നിരവധി പ്രതിസന്ധികൾക്കിടയിലും, ഈ ദശകം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ വികസനത്തിന്റെ കാലഘട്ടമാണ്. മികച്ച സേവനവിതരണവും നമ്മുടെ ജനാധിപത്യത്തിനു കരുത്തേകുന്നതിനുള്ള പരിശ്രമങ്ങളും ഈ കാലയളവിന്റെ സവിശേഷതയാണ്: പ്രധാനമന്ത്രി
21-ാം നൂറ്റാണ്ടിലെ ഈ ദശകത്തിൽ, ഇന്ത്യ ‘പരിഷ്കരണ എക്സ്‌പ്രസിൽ’ കുതിക്കുകയാണ്: പ്രധാനമന്ത്രി
ബജറ്റിനെ അടങ്കൽതുകയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നിൽനിന്നു ഫലപ്രാപ്തിക്കു മുൻഗണന നൽകുന്ന ഒന്നാക്കി ഞങ്ങൾ മാറ്റി: പ്രധാനമന്ത്രി
കഴിഞ്ഞ പത്തുവർഷമായി സാങ്കേതികവിദ്യയെയും നൂതനാശയങ്ങളെയും വളർച്ചയുടെ പ്രധാന ചാലകശക്തികളായാണു ഞങ്ങൾ കണക്കാക്കുന്നത്: പ്രധാനമന്ത്രി
ഇന്നു നാം ലോകരാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത് ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസമുള്ളതും ആഗോളതലത്തിൽ മത്സരസജ്ജവുമായതുകൊണ്ടാണ്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ നടന്ന ‘ET Now ആഗോള വ്യവസായ ഉച്ചകോടി 2026’-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ‘തടസ്സങ്ങളുടെ ദശകം; മാറ്റങ്ങളുടെ നൂറ്റാണ്ട്’ എന്ന പ്രമേയത്തെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിലെ കഴിഞ്ഞ പത്തുവർഷങ്ങൾ ആഗോള മഹാമാരി, വിവിധ മേഖലകളിലെ സംഘർഷങ്ങളും യുദ്ധങ്ങളും, ആഗോള സന്തുലിതാവസ്ഥയെ തകിടം മറിച്ച വിതരണശൃംഖലയിലെ തടസ്സങ്ങൾ എന്നിവയുൾപ്പെടെ അഭൂതപൂർവമായ പ്രതിസന്ധികൾക്കു സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളാണ് ഒരു രാജ്യത്തിന്റെ യഥാർഥ കരുത്തു വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഇത്രയേറെ തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഈ ദശകം ശ്രദ്ധേയമായ വികസനം, മികച്ച സേവനവിതരണം, ജനാധിപത്യത്തിന്റെ ശാക്തീകരണം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടതിൽ അഭിമാനം പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകം ആരംഭിക്കുമ്പോൾ ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും, അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ രാജ്യം തകരുമെന്ന ആശങ്ക നിലനിന്നിരുന്നുവെന്നും ശ്രീ മോദി അനുസ്മരിച്ചു. എന്നാൽ ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണ്. മാറ്റത്തിന്റെ ഈ നൂറ്റാണ്ടിന്റെ പ്രധാന അടിത്തറ ഇന്ത്യയായിരിക്കുമെന്ന് അടിവരയിട്ടു പറഞ്ഞ അദ്ദേഹം, നിലവിൽ ആഗോള വളർച്ചയിൽ 16 ശതമാനത്തിലധികം ഇന്ത്യയുടെ സംഭാവനയാണെന്നും ഇതു വർഷംതോറും വർധിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ ആഗോള വളർച്ചയെ നയിക്കുമെന്നും ലോകസമ്പദ്‌വ്യവസ്ഥയുടെ പുതിയ ചാലകശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

 

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പുതിയ ആഗോള ക്രമം നിലവിൽ വന്നുവെന്നും, എന്നാൽ ഏഴു ദശകങ്ങൾക്കുശേഷം ആ സംവിധാനം തകരുകയാണെന്നും, ‘എല്ലാവർക്കും ഒരേ മാതൃക’ എന്ന പഴയ സമീപനം പ്രസക്തി നഷ്ടപ്പെട്ട് ഓരോ രാജ്യവും സ്വന്തം പ്രതിരോധശേഷി കെട്ടിപ്പടുക്കേണ്ട ഘട്ടത്തിലേക്കു ലോകം മാറിയെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. വിതരണശൃംഖലകളും ലോക സമ്പദ്‌വ്യവസ്ഥയും കേന്ദ്രീകരിച്ചുള്ള മുൻ മാതൃക വെല്ലുവിളിക്കപ്പെട്ട സാഹചര്യത്തിൽ, പുതിയൊരു ആഗോള ക്രമം രൂപപ്പെട്ടുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകം ഇന്നു ചർച്ചചെയ്യുന്ന വികസന മാതൃകകൾ 2015-ൽ തന്നെ ഇന്ത്യ നയത്തിന്റെ ഭാഗമാക്കിയെന്നും, വിദേശ മാതൃകകൾക്കു പകരം സ്വന്തം പാത പിന്തുടർന്നതാണു പ്രതിസന്ധികൾക്കിടയിലും സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ദശകം മുമ്പു നിതി ആയോഗിന്റെ സ്ഥാപകരേഖയിൽത്തന്നെ വികസനത്തിനായി സ്വന്തം വഴി സ്വീകരിക്കുമെന്ന ഇന്ത്യയുടെ കാഴ്ചപ്പാടു വ്യക്തമാക്കിയിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു. ഈ നയം സ്വന്തം ആവശ്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി തീരുമാനങ്ങൾ എടുക്കാനുള്ള ആത്മവിശ്വാസം ഇന്ത്യക്കു നൽകിയെന്ന് അദ്ദേഹം പറഞ്ഞു. തടസ്സങ്ങളുടെ ഈ ദശകത്തിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ദുർബലമാകാതെ, കൂടുതൽ കരുത്താർജിക്കാനുള്ള പ്രധാന കാരണം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകത്തിൽ ഇന്ത്യ ‘പരിഷ്കരണ എക്സ്‌പ്രസിൽ’ കുതിക്കുകയാണ്” – ശ്രീ മോദി പറഞ്ഞു. ഈ പരിഷ്കരണങ്ങൾ നിർബന്ധിതമായല്ല, മറിച്ച് ഉറച്ച വിശ്വാസത്തോടും പ്രതിജ്ഞാബദ്ധതയോടും കൂടിയാണു നടപ്പാക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം പ്രസ്താവിച്ചു. 2014-നു മുൻപുള്ള കാലഘട്ടത്തിൽ പ്രതിസന്ധികളോ നിർബന്ധിത സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ മാത്രമാണു പരിഷ്കരണങ്ങൾ നടന്നിരുന്നത് എന്നതിന് ഇവിടെ സന്നിഹിതരായ വിദഗ്ധരും സാമ്പത്തിക നേതാക്കളും സാക്ഷികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം പാപ്പരത്തത്തെ അഭിമുഖീകരിക്കുകയും സ്വർണം പണയപ്പെടുത്തേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് 1991-ലെ പരിഷ്കരണങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം അനുസ്മരിച്ചു. മുൻ ഗവണ്മെന്റുകളും ഇതേ രീതിയാണു പിന്തുടർന്നിരുന്നതെന്നും, സമ്മർദമുണ്ടാകുമ്പോൾ മാത്രം പരിഷ്കരണങ്ങൾ കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. 26/11 ഭീകരാക്രമണത്തിനുശേഷം NIA രൂപീകരിച്ചതും, ഗ്രിഡ് പരാജയപ്പെട്ടതിനുശേഷം മാത്രം ഊർജമേഖലയിൽ പരിഷ്കരണങ്ങൾ വരുത്തിയതും, നാണയപ്പെരുപ്പം കുതിച്ചുയരുകയും ഗോത്രമേഖലകളിൽ പട്ടിണി പടരുകയും ചെയ്തപ്പോൾ ഭക്ഷ്യഭദ്രതാ നിയമം കൊണ്ടുവന്നതും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. എന്നാൽ അപ്പോഴും അതു മോശമായ രീതിയിലാണു നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർബന്ധിത സാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന പരിഷ്കരണങ്ങൾ ഒരിക്കലും രാജ്യത്തിനു ശരിയായ ഫലം നൽകില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പതിനൊന്നു വർഷത്തിനിടയിൽ നയം, നടപടിക്രമം, സേവനവിതരണം, മനോഭാവം എന്നിവയിലെല്ലാം ഉറച്ച വിശ്വാസത്തോടെയാണു പരിഷ്കരണങ്ങൾ നടപ്പാക്കിയതെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. നയങ്ങൾ മാറിയാലും നടപടിക്രമങ്ങളിലും മനോഭാവത്തിലും മാറ്റം വന്നില്ലെങ്കിൽ പരിഷ്കരണങ്ങൾ വെറും കടലാസിലൊതുങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണു തന്റെ ഗവണ്മെന്റ് സംവിധാനത്തെയാകെ പരിവർത്തനം ചെയ്യാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആഴ്ചകളോ മാസങ്ങളോ എടുത്തു ക്യാബിനറ്റ് കുറിപ്പുകൾ തയ്യാറാക്കിയിരുന്നത് വികസനത്തെ മന്ദഗതിയിലാക്കിയിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. തന്റെ ഗവണ്മെന്റ് തീരുമാനങ്ങൾ എടുക്കുന്നതിനെ സമയബന്ധിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാക്കി. ഫയലുകൾ അനിശ്ചിതകാലത്തേക്കു കെട്ടിക്കിടക്കില്ലെന്ന് ഉറപ്പുവരുത്തിയതിന്റെ ഫലം ഇന്നു ദൃശ്യമാണെന്നും ശ്രീ മോദി പറഞ്ഞു.

 

​റെയിൽവേ മേൽപ്പാലനിർമാണത്തിനുള്ള അനുമതികൾക്കായി മുമ്പു വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നിരുന്നതും നിരവധി അനുമതികൾ ആവശ്യമായിരുന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ പ്രക്രിയ ഇപ്പോൾ ലഘൂകരിച്ചതായും ഇത് അടിസ്ഥാനസൗകര്യവികസനത്തിൽ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കു കാരണമായതായും പറഞ്ഞു. അതിർത്തിയിലെ അടിസ്ഥാനസൗകര്യവികസനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. മുൻപ് അതിർത്തി പ്രദേശങ്ങളിൽ ചെറിയ റോഡ് നിർമിക്കാൻപോലും ഡൽഹിയിൽ നിന്നുള്ള അനുമതി ആവശ്യമായിരുന്നുവെന്നും, ഇതു പ്രാദേശികമായ തീരുമാനങ്ങൾ എടുക്കുന്നതിനു തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. 2014-നുശേഷം, തന്റെ ഗവണ്മെന്റ് പ്രാദേശിക ഭരണസംവിധാനങ്ങളെ ശാക്തീകരിച്ചുവെന്നും, ഇതിന്റെ ഫലമായി അതിർത്തിമേഖലകളിലെ അടിസ്ഥാനസൗകര്യവികസനം അതിവേഗത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തിൽ സ്വാധീനം ചെലുത്തിയ പരിഷ്കാരമാണ് ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാടു സംവിധാനമായ UPI  എന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു വെറും ആപ്ലിക്കേഷനല്ലെന്നും, മറിച്ച് നയം, നടപടിക്രമം, സേവനവിതരണം എന്നിവയുടെ ഏകോപനത്തിന്റെ തെളിവാണെന്നും അദ്ദേഹം കുറിച്ചു. ഇത്തരം സേവനങ്ങൾ ലഭ്യമാകുമെന്നു സങ്കൽപ്പിക്കാൻപോലും കഴിയാതിരുന്ന പൗരന്മാർക്കു ബാങ്കിങ്, സാമ്പത്തിക ആനുകൂല്യങ്ങൾ എത്തിക്കാൻ UPI വഴി സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ പണമിടപാടു സംവിധാനം, ജൻ ധൻ-ആധാർ-മൊബൈൽ (JAM) സംവിധാനം എന്നിവ നിർബന്ധിത സാഹചര്യത്തിൽ ഉണ്ടായതല്ലെന്നും, മറിച്ച്, മുമ്പു പുറന്തള്ളപ്പെട്ട പൗരന്മാരെ ഉൾപ്പെടുത്തുക എന്ന കാഴ്ചപ്പാടിൽനിന്നും ഉറച്ച വിശ്വാസത്തിൽനിന്നും ഉണ്ടായതാണെന്നും ശ്രീ മോദി പറഞ്ഞു. ഇന്നും അതേ നിശ്ചയദാർഢ്യത്തോടെയാണു ഗവണ്മെന്റ് മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയുടെ പുതിയ കാഴ്ചപ്പാടു ബജറ്റിലും പ്രതിഫലിക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, മുൻപ് ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾ ‘അടങ്കൽ തുകയിൽ’ മാത്രമാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നു ചൂണ്ടിക്കാട്ടി. എത്ര പണം അനുവദിച്ചു, എന്തിനൊക്കെ വില കൂടി അല്ലെങ്കിൽ കുറഞ്ഞു, എത്ര പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചു എന്നതിനപ്പുറം ആ പ്രഖ്യാപനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആരും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നില്ല. തന്റെ ഗവണ്മെന്റ് ബജറ്റിനെ തുക വകയിരുത്തുന്നതിനൊപ്പം, ഫലപ്രാപ്തിക്കും പ്രാധാന്യം നൽകുന്ന ഒന്നാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. 2014-നു മുൻപു ബജറ്റിനു പുറത്തുള്ള കടമെടുപ്പുകളെക്കുറിച്ചായിരുന്നു ചർച്ചകളെങ്കിൽ, ഇപ്പോൾ ബജറ്റിനു പുറത്തുള്ള പരിഷ്കാരങ്ങൾക്കാണു പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തലമുറ GST, ആസൂത്രണ കമ്മീഷനു പകരം നിതി ആയോഗ് രൂപീകരിച്ചത്, അനുച്ഛേദം 370 റദ്ദാക്കിയത്, മുത്തലാഖിനെതിരായ നിയമം, നാരീശക്തി വന്ദൻ അധിനിയം നടപ്പാക്കിയത് തുടങ്ങി, ബജറ്റിനു പുറത്തുള്ള പരിഷ്കാരങ്ങൾ അദ്ദേഹം അനുസ്മരിച്ചു. ബജറ്റിൽ പ്രഖ്യാപിച്ചതായാലും പുറത്തായാലും, ‘പരിഷ്കരണ എക്സ്‌പ്രസ്’ അതിന്റെ വേഗത വർധിപ്പിക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം തുറമുഖ-സമുദ്ര മേഖലകളിൽ പരിഷ്കാരങ്ങൾ വരുത്തിയതും, കപ്പൽനിർമാണ വ്യവസായത്തിനായി മുൻകൈ എടുത്തതും, ജൻ വിശ്വാസ് നിയമത്തിനു കീഴിൽ പരിഷ്കാരങ്ങൾ മുന്നോട്ടു കൊണ്ടുപോയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഊർജസുരക്ഷയ്ക്കായി SHANTI നിയമം അവതരിപ്പിച്ചു, തൊഴിൽനിയമ പരിഷ്കാരങ്ങൾ നടപ്പാക്കി, ഭാരതീയ ന്യായസംഹിത കൊണ്ടുവന്നു, വഖഫ് നിയമത്തിൽ പരിഷ്കാരങ്ങൾ വരുത്തി, ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പുതിയ വികസിത ഭാരത G RAM G ബില്ലും നിയമമാക്കി. ഇത്തരം നിരവധി പരിഷ്കാരങ്ങൾ വർഷത്തിലുടനീളം തുടർച്ചയായി നടപ്പാക്കിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

 

ഈ വർഷത്തെ ബജറ്റ് ‘പരിഷ്കരണ എക്സ്‌പ്രസിനെ’ കൂടുതൽ മുന്നോട്ടു കൊണ്ടുപോയെന്നു പരാമർശിച്ച പ്രധാനമന്ത്രി, മൂലധനച്ചെലവ്, സാങ്കേതികവിദ്യ എന്നീ രണ്ടു പ്രധാന ഘടകങ്ങൾക്ക് ഊന്നൽ നൽകി. മുൻവർഷങ്ങളിലെന്നപോലെ, അടിസ്ഥാനസൗകര്യവികസനത്തിനായുള്ള ചെലവ് ഏകദേശം 17 ലക്ഷം കോടി രൂപയായി വർധിപ്പിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മൂലധനച്ചെലവു വർധിപ്പിക്കുന്നതു വിവിധ മേഖലകളിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ രീതിയിലുള്ള ഗുണഫലങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു സർവകലാശാലാ ടൗൺഷിപ്പുകളുടെ നിർമാണം, രണ്ടാംനിര-മൂന്നാംനിര നഗരങ്ങൾക്കായി നഗര സാമ്പത്തിക മേഖലകളുടെ വികസനം, ഏഴു പുതിയ അതിവേഗ റെയിൽ ഇടനാഴികൾ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവ യുവാക്കളിലും രാജ്യത്തിന്റെ ഭാവിയിലുമുള്ള യഥാർഥ നിക്ഷേപങ്ങളാണെന്നു വിശേഷിപ്പിച്ചു.

​കഴിഞ്ഞ ദശകത്തിൽ സ്റ്റാർട്ടപ്പ്-ഹാക്കത്തോൺ സംസ്കാരങ്ങൾ പ്രോത്സാഹിപ്പിച്ചതിലൂടെ സാങ്കേതികവിദ്യയും നൂതനാശയങ്ങളും വളർച്ചയുടെ പ്രധാന ചാലകശക്തികളായി അംഗീകരിക്കപ്പെട്ടുവെന്നു ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. വിവിധ മേഖലകളിലായി രണ്ടു ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ ഇന്ന് ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പ്രവണതയെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുകയും നൂതനാശയങ്ങൾക്ക് അർഹമായ പ്രതിഫലം നൽകുകയും ചെയ്തുവെന്നും അതിന്റെ ഫലങ്ങൾ ഇന്നു ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ ബജറ്റ് ഇത്തരം മുൻഗണനകൾക്കു കൂടുതൽ കരുത്തു പകരുകയാണെന്നും, പ്രത്യേകിച്ച് ബയോഫാർമ, സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി എന്നീ മേഖലകൾക്കായി സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇന്ത്യയുടെ സാമ്പത്തിക ശക്തി വർധിച്ചതോടെ ഗവണ്മെന്റ് സംസ്ഥാനങ്ങളെയും ശാക്തീകരിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി തുടർന്നു പരാമർശിച്ചു. നികുതിവിഹിതത്തിലൂടെ 2004-നും 2014-നും ഇടയിൽ സംസ്ഥാനങ്ങൾക്ക് ഏകദേശം 18 ലക്ഷം കോടി രൂപയാണു ലഭിച്ചതെങ്കിൽ, 2014 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങൾക്ക് ഇതിനകം 84 ലക്ഷം കോടി രൂപ ലഭിച്ചുവെന്ന കണക്കുകൾ അദ്ദേഹം ഉദ്ധരിച്ചു. ഈ വർഷത്തെ ബജറ്റിൽ നിർദേശിച്ചിട്ടുള്ള ഏകദേശം 14 ലക്ഷം കോടി രൂപ കൂടി ചേരുമ്പോൾ, തന്റെ ഗവണ്മെന്റിനു കീഴിൽ സംസ്ഥാനങ്ങൾക്കു നൽകുന്ന ആകെ നികുതി വിഹിതം 100 ലക്ഷം കോടി രൂപയ്ക്ക് അടുത്തെത്തുമെന്നും, ഇതു രാജ്യത്തുടനീളം വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന ഗവണ്മെന്റുകളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ ആഗോളതലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുവെന്നും വിശകലനം ചെയ്യപ്പെടുന്നുവെന്നും പ്രധാനമന്ത്രി പരാമർശിച്ചു. എന്നാൽ 2014-നു മുൻപ് ഇത്തരം കരാറുകൾ സാധ്യമാകാതിരുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് അദ്ദേഹം സുപ്രധാനമായ കാഴ്ചപ്പാടു പങ്കുവച്ചു. ഒരേ രാജ്യം, ഒരേ യുവശക്തി, ഒരേ ഭരണസംവിധാനം എന്നിവയുണ്ടായിട്ടും വികസിത രാഷ്ട്രങ്ങളുമായുള്ള സമഗ്രമായ വ്യാപാര കരാറുകൾ മുൻപ് എന്തുകൊണ്ട് ഉണ്ടായില്ല എന്ന് അദ്ദേഹം ചോദിച്ചു. ഗവണ്മെന്റിന്റെ കാഴ്ചപ്പാട്, നയം, ലക്ഷ്യം, ഇന്ത്യയുടെ വർധിച്ച കരുത്ത് എന്നിവയിലാണു മാറ്റം വന്നിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന, നയപരമായ സ്തംഭനാവസ്ഥയും അഴിമതികളും നിലനിന്നിരുന്ന കാലഘട്ടത്തിൽ ഒരു രാജ്യവും ഇന്ത്യയെ വിശ്വസിക്കാൻ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-നു മുൻപ് ഇന്ത്യയുടെ നിർമാണമേഖല ദുർബലമായിരുന്നുവെന്നും, വികസിത രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ വിപണി പിടിച്ചടക്കുന്നതിനും ഉൽപ്പന്നങ്ങൾ ഇവിടെ തള്ളുന്നതിനും കാരണമാകുമെന്നു മുൻ ഗവണ്മെന്റുകൾ ഭയപ്പെട്ടിരുന്നതായും ശ്രീ മോദി പറഞ്ഞു. നിരാശയുടെ ആ അന്തരീക്ഷത്തിൽ മുൻ ഗവണ്മെന്റ് ആകെ നാലു സമഗ്ര വ്യാപാര കരാറുകൾ മാത്രമാണു പൂർത്തിയാക്കിയതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വിവിധ മേഖലകളിലായി 38 രാജ്യങ്ങളെ ഉൾക്കൊള്ളുന്ന വ്യാപാര കരാറുകൾ ഇന്ത്യ പൂർത്തിയാക്കിയെന്നു ശ്രീ മോദി പറഞ്ഞു. ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസമുള്ളതാണെന്നും ആഗോളതലത്തിൽ മത്സരസജ്ജമാണെന്നും കഴിഞ്ഞ പതിനൊന്നു വർഷത്തിനിടയിൽ കരുത്തുറ്റ നിർമാണ ആവാസവ്യവസ്ഥ കെട്ടിപ്പടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ കരുത്തും ശാക്തീകരണവുമാണു ലോകത്തിന്റെ വിശ്വാസം നേടിയെടുത്തതെന്നും, ഇത് ഇന്ത്യയുടെ വ്യാപാരനയത്തിൽ വലിയൊരു മാറ്റത്തിന് അടിത്തറ പാകിയെന്നും വികസിത ഇന്ത്യയിലേക്കുള്ള യാത്രയിലെ പ്രധാന സ്തംഭമായി ഇതു മാറിയെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

വികസനത്തിൽ ഓരോ പൗരനെയും പങ്കാളിയാക്കുന്നതിനും, പിന്നാക്കം പോയവർക്കു മുൻഗണന നൽകുന്നതിനുമായി ഗവണ്മെന്റ് പൂർണമായ സഹാനുഭൂതിയോടെയാണു പ്രവർത്തിക്കുന്നതെന്നു ശ്രീ മോദി പറഞ്ഞു. മുൻ ഗവണ്മെന്റുകൾ ഭിന്നശേഷിക്കാർക്കായി പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണു ചെയ്തിരുന്നതെന്നും എന്നാൽ തന്റെ ഗവണ്മെന്റ് ഇന്ത്യൻ ആംഗ്യഭാഷയെ ഔദ്യോഗികമായി അംഗീകരിച്ചതു യഥാർഥ സഹാനുഭൂതിയുടെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രാൻസ്‌ജെൻഡർ സമൂഹം അവകാശങ്ങൾക്കായി ദീർഘകാലം പോരാടിയിട്ടുണ്ടെന്നും, അവർക്ക് അന്തസ്സും സംരക്ഷണവും നൽകുന്നതിനായി തന്റെ ഗവണ്മെന്റ് നിയമം നിർമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ദശലക്ഷക്കണക്കിനു സ്ത്രീകൾക്കു മുത്തലാഖ് സമ്പ്രദായത്തിൽനിന്നു മോചനം ലഭിച്ചുവെന്നും ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്കു സംവരണം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് സംവിധാനങ്ങളുടെ മനോഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്നും അതു കൂടുതൽ ജനകീയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ റേഷൻ വിതരണം പോലുള്ള പദ്ധതികളിൽ ഇതു വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതിയെ പരിഹസിച്ച പ്രതിപക്ഷത്തെ അദ്ദേഹം വിമർശിച്ചു; 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു മുക്തരായെങ്കിലും, പുതുതായി മധ്യവർഗത്തിലേക്ക് എത്തിയവർ വീണ്ടും ദാരിദ്ര്യത്തിലേക്കു വീണുപോകാതിരിക്കാൻ സൗജന്യ റേഷൻ ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതിക്കായി ഗവണ്മെന്റ് ലക്ഷക്കണക്കിനു കോടി രൂപ ചെലവഴിച്ചുവെന്നും ഇതു പാവപ്പെട്ടവർക്കും നവമധ്യവർഗത്തിനും വലിയ പിന്തുണയാണു നൽകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.

 

​കാഴ്ചപ്പാടിലെ വ്യത്യാസത്തെക്കുറിച്ചു പരാമർശിച്ച ശ്രീ മോദി, താൻ എന്തിനാണ് 2047-നെക്കുറിച്ചും വികസിത ഇന്ത്യയെക്കുറിച്ചും സംസാരിക്കുന്നതെന്നു ചിലർ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും അനിശ്ചിതമായ ഒന്നായി അതിനെ തള്ളിക്കളയുന്നുണ്ടെന്നും പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളും ഇതേ രീതിയിലാണു ചിന്തിച്ചിരുന്നതെങ്കിൽ ഇന്ത്യക്ക് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു എന്ന് അദ്ദേഹം ഇതിനു മറുപടിയായി പറഞ്ഞു. രാജ്യം ഒന്നാമത് എന്ന ചിന്തയുണ്ടാകുമ്പോൾ ഓരോ തീരുമാനവും നയവും രാജ്യത്തിനു വേണ്ടിയുള്ളതാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വികസിതമാക്കുന്നതിനായി നിരന്തരം പ്രവർത്തിക്കുക എന്ന ഗവണ്മെന്റിന്റെ കാഴ്ചപ്പാട് വ്യക്തമാണെന്നു പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഇന്നത്തെ തലമുറ 2047 വരെ ഉണ്ടായാലും ഇല്ലെങ്കിലും, ഈ രാഷ്ട്രവും അതിന്റെ വരുംതലമുറകളും ഇവിടെയുണ്ടാകുമെന്നും, അതിനാൽ ഭാവിയെ സുരക്ഷിതവും ശോഭനവുമാക്കാൻ സ്വയം സമർപ്പിക്കുക എന്നതു വർത്തമാനകാലത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തടസ്സങ്ങളോടുകൂടി ജീവിക്കാൻ ലോകം ഇപ്പോൾ സജ്ജമാകണമെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. അവയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുമെങ്കിലും സംവിധാനങ്ങൾ അതിവേഗം മാറുമെന്നും അദ്ദേഹം പറഞ്ഞു. നിർമിതബുദ്ധി കാരണം നിലവിൽ ദൃശ്യമാകുന്ന മാറ്റങ്ങളെക്കുറ‌ിച്ചു പരാമർശിച്ച അദ്ദേഹം, ഭാവിയിൽ AI കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അതിനായി ഇന്ത്യ സജ്ജമാണെന്നും പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ‘ആഗോള നിർമിതബുദ്ധി അനന്തരഫല ഉച്ചകോടി’ (Global AI Impact Summit) നടക്കുമെന്നും, അതിൽ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളും സാങ്കേതികവിദ്യാരംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നും ശ്രീ മോദി പ്രഖ്യാപിച്ചു. ഏവരും ഒത്തുചേർന്നു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, ഉച്ചകോടിയുടെ വിജയത്തിനായി ആശംസകൾ നേർന്നാണു പ്രസംഗം ഉപസംഹരിച്ചത്.​

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
GIFT City scales new heights as India's 1st international finance and IT hub

Media Coverage

GIFT City scales new heights as India's 1st international finance and IT hub
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares address by Shri Amit Shah in Lok Sabha on India’s decisive fight against Naxalism
March 30, 2026

The Prime Minister, Shri Narendra Modi shared the outstanding speech delivered by Union Home Minister Shri Amit Shah ji, noting that it was filled with important facts, historical context, and a detailed account of the Government’s efforts over the past decade. Shri Modi highlighted that for decades, the retrograde Maoist ideology had an adverse impact on the development of several regions, with Left Wing Extremism severely affecting the future of countless youngsters.

He further underlined that over the last ten years, the Government has worked towards uprooting this menace, while simultaneously ensuring that the benefits of development reach areas affected by Naxalism. The Prime Minister reaffirmed that the Government will continue to focus on strengthening good governance and ensuring peace and prosperity for all.

The Prime Minister posted on X:

“This is an outstanding speech by the Home Minister, Shri Amit Shah Ji, filled with important facts, historical context and the efforts of our Government in the last decade.

For decades, the retrograde Maoist ideology had an adverse impact on the development of several regions. Left Wing Extremism has ruined the future of countless youngsters.

In the last decade, our Government has worked towards uprooting this menace and at the same time ensuring the fruits of development reach areas affected by Naxalism. We will keep focusing on furthering good governance and ensuring peace and prosperity for all.”