പ്രയാഗ്‌രാജ് എന്ന പുണ്യ നഗരത്തിൽ മഹാ കുംഭമേളയ്ക്ക് വിജയകരമായ പരിസമാപ്തി. ഒരുമയുടെ മഹായജ്ഞം സമാപിച്ചു. രാജ്യത്തിന്റെ ചേതന ഉണരുമ്പോൾ, നൂറ്റാണ്ടുകൾ നീണ്ട അധിനിവേശ മനോഭാവത്തിന്റെ പ്രതിബന്ധങ്ങൾ തകർത്തു മുന്നേറുമ്പോൾ, നവോന്മേഷത്തിന്റെ ശുദ്ധമായ വായു നമ്മു‌ടെ രാജ്യം സ്വതന്ത്രമായി ശ്വസിക്കുന്നു. ഇതിന്റെ ഫലത്തിനാണ് ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ ഒരുമയുടെ മഹാ കുംഭമേളയിൽ സാക്ഷ്യം വഹിച്ചത്.

2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ വേളയിൽ ഞാൻ ദേവഭക്തിയെയും ദേശഭക്തിയെയും കുറിച്ച്, അതായത് ദൈവത്തോടും രാഷ്ട്രത്തോടുമുള്ള ഭക്തിയെക്കുറിച്ച്, സംസാരിച്ചിരുന്നു. പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ വേളയിൽ ദേവീദേവന്മാർ, സന്ന്യാസികൾ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ, ജീവിതത്തിന്റെ നാനാതുറയിൽ നിന്നുമുള്ള ജനങ്ങൾ ഒന്നിച്ചു ചേർന്നു. നാം രാജ്യത്തിന്റെ പുത്തൻ ഉണർവിനാണ് സാക്ഷ്യം വഹിച്ചത്. ഒരുമയുടെ മഹാ കുംഭമേളയായിരുന്നു ഇത്. 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങൾ ഒരേ ഇടത്ത്, ഒരേസമയം ഈ വിശുദ്ധ വേളയിൽ ഒന്നാകുന്നത് നാം കണ്ടു.

പ്രയാഗ്‌രാജിലെ ഈ പുണ്യഭൂമിയിലാണ് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കേദാരമായ ശൃംഗവേർപൂർ സ്ഥിതി ചെയ്യുന്നത്. അവിടെ വെച്ചാണ് പ്രഭു ശ്രീരാമനും നിഷാദ്‌രാജും കണ്ടുമുട്ടിയത്. അവരുടെ കൂടിക്കാഴ്ച ഭക്തിയുടെയും സൗഹാർദ്ദത്തിന്റെയും സംഗമത്തെ പ്രതീകപ്പെടുത്തി. ഇന്നും പ്രയാഗ്‌രാജ് നമ്മെ അതേ ആവേശത്തോടെ പ്രചോദിപ്പിക്കുന്നു.

രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കോടിക്കണക്കിന് ജനങ്ങൾ കഴിഞ്ഞ 45 ദിവസമായി ത്രിവേണിസംഗമത്തിലേക്ക് പോകുന്നത് ഞാൻ കണ്ടു. പുണ്യ സംഗമത്തിൽ വികാരങ്ങളുടെ തിരമാല ഉയർന്നുകൊണ്ടിരുന്നു. ഓരോ ഭക്തനും സംഗമത്തിൽ സ്നാനം ചെയ്യുക എന്ന ഒരു ലക്ഷ്യത്തോടെയാണ് വന്നത്. ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യ സംഗമം ഓരോ തീർത്ഥാടകനെയും ആവേശം, ഊർജ്ജം, ആത്മവിശ്വാസം എന്നിവയാൽ സമ്പന്നമാക്കി.

പ്രയാഗ്‌രാജിലെ ഈ മഹാകുംഭമേളയുടെ ആസൂത്രണം, ആധുനിക മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കും നയ വിദഗ്ധർക്കും ഒരു പഠന വിഷയമാണ്. ലോകത്ത് എവിടെയും ഇത്ര വലിയ തോതിലുള്ളതോ സമാന്തരമായതോ ആയ മറ്റൊരു ഉദാഹരണമില്ല.

പ്രയാഗ്‌രാജിൽ നദീസംഗമ തീരത്ത് കോടിക്കണക്കിന് മനുഷ്യർ ഒത്തുകൂടിയത് എങ്ങനെയെന്ന് ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. ഈ ജനങ്ങൾക്ക് ഔപചാരിക ക്ഷണങ്ങളോ എപ്പോൾ പോകണമെന്ന് മുൻകൂട്ടി ആശയവിനിമയമോ ലഭിച്ചിരുന്നില്ല. എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ സ്വന്തം ഇഷ്ടപ്രകാരം മഹാകുംഭമേളയ്ക്ക് പോയി. പുണ്യജലത്തിൽ സ്നാനം ചെയ്ത് ആത്മീയാനന്ദം അനുഭവിച്ചു.

പുണ്യസ്നാനത്തിനുശേഷം അതിയായ സന്തോഷവും സംതൃപ്തിയും പ്രസരിച്ച ആ മുഖങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. സ്ത്രീകൾ, മുതിർന്നവർ, നമ്മുടെ ദിവ്യാംഗ സഹോദരീ സഹോദരന്മാർ - എല്ലാവരും സംഗമത്തിലെത്താൻ തങ്ങളുടേതായ മാർഗം കണ്ടെത്തി.

ഇവിടെ രാജ്യത്തെ യുവാക്കളുടെ വർധിച്ച പങ്കാളിത്തം കാണുന്നത് എനിക്ക് പ്രത്യേകിച്ചും സന്തോഷകരമായിരുന്നു. മഹാകുംഭത്തിലെ യുവതലമുറയുടെ സാന്നിധ്യം രാജ്യത്തെ യുവാക്കൾ നമ്മുടെ മഹത്തായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ദീപസ്തംഭങ്ങളായിരിക്കുമെന്ന ആഴത്തിലുള്ള സന്ദേശം നൽകുന്നു. അത് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അവർ മനസ്സിലാക്കുകയും പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു.

ഈ മഹാകുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തിയ ഭക്തരുടെ എണ്ണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ നേരിട്ടെത്തിയവരെ കൂടാതെ, പ്രയാഗ്‌രാജിൽ എത്താൻ കഴിയാത്ത കോടിക്കണക്കിന് പേരും ആ അവസരവുമായി വൈകാരികമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. തീർത്ഥാടകർ കൊണ്ടുവന്ന പുണ്യജലം ദശലക്ഷക്കണക്കിന് പേർക്ക് ആത്മീയ ആനന്ദത്തിന്റെ ഉറവിടമായി മാറി. മഹാകുംഭത്തിൽ നിന്ന് മടങ്ങിയെത്തിയ പലരെയും അവരുടെ ഗ്രാമങ്ങളിൽ ആദരവോടെ സ്വീകരിച്ചു, സമൂഹം ആദരിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ സംഭവിച്ചത് അഭൂതപൂർവമായ സംഭവമാണ്, അത് വരും നൂറ്റാണ്ടുകൾക്ക് ഒരു അടിത്തറ പാകി.

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഭക്തർ പ്രയാഗ്‌രാജിൽ എത്തി. കുംഭത്തിന്റെ മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി ഭരണകൂടം പങ്കെടുക്കുന്നവരുടെ ഏകദേശം എണ്ണം കണക്കാക്കിയിരുന്നു.

ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യയുടെ ഇരട്ടി ജനങ്ങൾ പങ്കെടുത്തു.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെ ആത്മീയ പണ്ഡിതന്മാർ വിശകലനം ചെയ്താൽ, തങ്ങളുടെ പൈതൃകത്തിൽ അഭിമാനിക്കുന്ന ഇന്ത്യ ഇപ്പോൾ പുതിയൊരു ഊർജ്ജവുമായി മുന്നേറുകയാണെന്ന് അവർക്ക് മനസ്സിലാകും. ഇത് ഒരു നവ യുഗത്തിന്റെ ഉദയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരു നവ ഇന്ത്യയുടെ ഭാവി രചിക്കും.

ആയിരക്കണക്കിന് വർഷങ്ങളായി, മഹാകുംഭം ഇന്ത്യയുടെ ദേശീയ അവബോധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ പൂർണകുംഭത്തിലും, ഒത്തുചേരുന്ന സന്യാസിമാർ, പണ്ഡിതർ, ചിന്തകർ എന്നിവർ അവരുടെ കാലഘട്ടത്തിലെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടായിരുന്നു. അവരുടെ ചിന്തകൾ രാഷ്ട്രത്തിനും സമൂഹത്തിനും ഒരു പുതിയ ദിശാബോധം നൽകിയിരുന്നു. ഓരോ ആറ് വർഷത്തിലും, അർദ്ധകുംഭത്തിൽ, ഈ ആശയങ്ങൾ അവലോകനം ചെയ്യപ്പെട്ടു. 144 വർഷക്കാലത്തിനിടയിലെ 12 പൂർണകുംഭ പരിപാടികൾക്ക് ശേഷം, കാലഹരണപ്പെട്ട പാരമ്പര്യങ്ങൾ ഉപേക്ഷിക്കപ്പെട്ടു, പുതിയ ആശയങ്ങൾ സ്വീകരിച്ചു, കാലാനുസൃതമായി പുതിയ പാരമ്പര്യങ്ങൾ സൃഷ്ടിക്കപ്പെട്ടു.

144 വർഷങ്ങൾക്ക് ശേഷം, ഈ മഹാകുംഭത്തിൽ, നമ്മുടെ സന്യാസിമാർ വീണ്ടും ഇന്ത്യയുടെ വികസന യാത്രയ്ക്ക് - വികസിത ഭാരതം എന്ന പുതിയ സന്ദേശം നൽകി.

ഗ്രാമങ്ങളിൽ നിന്നോ നഗരങ്ങളിൽ നിന്നോ, രാജ്യത്തിനകത്ത് നിന്നോ വിദേശത്ത് നിന്നോ, കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ, വടക്ക് നിന്നോ തെക്ക് നിന്നോ ഉള്ള എല്ലാ തീർത്ഥാടകരും ജാതി, മതം, പ്രത്യയശാസ്ത്രം എന്നിവ പരിഗണിക്കാതെ ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ ഒത്തുചേർന്നു. കോടിക്കണക്കിന് ജനങ്ങളിൽ ആത്മവിശ്വാസം നിറച്ച ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദർശനത്തിന്റെ ഒരു മൂർത്ത രൂപമായിരുന്നു ഇത്. ഇനി, വികസിത ഭാരതത്തെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിനായി നാം ഇതേ ആവേശത്തോടെ ഒന്നിക്കണം.

ഒരു കൊച്ചുകുട്ടിയായിരിക്കെ, ശ്രീകൃഷ്ണൻ തന്റെ വായ്ക്കുള്ളിൽ പ്രപഞ്ചത്തിന്റെ മുഴുവൻ ചിത്രവും അമ്മ യശോദയ്ക്ക് ദൃശ്യമാക്കിയ സംഭവം എനിക്ക് ഓർമ്മ വരുന്നു. അതുപോലെ, ഈ മഹാകുംഭമേളയിൽ, രാജ്യത്തിലെയും ലോകത്തിലെയും ജനങ്ങൾ ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ വമ്പിച്ച സാധ്യതകൾക്ക് സാക്ഷ്യം വഹിച്ചു. ഈ ആത്മവിശ്വാസത്തോടെ നാം ഇപ്പോൾ മുന്നോട്ട് പോകുകയും വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കുകയും വേണം.

നേരത്തെ, ഭക്തി പ്രസ്ഥാനത്തിലെ സന്യാസിമാർ ഇന്ത്യയിലുടനീളം നമ്മുടെ കൂട്ടായ പ്രതിജ്ഞയുടെ ശക്തി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ മുതൽ ശ്രീ അരബിന്ദോ വരെയുള്ള മഹാന്മാരായ എല്ലാ ചിന്തകരും നമ്മുടെ കൂട്ടായ തീരുമാനങ്ങളുടെ ശക്തിയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി പോലും അത് അനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം, ഈ കൂട്ടായ ശക്തി ശരിയായി തിരിച്ചറിയപ്പെടുകയും എല്ലാവരുടെയും ക്ഷേമം വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ, പുതുതായി സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന് അത് ഒരു വലിയ കരുത്തായി മാറുമായിരുന്നു. നിർഭാഗ്യവശാൽ, അത് നേരത്തെ സംഭവിച്ചില്ല. എന്നാൽ ഇപ്പോൾ, വികസിത ഇന്ത്യയ്ക്കായി ജനങ്ങളുടെ ഈ കൂട്ടായ ശക്തി ഒത്തുചേരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

വേദങ്ങൾ മുതൽ വിവേകാനന്ദൻ വരെ, പുരാതന ഗ്രന്ഥങ്ങൾ മുതൽ ആധുനിക ഉപഗ്രഹങ്ങൾ വരെ, ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങൾ ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പൂർവ്വികരുടെയും സന്യാസിമാരുടെയും ഓർമ്മകളിൽ നിന്ന് പുതിയ പ്രചോദനം ഉൾക്കൊള്ളാൻ നമുക്ക് കഴിയട്ടെ എന്ന് ഒരു പൗരനെന്ന നിലയിൽ ഞാൻ പ്രാർത്ഥിക്കുന്നു. പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാൻ ഐക്യത്തിന്റെ ഈ മഹാ കുംഭം നമ്മെ സഹായിക്കട്ടെ. ഐക്യത്തെ നമ്മുടെ മാർഗ്ഗനിർദ്ദേശ തത്വമാക്കാം. രാഷ്ട്രസേവനം ദൈവസേവനമാണെന്ന ബോധത്തോടെ നമുക്ക് പ്രവർത്തിക്കാം.

കാശിയിലെ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗംഗാ മാതാവ് എന്നെ വിളിച്ചതായി ഞാൻ പറഞ്ഞിരുന്നു . ഇത് കേവലം ഒരു ചിന്തയല്ല, മറിച്ച് നമ്മുടെ പുണ്യനദികളുടെ ശുചിത്വത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ആഹ്വാനമായിരുന്നു. പ്രയാഗ്‌രാജിലെ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് നിൽക്കുമ്പോൾ, എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തമായി. നമ്മുടെ നദികളുടെ ശുചിത്വം നമ്മുടെ സ്വന്തം ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ചെറുതോ വലുതോ ആയ നദികളെ ജീവദായിനിയായ അമ്മമാരായി ആഘോഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ നദികളുടെ ശുചിത്വത്തിനായി പ്രവർത്തിക്കാൻ ഈ മഹാകുംഭമേള നമ്മെ പ്രചോദിപ്പിച്ചു.

ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. നമ്മുടെ പ്രാർത്ഥനകളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാൻ ഗംഗാ മാതാവിനോടും യമുന മാതാവിനോടും സരസ്വതിയോടും പ്രാർത്ഥിക്കുന്നു. ജനത ജനാർദ്ദനനെ- ജനങ്ങളെ- ദൈവികതയുടെ ഒരു മൂർത്തീഭാവമായിട്ടാണ് ഞാൻ കാണുന്നത്. അവരെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ജനങ്ങളോടും ക്ഷമ തേടുന്നു.

കോടിക്കണക്കിന് ജനങ്ങൾ ഭക്തിയോടെയാണ് മഹാകുംഭത്തിൽ എത്തിയത്. അവർക്ക് സേവനങ്ങൾ നൽകുക എന്നത് അതേ ഭക്തിയോടെ നിർവഹിക്കപ്പെട്ട ഒരു ഉത്തരവാദിത്വമായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, യോഗി ജിയുടെ നേതൃത്വത്തിൽ ഭരണകൂടവും ജനങ്ങളും ഒരുമിച്ച് ഐക്യത്തിന്റെ ഈ മഹാകുംഭ് വിജയകരമാക്കാൻ പ്രവർത്തിച്ചുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാനമായാലും കേന്ദ്രമായാലും അധികാര കേന്ദ്രങ്ങളോ ഭരണാധികാരികളോ ഉണ്ടായിരുന്നില്ല. പകരം എല്ലാവരും സേവകരായിരുന്നു. ശുചിത്വ തൊഴിലാളികൾ, പോലീസ്, ബോട്ട് ഡ്രൈവർമാർ, ഡ്രൈവർമാർ, ഭക്ഷണം വിളമ്പുന്നവർ - എല്ലാവരും അക്ഷീണം പ്രവർത്തിച്ചു. നിരവധി അസൗകര്യങ്ങൾ നേരിട്ടിട്ടും പ്രയാഗ്‌രാജിലെ ജനങ്ങൾ തുറന്ന മനസ്സോടെ തീർത്ഥാടകരെ സ്വീകരിച്ച രീതി പ്രത്യേകിച്ചും പ്രചോദനാത്മകമായിരുന്നു. അവരോടും ഉത്തർപ്രദേശിലെ ജനങ്ങളോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.

നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയിൽ എനിക്ക് എപ്പോഴും അചഞ്ചലമായ ആത്മവിശ്വാസമുണ്ട്. ഈ മഹാകുംഭത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് എന്റെ ഈ ബോധ്യത്തെ പലമടങ്ങ് ശക്തിപ്പെടുത്തി.

140 കോടി ഇന്ത്യക്കാർ ഐക്യത്തിന്റെ മഹാകുംഭത്തെ ഒരു ആഗോള അവസരമാക്കി മാറ്റിയ രീതി വിസ്മയാവഹമാണ്. നമ്മുടെ ജനങ്ങളുടെ സമർപ്പണത്തിലും, ഭക്തിയിലും, പരിശ്രമത്തിലും ആവേശഭരിതനായി, 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ ശ്രീ സോമനാഥനെ ഞാൻ ഉടൻ സന്ദർശിക്കും. ഈ കൂട്ടായ ദേശീയ പരിശ്രമങ്ങളുടെ ഫലം ഭഗവാന് സമർപ്പിക്കുകയും ഓരോ ഇന്ത്യക്കാരനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും.

മഹാ കുംഭത്തിന്റെ ഭൗതിക രൂപത്തിന് മഹാശിവരാത്രിയിൽ വിജയകരമായ പരിസമാപ്തിയായി. എന്നാൽ ഗംഗയുടെ നിത്യപ്രവാഹം പോലെ, മഹാകുംഭം ഉണർത്തിയ ആത്മീയ ശക്തി, ദേശീയബോധം, ഐക്യം എന്നിവ നമ്മെയും വരും തലമുറകളെയും എന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s manufacturing to rise 2.8x to $1.5 trn by 2035: Morgan Stanley

Media Coverage

India’s manufacturing to rise 2.8x to $1.5 trn by 2035: Morgan Stanley
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി സമർപ്പിച്ച ഒരു ജീവിതം
July 06, 2026

ദേശീയതയുടെയും നിസ്വാർഥ സേവനത്തിന്റെയും ആദർശങ്ങൾ നെഞ്ചേറ്റുന്ന ദശലക്ഷക്കണക്കിനു വ്യക്തികൾക്ക് ഇന്ന്, ജൂലൈ 6, സവിശേഷ ദിനമാണ്. ധീരതയുടെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും എക്കാലത്തെയും മികച്ച മാതൃകയായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം നാം ആചരിക്കുകയാണ്. ബൗദ്ധികത, പൊതുസേവനം, ധാർമിക ബോധം എന്നിവയുടെ സന്തുലിതമായ സങ്കലനം ഡോ. ശ്യാമപ്രസാദ് മുഖർജിയെപ്പോലെ ഇത്രയധികം ആഴത്തിൽ പ്രതിഫലിപ്പിച്ച നേതാക്കൾ ആധുനിക ഇന്ത്യയിൽ വളരെ ചുരുക്കമാണ്.

വളരെ എളുപ്പത്തിൽ സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഉറപ്പാക്കാമായിരുന്ന സാഹചര്യങ്ങളിലാണ് ശ്യാമപ്രസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സർ അശുതോഷ് മുഖർജി ആ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖരായ വിദ്യാഭ്യാസവിദഗ്ദ്ധരിലും ബുദ്ധിജീവികളിലുമൊരാളായിരുന്നു. വിധി അദ്ദേഹത്തിന് മുന്നിൽ സമ്പദ്സമൃദ്ധിയുടെ പാത തുറന്നിട്ടെങ്കിലും, അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ നയിച്ചത് ത്യാഗത്തിന്റെയും ദേശീയ സേവനത്തിന്റെയും വഴിയിലേക്കാണ്. കൊളോണിയലിസം, വർഗീയത, മാനുഷിക വെല്ലുവിളികൾ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളേതുമാകട്ടെ, തന്റെ കാലഘട്ടത്തിലെ അ‌ത്തരം വെല്ലുവിളികൾക്കു മുന്നിൽ നിശബ്ദ സാക്ഷിയായി തുടരാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഈ യാത്രയിലുടനീളം, തൻ്റെ പിഞ്ചുകുഞ്ഞിന്റെയും ഭാര്യയുടെയും വിയോഗം ഉൾപ്പെടെയുള്ള ആഴത്തിലുള്ള വ്യക്തിപരമായ ദുരന്തങ്ങൾ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. എന്നിരുന്നാലും, ഈ ദുരന്തങ്ങൾ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ആഴത്തിലാക്കുകയും സേവനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്ക് കൂടുതൽ കരുത്ത് പകരുകയുമാണുണ്ടായത്.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പൊതുജീവിതത്തെ നിർവചിച്ച ഏതെങ്കിലും ആദർശം ഉണ്ടെങ്കിൽ, അത് ഇന്ത്യയുടെ അവിഭാജ്യതയായിരുന്നു. പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ വിഭജനത്തിന്റെ അശാന്തി നിറഞ്ഞ നാളുകളിൽ അദ്ദേഹം ഉറച്ചുനിന്നു. ഏതാനും വർഷങ്ങൾക്കുശേഷം, ഇതേ ദൃഢവിശ്വാസമാണ് അദ്ദേഹത്തെ ജമ്മു കശ്മീരിലേക്ക് ആകർഷിച്ചതും. തടവുശിക്ഷ അദ്ദേഹത്തെ തളർത്തിയില്ല; ഒറ്റപ്പെടുത്തൽ അദ്ദേഹത്തെ ദുർബലനാക്കിയതുമില്ല. താൻ ആർക്കുവേണ്ടിയാണോ നിലകൊണ്ടത്, ആ ദശലക്ഷക്കണക്കിന് ജനങ്ങളിൽ നിന്നും അകലെ, തടവിലിരിക്കെയാണ് അദ്ദേഹത്തിന്റെ ജീവിതം പെട്ടെന്ന് അവസാനിച്ചത്. ചരിത്രത്തിൽ ചില നിമിഷങ്ങളുണ്ട്, അവിടെ ഒരു വ്യക്തിയുടെ അന്തിമ ത്യാഗം രാഷ്ട്രീയത്തിന് അതീതമായി ദേശീയ സ്മൃതിയുടെ ഭാഗമായി മാറുന്നു. ഡോ. മുഖർജിയുടെ അവസാന യാത്ര അങ്ങനെയൊരു നിമിഷമായി അവശേഷിക്കുന്നു. താൻ വിശ്വസിച്ച ലക്ഷ്യത്തിനുവേണ്ടിയാണ് ഡോ. മുഖർജി സ്വയം ബലിനൽകിയതെന്ന് ആചാര്യ വിനോബ ഭാവെ പറയുകയുണ്ടായി. വർഷങ്ങൾക്കുശേഷം, 2019-ൽ 370, 35(എ) വകുപ്പുകൾ റദ്ദാക്കിയത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് നൽകിയ ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയായിരുന്നു.

ഡോ. മുഖർജി ഇന്ത്യക്കും ഇന്ത്യൻ മൂല്യങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകിയത്. അക്കാലത്തെ പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിച്ച്, സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും സംവിധാനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്താണ് അദ്ദേഹം ഇത് സാധ്യമാക്കിയത്. കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി അദ്ദേഹം മാറി. തനതായ ശൈലിയിലൂടെ, ദേശസ്‌നേഹപരവും ഭാവിയിലേക്കുള്ളതുമായ മികച്ച മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. ഒരു വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. മുഖർജി പറഞ്ഞതിങ്ങനെയാണ്: “വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ലർക്കുമാരെയും കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരെയും ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായി കാണുന്നത് തെറ്റാണ്. മുൻസിപ്പൽ കോർപ്പറേഷനുകൾ, പ്രൊവിൻഷ്യൽ-സെൻട്രൽ നിയമനിർമാണസഭകൾ തുടങ്ങിയ നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രാപ്തരായതും അതുപോലെ സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകൾ ഉൾപ്പെടെയുള്ള ജീവിതത്തിന്റെ വിവിധ മേഖലകളിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ശേഷിയുള്ളതുമായ വിദ്യാർഥികളെയാണ് നാം വാർത്തെടുക്കേണ്ടത്.”

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൽക്കട്ട സർവകലാശാല ലൈബ്രറി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശാസ്ത്ര ഗവേഷണങ്ങൾക്ക് ഊർജം പകരൽ, പുരാവസ്തു പഠനത്തെ പ്രോത്സാഹിപ്പിക്കൽ, കൃഷി ശാസ്ത്രത്തിൽ കോഴ്സുകൾ ആരംഭിക്കൽ തുടങ്ങി സവിശേഷമായ നിരവധി ശ്രമങ്ങൾക്കു തുടക്കം കുറിച്ചു. കായികം, അധ്യാപക പരിശീലനം, വിദ്യാർഥിക്ഷേമം തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം ശ്രദ്ധ ആകർഷിച്ചു. വിദ്യാർഥികളിലും പൂർവവിദ്യാർഥികളിലും അഭിമാനബോധം വളർത്തുന്നതിനായി, ജനുവരി 24 സർവകലാശാലയുടെ സ്ഥാപക ദിനമായി ആചരിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടു. സർവകലാശാലയ്ക്കായി ഗാനം രചിക്കാൻ മറ്റാരെയുമല്ല, ഗുരുദേവ് ടാഗോറിനെയാണ് അ‌ദ്ദേഹം ചുമതലപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന്റെ മറ്റൊരുദാഹരണം ജീവിതത്തിന്റെ പിൽക്കാലത്ത് ഭാരതീയ ജനസംഘം രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ കാണാൻ കഴിയും. കോൺഗ്രസ് പാർട്ടി സർവവ്യാപിയായിരുന്ന കാലഘട്ടത്തിൽ, നമ്മുടെ സാംസ്കാരിക വേരുകളോട് ചേർന്നുനിൽക്കുന്നതോടൊപ്പം ഇന്ത്യയുടെ പുരോഗതിക്കായി സംസാരിക്കാൻ ബദൽ ശബ്ദം ഉയരേണ്ടത് ഏറെ അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നി. പാർട്ടിയുടെ ചിഹ്നം മൺവിളക്കായ 'ദിയ' ആയത് ഒരുപക്ഷേ തികച്ചും അനുയോജ്യമായിരുന്നു. ഒരൊറ്റ വിളക്ക് ചെറുതാണെന്ന് തോന്നാമെങ്കിലും, അതിന് ചുറ്റുമുള്ള ഇരുളിനെ അകറ്റാനുള്ള വലിയ ശേഷി അ‌തിനുണ്ട്. ജനസംഘം സജീവമായിരുന്ന കാലത്തും അതിനുശേഷവും ചെയ്തത് കൃത്യമായി ഇതുതന്നെയായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ വ്യവസായ-വിതരണ മന്ത്രിയെന്ന നിലയിലുള്ള ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ കാലാവധി, വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എത്രത്തോളം സമഗ്രവും മാനുഷികവുമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രത്തിന് അന്തസ്സും അവസരങ്ങളും ആത്മവിശ്വാസവും തിരികെ നൽകാനുള്ള മാർഗമായാണ് അദ്ദേഹം വ്യവസായത്തെ വീക്ഷിച്ചത്. സമ്പത്ത് സൃഷ്ടിക്കുന്നതിനെയും മൂല്യവർധനയെയും അദ്ദേഹം ബഹുമാനിച്ചു. ദാമോദർ വാലി കോർപ്പറേഷൻ, സിന്ദ്രി രാസവള പ്ലാന്റ്, ശക്തമായ വ്യവസായ നയം തുടങ്ങിയ വഴികാട്ടിയായ ഉദ്യമങ്ങളിലൂടെ ആധുനിക വ്യവസായ ഇന്ത്യയുടെ അടിത്തറയിടുമ്പോൾ തന്നെ, ഇന്ത്യയുടെ പരമ്പരാഗതശേഷികൾ അവഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. കൈത്തറി, കുടിൽ വ്യവസായങ്ങൾ, കരകൗശല വിദഗ്ദ്ധർ, വസ്ത്രവ്യാപാര തൊഴിലാളികൾ എന്നിവർക്കെല്ലാം ഒരുപോലെ പ്രതിജ്ഞാബദ്ധനായ സംരക്ഷകനെയാണ് അദ്ദേഹത്തിലൂടെ ലഭിച്ചത്.

ഇവിടെ, എന്റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വയംപര്യാപ്തതയെക്കുറിച്ചുള്ള വ്യക്തമായ ദർശനത്തോടെ ഡോ. മുഖർജി സ്ഥാപിക്കാൻ പ്രയത്നിച്ച സിന്ദ്രി പ്ലാന്റ്, പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവർ അവഗണിക്കുകയാണുണ്ടായത്. അതിന്റെ പുനരുജ്ജീവനത്തിൽ സംഭാവന നൽകാൻ ഞങ്ങളുടെ ഗവണ്മെന്റിന് അവസരം ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് തീർച്ചയായും ഏറ്റവും സവിശേഷമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം സംവാദങ്ങളെയും ചർച്ചകളെയും പണ്ടുമുതലേ ആഘോഷമാക്കിയിട്ടുള്ളതാണ്. ഡോ. മുഖർജി ഈ ജനാധിപത്യ മനോഭാവം ഉൾക്കൊണ്ട വ്യക്തിയായിരുന്നു. ആദ്യകാലങ്ങളിലെ രാഷ്ട്രനിർമാണ ദൗത്യം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്ക് അതീതമാണെന്ന് വിശ്വസിച്ച അ‌ദ്ദേഹം പണ്ഡിറ്റ് നെഹ്റുവിന്റെ മന്ത്രിസഭയിൽ ചേർന്നു. ആത്മാർഥതയോടും ക്രിയാത്മകമായ ചിന്താഗതിയോടും കൂടി അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ വ്യത്യസ്തമായ പാത ആവശ്യമാണെന്ന് തോന്നിയപ്പോൾ, അദ്ദേഹം അന്തസ്സോടെ പദവി ഒഴിഞ്ഞു; രാജ്യം ആവശ്യപ്പെടുന്നു എന്ന് അദ്ദേഹം വിശ്വസിച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി പൂർണഹൃദയത്തോടെ സ്വയം സമർപ്പിച്ചു.

75 വർഷം മുമ്പ്, പണ്ഡിറ്റ് നെഹ്റു കൊണ്ടുവന്ന ഒന്നാം ഭേദഗതി ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമായിരുന്നു. ഡോ. മുഖർജി അതിന്റെ ഏറ്റവും ശക്തരായ വിമർശകരിൽ ഒരാളായിരുന്നു. കോൺഗ്രസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പൂർണമായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആ ധാരണ ശരിയാണെന്ന് തെളിയുകയും ചെയ്തു. 75 വർഷം മുമ്പ് ഒന്നാം ഭേദഗതി കൊണ്ടുവന്നവർ തന്നെയാണ് 1975-ൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതും 50 വർഷങ്ങൾക്ക് മുമ്പ് ഉദാര ജനാധിപത്യ മൂല്യങ്ങളുടെ അന്തസ്സത്തയെ വീണ്ടും തകിടം മറിച്ച 42-ാം ഭേദഗതി നിയമം കൊണ്ടുവന്നതും.

ഡോ. മുഖർജി അദ്ദേഹത്തിന്റെ മാനുഷിക പരിഗണനകളാലുള്ള പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധേയനായിരുന്നു. 1943-ൽ ബംഗാളിൽ ഏറ്റവും ദാരുണമായ ക്ഷാമമുണ്ടായപ്പോൾ ദുരിതബാധിതരെ സേവിക്കുന്നതിനായി ഡോ. മുഖർജി പൂർണമായും മുഴുകി. ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി നിരവധി ഭക്ഷണവിതരണകേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. ഒരു വശത്ത്, സ്വന്തം ജനങ്ങളുടെ ദുരവസ്ഥ അദ്ദേഹത്തെ ആഴത്തിൽ ഉലച്ചപ്പോൾ, മറുവശത്ത് കൊളോണിയൽ ഭരണാധികാരികളുടെ അനാസ്ഥയോട് അദ്ദേഹത്തിന് കടുത്ത വിമുഖത തോന്നി. തന്റെ ആത്മസംഘർഷങ്ങൾ പ്രകടിപ്പിച്ച്, 'പഞ്ചാഷേർ മന്വന്തർ' എന്നൊരു പുസ്തകം പോലും അദ്ദേഹം എഴുതുകയുണ്ടായി. 1942-ൽ മേദിനിപുരിൽ അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ, ജനജീവിതം സാധാരണ നിലയിലാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെട്ടു.

കൊൽക്കത്തയിലെ ഒരു കോളേജിൽ സംസാരിക്കവെ ഡോ. മുഖർജി യുവാക്കളോട് ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്: “നിങ്ങൾ ഏത് ജോലി ഏറ്റെടുത്താലും അത് ഗൗരവത്തോടെയും പൂർണതയോടെയും ഭംഗിയായും ചെയ്യുക; അത് ഒരിക്കലും പകുതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഏറ്റവും മികച്ച സംഭാവന നൽകിയെന്ന് ഉറപ്പാകുന്നതുവരെ നിങ്ങൾക്ക് ഒരിക്കലും സംതൃപ്തി തോന്നരുത്.” വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, അദ്ദേഹം അത്രമേൽ ആഴത്തിൽ വിശ്വസിച്ചിരുന്ന കരുത്തുറ്റതും അവിഭാജ്യവും ആത്മവിശ്വാസമുള്ളതും കാരുണ്യമുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ഓരോ ദിവസവും പരിശ്രമിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നൽകുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലി. ഇന്നത്തെ യുവാക്കളെ എനിക്കറിയാം, അവർ ഈ അവസരത്തിനൊത്തുയർന്ന് കൃത്യമായി അതു ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.