത്തിന്റെ വിപത്തിൽ നിന്ന് പാകിസ്ഥാൻ സ്വയം മോചിതമാകണമെങ്കിൽ,അതിന്റെ ഉന്മൂലനത്തിന് അവിടത്തെ ജനങ്ങൾ ഒരു നിലപാട് സ്വീകരിക്കുകയും സംഭാവന നൽകുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.

 

ഇന്ത്യയുടെ വ്യക്തമായ ദിശാബോധം വീണ്ടും ഉറപ്പിച്ചു പറഞ്ഞുകൊണ്ട്, വികസനത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാത രാജ്യം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി  വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിൽ കച്ചിന്റെ ചൈതന്യം ഒരു പ്രചോദനമാകുമെന്ന്  ആത്മവിശ്വാസം പ്രകടിപ്പിച്ചു. കച്ച് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വരാനിരിക്കുന്ന ആഷാധി ബീജിന് ശ്രീ മോദി തന്റെ മുൻകൂർ ആശംസകൾ നേർന്നു. കച്ചിലെ ജനങ്ങളുടെ ശ്രദ്ധേയമായ പുരോഗതിക്കും തുടർച്ചയായ വികസന നേട്ടങ്ങൾക്കും അവരെ ഒരിക്കൽ കൂടി അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം

ഗുജറാത്തിലെ ഭുജിൽ 53,400 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഖാവ്ഡ പുനരുപയോഗ ഊർജ്ജ പാർക്കിൽ ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജം നീക്കം ചെയ്യുന്നതിനുള്ള പ്രസരണ പദ്ധതികൾ, പ്രസരണ ശൃംഖല വിപുലീകരണം, തപിയിലെ  അൾട്രാ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റ് യൂണിറ്റ് എന്നിവ വൈദ്യുതി മേഖലയിൽ നിന്നുള്ള പദ്ധതികളിൽ ഉൾപ്പെടുന്നു. കാണ്ട്ല തുറമുഖ പദ്ധതികൾ, ഗുജറാത്ത് സർക്കാരിന്റെ ഒന്നിലധികം റോഡ്, ജല, സൗരോർജ്ജ പദ്ധതികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Modiji, Aap Ka Aura Hi Alag Hai’: Gen Z ‘Friends’ Click With PM At Vadodara Event

Media Coverage

‘Modiji, Aap Ka Aura Hi Alag Hai’: Gen Z ‘Friends’ Click With PM At Vadodara Event
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the value and transformative power of knowledge
September 09, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam highlighting that wisdom teaches the art of living in harmony with society. He said that knowledge imparts wisdom and prosperity, fills the heart with joy and enhances one’s dignity.

The Prime Minister shared a Sanskrit Subhashitam-

“उपदिशति लोकवृत्तं वितरति वित्तं विनोदयति चित्तम्।

उत्तम्भयति महत्त्वं विद्या हृद्या सुराजसेवेव॥”

The Subhashitam conveys that wisdom teaches the art of living in harmony with society. It grants knowledge and prosperity, fills the heart with joy, and raises one's dignity. Thus, wisdom is as precious as service to righteous governance, beloved by the heart, and a force that uplifts life.

The Prime Minister wrote on X;

“उपदिशति लोकवृत्तं वितरति वित्तं विनोदयति चित्तम्।

उत्तम्भयति महत्त्वं विद्या हृद्या सुराजसेवेव॥”