നമുക്ക് ഒരു ലക്ഷ്യം, ഒരു ലക്ഷ്യസ്ഥാനം - അത് 'വികസിത ഭാരതം': പ്രധാനമന്ത്രി
അനേകം ആഗോള പ്രതിസന്ധികൾക്കിടയിലും ലോകനേതാക്കളും വിദഗ്ധരും വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ നോക്കിക്കാണുന്നത്: പ്രധാനമന്ത്രി
നിങ്ങൾക്ക് ഭാവിയുടെ ഭാഗമാകണമെങ്കിൽ നിങ്ങൾ ഇന്ത്യയിലായിരിക്കണം: പ്രധാനമന്ത്രി
ഇന്ത്യ പുരോഗതി കൈവരിക്കുക മാത്രമല്ല ചെയ്യുന്നത്, ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുക കൂടിയാണ്: പ്രധാനമന്ത്രി
ആഗോള വെല്ലുവിളികളുടെ ഭാരത്തിൽ നിന്ന് ഇവിടുത്തെ കർഷകരെയും പൗരന്മാരെയും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യ എല്ലാവിധ ശ്രമങ്ങളും നടത്തും: പ്രധാനമന്ത്രി

ഇന്ന്, മാർച്ച് 12, ചരിത്രപ്രധാനമായ ഒരു ദിവസമാണ്. 1930 മാർച്ച് 12-നാണ് മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു ഇത്. കാരണം, ഈ യാത്ര രാജ്യത്തിന്റെ എല്ലാ കോണുകളെയും 'ഇന്ത്യയുടെ സ്വാതന്ത്ര്യം' എന്ന ഏക ലക്ഷ്യവുമായി ബന്ധിപ്പിച്ചു.

ഈ ചരിത്രയാത്രയ്ക്ക് ഏകദേശം 100 വർഷങ്ങൾക്ക് ശേഷം, ഇന്ന് നമ്മൾ ഇന്ത്യക്കാർ മറ്റൊരു യാത്ര പുറപ്പെട്ടിരിക്കുകയാണ്. ഈ യാത്ര 'വികസിത ഭാരത'ത്തിലേക്കുള്ള  യാത്രയാണ്. നമ്മുടെ ലക്ഷ്യം ഒന്നാണ്, നമ്മുടെ ലക്ഷ്യസ്ഥാനവും ഒന്നാണ് - വികസിത ഭാരതം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഇത്തരം ഉച്ചകോടികളിൽ നടക്കുന്ന ആശയരൂപീകരണപ്രവർത്തനങ്ങളും  അതിൽ നിന്ന് ലഭിക്കുന്ന അമൃതും വലിയ പങ്ക് വഹിക്കുന്നു.

'നെക്സ്റ്റ് സമിറ്റിലേക്ക്'  എന്നെ ക്ഷണിച്ചതിന് നിങ്ങളെല്ലാവരോടും ഞാൻ നന്ദി പറയുന്നു. രാജ്യത്തിനകത്തു നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സഹപ്രവർത്തകർ ഇവിടെ എത്തിയിട്ടുണ്ട്; അവരിൽ ചിലർ പഴയ പരിചയക്കാരുമാണ്. നിങ്ങളെയെല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ കാലഘട്ടം 'ന ഭൂതോ ന ഭവിഷ്യതി' (മുൻപ് സംഭവിച്ചിട്ടില്ലാത്തതും ഇനി സംഭവിക്കാനിടയില്ലാത്തതും) എന്നതുപോലെയാണ്. ഒരു വശത്ത് യുദ്ധത്തിന്റെ ഭീകരത, വിതരണ ശൃംഖലകൾ തകർന്നുകൊണ്ടിരിക്കുന്നു, ഐക്യരാഷ്ട്രസഭ പോലുള്ള ആഗോള സ്ഥാപനങ്ങളുടെ പ്രസക്തിയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തിലെ സുപ്രധാനമായ ഈ ഘട്ടത്തിൽ, ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേര് ഇന്ത്യയുടേതാണ്.നിലവിലുള്ള നിരവധി പ്രതിസന്ധികൾക്കിടയിലും, ലോകത്തിലെ ഗൗരവക്കാരായ ഓരോ നേതാവിനും അറിവുള്ള ഓരോ വ്യക്തിക്കും ഇന്ത്യയെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. ഈയിടെ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യ സന്ദർശിച്ചിരുന്നു. 'ഗ്ലോബൽ സൗത്ത്' ഇനി ലോകത്തിന്റെ ദിശ തീരുമാനിക്കുമെന്നും, ആ ദിശ നിശ്ചയിക്കുന്ന ഏറ്റവും ശക്തമായ രാജ്യം ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനുമുമ്പ് കാനഡയുടെ  പ്രധാനമന്ത്രി കാർണിയും  പറഞ്ഞത്, അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ ലോകത്തിന്റെ സാമ്പത്തിക ആകർഷണ കേന്ദ്രം  ഇന്ത്യയിലേക്ക് മാറുമെന്നാണ്. ലോകത്തെ വലിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയായി മാറിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും വിശ്വസിക്കുന്നു.
അപ്രകാരം ഇന്ന്,സാങ്കേതിക-സാമ്പത്തിക രംഗത്തെ ആഗോള നേതാക്കളുടെ പ്രസ്താവനകളുടെ സാരം എടുത്താൽ ഒരു പരമാർത്ഥം  മാത്രമേ ഉയർന്നുവരുന്നുള്ളൂ. നിങ്ങൾക്ക് ഭാവിയുടെ ഭാഗമാകണമെന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഇന്ത്യയുമായി ബന്ധപ്പെടേണ്ടി വരും; നിങ്ങൾക്ക് ഇന്ത്യയിൽ ഉണ്ടാകേണ്ടി വരും.

സുഹൃത്തുക്കളേ,

ഇപ്പോൾ ഇന്ത്യ ടി20 ലോകകപ്പ്  വിജയിച്ചിരിക്കുകയാണ്. എല്ലാവരും അതീവ സന്തോഷത്തിലാണ്. ഇന്ത്യയിൽ ക്രിക്കറ്റിന്റെ കാര്യം എങ്ങനെയെന്നാൽ, ഏതെങ്കിലും ഓഫീസിൽ കോടികളുടെ ഇടപാടിനെക്കുറിച്ച് ചർച്ച നടക്കുകയാണെങ്കിലോ, വിദേശത്തു നിന്നുള്ള അതിഥികൾ മികച്ച ഒരു പ്രസന്റേഷൻ (Presentation) നൽകിക്കൊണ്ടിരിക്കുകയാണെങ്കിലോ പോലും, ഇടയ്ക്കൊന്ന് കണ്ണുമാറ്റി സ്കോർ എത്രയായെന്ന് നോക്കാൻ അവർ മറക്കില്ല. ആരെങ്കിലും ഒരാൾ തീർച്ചയായും ചോദിക്കും— 'ഭായ്, സ്കോർ എന്തായി?' എന്ന്.
ഇതേ സാഹചര്യം തന്നെയാണ് ഇന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിലും. ഇന്ന് എല്ലാവർക്കും സമ്പദ്‌വ്യവസ്ഥയുടെ ഒരു 'റണ്ണിംഗ് കമന്ററി' (തത്സ്ഥിതി വിവരണം)വേണം. കഴിഞ്ഞ മാസം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എന്തായിരുന്നു? ഇന്ന് അവസ്ഥ എന്താണ്? ഇതെല്ലാം അറിയാൻ നാട്ടുകാർക്ക് വലിയ ജിജ്ഞാസയാണ്. മുൻപ് എപ്പോഴെങ്കിലും രാജ്യത്ത് ഇത്രയധികം ആകാംക്ഷ ഉണ്ടായിരുന്നോ എന്ന് എനിക്ക് ഓർമ്മയില്ല. ഉണ്ടായിരുന്നുവെങ്കിൽ തന്നെ അത് എപ്പോഴായിരുന്നു? ഇത് കാണിക്കുന്നത് ഇന്നത്തെ ഇന്ത്യക്കാരുടെ ആഗ്രഹങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും നിലവാരമാണ്. ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ ഏറ്റവും വലിയ കാരണവും ഇതുതന്നെയാണ്.

സുഹൃത്തുക്കളേ,

തീർച്ചയായും, ഇത്രയധികം പ്രതീക്ഷകൾ നമ്മളിൽ അർപ്പിക്കപ്പെടുമ്പോൾ, ലോകത്തിന്റെ കണ്ണുകൾ നമ്മുടെ രാജ്യത്തിന്മേൽ പതിയുമ്പോൾ, നമ്മുടെയെല്ലാം ഉത്തരവാദിത്തം ഒന്നുകൂടി വർദ്ധിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്നത്തെ ഇന്ത്യ വെറുതെ മുന്നോട്ട് നീങ്ങുക മാത്രമല്ല ചെയ്യുന്നത്. ഇന്ത്യ സ്വയം അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ്. ഇന്ന് രാജ്യത്ത് 'നെക്സ്റ്റ് ജനറേഷൻ' (അടുത്തതലമുറ) ഭൗതിക ഇൻഫ്രാസ്ട്രക്ചറുകൾ(അടിസ്ഥാനസൗകര്യങ്ങൾ) നിർമ്മിക്കപ്പെടുന്നു; നമ്മൾ അടുത്ത തലമുറയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലേക്ക് നീങ്ങുകയാണ്. യുപിഐ (UPI) ഡിജിറ്റൽ പേയ്മെന്റുകളെ അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചു കഴിഞ്ഞു. ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ 'റിയൽ ടൈം' ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.

സുഹൃത്തുക്കളേ,

ഇന്നത്തെ ഇന്ത്യ അടുത്ത തലമുറയിലെ പരിഷ്കാരങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്; രാജ്യം ഇപ്പോൾ 'റീഫോം എക്സ്പ്രസ്സിൽ' (പരിവർത്തന വേഗത്തിൽ ) സഞ്ചരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യയിൽ പല കാര്യങ്ങളും തീരുമാനങ്ങളും അസാധ്യമെന്ന് കരുതിയിരുന്നവയായിരുന്നു; ഇന്ന് ഇന്ത്യ അത്തരം തീരുമാനങ്ങളും എടുത്തു കൊണ്ടിരിക്കുന്നു.ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നത് അസാധ്യമാണെന്ന് ഒരുകാലത്ത് പറയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370-ന്റെ മതിൽ വീണു കഴിഞ്ഞു. എല്ലാവരെയും ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നത് അസാധ്യമാണെന്ന് ഒരിക്കൽ തോന്നിയിരുന്നു. എന്നാൽ ഇന്ന് 50 കോടിയിലധികം ജൻ ധൻ അക്കൗണ്ടുകൾ അത് സാധ്യമാക്കി. മുത്തലാഖ്  അവസാനിപ്പിക്കുക എന്നത് അസാധ്യമാണെന്ന് ഒരിക്കൽ തോന്നിയിരുന്നു. എന്നാൽ ഇന്ന് മുസ്ലീം സഹോദരിമാർക്ക് ആ അനീതിയിൽ നിന്ന് മോചനം ലഭിച്ചു.ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതും ഒരിക്കൽ അസാധ്യമായി തോന്നിയിരുന്നു. എന്നാൽ ഇന്ന് അതിനായി നിയമം നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. ഒരുകാലത്ത് ബഹിരാകാശ രംഗത്തും അത്യാധുനിക സാങ്കേതികവിദ്യയിലും ഇന്ത്യയുടെ പരിമിതികളെക്കുറിച്ചായിരുന്നു ചർച്ചകൾ. എന്നാൽ ഇന്ന് മൂൺ മിഷൻ (ചന്ദ്രയാൻ), സെമികണ്ടക്ടർ മിഷൻ, ക്വാണ്ടം മിഷൻ—ഇവയെല്ലാം ഇന്ത്യയെ സാങ്കേതികവിദ്യയുടെ അടുത്ത തലങ്ങളിലേക്ക് നയിക്കുകയാണ്.

 

സുഹൃത്തുക്കളേ,

ഇന്നത്തെ ഇന്ത്യ വെറുതെ സ്വപ്നങ്ങൾ കാണുക മാത്രമല്ല ചെയ്യുന്നത്. ഇന്ത്യ ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക കൂടിയാണ്. അതുകൊണ്ടാണ് ഇന്ത്യ വെറുതെ പുരോഗതി കൈവരിക്കുകയല്ല, മറിച്ച് അടുത്ത ഘട്ടത്തിലേക്ക്  നീങ്ങുകയാണെന്ന് ഇന്ന് ലോകം പറയുന്നത്.

സുഹൃത്തുക്കളേ,

ഒരു രാജ്യത്തിന്റെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം നമ്മൾ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതാണ്. ആഗോള സാഹചര്യങ്ങൾ പെട്ടെന്ന് മാറിമറിയുന്നത് നമുക്കെല്ലാം അറിയാം. കഴിഞ്ഞ വർഷങ്ങളിൽ, ആദ്യം നമ്മൾ കൊറോണ എന്ന ദുരന്തം കണ്ടു, പിന്നീട് റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി കണ്ടു, ഇപ്പോൾ നമുക്ക് തൊട്ടടുത്ത് മറ്റൊരു വലിയ യുദ്ധം നടന്നുകൊണ്ടിരിക്കുന്നു. ഈ യുദ്ധം ലോകത്തെ മുഴുവൻ വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക്  തള്ളിവിട്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇത്രയും ഭയാനകമായ സാഹചര്യങ്ങളിൽ, ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ ഇതിനെ എങ്ങനെ നേരിടുന്നു എന്നത് വളരെ പ്രധാനമാണ്. പ്രതിസന്ധിയുടെ കാലഘട്ടം ഒരുതരത്തിൽ പറഞ്ഞാൽ രാജ്യത്തിന്റെ മുഴുവൻ പരീക്ഷണകാലമാണ്. സമാധാനത്തോടും ക്ഷമയോടും കൂടി വേണം നമ്മൾ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ. ജനവിശ്വാസം വർദ്ധിപ്പിച്ചും ജനങ്ങളെ ബോധവാന്മാരാക്കിയും വേണം നമ്മൾ മുന്നോട്ട് പോകാൻ. ഇതിൽ എല്ലാവർക്കും പങ്കുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും, മാധ്യമങ്ങൾക്കും, സാമൂഹിക സ്ഥാപനങ്ങൾക്കും, വ്യവസായ മേഖലയ്ക്കും, യുവാക്കൾക്കും, ഗ്രാമങ്ങൾക്കും, നഗരങ്ങൾക്കും—എല്ലാവരുടെയും പങ്ക് സുപ്രധാനമാണ്.എല്ലാവരും ഒത്തൊരുമിച്ച് നീങ്ങുമ്പോൾ പ്രതിസന്ധികളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷി പലമടങ്ങ് വർദ്ധിക്കുമെന്ന് കൊറോണ കാലത്ത് നമ്മൾ കണ്ടതാണ്. ഇന്ന് രാജ്യത്തിന് മുന്നിൽ മറ്റൊരു വെല്ലുവിളിയുണ്ട്, അതിനാൽ ദേശീയ താൽപ്പര്യത്തിന് പരമപ്രാധാന്യം നൽകിക്കൊണ്ടും നമ്മുടെ കടമകൾ നിറവേറ്റിക്കൊണ്ടും നമ്മൾ ഒന്നിച്ച് പരിശ്രമിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

ഇന്നത്തെക്കാലത്ത് എൽപിജി (LPG) സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ചിലർ തങ്ങളുടെ സ്വന്തം അജണ്ടകൾ നടപ്പിലാക്കുന്നതിനായി പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഈ സമയത്ത് അവരെക്കുറിച്ച് രാഷ്ട്രീയപരമായ പരാമർശങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഒന്ന് ഞാൻ ഉറപ്പിച്ചു പറയും, ഇത്തരം പ്രവർത്തികളിലൂടെ അവർ ജനങ്ങൾക്ക് മുന്നിൽ സ്വയം തുറന്നുകാട്ടപ്പെടുകയും രാജ്യത്തിന് വലിയ ദോഷം വരുത്തിവെക്കുകയുമാണ് ചെയ്യുന്നത്.

സുഹൃത്തുക്കളേ,

യുദ്ധം മൂലം ഉണ്ടായ ഈ ആഗോള പ്രതിസന്ധിയുടെ ആഘാതത്തിൽ നിന്ന് ഒരു രാജ്യവും ഇന്ന് മുക്തമല്ല. കുറഞ്ഞ അളവിലോ കൂടിയ അളവിലോ എല്ലാവരും ഇതിന്റെ ഇരകളാണ്. ഇന്ത്യ ഗവൺമെന്റും  ഈ പ്രതിസന്ധിയെ നേരിടാൻ സാധ്യമായ എല്ലാ വഴികളും നോക്കുന്നുണ്ട് . വിവിധ തലങ്ങളിൽ നമ്മൾ ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പല രാജ്യങ്ങളിലെയും ഉന്നത നേതാക്കളുമായി ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. വിതരണ ശൃംഖലയിൽ  ഉണ്ടായിട്ടുള്ള തടസ്സങ്ങൾ നീക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തെ പിന്തുണയ്ക്കുന്നതിനായി, വിവിധ ഊർജ്ജ സ്രോതസ്സുകളെ തുടർച്ചയായി പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ശക്തിപ്പെടുത്തുന്നതിനായി നമ്മൾ ഒരേസമയം രണ്ട് തലങ്ങളിൽ പ്രവർത്തിച്ചു. ഒന്നാമതായി, രാജ്യത്ത് ഊർജ്ജ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി നമ്മൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.

 

രണ്ടാമതായി, ഊർജ്ജത്തിനായി വിദേശ രാജ്യങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരാതിരിക്കാൻ ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തതയ്ക്ക് നമ്മൾ ഊന്നൽ നൽകി. ഗ്യാസ് മേഖലയിലെ ചില കണക്കുകൾ ഞാൻ ഇപ്പോൾ നിങ്ങക്കു മുന്നിൽ അവതരിപ്പിക്കാം. 2014 വരെ രാജ്യത്ത് ആകെ 14 കോടി എൽപിജി കണക്ഷനുകൾ മാത്രമാണുണ്ടായിരുന്നത്. അതായത്, രാജ്യത്തെ പകുതിയോളം കുടുംബങ്ങൾക്ക് മാത്രമേ എൽപിജി കണക്ഷനുകൾ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അത് ഇരട്ടിയിലധികമായി വർദ്ധിച്ചു, അതായത് ഏകദേശം 33 കോടി ഗാർഹിക എൽപിജി കണക്ഷനുകൾ ഇന്ന് നിലവിലുണ്ട്.കഴിഞ്ഞ 11 വർഷത്തിനുള്ളിൽ നമ്മൾ നമ്മുടെ ബോട്ലിംഗ് കപ്പാസിറ്റി (ഗ്യാസ് നിറയ്ക്കൽ ശേഷി ) ഇരട്ടിയാക്കി. വിതരണ കേന്ദ്രങ്ങൾ 13,000-ൽ നിന്ന് 25,000-ത്തിലധികമായി വർദ്ധിച്ചു. 2014-ൽ രാജ്യത്ത് വെറും 4 എൽഎൻജി ടെർമിനലുകൾ (LNG Terminals) മാത്രമാണുണ്ടായിരുന്നത്; ഇന്ന് അവയുടെ എണ്ണവും ഇരട്ടിയായി. ഏകദേശം 3,500 കിലോമീറ്റർ നീളമുണ്ടായിരുന്ന ഗ്യാസ് പൈപ്പ്‌ലൈൻ ഇന്ന് 10,000 കിലോമീറ്ററായി വികസിപ്പിച്ചു. എൽപിജിയുടെ ഏകദേശം 60 ശതമാനവും വിദേശത്തുനിന്നും വരുന്നതുകൊണ്ട്, രാജ്യത്തെ വലിയ തുറമുഖങ്ങളിലെ ഇംപോർട്ട് ടെർമിനൽ കപ്പാസിറ്റിയും (ഇറക്കുമതി ശേഷി) ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

2014-ന് മുമ്പ്, രാജ്യത്തെ വെറും 25-26 ലക്ഷം വീടുകളിൽ മാത്രമേ പൈപ്പിലൂടെയുള്ള വിലകുറഞ്ഞ പാചകവാതകം (PNG) ലഭ്യമായിരുന്നുള്ളൂ. ഇന്ന് ഈ സംഖ്യ 1.25 കോടിയിലധികമായി വർദ്ധിച്ചിരിക്കുന്നു. 2014-ൽ രാജ്യത്ത് സിഎൻജി (CNG) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ 10 ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. ഇന്ന് ആ എണ്ണം 70 ലക്ഷത്തിലധികമാണ്. കഴിഞ്ഞ ദശകത്തിൽ രാജ്യത്തെ 600-ലധികം ജില്ലകളിൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ  ശൃംഖലകൾ സ്ഥാപിച്ചതുകൊണ്ടുമാത്രമാണ് ഇത് സാധ്യമായത്.

സുഹൃത്തുക്കളേ,

ഏതൊരു രാജ്യവും സ്വയംപര്യാപ്തത കൈവരിക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്ന് ഈ ആഗോള പ്രതിസന്ധി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ വർഷങ്ങളിൽ, ഊർജ്ജ മേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനായി നമ്മൾ സമഗ്രമായ  രീതി അനുവർത്തിച്ചത്.

സുഹൃത്തുക്കളേ,

പെട്രോളിയത്തോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി എഥനോളിനും ജൈവ ഇന്ധനങ്ങൾക്കും  നമ്മൾ വലിയ പ്രാധാന്യം നൽകി. 2014-ന് മുമ്പ് രാജ്യത്ത് പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ  തോത് വെറും ഒന്നോ ഒന്നരയോ ശതമാനം മാത്രമായിരുന്നു. ഇന്ന് നമ്മൾ പെട്രോളിൽ ഏകദേശം 20 ശതമാനം എഥനോൾ കലർത്തുക എന്ന ലക്ഷ്യത്തിന് അടുത്തെത്തിയിരിക്കുന്നു.
ഈ പ്രവർത്തനം നടന്നിരുന്നില്ല എങ്കിൽ, കഴിഞ്ഞ 11 വർഷത്തിനുള്ളിൽ ഏകദേശം 18 കോടി ബാരൽ അധിക എണ്ണ നമുക്ക് വിദേശത്തുനിന്ന് വാങ്ങേണ്ടി വരുമായിരുന്നു. ഇന്നത്തെ സാഹചര്യം പരിശോധിച്ചാൽ, എഥനോൾ ഉപയോഗിക്കുന്നത് കാരണം പ്രതിവർഷം ഏകദേശം 4.5 കോടി ബാരൽ എണ്ണ കുറച്ചുമാത്രമേ നമുക്ക് ഇറക്കുമതി ചെയ്യേണ്ടി വരുന്നുള്ളൂ. അതായത്, ഈ ഒരൊറ്റ നടപടിയിലൂടെ രാജ്യം ഏകദേശം 1.5 ലക്ഷം കോടി രൂപയാണ് ലാഭിച്ചത്.

സുഹൃത്തുക്കളേ,

ഇന്ത്യയിൽ പെട്രോളിയം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മേഖലകളിലൊന്നാണ് നമ്മുടെ റെയിൽവേ. രാജ്യത്തെ റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണം 60 വർഷങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. എന്നിട്ടും 2014 വരെ റെയിൽവേ റൂട്ടുകളുടെ 20 ശതമാനം മാത്രമേ വൈദ്യുതീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ബാക്കിയുള്ള റൂട്ടുകളിൽ ആയിരക്കണക്കിന് ഡീസൽ എൻജിനുകളാണ് ഓടിക്കൊണ്ടിരുന്നത്. ഇന്ന് ഇന്ത്യയിലെ ബ്രോഡ്‌ഗേജ് ശൃംഖലയുടെ ഏകദേശം 100 ശതമാനം വൈദ്യുതീകരണവും പൂർത്തിയായിക്കഴിഞ്ഞു.ഇതുമൂലം 2024-25 വർഷത്തിൽ മാത്രം ഇന്ത്യൻ റെയിൽവേ ഏകദേശം 180 കോടി ലിറ്റർ ഡീസൽ ലാഭിച്ചു. വൈദ്യുതീകരണം നടന്നിരുന്നില്ല എങ്കിൽ ഇത്രയധികം ഡീസൽ ഉൽപ്പാദിപ്പിക്കാൻ ഓരോ വർഷവും വലിയ തോതിൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരുമായിരുന്നു. സമാനമായ രീതിയിൽ നമ്മൾ മെട്രോ ശൃംഖല വ്യാപിപ്പിക്കുകയും ഇലക്ട്രിക് വാഹനങ്ങൾക്ക്  പ്രാധാന്യം നൽകുകയും ചെയ്തു.

അതുപോലെ തന്നെ പുനരുപയോഗ ഊർജ്ജത്തിന്റെ കാര്യത്തിലും നമ്മൾ വലിയൊരു മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇന്ന് നമ്മുടെ ആകെ വൈദ്യുതി ഉൽപ്പാദന ശേഷിയുടെ പകുതിയും പുനരുപയോഗ സ്രോതസ്സുകളിൽ നിന്നാണ് ലഭിക്കുന്നത്. നമ്മുടെ ആകെ പുനരുപയോഗ ഊർജ്ജ ശേഷി ഇന്ന് 250 ജിഗാവാട്ട് എന്ന ചരിത്രപരമായ നേട്ടം പിന്നിട്ടിരിക്കുന്നു. ഒന്ന് ചിന്തിച്ചു നോക്കൂ: 2014-ൽ ഇന്ത്യയുടെ സൗരോർജ്ജ ശേഷി വെറും 2 ജിഗാവാട്ട് മാത്രമായിരുന്നു; ഇന്ന് അത് 40 മടങ്ങ് വർദ്ധിച്ച് 130 ജിഗാവാട്ടിൽ എത്തിനിൽക്കുന്നു. ഗാർഹിക ആവശ്യങ്ങൾക്കായി ഗ്യാസിന് പകരം വൈദ്യുതിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി 'പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന' നടപ്പിലാക്കി. ഇതുവരെ ഏകദേശം 30 ലക്ഷം കുടുംബങ്ങൾ ഈ പദ്ധതി പ്രകാരം വീടിന് മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞു.

 

സുഹൃത്തുക്കളേ,

ഇതുകൂടാതെ, നമ്മൾ 'ഗോബർധൻ' (GOBARdhan) പദ്ധതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്റെ കീഴിൽ കംപ്രസ്ഡ് ബയോഗ്യാസ്  ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. ഇതുവരെ രാജ്യത്ത് നൂറിലധികം പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു, 600-ലധികം പ്ലാന്റുകളുടെ നിർമ്മാണം നടന്നുവരികയാണ്.

സുഹൃത്തുക്കളേ,

പെട്രോൾ-ഡീസൽ മേഖലയിൽ ശേഷി വർദ്ധിപ്പിക്കുന്നതിനായി (Capacity building) നമ്മൾ വിപുലമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2014-ന് മുമ്പ്, ഇന്ത്യയ്ക്ക് പ്രായോഗികമായി സ്ട്രാറ്റജിക് പെട്രോളിയം റിസർവ് —അതായത് പ്രതിസന്ധി ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി അസംസ്‌കൃത എണ്ണ സംഭരിക്കാനുള്ള ശേഷി—ഉണ്ടായിരുന്നില്ല. ഇന്ന് നമുക്ക് 50 ലക്ഷം ടണ്ണിലധികം സംഭരണശേഷിയുള്ള സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ഉണ്ട്. കൂടുതൽ സംഭരണശേഷിക്കായുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ നമ്മുടെ റിഫൈനിംഗ് ശേഷിയും പ്രതിവർഷം 40 ദശലക്ഷം ടണ്ണിലധികം നമ്മൾ വർദ്ധിപ്പിച്ചു. ഇതിനാലാണ് ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് ഹബ്ബുകളിൽ ഒന്നായി മാറിയത്.അതായത്, ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനായി എത്ര വലിയ തോതിലാണ് നമ്മൾ പ്രവർത്തിക്കുന്നതെന്ന് ഇതിൽ നിന്ന് നിങ്ങൾക്ക് ഊഹിക്കാം. യുദ്ധം മൂലമുണ്ടാകുന്ന ഈ പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് തീർച്ചയായും സാധിക്കും. 140 കോടി നാട്ടുകാരിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. കൊറോണ പ്രതിസന്ധിയിൽ നിന്ന് നമ്മൾ എങ്ങനെയാണോ ഒരുമിച്ച് നിന്ന് രാജ്യത്തെ പുറത്തുകൊണ്ടുവന്നത്, അതേപോലെ തന്നെ ഈ ആഗോള പ്രതിസന്ധിയെയും നമ്മൾ അതിജീവിക്കും. ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു, ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഒരു ശ്രമത്തിലും ഞങ്ങൾ കുറവ് വരുത്തില്ല. ഓരോ തീരുമാനത്തിലും പൊതുജനതാൽപ്പര്യത്തിനായിരിക്കും പരമപ്രാധാന്യം.

സുഹൃത്തുക്കളേ,

ഉക്രെയ്ൻ യുദ്ധം മുതൽ ഇന്നുവരെ, ആഗോള വിപണിയിൽ നിന്ന് ലോകത്തെ പൗരന്മാരിലേക്ക് അതിന്റെ ആഘാതം എങ്ങനെയാണ് പടരുന്നതെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ യുദ്ധം സൃഷ്ടിച്ച ഈ സാഹചര്യങ്ങളുടെ ഭാരം ഇന്ത്യയിലെ പൗരന്മാരുടെ മേൽ വീഴാതിരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഇന്ത്യാ ഗവൺമെൻറ്  എപ്പോഴും നടത്തിയിട്ടുണ്ട്.ഉദാഹരണത്തിന്, റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷമായപ്പോൾ വളത്തിന്റെ വില കുതിച്ചുയർന്നു. എന്നിരുന്നാലും, അന്താരാഷ്ട്ര വിപണിയിൽ 3000 രൂപ വിലയുണ്ടായിരുന്ന ഒരു ബാഗ് യൂറിയ നമ്മുടെ കർഷകർക്ക് വെറും 300 രൂപയ്ക്കാണ് ഞങ്ങൾ നൽകിയത്. ലോകത്ത് 3000 രൂപ വിലയുള്ളപ്പോൾ നമ്മുടെ നാട്ടിൽ അത് 300 രൂപയ്ക്ക് നൽകി. ഇത്തവണയും യുദ്ധം രാജ്യത്തെ കർഷകരുടെയും പൗരന്മാരുടെയും ജീവിതത്തിൽ കുറഞ്ഞ ആഘാതം മാത്രം ഉണ്ടാക്കുന്നു എന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ  നടത്തും. 

സുഹൃത്തുക്കളേ,

ഈ സുപ്രധാന വേളയിൽ എനിക്ക് സംസ്ഥാന ഗവൺമെന്റുകളോട്  ഒരു അഭ്യർത്ഥന കൂടിയുണ്ട്. വിപണിയിൽ പൂഴ്ത്തിവെപ്പും കള്ളക്കടത്തും  ഉണ്ടാകാതിരിക്കാനും തെറ്റായ വാർത്തകൾ പ്രചരിക്കാതിരിക്കാനും അതീവ ജാഗ്രത ആവശ്യമാണ്. അതിനാൽ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. പൂഴ്ത്തിവെപ്പ് നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകം സ്വയംപര്യാപ്തതയുടേത് മാത്രമല്ല, കരുതലോടെയുള്ള ഭരണത്തിന്റേതു കൂടിയായിരുന്നു . നമ്മുടെ രാജ്യത്തിന്റെ വലിയൊരു ഭാഗവും അവിടെ താമസിക്കുന്ന ജനങ്ങളും, ഡൽഹിയിലിരുന്ന കോൺഗ്രസ് ഗവൺമെന്റുകളുടെ   ചിന്തകളിൽ നിന്ന് ഏറെ അകലെയായിരുന്നു. എന്നാൽ വികസനത്തിന്റെ ഓട്ടത്തിൽ പിന്നിലായിപ്പോയ ജനങ്ങളെ ഭരണത്തിന്റെ മുൻഗണനകളിലേക്ക് നമ്മുടെ സർക്കാർ എത്തിച്ചു. ഇന്ന് ഈ മേഖലകളിൽ വീട്, റോഡ്, സ്കൂൾ, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി 'ആസ്പിരേഷണൽ ഡിസ്ട്രിക്ട്' (Aspirational District), 'ആസ്പിരേഷണൽ ബ്ലോക്ക്' (Aspirational Block), 'പിഎം ജന്മൻ' (PM JANMAN) തുടങ്ങിയ പ്രത്യേക പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ മാവോയിസ്റ്റ് ഭീകരതയുടെ തീയിലേക്ക് എറിഞ്ഞുകൊടുത്തു എന്നത് കോൺഗ്രസ് ഗവൺമെന്റുകൾ  ചെയ്ത വലിയൊരു പാപമായിരുന്നു. രാജ്യത്തെ മിക്കവാറും എല്ലാ വലിയ സംസ്ഥാനങ്ങളുടെയും ഗണ്യമായ ഭാഗങ്ങൾ മാവോയിസ്റ്റ് ഭീകരതയുടെ പിടിയിലായിരുന്നു. എന്നാൽ സുഹൃത്തുക്കളേ, കഴിഞ്ഞ വർഷങ്ങളിൽ ഈ സാഹചര്യം മാറ്റാൻ രാജ്യം ഉറച്ച തീരുമാനമെടുത്തു. നമ്മൾ ഉയർന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. അതിന്റെ ഫലം ഇന്ന് രാജ്യം കാണുന്നുണ്ട്. 2013-ൽ 180-ലധികം ജില്ലകൾ മാവോയിസ്റ്റ് ഭീകരതയുടെ പിടിയിലായിരുന്നു. ഇന്ന് മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക്  കുറഞ്ഞിരിക്കുകയാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷം മാത്രം 2100-ലധികം നക്സലൈറ്റുകൾ കീഴടങ്ങി, 900-ലധികം അറസ്റ്റുകൾ നടന്നു. ആയുധം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്ന 300-ലധികം കടുത്ത മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഒരിക്കൽ ഭയത്തിന്റെ നിഴലിൽ ജീവിക്കാൻ നിർബന്ധിതരായിരുന്ന ആ പ്രദേശങ്ങളിൽ ഇന്ന് വികസനത്തിന്റെ പുതിയൊരു ഊർജ്ജം പ്രസരിക്കുന്നു എന്നതാണ് ഇതിന്റെ ഫലം.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്ന വേഗത തടയുക എന്നത് അസാധ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ ഇന്ന് അടുത്ത തലത്തിലേക്ക് (Next Level) ഉയർന്നിരിക്കുകയാണ്. ഒരു സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ പുതിയ സ്വപ്നങ്ങളും പുതിയ ആഗ്രഹങ്ങളും ജനിക്കുമെന്ന് എനിക്കറിയാം. ഇതിനെ ഞാൻ ഒരു ഭാരമായിട്ടല്ല, മറിച്ച് ജനങ്ങളുടെ വിശ്വാസത്തിന്റെ കരുത്തായിട്ടാണ് കണക്കാക്കുന്നത്.അതെ... ഈ പ്രതീക്ഷകളുടെ ഭാരത്തിന് കീഴിൽ മോദി എന്നെങ്കിലും തകർന്നുപോകുമെന്ന്, എന്നെങ്കിലും അടിച്ചമർത്തപ്പെടുമെന്ന് കരുതുന്ന ചില 'നന്നായി ആഗ്രഹിക്കുന്നവർ' ഈ നാട്ടിലുണ്ട്. എന്നാൽ അവരുടെ ലക്ഷ്യങ്ങൾ അത്രത്തോളം മോശമായതിനാൽ അവരുടെ പ്രതീക്ഷകൾ ഒരിക്കലും സഫലമാകില്ല; നാട്ടുകാരുടെ അനുഗ്രഹം ഉള്ളിടത്തോളം കാലം അത് സംഭവിക്കുകയുമില്ല. ഇനി 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മാത്രമേ സഫലമാകൂ. എല്ലാ മേഖലകളിലും ഇന്ത്യ സ്വയംപര്യാപ്തമാകും; ഏത് സാഹചര്യത്തിലും ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും.

ഈയൊരു വികാരവായ്‌പ്പോടുകൂടി ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.

നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി വലിയ നന്ദി.

നന്ദി!"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s startup game-changer? ₹10,000 crore FoF 2.0 set to attract investors

Media Coverage

India’s startup game-changer? ₹10,000 crore FoF 2.0 set to attract investors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles passing of renowned photographer Shri Raghu Rai
April 26, 2026

The Prime Minister has expressed deep sorrow over the passing of eminent photographer Raghu Rai, describing him as a creative stalwart who immortalised India’s vibrancy through his lens. Shri Modi noted that Shri Raghu Rai’s work was marked by extraordinary sensitivity, depth and diversity, capturing the many facets of life across India and bringing them closer to people.The Prime Minister remarked that his contribution to the world of photography and culture is unparalleled, and his passing is an irreparable loss to the artistic community.

The Prime Minister posted on X;

“Shri Raghu Rai Ji will be remembered as a creative stalwart, who captured India’s vibrancy through his lens. His photography had extraordinary sensitivity, depth and diversity. It brought people closer to the different aspects of life in India. His passing is an irreparable loss to the world of photography and culture. My thoughts are with his family, admirers and the photography fraternity in this hour of grief. Om Shanti.”