“അമൃതകാലത്തെ ബജറ്റ് ഹരിത വളർച്ചയുടെ വേഗത ത്വരിതപ്പെടുത്തുന്നു”
“നിലവിലെ വെല്ലുവിളികൾക്കു പരിഹാരം കണ്ടെത്തുന്നതിനൊപ്പം ഈ ഗവണ്മെന്റിന്റെ ഓരോ ബജറ്റും നവയുഗ പരിഷ്കാരങ്ങളും മുന്നോട്ടു വയ്ക്കുന്നു”
“ഈ ബജറ്റിലെ ഹരിതോർജ പ്രഖ്യാപനങ്ങൾ ഭാവി തലമുറകൾക്ക് അടിത്തറ പാകുകയും വഴിയൊരുക്കുകയും ചെയ്യുന്നു”
“ആഗോള ഹരിതോർജ വിപണിയിൽ ഇന്ത്യയെ പ്രധാന പങ്കാളിയാക്കി മാറ്റുന്നതിൽ ഈ ബജറ്റ് സുപ്രധാന പങ്കുവഹിക്കും”
“2014നുശേഷം, പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ പുനരുപയോഗ ഊർജശേഷി വർധിപ്പിക്കുന്നതിൽ അതിവേഗം മുന്നേറുന്നത് ഇന്ത്യയാണ്”
“ഇന്ത്യയിലെ സൗരോർജം, കാറ്റ്, ജൈവവാതകം എന്നിവയുടെ സാധ്യതകൾ, നമ്മുടെ സ്വകാര്യമേഖലയെ സംബന്ധിച്ചിടത്തോളം, ഏതൊരു സ്വർണ ഖനിയേക്കാളും എണ്ണപ്പാടത്തേക്കാളും കുറവല്ല”
“ഇന്ത്യയുടെ വാഹനം പൊളിക്കൽ നയം ഹരിത വളർച്ചാ തന്ത്രത്തിന്റെ നിർണായക ഭാഗമാണ്”
“ഹരിതോർജത്തിൽ ലോകത്തെ നയിക്കുന്നതിന് ഇന്ത്യക്കു വലിയ സാധ്യതകളുണ്ട്. ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ആഗോള നന്മയെന്ന ലക്ഷ്യവും ഇതു മുന്നോട്ടു കൊണ്ടുപോകും.”
“ഈ ബജറ്റ് അവസരം മാത്രമല്ല, നമ്മുടെ ഭാവി സുരക്ഷയുടെ ഉറപ്പും ഉൾക്കൊള്ളുന്നു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഹരിത വളർച്ച’യുമായി ബന്ധപ്പെട്ടു ബജറ്റിനുശേഷമുള്ള വെബിനാറിനെ ഇന്ന് അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഇത്.

2014നുശേഷം രാജ്യത്ത് അവതരിപ്പിച്ച എല്ലാ ബജറ്റുകളും വർത്തമാനകാലത്തു നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കണ്ടെത്തുന്നതിനൊപ്പം നവയുഗ പരിഷ്കാരങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ടെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.

ഹരിത വളർച്ചയ്ക്കും ഊർജക്കൈമാറ്റത്തിനുമുള്ള മൂന്നു സ്തംഭങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ആദ്യമായി, പുനരുപയോഗ ഊർജ ഉൽപ്പാദനം വർധിപ്പിക്കുക; രണ്ടാമതായി, സമ്പദ്‌വ്യവസ്ഥയിൽ ഖനിജ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുക; അവസാനമായി, രാജ്യത്തു വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് അതിവേഗം നീങ്ങുക. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ബജറ്റുകളിലെ എഥനോൾ മിശ്രണം, പിഎം കുസും യോജന, സൗരോർജ ഉൽപ്പാദനത്തിനുള്ള പ്രോത്സാഹനം, പുരപ്പുറ സൗരോർജ പദ്ധതി, കൽക്കരി വാതകവൽക്കരണം, ബാറ്ററി സംഭരണം തുടങ്ങിയ നടപടികളുടെ പ്രഖ്യാപനങ്ങൾ ഈ തന്ത്രം അടിവരയിടുന്നു. മുൻവർഷങ്ങളിലെ ബജറ്റുകളിലെ സുപ്രധാന പ്രഖ്യാപനങ്ങൾക്ക് അടിവരയിട്ട പ്രധാനമന്ത്രി, ഈ വർഷത്തെ ബജറ്റിലുള്ള വ്യവസായങ്ങൾക്കു ഹരിതവായ്പ, കർഷകർക്കുള്ള പ്രധാനമന്ത്രി പ്രണാം യോജന, ഗ്രാമങ്ങൾക്കുള്ള ഗോബർധൻ യോജന, നഗരങ്ങൾക്കുള്ള വാഹനങ്ങൾ പൊളിക്കൽ നയം, ഹരിത ഹൈഡ്രജൻ, തണ്ണീർത്തട സംരക്ഷണം തുടങ്ങിയ പദ്ധതികൾ എടുത്തുപറഞ്ഞു. ഈ പ്രഖ്യാപനങ്ങൾ അട‌ിത്തറ പാകുകയും ഭാവി തലമുറകൾക്കു വഴിയൊരുക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുനരുപയോഗ ഊർജ മേഖലയിൽ ഇന്ത്യയുടെ ആധിപത്യം ലോകത്ത് ആനുപാതികമായ മാറ്റം ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ആഗോള ഹരിതോർജ വിപണിയിൽ ഇന്ത്യയെ പ്രധാന പങ്കാളിയായി മാറ്റുന്നതിൽ ഈ ബജറ്റ് സുപ്രധാന പങ്കു വഹിക്കും. അതുകൊണ്ടാണ് ഇന്ന് ഊർജ ലോകത്തെ എല്ലാ പങ്കാളികളെയും ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഞാൻ ക്ഷണിക്കുന്നത്” - പ്രധാനമന്ത്രി പറഞ്ഞു. ഊർജ വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണത്തിനുള്ള ആഗോള ശ്രമങ്ങളെക്കുറിച്ചു പരാമർശിക്കവേ, ഈ ബജറ്റ് ഓരോ ഹരിതോർജ നിക്ഷേപകനും ഇന്ത്യയിൽ നിക്ഷേപം നടത്താൻ വലിയ അവസരമാണു നൽകിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും ഇത് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“2014നുശേഷം, പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ പുനരുപയോഗ ഊർജശേഷി വർധിപ്പിക്കുന്നതിൽ അതിവേഗം മുന്നേറുന്നത് ഇന്ത്യയാണ്” - പ്രധാനമന്ത്രി പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളുടെ കാര്യത്തിൽ നിശ്ചിത സമയത്തിനു മുമ്പേ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇന്ത്യയുടെ കഴിവാണ് ഇന്ത്യയുടെ നേട്ടങ്ങളുടെ കണക്കു കാട്ട‌ിത്തരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപിത വൈദ്യുത ശേഷിയിൽ ഖനിജേതര ഇന്ധനങ്ങളിൽ നിന്നുള്ള 40% സംഭാവന എന്ന ലക്ഷ്യം, ലക്ഷ്യമിട്ട സമയത്തിന് 9 വർഷം മുമ്പ് ഇന്ത്യ കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അഞ്ചു മാസം മുമ്പ് ഇന്ത്യ പെട്രോളിൽ 10% എഥനോൾ മിശ്രണം എന്ന ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. 2030നു പകരം 2025-26ഓടെ പെട്രോളിൽ 20% എഥനോൾ മിശ്രണത്തിനാണു രാജ്യം പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2023ഓടെ 500 ജിഗാവാട്ട്  ശേഷി കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇ20 ഇന്ധനം പുറത്തിറക്കിയത് അനുസ്മരിച്ച പ്രധാനമന്ത്രി, ജൈവ ഇന്ധനങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന ഊന്നൽ ചൂണ്ടിക്കാട്ടി, നിക്ഷേപകർക്ക് ഇതു പുതിയ അവസരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നു വ്യക്തമാക്കി. രാജ്യത്തു കാർഷികാവശിഷ്ടങ്ങളുടെ ആധിക്യത്തെക്കുറിച്ചു പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ എല്ലാ കോണുകളിലും എഥനോൾ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള അവസരം പാഴാക്കരുതെന്നു നിക്ഷേപകരോട് അഭ്യർഥിച്ചു. “ഇന്ത്യയിലെ സൗരോർജം, കാറ്റ്, ജൈവവാതകം എന്നിവയുടെ സാധ്യതകൾ, നമ്മുടെ സ്വകാര്യമേഖലയെ സംബന്ധിച്ചിടത്തോളം, ഏതൊരു സ്വർണ ഖനിയേക്കാളും എണ്ണപ്പാടത്തേക്കാളും കുറവല്ല” - പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിനു കീഴിൽ 5 ദശലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നേറുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ രംഗത്തു സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് 19,000 കോടി രൂപ വകയിരുത്തി. ഇലക്ട്രോലൈസർ നിർമാണം, ഗ്രീൻ സ്റ്റീൽ നിർമാണം, ദീർഘദൂര ഇന്ധന സെല്ലുകൾ തുടങ്ങിയ മറ്റ് അവസരങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ചാണകത്തിൽ നിന്ന് 10,000 ദശലക്ഷം ഘനമീറ്റർ ജൈവവാതകവും 1.5 ലക്ഷം ഘന മീറ്റർ ഗ്യാസും ഉൽപ്പാദിപ്പിക്കാൻ ഇന്ത്യക്കു ശേഷിയുണ്ടെന്നും ഇതു രാജ്യത്തെ നഗര വാതക വിതരണത്തിന്റെ 8% വരെ സംഭാവനചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഈ സാധ്യതകൾ കാരണം, ഇന്നു ഗോബർധൻ യോജന ഇന്ത്യയുടെ ജൈവ ഇന്ധന തന്ത്രത്തിന്റെ സുപ്രധാന ഘടകമാണ്. ഈ ബജറ്റിൽ ഗോബർധൻ യോജനയ്ക്കു കീഴിൽ 500 പുതിയ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ പഴയ രീതിയിലുള്ള പ്ലാന്റുകൾ പോലെയല്ല. ഈ ആധുനിക പ്ലാന്റുകൾക്കായി ഗവണ്മെന്റ് 10,000 കോടി രൂപ ചെലവഴിക്കും” - അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക മാലിന്യങ്ങളിൽ നിന്നും മുനിസിപ്പൽ ഖരമാലിന്യങ്ങളിൽ നിന്നും സിബിജി ഉൽപ്പാദിപ്പിക്കുന്നതിനു സ്വകാര്യ മേഖലയ്ക്ക് ആകർഷകമായ പ്രോത്സാഹനങ്ങൾ ലഭിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യയുടെ വാഹനങ്ങൾ പൊളിക്കൽ നയത്തിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, ഹരിത വളർച്ചാ തന്ത്രത്തിന്റെ നിർണായക ഭാഗമാണിതെന്നു വ്യക്തമാക്കി. പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, ബസുകൾ എന്നിവയുൾപ്പെടെ 15 വർഷത്തിലധികം പഴക്കമുള്ള, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള, 3 ലക്ഷത്തോളം വാഹനങ്ങൾ പൊളിക്കാൻ ഗവണ്മെന്റ് ഈ വർഷത്തെ ബജറ്റിൽ 3000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പുനരുപയോഗം, പുനഃചംക്രമണം, വീണ്ടെടുക്കൽ എന്നീ തത്വങ്ങൾ പിന്തുടർന്ന്, “വാഹനങ്ങൾ പൊളിക്കൽ വലിയ വിപണിയായി മാറാൻ പോകുന്നു” - പ്രധാനമന്ത്രി പറഞ്ഞു. ഇതു നമ്മുടെ ചാക്രിക സമ്പദ്‌വ്യവസ്ഥയ്ക്കു പുതിയ കരുത്തേകുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ വിവിധ മാർഗങ്ങളിൽ ഭാഗമാകാൻ രാജ്യത്തെ യുവാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

അടുത്ത 6-7 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ബാറ്ററി സംഭരണശേഷി 125 ജിഗാവാട്ട് മണിക്കൂറായി ഉയർത്തേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മൂലധന തീവ്രതയുള്ള ഈ മേഖലയിൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു ബാറ്ററി ഡെവലപ്പർമാരെ പിന്തുണയ്ക്കുന്നതിനായി ഈ ബജറ്റിൽ ഗവണ്മെന്റ് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് പദ്ധതി കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ജലാധിഷ്ഠിത ഗതാഗതം ഇന്ത്യയിൽ വലിയ മേഖലയായി മാറിയതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യ ഇന്നു തീരദേശ പാതയിലൂടെ 5% ചരക്കു മാത്രമേ കൊണ്ടുപോകുന്നുള്ളൂ. 2% ചരക്കു മാത്രമാണ് ഉൾനാടൻ ജലപാതകളിലൂടെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജലപാതകളുടെ വികസനം ഈ മേഖലയിലെ എല്ലാ പങ്കാളികൾക്കും നിരവധി അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിതോർജത്തിന്റെ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ലോകത്തെ നയിക്കാൻ ഇന്ത്യക്കു വലിയ സാധ്യതയുണ്ടെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ആഗോള നന്മയെന്ന ലക്ഷ്യവും ഇതു മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. “ഈ ബജറ്റ് അവസരം മാത്രമല്ല, നമ്മുടെ ഭാവി സുരക്ഷയുടെ ഉറപ്പും ഉൾക്കൊള്ളുന്നു”. ബജറ്റിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കാൻ വേഗത്തിൽ പ്രവർത്തിക്കാൻ എല്ലാ പങ്കാളികളോടും പ്രധാനമന്ത്രി അഭ്യർഥിച്ചു. “ഗവണ്മെന്റ് നിങ്ങൾക്കും നിങ്ങളുടെ നിർദേശങ്ങൾക്കും ഒപ്പമാണ്” - പ്രധാനമന്ത്രി ഉപസംഹരിച്ചു.


പശ്ചാത്തലം :

കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള വെബിനാറിൽ, ഹരിത വളർച്ചയുടെ ഊർജ - ഊർജേതര ഘടകങ്ങൾ ഉള്‍ക്കൊള്ളുന്ന ആറ് ബ്രേക്ക്ഔട്ട് സെഷനുകള്‍ ഉണ്ടാകും. ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പുറമേ, സംസ്ഥാന ഗവണ്‍മെന്റുകള്‍, വ്യവസായ - അക്കാദമി - ഗവേഷണ സ്ഥാപനങ്ങള്‍, പൊതുമേഖല എന്നിവിടങ്ങളില്‍ നിന്നുള്ള പങ്കാളികൾ ഈ വെബിനാറുകളില്‍ പങ്കെടുക്കുകയും ബജറ്റ് പ്രഖ്യാപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിക്കുന്നതിനുള്ള നിർദേശങ്ങളിലൂടെ സംഭാവനയേകുകയും ചെയ്യും.

രാജ്യത്തു ഹരിത വ്യാവസായിക - സാമ്പത്തിക പരിവര്‍ത്തനം, പരിസ്ഥിതി സൗഹൃദ കൃഷി, സുസ്ഥിര ഊർജം എന്നിവ സാദ്ധ്യമാക്കുന്നതിന് 2023-24ലെ കേന്ദ്ര ബജറ്റിലുള്ള ഏഴു പ്രധാന മുന്‍ഗണനകളില്‍ ഒന്നാണു ഹരിത വളര്‍ച്ച. ഇതു വന്‍തോതില്‍ ഹരിത തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഹരിത ഹൈഡ്രജന്‍ ദൗത്യം, ഊർജ പരിവര്‍ത്തനം, ഊർജ സംഭരണ പദ്ധതികള്‍, പുനരുപയോഗ ഊര്‍ജോൽപ്പാദനം, ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം, പിഎം-പ്രണാം, ഗോബർധന്‍ പദ്ധതി, ഭാരതീയ പ്രാകൃതിക് ഖേതി ബയോ ഇന്‍പുട്ട് റിസോഴ്സ് സെന്ററുകള്‍, മിഷ്ടി, അമൃത് ധരോഹര്‍, തീരദേശ ഷിപ്പിംഗ്, വാഹനങ്ങൾ മാറ്റല്‍ തുടങ്ങി വിവിധ മേഖലകളിലും മന്ത്രാലയങ്ങളിലും വ്യാപിച്ചിരിക്കുന്ന നിരവധി പദ്ധതികളും സംരംഭങ്ങളും കേന്ദ്ര ബജറ്റ് വിഭാവനം ചെയ്തിട്ടുണ്ട്.

ബജറ്റിനു ശേഷമുള്ള ഓരോ വെബിനാറിലും മൂന്നു സെഷനുകള്‍ ഉണ്ടാകും. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന പ്ലീനറി ഉദ്ഘാടന സമ്മേളനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ഈ സെഷനുശേഷം വിവിധ ആശയങ്ങളില്‍ സമാന്തരമായി പ്രത്യേക ബ്രേക്ക്ഔട്ട് സെഷനുകളും നടക്കും. അവസാനമായി, ബ്രേക്കൗട്ട് സെഷനുകളില്‍ നിന്നുള്ള ആശയങ്ങള്‍ പ്ലീനറി സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കും. വെബിനാറിൽ ലഭിക്കുന്ന ആശയ നിർദേശങ്ങളെ അടിസ്ഥാനമാക്കി, ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിനു ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍  സമയബന്ധിത കർമപദ്ധതി തയ്യാറാക്കും.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗവണ്മെന്റ് നിരവധി ബജറ്റ് പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കാലവർഷം ആരംഭിക്കുന്നതിനു മുമ്പു മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ധനവിനിയോഗത്തിനു മതിയായ സമയം ലഭിക്കുന്നതിനായി ബജറ്റിന്റെ തീയതി ഫെബ്രുവരി ഒന്നിലേക്കു മാറ്റി. ബജറ്റ് നിർവഹണത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള മറ്റൊരു ചുവടുവയ്പായിരുന്നു ബജറ്റിനുശേഷമുള്ള വെബിനാറുകൾ എന്ന നൂതന ആശയം. പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള വിദഗ്ധർ, അക്കാദമിക - വ്യവസായ രംഗത്തെ വിദഗ്ധർ എന്നിവരെ ഒരൊറ്റ വേദിയിൽ ഒരുമിച്ചു കൊണ്ടുവരുന്നതിനും മേഖലകളിലുടനീളമുള്ള നടപ്പാക്കൽ തന്ത്രങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനുമായാണു പ്രധാനമന്ത്രി ഈ ആശയം വിഭാവനം ചെയ്തത്. ജനപങ്കാളിത്തമെന്ന മനോഭാവത്തോടെ 2021ലാണ് ഈ വെബിനാറുകൾക്കു തുടക്കംകുറിച്ചത്. ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദവും വേഗത്തിലും തടസരഹിതമായും നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട എല്ലാ പങ്കാളികളുടെയും പങ്കാളിത്തവും ഉടമസ്ഥതയും ഈ വെബിനാറുകൾ പ്രോത്സാഹിപ്പിക്കുന്നു.

ത്രൈമാസ ലക്ഷ്യങ്ങളോടെ കർമപദ്ധതികൾ തയ്യാറാക്കുന്നതിനായി, വിവിധ മന്ത്രിമാരുടെയും വകുപ്പുകളുടെയും ബന്ധപ്പെട്ട എല്ലാ പങ്കാളികളുടെയും കൂട്ടായ പ്രയത്നങ്ങളിൽ വെബിനാറുകൾ ശ്രദ്ധ കേന്ദ്രീകരിക്കും. അതുവഴി നടപ്പാക്കൽ സുഗമമാക്കുന്നതിനാൽ ഉദ്ദേശിച്ച ഫലങ്ങൾ സമയബന്ധിതമായി കൈവരിക്കാനാകും. വ്യാപകമായ പങ്കാളിത്തം ഉറപ്പാക്കാനാണ് അവ വെർച്വലായി നടത്തുന്നത്. ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാർ, വകുപ്പുകളിലെ പ്രധാന പങ്കാളികൾ, റെഗുലേറ്റർമാർ, അക്കാദമിക - വ്യാപാര - വ്യവസായ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും.

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian professionals flagbearers in global technological adaptation: Report

Media Coverage

Indian professionals flagbearers in global technological adaptation: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM congratulates Indian contingent for their historic performance at the 10th Asia Pacific Deaf Games 2024
December 10, 2024

The Prime Minister Shri Narendra Modi today congratulated the Indian contingent for a historic performance at the 10th Asia Pacific Deaf Games 2024 held in Kuala Lumpur.

He wrote in a post on X:

“Congratulations to our Indian contingent for a historic performance at the 10th Asia Pacific Deaf Games 2024 held in Kuala Lumpur! Our talented athletes have brought immense pride to our nation by winning an extraordinary 55 medals, making it India's best ever performance at the games. This remarkable feat has motivated the entire nation, especially those passionate about sports.”