ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'സെമിക്കോൺ ഇന്ത്യ - 2025' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയിലും വിദേശത്തുമുള്ള സെമികണ്ടക്ടർ വ്യവസായ സിഇഒമാരുടെയും അവരുടെ സഹകാരികളുടെയും സാന്നിധ്യം പ്രധാനമന്ത്രി അടയാളപ്പെടുത്തി . വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളെയും, സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട സംരംഭകരെയും, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ വിദ്യാർത്ഥികളെയും അദ്ദേഹം സ്വാഗതം ചെയ്തു.
ജപ്പാൻ, ചൈന സന്ദർശനം കഴിഞ്ഞ് ഇന്നലെ രാത്രിയാണ് താൻ തിരിച്ചെത്തിയതെന്നും ഇന്ന് യശോഭൂമിയിൽ, അഭിലാഷങ്ങളും ആത്മവിശ്വാസവും നിറഞ്ഞ ഒരു ഹാളിൽ സദസ്സിന് മുൻപിൽ സന്നിഹിതനാണെന്നും ശ്രീ മോദി പറഞ്ഞു. സാങ്കേതികവിദ്യയോടുള്ള തന്റെ അഭിനിവേശം എപ്പോഴും സ്വാഭാവികവും പ്രസിദ്ധവുമാണെന്ന് പരാമർശിച്ച പ്രധാനമന്ത്രി, അടുത്തിടെ ജപ്പാൻ സന്ദർശിച്ച വേളയിൽ, ജാപ്പനീസ് പ്രധാനമന്ത്രി ശ്രീ. ഷിഗെരു ഇഷിബയ്‌ക്കൊപ്പം ടോക്കിയോ ഇലക്ട്രോൺ ഫാക്ടറി സന്ദർശിക്കാൻ അവസരം ലഭിച്ചതായി പറഞ്ഞു. ആ കമ്പനിയുടെ സിഇഒ ഇന്ന് സദസ്സിൽ ഉണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. സാങ്കേതികവിദ്യയോടുള്ള തന്റെ അഭിനിവേശം, പലപ്പോഴും അത്തരം ഒത്തുചേരലുകളിലേക്ക് തന്നെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന് സദസ്സിൽ സന്നിഹിതനാകുന്നത് തനിക്ക് വലിയ സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള സെമികണ്ടക്ടർ മേഖലയിലെ വിദഗ്ധരുടെ സാന്നിധ്യവും, 40- 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യയുടെ നവീകരണവും യുവശക്തിയും ഈ പരിപാടിയിൽ ദൃശ്യമാണെന്ന് ഊന്നിപ്പറഞ്ഞു. "ലോകം ഇന്ത്യയെ വിശ്വസിക്കുന്നു, ലോകം ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നു, ലോകം ഇന്ത്യയുമായി ചേർന്ന് സെമികണ്ടക്ടർ ഭാവി കെട്ടിപ്പടുക്കാൻ തയ്യാറാണ്" എന്ന വ്യക്തമായ സന്ദേശം ഈ സവിശേഷ സംയോജനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെമികോൺ ഇന്ത്യയിൽ പങ്കെടുക്കുന്ന എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും വികസിതവും സ്വാശ്രയവുമായ ഒരു രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ അവർ പ്രധാന പങ്കാളികളാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.

അടുത്തിടെ പുറത്തിറക്കിയ ഈ വർഷത്തെ ആദ്യ പാദത്തിലെ ജിഡിപി കണക്കുകൾ ചൂണ്ടിക്കാട്ടി, "ഇന്ത്യ വീണ്ടും എല്ലാ പ്രതീക്ഷകളെയും, എല്ലാ എസ്റ്റിമേറ്റുകളെയും, എല്ലാ പ്രവചനങ്ങളെയും മറികടന്നു"എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾ സാമ്പത്തിക സ്വാർത്ഥതാൽപ്പര്യത്താൽ നയിക്കപ്പെടുന്ന ആശങ്കകളും വെല്ലുവിളികളും നേരിടുമ്പോൾ, ഇന്ത്യ 7.8 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉൽപ്പാദനം, സേവനങ്ങൾ, കൃഷി, നിർമ്മാണം തുടങ്ങിയ എല്ലാ മേഖലകളിലും ഈ വളർച്ച പ്രകടമായ ആവേശത്തോടെ ദൃശ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച വ്യവസായങ്ങളിലും ഓരോ പൗരനിലും പുതിയ ഊർജ്ജം നിറയ്ക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് ഇന്ത്യയെ ഈ വളർച്ചാ പാത വേഗത്തിൽ നയിക്കപ്പെടുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.
സെമികണ്ടക്ടറുകളുടെ ലോകത്ത്, 'എണ്ണ കറുത്ത സ്വർണ്ണമെങ്കിൽ, ചിപ്പുകൾ ഡിജിറ്റൽ വജ്രങ്ങളാണ്' എന്ന് പലപ്പോഴും പറയാറുണ്ടെന്ന് പരാമർശിച്ച പ്രധാനമന്ത്രി, കഴിഞ്ഞ നൂറ്റാണ്ടിനെ രൂപപ്പെടുത്തിയത് എണ്ണയാണെന്നും ലോകത്തിന്റെ വിധി നിർണ്ണയിച്ചത് എണ്ണക്കിണറുകളാണെന്നും പറഞ്ഞു. ഈ കിണറുകളിൽ നിന്ന് എത്രമാത്രം പെട്രോളിയം വേർതിരിച്ചെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചാഞ്ചാട്ടം ഉണ്ടായത്. എന്നാൽ 21-ാം നൂറ്റാണ്ടിന്റെ ശക്തി ഇപ്പോൾ ചെറിയ ചിപ്പിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വലിപ്പത്തിൽ ചെറുതാണെങ്കിലും, ആഗോള പുരോഗതിയെ ഗണ്യമായി ത്വരിതപ്പെടുത്താനുള്ള കഴിവ് ഈ ചിപ്പുകൾക്ക് ഉണ്ട്. ആഗോള സെമികണ്ടക്ടർ വിപണി ഇതിനകം 600 ബില്യൺ ഡോളറിലെത്തിയെന്നും വരും വർഷങ്ങളിൽ ഇത് 1 ട്രില്യൺ ഡോളർ കവിയുമെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ മുന്നേറുന്ന വേഗത കണക്കിലെടുക്കുമ്പോൾ, ഈ 1 ട്രില്യൺ ഡോളർ വിപണിയിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന പങ്ക് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം
പ്രകടിപ്പിച്ചു.
ഇന്ത്യ പുരോഗമിക്കുന്നതിന്റെ വേഗത എടുത്തുകാണിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ശ്രീ മോദി, 2021 ൽ സെമികോൺ ഇന്ത്യ പരിപാടി ആരംഭിച്ച കാര്യം ഓർമ്മിപ്പിച്ചു. 2023 ആയപ്പോഴേക്കും ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ പ്ലാന്റിന് അംഗീകാരം ലഭിച്ചുവെന്നും 2024 ൽ നിരവധി പ്ലാന്റുകൾക്കും, 2025 ൽ അഞ്ച് പദ്ധതികൾക്കും അനുമതി ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.പതിനെട്ട് ബില്യൺ ഡോളറിലധികം അതായത് 1.5 ലക്ഷം കോടിയിലധികം രൂപ നിക്ഷേപം ഉൾപ്പെടുന്ന പത്ത് സെമികണ്ടക്ടർ പദ്ധതികൾ ഇപ്പോൾ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യയ്ക്കു മേലുള്ള ആഗോള വിശ്വാസത്തിന്റെ വളർച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

സെമികണ്ടക്ടർ മേഖലയിൽ വേഗത പ്രധാനമാണെന്ന് എടുത്തുപ്പറഞ്ഞ ശ്രീ മോദി, "ഫയലിൽ നിന്ന് ഫാക്ടറിയിലേക്കുള്ള സമയം കുറയുകയും പേപ്പർവർക്കുകൾ കുറയുകയും ചെയ്താൽ വേഫർ ജോലികൾ എത്രയും വേഗം ആരംഭിക്കാൻ കഴിയും" എന്ന് പറഞ്ഞു. ഈ സമീപനത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സമർത്ഥിച്ചു .കൂടാതെ കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള എല്ലാ അംഗീകാരങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകാൻ പ്രാപ്തമാക്കുന്ന ദേശീയ ഏകജാലക സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. തൽഫലമായി, നിക്ഷേപകർക്ക് വിപുലമായ പേപ്പർവർക്കുകളിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലഗ്-ആൻഡ്-പ്ലേ(ഉടനടി പ്രവർത്തനക്ഷമം)ഇൻഫ്രാസ്ട്രക്ചർ മോഡലിന് കീഴിൽ രാജ്യത്തുടനീളം സെമികണ്ടക്ടർ പാർക്കുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് ഭൂമി, വൈദ്യുതി വിതരണം, തുറമുഖം, വിമാനത്താവള കണക്റ്റിവിറ്റി, വിദഗ്ധ തൊഴിലാളി പൂളിലേക്കുള്ള പ്രവേശനം തുടങ്ങിയ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അത്തരം അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹനങ്ങളുമായി സംയോജിപ്പിക്കുമ്പോൾ, വ്യാവസായിക വളർച്ച അനിവാര്യമായി സംഭവ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പിഎൽഐ(PLI, Production Linked Incentive,ഉത്പാദനാധിഷ്ഠിത പ്രോത്സാഹനം) പ്രോത്സാഹനങ്ങളിലൂടെയോ ഡിസൈൻ ലിങ്ക്ഡ് ഗ്രാന്റുകളിലൂടെയോ ആകട്ടെ, ഇന്ത്യ സമ്പൂർണ്ണ ശേഷികൾ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടാണ് നിക്ഷേപം ഒഴുകിയെത്തുന്നത് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ പ്രവർത്തനങ്ങൾ തിരശ്ശീലയ്ക്കു പിന്നിലുള്ളതിനപ്പുറം ഒരു ഫുൾ-സ്റ്റാക്ക് സെമികണ്ടക്ടർ രാഷ്ട്രമായി മാറുന്നതിലേക്ക് പുരോഗമിക്കുകയാണെന്ന് സ്ഥിരീകരിച്ച ശ്രീ മോദി, ഇന്ത്യയിലെ ഏറ്റവും ചെറിയ ചിപ്പ് ലോകത്തിലെ ഏറ്റവും വലിയ മാറ്റത്തിന് നേതൃത്വം നൽകുന്ന ദിവസം വിദൂരമല്ലെന്ന് ആവർത്തിച്ചു. "നമ്മുടെ യാത്ര വൈകിയാണ് ആരംഭിച്ചത്... പക്ഷേ ഇപ്പോൾ നമ്മെ തടയാൻ യാതൊന്നിനും കഴിയില്ല" എന്ന് അദ്ദേഹം പറഞ്ഞു. 'സിജി പവറി'ന്റെ പൈലറ്റ് പദ്ധതി(പരീക്ഷണ പദ്ധതി) വെറും 4-5 ദിവസം മുമ്പ്, ഓഗസ്റ്റ് 28 ന് പ്രവർത്തനം ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു, കെയ്‌ൻസിന്റെ പൈലറ്റ് പ്ലാന്റും ആരംഭിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോണിൽ നിന്നും ടാറ്റയിൽ നിന്നും ടെസ്റ്റ് ചിപ്പുകൾ ഇതിനകം തന്നെ ഉത്പാദനത്തിലുണ്ട്. സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ കൈവരിക്കുന്ന ദ്രുതഗതിയിലുള്ള പുരോഗതി അടിവരയിടുന്ന വാണിജ്യ ചിപ്പ് ഉത്പാദനം ഈ വർഷം ആരംഭിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയുടെ സെമികണ്ടക്ടർ വിജയഗാഥ ഒന്നിലോ ഒരു സാങ്കേതികവിദ്യയിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, രാജ്യത്തിനകത്ത് രൂപകൽപ്പന, നിർമ്മാണം, പാക്കേജിംഗ്, ഹൈടെക് ഉപകരണങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ ആവാസവ്യവസ്ഥ ഇന്ത്യ കെട്ടിപ്പടുക്കുകയാണെന്ന് പറഞ്ഞു. സെമികണ്ടക്ടർ ദൗത്യം ഒരൊറ്റ ഫാബ് സ്ഥാപിക്കുന്നതിലോ ഒരൊറ്റ ചിപ്പ് നിർമ്മിക്കുന്നതിലോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പകരം, രാജ്യത്തെ സ്വാശ്രയത്വമുള്ളതും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമാക്കി മാറ്റുന്ന ഒരു ശക്തമായ സെമികണ്ടക്ടർ ആവാസവ്യവസ്ഥയാണ് ഇന്ത്യ സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സെമികണ്ടക്ടർ ദൗത്യത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയ്ക്ക് അടിവരയിട്ടുകൊണ്ട്, ലോകത്തിലെ ഏറ്റവും നൂതന സാങ്കേതികവിദ്യകൾക്കൊപ്പം ഈ മേഖലയിലും രാജ്യം മുന്നേറുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ആഭ്യന്തരമായി നിർമ്മിക്കുന്ന ചിപ്പുകൾ വഴി ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെ ശാക്തീകരിക്കുക എന്നതാണ് ഇന്ത്യയുടെ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. നോയിഡയിലും ബെംഗളൂരുവിലും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിസൈൻ സെന്ററുകൾ കോടിക്കണക്കിന് ട്രാൻസിസ്റ്ററുകൾ സംഭരിക്കാൻ കഴിവുള്ള ലോകത്തിലെ ഏറ്റവും നൂതനമായ ചില ചിപ്പുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 21-ാം നൂറ്റാണ്ടിലെ ആഴത്തിലുള്ള സാങ്കേതികവിദ്യകൾക്ക് ഈ ചിപ്പുകൾ ശക്തി പകരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള സെമികണ്ടക്ടർ മേഖല നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട്, അവയെ മറികടക്കാൻ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. നഗരങ്ങളിൽ, ഉയർന്ന കെട്ടിടങ്ങളും ശ്രദ്ധേയമായ ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ദൃശ്യമാണെങ്കിലും അവയുടെയെല്ലാം അടിത്തറ ഉരുക്കിലാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ, ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിന്റെ അടിത്തറ നിർണായക ധാതുക്കളിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യ നിലവിൽ നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷനിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തരമായി അപൂർവ ധാതുക്കൾക്കായുള്ള ആവശ്യം നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി, നിർണായക ധാതു പര്യവേഷണ പദ്ധതികളിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെമികണ്ടക്ടർ മേഖലയുടെ വളർച്ചയിൽ സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും സർക്കാർ ഒരു പ്രധാന പങ്ക് വിഭാവനം ചെയ്യുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ലോകത്തിലെ സെമികണ്ടക്ടർ ഡിസൈൻ വിദഗ്ധരിൽ 20 ശതമാനവും ഇന്ത്യ സംഭാവന ചെയ്യുന്നുണ്ടെന്നും, രാജ്യത്തെ യുവാക്കൾ സെമികണ്ടക്ടർ വ്യവസായത്തിനുള്ള ഏറ്റവും വലിയ മാനവ മൂലധന ഫാക്ടറിയെ പ്രതിനിധീകരിക്കുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. യുവ സംരംഭകരെയും, നവീനരെയും, സ്റ്റാർട്ടപ്പുകളെയും അഭിസംബോധന ചെയ്തുകൊണ്ട്, സർക്കാർ അവരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് ശ്രീ മോദി അവരോട് മുന്നോട്ട് വരാൻ അഭ്യർത്ഥിച്ചു. ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും ചിപ്സ്-ടു-സ്റ്റാർട്ടപ്പ് പ്രോഗ്രാമും അവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം അതിന്റെ ലക്ഷ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനായി പുനഃക്രമീകരിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ഈ മേഖലയിൽ ഇന്ത്യൻ ബൗദ്ധിക സ്വത്ത് (ഐപി) വികസിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ ആരംഭിച്ച ദേശീയ ഗവേഷണ നിധിയും തന്ത്രപരമായ ബന്ധങ്ങളിലൂടെ ഈ ശ്രമത്തെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി സംസ്ഥാനങ്ങൾ സെമികണ്ടക്ടർ ദൗത്യത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും, പലതും ഈ മേഖലയ്ക്കായി പ്രത്യേക നയങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ സംസ്ഥാനങ്ങൾ അർപ്പിത മനോഭാവത്തോടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പറഞ്ഞു. സെമികണ്ടക്ടർ ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിനും അവരവരുടെ പ്രദേശങ്ങൾക്കുള്ളിൽ നിക്ഷേപ അന്തരീക്ഷം വർദ്ധിപ്പിക്കുന്നതിനും പരസ്പരം ആരോഗ്യകരമായ മത്സരത്തിൽ ഏർപ്പെടാൻ അദ്ദേഹം എല്ലാ സംസ്ഥാനങ്ങളോടും ആഹ്വാനം ചെയ്തു.
"പരിഷ്കാരം, പ്രകടനം, പരിവർത്തനം എന്നീ മന്ത്രങ്ങൾ പിന്തുടർന്നാണ് ഇന്ത്യ ഈ ഘട്ടത്തിലെത്തിയത്. അടുത്ത തലമുറ പരിഷ്കാരങ്ങളുടെ ഒരു പുതിയ ഘട്ടം ഉടൻ ആരംഭിക്കും", 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ' ൻ്റെ അടുത്ത ഘട്ടത്തിലെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. സന്നിഹിതരായ എല്ലാ നിക്ഷേപകരെയും അഭിസംബോധന ചെയ്തുകൊണ്ട്, തുറന്ന മനസ്സോടെ അവരെ സ്വാഗതം ചെയ്യാൻ ഇന്ത്യ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "രൂപകൽപ്പന തയ്യാറാണ്. എന്നാൽ ആവരണലിപ്തമാണ്. ഇപ്പോൾ കൃത്യതയോടെ നടപ്പിലാക്കുന്നതിനും വലിയ തോതിൽ വിതരണം ചെയ്യുന്നതിനുമുള്ള സമയമാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നയങ്ങൾ ഹ്രസ്വകാല സിഗ്നലുകളല്ല, മറിച്ച് ദീർഘകാല പ്രതിബദ്ധതകളാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, എല്ലാ നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. "ലോകം,'ഇന്ത്യയിൽ രൂപകൽപ്പന ചെയ്തത്', 'ഇന്ത്യയിൽ നിർമ്മിച്ചത്', 'ലോകം വിശ്വസിച്ചത്' എന്ന് പറയുന്ന ദിവസം വിദൂരമല്ല" എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഓരോ ശ്രമവും വിജയിക്കട്ടെ, ഓരോ ബൈറ്റും നൂതനത്വത്താൽ നിറയട്ടെ, യാത്ര പിഴവുകളില്ലാത്തതും ഉയർന്ന പ്രകടനമുള്ളതുമായിരിക്കട്ടെ എന്ന തന്റെ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
കേന്ദ്രമന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ഡൽഹി മുഖ്യമന്ത്രി ശ്രീ ജിതിൻ പ്രസാദ, ഒഡീഷ മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത, ശ്രീ മോഹൻ ചരൺ മാഝി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം
സെമിക്കോൺ ഇന്ത്യ - 2025 സെപ്റ്റംബർ 2 മുതൽ 4 വരെ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനമാണ്. ഇന്ത്യയിൽ കരുത്തുറ്റതും, പ്രതിരോധശേഷിയുള്ളതും, സുസ്ഥിരവുമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും. സെമികോൺ ഇന്ത്യ പ്രോഗ്രാമിന്റെ പുരോഗതി, സെമികോൺ ഫാബ്, അഡ്വാൻസ്ഡ് പാക്കേജിംഗ് പ്രോജക്ടുകൾ, അടിസ്ഥാന സൗകര്യ സന്നദ്ധത, സ്മാർട്ട് നിർമ്മാണം, ഗവേഷണ വികസനത്തിലെയും കൃത്രിമ ബുദ്ധിയിലെയും നൂതനാശയങ്ങൾ, നിക്ഷേപ അവസരങ്ങൾ, സംസ്ഥാനതല നയ നിർവ്വഹണം എന്നിവയെക്കുറിച്ചുള്ള സെഷനുകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് (DLI) സ്കീമിന് കീഴിലുള്ള സംരംഭങ്ങൾ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ച, അന്താരാഷ്ട്ര സഹകരണം, ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയ്ക്കുള്ള ഭാവി രൂപരേഖ എന്നിവ ഈ പരിപാടിയിൽ ഉയർത്തിക്കാട്ടും.

48-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,500-ലധികം പ്രതിനിധികൾ, 50-ലധികം ആഗോള നേതാക്കൾ ഉൾപ്പെടെ 150-ലധികം പ്രഭാഷകർ, 350-ലധികം പ്രദർശകർ തുടങ്ങി 20,750-ലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കും. 6 രാജ്യങ്ങൾ ഭാഗഭാക്കാകുന്ന വട്ടമേശ ചർച്ചകൾ, പങ്കാളിത്ത രാജ്യങ്ങളുടെ പവലിയനുകൾ, വർക്ക്ഫോഴ്‌സ് ഡെവലപ്‌മെന്റിനും സ്റ്റാർട്ടപ്പുകൾക്കും വേണ്ടിയുള്ള സമർപ്പിത പവലിയനുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
The world trusts India.
— PMO India (@PMOIndia) September 2, 2025
The world believes in India.
The world is ready to build the semiconductor future with India: PM @narendramodi pic.twitter.com/B9MI5xEJwH
Chips are digital diamonds. pic.twitter.com/PNK6AjXIeM
— PMO India (@PMOIndia) September 2, 2025
जितना कम पेपरवर्क होगा... वेफर वर्क उतना जल्दी शुरू हो पाएगा: PM @narendramodi pic.twitter.com/33JY7rin35
— PMO India (@PMOIndia) September 2, 2025
वो दिन दूर नहीं है, जब भारत की सबसे छोटी chip, दुनिया के सबसे बड़े change को drive करेगी: PM @narendramodi pic.twitter.com/SGiuv70j2m
— PMO India (@PMOIndia) September 2, 2025
The day is not far when the world will say – Designed in India, Made in India, Trusted by the World: PM @narendramodi pic.twitter.com/8TXxvVodyB
— PMO India (@PMOIndia) September 2, 2025


