പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 26ന് പകൽ 11ന് വിവിധ ഗവൺമെൻ്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000ത്തിലധികം യുവാക്കൾക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ നിയമനപത്രങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള 47 ഇടങ്ങളിലായി 15-ാമത് തൊഴിൽ മേള നടക്കും. യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിന് ഫലപ്രദമായി സംഭാവന നൽകുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും ഇത് അർത്ഥവത്തായ അവസരങ്ങൾ നൽകും.
രാജ്യത്തുടനീളം തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഉദ്യോഗസ്ഥർ കേന്ദ്ര ഗവൺമെൻ്റിൽ റവന്യൂ വകുപ്പ്, ഉദ്യോഗസ്ഥകാര്യ - പൊതുപരാതി പരിഹാര - പെൻഷൻ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, റെയിൽവേ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാഗമാകും.


