ന്യൂയോര്‍ക്കില്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയിരിക്കുന്ന വിശിഷ്ഠാതിഥികള്‍ക്കും ക്ഷണിതാക്കള്‍ക്കും ടെലിവിഷനിലൂടെ ഈ പരിപാടി വീക്ഷിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും നമസ്‌കാരം. എല്ലാവര്‍ക്കും അന്താരാഷ്ട്ര യോഗാദിനാശംസകള്‍.
ഹിമാവാന്റെ താഴ്‌വാരത്തിലുള്ള മനോഹരമായ ഡെറാഡൂണ്‍ നഗരത്തില്‍ ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം ഈ പ്രഭാതം ചെലവഴിക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ ആഹ്ലാദമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകമെമ്പാടുമുള്ള ജനം യോഗാ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഞാന്‍ കാണുകയായിരുന്നു. കേവലം മൂന്നു വര്‍ഷം കൊണ്ട് ഇത് ലോകമെമ്പാടും ഒരു ബഹുജന മുന്നേറ്റമായി മാറിയിരിക്കുന്നു. നിരവധി രാജ്യങ്ങളില്‍ ഇത് പൊതു ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുന്നു. അതിന്റെ സ്വാധീനം ആ ദിനാഘോഷങ്ങള്‍ക്കുമപ്പുറം വളര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന് മൂന്നു വ്യത്യസ്ത വിഷയങ്ങളാണ് ഞാന്‍ കാണുന്നത്. ഇതു തന്നെയായിരിക്കും മറ്റു രാജ്യങ്ങളിലും എന്നു ഞാന്‍ കരുതുന്നു.
ഒന്ന് – ജനലക്ഷങ്ങള്‍ക്ക് ഇത് ഒരു പ്രാഥമിക ശിക്ഷണത്തിനുള്ള അവസരമാണ്. യോഗയുടെ സത്തയാല്‍ പ്രേരിതമായി അവര്‍ സ്വയം അതില്‍ തുടരും. രണ്ട്- യോഗയില്‍ പ്രാരംഭ ശിക്ഷണം ലഭിച്ചവര്‍ക്ക് ഇതു തുടരാനുള്ള പുനര്‍പ്പണ അവസരമാണിത്. മൂന്ന്- സദ് വചനം പ്രചരിപ്പിക്കുക എന്നതാണ്. ആയിരക്കണക്കിന് വ്യക്തികളും സ്ഥാപനങ്ങളും യോഗയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കി, ഇനിയും എത്തിപ്പെടാന്‍ സാധിക്കാതിരുന്നവരിലേയ്ക്ക് എത്തി. ഇപ്പോള്‍ അന്താരാഷ്ട്ര യോഗാ ദിനം ഒരു ഉത്സവം പോലെ ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. യോഗ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒന്നിപ്പിക്കുക എന്നതാണ്. അതുകൊണ്ട് യോഗയിലുള്ള ഈ താല്പര്യത്തിന്റെ തരംഗം എന്നില്‍ വലിയ പ്രത്യാശ നിറയ്ക്കുന്നു. ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ബന്ധന ശക്തിയായി യോഗയ്ക്കു മാറാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഈ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി അന്താരാഷ്ട്ര യോഗാ ദിനം തന്നെ നിങ്ങള്‍ തെരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ കേന്ദ്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സംരംഭങ്ങളിലും യോഗയുടെ ഘടകങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ ശക്തമായി പരിശ്രമിക്കുമെന്നു ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളായ യോഗയും ആയൂര്‍വേദവുമാണ് നമ്മെ ആരോഗ്യവാന്മാരായി ഇതുവരെ നിലനിര്‍ത്തിയത്. അതാണ് ശരീരത്തിന്റെയും മനസിന്റെയും സഹജമായ ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ നമ്മെ സഹായിച്ചത്. വ്യക്തികളെ ആദരവോടും കരുതലോടും കൂടി ശുശ്രൂഷിച്ചത് ഈ ചികിത്സാ സമ്പ്രദായങ്ങളാണ്. ഈ സമീപനം അതിക്രമമോ പരുഷമോ ആയിരുന്നില്ല. സാമ്പ്രദായികമായ ചികിത്സാ രീതികള്‍ പിന്തുടര്‍ന്നു പോന്നവര്‍ക്ക് ഇത് സൗഖ്യദായകമായ മാറ്റമാണ് നല്കിയത്. ആധുനിക ജീവിത ശൈലി നമ്മുടെ മനസിനും ശരീരത്തിനും മേല്‍ വലിയ ഭാരമാണ് ചെലുത്തിയിരിക്കുന്നത്. സാമ്പ്രദായിക ആരോഗ്യ ചികിത്സാ രീതികള്‍ എല്ലാം തന്നെ നിര്‍ഭാഗ്യവശാല്‍ രോഗങ്ങള്‍ ഭേദമാക്കാനാണ് ശ്രമിക്കുന്നത്, അല്ലാതെ തടയാനല്ല. ആരോഗ്യമേഖലയിലെ വലിയ വെല്ലുവിളികള്‍ നേരിടുന്നതിന് ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ ആവശ്യമില്ല എന്നു പറയുന്നില്ല. നാം അതിനെ പൂര്‍ണമായി തള്ളിക്കളയുന്നുമില്ല. പക്ഷെ നാം ശ്രദ്ധ കേന്ദ്രീകരിക്കാത്ത അനേകം മേഖലകള്‍ ഇനിയും ഉണ്ട് എന്ന വസ്തുത മറക്കാന്‍ പാടില്ല. യോഗ, ആയൂര്‍വേദം തുടങ്ങിയ ചികിത്സാ രീതികള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തിനു പൂരകമാകാന്‍ സാധിക്കും എന്ന് ഇന്നു ലോകമെമ്പാടുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു. ഈ സമഗ്ര ചികിത്സാ രീതി ശ്രദ്ധിക്കുന്നത് സൗഖ്യത്തോടൊപ്പം രോഗ പ്രതിരോധത്തെ കൂടിയാണ്. ഈ സമഗ്ര ചികിത്സാ രീതി സ്വീകരിക്കുന്ന പക്ഷം അത് സമൂഹങ്ങളെയും വ്യക്തികളെയും ആരോഗ്യ വര്‍ധനവിലേയ്ക്കും സൗഖ്യത്തിലേയ്ക്കും നയിക്കും. ചില ആളുകളുടെ കാഴ്ച്ചപ്പാടു പോലെ യോഗ അഭ്യാസങ്ങളിലും ആസനങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. മനസിലേയ്ക്കും ശരീരത്തിലേയ്ക്കും ആത്മാവിലേയ്ക്കുമുള്ള ആഴത്തിലുള്ള അന്വേഷണമാണ് അത്. അത് ഒരുവനെ ആത്മാവബോധത്തിലേയ്ക്കു നയിക്കുന്നു. അതിനുമുപരി ഒരു സാമൂഹിക അച്ചടക്കത്തിലേയ്ക്കു നയിക്കുന്നു, ഒപ്പം ജീവിതത്തിന്റെ ശാശ്വത മൂല്യങ്ങളിലേയ്ക്കും ധാര്‍മ്മികതയിലേയ്ക്കും നയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്കും ദുഖത്തില്‍ നിന്നുള്ള മോചനത്തിലേയ്ക്കും സഞ്ചരിക്കാന്‍ നമ്മെ സഹായിക്കുന്ന ആഴത്തിലുള്ള തത്വശാസ്ത്രമാണ് യോഗ.

സുഹൃത്തുക്കളെ,
യോഗയ്ക്ക് മതമില്ല എന്നു ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. എല്ലാവര്‍ക്കും, മതത്തില്‍ പെടുന്നില്ല എന്നു സ്വയം വിശ്വസിക്കുന്നവര്‍ക്കു പോലും പ്രയോജനപ്പെടുന്ന പ്രായോഗിക ചുവടുകളാണ് അതിലുള്ളത്. ധാര്‍മ്മിക, സദാചാര തത്വങ്ങള്‍, ശരീരം ആരോഗ്യത്തോടെ പരിപാലിക്കാനുള്ള ആസനങ്ങള്‍, ആധ്യാത്മിക തത്വശാസ്ത്രം, ഗുരുവില്‍ നിന്നുള്ള ശിക്ഷണം, മന്ത്രങ്ങള്‍, ശ്വാസ ഉഛ്വാസ നിയന്ത്രണം, ധ്യാനം തുടങ്ങി പുരാതനമായ വിജ്ഞാനത്തിന്റെ വിവിധ ഭാഗങ്ങളാണ് ആധുനിക യോഗയില്‍ ഉള്ളത്. വ്യക്തിയുടെ ജീവിത ശൈലിയെ തന്നെ പരിവര്‍ത്തനം ചെയ്യുന്നതിലാണ് യോഗ ശ്രദ്ധിക്കുന്നത്. ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ യോഗയിലൂടെ സാധിക്കും. അനുദിന ശീലമാക്കിയാല്‍ യോഗയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താം, മനസിനു തെളിച്ചം നേടാം, ജീവിതം സന്തോഷകരമാക്കാം എന്നാണ് യോഗാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ചില യോഗാസനങ്ങളും പ്രാണായമവും ശീലിച്ചാല്‍ വിവിധ തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഭാരത്തിലെ യോഗികള്‍ വിശ്വസിച്ചിരുന്നു. ഇന്ന് ആധുനിക ശാസ്ത്രം ഇതിനെ ശരിവയ്ക്കുന്ന തെളിവുകളുമായി എത്തിയിരിക്കുന്നു. ഹൃദയം, ബുദ്ധി, ആന്തരിക ഗ്രന്ഥികള്‍ തുടങ്ങി ശരീരത്തിലെ പല അവയവങ്ങളെയും നിയന്ത്രിക്കാന്‍ യോഗയിലൂടെ സാധിക്കുമെന്ന് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.
ഇന്ന് പാശ്ചാത്യ ലോകത്ത് യോഗയിലുള്ള താല്പര്യം വര്‍ധിച്ചു വരികയാണ്. പാശ്ചാത്യലോകം യോഗയെ അംഗീകരിച്ചു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. അമേരിക്കയില്‍ മാത്രം 20 ദശലക്ഷം ആളുകള്‍ യോഗ ചെയ്യുന്നു എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. മാത്രവുമല്ല യോഗ ദിവസവും അഭ്യസിക്കുന്നവവരുടെ സംഖ്യ ഓരോ വര്‍ഷവും അഞ്ചു ശതമാനം കണ്ട് വര്‍ധിച്ചു വരികയുമാണ്. അമേരിക്കയിലും യൂറോപ്പിലുമുള്ള നിരവധി ആശുപത്രികള്‍ പല രോഗങ്ങള്‍ക്കുമുള്ള യോഗയെ ബദല്‍ ചികിത്സാമാര്‍ഗ്ഗമായി സ്വീകരിച്ചു കഴിഞ്ഞു. യോഗയില്‍ അടുത്ത നാളില്‍ അനേകം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തില്‍ പരമ്പരാഗത ചികിത്സാ സമ്പ്രദായത്തില്‍ യോഗയെ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഗവണ്‍മെന്റ് ശ്രമിച്ചു വരുന്നു. നമ്മുടെ ദേശീയ ആരോഗ്യ നയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏറ്റവും ഊന്നല്‍ നല്കിയത് രോഗപ്രതിരോധത്തിനാണ്. സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള രാജ്യവ്യാപകമായ ഒരു പദ്ധതിക്കും നാം തുടക്കം കുറിക്കുകയുണ്ടായി. ലോകത്തില്‍ തന്നെ രണ്ടാമത്തെ ജനസംഖ്യയുള്ള ഒരു വലിയ രാജ്യമാണ് ഇന്ത്യ. ഒരു പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളുടെ ഫലം ലഭിക്കുക. പക്ഷെ ഫലങ്ങള്‍ വൈകാതെ പ്രകടമാകും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഉപസംഹാരമായി ഒരു കാര്യം വീണ്ടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ സൗഖ്യവും സാന്ത്വനവും തേടി എത്തുന്നവര്‍ക്ക് യോഗ അഭ്യസിക്കാനും അതിന്റെ പ്രയോജനം അനുഭവിക്കാനും സൗകര്യം ഉണ്ടായിരിക്കും. നിങ്ങളുടെ കേന്ദ്രത്തിന്റെ സൗഖ്യ പദ്ധതിയില്‍ ആളുകളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്കുന്നു എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ കേന്ദ്രത്തിന്റെ ലക്ഷ്യം ഇവിടെ എത്തുന്നവരുടെ മുഴുനീള ജീവിത സൗഖ്യമാണ് എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ആധികാരികവും ശാസ്ത്രീയവുമായ സമീപനം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നു ഞാന്‍ കരുതുന്നു. ഇത്തരം സമീപനത്തിലൂടെ ഈ കേന്ദ്രത്തിന് സൗഖ്യ പ്രസ്ഥാനത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്കാനും അമേരിക്കയിലെ അനേകായിരം ജനങ്ങള്‍ക്ക് യോഗയുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. ആ മേഖലയില്‍ 500 പേര്‍ക്ക് പ്രത്യക്ഷമായും 1500 പേര്‍ക്കു പരോക്ഷമായും തൊഴിലവസരം കൂടി സൃഷ്ടിക്കുന്നു എന്ന് അറിവ് എനിക്ക് ആഹ്ലാദം പകരുന്നു. ഇത്തരത്തില്‍ ആ കേന്ദ്രത്തിനു സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടി നിറവേറ്റാന്‍ സാധിക്കുന്നു. ഈ സംരംഭത്തിന് ഞാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു,
നന്ദി, എല്ലാവര്‍ക്കും വളരെ നന്ദി.


