ബഹുമാനപ്പെട്ട അതിഥികളേ, വിശിഷ്ട പ്രതിനിധികളേ, അധ്യാപകരേ, ഉപദേഷ്ടാക്കളേ, എന്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ, നമസ്‌കാരം!
64 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം മിന്നും താരങ്ങളുമായി സംസാരിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമാണ്. 18-ാമത് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര, ജ്യോതിർഭൗതിക ഒളിമ്പ്യാഡിനായി ഇന്ത്യയിലേക്ക് ഞാൻ നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇന്ത്യയിൽ പാരമ്പര്യം നൂതനാശയങ്ങളുമായി ഒന്നുചേരുന്നു, ആത്മീയത ശാസ്ത്രത്തെ സന്ധിക്കുന്നു, ജിജ്ഞാസ സർഗ്ഗാത്മകതയെ കണ്ടുമുട്ടുന്നു. നൂറ്റാണ്ടുകളായി, ഇന്ത്യക്കാർ ആകാശം നിരീക്ഷിക്കുകയും ആഴമേറിയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അഞ്ചാം നൂറ്റാണ്ടിൽ, ആര്യഭട്ട പൂജ്യം കണ്ടുപിടിച്ചു. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുവെന്ന് ആദ്യമായി പറഞ്ഞതും അദ്ദേഹമാണ്. അക്ഷരാർത്ഥത്തിൽ, അദ്ദേഹം പൂജ്യത്തിൽ നിന്ന് ആരംഭിച്ച് ചരിത്രം സൃഷ്ടിച്ചു!
ഇന്ന്, ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളിലൊന്നിന് ലഡാക്കിൽ ഞങ്ങൾ ആതിഥേയത്വം വഹിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിൽ, നക്ഷത്രങ്ങളുമായി ഹസ്തദാനം ചെയ്യാൻ
കഴിയുന്നത്ര അടുത്താണിത്! പൂനെയിലെ ഞങ്ങളുടെ ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്കോപ്പ് ലോകത്തിലെ ഏറ്റവും സെൻസിറ്റീവ് റേഡിയോ ടെലിസ്കോപ്പുകളിൽ ഒന്നാണ്. പൾസാറുകൾ, ക്വാസറുകൾ, ഗാലക്സികൾ എന്നിവയുടെ നിഗൂഢതകൾ മനസ്സിലാക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു!
സ്ക്വയർ കിലോമീറ്റർ അറേ, ലിഗോ-ഇന്ത്യ തുടങ്ങിയ ആഗോള മെഗാ-സയൻസ് പദ്ധതികളിൽ ഇന്ത്യ അഭിമാനത്തോടെ പങ്കുചേരുന്നു. രണ്ട് വർഷം മുമ്പ്, നമ്മുടെ ചന്ദ്രയാൻ-3 ചരിത്രം സൃഷ്ടിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് വിജയകരമായി ആദ്യമായി ഇറങ്ങിയവരാണ് നമ്മൾ. ആദിത്യ-എൽ1 സോളാർ ഒബ്സർവേറ്ററിയിലൂടെ സൂര്യനെയും നമ്മൾ നിരീക്ഷിച്ചു. സൗരജ്വാലകൾ, കൊടുങ്കാറ്റുകൾ, സൂര്യന്റെ അതാത് സമയത്തെ മാറ്റങ്ങൾ എന്നിവ ഇത് നിരീക്ഷിക്കുന്നു! കഴിഞ്ഞ മാസം, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ ചരിത്ര ദൗത്യം പൂർത്തിയാക്കി. എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമായിരുന്നു അത്, ഒപ്പം നിങ്ങളെപ്പോലുള്ള യുവ പര്യവേക്ഷകർക്ക് ഒരു പ്രചോദനവും.
സുഹൃത്തുക്കളേ,
ശാസ്ത്ര വിഷയങ്ങളിൽ ജിജ്ഞാസ വളർത്തുന്നതിനും യുവ മനസ്സുകളെ ശാക്തീകരിക്കുന്നതിനും ഇന്ത്യ ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്. അടൽ ടിങ്കറിംഗ് ലാബുകളിലെ പ്രായോഗിക പരീക്ഷണങ്ങളിലൂടെ 10 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ STEM ആശയങ്ങൾ മനസ്സിലാക്കുന്നു. ഇത് പഠനത്തിന്റെയും നവീകരണത്തിന്റെയും ഒരു സംസ്കാരം സൃഷ്ടിക്കുകയാണ്. അറിവിലേക്കുള്ള പ്രവേശനം കൂടുതൽ ജനാധിപത്യപരമാക്കുന്നതിന്, ഞങ്ങൾ 'ഒരു രാഷ്ട്രം ഒരു സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി' ആരംഭിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇത് പ്രശസ്തമായ അന്താരാഷ്ട്ര ജേണലുകളിലേക്ക് സൗജന്യമായി പ്രവേശനം നൽകുന്നു. STEM ഡൊമെയ്‌നുകളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ ഇന്ത്യ ഒരു മുൻനിര രാജ്യമാണെന്ന് അറിയുന്നത് നിങ്ങൾക്ക് സന്തോഷം പകരും. വിവിധ സംരംഭങ്ങൾക്ക് കീഴിൽ, ഗവേഷണ ആവാസവ്യവസ്ഥയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള നിങ്ങളെപ്പോലുള്ള യുവ മനസ്സുകളെ ഇന്ത്യയിൽ പഠിക്കാനും ഗവേഷണം നടത്താനും സഹകരിക്കാനും ഞങ്ങൾ ക്ഷണിക്കുന്നു. അത്തരം പങ്കാളിത്തങ്ങളിൽ നിന്നാകും അടുത്ത വലിയ ശാസ്ത്ര മുന്നേറ്റം ജനിക്കുന്നത് എന്ന് ആർക്കറിയാം!
സുഹൃത്തുക്കളേ,
നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും, മനുഷ്യരാശിയുടെ നന്മയ്ക്കായി നമുക്ക് എങ്ങനെ പ്രവർത്തിക്കാമെന്ന് ചിന്തിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പ്രപഞ്ചപര്യവേക്ഷണം ചെയ്യുമ്പോൾ, ബഹിരാകാശ ശാസ്ത്രത്തിന് ഭൂമിയിലെ ആളുകളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്നും നാം ചോദിക്കണം. കർഷകർക്ക് ഇന്ന് നൽകുന്നതിനേക്കാൾ മികച്ച കാലാവസ്ഥാ പ്രവചനങ്ങൾ എങ്ങനെ നൽകാൻ കഴിയും? പ്രകൃതിദുരന്തങ്ങൾ പ്രവചിക്കാൻ നമുക്ക് കഴിയുമോ, കാട്ടുതീയും ഉരുകുന്ന ഹിമാനികളും നമുക്ക് നിരീക്ഷിക്കാൻ കഴിയുമോ? വിദൂര പ്രദേശങ്ങൾക്കായി മികച്ച ആശയവിനിമയം നിർമ്മിക്കാൻ നമുക്ക് കഴിയുമോ? ശാസ്ത്രത്തിന്റെ ഭാവി നിങ്ങളുടെ കൈകളിലാണ്. ഭാവനയും അനുകമ്പയും ഉപയോഗിച്ച് യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് അത് കുടികൊള്ളുന്നത്. "എന്താണ് അവിടെയുള്ളത്?" എന്ന് ചോദിക്കാനും ഇവിടെ അത് നമ്മെ എങ്ങനെ സഹായിക്കുമെന്ന് കാണാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തിയിൽ ഇന്ത്യ വിശ്വസിക്കുന്നു. ഈ ഒളിമ്പ്യാഡ് ആ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ് ഈ ഒളിമ്പ്യാഡ് എന്ന് എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. ഈ പരിപാടി സാധ്യമാക്കിയതിന് ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനും, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിനും ഞാൻ നന്ദി പറയുന്നു. ഉയർന്ന ലക്ഷ്യം വയ്ക്കുക, വലിയ സ്വപ്നം കാണുക. ഓർക്കുക, ആകാശം പരിധിയല്ല, അതൊരു തുടക്കം മാത്രമാണെന്നാണ് ഇവിടെ ഇന്ത്യയിൽ ഞങ്ങൾ വിശ്വസിക്കുന്നത്!
നന്ദി.


