ഇസ്രായേലിന്റെ ആവേശം ഇവിടെയും എത്തിയിരിക്കുന്നു.
നമസ്കാരം!
നെറ്റ്‌വർക്ക് 18-ലെ മുഴുവൻ മാധ്യമപ്രവർത്തകരെ , ഈ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സഹപ്രവർത്തകരെ , ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ടാതിഥികളെ , മഹതികളെ ,മാന്യരേ !
നിങ്ങളെല്ലാവരും 'റൈസിംഗ് ഇന്ത്യ'യെ (ഉയരുന്ന ഇന്ത്യയെ) കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇതിൽ നിങ്ങൾ നൽകുന്ന ഊന്നൽ 'ഉള്ളിലുള്ള ശക്തി'യിലാണ്—ലളിതമായി പറഞ്ഞാൽ, രാഷ്ട്രത്തിന്റെ സ്വന്തം സഹജമായ കഴിവിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറയപ്പെടുന്നു: 'തത്ത്വമസി!'—അതായത്, നമ്മൾ പരബ്രഹ്മത്തിൽ എന്തിനെയാണോ തിരയുന്നത്, അത് നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്, അത് നമ്മൾ തന്നെയാണ്. ശക്തി നമുക്കുള്ളിലാണ്, അത് നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ ആ കരുത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇന്ന് രാജ്യം അത് ശാക്തീകരിക്കാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളെ,
ഒരു രാഷ്ട്രത്തിന്റെ ശക്തി പെട്ടെന്നൊരിക്കൽ ഉണ്ടാവുകയല്ല ചെയ്യുന്നത്; അത് തലമുറകളിലൂടെ കെട്ടിപ്പടുക്കുന്നതാണ്. വിജ്ഞാനത്തിലൂടെയും പാരമ്പര്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അനുഭവങ്ങളിലൂടെയും അത് ശുദ്ധീകരിക്കപ്പെടുന്നു. എന്നാൽ ചരിത്രത്തിന്റെ ഒരു നീണ്ട കാലഘട്ടത്തിൽ, നൂറ്റാണ്ടുകൾ നീണ്ടുനിന്ന അടിമത്തത്തിലൂടെ, നമ്മുടെ കരുത്തിനെക്കുറിച്ചുള്ള അവബോധത്തിൽപ്പോലും അപകർഷതാബോധം നിറയ്ക്കപ്പെട്ടു. നാം വിദ്യാഭ്യാസമില്ലാത്തവരാണെന്നും കേവലം അനുയായികൾ മാത്രമാണെന്നുമുള്ള വിശ്വാസം ഇറക്കുമതി ചെയ്യപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ സമൂഹത്തിൽ ആഴത്തിൽ പതിപ്പിച്ചു.നമ്മുടെ ശാസ്ത്രങ്ങൾ പറയുന്നു: 'യാദൃശീ ഭാവനാ യസ്യ, സിദ്ധിർ ഭവതി താദൃശീ'—അതായത്, ഒരാളുടെ വിശ്വാസം എപ്രകാരമാണോ, അപ്രകാരം തന്നെയായിരിക്കും അയാളുടെ നേട്ടവും. വിശ്വാസം തന്നെ താഴ്ന്നതാകുമ്പോൾ നേട്ടങ്ങളും താഴ്ന്നതായിത്തീരുന്നു. നമ്മൾ വിദേശ സാങ്കേതികവിദ്യകളെ അനുകരിച്ചു, വിദേശ അംഗീകാരങ്ങൾക്കായി കാത്തിരുന്നു—ഇത് കേവലം രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ ആയ അടിമത്തമായിരുന്നില്ല, മറിച്ച് മാനസികമായ അടിമത്തമായിരുന്നു. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിന് ശേഷവും ഈ അടിമത്ത മനോഭാവത്തിൽ നിന്ന് മോചിതരാകാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. അതിനുള്ള വില നാം ഇപ്പോഴും നൽകിക്കൊണ്ടിരിക്കുകയാണ്.വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചകളിൽ ഇതിന്റെ ഒരു പുതിയ ഉദാഹരണം കാണാൻ കഴിയും. ചിലർ ആശ്ചര്യപ്പെടുന്നു—ഇത് എങ്ങനെ സംഭവിച്ചു? വികസിത രാജ്യങ്ങൾ ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാൻ ഇത്രയധികം താൽപ്പര്യം കാണിക്കുന്നത് എന്തുകൊണ്ട്? നിരാശയിൽ നിന്നും പ്രതീക്ഷയില്ലായ്മയിൽ നിന്നും ഉദിച്ചുയരുന്ന, ആത്മവിശ്വാസമുള്ള ഒരു ഇന്ത്യയിലാണ് ഇതിനുള്ള ഉത്തരം അടങ്ങിയിരിക്കുന്നത്. 2014-ന് മുമ്പുള്ള നിരാശയിൽ കുടുങ്ങിക്കിടക്കുകയും, 'ഫ്രജൈൽ ഫൈവ്' (Fragile Five) രാജ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും, നയപരമായ സ്തംഭനാവസ്ഥയിൽ അകപ്പെടുകയും ചെയ്തിരുന്നെങ്കിൽ ആര് നമ്മളുമായി വ്യാപാര കരാറുകൾ ഉണ്ടാക്കുമായിരുന്നു? ആര് നമ്മളെ ഒന്ന് നോക്കുക പോലും ചെയ്യുമായിരുന്നു?
പക്ഷേ സുഹൃത്തുക്കളെ,
കഴിഞ്ഞ 11 വർഷത്തിനിടയിൽ, രാജ്യത്തിന്റെ ബോധമണ്ഡലത്തിലേക്ക് പുതിയൊരു ഊർജ്ജം പ്രവഹിച്ചിരിക്കുകയാണ്. നഷ്ടപ്പെട്ട കരുത്ത് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ. ഒരുകാലത്ത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യക്ക് വലിയ ആധിപത്യം ഉണ്ടായിരുന്നപ്പോൾ, എന്തായിരുന്നു നമ്മുടെ കരുത്ത്? ഇന്ത്യയുടെ നിർമ്മാണ മേഖലയും (Manufacturing), ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും, ഇന്ത്യയുടെ സാമ്പത്തിക നയങ്ങളുമായിരുന്നു അത്. ഇന്നത്തെ ഇന്ത്യ വീണ്ടും ഈ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.അതുകൊണ്ടാണ് നമ്മൾ നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചതും, 'മേയ്ക്ക് ഇൻ ഇന്ത്യ'യ്ക്ക് (Make in India) ഊന്നൽ നൽകിയതും, നമ്മുടെ ബാങ്കിംഗ് സംവിധാനത്തെ ശക്തിപ്പെടുത്തിയതും. രണ്ടക്ക സംഖ്യയിൽ കുതിച്ചുയർന്നിരുന്ന പണപ്പെരുപ്പത്തെ നമ്മൾ നിയന്ത്രിക്കുകയും ഇന്ത്യയെ ലോകത്തിന്റെ തന്നെ 'ഗ്രോത്ത് എഞ്ചിൻ' (Growth Engine) ആക്കി മാറ്റുകയും ചെയ്തു. ഇന്ത്യയുടെ ഈ കരുത്ത് കണ്ടിട്ടാണ് വികസിത രാജ്യങ്ങൾ തന്നെ ഇന്ന് നമ്മളുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാൻ മുന്നോട്ടുവരുന്നത്.
സുഹൃത്തുക്കളെ,
ഒരു രാഷ്ട്രത്തിന്റെ സുഷുപ്തിയിലായിരുന്ന ശക്തി ഉണരുമ്പോൾ, അത് പുതിയ നാഴികക്കല്ലുകൾ കൈവരിക്കുന്നു. ഞാൻ നിങ്ങൾക്ക് ചില ഉദാഹരണങ്ങൾ കൂടി നൽകാം. മറ്റ് രാജ്യങ്ങളിലെ ഭരണത്തലവന്മാരെ കാണുമ്പോഴൊക്കെ, ജൻ ധൻ (Jan Dhan), ആധാർ (Aadhaar), മൊബൈൽ (Mobile) എന്നീ ത്രിശക്തികളുടെ (JAM Trinity) അപാരമായ കരുത്തിനെക്കുറിച്ച് കേൾക്കാൻ അവർക്ക് വലിയ താല്പര്യമാണ്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് എടിഎമ്മുകൾ വളരെ വൈകി മാത്രം എത്തിയ ഒരു രാജ്യത്ത്, ഡിജിറ്റൽ പേയ്‌മെന്റുകളിൽ ഇന്ത്യ എങ്ങനെയാണ് ആഗോള നേതൃത്വം കൈവരിച്ചത്? സർക്കാർ സഹായങ്ങൾ ചോർന്നുപോകുന്നത് മാറ്റാൻ കഴിയാത്ത കയ്പേറിയ സത്യമായി അംഗീകരിച്ചിരുന്ന ഒരിടത്ത്, ഡി.ബി.ടി (DBT) വഴി 24 ലക്ഷം കോടി രൂപ—അതായത് ഇരുപത്തിനാല് ട്രില്യൺ രൂപ—ഗുണഭോക്താക്കളിലേക്ക് ഇന്ത്യ എങ്ങനെ നേരിട്ടെത്തിച്ചു? ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

സുഹൃത്തുക്കളെ,
ലോകം ഇന്ന് അത്ഭുതപ്പെടുകയാണ്—2014 വരെ ഏകദേശം മൂന്ന് കോടി കുടുംബങ്ങൾ ഇരുട്ടിൽ കഴിഞ്ഞിരുന്ന ഇന്ത്യ, സൗരോർജ്ജ ശേഷിയിൽ ലോകത്തെ മുൻനിര രാജ്യങ്ങളിൽ ഒന്നായി മാറിയത് എങ്ങനെയാണ്? പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന ഇന്ത്യയിലെ നഗരങ്ങൾ, ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ മെട്രോ നെറ്റ്‌വർക്കുള്ള രാജ്യമായി മാറിയത് എങ്ങനെയാണ്? ട്രെയിനുകൾ വൈകുന്നതിനും വേഗതക്കുറവിനും മാത്രം പേരുകേട്ടിരുന്ന ഇന്ത്യൻ റെയിൽവേ, വന്ദേ ഭാരത് (Vande Bharat), നമോ ഭാരത് (Namo Bharat) എന്നിവയിലൂടെ സെമി ഹൈസ്പീഡ് കണക്റ്റിവിറ്റി കൈവരിച്ചത് എങ്ങനെയാണ്?
സുഹൃത്തുക്കളെ,
പുതിയ സാങ്കേതികവിദ്യകളുടെ ഒരു ഉപഭോക്താവ് മാത്രമായി ഇന്ത്യ അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ പുതിയ സാങ്കേതികവിദ്യകളുടെ സ്രഷ്ടാവ് കൂടിയാണ്, കൂടാതെ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്നു. നമ്മുടെ സ്വന്തം കരുത്ത് നമ്മൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത് സാധ്യമായത്—നിങ്ങൾ ഇന്ന് ചർച്ച ചെയ്യുന്ന 'ഉള്ളിലുള്ള ശക്തി' (strength within) ഇതിനൊരു ഉദാഹരണമാണ്.
സുഹൃത്തുക്കളെ,
നമ്മൾ അഭിമാനത്തോടെ മുന്നോട്ട് നീങ്ങുമ്പോൾ, ലോകം നമ്മെ നോക്കുന്ന രീതിയിലും മാറ്റം വരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ആഗോള മാധ്യമങ്ങൾ ഇന്ത്യയിലെ സംഭവങ്ങളെ എത്ര കുറഞ്ഞ അളവിലാണ് ചർച്ച ചെയ്തിരുന്നതെന്ന് ഓർത്തുനോക്കൂ. ഇന്ത്യയിലെ സംഭവവികാസങ്ങൾക്ക് അന്ന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. എന്നാൽ ഇന്ന്, ഇന്ത്യയുടെ ഓരോ നീക്കവും ആഗോളതലത്തിൽ എങ്ങനെയൊക്കെയാണ് വിശകലനം ചെയ്യപ്പെടുന്നതെന്ന് നോക്കൂ. ഇതേ കെട്ടിടത്തിൽ നടന്ന AI സമ്മിറ്റ് (AI ഉച്ചകോടി) ഇതിനൊരു ഉദാഹരണമാണ്. നൂറിലധികം രാജ്യങ്ങളാണ് ഇതിൽ പങ്കെടുത്തത്. 'ഗ്ലോബൽ നോർത്ത്' ആയാലും 'ഗ്ലോബൽ സൗത്ത്' ആയാലും, എല്ലാവരും ഒരേ മേശയ്ക്ക് ചുറ്റും ഒപ്പമിരുന്നു. വൻകിട കോർപ്പറേറ്റുകൾ മുതൽ ചെറുകിട സ്റ്റാർട്ടപ്പുകൾ വരെ അവിടെ ഒത്തുചേർന്നു.
സുഹൃത്തുക്കളെ,
ഇതുവരെയുണ്ടായ എല്ലാ വ്യവസായ വിപ്ലവങ്ങളിലും ഇന്ത്യയും മുഴുവൻ 'ഗ്ലോബൽ സൗത്തും' കേവലം അനുയായികൾ മാത്രമായിരുന്നു. എന്നാൽ നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ,AI) ഈ യുഗത്തിൽ, ഇന്ത്യ തീരുമാനങ്ങളിൽ പങ്കാളി മാത്രമല്ല, അവയ്ക്ക് രൂപം നൽകുന്നവർ കൂടിയാണ്. ഇന്ന് നമുക്ക് സ്വന്തമായി ഒരു AI സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഉണ്ട്, ഡാറ്റാ സെന്ററുകളിൽ നിക്ഷേപിക്കാനുള്ള കരുത്തുണ്ട്. AI ഡാറ്റ സംഭരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും ഏറ്റവും ആവശ്യമായ ഊർജ്ജത്തിനായി (Power) നമ്മൾ അതിവേഗം പ്രവർത്തിക്കുന്നു. ആണവോർജ്ജ മേഖലയിൽ നമ്മൾ വരുത്തിയ പരിഷ്കാരങ്ങൾ ഇന്ത്യയുടെ AI ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്താനും സഹായിക്കും.

സുഹൃത്തുക്കളെ,
AI ഉച്ചകോടിയുടെ സംഘാടനം ഭാരതത്തിന് മൊത്തം അഭിമാനകരമായ നിമിഷമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, രാജ്യത്തെ ഏറ്റവും പഴയ പാർട്ടി ഈ ആഘോഷത്തെ കളങ്കപ്പെടുത്താനാണ് ശ്രമിച്ചത്. വിദേശ അതിഥികളുടെ മുന്നിൽ കോൺഗ്രസ് തങ്ങളുടെ വസ്ത്രം ഉരിയുക മാത്രമല്ല ചെയ്തത്, മറിച്ച് അവരുടെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തം തുറന്നുകാട്ടുക കൂടി ചെയ്തു. പരാജയം നിരാശയ്ക്ക് വഴിമാറുകയും അഹങ്കാരം അതിനെ കീഴടക്കുകയും ചെയ്യുമ്പോൾ, രാഷ്ട്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ഇത്തരമൊരു ചിന്താഗതി ഉടലെടുക്കുന്നു. കോൺഗ്രസിന്റെ പ്രവൃത്തികൾ രാജ്യത്തെ പ്രകോപിപ്പിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. തങ്ങളുടെ പാപത്തെ ന്യായീകരിക്കാൻ അവർ മഹാത്മാഗാന്ധിയെ മുന്നിൽ നിർത്തി. കോൺഗ്രസ് എപ്പോഴും ഇങ്ങനെയാണ് ചെയ്യുന്നത്—തങ്ങളുടെ പാപങ്ങൾ മറയ്ക്കണമെന്നുണ്ടെങ്കിൽ അവർ ബാപ്പുവിനെ മുന്നിൽ നിർത്തും; തങ്ങളെത്തന്നെ മഹത്വപ്പെടുത്തണമെന്നുണ്ടെങ്കിൽ എല്ലാ ക്രെഡിറ്റും ഒരു കുടുംബത്തിന് നൽകുകയും ചെയ്യും.
സുഹൃത്തുക്കളെ,
പ്രത്യയശാസ്ത്രത്തിന്റെ പേരിൽ വെറുമൊരു 'എതിർപ്പിന്റെ ടൂൾകിറ്റ്' (Toolkit) മാത്രമായി കോൺഗ്രസ് ഇപ്പോൾ അധഃപതിച്ചിരിക്കുകയാണ്. ഈ അന്ധമായ എതിർപ്പിന്റെ മനോഭാവം വളരെയധികം വർദ്ധിച്ചിരിക്കുന്നു; അതുകൊണ്ട് തന്നെ ഓരോ വേദിയിലും ഓരോ പ്ലാറ്റ്‌ഫോമിലും രാഷ്ട്രത്തെ ചെറുതാക്കി കാണിക്കാനുള്ള ഒരവസരവും അവർ പാഴാക്കുന്നില്ല. രാജ്യത്തിന് എന്ത് നല്ലത് സംഭവിച്ചാലും, എന്ത് മംഗളകരമായ കാര്യങ്ങൾ നടന്നാലും, അതിനെയെല്ലാം എതിർക്കാൻ മാത്രമേ കോൺഗ്രസിന് അറിയൂ.
സുഹൃത്തുക്കളെ,
എന്റെ കൈവശം ഒരു നീണ്ട പട്ടിക തന്നെയുണ്ട്—പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചു, അവർ അതിനെ എതിർത്തു. പാർലമെന്റിന് മുകളിലുള്ള അശോകസ്തംഭത്തിലെ സിംഹങ്ങളെ അവർ എതിർത്തു. സാധാരണ പൗരന്മാരുടെ ചെരുപ്പുകൾ കടിച്ചുകീറി ഓടിപ്പോയിരുന്ന സിംഹങ്ങളുള്ളവർ, പാർലമെന്റിലെ സിംഹങ്ങളുടെ പല്ലുകൾ കണ്ട് ഭയപ്പെട്ടു. 'കർത്തവ്യ പഥ്' നിർമ്മിച്ചു, അവർ അതിനെ എതിർത്തു. സായുധ സേന സർജിക്കൽ സ്ട്രൈക്കുകൾ നടത്തി, അവർ അതിനെ എതിർത്തു. ബാലാകോട്ട് വ്യോമാക്രമണം നടന്നു, അവർ അതിനെ എതിർത്തു. 'ഓപ്പറേഷൻ സിന്ദൂർ' നടത്തി, അവർ അതിനെ എതിർത്തു. ചുരുക്കത്തിൽ, രാജ്യത്തിന്റെ ഓരോ നേട്ടത്തിനും കോൺഗ്രസിന്റെ ടൂൾകിറ്റ് ഒരൊറ്റ കാര്യം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ—അത് എതിർപ്പാണ്.

സുഹൃത്തുക്കളെ,
രാജ്യം ആർട്ടിക്കിൾ 370-ന്റെ മതിൽക്കെട്ടുകൾ തകർത്തു, രാജ്യം മുഴുവൻ അത് ആഘോഷിച്ചു. എന്നാൽ കോൺഗ്രസ് അതിനെ എതിർത്തു. നമ്മൾ സി.എ.എ (CAA) നിയമം നടപ്പിലാക്കി—അവർ അതിനെ എതിർത്തു. നമ്മൾ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു—അവർ അതിനെ എതിർത്തു. മുത്തലാഖിനെതിരെ നമ്മൾ നിയമം കൊണ്ടുവന്നു—അവർ അതിനെ എതിർത്തു. നമ്മൾ യു.പി.ഐ (UPI) ആരംഭിച്ചു—അവർ അതിനെ എതിർത്തു. നമ്മൾ സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിവെച്ചു—അവർ അതിനെ എതിർത്തു. രാജ്യം സ്വന്തമായി കോവിഡ് വാക്സിൻ വികസിപ്പിച്ചു, അതിനെപ്പോലും അവർ എതിർത്തു.
സുഹൃത്തുക്കളെ,
ഒരു ജനാധിപത്യത്തിൽ, പ്രതിപക്ഷം എന്നാൽ അന്ധമായ എതിർപ്പല്ല. ജനാധിപത്യത്തിൽ പ്രതിപക്ഷം എന്നാൽ ഒരു ബദൽ കാഴ്ചപ്പാട് അവതരിപ്പിക്കുക എന്നതാണ്. അതുകൊണ്ടാണ് രാജ്യത്തെ പ്രബുദ്ധരായ പൗരന്മാർ കോൺഗ്രസിനെ പാഠം പഠിപ്പിക്കുന്നത്—ഇന്നലെയും ഇന്നുമല്ല, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇത് തുടരുകയാണ്. ഞാൻ ഇനി പറയാൻ പോകുന്ന കാര്യം വിശകലനം ചെയ്യാൻ എന്റെ മാധ്യമ സുഹൃത്തുക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു. കോൺഗ്രസിന്റെ വോട്ടുകൾ ആരും മോഷ്ടിക്കുകയല്ലെന്ന് നിങ്ങൾക്ക് കാണാം; മറിച്ച്, രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ തങ്ങളുടെ വോട്ടിന് അർഹരായി ഇനി പരിഗണിക്കുന്നില്ല എന്നതാണ് സത്യം. 1984-ന് ശേഷമാണ് ഈ തകർച്ച ആരംഭിച്ചത്. 1984-ൽ കോൺഗ്രസിന് 39 ശതമാനം വോട്ടും 400-ലധികം സീറ്റുകളും ലഭിച്ചിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞുകൊണ്ടേയിരുന്നു. ഇന്ന് കോൺഗ്രസിന്റെ അവസ്ഥ എങ്ങനെയെന്നാൽ, 50-ലധികം എം.എൽ.എമാരുള്ള വെറും നാല് സംസ്ഥാനങ്ങൾ മാത്രമേ അവർക്ക് ബാക്കിയുള്ളൂ. കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാരുടെ എണ്ണം വർദ്ധിച്ചു, അതോടൊപ്പം കോൺഗ്രസ് ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. ഒരു കുടുംബത്തിന് അടിമപ്പെട്ടവരുടെ ഒരു ക്ലബ്ബായി കോൺഗ്രസ് മാറിയിരിക്കുന്നു. അതുകൊണ്ടാണ് ആദ്യം മില്ലേനിയലുകൾ (Millennials) കോൺഗ്രസിനെ പാഠം പഠിപ്പിച്ചത്, ഇപ്പോൾ 'ജൻ-സി' യും(നവ തലമുറ ,Gen Z) അതിന് തയ്യാറെടുത്തിരിക്കുകയാണ്.
സുഹൃത്തുക്കളെ,
ദീർഘകാല വീക്ഷണത്തെപ്പോലും ഒരു കുറ്റമായി കാണുന്ന അത്രയും ഇടുങ്ങിയ ചിന്താഗതിയാണ് കോൺഗ്രസിനും അവരുടെ സഖ്യകക്ഷികൾക്കുമുള്ളത്. ഇന്ന് നമ്മൾ 2047-ഓടെയുള്ള ഒരു വികസിത ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, ചിലർ ചോദിക്കുന്നു—"എന്തിനാണ് ഇത്രയും ദൂരെയുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത്?" എന്ന്. ചിലർ പറയുന്നു, "അതുവരെ മോദി ജീവിച്ചിരിക്കില്ല" എന്ന്. സത്യമെന്തെന്നാൽ, ഹ്രസ്വകാല ചിന്തകൾ കൊണ്ട് ഒരിക്കലും രാഷ്ട്രനിർമ്മാണം സാധ്യമാകില്ല. അത് സംഭവിക്കുന്നത് മഹത്തായ കാഴ്ചപ്പാടിലൂടെയും ക്ഷമയിലൂടെയും കൃത്യസമയത്തെടുക്കുന്ന തീരുമാനങ്ങളിലൂടെയുമാണ്.നെറ്റ്‌വർക്ക് 18-ന്റെ പ്രേക്ഷകർക്ക് മുന്നിൽ ഞാൻ ചില വസ്തുതകൾ അവതരിപ്പിക്കാം. ഓരോ വർഷവും വിദേശ കപ്പലുകൾ വഴിയുള്ള ചരക്ക് നീക്കത്തിനായി ഇന്ത്യ 6 ലക്ഷം കോടിയിലധികം രൂപ ചെലവഴിക്കുന്നുണ്ട്. വളം ഇറക്കുമതിക്കായി നമ്മൾ പ്രതിവർഷം 2.25 ലക്ഷം കോടി രൂപ ചെലവാക്കുന്നു. പെട്രോളിയം ഇറക്കുമതിക്കായി പ്രതിവർഷം 11 ലക്ഷം കോടി രൂപയാണ് നമ്മൾ ചെലവിടുന്നത്. അതിനർത്ഥം, ഓരോ വർഷവും ലക്ഷക്കണക്കിന് കോടി രൂപ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നു എന്നാണ്. 20–25 വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ നിക്ഷേപം സ്വയംപര്യാപ്തതയിലേക്ക് (Atmanirbharta) തിരിച്ചുവിട്ടിരുന്നെങ്കിൽ, ഇന്ന് ഈ മൂലധനം ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണം, വ്യവസായം, കർഷകർ, യുവാക്കൾ എന്നിവരെ ശക്തിപ്പെടുത്താൻ ഉപയോഗിക്കാമായിരുന്നു.

ഇന്ന് നമ്മുടെ സർക്കാർ കൃത്യമായ ഈ കാഴ്ചപ്പാടോടെയാണ് പ്രവർത്തിക്കുന്നത്. വിദേശ കപ്പലുകൾക്ക് 6 ലക്ഷം കോടി രൂപ നൽകുന്നത് ഒഴിവാക്കാൻ ഇന്ത്യൻ ഷിപ്പിംഗ്, പോർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവ ശക്തിപ്പെടുത്തി വരുന്നു. ആഭ്യന്തര വളം ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി പുതിയ പ്ലാന്റുകൾ സ്ഥാപിക്കുകയും 'നാനോ യൂറിയ' പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി എഥനോൾ ബ്ലെൻഡിംഗ് (Ethanol blending), ഗ്രീൻ ഹൈഡ്രജൻ മിഷൻ, സൗരോർജ്ജം, ഇലക്ട്രിക് മൊബിലിറ്റി എന്നിവയ്ക്ക് മുൻഗണന നൽകുന്നു.
സുഹൃത്തുക്കളെ,
ഭാവി മുൻനിർത്തിക്കൊണ്ട് വേണം നമ്മൾ ഇന്ന് തീരുമാനങ്ങൾ എടുക്കാൻ. അതുകൊണ്ടാണ് ഇന്ത്യ ഒരു സെമികണ്ടക്ടർ ഇക്കോസിസ്റ്റം (semiconductor ecosystem) കെട്ടിപ്പടുക്കുന്നത്. പ്രതിരോധ ഉൽപ്പാദനം, മൊബൈൽ നിർമ്മാണം, ഡ്രോൺ സാങ്കേതികവിദ്യ, നിർണ്ണായക ധാതു മേഖല (critical minerals sector), അതിലെ നിക്ഷേപങ്ങൾ എന്നിവയിലൂടെ വരും പതിറ്റാണ്ടുകളിലേക്കുള്ള സാമ്പത്തിക സുരക്ഷയ്ക്ക് നമ്മൾ അടിത്തറയിടുകയാണ്.2047 എന്ന ലക്ഷ്യം ഒരു രാഷ്ട്രീയ മുദ്രാവാക്യമല്ല. മുൻകാല കോൺഗ്രസ് സർക്കാരുകൾ കൃത്യസമയത്ത് നിക്ഷേപം നടത്തുന്നതിൽ പരാജയപ്പെട്ട ചരിത്രപരമായ തെറ്റുകൾ തിരുത്താനുള്ള ദൃഢനിശ്ചയം കൂടിയാണത്. ഇന്ന് നമ്മൾ സ്വന്തമായി കപ്പലുകൾ നിർമ്മിക്കുകയും, സ്വന്തമായി ഊർജ്ജം ഉൽപ്പാദിപ്പിക്കുകയും, പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്താൽ, ഭാവി തലമുറകൾ ചർച്ച ചെയ്യുക ഇറക്കുമതിയുടെ ഭാരത്തെക്കുറിച്ചല്ല, മറിച്ച് കയറ്റുമതി ചെയ്യാനുള്ള നമ്മുടെ ശേഷിയെക്കുറിച്ചായിരിക്കും.ഒരു രാഷ്ട്രത്തിന്റെ പുരോഗതി നിർണ്ണയിക്കപ്പെടുന്നത് "ഇന്നത്തെ സൗകര്യങ്ങൾ" നോക്കിയല്ല, മറിച്ച് "നാളേക്കുള്ള തയ്യാറെടുപ്പുകൾ" നോക്കിയാണ്. ദീർഘവീക്ഷണത്തോടെയുള്ള കഠിനാധ്വാനമാണ് 2047-ലെ സ്വയംപര്യാപ്തവും ശക്തവും സമൃദ്ധവുമായ ഇന്ത്യയുടെ അടിസ്ഥാനം. പ്രതിഷേധസൂചകമായി കോൺഗ്രസ് എത്ര വസ്ത്രങ്ങൾ കീറി എറിഞ്ഞാലും, നമ്മൾ വിശ്രമമില്ലാതെ അധ്വാനം തുടരും.
സുഹൃത്തുക്കളെ,
രാഷ്ട്രനിർമ്മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളിലൊന്ന് ലക്ഷ്യശുദ്ധിയും ആത്മാർത്ഥതയുമാണ്. ഇവിടെയും കോൺഗ്രസും അവരുടെ സഖ്യകക്ഷികളും പരാജയപ്പെട്ടിരിക്കുകയാണ്. അവർ ഒരിക്കലും ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടില്ല. പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളിൽ അവർക്ക് ഒരു ആശങ്കയുമില്ല. ഉദാഹരണത്തിന്, ബംഗാളിൽ ആയുഷ്മാൻ ഭാരത് പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അവർക്ക് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ, പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന ഒരു പദ്ധതി അവർ തടയുമോ? ഇല്ല.പിഎം ആവാസ് യോജന പ്രകാരം പാവപ്പെട്ടവർക്കായി സ്ഥിരമായ വീടുകൾ നിർമ്മിക്കുന്നത് നിങ്ങൾക്കറിയാം. നെറ്റ്‌വർക്ക് 18-ന്റെ പ്രേക്ഷകർക്ക് ഞാൻ മറ്റൊരു കണക്കുകൂടി നൽകാം. തമിഴ്‌നാട്ടിൽ പാവപ്പെട്ട കുടുംബങ്ങൾക്കായി ഏകദേശം 9.5 ലക്ഷം വീടുകൾ അനുവദിച്ചിട്ടുണ്ട്—9.5 ലക്ഷം! എന്നാൽ ഇതിൽ 3 ലക്ഷം വീടുകളുടെ നിർമ്മാണം നിലച്ചിരിക്കുകയാണ്. എന്തുകൊണ്ട്? കാരണം, പാവപ്പെട്ടവർക്കായി ഈ വീടുകൾ നിർമ്മിക്കുന്നതിൽ ഡി.എം.കെ (DMK) സർക്കാർ താൽപ്പര്യം കാണിക്കുന്നില്ല. കാരണം വ്യക്തമാണ്—അവരുടെ ലക്ഷ്യം ആത്മാർത്ഥമല്ല.
സുഹൃത്തുക്കളെ,
കാർഷിക മേഖലയിൽ നിന്നുള്ള ഒരു ഉദാഹരണം കൂടി ഞാൻ നിങ്ങൾക്ക് നൽകാം. കോൺഗ്രസിന്റെ കാലത്ത് കൃഷിയെ അതിന്റെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയായിരുന്നു. ചെറുകിട കർഷകർ അവഗണിക്കപ്പെട്ടു, വിള ഇൻഷുറൻസ് താറുമാറായി, എം.എസ്.പി (MSP) സംബന്ധിച്ച സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് ഫയലുകൾക്കുള്ളിൽ കുഴിച്ചുമൂടപ്പെട്ടു. കോൺഗ്രസ് ബജറ്റിൽ പ്രഖ്യാപനങ്ങൾ നടത്തി, പക്ഷേ പ്രായോഗികമായി ഒന്നും സംഭവിച്ചില്ല—കാരണം അവർക്ക് ആത്മാർത്ഥതയില്ലായിരുന്നു. നമ്മൾ രാജ്യത്തെ കർഷകർക്കായി ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ തുടങ്ങി, ഇന്ന് ലോകം അതിന്റെ ഫലങ്ങൾ ദർശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ലോകത്തിലെ പ്രധാന കാർഷിക കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു.ഓരോ തലത്തിലും കർഷകർക്കായി നമ്മൾ ഒരു സുരക്ഷാ വലയം തീർത്തിട്ടുണ്ട്. പി.എം കിസാൻ സമ്മാൻ നിധിയിലൂടെ 4 ലക്ഷം കോടിയിലധികം രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചു. ഉൽപ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയായി നമ്മൾ എം.എസ്.പി നിശ്ചയിക്കുകയും റെക്കോർഡ് സംഭരണം നടത്തുകയും ചെയ്തു. പയറുവർഗ്ഗങ്ങളുടെ ഒരു കണക്ക് മാത്രം ഞാൻ നിങ്ങൾക്ക് നൽകാം. യു.പി.എ സർക്കാർ 10 വർഷത്തിനുള്ളിൽ എം.എസ്.പി നിരക്കിൽ സംഭരിച്ചത് വെറും 6 ലക്ഷം മെട്രിക് ടൺ പയറുവർഗ്ഗങ്ങൾ മാത്രമാണ്—വെറും 6 ലക്ഷം മെട്രിക് ടൺ. എന്നാൽ ഞങ്ങളുടെ സർക്കാർ ഇതിനകം ഏകദേശം 170 ലക്ഷം മെട്രിക് ടൺ പയറുവർഗ്ഗങ്ങൾ എം.എസ്.പി നിരക്കിൽ സംഭരിച്ചുകഴിഞ്ഞു—അതായത് ഏകദേശം 30 മടങ്ങ് കൂടുതൽ. ഇപ്പോൾ നിങ്ങൾ തന്നെ തീരുമാനിക്കൂ, ആരാണ് യഥാർത്ഥത്തിൽ കർഷകർക്കായി പ്രവർത്തിക്കുന്നതെന്ന്.
സുഹൃത്തുക്കളെ,
കിസാൻ ക്രെഡിറ്റ് കാർഡ് (Kisan Credit Card) വഴി കർഷകർക്ക് സഹായം നൽകുന്ന കാര്യത്തിലും യു.പി.എ സർക്കാർ വളരെ പിശുക്ക് കാണിച്ചിരുന്നു. തങ്ങളുടെ 10 വർഷത്തെ ഭരണകാലത്ത് വെറും 7 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പകളാണ് യു.പി.എ സർക്കാർ നൽകിയത്—വെറും 7 ലക്ഷം കോടി രൂപ. എന്നാൽ ഞങ്ങളുടെ സർക്കാർ അതിന്റെ നാലിരട്ടിയിലധികം—അതായത് 28 ലക്ഷം കോടി രൂപ നൽകിക്കഴിഞ്ഞു. യു.പി.എയുടെ കാലത്ത് വെറും 5 കോടി കർഷകർക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത്. ഇന്ന് ആ എണ്ണം ഇരട്ടിയിലധികമായി വർദ്ധിച്ച് ഏകദേശം 12 കോടി കർഷകരിലെത്തിയിരിക്കുന്നു. അതായത്, ചരിത്രത്തിലാദ്യമായി ചെറുകിട കർഷകർക്കും സഹായം ലഭിച്ചു തുടങ്ങിയിരിക്കുന്നു.ഞങ്ങളുടെ സർക്കാർ കർഷകർക്ക് പി.എം ഫസൽ ബീമാ യോജന (PM Fasal Bima Yojana) എന്ന സുരക്ഷാ കവചവും നൽകിയിട്ടുണ്ട്. ഇതിന് കീഴിൽ, പ്രതിസന്ധി ഘട്ടങ്ങളിൽ ഏകദേശം 2 ലക്ഷം കോടി രൂപ ഇതിനോടകം തന്നെ കർഷകർക്ക് നൽകിക്കഴിഞ്ഞു. ഞങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നതുകൊണ്ട് ഇന്ത്യൻ കർഷകരുടെ ആത്മവിശ്വാസം ഉയരുകയാണ്, അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിക്കുന്നു, അതോടൊപ്പം അവരുടെ വരുമാനവും വളരുകയാണ്.
സുഹൃത്തുക്കളെ,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നാലിലൊന്ന് ഭാഗം ഇതിനകം പിന്നിട്ടു കഴിഞ്ഞു. അടുത്ത ഘട്ടം ഇന്ത്യയുടെ വികസനത്തിലെ നിർണ്ണായകമായ കാലഘട്ടമാണ്. ഇന്ന് എടുക്കുന്ന തീരുമാനങ്ങളാണ് ഭാവിയിലേക്കുള്ള ദിശ നിർണ്ണയിക്കുന്നത്. നമ്മുടെ കരുത്ത് തിരിച്ചറിഞ്ഞും അത് വർദ്ധിപ്പിച്ചും നമ്മൾ മുന്നോട്ട് നീങ്ങണം. ഓരോ വ്യക്തിയും താന്താങ്ങളുടെ മേഖലകളിൽ മികവ് കൈവരിക്കാൻ ലക്ഷ്യമിടണം, ഓരോ സ്ഥാപനവും ആ മികവിനെ തങ്ങളുടെ സംസ്കാരമാക്കി മാറ്റണം. നമ്മൾ കേവലം ഉൽപ്പന്നങ്ങൾ നിർമ്മിക്കുക മാത്രമല്ല വേണ്ടത്, മറിച്ച് മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ നിർമ്മിക്കണം. നമ്മൾ കേവലം പതിവ് ജോലികൾ ചെയ്യുകയല്ല, മറിച്ച് ലോകനിലവാരമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണം. നമ്മുടെ കഴിവിനെ പ്രകടനമാക്കി മാറ്റണം.ഞാൻ ചെങ്കോട്ടയിൽ നിന്ന് പറഞ്ഞതുപോലെ—ഇതാണ് സമയം, ഏറ്റവും അനുയോജ്യമായ സമയം. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള സമയമാണിത്. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
നമസ്കാരം.


