പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ സേവാ തീർത്ഥ്, കർത്തവ്യ ഭവൻ-1 & 2 എന്നിവയുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഒരു പുതിയ ചരിത്രം പിറക്കുന്നതിനാണ് ഇന്ന് ഏവരും സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിക്രം സംവത് 2082, ഫാൽഗുന കൃഷ്ണ പക്ഷത്തിലെ വിജയ ഏകാദശിയുടെ ശുഭവേള, ശക സംവത് 1947-ലെ മാഘം 24, അതായത് 2026 ഫെബ്രുവരി 13 എന്ന ഈ ദിനം ഇന്ത്യയുടെ വികസന യാത്രയിലെ പുതിയൊരു തുടക്കത്തിന് സാക്ഷിയായിരിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിജയ ഏകാദശിക്ക് ശാസ്ത്രങ്ങളിൽ വലിയ പ്രാധാന്യമുണ്ടെന്നും ഈ ദിവസം എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വികസിത ഭാരതം എന്ന നിശ്ചയദാർഢ്യത്തോടെയാണ് ഇന്ന് ഏവരും സേവാ തീർത്ഥിലേക്കും കർത്തവ്യ ഭവനിലേക്കും പ്രവേശിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഈ ലക്ഷ്യത്തിൽ വിജയംനേടാനുള്ള ദിവ്യമായ അനുഗ്രഹങ്ങൾ തങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് സംഘം, ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെയും, വിവിധ വകുപ്പുകളിലെയും ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാവരെയും സേവാ തീർത്ഥിന്റെയും പുതിയ മന്ദിരങ്ങളുടെയും പേരിൽ അദ്ദേഹം അഭിനന്ദിച്ചു. ഇവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ എൻജിനീയർമാർക്കും തൊഴിലാളി സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
സ്വാതന്ത്ര്യാനന്തരം രാജ്യത്തിനായുള്ള പല സുപ്രധാന തീരുമാനങ്ങളും നയങ്ങളും സൗത്ത് ബ്ലോക്ക്, നോർത്ത് ബ്ലോക്ക് തുടങ്ങിയ കെട്ടിടങ്ങളിൽ നിന്നാണ് ഉണ്ടായതെങ്കിലും, ഈ നിർമ്മിതികൾ ഇന്ത്യയെ നൂറ്റാണ്ടുകളോളം അടിമത്തത്തിൽ തളച്ചിടാൻ ഉദ്ദേശിച്ചുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതീകങ്ങളായാണ് നിർമ്മിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കൊൽക്കത്ത ഒരുകാലത്ത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നുവെന്നും എന്നാൽ 1905-ലെ ബംഗാൾ വിഭജന സമയത്ത് അത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളുടെ ശക്തി കേന്ദ്രമായി മാറിയെന്നും ശ്രീ മോദി അനുസ്മരിച്ചു. അതിനാൽ, 1911-ൽ ബ്രിട്ടീഷുകാർ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. തുടർന്ന് കൊളോണിയൽ ഭരണത്തിന്റെ ആവശ്യങ്ങളും മനോഭാവവും മുൻനിർത്തിയാണ് നോർത്ത് ബ്ലോക്കിന്റെയും സൗത്ത് ബ്ലോക്കിന്റെയും നിർമ്മാണം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റൈസീന ഹിൽസിലെ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ, അവ ബ്രിട്ടീഷ് ചക്രവർത്തിയുടെ ആഗ്രഹപ്രകാരമാണ് നിർമ്മിച്ചതെന്നാണ് അന്നത്തെ വൈസ്രോയി പറഞ്ഞത്. അതായത് അടിമത്തത്തിലായിരുന്ന ഇന്ത്യയുടെ മണ്ണിൽ ബ്രിട്ടീഷ് രാജാവിന്റെ ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ഉപാധിയായിരുന്നു അവയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ കെട്ടിടങ്ങൾ മറ്റെല്ലാറ്റിനേക്കാളും ഉയർന്നു നിൽക്കാനും മറ്റൊന്നിനും അവയ്‌ക്കൊപ്പമെത്താൻ കഴിയാതിരിക്കാനുമാണ് റൈസീന കുന്നുകൾ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എന്നാൽ കുന്നിൻമുകളിലല്ലാതെ മണ്ണുമായി കൂടുതൽ ചേർന്നുനിൽക്കുന്നതാണ് പുതിയ സേവാ തീർത്ഥ് സമുച്ചയമെന്ന് റൈസീന കുന്നുകളെ താരതമ്യം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. സൗത്ത് ബ്ലോക്കും നോർത്ത് ബ്ലോക്കും കൊളോണിയൽ മനോഭാവം നടപ്പിലാക്കാൻ നിർമ്മിച്ചതാണെങ്കിൽ, സേവാ തീർത്ഥും കർത്തവ്യ ഭവനും നിർമ്മിച്ചിരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ ഏതെങ്കിലും ചക്രവർത്തിയുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നതാകില്ല, മറിച്ച് 140 കോടി പൗരന്മാരുടെ പ്രതീക്ഷകളെ മുന്നോട്ട് കൊണ്ടുപോകാനുള്ള അടിത്തറയായി വർത്തിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ മനോഭാവത്തോടെ പ്രധാനമന്ത്രി സേവാ തീർത്ഥും കർത്തവ്യ ഭവനും ഇന്ത്യൻ ജനതയ്ക്കായി സമർപ്പിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം ഇപ്പോൾ പൂർത്തിയായിരിക്കുകയാണെന്നും വികസിത ഭാരതം എന്ന കാഴ്ചപ്പാട് നയങ്ങളിലും പദ്ധതികളിലും മാത്രമല്ല, ജോലിസ്ഥലങ്ങളിലും കെട്ടിടങ്ങളിലും പ്രതിഫലിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണനിർവഹണ സ്ഥലങ്ങൾ ഫലപ്രദവും പ്രചോദനാത്മകവും ആകർഷകവും ഉത്തേജനം നൽകുന്നതുമായിരിക്കണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ സാങ്കേതിക വിദ്യകൾ അതിവേഗം ഉയർന്നുവരുന്ന സാഹചര്യത്തിൽ, സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുതിയ ഉപാധികൾ സ്വീകരിക്കുന്നതിനും പഴയ കെട്ടിടങ്ങൾ അപര്യാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗത്ത് ബ്ലോക്കും നോർത്ത് ബ്ലോക്കും സ്ഥലപരിമിതിയും അസൗകര്യങ്ങളും നേരിടുന്നുണ്ടെന്നും നൂറോളം വർഷം പഴക്കമുള്ളതിനാൽ അവ ആന്തരികമായി ജീർണ്ണിച്ചുകൊണ്ടിരിക്കുകയാണെന്നും ഒപ്പം മറ്റ് നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഈ വെല്ലുവിളികളെക്കുറിച്ച് രാജ്യത്തെ അറിയിക്കേണ്ടത് പ്രധാനമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്ത്യാ ഗവണ്മെന്റിന്റെ നിരവധി മന്ത്രാലയങ്ങൾ ഡൽഹിയിലെ 50-ലധികം വ്യത്യസ്ത സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഈ മന്ത്രാലയങ്ങൾ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെ വാടകയ്ക്കായി ഓരോ വർഷവും 1,500 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഓഫീസുകൾക്കിടയിൽ യാത്ര ചെയ്യുന്ന 8,000 മുതൽ 10,000 വരെ ജീവനക്കാർക്കായി ദിനംപ്രതി യാത്രാ ചെലവുകൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം അടിവരയിട്ടു. സേവാ തീർത്ഥിന്റെയും കർത്തവ്യ ഭവന്റെയും നിർമ്മാണത്തിലൂടെ ഈ ചെലവുകൾ കുറയുമെന്നും ജീവനക്കാരുടെ സമയം ലാഭിക്കപ്പെടുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഈ മാറ്റത്തിനിടയിലും പഴയ കെട്ടിടങ്ങളിലെ വർഷങ്ങളുടെ ഓർമ്മകൾ നിലനിൽക്കുമെന്ന കാര്യം ശ്രീ മോദി അംഗീകരിച്ചു, കാരണം രാജ്യത്തിന് പുതിയ ദിശാബോധം നൽകുകയും പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത നിരവധി സുപ്രധാന തീരുമാനങ്ങൾ അവിടെ വെച്ചാണ് കൈക്കൊണ്ടിട്ടുള്ളത്. ആ പരിസരങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലെ അനശ്വരമായ ഭാഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, ആ പഴയ മന്ദിരം ഒരു മ്യൂസിയമായി രാജ്യത്തിന് സമർപ്പിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് 'യുഗേ യുഗീൻ ഭാരത് മ്യൂസിയ'ത്തിന്റെ ഭാഗമാക്കും. ഈ മന്ദിരം ഭാവി തലമുറകൾക്ക് പ്രചോദനത്തിന്റെ കേന്ദ്രമായി മാറുമെന്നും അവിടം സന്ദർശിക്കുന്ന യുവജനങ്ങൾക്ക് ഈ ചരിത്ര പൈതൃകം വഴികാട്ടിയാകുമെന്നും അദ്ദേഹം അടിവരയിട്ടു.
വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ കൊളോണിയൽ മനോഭാവത്തിൽ നിന്ന് മുക്തമായി മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യാനന്തരവും കോളനി ഭരണത്തിന്റെ പ്രതീകങ്ങൾ ചുമക്കുന്നത് തുടർന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ വസതി ഒരുകാലത്ത് 'റേസ് കോഴ്സ് റോഡ്' എന്ന് വിളിക്കപ്പെട്ടിരുന്നുവെന്നും ഉപരാഷ്ട്രപതിക്ക് നിശ്ചിത വസതി ഉണ്ടായിരുന്നില്ലെന്നും രാഷ്ട്രപതി ഭവനിലേക്കുള്ള പാത ഒരു ജനാധിപത്യ രാജ്യത്ത് 'രാജ്‌പഥ്' എന്നാണ് വിളിക്കപ്പെട്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്കോ പോലീസുകാർക്കോ വേണ്ടി സ്വതന്ത്ര ഇന്ത്യയിൽ സ്മാരകങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ തലസ്ഥാനം കൊളോണിയൽ മാനസികാവസ്ഥയിൽ ആഴ്ന്നിറങ്ങിയിരിക്കുകയായിരുന്നുവെന്നും ഡൽഹിയിലെ കെട്ടിടങ്ങളും പൊതുസ്ഥലങ്ങളും ചരിത്രപരമായ ഇടങ്ങളും അത്തരം പ്രതീകങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും ശ്രീ മോദി അടിവരയിട്ടു. കാലം ഒരിക്കലും അതേപടി നിലനിൽക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, കൊളോണിയൽ മനോഭാവം ഇനി തുടരില്ലെന്ന് 2014-ൽ രാജ്യം തീരുമാനിച്ചതായി വ്യക്തമാക്കി. ഈ മനോഭാവം മാറ്റുന്നതിനായി ഒരു പ്രചാരണം ആരംഭിച്ചതായും രക്തസാക്ഷികളുടെ സ്മരണാർത്ഥം ദേശീയ യുദ്ധസ്മാരകവും പോലീസിന്റെ ധീരതയ്ക്കുള്ള അംഗീകാരമായി പോലീസ് സ്മാരകവും നിർമ്മിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റേസ് കോഴ്സ് റോഡ് 'ലോക് കല്യാൺ മാർഗ്' എന്ന് പുനർനാമകരണം ചെയ്തത് വെറുമൊരു പേരുമാറ്റം മാത്രമല്ല, അധികാരത്തിന്റെ മനോഭാവത്തെ സേവനത്തിന്റെ ചൈതന്യത്തിലേക്ക് മാറ്റാനുള്ള ശ്രമമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ തീരുമാനങ്ങൾക്ക് പിന്നിൽ ഇന്ത്യയുടെ വർത്തമാന, ഭൂത, ഭാവി കാലങ്ങളെ ദേശാഭിമാനവുമായി ബന്ധിപ്പിക്കുന്ന ആഴമേറിയ വികാരവും ദർശനവുമുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഒരുകാലത്ത് രാജ്‌പഥ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് സാധാരണ പൗരന്മാർക്ക് മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഇല്ലായിരുന്നുവെന്നും അത് 'കർത്തവ്യ പഥ്' ആയി പുനർവികസിപ്പിച്ചതായും ഇന്ന് അത് കുടുംബങ്ങൾക്കും കുട്ടികൾക്കും പൗരന്മാർക്കും വേണ്ടിയുള്ള ഊർജ്ജസ്വലമായ പൊതു ഇടമായി മാറിയെന്നും അദ്ദേഹം വിശദമാക്കി. ഈ സമുച്ചയത്തിൽ തന്നെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഗംഭീരമായ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും രാജ്യ തലസ്ഥാനം ഇപ്പോൾ മഹാന്മാരായ നായകരെ ആദരിക്കുകയും പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇത് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്ട്രപതി ഭവൻ സമുച്ചയത്തിലും മാറ്റങ്ങൾ വരുത്തിയതായും മുഗൾ ഗാർഡൻ 'അമൃത് ഉദ്യാൻ' എന്ന് പുനർനാമകരണം ചെയ്തതായും ശ്രീ മോദി കൂട്ടിച്ചേർത്തു. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചപ്പോൾ പഴയ കെട്ടിടം വിസ്മരിക്കപ്പെട്ടില്ലെന്നും അതിന് 'സംവിധാൻ സദൻ' എന്ന പുതിയ നാമധേയം നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രാലയങ്ങളെ ഒരു സമുച്ചയത്തിൽ കൊണ്ടുവന്നപ്പോൾ അതിന് 'കർത്തവ്യ ഭവൻ' എന്ന് പേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നാമകരണ ഉദ്യമങ്ങൾ കേവലം വാക്കുകളുടെ മാറ്റമല്ലെന്നും കൊളോണിയൽ മുദ്രകളിൽ നിന്ന് മുക്തമായ തനതായ സ്വത്വമുള്ള സ്വതന്ത്ര ഇന്ത്യ എന്ന സ്ഥായിയായ പ്രത്യയശാസ്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ടു.

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന് 'സേവാ തീർത്ഥ്' എന്നാണ് നാമകരണം ചെയ്തിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സേവന മനോഭാവമാണ് ഇന്ത്യയുടെ ആത്മാവും യഥാർത്ഥ സ്വത്വവുമെന്ന് അടിവരയിട്ടു. 'ശിവജ്ഞാനത്തോടെ മനുഷ്യരാശിയെ സേവിക്കുക' എന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു. ഇത് കേവലം ആത്മീയ ചിന്തമാത്രമല്ലെന്നും മറിച്ച് രാഷ്ട്രനിർമ്മാണത്തിന്റെ തത്വശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണം എന്നാൽ സേവനമാണെന്നും ഉത്തരവാദിത്തം എന്നാൽ അർപ്പണബോധമാണെന്നും ഈ മന്ദിരം എല്ലാവരെയും നിരന്തരം ഓർമ്മിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'സേവാ പരമോ ധർമ്മഃ' (സേവനമാണ് പരമമായ ധർമ്മം) എന്ന ആപ്തവാക്യം എടുത്തുപറഞ്ഞുകൊണ്ട്, ഇതാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഗവണ്മെന്റ്റിന്റെയും ദർശനമെന്ന് ശ്രീ മോദി തീർത്തു പറഞ്ഞു. സേവാ തീർത്ഥ് എന്നത് വെറുമൊരു പേരല്ല, ഒരു ദൃഢനിശ്ചയമാണെന്നും ജന സേവനത്തിനുള്ള പുണ്യസ്ഥലമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുക്തി നൽകുന്നതും ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതുമാണ് 'തീർത്ഥം' എന്നും അദ്ദേഹം വിശദീകരിച്ചു. വികസിത രാഷ്ട്രമാകുക, സ്വയംപര്യാപ്തത കൈവരിക്കുക, ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക, രാജ്യത്തെ കൊളോണിയൽ മനോഭാവത്തിൽ നിന്ന് മുക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. ഇവയെല്ലാം സേവനത്തിന്റെ കരുത്തിലൂടെ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇന്ന് പരിഷ്കരണ എക്സ്പ്രസ്സിൽ സഞ്ചരിക്കുമ്പോൾ, അന്താരാഷ്ട്ര ബന്ധങ്ങളിൽ പുതിയ അധ്യായങ്ങൾ രചിക്കുമ്പോൾ, വ്യാപാര കരാറുകളിലൂടെ പുതിയ വാതിലുകൾ തുറക്കുമ്പോൾ, ലക്ഷ്യങ്ങൾ പൂർണ്ണതയിൽ എത്തിക്കുന്നതിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, സേവാ തീർത്ഥിലെയും കർത്തവ്യ ഭവനിലെയും പുതിയ പ്രവർത്തനവേഗതയും ആത്മവിശ്വാസവും ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏതൊരു ശുഭകാര്യത്തിന് മുൻപും ക്ഷേമത്തിനായുള്ള നിശ്ചയദാർഢ്യം ഉണ്ടാകണമെന്നും എല്ലാ ദിശകളിൽ നിന്നും ഉദാത്തമായ ചിന്തകൾ പ്രവഹിക്കണമെന്നും ഇന്ത്യൻ സംസ്കാരം പഠിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. ഇതാകണം ഈ മന്ദിരത്തിന്റെ ആത്മാവ്. ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തിൽ ജനങ്ങളുടെ ചിന്തകളാണ് യഥാർത്ഥ ശക്തി, അവരുടെ സ്വപ്നങ്ങളാണ് യഥാർത്ഥ മൂലധനം, അവരുടെ പ്രതീക്ഷകളാണ് മുൻഗണന, അവരുടെ അഭിലാഷങ്ങളാണ് വഴികാട്ടി. ഈ വികാരങ്ങളും മന്ദിരങ്ങളും തമ്മിൽ മതിലുകളോ അകലമോ ഉണ്ടാകാൻ പാടില്ല. ജനങ്ങളുടെ സ്വപ്നങ്ങൾ മനസ്സിലാക്കുമ്പോൾ മാത്രമേ നയങ്ങൾ സജീവമാകൂ എന്നും അവരുടെ അഭിലാഷങ്ങൾ തൊട്ടറിയുമ്പോൾ മാത്രമേ തീരുമാനങ്ങൾ ഫലപ്രദമാകൂ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, പൗര-കേന്ദ്രീകൃത തീരുമാനങ്ങളുടെ ഒരു പുതിയ ഭരണ മാതൃക ഉയർന്നുവന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'നാഗരിക് ദേവോ ഭവ' എന്നത് കേവലമൊരു പ്രയോഗം മാത്രമല്ല, മറിച്ച് ഈ പുതിയ മന്ദിരങ്ങളിൽ പ്രവേശിക്കുമ്പോൾ ഉദ്യോഗസ്ഥർ ഉൾക്കൊള്ളേണ്ട പ്രവർത്തന സംസ്കാരമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സേവാ തീർത്ഥിനുള്ളിൽ കൈക്കൊള്ളുന്ന ഓരോ തീരുമാനവും, ഓരോ ഫയൽ നീക്കവും, ചെലവഴിക്കുന്ന ഓരോ നിമിഷവും 140 കോടി പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സമർപ്പിക്കണമെന്ന് ശ്രീ മോദി ആഹ്വാനം ചെയ്തു. ഓരോ ഉദ്യോഗസ്ഥനും ജീവനക്കാരനും കർമ്മയോഗിയും ഈ കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോൾ അല്പനേരം ആലോചിക്കണമെന്നും തന്റെ അന്നത്തെ ജോലി ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതം എളുപ്പമാക്കുമോ എന്ന് സ്വയം ചോദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ ആത്മപരിശോധന ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ കരുത്തായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മൾ ഇവിടെ വന്നിരിക്കുന്നത് അധികാരം കാണിക്കാനല്ല, മറിച്ച് ഉത്തരവാദിത്തം നിറവേറ്റാനാണെന്ന് വ്യക്തമാക്കിക്കൊണ്ട്, ഭരണം സേവന മനോഭാവത്താൽ നയിക്കപ്പെടുമ്പോൾ ഫലങ്ങൾ അസാധാരണമായിരിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഇങ്ങനെയാണ് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതെന്നും സമ്പദ്‌വ്യവസ്ഥ പുതിയ വേഗത കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസിത ഭാരതം 2047 എന്നത് വെറുമൊരു ലക്ഷ്യമല്ലെന്നും, മറിച്ച് ലോകത്തിന് മുന്നിൽ ഇന്ത്യ നൽകുന്ന വാഗ്ദാനമാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. അതിനാൽ ഇവിടെ എടുക്കുന്ന ഓരോ നയവും തീരുമാനവും തുടർച്ചയായ സേവന മനോഭാവത്താൽ പ്രചോദിതമായിരിക്കണം. എന്നെങ്കിലും ഈ കെട്ടിടത്തിൽ നിന്ന് വിരമിക്കുമ്പോഴോ പടിയിറങ്ങുമ്പോഴോ, സേവാ തീർത്ഥിലെയും കർത്തവ്യ ഭവനിലെയും ഓരോ നിമിഷവും പൗരന്മാരെ സേവിക്കുന്നതിനായി സമർപ്പിച്ചുവെന്നും ഓരോ തീരുമാനവും ദേശീയ താൽപ്പര്യത്തിലായിരുന്നുവെന്നും ഓർക്കുന്നത് അവർക്ക് അഭിമാനവും സംതൃപ്തിയും നൽകുന്ന വലിയ നേട്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കടമകളുടെ അടിത്തറയിലാണ് അവകാശങ്ങളുടെ മഹത്തായ സൗധം പടുത്തുയർത്തുന്നത് എന്ന മഹാത്മാഗാന്ധിയുടെ വിശ്വാസം അനുസ്മരിച്ചുകൊണ്ട്, കടമ നിർവ്വഹിക്കുമ്പോൾ വലിയ വെല്ലുവിളികളെപ്പോലും നേരിടാനും പരിഹരിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഭരണഘടനാ ശില്പികൾ കടമകൾക്ക് വലിയ പ്രാധാന്യം നൽകിയതെന്നും കോടിക്കണക്കിന് പൗരന്മാരുടെ സ്വപ്നങ്ങൾ ഈ അടിത്തറയിലാണ് കുടികൊള്ളുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കടമ എന്നത് ഒരു ജീവസ്സുറ്റ രാഷ്ട്രത്തിന്റെ രക്തമാണെന്നും അത് കരുണയാലും കഠിനാധ്വാനത്താലും ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കടമയാണ് സമത്വം, കടമയാണ് സ്നേഹം, അത് 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ചൈതന്യത്തിൽ ഇഴചേർന്നിരിക്കുന്നു. കടമയെ രാഷ്ട്രത്തോടുള്ള അർപ്പണബോധമായും, ഓരോ ജീവിതത്തെയും പ്രകാശിപ്പിക്കുന്ന ഇച്ഛാശക്തിയായും, സ്വയംപര്യാപ്ത ഇന്ത്യയുടെ സന്തോഷമായും, വരുംതലമുറകളുടെ ശോഭനമായ ഭാവിയുടെ ഉറപ്പായും അദ്ദേഹം വിശേഷിപ്പിച്ചു. ഭാരതമാതാവിന്റെ ഊർജ്ജത്തിന്റെ പതാകവാഹകനായും 'നാഗരിക് ദേവോ ഭവ'യുടെ ഉണർവേകുന്ന പാതയായും അദ്ദേഹം കടമയെ വർണ്ണിച്ചു. ഈ പരമമായ കടമനിർവ്വഹണ ബോധത്തോടെ വേണം എല്ലാവരും സേവാ തീർത്ഥിലേക്കും പുതുതായി നിർമ്മിച്ച സമുച്ചയങ്ങളിലേക്കും പ്രവേശിക്കാനെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യ പുതിയ ഉയരങ്ങളിലേക്കും ഒരു പുതിയ യുഗത്തിലേക്കും അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, വരും വർഷങ്ങളിൽ രാഷ്ട്രത്തിന്റെ സ്വത്വം സാമ്പത്തികരംഗത്താൽ മാത്രമല്ല, ഭരണത്തിന്റെ ഗുണനിലവാരം, നയങ്ങളിലെ വ്യക്തത, കർമ്മയോഗികളുടെ അർപ്പണബോധം എന്നിവയാൽ കൂടിയായിരിക്കും നിർവചിക്കപ്പെടുകയെന്ന് അഭിപ്രായപ്പെട്ടു. സേവാ തീർത്ഥിലും കർത്തവ്യ ഭവനിലും എടുക്കുന്ന ഓരോ തീരുമാനവും വെറുമൊരു ഫയൽ അംഗീകാരമല്ല, 2047-ലെ വികസിത ഭാരതത്തിന്റെ ദിശാബോധം രൂപപ്പെടുത്തുന്നവയായിരിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2047 എന്നത് വെറുമൊരു തീയതിമാത്രമല്ല, മറിച്ച് 140 കോടി സ്വപ്നങ്ങളുടെ സമയപരിധിയാണെന്നും അവിടെ ഓരോ സ്ഥാപനവും ഓരോ ഉദ്യോഗസ്ഥനും ഓരോ ജീവനക്കാരനും ഓരോ കർമ്മയോഗിയും സുപ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സേവാ തീർത്ഥ് സഹാനുഭൂതിയുള്ള ഭരണത്തിന്റെ പ്രതീകമായും പൗരകേന്ദ്രീകൃത ഭരണനിർവ്വഹണത്തിന്റെ മാതൃകയായും മാറണമെന്ന തന്റെ ദർശനം പ്രകടമാക്കിയ പ്രധാനമന്ത്രി, അധികാരത്തിന് പകരം സേവനവും, പദവിക്ക് പകരം പ്രതിബദ്ധതയും, ആധിപത്യത്തിന് പകരം ഉത്തരവാദിത്തവും ദൃശ്യമാകുന്ന ഒരിടമായി ഇത് മാറണമെന്ന് ആവശ്യപ്പെട്ടു. ഈ നിശ്ചയദാർഢ്യം ചരിത്രം കുറിക്കുമെന്നും കൂട്ടായ പരിശ്രമം വരുംതലമുറകൾക്ക് വഴികാട്ടിയാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇതാണ് സമയം, ശരിയായ സമയം" എന്ന ചുവപ്പുകോട്ടയിലെ തന്റെ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു. 'രാഷ്ട്രം ആദ്യം'എന്ന മനോഭാവത്തോടെ ഓരോ നിമിഷവും വിനിയോഗിക്കാൻ അദ്ദേഹം ഏവരേയും ആഹ്വാനം ചെയ്തു. ഇന്ത്യ അതിന്റെ വിധി മാറ്റിയെഴുതുകയും ആയിരം വർഷത്തെ ശോഭനമായ ഭാവിയിലേക്ക് ആദ്യ ചുവടുവെക്കുകയും ചെയ്ത സമയമായിരുന്നു ഇതെന്നു വരും നൂറ്റാണ്ടുകൾ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഉറച്ച വിശ്വാസത്തോടെ ഏവർക്കും ഒരിക്കൽ കൂടി ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

കേന്ദ്രമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, ഇന്ത്യാ ഗവണ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവയും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
സേവാ തീർത്ഥ് എന്ന കെട്ടിട സമുച്ചയത്തിന്റെ പേര് അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സേവാ തീർത്ഥും കർത്തവ്യ ഭവൻ-1 & 2-ഉം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഭാരതത്തിന്റെ ഭരണനിർവ്വഹണ വാസ്തുവിദ്യയിലെ പരിവർത്തനാത്മകമായ നാഴികക്കല്ലാണ് ഈ ഉദ്ഘാടനം അടയാളപ്പെടുത്തുന്നത്. ആധുനികവും കാര്യക്ഷമവും പ്രാപ്യവും പൗരകേന്ദ്രീകൃതവുമായ ഭരണ വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
ദശകങ്ങളായി, പല സുപ്രധാന ഗവണ്മെന്റ് ഓഫീസുകളും മന്ത്രാലയങ്ങളും സെൻട്രൽ വിസ്ത മേഖലയിലെ വിവിധയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പഴയതും ശിഥിലവുമായ അടിസ്ഥാന സൗകര്യങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ഈ ചിതറിക്കിടക്കുന്ന അവസ്ഥ പ്രവർത്തനപരമായ കാര്യക്ഷമതയില്ലായ്മയ്ക്കും, ഏകോപനപരമായ വെല്ലുവിളികൾക്കും, വർദ്ധിച്ചുവരുന്ന അറ്റകുറ്റപ്പണി ചെലവുകൾക്കും, നിലവാരമില്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കും കാരണമായി. ഭരണപരമായ പ്രവർത്തനങ്ങളെ ആധുനികവും ഭാവിയിലേക്കായി സജ്ജമാക്കിയതുമായ സമുച്ചയങ്ങൾക്ക് കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ പുതിയ മന്ദിരങ്ങൾ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.
മുമ്പ് പലയിടങ്ങളിലായി സ്ഥിതി ചെയ്തിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയാണ് സേവാ തീർത്ഥിൽ പ്രവർത്തിക്കുക.
ധനമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം, കൃഷി-കർഷകക്ഷേമ മന്ത്രാലയം, രാസവസ്തു-രാസവള മന്ത്രാലയം, ഗോത്രവർഗ്ഗ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള പ്രധാന മന്ത്രാലയങ്ങൾ കർത്തവ്യ ഭവൻ-1 & 2-ൽ പ്രവർത്തിക്കും.
രണ്ട് കെട്ടിട സമുച്ചയങ്ങളിലും ഡിജിറ്റൽ സംയോജിത ഓഫീസുകൾ, ചിട്ടയായ പബ്ലിക് ഇന്റർഫേസ് സോണുകൾ, കേന്ദ്രീകൃത റിസപ്ഷൻ സൗകര്യങ്ങൾ എന്നിവയുണ്ട്. ഈ സവിശേഷതകൾ സഹകരണം, കാര്യക്ഷമത, തടസ്സമില്ലാത്ത ഭരണം, മെച്ചപ്പെട്ട പൗരസമ്പർക്കം, ജീവനക്കാരുടെ ക്ഷേമം എന്നിവ വളർത്തും. 4-സ്റ്റാർ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സമുച്ചയങ്ങളിൽ പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ, ജലസംരക്ഷണ സൗകര്യങ്ങൾ, മാലിന്യ സംസ്കരണ പരിഹാരങ്ങൾ, ഉയർന്ന കാര്യക്ഷമതയുള്ള കെട്ടിട ഘടനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നടപടികൾ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി ആഘാതം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. കെട്ടിട സമുച്ചയങ്ങളിൽ സ്മാർട്ട് ആക്സസ് കൺട്രോൾ സിസ്റ്റങ്ങൾ, നിരീക്ഷണ ശൃംഖലകൾ, നൂതന അടിയന്തര പ്രതികരണ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സമഗ്രമായ സുരക്ഷാ ചട്ടക്കൂടുകളും ഉൾപ്പെടുന്നു. ഉദ്യോഗസ്ഥർക്കും സന്ദർശകർക്കും സുരക്ഷിതവും പ്രാപ്യവുമായ അന്തരീക്ഷം ഇത് ഉറപ്പാക്കുന്നു.
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Seva Teerth and Kartavya Bhavan have been built to fulfil the aspirations of the people of India. pic.twitter.com/JX4b6r9kAK
— PMO India (@PMOIndia) February 13, 2026
As we move towards a Viksit Bharat, it is vital that India sheds every trace of colonial mindset. pic.twitter.com/I1aZ1qOwWu
— PMO India (@PMOIndia) February 13, 2026
Race Course Road was renamed Lok Kalyan Marg. This was not merely a change of name.
— PMO India (@PMOIndia) February 13, 2026
It was an effort to transform the mindset of power into a spirit of service. pic.twitter.com/px9QxnlWRy
The new Prime Minister's Office has been named Seva Teerth.
— PMO India (@PMOIndia) February 13, 2026
Seva, or the spirit of service, is the soul of India. It is the identity of India. pic.twitter.com/RPIQhU1Qr2


