പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2022 ജനുവരി 15 ന് ) രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിങ് വഴി സ്റ്റാർട്ടപ്പുകളുമായി സംവദിക്കും.
കൃഷി, ആരോഗ്യം, സംരംഭക സംവിധാനങ്ങൾ , ബഹിരാകാശം , നാലാം തലമുറ വ്യവസായങ്ങൾ , സുരക്ഷ , ഫിൻടെക്, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ ഈ ആശയവിനിമയത്തിന്റെ ഭാഗമാകും. ഗ്രോവിംഗ് ഫ്രം റൂട്ട്സ് ഉൾപ്പെടെയുള്ള തീമുകളെ അടിസ്ഥാനമാക്കി 150-ലധികം സ്റ്റാർട്ടപ്പുകളെ ആറ് വർക്കിംഗ് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു; ഡിഎൻഎ ന്ടജിങ് , പ്രാദേശികം മുതൽ ആഗോള തലം വരെ, നിർമ്മാണം , സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടും. ഓരോ ഗ്രൂപ്പും ആശയവിനിമയത്തിൽ അനുവദിച്ച വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് മുന്നിൽ അവതരണം നടത്തും. രാജ്യത്ത് പുതുമകൾ സൃഷ്ടിക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകൾക്ക് ദേശീയ ആവശ്യങ്ങൾക്ക് എങ്ങനെ സംഭാവന നൽകാമെന്ന് മനസിലാക്കുക എന്നതാണ് ആശയവിനിമയത്തിന്റെ ലക്ഷ്യം.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി, 2022 ജനുവരി 10 മുതൽ 16 വരെ , വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ "സെലിബ്രേറ്റിംഗ് ഇന്നൊവേഷൻ ഇക്കോസിസ്റ്റം" എന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കും . സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചതിന്റെ ആറാം വാർഷികം പ്രമാണിച്ചാണ് ഈ പരിപാടി.
രാജ്യത്തിന്റെ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകാനുള്ള സ്റ്റാർട്ടപ്പുകളുടെ സാധ്യതകളിൽ പ്രധാനമന്ത്രി ഉറച്ചു വിശ്വസിക്കുന്നു. 2016-ലെ മുൻനിര സംരംഭമായ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സമാരംഭത്തിൽ ഇത് പ്രതിഫലിച്ചു. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുകയും രാജ്യത്ത് യൂണികോണുകളുടെ അമ്പരപ്പിക്കുന്ന വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.


