2017-18 മുതല്‍ 2019-20 വര്‍ഷത്തേക്കുവരെയുള്ള പോലീസിന്റെ നവീകരണത്തിനുള്ള ഒരു സമഗ്ര പദ്ധതി നടപ്പാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. മൂന്നു വര്‍ഷത്തേക്ക് പദ്ധതിക്ക് വേണ്ടിവരുന്ന സാമ്പത്തിക ചെലവ് 25,060 കോടി രൂപയാണ്. ഇതില്‍ 18,636 കോടി രൂപ കേന്ദ്രത്തിന്റേയും 6,424 കോടി രൂപ സംസ്ഥാനങ്ങളുടെയും വിഹിതമായിരിക്കും.
മുഖ്യ സവിശേഷതകള്‍
• ആഭ്യന്തര സുരക്ഷ, ക്രമസമാധാനം, സ്ത്രീ സുരക്ഷ, ആധുനിക ആയുധങ്ങളുടെ ലഭ്യത, പോലീസ് സേനയുടെ ചലനാത്മകത, ചരക്ക് നീക്ക സഹായം, ഹെലികോപ്റ്ററുകള്‍ വാടയ്ക്ക് എടുക്കല്‍, പോലീസ് വയര്‍ലെസിന്റെ നവീകരണം, ദേശീയ ഉപഗ്രഹ ശൃംഖല, സി.സി.ടി.എന്‍.എസ് പദ്ധതി, ഇ-പ്രിസണ്‍ പദ്ധതി തുടങ്ങിയവയ്ക്ക് ഈ പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.
• ഈ പദ്ധതിയില്‍ 10,132 കോടി രൂപ ജമ്മു കാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഇടതുതീവ്രവാദ ബാധിത സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ആഭ്യന്തര സുരക്ഷയ്ക്കായാണ് നീക്കിവച്ചിരിക്കുന്നത്.
• ഇടതു തീവ്രവാദം ഏറ്റവും മോശമായി ബാധിച്ച 35 ജില്ലകള്‍ക്ക് ആദ്യമായി പ്രത്യേക സാമ്പത്തികസഹായം ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. ഈ ജില്ലകളിലെ വികസനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 3000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
• വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പോലീസ് പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, പരിശീലനകേന്ദ്രങ്ങള്‍, അന്വേഷണ സംവിധാനം എന്നിവ ഒരുക്കുന്നതിനുമായി 100 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
• ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ രാജ്യം നേരിടുന്ന വിവിധതരത്തിലുള്ള ഭീഷണികളായ ഇടതുപക്ഷ തീവ്രവാദം, ജമ്മു കാഷ്മീര്‍, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ കഴിയും. ഇവിടങ്ങളില്‍ വികസന ഇടപെടലുകള്‍ നടത്തുന്നത് ഈ മേഖലയിലെ ജീവിതങ്ങള്‍ മെച്ചമാകുന്നതിന് ഉള്‍പ്രേരകമായി വര്‍ത്തിക്കുകയും അതോടൊപ്പം ഇവിടങ്ങളില്‍ നിന്നുയരുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് സഹായിക്കുകയും ചെയ്യും.
• സംസ്ഥാനങ്ങള്‍ക്ക് പോലീസ് അടിസ്ഥാനസൗകര്യം ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍, സ്ഥാപനങ്ങളോടൊപ്പം ക്രിമിനല്‍ നിയമ സംവിധാനത്തിലെ പ്രധാനപ്പെട്ട പഴുതുകള്‍ അടയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയ്‌ക്കെല്ലാം സഹായം നല്‍കുന്നതിനുള്ള പുതിയ നടപടി അവതരിപ്പിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ദേശീയ വിവരശേഖരണ കേന്ദ്രങ്ങളാക്കി പോലീസ് സ്‌റ്റേഷനുകളെ സംയോജിപ്പിക്കും. അതോടൊപ്പം ക്രിമിനല്‍ നിയമ സംവിധാനങ്ങളുടെ മറ്റ് തൂണുകളായ ജയിലുകള്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍, പ്രോസിക്യൂഷന്‍ ഓഫീസര്‍മാര്‍ എന്നിവരുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്യും.
• ഈ പദ്ധതിയുടെ ഭാഗമായി അമരാവതിയില്‍ ഏറ്റവും ആധുനിക സംവിധാനങ്ങളോട് കൂടിയ ഒരു ഫോറന്‍സിക് ലബോറട്ടറി സ്ഥാപിക്കും. ഗാന്ധി നഗറിലുള്ള ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയും അതോടൊപ്പം സര്‍ദാര്‍ പട്ടേല്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ സെക്യൂരിറ്റിയും നവീകരിക്കും. ഇത് ജയ്പൂരിലും ഗുജറാത്തിലുമുണ്ടാകുന്ന തീവ്രവാദത്തെ തടയുന്നതിനും നുഴഞ്ഞുകയറ്റത്തെ ഇല്ലാതാക്കുന്നതിനും സഹായകരമായിരിക്കും.
പോലീസ് സേനകളുടെ നവീകരണത്തിനുള്ള ഈ സമഗ്ര പദ്ധതി കേന്ദ്ര-സംസ്ഥാന പോലീസ് സേനകളുടെ കാര്യക്ഷമതയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. സേനയുടെ നവീകരണത്തിലൂടെ ഇവയുടെ കാര്യശേഷി കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്യും.


