India is eager to become developed, India is eager to become self-reliant: PM
India is not just an emerging market, India is also an emerging model: PM
Today, the world sees the Indian Growth Model as a model of hope: PM
We are continuously working on the mission of saturation; Not a single beneficiary should be left out from the benefits of any scheme: PM
In our new National Education Policy, we have given special emphasis to education in local languages: PM

വിവേക് ​​ഗോയങ്ക ജി, സഹോദരൻ അനന്ത്, ജോർജ്ജ് വർഗീസ് ജി, രാജ്കമൽ ഝാ, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിലെ മറ്റ് സഹപ്രവർത്തകരേ , ആദരണീയരേ , ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളെ, മാന്യരെ! 

ഇന്ത്യൻ ജനാധിപത്യത്തിലെ പത്രപ്രവർത്തനത്തിന്റെയും ആവിഷ്കാരത്തിന്റെയും പൊതു പ്രസ്ഥാനങ്ങളുടെയും ശക്തിക്ക് പുതിയൊരു മാനം നൽകിയ വ്യക്തിത്വത്തെ ആദരിക്കാനാണ് ഇന്ന് നാമെല്ലാവരും ഇവിടെ ഒത്തുകൂടിയത്. ഒരു ദീർഘവീക്ഷണമുള്ളയാൾ, ഒരു സ്ഥാപന നിർമ്മാതാവ്, ഒരു ദേശീയവാദി, ഒരു മാധ്യമ നേതാവ് എന്നീ വിശേഷണങ്ങൾക്ക് ഉടമയായ, രാംനാഥ് ജി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ഒരു പത്രമായി മാത്രമല്ല, ഭാരതത്തിലെ ജനങ്ങൾക്കിടയിൽ ഒരു ദൗത്യമായിട്ടാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഈ ഗ്രൂപ്പ് ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെയും ദേശീയ താൽപ്പര്യങ്ങളുടെയും ശബ്ദമായി മാറി. അതിനാൽ, 21-ാം നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിൽ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ദൃഢനിശ്ചയത്തോടെ ഭാരതം മുന്നോട്ട് പോകുമ്പോൾ, രാംനാഥ് ജിയുടെ പ്രതിബദ്ധതയും, അദ്ദേഹത്തിന്റെ പരിശ്രമങ്ങളും, അദ്ദേഹത്തിന്റെ ദർശനവും നമുക്ക് പ്രചോദനത്തിന്റെ വലിയ ഉറവിടമാണ്. ഈ പ്രഭാഷണത്തിന് എന്നെ ക്ഷണിച്ചതിന് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു, നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

രാംനാഥ് ജി ഗീതയിലെ ഒരു ശ്ലോകത്തിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ടു:सुख दुःखे समे कृत्वा, लाभा-लाभौ जया-जयौ। ततो युद्धाय युज्यस्व, नैवं पापं अवाप्स्यसि।। സുഖ ദുഃഖം, ലാഭനഷ്ടം, വിജയപരാജയം എന്നിവ തുല്യമായി കണ്ട്, കടമ നിർവഹിക്കുകയും പോരാടുകയും വേണം, അങ്ങനെ ചെയ്യുന്നതിലൂടെ അയാൾക്ക് പാപം സംഭവിക്കില്ല എന്നാണ് ഇതിനർത്ഥം. സ്വാതന്ത്ര്യസമരകാലത്ത്, രാംനാഥ് ജി കോൺഗ്രസിനെ പിന്തുണച്ചു, പിന്നീട് ജനതാ പാർട്ടിയെ പിന്തുണച്ചു, ജനസംഘം ടിക്കറ്റിൽ പോലും തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പ്രത്യയശാസ്ത്രം പരിഗണിക്കാതെ, അദ്ദേഹം എല്ലാറ്റിനുമുപരി ദേശീയ താൽപ്പര്യത്തിന് മുൻതൂക്കം നൽകി. വർഷങ്ങളോളം രാംനാഥ് ജിയോടൊപ്പം പ്രവർത്തിച്ചവർ അദ്ദേഹം പങ്കിട്ട അനുഭവങ്ങൾ  പറയുന്നു. സ്വാതന്ത്ര്യാനന്തരം ഹൈദരാബാദ് പ്രശ്‌നവും റസാക്കർമാരുടെ (സ്വകാര്യ മുസ്ലീം സായുധ സംഘത്തിന്റെ) അതിക്രമങ്ങളും ഉയർന്നുവന്നപ്പോൾ രാംനാഥ് ജി സർദാർ വല്ലഭായ് പട്ടേലിനെ എങ്ങനെ സഹായിച്ചു. 1970 കളിൽ ബീഹാറിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് നേതൃത്വം ആവശ്യമായി വന്നപ്പോൾ, രാംനാഥ് ജിയും നാനാജി ദേശ്മുഖും ചേർന്ന് ജെപിയെ പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ പ്രേരിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാഗാന്ധിയോട് അടുപ്പമുള്ള ഒരു  മന്ത്രി രാംനാഥ് ജിയെ ജയിലിലടയ്ക്കുമെന്ന് വിളിച്ചു ഭീഷണിപ്പെടുത്തിയപ്പോൾ, രാംനാഥ് ജി നൽകിയ മറുപടി ഇപ്പോൾ ചരിത്രത്തിലെ ഉറങ്ങുന്ന ഒരു അധ്യായമാണ്. ചില കാര്യങ്ങൾ പരസ്യമായി, ചിലത് അജ്ഞാതമായി തുടർന്നു, പക്ഷേ ഈ കഥകൾ നമ്മോട് പറയുന്നത്, രാംനാഥ് ജി എപ്പോഴും സത്യത്തിനൊപ്പം നിലകൊണ്ടു, എല്ലാറ്റിനുമുപരി കടമയെ പ്രതിഷ്ഠിച്ചു, തനിക്കെതിരെ നിൽക്കുന്ന ശക്തികൾ എത്ര ശക്തരാണെങ്കിലും.

സുഹൃത്തുക്കളേ,

രാംനാഥ് ജിയെക്കുറിച്ച് പലപ്പോഴും പറയാറുണ്ട്, അദ്ദേഹം വളരെ അക്ഷമനായിരുന്നു എന്ന്. നെഗറ്റീവ് അർത്ഥത്തിലല്ല, മറിച്ച് പോസിറ്റീവ് അർത്ഥത്തിലാണ് അക്ഷമ. മാറ്റത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിന്റെ പരിധിയിലേക്ക് ഒരാളെ തള്ളിവിടുന്ന ഒരുതരം അക്ഷമ; കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പോലും അലകൾ സൃഷ്ടിക്കുന്ന അക്ഷമ. അതുപോലെ, ഇന്നത്തെ ഭാരതവും അക്ഷമയാണ്. വികസിതമാകാൻ ഭാരതം അക്ഷമയാണ്. സ്വാശ്രയമാകാൻ ഭാരതം അക്ഷമയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ ഇരുപത്തിയഞ്ച് വർഷങ്ങൾ എത്ര വേഗത്തിൽ കടന്നുപോയി എന്ന് നാമെല്ലാവരും കണ്ടതാണ്. അഭൂതപൂർവമായ വെല്ലുവിളികൾ ഒന്നിനുപുറകെ ഒന്നായി നമ്മുടെ വഴിക്ക് വന്നു, പക്ഷേ അവയ്ക്ക് ഭാരതത്തിന്റെ വേഗത കുറയ്ക്കാൻ കഴിഞ്ഞില്ല.

 

സുഹൃത്തുക്കളേ,

കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങൾ ലോകത്തിനാകെ എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നിങ്ങൾ കണ്ടല്ലോ. 2020 ൽ, കൊറോണ മഹാമാരിയെന്ന  പ്രതിസന്ധി ബാധിച്ചു, ലോകത്തിന്റെ മുഴുവൻ സമ്പദ്‌വ്യവസ്ഥകളും അനിശ്ചിതത്വങ്ങളുമായി മല്ലിടുകയായിരുന്നു. ആഗോള വിതരണ ശൃംഖലയെ ഇത് സാരമായി ബാധിച്ചു, ലോകം മുഴുവൻ നിരാശയിലേക്ക് നീങ്ങാൻ തുടങ്ങി. കുറച്ച് സമയത്തിന് ശേഷം സ്ഥിതി പതുക്കെ സ്ഥിരത കൈവരിക്കാൻ തുടങ്ങിയപ്പോൾ, നമ്മുടെ അയൽ രാജ്യങ്ങളിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഈ പ്രതിസന്ധികൾക്കിടയിലും, നമ്മുടെ സമ്പദ്‌വ്യവസ്ഥ ഉയർന്ന വളർച്ചാ നിരക്കുകൾ കൈവരിച്ചു. 2022 ൽ, യൂറോപ്യൻ പ്രതിസന്ധി കാരണം ആഗോള വിതരണ ശൃംഖലകളെയും ഊർജ്ജ വിപണികളെയും ബാധിച്ചു. ഇത് മുഴുവൻ ലോകത്തെയും സ്വാധീനിച്ചു, എന്നിരുന്നാലും 2022–23 ലും, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച അതിവേഗത്തിൽ തുടർന്നു. 2023 ൽ, പശ്ചിമേഷ്യയിൽ സ്ഥിതി വഷളായപ്പോഴും, നമ്മുടെ വളർച്ചാ നിരക്ക് ശക്തമായി തുടർന്നു. ഈ വർഷവും, ലോകം അസ്ഥിരത നേരിടുമ്പോൾ, നമ്മുടെ വളർച്ചാ നിരക്ക് ഇപ്പോഴും ഏഴ് ശതമാനമാണ്.

സുഹൃത്തുക്കളേ,

ഇന്ന് ലോകം തകർച്ചയെ ഭയപ്പെടുമ്പോൾ, ഭാരതം ഊർജ്ജസ്വലമായ ഒരു ഭാവിയിലേക്ക് മുന്നേറുകയാണ്. ഇന്ത്യൻ എക്സ്പ്രസിന്റെ ഈ പ്ലാറ്റ്‌ഫോമിൽ നിന്ന്, ഭാരതം  വെറുമൊരു വളർന്നുവരുന്ന വിപണി മാത്രമല്ല, ഭാരതം  ഒരു വളർന്നുവരുന്ന മാതൃകയുമാണെന്ന് എനിക്ക് പറയാൻ കഴിയും. ഇന്ന്, ലോകം ഇന്ത്യൻ വളർച്ചാ മാതൃകയെ പ്രതീക്ഷയുടെ മാതൃകയായി കാണുന്നു.

സുഹൃത്തുക്കളേ,

ശക്തമായ ഒരു ജനാധിപത്യത്തിന് നിരവധി മാനദണ്ഡങ്ങളുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ജനാധിപത്യ പ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തമാണ്. ജനാധിപത്യത്തെക്കുറിച്ച് ആളുകൾക്ക് എത്രത്തോളം ആത്മവിശ്വാസമുണ്ടെന്നും അവർ എത്രത്തോളം ശുഭാപ്തിവിശ്വാസികളാണെന്നും തിരഞ്ഞെടുപ്പുകളുടെ സമയത്ത് ഏറ്റവും വ്യക്തമായി കാണാൻ കഴിയും. നവംബർ 14 ന് വന്ന ഫലങ്ങൾ നിങ്ങൾ ഓർക്കണം, രാംനാഥ് ജിക്കും ബിഹാറുമായി ബന്ധമുണ്ടായിരുന്നതിനാൽ, ഇവിടെ അത് പരാമർശിക്കുന്നത് തികച്ചും സ്വാഭാവികമാണ്. ഈ ചരിത്ര ഫലങ്ങളോടൊപ്പം, വളരെ പ്രധാനപ്പെട്ട മറ്റൊരു വശവുമുണ്ട്. ജനാധിപത്യത്തിൽ ജനങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം ആർക്കും അവഗണിക്കാൻ കഴിയില്ല. ഇത്തവണ ബീഹാർ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്  രേഖപ്പെടുത്തി. ചിന്തിക്കുക, സ്ത്രീകളുടെ പോളിംഗ് പുരുഷന്മാരുടെ പോളിംഗ് ശതമാനത്തേക്കാൾ ഏകദേശം 9 ശതമാനം കൂടുതലായിരുന്നു. ഇതും ജനാധിപത്യത്തിന്റെ വിജയമാണ്.

 

സുഹൃത്തുക്കളേ,

ഭാരതത്തിലെ ജനങ്ങളുടെ അഭിലാഷങ്ങൾ എത്രത്തോളം ശക്തമാണെന്ന് ബീഹാറിന്റെ ഫലങ്ങൾ വീണ്ടും തെളിയിച്ചിരിക്കുന്നു. ആ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും വികസനത്തിന് മുൻഗണന നൽകുന്നതിനും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളെയാണ് ഭാരതത്തിലെ ജനങ്ങൾ വിശ്വസിക്കുന്നത്. ഇന്ന്, ഇന്ത്യൻ എക്സ്പ്രസിന്റെ വേദിയിൽ നിന്ന്, രാജ്യത്തെ എല്ലാ സംസ്ഥാന ഗവൺമെന്റുകളോടും , അത് ഇടത്, വലത്, മധ്യ,തുടങ്ങി ഏത്  പ്രത്യയശാസ്ത്രങ്ങളുടെ ഗവൺമെന്റുകളായാലും , ബീഹാറിന്റെ ഫലങ്ങൾ നമുക്ക് ഒരു പാഠം നൽകണമെന്ന് ഞാൻ വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ  ഇന്ന് ഭരിക്കുന്ന ഗവൺമെൻറ്  വരും വർഷങ്ങളിൽ നിങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെ ഭാവി നിർണ്ണയിക്കും. ബീഹാറിലെ ജനങ്ങൾ ആർജെഡി ഗവൺമെന്റിന്  15 വർഷം നൽകി. ലാലു യാദവ് ജിക്ക് വേണമെങ്കിൽ ബീഹാറിന്റെ വികസനത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു, പക്ഷേ അദ്ദേഹം കാടത്തത്തിൻ്റെ പാത തിരഞ്ഞെടുത്തു. ബീഹാറിലെ ജനങ്ങൾക്ക് ഈ വഞ്ചന ഒരിക്കലും മറക്കാൻ കഴിയില്ല. അതിനാൽ, ഇന്ന്, അത് കേന്ദ്രത്തിലെ നമ്മുടെ ഗവൺമെന്റായാലും സംസ്ഥാനങ്ങളിലെ വ്യത്യസ്ത പാർട്ടികളുടെ ഗവൺമെന്റുകളായാലും നമ്മുടെ ഏറ്റവും ഉയർന്ന മുൻഗണന വികസനം, വികസനം, വികസനം എന്നിവയ്ക്കായിരിക്കണം. അതുകൊണ്ടാണ് നിങ്ങളുടെ സംസ്ഥാനത്ത് മികച്ച നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാൻ മത്സരിക്കുന്ന, ബിസിനസ് ചെയ്യുന്നതിനുള്ള മാര്ഗ്ഗം  മെച്ചപ്പെടുത്താൻ മത്സരിക്കുന്ന,ഏതൊരു ഗവൺമെന്റുകളോടും  വികസന മാനദണ്ഡങ്ങളിൽ മുന്നോട്ട് പോകാനും,തുടർന്ന് ജനങ്ങൾ  നിങ്ങളിൽ എങ്ങനെ വിശ്വാസം അർപ്പിക്കുന്നുവെന്ന് കാണാനും  ഞാൻ പറയുന്നത്.

സുഹൃത്തുക്കളേ,

ബീഹാർ തിരഞ്ഞെടുപ്പ് വിജയിച്ചതിനുശേഷം, മാധ്യമങ്ങളിലെ ചില മോദി ആരാധകർ ഉൾപ്പെടെ ചിലർ വീണ്ടും പറയാൻ തുടങ്ങിയിരിക്കുന്നു, ബിജെപിയും മോദിയും എല്ലായ്പ്പോഴും 24×7 സമയവും  തിരഞ്ഞെടുപ്പ് പ്രക്രിയയിൽ  തുടരുന്നുവെന്ന്. തിരഞ്ഞെടുപ്പുകൾ ജയിക്കാൻ, തിരഞ്ഞെടുപ്പ് ചിന്തയിൽ  ആയിരിക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു; ആവശ്യമായിരിക്കുന്നത് 24×7 സമയവും  വൈകാരിക തലത്തിൽ തുടരുക എന്നതാണ്. ഹൃദയത്തിൽ അസ്വസ്ഥത ഉണ്ടാകുമ്പോൾ, ഒരു മിനിറ്റ് പോലും പാഴാക്കരുത്, ദരിദ്രരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും, ദരിദ്രർക്ക് തൊഴിൽ നൽകുന്നതിനും, ദരിദ്രർക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനും, മധ്യവർഗത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഒരാൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കണം. ഒരാൾ അക്ഷീണം പ്രവർത്തിക്കണം. ഈ വികാരവും ഈ അനുകമ്പയും  സർക്കാരിനെ തുടർച്ചയായി നയിക്കുമ്പോൾ, തിരഞ്ഞെടുപ്പ് ദിവസം ഫലങ്ങൾ ദൃശ്യമാകും. ബീഹാറിലും ഇത് സംഭവിക്കുന്നത് നമ്മൾ ഇപ്പോൾ കണ്ടു.

സുഹൃത്തുക്കളേ,

ഒരിക്കൽ ആരോ  ഒരാൾ രാംനാഥ് ജിയുമായി ബന്ധപ്പെട്ട മറ്റൊരു കഥ പരാമർശിച്ചു. വിദിഷയിൽ നിന്ന് രാംനാഥ് ജിക്ക് ജനസംഘം ടിക്കറ്റ് ലഭിച്ച സമയത്താണിത്. ആ സമയത്ത്, അദ്ദേഹവും നാനാജി ദേശ്മുഖും സംഘടനയാണോ അതോ വ്യക്തിയുടെ മുഖമാണോ കൂടുതൽ പ്രധാനമെന്ന് ചർച്ച ചെയ്യുകയായിരുന്നു. നാമനിർദ്ദേശം സമർപ്പിക്കാൻ വന്നതിനുശേഷം വിജയ സർട്ടിഫിക്കറ്റ് വാങ്ങാൻ വീണ്ടും വന്നാൽ മതിയെന്ന് നാനാജി ദേശ്മുഖ് രാംനാഥ് ജിയോട് പറഞ്ഞു. തുടർന്ന് പാർട്ടി പ്രവർത്തകരുടെ ശക്തിയോടെ നാനാജി രാംനാഥ് ജിയുടെ പേരിൽ തിരഞ്ഞെടുപ്പിൽ പോരാടി അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കി. ഈ കഥ പരാമർശിക്കുന്നതിലൂടെ, സ്ഥാനാർത്ഥികൾ നാമനിർദ്ദേശത്തിനായി മാത്രമേ ഹാജരാകാവൂ എന്ന് ഞാൻ പറയുന്നില്ല. ബിജെപിയുടെ എണ്ണമറ്റ കടമയുള്ള പ്രവർത്തകരുടെ സമർപ്പണത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് എനിക്ക് പറയാനുള്ളത്.

 

സുഹൃത്തുക്കളേ,

ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ തങ്ങളുടെ വിയർപ്പ് കൊണ്ട് പാർട്ടിയുടെ വേരുകൾ വളർത്തിയിട്ടുണ്ട്, ഇന്നും അവർ അത് തുടരുന്നു. മാത്രമല്ല, കേരളം, പശ്ചിമ ബംഗാൾ, ജമ്മു & കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് പ്രവർത്തകർ ബിജെപിയുടെ വേരുകൾ അവരുടെ രക്തം കൊണ്ട് നനച്ചിട്ടുണ്ട്. അത്തരം സമർപ്പിതരായ പ്രവർത്തകരുള്ള ഒരു പാർട്ടിക്ക്, തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്നത് മാത്രമല്ല ലക്ഷ്യം. ജനങ്ങളുടെ ഹൃദയം കീഴടക്കാൻ അവർ സേവന മനോഭാവത്തോടെ നിരന്തരം പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ വികസനത്തിന്, വികസനത്തിന്റെ നേട്ടങ്ങൾ എല്ലാവരിലും എത്തേണ്ടത് വളരെ പ്രധാനമാണ്. സർക്കാർ പദ്ധതികൾ ദളിതർ, അടിച്ചമർത്തപ്പെട്ടവർ, ചൂഷണം ചെയ്യപ്പെട്ടവർ, നിരാലംബർ എന്നിവർക്ക് എത്തുമ്പോൾ, സാമൂഹിക നീതി ഉറപ്പാക്കപ്പെടുന്നു. എന്നാൽ കഴിഞ്ഞ ദശകങ്ങളിൽ ചില പാർട്ടികളും ചില കുടുംബങ്ങളും സാമൂഹിക നീതിയുടെ പേരിൽ സ്വന്തം താൽപ്പര്യങ്ങൾക്കായി മാത്രം ഇത് എങ്ങനെ ഉപയോഗിച്ചുവെന്ന് നാം കണ്ടു.

സുഹൃത്തുക്കളേ,

രാജ്യം ഇന്ന് സാമൂഹിക നീതി യാഥാർത്ഥ്യമാകുന്ന കാഴ്ച കാണുന്നതിൽ എനിക്ക് സംതൃപ്തിയുണ്ട്. യഥാർത്ഥ സാമൂഹിക നീതി എന്താണെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. 12 കോടി ശൗചാലയങ്ങൾ നിർമ്മിക്കാനുള്ള പ്രചാരണം തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്യാൻ നിർബന്ധിതരായ ദരിദ്രരുടെ ജീവിതത്തിൽ അന്തസ്സ് കൊണ്ടുവന്നു. 57 കോടി ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ മുൻ സർക്കാരുകൾ ഒരിക്കലും ഒരു ബാങ്ക് അക്കൗണ്ട് പോലും അർഹരല്ലെന്ന് കരുതിയിരുന്നവർക്ക് സാമ്പത്തിക ഉൾച്ചേർക്കൽ ഉറപ്പാക്കി. ദരിദ്രർക്ക് നൽകിയ 4 കോടി ഉറപ്പുള്ള വീടുകൾ അവർക്ക് പുതിയ സ്വപ്നങ്ങൾ മെനയാനുള്ള  ധൈര്യം നൽകുകയും അപകടസാധ്യതകൾ ഏറ്റെടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്തു.

 

സുഹൃത്തുക്കളേ,

കഴിഞ്ഞ 11 വർഷത്തിനിടെ സാമൂഹിക സുരക്ഷയിൽ നടത്തിയ പ്രവർത്തനങ്ങൾ അസാധാരണമാണ്. ഇന്ന്, ഭാരതത്തിലെ ഏകദേശം 94 കോടി ആളുകൾ സാമൂഹിക സുരക്ഷാ വലയത്തിൽ വന്നിട്ടുണ്ട്. 10 വർഷം മുമ്പ് സ്ഥിതി എന്തായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? 25 കോടി ആളുകൾ മാത്രമേ സാമൂഹിക സുരക്ഷാ പരിരക്ഷയിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 94 കോടി ആളുകളാണ്. അതായത് മുമ്പ്, 25 കോടി ആളുകൾക്ക് മാത്രമേ സർക്കാർ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നുള്ളൂവെങ്കിൽ , ഇപ്പോൾ ആ സംഖ്യ 94 കോടി ആളുകളിൽ എത്തിയിരിക്കുന്നു, ഇതാണ് യഥാർത്ഥ സാമൂഹിക നീതി. സാമൂഹിക സുരക്ഷാ വലയം  വിപുലീകരിച്ചിട്ടില്ല; ഞങ്ങൾ പൂരിതാവസ്ഥ എന്ന ദൗത്യത്തിൽ നിരന്തരം പ്രവർത്തിക്കുന്നു, അതായത്, യോഗ്യരായ ഒരു ഗുണഭോക്താവിനെ പോലും ഒഴിവാക്കരുത്. ഒരു സർക്കാർ ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ, എല്ലാ ഗുണഭോക്താക്കളിലേക്കും എത്താൻ ആഗ്രഹിക്കുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിനുള്ള സാധ്യതയും അവസാനിക്കുന്നു. ഈ ശ്രമങ്ങൾ കാരണം, കഴിഞ്ഞ 11 വർഷത്തിനുള്ളിൽ 25 കോടി ആളുകൾ ദാരിദ്ര്യത്തെ മറികടന്നു. അതുകൊണ്ടാണ് ജനാധിപത്യം അത് ഉറപ്പാക്കുന്നുവെന്ന് ഇന്ന് ലോകം സമ്മതിക്കുന്നത്.

സുഹൃത്തുക്കളേ,

ഞാൻ നിങ്ങൾക്ക് മറ്റൊരു ഉദാഹരണം പറയാം. ഞങ്ങളുടെ ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം പഠിക്കൂ. മുൻ സർക്കാരുകൾ പിന്നോക്കമെന്ന് മുദ്രകുത്തി മറന്നുപോയ നൂറിലധികം ജില്ലകളുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലെ വികസനം വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് വിശ്വസിച്ചിരുന്നു, അത്തരം ജില്ലകളിൽ കഠിനാധ്വാനം ചെയ്യാൻ ആരാണ് ബുദ്ധിമുട്ടുക? ഒരു ഉദ്യോഗസ്ഥന് ശിക്ഷയുടെ പേരിൽ  നിയമനം നൽകേണ്ടിവരുമ്പോൾ, അവരെ ഈ പിന്നാക്ക  ജില്ലകളിലേക്ക് അയച്ച് അവിടെ തന്നെ തുടരാൻ പറഞ്ഞു. ഈ പിന്നാക്ക ജില്ലകളിൽ എത്ര പേർ താമസിച്ചിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? രാജ്യത്തെ 25 കോടിയിലധികം പൗരന്മാർ ഈ ജില്ലകളിൽ താമസിച്ചിരുന്നു!

സുഹൃത്തുക്കളേ,

ഈ പിന്നാക്ക  ജില്ലകൾ പിന്നാക്കം  തന്നെ തുടർന്നിരുന്നെങ്കിൽ, അടുത്ത 100 വർഷത്തിനുള്ളിൽ പോലും ഭാരതത്തിന് വികസനം കൈവരിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ, ഞങ്ങളുടെ ഗവൺമെൻറ്  ഒരു പുതിയ തന്ത്രവുമായി പ്രവർത്തിക്കാൻ തുടങ്ങി. ഞങ്ങൾ സംസ്ഥാന ഗവൺമെന്റുകളെ  ഉൾപ്പെടുത്തി, ഏത് ജില്ലയാണ് ഏത് വികസന മാനദണ്ഡത്തിൽ പിന്നിലെന്ന് പഠിച്ച്, ഓരോ ജില്ലയ്ക്കും പ്രത്യേക തന്ത്രം തയ്യാറാക്കി. രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ, ബുദ്ധിമാൻമാരും  നൂതന ആശയക്കാരുമായ  യുവ മനസ്സുകളെ ഞങ്ങൾ വിന്യസിച്ചു, അവരെ അവിടെ നിയമിച്ചു, ഈ ജില്ലകളെ പിന്നാക്കമല്ല, മറിച്ച് അഭിലാഷമുള്ളതായി കണക്കാക്കി. ഇന്ന്, ഈ അഭിലാഷ ജില്ലകൾ അവരുടെ സംസ്ഥാനങ്ങളിലെ മറ്റ് ജില്ലകളേക്കാൾ പല വികസന മാനദണ്ഡങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തുടങ്ങിയെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഉദാഹരണത്തിന് ഛത്തീസ്ഗഡിലെ ബസ്തർ എടുക്കുക. നിങ്ങളിൽ പല പത്രപ്രവർത്തകർക്കും ഇത് ഒരു പ്രിയപ്പെട്ട വിഷയമായിരുന്നു. ഒരു കാലത്ത്, മാധ്യമപ്രവർത്തകർ അവിടെ സന്ദർശിക്കേണ്ടി വന്നപ്പോൾ, അവർക്ക് ഭരണകൂടത്തിൽ നിന്ന് മാത്രമല്ല, മറ്റ് സംഘടനകളിൽ നിന്നും അനുമതികൾ ആവശ്യമായിരുന്നു. എന്നാൽ ഇന്ന്, അതേ ബസ്തർ വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. ബസ്തർ ഒളിമ്പിക്സിന് ഇന്ത്യൻ എക്സ്പ്രസ് എത്രമാത്രം കവറേജ് നൽകിയിട്ടുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ഇന്ന് ബസ്തറിലെ യുവാക്കൾ ബസ്തർ ഒളിമ്പിക്സ് പോലുള്ള പരിപാടികൾ എങ്ങനെ സംഘടിപ്പിക്കുന്നുവെന്ന് കാണുമ്പോൾ രാംനാഥ് ജി വളരെ സന്തോഷിക്കുമായിരുന്നു.

 

സുഹൃത്തുക്കളേ,

ബസ്തറിനെ പരാമർശിച്ചതിനാൽ, ഈ വേദിയിൽ നിന്ന് ഞാൻ നക്സലിസത്തെക്കുറിച്ചും അതായത് മാവോയിസ്റ്റ് ഭീകരതയെക്കുറിച്ചും പറയണം . രാജ്യത്തുടനീളം നക്സലിസത്തിന്റെയും മാവോയിസ്റ്റ് അക്രമത്തിന്റെയും വ്യാപ്തി അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്, പക്ഷേ കോൺഗ്രസിനുള്ളിൽ അത് ഒരുപോലെ സജീവമായി വളരുകയാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന സംസ്ഥാനങ്ങളും മാവോയിസ്റ്റ് അക്രമത്തിന്റെ പിടിയിലായിരുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാൽ ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുന്ന മാവോയിസ്റ്റ് ഭീകരതയെ കോൺഗ്രസ് വളർത്തുകയും പിന്തുണയ്ക്കുകയും ചെയ്തത് രാജ്യത്തിന്റെ ദൗർഭാഗ്യമായിരുന്നു. വിദൂര വനപ്രദേശങ്ങളിൽ മാത്രമല്ല, നഗരങ്ങളിലും നക്സലിസത്തിന്റെ വേരുകൾ വളർത്തിയെടുക്കാൻ കോൺഗ്രസ് ശ്രമിച്ചു. പല വലിയ സ്ഥാപനങ്ങളിലും കോൺഗ്രസ് നഗര നക്സൽ അനുഭാവികളെ സ്ഥാപിച്ചു.

സുഹൃത്തുക്കളേ,

10-15 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസിലേക്ക് നുഴഞ്ഞുകയറിയ അർബൻ നക്സലുകളും മാവോയിസ്റ്റ് ശക്തികളും ഇപ്പോൾ കോൺഗ്രസിനെ മുസ്ലീം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് (എംഎംസി) ആക്കി മാറ്റിയിരിക്കുന്നു. ഇന്ന്, ഈ മുസ്ലീം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് സ്വന്തം സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി ദേശീയ താൽപ്പര്യം ഉപേക്ഷിച്ചുവെന്ന് ഞാൻ പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയുന്നു. ഇന്നത്തെ മുസ്ലീം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഒരു വലിയ ഭീഷണിയായി മാറുകയാണ്.

സുഹൃത്തുക്കളേ,

ഇന്ന്, ഭാരതം ഒരു വികസിത രാഷ്ട്രമാകാനുള്ള പുതിയ യാത്ര ആരംഭിക്കുമ്പോൾ, രാംനാഥ് ഗോയങ്ക ജിയുടെ പാരമ്പര്യം കൂടുതൽ പ്രസക്തമാകുന്നു. ബ്രിട്ടീഷ് സ്വേച്ഛാധിപത്യത്തിനെതിരെ രാംനാഥ് ജി ഉറച്ച നിലപാട് സ്വീകരിച്ചു. ബ്രിട്ടീഷ് ഉത്തരവുകൾ പാലിക്കുന്നതിനേക്കാൾ തന്റെ പത്രം അടച്ചുപൂട്ടാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം തന്റെ ഒരു എഡിറ്റോറിയലിൽ എഴുതി. അതുപോലെ, അടിയന്തരാവസ്ഥയുടെ രൂപത്തിൽ രാജ്യത്തെ വീണ്ടും അടിമപ്പെടുത്താൻ ശ്രമിച്ചപ്പോൾ, രാംനാഥ് ജി ശക്തമായി നിലകൊണ്ടു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ട് ഈ വർഷം 50 വർഷം തികയുന്നു. അമ്പത് വർഷങ്ങൾക്ക് മുമ്പ്, ശൂന്യമായ എഡിറ്റോറിയലുകൾ പോലും ജനങ്ങളെ അടിമകളാക്കാൻ ശ്രമിക്കുന്ന മാനസികാവസ്ഥയെ വെല്ലുവിളിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് കാണിച്ചുതന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, ഈ ആദരണീയമായ വേദിയിൽ നിന്ന് അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് സ്വയം മോചിതരാകുന്നതിനെക്കുറിച്ച് ഞാൻ വിശദമായി സംസാരിക്കും. പക്ഷേ അതിനായി, നമ്മൾ 190 വർഷം പിന്നോട്ട് പോകേണ്ടിവരും. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മുമ്പുതന്നെ. വർഷം 1835 ആയിരുന്നു. 1835-ൽ, ബ്രിട്ടീഷ് പാർലമെന്റേറിയൻ തോമസ് ബാബിംഗ്ടൺ മക്കാളെ ഭാരതത്തെ അതിന്റെ സ്വന്തം അടിത്തറയിൽ നിന്ന് പിഴുതെറിയാൻ ഒരു വലിയ പ്രചാരണം ആരംഭിച്ചു. കാഴ്ചയിൽ ഇന്ത്യക്കാരനും മനസ്സിൽ ഇംഗ്ലീഷുകാരുമാകുന്ന അത്തരം ഇന്ത്യക്കാരെ സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് നേടിയെടുക്കാൻ, മക്കാളെ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റുക മാത്രമല്ല, വേരുകളിൽ നിന്ന് അതിനെ നശിപ്പിക്കുകയും ചെയ്തു. ഭാരതത്തിന്റെ പുരാതന വിദ്യാഭ്യാസ സമ്പ്രദായം, വേരോടെ പിഴുതെറിയപ്പെട്ട ഒരു മനോഹരമായ വൃക്ഷം പോലെയാണെന്ന് മഹാത്മാഗാന്ധി തന്നെ പറഞ്ഞിരുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമ്മെ പഠിപ്പിച്ചത് നമ്മുടെ സംസ്കാരത്തിൽ അഭിമാനിക്കാൻ ആണ്. ഭാരതത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം പഠനത്തോടൊപ്പം കഴിവുകൾക്കും തുല്യ പ്രാധാന്യം നൽകി. അതുകൊണ്ടാണ് ഭാരതത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നട്ടെല്ല് തകർക്കാൻ മക്കാളെ തീരുമാനിച്ചത്, അദ്ദേഹം തന്റെ ദൗത്യത്തിൽ വിജയിച്ചു. ആ കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭാഷയ്ക്കും ബ്രിട്ടീഷ് ചിന്തയ്ക്കും കൂടുതൽ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് മക്കാളെ ഉറപ്പുവരുത്തി, വരും നൂറ്റാണ്ടുകളിൽ ഭാരതം ഇതിന് വില നൽകി.

സുഹൃത്തുക്കളേ,

മക്കാലെ നമ്മുടെ  ആത്മവിശ്വാസം തകർത്തു. അദ്ദേഹം നമ്മളിൽ  ഒരു അപകർഷതാബോധം ജനിപ്പിച്ചു. ഒരൊറ്റ അടി കൊണ്ട്, ആയിരക്കണക്കിന് വർഷത്തെ നമ്മുടെ അറിവും ശാസ്ത്രവും, കലയും സംസ്കാരവും, മുഴുവൻ ജീവിതരീതിയും മക്കാലെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു. ഇന്ത്യക്കാർക്ക് പുരോഗതി നേടണമെങ്കിൽ, വലിയ എന്തെങ്കിലും നേടണമെങ്കിൽ, വിദേശ രീതികളിലൂടെ അത് ചെയ്യണമെന്ന വിത്ത് വിതച്ചത് ആ നിമിഷത്തിലാണ്. സ്വാതന്ത്ര്യാനന്തരം പോലും ഈ വികാരം കൂടുതൽ ശക്തമായി. നമ്മുടെ വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, സാമൂഹിക അഭിലാഷങ്ങൾ, എല്ലാം വിദേശ സംവിധാനങ്ങളുമായി ബന്ധപ്പെട്ടു. നമ്മുടേതിലുള്ള അഭിമാനബോധം ക്രമേണ കുറഞ്ഞു. ഗാന്ധിജി സ്വാതന്ത്ര്യത്തിന്റെ അടിത്തറയായി കണക്കാക്കിയ സ്വദേശി (സ്വാശ്രയത്വം) പിന്നീടങ്ങോട്ട്  വിലമതിക്കപ്പെട്ടില്ല. വിദേശത്ത് ഭരണ മാതൃകകൾക്കായി നമ്മൾ  തിരയാൻ തുടങ്ങി. നവീകരണത്തിനായി നമ്മൾ  വിദേശ രാജ്യങ്ങളിലേക്ക് നോക്കാൻ തുടങ്ങി. ഈ മാനസികാവസ്ഥ സമൂഹത്തിൽ ഇറക്കുമതി ചെയ്ത ആശയങ്ങൾ, ഇറക്കുമതി ചെയ്ത വസ്തുക്കൾ, ഇറക്കുമതി ചെയ്ത സേവനങ്ങൾ എന്നിവ മികച്ചതായി കണക്കാക്കുന്ന ഒരു പ്രവണതയിലേക്ക് നയിച്ചു.

സുഹൃത്തുക്കളേ,

നിങ്ങൾ സ്വന്തം രാജ്യത്തെ ബഹുമാനിക്കാത്തപ്പോൾ, നിങ്ങൾ തദ്ദേശീയ ആവാസവ്യവസ്ഥയെ നിരസിക്കുന്നു. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പാദന ആവാസവ്യവസ്ഥയെ നിങ്ങൾ നിരസിക്കുന്നു. ടൂറിസത്തിന്റെ മറ്റൊരു ഉദാഹരണം ഞാൻ നിങ്ങൾക്ക് തരാം. ടൂറിസം അഭിവൃദ്ധി പ്രാപിച്ച എല്ലാ രാജ്യങ്ങളിലും, ആ രാജ്യത്തെ ജനങ്ങൾ അവരുടെ ചരിത്രപരമായ പൈതൃകത്തിൽ അഭിമാനിക്കുന്നത് നിങ്ങൾ കാണും. നമ്മുടെ കാര്യത്തിൽ, നേരെ മറിച്ചാണ് സംഭവിച്ചത്. സ്വാതന്ത്ര്യാനന്തരം, നമ്മുടെ പൈതൃകത്തെ അവഗണിക്കാൻ ശ്രമങ്ങൾ നടന്നു. ഒരാളുടെ പൈതൃകത്തിൽ അഭിമാനമില്ലാത്തപ്പോൾ, അത് സംരക്ഷിക്കാൻ ഒരു ശ്രമവും നടക്കുന്നില്ല. സംരക്ഷണമില്ലെങ്കിൽ, നമ്മൾ അതിനെ വെറും ഇഷ്ടികയും കല്ലും കൊണ്ടുള്ള അവശിഷ്ടങ്ങളായി കണക്കാക്കുന്നു, അതാണ് സംഭവിച്ചത്. ഒരാളുടെ പൈതൃകത്തിൽ അഭിമാനിക്കുക എന്നത് ടൂറിസത്തിന്റെ വികസനത്തിന് ആവശ്യമായ ഒരു വ്യവസ്ഥയാണ്.

സുഹൃത്തുക്കളേ,

പ്രാദേശിക ഭാഷകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഏത് രാജ്യത്താണ് പ്രാദേശിക ഭാഷകളെ അവജ്ഞയോടെ കാണുന്നത്? ജപ്പാൻ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങൾ നിരവധി പാശ്ചാത്യ രീതികൾ സ്വീകരിച്ചു, പക്ഷേ അവർ അവരുടെ ഭാഷകൾ അതേപടി നിലനിർത്തി, അവരുടെ ഭാഷയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. അതുകൊണ്ടാണ്, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസത്തിന് ഞങ്ങൾ പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നത്. ഞാൻ ഇത് വളരെ വ്യക്തമായി പറയട്ടെ: ഞങ്ങൾ ഇംഗ്ലീഷ് ഭാഷയ്ക്ക് എതിരല്ല. ഞങ്ങൾ ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു.

സുഹൃത്തുക്കളേ,

1835-ൽ മക്കാലെയാണ് ഈ കുറ്റകൃത്യം ചെയ്തത്. 2035-ൽ, 10 വർഷങ്ങൾക്ക് ശേഷം, ഈ കുറ്റകൃത്യം നടന്നിട്ട് 200 വർഷങ്ങൾ തികയും. അതുകൊണ്ടാണ്, ഇന്ന്, നിങ്ങളിലൂടെ മുഴുവൻ രാഷ്ട്രത്തോടും ഞാൻ അഭ്യർത്ഥിക്കുന്നത്, അടുത്ത 10 വർഷത്തിനുള്ളിൽ മക്കാലെയുടെ അടിമത്ത മനോഭാവത്തിൽ നിന്ന് നാം സ്വയം മോചിതരാകുമെന്ന് നാം പ്രതിജ്ഞയെടുക്കണം. ഈ അടുത്ത 10 വർഷങ്ങൾ നമുക്ക് വളരെ പ്രധാനമാണ്. ഒരു ചെറിയ സംഭവം ഞാൻ ഓർക്കുന്നു. ഗുജറാത്തിൽ കുഷ്ഠരോഗത്തിനുള്ള ഒരു ആശുപത്രി നിർമ്മിക്കുകയായിരുന്നു. ഉദ്ഘാടനത്തിന് മഹാത്മാഗാന്ധിയെ ക്ഷണിക്കാൻ ആളുകൾ പോയി. കുഷ്ഠരോഗത്തിനുള്ള ഒരു ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്ന് ഗാന്ധിജി പറഞ്ഞു; അദ്ദേഹം പറഞ്ഞു, "ഉദ്ഘാടനത്തിന് ഞാൻ വരില്ല. പക്ഷേ ആശുപത്രി സ്ഥിരമായി പൂട്ടിയിടേണ്ടിവരുമ്പോൾ, എന്നെ വിളിക്കൂ, ഞാൻ അത് പൂട്ടിയിടാൻ വരും." ഗാന്ധിജിയുടെ ജീവിതകാലത്ത് ആ ആശുപത്രി പൂട്ടിയിരുന്നില്ല. എന്നാൽ ഗുജറാത്ത് കുഷ്ഠരോഗത്തിൽ നിന്ന് മുക്തമായപ്പോൾ, ഞാൻ മുഖ്യമന്ത്രിയായപ്പോൾ ആ ആശുപത്രി പൂട്ടിയിടാൻ എനിക്ക് അവസരം ലഭിച്ചു. 1835-ൽ ആരംഭിച്ച യാത്ര 2035-ഓടെ അവസാനിക്കേണ്ടതുപോലെ, ഗാന്ധിജി ആശുപത്രി പൂട്ടാൻ ആഗ്രഹിച്ചതുപോലെ, ഈ മാനസികാവസ്ഥ എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്നതാണ് എന്റെ സ്വപ്നം.

സുഹൃത്തുക്കളേ,

ഇന്ന് നമ്മൾ പല വിഷയങ്ങളും ചർച്ച ചെയ്തു. നിങ്ങളുടെ കൂടുതൽ സമയം അപഹരിക്കാൻ  ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ രാജ്യത്തിന്റെ എല്ലാ പ്രധാന പരിവർത്തനങ്ങൾക്കും വളർച്ചാ കഥകൾക്കും ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന്, 'വിക്ഷിത് ഭാരത്' (വികസിത ഇന്ത്യ) ആകുക എന്ന ലക്ഷ്യത്തോടെ ഭാരതം മുന്നോട്ട് പോകുമ്പോൾ, അത് വീണ്ടും ഈ യാത്രയുടെ ഭാഗമാണ്. പൂർണ്ണ സമർപ്പണത്തോടെ രാംനാഥ് ജിയുടെ ചിന്തകളും ആദർശങ്ങളും സംരക്ഷിക്കാനുള്ള നിങ്ങളുടെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഒരിക്കൽ കൂടി, ഈ അത്ഭുതകരമായ സംഭവത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രാംനാഥ് ഗോയങ്ക ജിയോടുള്ള ആദരവോടെ, ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.

വളരെ നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's Q2 FY26 GDP soars 8.2%: A structural shift reshaping the economy like ’83 cricket triumph

Media Coverage

India's Q2 FY26 GDP soars 8.2%: A structural shift reshaping the economy like ’83 cricket triumph
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
December 05, 2025

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, December 28th. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.