ഇന്ത്യയുടെ കയറ്റുമതി അതിവേഗം കുതിച്ചുയരുകയാണെന്നും ഇന്ത്യ ഇപ്പോൾ നിർത്തില്ലെന്ന് ലോകം പറയുന്നുണ്ടെന്നും 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് സംസാരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ലോക റേറ്റിംഗ് ഏജൻസികൾ ഇന്ത്യയെ പുകഴ്ത്തുകയാണെന്നും കൊറോണയ്ക്ക് ശേഷമുള്ള പുതിയ ലോകക്രമത്തിൽ ഇന്ത്യക്കാരുടെ കഴിവ് അംഗീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള വിതരണ ശൃംഖല താറുമാറായ ഒരു സമയത്ത്, മനുഷ്യന്റെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മാത്രമേ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയൂ എന്ന് ഞങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു, അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറിയെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാണെന്നും, അതിന് സ്ഥിരത പ്രദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ യുവാക്കൾ രാജ്യത്തെ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിൽ എത്തിച്ചിരിക്കുകയാണെന്ന് സ്റ്റാർട്ടപ്പുകളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ യുവജ നങ്ങൾ ഈ വികസനത്തിൽ അദ്ഭുതപ്പെടുന്നുവെന്നും ഇന്ത്യൻ യുവതയുടെ കഴിവ് കണ്ട് അദ്ഭുതപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ ലോകം സാങ്കേതികവിദ്യാധിഷ്ഠിതമാണ്, സാങ്കേതികവിദ്യയിൽ ഇന്ത്യക്കുള്ള കഴിവ് കണക്കിലെടുക്കുമ്പോൾ, ലോകത്ത് നമുക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. ഏറ്റവും വികസിത രാജ്യങ്ങളിലെ ലോക നേതാക്കൾ ഡിജിറ്റൽ ഇന്ത്യയുടെ വിജയം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ സംരംഭങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.