പ്രധാനമന്ത്രി എറണാകുളത്ത് ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിക്കും
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി എണ്ണശുദ്ധീകരണശാലയിലെ പോളിപ്രൊഫൈലിൻ യൂണിറ്റിനു പ്രധാനമന്ത്രി തറക്കല്ലിടും
രണ്ടു പ്രധാന ദേശീയ പാത പദ്ധ​തികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: N​H-66-ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള ആറുവരിപ്പാതയും
തിരുച്ചിറപ്പള്ളിയിൽ ഏകദേശം 5,650 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും
പെട്രോളിയം-പ്രകൃതിവാതക അടിസ്ഥാനസൗകര്യങ്ങൾ, ഗ്രാമീണ ഗതാഗതസൗകര്യങ്ങൾ, ദേശീയ പാത വികസനം, റെയിൽവേ സേവനങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലാണ് ഈ പദ്ധതികൾ
BPCL-ന്റെ നീലഗിരി, ഈറോഡ് ജില്ലകളിലെ നഗര പാചകവാതക വിതരണശൃംഖലയ്ക്കു പ്രധാനമന്ത്രി തറക്കല്ലിടും; IOCL-ന്റെ ചെന്നൈയിലെ ലൂബ് ബ്ലെൻഡിങ് പ്ലാന്റ് രാഷ്ട്രത്തിനു സമർപ്പിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 11-നു കേരളവും തമിഴ്‌നാടും സന്ദർശിക്കും. ഉച്ചയ്ക്ക് 1.30-ഓടെ കേരളത്തിലെ എറണാകുളത്ത് ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫ് കർമവും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന്, വൈകിട്ട് 5.45-ഓടെ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഏകദേശം 5,650 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ ചടങ്ങിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി എറണാകുളത്ത്

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി എണ്ണശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റിനു പ്രധാനമന്ത്രി തറക്കല്ലിടും. 5,500 കോടി രൂപയിലധികം നിക്ഷേപം വരുന്ന ഈ പദ്ധതിയുടെ പ്രതിവർഷ ഉൽപ്പാദനശേഷി 400 കിലോ ടൺ ആണ്. പാക്കേജിങ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, ഗാർഹിക ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന അത്യന്താപേക്ഷിതമായ വസ്തുവാണു പോളിപ്രൊപ്പിലീൻ. ഈ സൗകര്യം ഇന്ത്യയുടെ ആഭ്യന്തര പോളിമർ ഉൽപ്പാദനശേഷി വർധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും വ്യവസായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതു സഹായകമാകും.

റോഡ് അടിസ്ഥാനസൗകര്യമേഖലയിൽ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപയിലധികം ചെലവിൽ നിർമിച്ച ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ് ഇതിൽ ആദ്യത്തേത്. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പാത കാസർഗോഡ്-കണ്ണൂർ ജില്ലകൾ തമ്മിലും, മംഗളൂരുവും മുഴപ്പിലങ്ങാടുമുൾപ്പെടെ, സമീപപ്രദേശങ്ങൾ തമ്മിലുമുള്ള ബന്ധം കരുത്തുറ്റതാക്കും. കാസർഗോഡ്, ബേക്കൽ, പയ്യന്നൂർ, കണ്ണൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഴീക്കൽ തുറമുഖവുമായുള്ള ബന്ധം വർധിപ്പിക്കാനും വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കും.

രണ്ടാമത്തെ പദ്ധതി ഏകദേശം 2,140 കോടി രൂപ ചെലവിൽ നിർമിച്ച വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള കോഴിക്കോടു ബൈപ്പാസിന്റെ ആറുവരിപ്പാതയാണ്. നിലവിലുള്ള വിഭജിക്കാത്ത രണ്ടുവരിപ്പാതയെ ഇരുവശങ്ങളിലും സർവീസ് റോഡുള്ള ആറുവരി ദേശീയ പാതയായാണ് ഈ പദ്ധതിയിലൂടെ ഉയർത്തുന്നത്. ഇതു ഗതാഗതക്കുരുക്കു ഗണ്യമായി കുറയ്ക്കാനും വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കാനും റോഡുസുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും. ഈ ദൂരപരിധിയിലുള്ള യാത്രാസമയം ഒരുമണിക്കൂറിലധികം എന്നതിൽനിന്ന് ഏകദേശം 15–20 മിനിറ്റായി കുറയുമെന്നു പ്രതീക്ഷിക്കുന്നു. കോഴിക്കോട് ബീച്ച്, ബേപ്പൂർ തുറമുഖം, കാപ്പാട് ബീച്ച് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും ഈ പദ്ധതി കരുത്തേകും.

പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന (PMGSY) പ്രകാരം കേരളത്തിൽ നിർമിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഈ റോഡുകൾ ഗ്രാമീണ-മലയോര മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തും. കൂടാതെ കമ്പോളങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തൊഴിലവസരങ്ങൾ എന്നിവയിലേക്കു മികച്ച സൗകര്യം ഉറപ്പാക്കാനും അതുവഴി ഗ്രാമീണ ഉപജീവനമാർഗങ്ങൾ കരുത്തുറ്റതാക്കാനും ഇതു സഹായിക്കും.

അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കുകീഴിൽ പുനർവികസിപ്പിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ മൂന്നു റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളോടും പ്രവേശനക്ഷമതയോടുംകൂടിയാണ് ഈ സ്റ്റേഷനുകൾ ആധുനികവൽക്കരിച്ചത്. പ്രാദേശിക വാസ്തുവിദ്യാഘടകങ്ങൾ ഉൾക്കൊള്ളുന്നതോടൊപ്പം, യാത്രക്കാർക്കായി ആധുനികവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ ഇടങ്ങൾ ഒരുക്കുന്നതാണ് ഈ പുനർവികസനം.

ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽപ്പാത വൈദ്യുതവൽക്കരണപദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. പ്രധാനപ്പെട്ട ഈ റെയിൽപ്പാതയുടെ വൈദ്യുതവൽക്കരണം പൂർത്തിയാകുന്നതോടെ ഷൊർണൂരിൽ എൻജിൻ മാറ്റേണ്ടി വരുന്നത് ഒഴിവാക്കാനും കൂടുതൽ വേഗമേറിയതും കാര്യക്ഷമവും സുസ്ഥിരവുമായ ട്രെയിൻ ഗതാഗതം സാധ്യമാക്കാനും കഴിയും. കേരളവും തമിഴ്‌നാടും തമ്മിലുള്ള റെയിൽവേ ബന്ധം കരുത്തുറ്റതാക്കുന്ന പുതിയ പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന ദൈനംദിന യാത്രക്കാർ, തീർഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് ഈ സർവീസ് പ്രയോജനപ്പെടും.

കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഇന്ത്യയുടെ ഹരിതോർജ ലക്ഷ്യങ്ങളിലേക്കു സംഭാവനയേകുന്ന ഈ പദ്ധതി, സുസ്ഥിരവും കാർബൺ പുറന്തള്ളൽ കുറഞ്ഞതുമായ ഊർജഭാവിയോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയ്ക്കു കൂടുതൽ കരുത്തേകും.

പ്രധാനമന്ത്രി തിരുച്ചിറപ്പള്ളിയിൽ

തിരുച്ചിറപ്പള്ളിയിൽ ഏകദേശം 5,650 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. പെട്രോളിയം-പ്രകൃതിവാതക അടിസ്ഥാനസൗകര്യങ്ങൾ, ലൂബ്രിക്കന്റ്സ് നിർമാണം, ഗ്രാമീണ ഗതാഗതസൗകര്യം, ദേശീയ പാത വികസനം, റെയിൽവേ സേവനങ്ങൾ തുടങ്ങിയ പ്രധാന മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതികൾ.

പെട്രോളിയം മേഖലയിൽ, നീലഗിരി, ഈറോഡ് ജില്ലകളിലായി 3,680 കോടി രൂപയിലധികം നിക്ഷേപമുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നഗര പാചകവാതക വിതരണശൃംഖലയ്ക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതിയിലൂടെ 8.8 ലക്ഷത്തിലധികം വീടുകളിൽ PNG കണക്ഷനുകൾ നൽകുകയും 200-ലധികം വാണിജ്യ സ്ഥാപനങ്ങൾക്കു വാതകം ലഭ്യമാക്കുകയും 201-ലധികം CNG സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യും.

ചെന്നൈയിലെ മണലിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലൂബ് ബ്ലെൻഡിങ് പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. പ്രതിവർഷം 672 ആയിരം മെട്രിക് ടൺ ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. ഏകദേശം 1,490 കോടി രൂപ നിക്ഷേപത്തിൽ വികസിപ്പിച്ച ഈ പ്ലാന്റ് ഇന്ത്യയുടെ ലൂബ്രിക്കന്റ്സ് ഉൽപ്പാദനശേഷിക്കു കരുത്തേകും.

പ്രധാൻ മന്ത്രി ഗ്രാം സഡക് യോജനയ്ക്കു കീഴിൽ തമിഴ്‌നാട്ടിൽ 370 കിലോമീറ്റർ നീളത്തിൽ നിർമിച്ച 89 ഗ്രാമീണ റോഡുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതു ഗ്രാമീണ മേഖലകളിലെ കമ്പോളങ്ങൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുത്തും. കൂടാതെ, ദേശീയ പാത 81-ൽ ഗംഗൈകൊണ്ട ചോളപുരത്തിനു സമീപമുള്ള ഗ്രീൻഫീൽഡ് ബൈപ്പാസിനു പ്രധാനമന്ത്രി തറക്കല്ലിടും.

രണ്ട് അമൃതഭാരത എക്സ്പ്രസ് ട്രെയിനുകൾ, രണ്ട് എക്സ്പ്രസ് ട്രെയിനുകൾ, ഒരു പാസഞ്ചർ ട്രെയിൻ സർവീസ് എന്നിവയുടെ ഫ്ലാഗ് ഓഫ് കർമവും പ്രധാനമന്ത്രി നിർവഹിക്കും. തമിഴ്‌നാടും തെലങ്കാന, കർണാടക, കേരളം, കിഴക്കൻ ഇന്ത്യ എന്നിവയുൾപ്പെടെയുള്ള മറ്റു പ്രദേശങ്ങളും തമ്മിലുള്ള റെയിൽവേ ബന്ധത്തിന് ഇതു കരുത്തേകും. ഇതു യാത്രക്കാർക്കു പ്രയോജനകരമാകുകയും പ്രാദേശിക സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era

Media Coverage

India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares moments from his metro journey to and from the SRCC programme
September 05, 2026

Prime Minister Shri Narendra Modi today shared glimpses of his metro journey while traveling to and from the SRCC programme.

In a post on X, the Prime Minister shared:

"Metro moments…

On the way to the SRCC programme and back."