നവംബർ 25 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്ര സന്ദർശിക്കും. വൈകുന്നേരം 4 മണിയോടെ, ഭഗവാൻ കൃഷ്ണന്റെ പവിത്രമായ ശംഖിൻ്റെ സ്മരണയ്ക്കായി പുതുതായി നിർമ്മിച്ച 'പാഞ്ചജന്യ'ത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന്, മഹാഭാരതത്തിലെ സുപ്രധാന എപ്പിസോഡുകൾ ചിത്രീകരിക്കുന്നതും അതിന്റെ നിലനിൽക്കുന്ന സാംസ്കാരിക-ആത്മീയ പ്രാധാന്യം എടുത്തുകാണിക്കുന്നതുമായ 'മഹാഭാരത അനുഭവ കേന്ദ്രം' അദ്ദേഹം സന്ദർശിക്കും.
വൈകുന്നേരം 4:30 ഓടെ, ഒമ്പതാമത്തെ സിഖ് ഗുരു ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാമത് ഷഹീദി ദിവസ് പ്രത്യേക അനുസ്മരണ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടിയിൽ, ആദരണീയനായ ഗുരുവിന്റെ 350-ാമത് ഷഹീദി ദിവസ് അടയാളപ്പെടുത്തുന്ന ഒരു പ്രത്യേക നാണയവും സ്മാരക സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. ഗുരു തേജ് ബഹാദൂറിന്റെ 350-ാമത് ഷഹീദി ദിവസിനോടുള്ള ആദരസൂചകമായി, ഇന്ത്യാ ഗവൺമെന്റ് ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ ആചരിക്കും.
തുടർന്ന്, വൈകുന്നേരം 5:45 ന്, ശ്രീമദ് ഭഗവദ്ഗീതയുടെ ദിവ്യ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബ്രഹ്മ സരോവറിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തും. നവംബർ 15 മുതൽ ഡിസംബർ 5 വരെ കുരുക്ഷേത്രയിൽ നടക്കുന്ന അന്താരാഷ്ട്ര ഗീതാ മഹോത്സവത്തോടനുബന്ധിച്ചാണ് ഈ സന്ദർശനം.


