2020 നവംബര്‍ ഏഴിനു രാവിലെ 11 മണിക്കു നടക്കുന്ന ഡെല്‍ഹി ഐ.ഐ.ടിയുടെ 51ാമതു വാര്‍ഷിക ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചടങ്ങിനെ അഭിസംബോധന ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.
ഹൈബ്രിഡ് മാതൃകയില്‍ ഇന്‍-പേഴ്‌സണ്‍ ചടങ്ങായി പരിമിതമായ ആള്‍ക്കാരുടെ സാന്നിധ്യത്തിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡോഗ്ര ഹാളില്‍ പരിപാടി നടക്കുക. ബിരുദം നേടുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വിശിഷ്ടരായ പൂര്‍വകാല വിദ്യാര്‍ഥികള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായി പരിപാടി വെബ്കാസ്റ്റ് ചെയ്യും. പിഎച്ച്.ഡി., എം.ടെക്, മാസ്‌റ്റേഴ്‌സ് ഓഫ് ഡിസൈന്‍, എം.ബി.എ., ബി.ടെക് ബിരുദങ്ങള്‍ നേടുന്ന രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്കു ചടങ്ങില്‍വെച്ചു ബിരുദം നല്‍കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു പ്രസിഡന്റിന്റെ സ്വര്‍ണ മെഡലും ഡയറക്ടറുടെ സ്വര്‍ണ മെഡലും ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ സ്വര്‍ണ മെഡലും പെര്‍ഫെക്റ്റ് ടെന്‍ സ്വര്‍ണ മെഡലുകളും വെള്ളി മെഡലുകളും സമ്മാനിക്കും.


