ഭാരതത്തിന്റെ സിവിൽ ന്യൂക്ലിയർ പ്രോഗ്രാം, കൃഷിക്കാർ മുതൽ ആധുനിക നൂതനാശയവിദ​ഗ്ധ‍ർ വരെയുള്ള എല്ലാവരെയും വളരെയധികം സഹായിച്ചിട്ടുണ്ട്: പ്രധാനമന്ത്രി മോദി
തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ക്രിട്ടിസിറ്റി നേടിയതോടെ നമ്മുടെ ആണവ ശാസ്ത്രജ്ഞർ മറ്റൊരു പ്രധാന നേട്ടത്തിലൂടെ ഇന്ത്യയുടെ അഭിമാനം വർദ്ധിപ്പിച്ചു: പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ ആണവ പദ്ധതിക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു: പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ കാറ്റാടി ഊർജ്ജ ഉൽപ്പാദന ശേഷി ഇപ്പോൾ 56 ജിഗാവാട്ട് കവിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം ഏകദേശം 6 ജിഗാവാട്ട് പുതിയ ശേഷി ചേർത്തു: പ്രധാനമന്ത്രി മോദി
ലോകം ഇന്ന് കടന്നുപോകുന്ന സംഘർഷങ്ങൾക്ക് ഇടയിൽ, ബുദ്ധന്റെ പഠിപ്പിക്കലുകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു: പ്രധാനമന്ത്രി മോദി
ഈ വർഷത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും വളരെ അവിസ്മരണീയമായിരുന്നു. വ്യോമസേന, കരസേന, നാവികസേന, സിഎപിഎഫ് ബാൻഡുകൾ മികച്ച പ്രകടനങ്ങൾ നടത്തി: പ്രധാനമന്ത്രി മോദി
ആദ്യമായി, ബീറ്റിംഗ് റിട്രീറ്റിന്റെ സംഗീതം WAVES OTT യിലും ലഭ്യമാണ്: പ്രധാനമന്ത്രി മോദി
നമ്മൾ പ്രകൃതിയെ മനസ്സിലാക്കുകയും അതിനെ ബഹുമാനിക്കുകയും അതിനോട് ഇണങ്ങി ജീവിക്കുകയും ചെയ്യുമ്പോൾ, മാറ്റം വ്യക്തമായി കാണാം: പ്രധാനമന്ത്രി മോദി
ഇന്ന്, വടക്കുകിഴക്കൻ മേഖലയിലുടനീളം മുള മേഖല അഭിവൃദ്ധി പ്രാപിക്കുന്നു. ആളുകൾ നിരന്തരം നവീകരിക്കുകയും അതിന് മൂല്യം നൽകുകയും ചെയ്യുന്നു: പ്രധാനമന്ത്രി മോദി
www.abhilekh-patal.in സന്ദർശിക്കാൻ ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇത് നിങ്ങൾക്ക് ചരിത്രവുമായി ബന്ധപ്പെട്ട വിസ്മയങ്ങൾ നൽകും: പ്രധാനമന്ത്രി മോദി
എല്ലാ വർഷവും രാജ്യത്തുടനീളമുള്ള ഏകദേശം 6 ലക്ഷം വിദ്യാർത്ഥികൾ ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാമിൽ പങ്കെടുക്കുന്നു: പ്രധാനമന്ത്രി മോദി
ദേശീയ സെൻസസ് വെറുമൊരു സർക്കാർ കടമയല്ല. അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്: പ്രധാനമന്ത്രി മോദി
ഇന്ന്, ഇന്ത്യൻ ചീസ് ആഗോളതലത്തിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നു. പ്രഭാതഭക്ഷണമായാലും, ഉച്ചഭക്ഷണമായാലും, അത്താഴമായാലും ഇന്ത്യയുടെ രുചി ലോകത്തിന്റെ എല്ലാ പാത്രങ്ങളിലും എത്തുന്നു: പ്രധാനമന്ത്രി മോദി
ഏതാനും ദിവസങ്ങൾക്കുള്ളിൽ, മെയ് 9 ന്, പോച്ചിശെ ബോയ്ശാഖി’ന്റെ വേളയിൽ, ഗുരുദേവ് ​​ടാഗോറിന്റെ ജന്മവാർഷികം നമ്മൾ ആഘോഷിക്കും: പ്രധാനമന്ത്രി മോദി

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്തിന്റെ' മറ്റൊരു എപ്പിസോഡിൽ നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരക്കിലായിരിക്കുമ്പോഴും, നിങ്ങളുടെ കത്തുകളിലൂടെയും സന്ദേശങ്ങളിലൂടെയും, രാജ്യത്തിന്റെയും പൗരന്മാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള സന്തോഷങ്ങൾ നമ്മൾ പരസ്പരം പങ്കിട്ടു. ഇത്തവണ, രാജ്യത്തിന്റെ അത്തരമൊരു സുപ്രധാന നേട്ടത്തോടെ നമുക്ക് 'മൻ കി ബാത്ത്' ആരംഭിക്കാം.

സുഹൃത്തുക്കളേ, ഭാരതം എല്ലായ്പ്പോഴും ശാസ്ത്രത്തെ രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധിപ്പിച്ചാണ് കാണുന്നത്. ഇതേ ചിന്തയോടെയാണ്, നമ്മുടെ ശാസ്ത്രജ്ഞർ സിവിൽ ന്യൂക്ലിയർ പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകുന്നത്. അവരുടെ ശ്രമങ്ങൾ രാഷ്ട്രനിർമ്മാണത്തിന് ഗണ്യമായ സംഭാവന നൽകുന്നു. ഇത് നമ്മുടെ വ്യാവസായിക മേഖലയുടെ വള‍ർച്ചയ്ക്കും ഊ‍ർജ മേഖലയ്ക്കും ആരോ​ഗ്യമേഖലയ്ക്കും വളരെ ഗുണം ചെയ്തിട്ടുണ്ട്. ഭാരതത്തിന്റെ സിവിൽ ന്യൂക്ലിയർ പ്രോഗ്രാം, കൃഷിക്കാർ മുതൽ ആധുനിക നൂതനാശയവിദ​ഗ്ധ‍ർ വരെയുള്ള എല്ലാവരെയും വളരെയധികം സഹായിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നമ്മുടെ  ന്യൂക്ലിയർ ശാസ്ത്രജ്ഞർ മറ്റൊരു പ്രധാന നേട്ടത്തിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു. തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ക്രിട്ടിക്കാലിറ്റി കൈവരിച്ചിരിക്കുന്നു. ക്രിട്ടിക്കാലിറ്റി ഒരു സ്റ്റേജാണ്. ഇതിൽ ഒരു റിയാക്ടർ ആദ്യമായി സെൽഫ് സസ്റ്റെയിനിം​ഗ് ന്യൂക്ലിയർ‌ ചെയിൻ റിയാക്ഷനിൽ വിജയം കൈവരിക്കുന്നു. ഇത് അർത്ഥമാക്കുന്നത് റിയാക്ടർ ഓപ്പറേഷൻ ഫേസിലെത്തി എന്നാണ്. ഭാരതത്തിന്റെ ആണവോ‍ർജ്ജ യാത്രയിലെ ഒരു നാഴികക്കല്ലാണിത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആണവ റിയാക്ടർ പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ്.

സുഹൃത്തുക്കളേ, ഇതിനെ ബ്രീഡർ റിയാക്ടർ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്? അതിന് പിന്നിലും ഒരു കാരണമുണ്ട്. ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനു പുറമേ, ഭാവിയിലേക്ക് പുതിയ ഇന്ധനം ഉൽപ്പാദിപ്പിക്കുകയും കൂടി ചെയ്യുന്ന ഒരു സംവിധാനമാണിത്. സുഹൃത്തുക്കളേ, 2024 മാർച്ചിൽ കൽപ്പാക്കത്ത് റിയാക്ടറിന്റെ കോർ ലോഡിംഗ് കണ്ട സമയം, ഞാൻ ഓർക്കുന്നു. ഭാരതത്തിന്റെ ആണവ പദ്ധതിക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ നാട്ടുകാരുടെ ജീവിതം മികച്ചതും ലളിതവുമാക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾ വളരെ പ്രശംസനീയമാണ്. ഇത് ഒരു വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് പുതിയ ഊർജ്ജം നൽകും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് 'മൻ കി ബാത്ത്' ൽ, അദൃശ്യമായ ഒരു ശക്തിയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇതില്ലാതെ നമ്മുടെ ജീവിതത്തിന് ഒരു നിമിഷം പോലും നിലനിൽക്കാൻ കഴിയില്ല. ഈ ശക്തി ഭാരതത്തെ മുന്നോട്ട് നയിക്കുന്നു. അത് കാറ്റിന്റെ ശക്തിയാണ്. നമ്മുടെ പുരാതന ഗ്രന്ഥങ്ങൾ പറയുന്നു -
'വായുർവ ഇതി വ്യഷ്ടി:, വായുരവൈ സമഷ്ടി:'

അതായത്, വായു ഒരു ഘടകം മാത്രമല്ല; അത് ജീവന്റെ ഊർജ്ജമാണ്, അത് പ്രപഞ്ചത്തിന്റെ ശക്തിയാണ്.

സുഹൃത്തുക്കളേ, ഇന്ന് കാറ്റിന്റെ ശക്തി ഭാരതത്തിന്റെ വികസനത്തിൽ ഒരു പുതിയ കഥ എഴുതുകയാണ്. ഭാരതം അടുത്തിടെ പവനോർജ മേഖലയിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഇപ്പോൾ ഭാരതത്തിന്റെ വിൻഡ് എനർജി ജനറേഷൻ കപ്പാസിറ്റി 56 ഗിഗാവാട്ട് കവിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം ഏകദേശം 6 ഗിഗാവാട്ട് പുതിയ ശേഷി കൂട്ടിചേർത്തു. വിൻഡ് എനർജിയിൽ ഭാരതം അതിവേഗം പുരോഗമിക്കുകയാണ്, ലോകം നമ്മളെ ഉറ്റുനോക്കുന്നു. സുഹൃത്തുക്കളേ, ഇന്ന് ഭാരതം വിൻഡ് എനർജി കപ്പാസിറ്റിയിൽ ലോകത്ത് നാലാം സ്ഥാനത്താണ്. ഇത് നമ്മുടെ എഞ്ചിനീയർമാരുടെ കഠിനാധ്വാനവും, നമ്മുടെ യുവാക്കളുടെ പരിശ്രമവും, നമ്മുടെ രാഷ്ട്രത്തിന്റെ കൂട്ടായ ഇച്ഛാശക്തിയുടെ പ്രതീകവുമാണ്.

സുഹൃത്തുക്കളേ, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങൾ ഈ മേഖലയിൽ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരുകാലത്ത് മരുഭൂമി മാത്രമായിരുന്ന ഗുജറാത്തിലെ കച്ച്, പാടൻ, ബനാസ്‌കാംഠ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോൾ വലിയ പുനരുപയോ​ഗ ഊർജ പാ‍ർക്കുകൾ നി‍ർമിച്ചുവരുന്നു. യുവാക്കൾക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിക്കുന്നു, പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു, പുതിയ നൈപുണ്യങ്ങൾ വികസിക്കുന്നു, പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നു.

സുഹൃത്തുക്കളേ, സൗരോർജ്ജവും പവനോർജ്ജവും ഭാരതത്തിന്റെ വികസനത്തിന് അത്യാവശ്യമാണ്. ഇത് പരിസ്ഥിതിയുടെ കാര്യം മാത്രമല്ല - നമ്മുടെ ഭാവിയുടെ സുരക്ഷയാണ്. ഇതിൽ നമുക്കെല്ലാവർക്കും പങ്കുണ്ട്. നാം വൈദ്യുതി സംരക്ഷിക്കുകയും ശു​ദ്ധ ഊർജം സ്വീകരിക്കുകയും വേണം. അത്തരം ശ്രമങ്ങൾ രാജ്യത്തെ എല്ലാ തലങ്ങളിലും അനിവാര്യമാണ്, കാരണം അവ കാര്യമായ മാറ്റം കൊണ്ടുവരുന്നു.

സുഹൃത്തുക്കളേ, മെയ് മാസം ഒരു പവിത്രമായ ആഘോഷത്തോടെ ആരംഭിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, നമ്മൾ ബുദ്ധപൂർണ്ണിമ ആഘോഷിക്കും. എന്റെ എല്ലാ സഹപൗരന്മാർക്കും ഞാൻ എന്റെ ആശംസകൾ ഇപ്പോഴേ നേരുന്നു. ഭഗവാൻ ഗൗതമബുദ്ധന്റെ ജീവിത സന്ദേശം ഇന്നും, എന്നത്തേയും പോലെ പ്രസക്തമാണ്. സമാധാനം നമ്മിൽ നിന്നാണ് ആരംഭിക്കുന്നതെന്നും, ആത്മജയമാണ് ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ഇന്ന് ലോകം നേരിടുന്ന സമ്മർദ്ദങ്ങളും സംഘർഷങ്ങളും കണക്കിലെടുക്കുമ്പോൾ, ബുദ്ധന്റെ ചിന്തകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

സുഹൃത്തുക്കളേ, തെക്കേ അമേരിക്കയിലെ ചിലിയിലുള്ള ഒരു സംഘടന, ഭഗവാൻ ബുദ്ധന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ലഡാക്കിൽ ജനിച്ച, ഡ്രബ്പോൺ ഓത്ജർ റിൻപോച്ചെ (Drubpon Otzer Rinpoche) യുടെ മാർഗനിർദേശത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്. ധ്യാനത്തെയും കാരുണ്യത്തെയും ജനങ്ങളുടെ ജീവിതവുമായി ഈ സ്ഥാപനം ബന്ധിപ്പിക്കുകയാണ്. കോച്ചിഗുവാസ് (Cochiguaz) താഴ്‌വരയിൽ നിർമ്മിച്ച സ്തൂപം ആളുകൾക്ക് സമാധാനബോധം നൽകുന്നു. ഇത് കാണുന്നത് ശരിക്കും അഭിമാനകരമാണ്. ഭാരതത്തിന്റെഈ പുരാതനധാര വിദൂരലോകത്തിലേക്ക് എത്തുന്നു. വീദൂരദേശങ്ങളിൽ നിന്നുള്ളവരും ഇതിൽ പങ്കുചേരുന്നു.

സുഹൃത്തുക്കളേ, ബുദ്ധമത പാരമ്പര്യം നമ്മെപ്രകൃതിയുമായി ഇഴുകിച്ചേർന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ഭഗവാൻ ബുദ്ധൻ ഒരു മരച്ചുവട്ടിൽ ഇരുന്നാണ് ജ്ഞാനോദയം നേടിയത്. പ്രകൃതി നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. പ്രകൃതിയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഇത്തരം ശ്രമങ്ങൾ രാജ്യമെമ്പാടും നടക്കുന്നുണ്ട്. കർണാടകയിലെ കർമ മൊണാസ്ട്രി ഇതിനൊരു ഉത്തമ ഉദാഹരണമാണ്. 100 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു വനമാണ് ഈ ആശ്രമം. 700-ലധികം നാടൻ വൃക്ഷങ്ങൾ ഈ വനത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സുഹൃത്തുക്കളേ, ബുദ്ധന്റെ സന്ദേശം വെറും പഴങ്കഥയല്ല. അത് ഇന്ന് പ്രസക്തവും ഭാവിക്ക് അത്യന്താപേക്ഷിതവുമാണ്. ഈ ബുദ്ധപൂർണ്ണിമ ഒരു പ്രചോദനമാണ്. നമ്മുടെ ജീവിതത്തിൽ സമാധാനം വർദ്ധിപ്പിക്കാനും, അനുകമ്പ സ്വീകരിക്കാനും, ഒത്തൊരുമയോടെ മുന്നോട്ട് പോകാനും നമുക്ക് കഴിയട്ടെ.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് റിപ്പബ്ലിക് ദിനം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 മുതൽ ഗാന്ധിജിയുടെ ചരമവാർഷികമായ ജനുവരി 30 വരെ ആഘോഷിക്കുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ മഹോത്സവത്തിന്റെ ഒരു പ്രധാന ഭാഗം ബീറ്റിംഗ് റിട്രീറ്റ് ആണ്. ഇന്ന്, ഞാൻ നിങ്ങളുമായി ബീറ്റിംഗ് റിട്രീറ്റിനെക്കുറിച്ച് ചർച്ച ചെയ്യുന്നു, ഇതിന് പിന്നിൽ ഒരു പ്രത്യേക കാരണമുണ്ട്.

സുഹൃത്തുക്കളേ, വ്യത്യസ്ത ബാൻഡുകളുടെ വൈവിധ്യമാർന്ന സംഗീത പാരമ്പര്യങ്ങൾ ഈ ചടങ്ങിൽ പ്രദർശിപ്പിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഭാരതീയ സംഗീതത്തിന്റെ ഉൾപ്പെടുത്തൽ വർദ്ധിച്ചു, അത് രാജ്യത്തെ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട്. ഈ വർഷത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും വളരെ അവിസ്മരണീയമായിരുന്നു. വ്യോമസേന, കരസേന, നാവികസേന, സിഎപിഎഫ് എന്നിവയുടെ ബാൻഡുകൾ വളരെ മികച്ച പ്രകടനങ്ങൾ നടത്തി.

സുഹൃത്തുക്കളേ, മികച്ച സംഗീതവും ഉജ്ജ്വലമായ ഫോ‍ർമേഷനുകളും കൊണ്ട് ഈ പരിപാടി എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. വ്യോമസേനാ ബാൻഡുകൾ, സിന്ദൂർ ഫോർമേഷൻ സൃഷ്ടിച്ചു. നാവികസേനാ ബാൻഡ് മത്സ്യ യന്ത്ര ഫോ‍ർമേഷൻ സൃഷ്ടിച്ചു. വന്ദേമാതരത്തിന്റെ 150-ാംവാർഷികത്തെയും ക്രിക്കറ്റിലെ ഭാരതത്തിന്റെ വിജയത്തെയും കരസേനാ ബാൻഡ് പ്രദർശിപ്പിച്ചു.

സുഹൃത്തുക്കളേ, ബീറ്റിംഗ് റിട്രീറ്റിന് ശേഷം, ഈ കഠിനാധ്വാനവും നേട്ടവുമെല്ലാം ക്രമേണ മങ്ങിപ്പോകുമായിരുന്നു, പക്ഷേ ഇപ്പോൾ അത് പുനരുജ്ജീവിപ്പിക്കാൻ കാര്യമായ ശ്രമം നടന്നിട്ടുണ്ട്. ബീറ്റിംഗ് റിട്രീറ്റിന്റെ സംഗീതം ആദ്യമായി Waves OTTയിൽ ലഭ്യമാണ്. ഭാവിയിൽ, മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാകും - അത് നിങ്ങൾ കേൾക്കണം. നമ്മുടെ സായുധ സേനയെയും അവരുടെ പാരമ്പര്യങ്ങളെയും കുറിച്ച് നിങ്ങൾക്ക് വളരെ അഭിമാനമുണ്ടാകും.

സുഹൃത്തുക്കളേ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രകൃതി സംരക്ഷണത്തിന്റെ പ്രചോദനാത്മകമായ കഥകൾ ഉയർന്നുവന്നിട്ടുണ്ട്. ഈ കഥകൾ നമുക്ക് പ്രതീക്ഷ നൽകുന്നു, നമ്മളിൽ അഭിമാനം നിറയ്ക്കുന്നു. 'മൻ കി ബാത്ത്' ശ്രോതാക്കളുമായി ചില ഉദാഹരണങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അവ കേൾക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. ആദ്യം, റാൻ ഓഫ് കച്ചിനെക്കുറിച്ച് സംസാരിക്കാം. മഴ അവസാനിച്ചാലുടൻ, ഈ പ്രദേശം ജീവസ്സുറ്റതാകുന്നു. എല്ലാ വർഷവും ലക്ഷക്കണക്കിന് ഫ്ലമിംഗോകൾ ഇവിടെയെത്തുന്നു. മുഴുവൻ പ്രദേശവും പിങ്ക് നിറത്തിലാണ്, അതിനാൽ ഇവിടം 'ഫ്ലമിംഗോ സിറ്റി' എന്ന് വിളിക്കപ്പെടുന്നു. ഈ പക്ഷികൾ ഇവിടെ കൂടുണ്ടാക്കുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്നു. കച്ചിലെ ജനങ്ങൾ അവയെ "ലഖാജി കെ ബാരാതി" എന്ന് വിളിക്കുന്നു. ഇപ്പോൾ, ഈ ലക്ഷക്കണക്കിനുള്ള ബാരാതികൾ കച്ചിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ മനോഹരമായ പ്രതീകമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ, മറ്റൊരു കഥ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചാണ്. ഇത് ഉത്തർപ്രദേശിൽ നിന്നാണ്. ടെറായി മേഖലയിൽ, വിളവെടുപ്പ് സമയത്ത് ആനക്കൂട്ടങ്ങൾ ഗ്രാമങ്ങളിലേക്ക് വരുന്നു, ഇത് മനുഷ്യ-വന്യജീവി സംഘർഷ സാധ്യത വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, "ഗജ് മിത്ര" പോലുള്ള ശ്രമങ്ങൾ ഇപ്പോൾ ഉത്തർപ്രദേശിലും ആരംഭിച്ചിട്ടുണ്ട്. ആനകളെ നിരീക്ഷിക്കാൻ ഗ്രാമവാസികൾ ടീമുകൾ രൂപീകരിക്കുന്നു. അവർ യഥാസമയം താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇത് ഉത്കണ്ഠ കുറയ്ക്കുകയും പൊതുജനവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, മധ്യ ഭാരതത്തിൽ നിന്നും ഒരു സന്തോഷവാർത്തയുണ്ട്. ഛത്തീസ്ഗഡിൽ കൃഷ്ണമൃഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു, പക്ഷേ നിരന്തരമായ ശ്രമങ്ങൾ അവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചു. ഇന്ന്, അവ വീണ്ടും തുറസ്സായ സ്ഥലങ്ങളിൽ വിഹരിക്കുന്നത് കാണാം. ഇത് നമ്മുടെ നഷ്ടപ്പെട്ട പൈതൃകത്തിന്റെ തിരിച്ചുവരവാണ്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ സംരക്ഷണത്തിലും സമാനമായ പ്രതീക്ഷ ദൃശ്യമാണ്. ഈ പക്ഷി നമ്മുടെ മരുഭൂമി പ്രദേശങ്ങളുടെ ഒരു മുഖമുദ്രയായിരുന്നു. എന്നാൽ ഒരുകാലത്ത് അതിന്റെ എണ്ണം ഗണ്യമായി കുറഞ്ഞു. വംശനാശത്തിന്റെ വക്കിലെത്തിയതിനാൽ സ്ഥിതി വളരെ മോശമായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ സംരക്ഷണത്തിനായി ഒരു പ്രധാന പ്രചാരണം നടക്കുന്നു. ശാസ്ത്രീയ രീതികൾ സ്വീകരിക്കുന്നു. പ്രജനന കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുന്നു, പുന:രുജ്ജീവനത്തിന്റെ തുടക്കം ഇപ്പോൾ ദൃശ്യമാണ്.

സുഹൃത്തുക്കളേ, പ്രകൃതിയും മനുഷ്യരും വേറിട്ടതല്ല. നമ്മൾ പങ്കാളികളാണ്. നമ്മൾ പ്രകൃതിയെ മനസ്സിലാക്കുകയും, അതിനെ ബഹുമാനിക്കുകയും, അതിനോട് യോജിച്ച് ജീവിക്കുകയും ചെയ്യുമ്പോൾ, മാറ്റം വ്യക്തമായി കാണാം. ഇന്ന്, ഈ മാറ്റം രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഒരു പുതിയ പ്രതീക്ഷയായി ഉയർന്നുവരുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വടക്കുകിഴക്കൻ മേഖല നമുക്കെല്ലാവർക്കും അഷ്ടലക്ഷ്മിയാണ്. ഇവിടെ ധാരാളം സാധ്യതകളുണ്ട്, വടക്കുകിഴക്കിന്റെ പ്രകൃതി സൗന്ദര്യവും എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. 'മൻ കി ബാത്തിൽ', വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് നമ്മൾ പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട്. ഇന്ന്, അത്തരമൊരു നേട്ടത്തെക്കുറിച്ച് ഞാൻ പറയാം. മുളയുമായി ബന്ധപ്പെട്ട മേഖലകളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിജയം. സുഹൃത്തുക്കളേ, ഒരുകാലത്ത് ഒരു ഭാരമായി കണ്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ തൊഴിൽ, ബിസിനസ്സ്, നൂതനാശയം എന്നിവയ്ക്ക് പുതിയ പ്രചോദനം നൽകുന്നു. നമ്മുടെ അമ്മമാരും സഹോദരിമാരുമാണ് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. മുളയുടെ നിർവചനം മാറ്റുന്നതിലൂടെ എത്ര വലിയ മാറ്റമാണ് സംഭവിച്ചതെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. സുഹൃത്തുക്കളേ, ബ്രിട്ടീഷുകാർ നിർമ്മിച്ച നിയമമനുസരിച്ച്, മുള ഒരു മരമായി നിർവചിക്കപ്പെട്ടിരുന്നു, അതുമായി ബന്ധപ്പെട്ട നിയമങ്ങൾ വളരെ കർശനമായിരുന്നു. മുള കൊണ്ടുപോകുന്നത് നിയമപ്രകാരം വളരെ ബുദ്ധിമുട്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഇവിടുത്തെ ആളുകൾ മുളയുമായി ബന്ധപ്പെട്ട ബിസിനസുകളിൽ നിന്ന് അകന്ന് തുടങ്ങി. സുഹൃത്തുക്കളേ, 2017-ൽ നിയമം ഭേദഗതി ചെയ്തുകൊണ്ട്, മരങ്ങളുടെ വിഭാഗത്തിൽ നിന്ന് മുളയെ ഒഴിവാക്കി. അതിന്റെ ഫലങ്ങൾ എല്ലാവരുടെയും മുന്നിലുണ്ട്. ഇന്ന് വടക്കുകിഴക്കൻ മേഖല മുഴുവൻ മുളയുമായി ബന്ധപ്പെട്ട വിപണി തഴച്ചുവളരുകയാണ്. ആളുകൾ നിരന്തരം ഇന്നൊവേഷനിലൂടെ അതിന് മൂല്യവ‍ർദ്ധനവ് നടത്തിവരുന്നു.

സുഹൃത്തുക്കളേ, ത്രിപുരയിലെ ഗോമതി ജില്ലയിലെ ബിജോയ് സൂത്രധറിനെയും ദക്ഷിണ ത്രിപുരയിലെ പ്രദീപ് ചക്രവർത്തിയെയും കുറിച്ച് നമുക്ക് സംസാരിക്കാം. പുതിയ നിയമങ്ങളെ തങ്ങൾക്കുള്ള ഒരു വലിയ അവസരമായി അവർ കണ്ടു. അവർ തങ്ങളുടെ ജോലിയെ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചു. ഇന്ന്, അവർ മുമ്പത്തേക്കാളും മികച്ച ധാരാളം മുള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. നാഗാലാൻഡിലെ ദീമാപൂരിലും പരിസര പ്രദേശങ്ങളിലും, മുള അടിസ്ഥാനമാക്കിയുള്ള മൂല്യവർദ്ധിത ഭക്ഷ്യ ഉൽപന്നങ്ങൾ തയ്യാറാക്കുന്ന നിരവധി സ്വയംസഹായ സംഘങ്ങളുണ്ട്. മുള കൊണ്ടുള്ള ഫർണിച്ചറുകളുമായും കരകൗശല വസ്തുക്കളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖോറോളോ ക്രിയേറ്റീവ് ക്രാഫ്റ്റ് പോലുള്ള ടീമുകളുണ്ട്.

സുഹൃത്തുക്കളേ, മിസോറാമിലെ മാമിത് ജില്ലയിൽ, ബാംബു ടിഷ്യു കൾച്ചറിലും പോളി-ഹൗസ് മാനേജ്മെന്റിലും പ്രവർത്തിക്കുന്ന ടീമുകളുണ്ട്. സിക്കിമിലെ ഗാങ്‌ടോക്കിനടുത്തുള്ള ലഗാസ്റ്റൽ ബാംബൂ എന്റർപ്രൈസ് ടീമിനെക്കുറിച്ചും ഞാൻ അറിഞ്ഞു. അവർ മുളയിൽ നിന്ന് കരകൗശല വസ്തുക്കൾ, അഗർബത്തികൾ, ഫർണിച്ചറുകൾ, ഇന്റീരിയർ ഡെക്കർ ഇനങ്ങൾ എന്നിവ നിർമ്മിക്കുന്നു.

സുഹൃത്തുക്കളേ, ഞാൻ ഇവിടെ കുറച്ച് ഉദാഹരണങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. ഭാരതത്തിലെ മുളവിപണിയിലെ വിജയഗാഥകളുടെ പട്ടിക വളരെ നീണ്ടതാണ്. വടക്കുകിഴക്കൻ മേഖലയിൽ നിന്ന് ഏതെങ്കിലും മുള ഉൽപ്പന്നങ്ങൾ വാങ്ങാൻ ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് അത് മറ്റുള്ളവർക്ക് സമ്മാനമായി നൽകാം. മുള ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ അധ്വാനിക്കുന്നവരെ നിങ്ങളുടെ ഈ പ്രവൃത്തി പ്രോത്സാഹിപ്പിക്കും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായി മാറിയിരിക്കുന്നു. ഇന്ന്, നമ്മുടെ ഭൂതകാലത്തെ വർത്തമാനവുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ അത്ഭുതങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. അടുത്തകാലത്ത് ഈ ദിശയിലൊരു ഒരു വികസനം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകളും ചരിത്രത്തിൽ താൽപ്പര്യമുള്ളവരും വളരെ സന്തോഷത്തിലാണ്. സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ ഒരു പ്രത്യേക പോർട്ടലിൽ ഒരു സവിശേഷ ഡാറ്റാബേസ് പങ്കിട്ടു. ഈ സ്ഥാപനംവിലമതിക്കാനാവാത്ത 20 കോടിയിലധികം രേഖകൾ ഡിജിറ്റൈസ് ചെയ്യുകയും പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇവയിൽ ചിലത് വളരെ രസകരമാണ് - ഏഴാം നൂറ്റാണ്ടിലെ ഗിൽഗിത് കൈയെഴുത്തുപ്രതികൾ ഭുർജമരത്തിന്റെ തൊലിയിലാണ് എഴുതിയിരിക്കുന്നത്. എട്ടാം നൂറ്റാണ്ടിലെ കൌതുകമുണർത്തുന്ന ശ്രീ ഭുവാലയ എന്ന ഗ്രന്ഥവും ഇവിടെ കാണാം. സംഖ്യകളെ അടിസ്ഥാനമാക്കിയുള്ള ഈ ഗ്രന്ഥം ഒരു ഗ്രിഡിന്റെ രൂപത്തിലാണ്. റാണി ലക്ഷ്മിഭായിയുമായി ബന്ധപ്പെട്ട ചില പ്രധാന കത്തുകളും നിങ്ങൾക്ക് ഇവിടെ കാണാം. 1857-ൽ അവർ എടുത്ത ചില തീരുമാനങ്ങൾ ഇവ വെളിപ്പെടുത്തുന്നു, അത് അവരുടെ ധീരതയെ സ്പഷ്ടമാക്കുന്നു. നേതാജി സുഭാഷിന്റെ ആരാധകർക്ക്, നേതാജിയുടെ ജീവിതം, ആസാദ് ഹിന്ദ് ഫൗജ്, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഉണ്ട്. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുമായി ബന്ധപ്പെട്ട നിരവധി രേഖകളും നിങ്ങൾക്ക് കാണാം. ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപനവുമായും ഹിന്ദി സാഹിത്യ സമ്മേളനവുമായും ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട നിരവധി അതുല്യമായ രേഖകളും ഇവിടെ ലഭ്യമാണ്. www.abhilekh-patal.in സന്ദർശിക്കാൻ ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇത് നിങ്ങൾക്ക് ചരിത്രവുമായി ബന്ധപ്പെട്ട വിസ്മയങ്ങൾ നൽകും.

സുഹൃത്തുക്കളേ, നിങ്ങൾ ലോകമെമ്പാടുമുള്ള ഏറ്റവും കഴിവുള്ള ആളുകളുടെ നടുവിലാണ് എന്ന് സങ്കൽപ്പിക്കുക. നിങ്ങളുടെ മുന്നിൽ വളരെ ബുദ്ധിമുട്ടുള്ള ഗണിതശാസ്ത്ര പ്രശ്‌നങ്ങളുണ്ട്. അവ പരിഹരിക്കാൻ നിങ്ങൾക്കുള്ള സമയം - നാലര മണിക്കൂർ മാത്രം. അതായത് സമയം വളരെ പരിമിതമാണ്, മത്സരം അന്താരാഷ്ട്ര തലത്തിലുള്ളതും വളരെ കഠിനവുമാണ്. അത്തരമൊരു സാഹചര്യത്തിൽ പരിഭ്രാന്തി തോന്നുന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ ഇത്തരമൊരു അവസരത്തിൽ, നമ്മുടെ പെൺമക്കൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ മാസം ആദ്യം, ഫ്രാൻസിലെ ബോർഡോയിൽ യൂറോപ്യൻ ഗേൾസ് മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് നടന്നു. ഗണിതശാസ്ത്രത്തിൽ അതീവ താല്പര്യമുള്ള സ്കൂൾ വിദ്യാർത്ഥിനികൾക്കുള്ള ഒരു പ്രധാന മത്സരമായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും പ്രമുഖമായ മത്സരങ്ങളിൽ ഒന്ന്. ഈ ഒളിമ്പ്യാഡിൽ നമ്മുടെ പെൺമക്കൾ അവരുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ ടീമിനെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. മുംബൈയിൽ നിന്നുള്ള ശ്രേയ മുന്ധ്ട, തിരുവനന്തപുരത്ത് നിന്നുള്ള സഞ്ജന ചാക്കോ, ചെന്നൈയിൽ നിന്നുള്ള ശിവാനി ഭരത് കുമാർ, കൊൽക്കത്തയിൽ നിന്നുള്ള ശ്രീമോയി ബേര എന്നിവരായിരുന്നു അതിൽ ഉൾപ്പെട്ടിരുന്നത്. നമ്മുടെ ടീം ലോകത്ത് ആറാം സ്ഥാനത്തെത്തി. സ്വർണ്ണ മെഡൽ നേടി ശ്രേയ ചരിത്രം സൃഷ്ടിച്ചു, സഞ്ജന വെള്ളി മെഡൽ നേടി, ശിവാനി വെങ്കല മെഡൽ നേടി. സുഹൃത്തുക്കളേ, ഈ ഒളിമ്പ്യാഡിലേക്കുള്ള ഭാരതത്തിലെ സെലക്ഷൻ അത്യന്തം മത്സരാധിഷ്ഠിതമാണ്. മേഖല, സംസ്ഥാന, ദേശീയ തലങ്ങളിലെ വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിനികൾ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷനിൽ നടക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഗണിത പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നു. ഈ ക്യാമ്പിന്റെ അവസാനം ഒരു ടീം സെലക്ഷൻ ടെസ്റ്റ്, നടത്തുകയും അതിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, എല്ലാ വർഷവും, രാജ്യത്തുടനീളമുള്ള ഏകദേശം ആറ് ലക്ഷം വിദ്യാർത്ഥികൾ ഈ ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാമിൽ പങ്കെടുക്കുന്നു. ഈ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതായത് ഒളിമ്പ്യാഡ് സംസ്കാരം രാജ്യത്തിന്റെ പെൺമക്കൾക്കിടയിൽ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ് എന്നർത്ഥം. പ്രതിഭാധനരായ ഈ പെൺമക്കളെ പിന്തുണയ്ക്കുന്ന അവരുടെ മാതാപിതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാമ്പെയ്‌ൻ നടക്കുന്നുണ്ട്, അതിനെക്കുറിച്ച് ഓരോ ഭാരതീയനും അറിഞ്ഞിരിക്കണം. ഇതാണ് സെൻസസ് കാമ്പെയ്‌ൻ; ലോകത്തിലെ ഏറ്റവും വലിയ സെൻസസാണിത്. സുഹൃത്തുക്കളേ, ഈ പ്രക്രിയയിലൂടെ ഇതിനകം കടന്നുപോയവർക്ക്, ഇത്തവണ സെൻസസ് അനുഭവം വ്യത്യസ്തമായിരിക്കും. സെൻസസ് 2027, ഡിജിറ്റലാക്കിയിരിക്കുന്നു. എല്ലാ വിവരങ്ങളും നേരിട്ട് ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്തുന്നു. വീടുതോറുമെത്തുന്ന സെൻസസ് പ്രവർത്തകരുടെ പക്കൽ ഒരു മൊബൈൽ ആപ്പ് ഉണ്ട്. നിങ്ങളോട് സംസാരിച്ചതിന് ശേഷം അവർ അതിൽ വിവരങ്ങൾ രേഖപ്പെടുത്തും. സുഹൃത്തുക്കളേ, ഇത്തവണ സെൻസസിൽ നിങ്ങളുടെ പങ്കാളിത്തം എളുപ്പമാക്കിയിരിക്കുന്നു; നിങ്ങൾക്ക് സ്വയം നിങ്ങളുടെ വിവരങ്ങൾ നൽകാം. സെൻസസ് പ്രവർത്തകർ വരുന്നതിന് 15 ദിവസം മുമ്പ് ഈ സൗകര്യം നിങ്ങൾക്കായി തുറക്കും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വിവരങ്ങൾ നൽകാം. നിങ്ങൾ പ്രക്രിയ പൂർത്തിയാക്കുമ്പോൾ, നിങ്ങൾക്ക് ഒരു പ്രത്യേക ഐഡി ലഭിക്കും. ഈ ഐഡി നിങ്ങളുടെ മൊബൈലിലോ ഇമെയിലിലോആണ് വരുന്നത്. പിന്നീട്, സെൻസസ് പ്രവർത്തകർ നിങ്ങളുടെ വീട് സന്ദർശിക്കുമ്പോൾ, ഈ ഐഡി കാണിച്ചുകൊണ്ട് നിങ്ങൾക്ക് വിവരങ്ങൾ പരിശോധിക്കാൻ കഴിയും. ഇത് വീണ്ടും വിവരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഇത് സമയം ലാഭിക്കുകയും പ്രക്രിയ ലളിതമാക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളേ, സെൻസസ് പൂർത്തിയായ സംസ്ഥാനങ്ങളിൽ, സെൻസസ് പ്രവർത്തകർ വീടുകളുടെ പട്ടികയുണ്ടാക്കുന്ന നടപടി ആരംഭിച്ചു. ഇതുവരെ, ഏകദേശം ഒരു കോടി 20 ലക്ഷം കുടുംബങ്ങളുടെ, വീട് പട്ടികപ്പെടുത്തൽ പ്രക്രിയ പൂർത്തിയായി. സുഹൃത്തുക്കളേ, രാജ്യത്തിന്റെ സെൻസസ് ഒരു സർക്കാർ നടപടി മാത്രമല്ല. അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിങ്ങളുടെ പങ്കാളിത്തം നിർണായകമാണ്. നിങ്ങൾ നൽകുന്ന വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമാണ്. അവ രഹസ്യമായി സൂക്ഷിക്കുന്നതും ഡിജിറ്റൽ മാർഗ്ഗങ്ങളാൽ സംരക്ഷിക്കപ്പെടുന്നതുമാണ്. വരൂ, നമുക്ക് ഈ പ്രക്രിയയിൽ പങ്കെടുക്കാം. സെൻസസ് 2027 വിജയകരമാക്കൂ.

സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തിന്റെ ഭക്ഷണ പാരമ്പര്യം രുചിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഭാരതീയ ചീസ് ഈ പാരമ്പര്യത്തിന്റെ രസകരമായ ഒരു ഭാഗമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ ട്വീറ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചിരുന്നു. ബ്രസീലിൽ നടന്ന ഒരു അന്താരാഷ്ട്ര ചീസ് മത്സരത്തിൽ രണ്ട് ഇന്ത്യൻ ചീസ് ബ്രാൻഡുകൾക്ക് അവാർഡുകൾ ലഭിച്ചു. ഈ നേട്ടം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യൻ ചീസിന്റെ വൈവിധ്യവും ചർച്ച ചെയ്യണമെന്ന് പലരും എന്നോട് പറഞ്ഞു.

സുഹൃത്തുക്കളേ, ഭാരതത്തിന്റെ ക്ഷീര മേഖല ഗണ്യമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ മൂല്യവർദ്ധനവ് നമ്മുടെ പരമ്പരാഗത രുചികൾക്ക് ഒരു പുതിയ ഐഡന്റിറ്റി നൽകി. ഇന്ന്, ഇന്ത്യൻ ചീസ് ആഗോളതലത്തിൽ അതിന്റെ കീർത്തിമുദ്ര പതിപ്പിക്കുന്നു. പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ആകട്ടെ, ഭാരതത്തിന്റെ രുചി ലോകരാജ്യങ്ങളിലെ പ്ലേറ്റുകളിൽ എത്തുകയാണ്. ജമ്മു കശ്മീരിലെ കലാരി ചീസ് എടുക്കുക - ഇത് "കാശ്മീരിലെ മൊസറെല്ല" എന്നറിയപ്പെടുന്നു. ഗുജ്ജാർ-ബക്കർവാൾ സമുദായം തലമുറകളായി ഇത് ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നു. അതേസമയം, സിക്കിം, അരുണാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിൽ "ചുർപ്പി" വളരെ ജനപ്രിയമാണ്. മലനിരകളുടെ ലാളിത്യവും സൌമ്യതയും അതിന്റെ രുചിയിൽ പ്രകടമാണ്. ഈ ചീസിന്റെ പ്രത്യേകത ഇത് യാക്കിന്റെ പാലിൽ നിന്നാണ് നിർമ്മിക്കുന്നത് എന്നതാണ്.

സുഹൃത്തുക്കളേ, മഹാരാഷ്ട്രയിലും ഗുജറാത്തിലും, 'സുർത്തി ചീസ്' എന്ന് അറിയപ്പെടുന്ന 'ടോപ്ലി നു പനീറിന്' അതിന്റേതായ ഒരു പ്രത്യേക രുചിയുണ്ട്. ഞാൻ ഇവിടെ കുറച്ച് പേരുകൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂ, നമ്മുടെ രാജ്യത്ത് രുചികളുടെ ലോകം വളരെ വിശാലമാണ്. ഇന്ന്, ഈ രുചി പാരമ്പര്യം നവോന്മേഷം നേടുകയാണ്. നിരവധി ഭാരതീയ കമ്പനികൾ ഈ മേഖലയിൽ നിക്ഷേപം നടത്തുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു, പാക്കേജിംഗ് മെച്ചപ്പെടുന്നു, ലോക നിലവാരത്തിലേയ്ക്ക് നമ്മുടെ ഉൽപ്പന്നങ്ങൾ എത്തുന്നു. ഇന്ത്യൻ ചീസ് ഇപ്പോൾ രാജ്യത്തിന്റെ അതിർത്തികൾ കടന്ന് ആഗോള വിപണികളിലേക്കും ലോകോത്തര റെസ്റ്റോറന്റുകളിലേക്കും എത്തുന്നു. ഇന്ന്, നമ്മൾ ലോക്കൽ ടു ​ഗ്ലോബൽ എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യൻ ചീസിന്റെ ഉദാഹരണം നമുക്ക് മാർഗ്ഗദർശകമാണ്. ഭാരത്തിന്റെ രുചി, ഭാരതപാരമ്പര്യം, ഭാരതത്തിന്റെ ഗുണനിലവാരം എന്നിവ ലോകമെമ്പാടുമുള്ള ആളുകൾക്ക് ഒരു പുതിയ അനുഭവം നൽകുകയും ഭാരതവുമായി ഒരു പുതിയ അടുപ്പംഅതുവഴി സൃഷ്ടിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ മാസം, പുതുവത്സരം ഉൾപ്പെടെ നിരവധി ഉത്സവങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഘോഷിച്ചു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ, മെയ് 9 ന്, ‘പോച്ചിശെ ബോയ്ശാഖി’ന്റെ വേളയിൽ അതായത് വൈശാഖമാസത്തിലെ 25-ാം ദിവസംനമ്മൾ ഗുരുദേവ് ടാഗോറിന്റെ ജന്മദിനം ആഘോഷിക്കും. ഗുരുദേവ് ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു. മികച്ച എഴുത്തുകാരനും ചിന്തകനും മാത്രമല്ല, നിരവധി പ്രശസ്ത സ്ഥാപനങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. സുസ്ഥിരമായ തൊഴിൽ നൽകുകയും ഗ്രാമങ്ങൾക്ക് ഗുണം ചെയ്യുകയും ചെയ്യുന്ന വ്യവസായങ്ങൾക്ക് വേണ്ടി ഗുരുദേവ് ടാഗോർ വാദിച്ചു. അദ്ദേഹത്തിന്റെ രബീന്ദ്ര സംഗീതം ലോകമെമ്പാടും പ്രതിധ്വനിക്കുന്നു.

ശാന്തിനികേതനിലേക്കുള്ള എന്റെ സന്ദർശനങ്ങൾ അവിസ്മരണീയമായിരുന്നു. അദ്ദേഹം പൂർണ്ണ സമർപ്പണത്തോടെ വളർത്തിയെടുത്ത സ്ഥാപനമാണിത്. അദ്ദേഹത്തിന് എന്റെ എളിയ ശ്രദ്ധാഞ്ജലി. സുഹൃത്തുക്കളേ, മെയ് മാസം,1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെയും ഓർമ്മിപ്പിക്കുന്നു. ജനങ്ങളിൽ ദേശസ്‌നേഹം ഉണർത്തിയ ഭാരതമാതാവിന്റെ എല്ലാ ധീരപുത്രന്മാരെയും ഞാൻ നമിക്കുന്നു. സ്കൂൾ കുട്ടികൾ അവരുടെ അവധിക്കാലം പരമാവധി ആസ്വദിക്കാനും പുതിയ എന്തെങ്കിലും പഠിക്കാനും ശ്രമിക്കേണ്ട സമയമാണിത്. ഈ വേനൽക്കാലത്ത്, നിങ്ങൾ എല്ലാവരും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നല്ലവണ്ണം ശ്രദ്ധിക്കണം. അടുത്ത മാസം ചില പുതിയ വിഷയങ്ങളും പുതിയ നേട്ടങ്ങളുമായി നമുക്ക് വീണ്ടും ഒത്തുചേരാം. വളരെ നന്ദി.

 

 

 

 

 

 

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Zojila Tunnel achieves final breakthrough at 11,578 feet, bringing Kashmir-Ladakh link closer

Media Coverage

Zojila Tunnel achieves final breakthrough at 11,578 feet, bringing Kashmir-Ladakh link closer
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses gratitude to Vice President Thiru CP Radhakrishnan Ji for his warm wishes
June 10, 2026

Prime Minister Shri Narendra Modi today expressed gratitude to Vice President Thiru CP Radhakrishnan Ji for his warm wishes. The Prime Minister stated that the trust and blessings of the people of India inspire him to work harder in service of the nation.

Shri Modi noted that all his efforts will continue to be guided by the aim of building a Viksit Bharat that is prosperous and proud of our civilisational heritage. The Prime Minister affirmed that no stone will be left unturned in fulfilling the dreams and aspirations of our fellow Indians.

The Prime Minister posted on X:

"Thank you for your warm wishes, Vice President Thiru CP Radhakrishnan Ji.

The trust and blessings of the people of India inspire me to work harder in service of the nation. All my efforts will continue to be guided by the aim of building a Viksit Bharat that is prosperous and proud of our civilisational heritage. No stone will be left unturned in fulfilling the dreams and aspirations of our fellow Indians.

@VPIndia

@CPR_VP"