കൊൽക്കത്ത പോലുള്ള നഗരങ്ങൾ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും ഭാവിയെയും പ്രതിനിധാനം ചെയ്യുന്നു: പ്രധാനമന്ത്രി
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇ​ന്ത്യ മുന്നേറുമ്പോൾ ദം ദം, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ ഈ യാത്രയിൽ നിർണായക പങ്കുവഹിക്കും: പ്രധാനമന്ത്രി
21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് 21-ാം നൂറ്റാണ്ടിലെ ഗതാഗത സംവിധാനം ആവശ്യമാണ്. അതിനാൽ, ഇന്ന് രാജ്യത്തുടനീളം, റെയിൽവേമുതൽ റോഡുകൾവരെ, മെട്രോമുതൽ വിമാനത്താവളങ്ങൾവരെ, ആധുനിക ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുകയും തടസ്സമില്ലാത്ത സഞ്ചാരക്ഷമത ഉറപ്പാക്കാൻ സംയോജിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ് ബോസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ശാന്തനു ഠാക്കൂർ ജി, രവ്‌നീത് സിംഗ് ജി, സുകാന്ത മജുംദാർ ജി, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശുവേന്ദു അധികാരി ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ ശോമിക് ഭട്ടാചാര്യ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് പൊതുജന പ്രതിനിധികളെ, മഹതികളെ, മാന്യരെ,

പശ്ചിമ ബംഗാളിന്റെ വികസനം ത്വരിതപ്പെടുത്താൻ ഇന്ന് വീണ്ടും എനിക്ക് അവസരം ലഭിച്ചു. നോവാപാര മുതൽ ജയ് ഹിന്ദ് ബിമൻ ബന്ദർ വരെയുള്ള കൊൽക്കത്ത മെട്രോയിൽ യാത്ര ചെയ്ത ശേഷം ഞാൻ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നു. ഈ സമയത്ത്, നിരവധി സുഹൃത്തുക്കളുമായി സംസാരിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. കൊൽക്കത്തയുടെ പൊതുഗതാഗതം ഇപ്പോൾ ശരിക്കും ആധുനികമാകുന്നതിൽ എല്ലാവരും സന്തുഷ്ടരാണ്. ആറ് വരി എലിവേറ്റഡ് കോന എക്സ്പ്രസ് വേയുടെ തറക്കല്ലിടലും ഇന്ന് ഇവിടെ നടന്നു. ആയിരക്കണക്കിന് കോടി രൂപയുടെ ഈ പദ്ധതികൾക്കെല്ലാം കൊൽക്കത്തയിലെയും മുഴുവൻ പശ്ചിമ ബംഗാളിലെയും ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.


സുഹൃത്തുക്കളെ,

കൊൽക്കത്ത പോലുള്ള നമ്മുടെ നഗരങ്ങൾ ഇന്ത്യയുടെ ചരിത്രത്തിന്റെയും ഭാവിയുടെയും സമ്പന്നമായ ഒരു സ്വത്വമാണ്. ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോൾ, ഡം ഡം, കൊൽക്കത്ത പോലുള്ള ഈ നഗരങ്ങളുടെ പങ്ക് വളരെ വലുതാണ്. അതിനാൽ, ഇന്നത്തെ പരിപാടിയുടെ സന്ദേശം മെട്രോയുടെ ഉദ്ഘാടനത്തേക്കാളും ഹൈവേയുടെ ശിലാസ്ഥാപനത്തേക്കാളും വലുതാണ്. ഇന്നത്തെ ഇന്ത്യ അതിന്റെ നഗരങ്ങളെ എങ്ങനെ പരിവർത്തനം ചെയ്യുന്നു എന്നതിന്റെ ഒരു സാക്ഷ്യമാണ് ഈ പരിപാടി. ഇന്ന്, ഇന്ത്യൻ നഗരങ്ങളിൽ ഹരിത ​ഗതാ​ഗതത്തിനായി ശ്രമങ്ങൾ നടക്കുന്നു, ഇലക്ട്രിക് ചാർജിംഗ് പോയിന്റുകളുടെയും ഇലക്ട്രിക് ബസുകളുടെയും എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു, മാലിന്യത്തെ സമ്പത്താക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു, നഗരത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു, മെട്രോ സൗകര്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു, മെട്രോ ശൃംഖല വികസിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖല ഇപ്പോൾ ഇന്ത്യയിലാണെന്ന് കേൾക്കുമ്പോൾ ഇന്ന് എല്ലാവരും അഭിമാനിക്കുന്നു. 2014 ന് മുമ്പ്, രാജ്യത്തെ മെട്രോ റൂട്ട് 250 കിലോമീറ്റർ മാത്രമായിരുന്നു. ഇന്ന് രാജ്യത്തെ മെട്രോ റൂട്ട് ആയിരം കിലോമീറ്ററിലധികം നീളമുള്ളതായി മാറിയിരിക്കുന്നു. കൊൽക്കത്തയിലും മെട്രോ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നും കൊൽക്കത്ത മെട്രോ റെയിൽ ശൃംഖലയിൽ ഏകദേശം 14 കിലോമീറ്റർ പുതിയ ലൈനുകൾ കൂട്ടിച്ചേർക്കപ്പെടുന്നു. കൊൽക്കത്ത മെട്രോയിൽ 7 പുതിയ സ്റ്റേഷനുകൾ കൂട്ടിച്ചേർക്കപ്പെടുന്നു. ഈ പ്രവൃത്തികളെല്ലാം കൊൽക്കത്തയിലെ ജനങ്ങളുടെ ജീവിതവും യാത്രയും സുഗമമാക്കും.

 

സുഹൃത്തുക്കളെ,

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗതാഗത സംവിധാനവും ആവശ്യമാണ്. അതുകൊണ്ടാണ് ഇന്ന് നമ്മൾ രാജ്യത്ത് റെയിൽ മുതൽ റോഡ് വരെയും മെട്രോ മുതൽ വിമാനത്താവളം വരെയും ആധുനിക ഗതാഗത സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്, കൂടാതെ അവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതായത്, ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനൊപ്പം, അവരുടെ വീടുകൾക്ക് സമീപം അവർക്ക് തടസ്സമില്ലാത്ത ഗതാഗതം നൽകുക എന്നതാണ് ഞങ്ങളുടെ ശ്രമം. കൊൽക്കത്തയുടെ ബഹു - മാതൃക കണക്റ്റിവിറ്റിയിലും ഇതിന്റെ ഒരു നേർക്കാഴ്ച നമുക്ക് കാണാൻ കഴിയും. ഇന്നത്തെ പോലെ രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളായ ഹൗറ, സിയാൽദഹ് എന്നിവ ഇപ്പോൾ മെട്രോയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതായത്, മുമ്പ് ഒന്നര മണിക്കൂർ എടുത്തിരുന്ന സ്റ്റേഷനുകൾക്കിടയിലുള്ള യാത്രയ്ക്ക് ഇപ്പോൾ മെട്രോയിലൂടെ കുറച്ച് മിനിറ്റ് മാത്രമേ എടുക്കൂ. അതുപോലെ, ഹൗറ സ്റ്റേഷൻ സബ്‌വേ മൾട്ടിമോഡൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. നേരത്തെ, ഈസ്റ്റേൺ റെയിൽവേയിൽ നിന്നോ സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ നിന്നോ ട്രെയിൻ പിടിക്കാൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്നു. ഈ സബ്‌വേയുടെ നിർമ്മാണത്തിനുശേഷം, ഇന്റർചേഞ്ചിനായി എടുക്കുന്ന സമയം കുറയും. ഇന്ന് മുതൽ, കൊൽക്കത്ത വിമാനത്താവളവും മെട്രോയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതായത്, നഗരത്തിന്റെ വിദൂര ഭാഗങ്ങളിൽ നിന്ന് വിമാനത്താവളത്തിൽ എത്തിച്ചേരുന്നത് ഇപ്പോൾ എളുപ്പമാകും.

സുഹൃത്തുക്കളെ,

പശ്ചിമ ബംഗാളിന്റെ വികസനത്തിനായി ഇന്ത്യാ ഗവൺമെന്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇന്ന്, റെയിൽവേയുടെ 100% വൈദ്യുതീകരണം പൂർത്തിയാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ പശ്ചിമ ബംഗാളും ചേർന്നിരിക്കുന്നു. വളരെക്കാലമായി, പുരുലിയയ്ക്കും ഹൗറയ്ക്കും ഇടയിൽ ഒരു മെമു ട്രെയിൻ വേണമെന്ന ആവശ്യം ഉണ്ടായിരുന്നു. പൊതുജനങ്ങളുടെ ഈ ആവശ്യം ഇന്ത്യാ ഗവൺമെന്റ് നിറവേറ്റിയിട്ടുണ്ട്. ഇന്ന്, പശ്ചിമ ബംഗാളിന്റെ വിവിധ റൂട്ടുകളിൽ 9 വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്, ഇതിനുപുറമെ, 2 അമൃത് ഭാരത് ട്രെയിനുകളും നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഓടുന്നുണ്ട്.

 

സുഹൃത്തുക്കളെ,

കഴിഞ്ഞ 11 വർഷത്തിനിടയിൽ, നിരവധി പ്രധാന ഹൈവേ പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറ് വരി കോന എക്സ്പ്രസ് വേ പൂർത്തിയാകുമ്പോൾ, അത് തുറമുഖത്തിന്റെ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തും. കൊൽക്കത്തയ്ക്കും പശ്ചിമ ബംഗാളിനും മികച്ച ഭാവിക്കുള്ള അടിത്തറ ഈ കണക്റ്റിവിറ്റി ശക്തിപ്പെടുത്തും. ഇപ്പോൾ ചുരുക്കട്ടെ.

 

സുഹൃത്തുക്കളെ,

അൽപ്പ സമയത്തിനുള്ളിൽ, സമീപത്ത് ഒരു പൊതുയോഗം നടക്കാൻ പോകുന്നു, ആ യോഗത്തിൽ, പശ്ചിമ ബംഗാളിന്റെ വികസനത്തെയും ഭാവിയെയും കുറിച്ച് നിങ്ങളുമായി വിശദമായ ഒരു ചർച്ച ഉണ്ടാകും, ഇനിയും ഒരുപാട് കാര്യങ്ങൾ സംഭവിക്കും, അതിനാൽ ധാരാളം ആളുകൾ അവിടെ കാത്തിരിക്കുന്നു, ഞാൻ എന്റെ പ്രസംഗം ഇവിടെ അവസാനിപ്പിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും ആശംസകൾ! നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions