സിംബയോസിസ് ആരോഗ്യധാം ഉദ്ഘാടനം ചെയ്തു
'അറിവ് എല്ലായിടത്തും വ്യാപിക്കണം, ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി അറിവ് മാറണം, ഇതാണ് നമ്മുടെ സംസ്‌കാരം. ഈ പാരമ്പര്യം നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്''
''സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, ഇന്ത്യയില്‍ നിര്‍മിക്കൂ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ ദൗത്യങ്ങള്‍ നിങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്നത്തെ ഇന്ത്യ ലോകത്തെ മുഴുവന്‍ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നു''
''മുമ്പത്തെ പ്രതിരോധാത്മകവും ആശ്രിതവുമായ മനഃശാസ്ത്രത്തിന്റെ ദോഷകരമായ ആഘാതം അനുഭവിക്കാത്ത വിധത്തില്‍ നിങ്ങളുടെ തലമുറ ഭാഗ്യവാന്മാരാണ്. ഇതിന്റെ ഖ്യാതി നിങ്ങള്‍ക്കെല്ലാവര്‍ക്കുമാണ്, നമ്മുടെ യുവജനങ്ങള്‍ക്കാണ്''.
''കേന്ദ്ര ഗവണ്‍മെന്റ് ഇന്ന് രാജ്യത്തെ യുവാക്കളുടെ ശക്തിയില്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങള്‍ക്കായി മേഖലകള്‍ ഒന്നിനുപുറകെ ഒന്നായി തുറക്കുന്നത്''.
'ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനംകൊണ്ടാണ് നമ്മള്‍ ഉക്രെയ്‌നില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ഞങ്ങളുടെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നത്'

നമസ്‌കാരം!
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. ഭഗത് സിങ് കോഷ്യാര്‍ ജി, ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസ് ജി, ശ്രീ. സുഭാഷ് ദേശായ് ജി, ഈ സര്‍വകലാശാലയുടെ സ്ഥാപക അധ്യക്ഷന്‍ പ്രഫ. എസ്.ബി.മജുംദാര്‍ ജി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. വിദ്യാ യെരവ്‌ദേകര്‍ ജി, അധ്യാപകരെ, വിശിഷ്ടാതിഥികളെ, എന്റെ യുവ സഹപ്രവര്‍ത്തകരെ!

സുവര്‍ണ്ണ മൂല്യങ്ങളും സുവര്‍ണ്ണ ചരിത്രവുമുള്ള സരസ്വതിയുടെ വാസസ്ഥലത്ത് ഒരു സ്ഥാപനമെന്ന നിലയില്‍ സിംബയോസിസ് അതിന്റെ സുവര്‍ണ്ണ ജൂബിലിയുടെ നാഴികക്കല്ലു താണ്ടിയിരിക്കുന്നു. സ്ഥാപനത്തിന്റെ ഈ യാത്രയില്‍ നിരവധി ആളുകളുടെ സംഭാവനയും കൂട്ടായ പങ്കാളിത്തവുമുണ്ട്.

സിംബയോസിസിന്റെ കാഴ്ചപ്പാടും മൂല്യങ്ങളും ഉള്‍ക്കൊള്ളുകയും വിജയം കൊണ്ട് സിംബയോസിസിന് ഒരു ഇടം നേടിക്കൊടുക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളും ഈ യാത്രയില്‍ തുല്യ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ അവസരത്തില്‍ എല്ലാ പ്രഫസര്‍മാരെയും വിദ്യാര്‍ത്ഥികളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ സുവര്‍ണ്ണാവസരത്തില്‍ 'ആരോഗ്യധാം' സമുച്ചയം ഉദ്ഘാടനം ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. ഈ പുതിയ സംരംഭത്തിനും മുഴുവന്‍ സിംബയോസിസ് കുടുംബത്തിനും ഞാന്‍ ആശംസകള്‍ നേരുന്നു.

എന്റെ യുവ സഹപ്രവര്‍ത്തകരെ,
'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ഇന്ത്യയുടെ അടിസ്ഥാന ആശയത്തില്‍ കെട്ടിപ്പടുത്ത ഒരു സ്ഥാപനത്തിന്റെ ഭാഗമാണ് നിങ്ങള്‍. 'വസുധൈവ കുടുംബകം' എന്ന വിഷയത്തില്‍ സിംബയോസിസ് ഒരു പ്രത്യേക കോഴ്സും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. അറിവിന്റെ വലിയ തോതിലുള്ള വ്യാപനവും അറിവ് ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി ബന്ധിപ്പിക്കുന്നതിനുള്ള മാധ്യമം ആകണമെന്ന പാരമ്പര്യവും സംസ്‌കാരവും നമുക്കുണ്ട്. ഈ പാരമ്പര്യം നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ലോകത്തിലെ 85 രാജ്യങ്ങളില്‍ നിന്നുള്ള 44,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ സിംബയോസിസില്‍ പഠിക്കുകയും അവരുടെ സംസ്‌കാരങ്ങള്‍ പങ്കിടുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യയുടെ പുരാതന പൈതൃകം അതിന്റെ ആധുനിക ഭാവത്തില്‍ ഇപ്പോഴും മുന്നേറുകയാണ്.

സുഹൃത്തുക്കളെ, 
ഇന്ന് ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രതിനിധീകരിക്കുന്നത് അനന്തമായ അവസരങ്ങളുള്ള തലമുറയെയാണ്. ഇന്ന് നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ട്-അപ്പ് ഹബ്ബ് കൂടിയാണ് നമ്മുടെ രാജ്യം. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ ദൗത്യങ്ങള്‍ നിങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്നത്തെ ഇന്ത്യ ലോകത്തെ മുഴുവന്‍ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നു.

കൊറോണ വാക്സിനുകളുടെ കാര്യത്തില്‍ ഇന്ത്യ എങ്ങനെയാണ് ലോകത്തിന് മുന്നില്‍ അതിന്റെ കഴിവ് പ്രകടിപ്പിച്ചതെന്ന് പൂനെയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ഓപ്പറേഷന്‍ ഗംഗ നടത്തി ഉക്രെയ്ന്‍ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ എങ്ങനെയാണ് തങ്ങളുടെ പൗരന്മാരെ യുദ്ധമേഖലയില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നത് എന്നും നിങ്ങള്‍ കാണുന്നുണ്ട്. ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളും ഇക്കാര്യത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനമാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നമ്മുടെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനു സഹായകമായത്.

സുഹൃത്തുക്കളെ, 
നിങ്ങളുടെ തലമുറയ്ക്ക് നേരത്തെ നിലനിന്നിരുന്ന പ്രതിരോധപരവും ആശ്രിതത്വതപരവുമായ മാനസികാവസ്ഥ നിമിത്തം കഷ്ടപ്പെടേണ്ടി വന്നില്ല എന്നത് ഭാഗ്യമാണ്. പക്ഷേ, ഈ മാറ്റം നാട്ടില്‍ സാധ്യമായാല്‍ അതിന്റെ അംഗീകാരം ആദ്യം നിങ്ങള്‍ക്കും നമ്മുടെ യുവാക്കള്‍ക്കുമാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യത്തിനു സാധിക്കുമെന്നു ചിന്തിക്കാന്‍ പോലും കഴിയാത്ത മേഖലകളില്‍ ഇന്ത്യ ആഗോള തലവനാകാനുള്ള പാതയില്‍ മുന്നേറുന്നതാണ് ഇപ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നത്. 
മൊബൈല്‍ നിര്‍മ്മാണത്തിന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, മൊബൈല്‍ നിര്‍മ്മാണത്തിലും ഇലക്ട്രോണിക് ഘടകങ്ങളിലും നമുക്ക് ഏക ആശ്രയം ഇറക്കുമതി ആയിരുന്നു. ലോകത്തെവിടെ നിന്നും കിട്ടുമെന്നതായിരുന്നു പൊതുവെയുള്ള പല്ലവി! പ്രതിരോധ മേഖലയില്‍ പോലും പതിറ്റാണ്ടുകളായി നമ്മള്‍ പൂര്‍ണമായും മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. മൊബൈല്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ ഉയര്‍ന്നു.

ഏഴ് വര്‍ഷം മുമ്പ് വരെ ഇന്ത്യയില്‍ രണ്ട് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഇരുന്നൂറിലധികം നിര്‍മ്മാണ യൂണിറ്റുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിരോധ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരന്‍ എന്നറിയപ്പെടുന്ന ഇന്ത്യ ഇപ്പോള്‍ പ്രതിരോധ കയറ്റുമതിക്കാരായി മാറുകയാണ്. ഇന്ന്, രാജ്യത്ത് രണ്ട് പ്രധാന പ്രതിരോധ ഇടനാഴികള്‍ നിര്‍മ്മിക്കപ്പെടുന്നു, അവിടെ ആധുനിക ആയുധങ്ങള്‍ വികസിപ്പിക്കപ്പെടുകയും രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യും.

സുഹൃത്തുക്കളെ, 
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന പുതിയ ലക്ഷ്യവുമായി നാം മുന്നേറുകയാണ്. നമ്മുടെ യുവതലമുറയാണ് ഈ പുണ്യപ്രചാരണത്തിന് നേതൃത്വം നല്‍കേണ്ടത്. ഇന്ന്, സോഫ്റ്റ്വെയര്‍ വ്യവസായം മുതല്‍ ആരോഗ്യ മേഖല വരെ, എ.ഐയും എ.ആറും മുതല്‍ ഓട്ടോമൊബൈലും ഇ.വികളും വരെ, ക്വാണ്ടം കമ്പ്യൂട്ടിംഗ് മുതല്‍ മെഷീന്‍ ലേണിംഗ് വരെ എല്ലാ മേഖലകളിലും പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുന്നു. ജിയോസ്പേഷ്യല്‍ സംവിധാനങ്ങള്‍, ഡ്രോണുകള്‍, അര്‍ദ്ധചാലകങ്ങള്‍, ബഹിരാകാശ സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ നിരന്തരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നു.

ഈ പരിഷ്‌കാരങ്ങള്‍ ഗവണ്‍മെന്റിന്റെ ഏതെങ്കിലും രേഖകളല്ല; പകരം, ഈ പരിഷ്‌കാരങ്ങള്‍ നിങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ കൊണ്ടുവന്നു. പിന്നെ എനിക്ക് പറയാനുള്ളത് പരിഷ്‌കാരങ്ങള്‍ നിങ്ങള്‍ക്ക്, യുവാക്കള്‍ക്ക്, ഉള്ളതാണ് എന്നാണ്. നിങ്ങള്‍ സാങ്കേതിക മേഖലയിലെ, മാനേജ്മെന്റ് രംഗത്തോ വൈദ്യശാസ്ത്ര മേഖലയിലോ ആണെങ്കിലും ഈ അവസരങ്ങളെല്ലാം നിങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ഞാന്‍ കരുതുന്നു.

ഇപ്പോഴത്തെ ഗവണ്‍മെന്റ് രാജ്യത്തെ യുവാക്കളുടെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുന്നു. അതിനാല്‍, ഞങ്ങള്‍ നിങ്ങള്‍ക്കായി നിരവധി മേഖലകള്‍ തുറക്കുന്നു. വൈകരുത്; ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങള്‍ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ സമാരംഭിക്കുക. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രാദേശിക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ സര്‍വകലാശാലകളില്‍ നിന്നും യുവാക്കളുടെ മനസ്സില്‍ നിന്നും ഉയര്‍ന്നുവരണം.

നിങ്ങള്‍ ഏത് മേഖലയിലാണെങ്കിലും നിങ്ങളുടെ തൊഴിലില്‍ ലക്ഷ്യങ്ങള്‍ വെക്കുന്നതുപോലെ, രാജ്യത്തിനായി നിങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കണം. നിങ്ങള്‍ സാങ്കേതിക മേഖലയില്‍ നിന്നുള്ള ആളാണെങ്കില്‍, നിങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ രാജ്യത്തിന് എങ്ങനെ പ്രയോജനകരമാകുമെന്ന് നിങ്ങള്‍ കാണണം. അല്ലെങ്കില്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കോ വിദൂര പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കോ ഉപയോഗപ്രദമാകുന്ന ഒരു ഉല്‍പ്പന്നം നിങ്ങള്‍ക്ക് വികസിപ്പിക്കാം.

അതുപോലെ, നിങ്ങള്‍ വൈദ്യശാസ്ത്ര മേഖലയിലാണെങ്കില്‍, ഞങ്ങളുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുടെ സാങ്കേതിക രംഗത്തെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. അതിലൂടെ ഗ്രാമങ്ങളില്‍ പോലും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകും. സിംബയോസിസ് ആരംഭിച്ച ആരോഗ്യധാം ദര്‍ശനം രാജ്യത്തിനാകെ മാതൃകയാക്കാനും കഴിയും. ഞാന്‍ ആരോഗ്യത്തെ കുറിച്ച് പറയുമ്പോള്‍, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാനും ഞാന്‍ നിങ്ങളോട് പറയും. ഒരുപാട് ചിരിക്കുക, തമാശകള്‍ പറയുക, ആരോഗ്യവാന്‍മാരായി തുടരുക, രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക. നമ്മുടെ ലക്ഷ്യങ്ങള്‍ നമ്മുടെ വ്യക്തിഗത വളര്‍ച്ചയെ അതിക്രമിച്ചു രാജ്യത്തിന്റെ വളര്‍ച്ചയിലേക്ക് ഉയരുമ്പോള്‍, രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയാണെന്ന തോന്നല്‍ ഒരാള്‍ക്ക് ഉണ്ടാകും.

സുഹൃത്തുക്കളെ, 
ഇന്ന്, നിങ്ങളുടെ സര്‍വ്വകലാശാലയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സിംബയോസിസ് കുടുംബത്തോടും ഇവിടെ ഇരിക്കുന്ന എല്ലാവരോടും ഒരു കാര്യം അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ വര്‍ഷവും ഒരു ആശയം തിരഞ്ഞെടുക്കുന്ന രീതി സിംബയോസിസില്‍ നമുക്ക് വളര്‍ത്തിയെടുക്കാനാകുമോ, വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള എല്ലാ ആളുകള്‍ക്കും അവരുടെ തൊഴിലിന് ഉപരിയായി ആ വിഷയത്തിലേക്ക് എന്തെങ്കിലും സംഭാവന നല്‍കാന്‍ കഴിയുമോ? സുവര്‍ണജൂബിലി ആഘോഷിക്കുന്ന വേളയില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ആശയം വാര്‍ഷികാടിസ്ഥാനത്തില്‍ തീരുമാനിക്കാമോ?

ഉദാഹരണത്തിന്, ഞാന്‍ നിങ്ങള്‍ക്ക് ഒരു ആശയം നിര്‍ദേശിക്കുന്നു. ഈ ആശയം എടുക്കണമെന്നില്ല; നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം പദ്ധതി തയ്യാറാക്കാം. ഉദാഹരണത്തിന് 2022-ലെ ആഗോളതാപനത്തിന്റെ പ്രശ്നം നാം ഏറ്റെടുക്കുന്നു. ആഗോളതാപനത്തിന്റെ എല്ലാ വശങ്ങളും പഠിക്കുകയും ഗവേഷണം നടത്തുകയും സെമിനാറുകള്‍ നടത്തുകയും കാര്‍ട്ടൂണുകള്‍ നിര്‍മ്മിക്കുകയും കഥകളും കവിതകളും എഴുതുകയും അതിനായി ചില ഉപകരണങ്ങള്‍ വികസിപ്പിക്കുകയും വേണം. ഈ ആശയം നമ്മള്‍ ചെയ്യുന്നതിലും ഉപരിയായി കണ്ട്, ആളുകളെയും അതിനെക്കുറിച്ച് ബോധവാന്മാരാക്കാം.

അതുപോലെ, കാലാവസ്ഥാ വ്യതിയാനം നമ്മുടെ തീരപ്രദേശങ്ങളിലോ സമുദ്രത്തിലോ ചെലുത്തുന്ന ആഘാതം സംബന്ധിച്ച് നമുക്ക് പ്രവര്‍ത്തിക്കാം. അത്തരത്തിലുള്ള മറ്റൊരു ആശയം നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളുടെ, പ്രത്യേകിച്ച് നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ സൈന്യവുമായി ബന്ധപ്പെട്ട അവസാനത്തെ അതിര്‍ത്തി ഗ്രാമങ്ങളുടെ വികസനത്തിന് വേണ്ടിയുള്ളതാകാം. ഒരു തരത്തില്‍ പറഞ്ഞാല്‍, അവ തലമുറകളായി നമ്മുടെ നാട്ടിലെ കാവല്‍ക്കാരാണ്. അതിര്‍ത്തി വികസനത്തിനുള്ള പദ്ധതി എന്തായിരിക്കാം? സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആ പ്രദേശങ്ങളില്‍ ഒരു പര്യടനം നടത്താനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരസ്പരം ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും കഴിയും.

നിങ്ങളുടെ സര്‍വ്വകലാശാലയ്ക്ക് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന ആശയം ശക്തിപ്പെടുത്താന്‍ കഴിയും. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന സ്വപ്നം പൂവണിയുമ്പോഴാണ് 'വസുധൈവ കുടുംബകം' എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മറ്റ് പ്രദേശങ്ങളിലെ ഭാഷകളില്‍ നിന്ന് കുറച്ച് വാക്കുകള്‍ പഠിക്കുന്നത് നല്ലതാണ്. സിംബയോസില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും മറാഠി ഉള്‍പ്പെടെയുള്ള മറ്റ് അഞ്ച് ഭാഷകളിലെ 100 വാക്കുകളെങ്കിലും ഓര്‍മ്മിക്കാന്‍ ലക്ഷ്യം വെക്കണം. പഠിക്കുന്നവര്‍  അതിന്റെ പ്രയോജനം പിന്നീട് ജീവിതത്തില്‍ തിരിച്ചറിയും.

നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വളരെ സമ്പന്നമാണ്, ഇതുമായി ബന്ധപ്പെട്ട ഏത് വശവും ഡിജിറ്റൈസ് ചെയ്യുക എന്നതു നിങ്ങള്‍ക്ക് ആസൂത്രണം ചെയ്യാന്‍ കഴിയും. എന്‍എസ്എസും എന്‍സിസിയും പോലെ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ എങ്ങനെ പുതിയ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാമെന്ന് ഈ കുടുംബത്തിനു മുഴുവന്‍ ഒരുമിച്ച് ചിന്തിക്കാം. ഗവേഷണം മുതല്‍ ജലസുരക്ഷ വരെയുള്ള കാര്യങ്ങള്‍, കൃഷിയെ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കല്‍, മണ്ണിന്റെ ആരോഗ്യ പരിശോധന മുതല്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ സംഭരണം വരെ, പ്രകൃതിദത്ത കൃഷി എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ അവബോധം വളര്‍ത്തുന്നത് ഉള്‍പ്പെടെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ട്.

വിഷയങ്ങള്‍ തീരുമാനിക്കുന്നത് ഞാന്‍ നിങ്ങള്‍ക്ക് വിടുന്നു. പക്ഷേ, നിലവിലുള്ള വലിയ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും കണക്കിലെടുത്ത് രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന വിഷയങ്ങള്‍ യുവമനസ്സുകള്‍ തിരഞ്ഞെടുക്കണമെന്ന് ഞാന്‍ പറയും. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും ഗവണ്‍മെന്റുമായി പങ്കിടാനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ഈ ആശയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ഗവേഷണം, ഫലങ്ങള്‍, ആശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കാനും നിങ്ങള്‍ക്ക് കഴിയും.

പ്രഫസര്‍മാരും അധ്യാപകരും വിദ്യാര്‍ത്ഥികളും ഈ പ്രചരണത്തിന്റെ ഭാഗമാകുമ്പോള്‍ അതിശയകരമായ ഫലങ്ങള്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ സര്‍വ്വകലാശാലയുടെ 50 വര്‍ഷം ആഘോഷിക്കുകയാണ്. 25 വ്യത്യസ്ത ആശയങ്ങളില്‍ 50,000 മനസ്സുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ സര്‍വ്വകലാശാലയുടെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, നിങ്ങള്‍ രാജ്യത്തിന് നല്‍കുന്ന വലിയ സംഭാവന നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. സിംബയോസിസില്‍ പഠിക്കുന്നവര്‍ക്ക് മാത്രം ഇത് വലിയ പ്രയോജനം ചെയ്യുമെന്ന് എനിക്ക് തോന്നുന്നു.

അവസാനമായി സിംബയോസിസ് വിദ്യാര്‍ത്ഥികളോട് ഒരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സ്ഥാപനത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് നിങ്ങളുടെ പ്രഫസര്‍മാരില്‍ നിന്നും അധ്യാപകരില്‍ നിന്നും നിങ്ങളുടെ സമപ്രായക്കാരില്‍ നിന്നും നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിരിക്കണം. സ്വയം അവബോധവും നവീകരണവും പരാജയ സാധ്യതയെ നേരിടാനുള്ള കഴിവും എപ്പോഴും ശക്തമായി നിലനിര്‍ത്താന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ എല്ലാവരും ഈ മനസ്സോടെ നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് 50 വര്‍ഷത്തെ അനുഭവത്തിന്റെ മൂലധനമുണ്ട്. ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയാണ് നിങ്ങള്‍ ഇവിടെ എത്തിയത്. നിങ്ങള്‍ക്ക് ഒരു നിധിയുണ്ട്. ഈ നിധി രാജ്യത്തിനും ഉപകാരപ്പെടും. നിങ്ങള്‍ വളരട്ടെ, ഓരോ കുട്ടിയും അവന്റെ ഭാവി ശോഭനമാക്കാന്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങട്ടെ! ഇത് നിങ്ങള്‍ക്കുള്ള എന്റെ ശുഭാശംസകളാണ്.

ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു. നിങ്ങളെ സന്ദര്‍ശിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും എനിക്ക് മിക്കപ്പോഴും എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിങ്ങളെ സന്ദര്‍ശിച്ചു. ഒരിക്കല്‍ കൂടി ഈ പുണ്യഭൂമിയിലേക്ക് വരാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. പുതിയ തലമുറയുമായി ഇടപഴകാന്‍ എനിക്ക് അവസരം തന്നതിന് നിങ്ങളോടെല്ലാം ഞാന്‍ വളരെ നന്ദിയുള്ളവനാണ്.

ഒരുപാട് നന്ദിയും ആശംസകളും!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rabi acreage tops normal levels for most crops till January 9, shows data

Media Coverage

Rabi acreage tops normal levels for most crops till January 9, shows data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Diplomatic Advisor to President of France meets the Prime Minister
January 13, 2026

Diplomatic Advisor to President of France, Mr. Emmanuel Bonne met the Prime Minister, Shri Narendra Modi today in New Delhi.

In a post on X, Shri Modi wrote:

“Delighted to meet Emmanuel Bonne, Diplomatic Advisor to President Macron.

Reaffirmed the strong and trusted India–France Strategic Partnership, marked by close cooperation across multiple domains. Encouraging to see our collaboration expanding into innovation, technology and education, especially as we mark the India–France Year of Innovation. Also exchanged perspectives on key regional and global issues. Look forward to welcoming President Macron to India soon.

@EmmanuelMacron”