ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ജോഹന്നാസ്ബർഗിൽ നടക്കുന്ന 20-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി, സിറിൽ റമഫോസയുടെ ക്ഷണപ്രകാരം, 2025 നവംബർ 21 മുതൽ 23 വരെ ഞാൻ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് സന്ദർശിക്കുകയാണ്.
ആഫ്രിക്കൻ മണ്ണിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടി എന്ന നിലയിൽ ഇത് ഏറെ സവിശേഷതകളുള്ള ഒരു ഉച്ചകോടിയായിരിക്കും. 2023-ൽ ഇന്ത്യ ജി20 അധ്യക്ഷത വഹിച്ച കാലത്താണ് ആഫ്രിക്കൻ യൂണിയൻ ജി20-യിൽ അംഗമായത്.
പ്രധാനപ്പെട്ട ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരവസരമായിരിക്കും ഈ ഉച്ചകോടി. 'ഐക്യം, സമത്വം, സുസ്ഥിരത' എന്നതാണ് ഈ വർഷത്തെ ജി20യുടെ പ്രമേയം. ഇന്ത്യയിലെ ന്യൂഡൽഹിയിലും ബ്രസീലിലെ റിയോ ഡി ജനീറോയിലും നടന്ന മുൻ ഉച്ചകോടികളുടെ ഫലങ്ങൾ ഇതിലൂടെ ദക്ഷിണാഫ്രിക്ക മുന്നോട്ട് കൊണ്ടുപോകുന്നു. നമ്മുടെ 'വസുധൈവ കുടുംബകം', 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നീ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി ഇന്ത്യയുടെ കാഴ്ചപ്പാട് ഞാൻ ഉച്ചകോടിയിൽ അവതരിപ്പിക്കും.
പങ്കാളി രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന 6-ാമത് IBSA ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഈ സന്ദർശന വേളയിൽ, ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ പ്രവാസികളുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്കും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.


