എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഈ മഴക്കാലത്ത്, പ്രകൃതി ദുരന്തങ്ങൾ രാജ്യത്തെ പരീക്ഷിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാക്കിയ വലിയ നാശനഷ്ടങ്ങൾ നാം കണ്ടു. വെള്ളപ്പൊക്കത്തിൽ വീടുകൾ നശിച്ചു, വയലുകൾ വെള്ളത്തിനടിയിലായി, കുടുംബങ്ങൾ തകർന്നു, പാലങ്ങളും റോഡുകളും ഒലിച്ചുപോയി, ആളുകളുടെ ജീവൻ അപകടത്തിലായി. ഈ സംഭവങ്ങൾ ഓരോ ഭാരതീയനെയും വേദനിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന നമ്മുടെയെല്ലാം തീരാവേദനയാണ്. പ്രതിസന്ധികൾ എവിടെയൊക്കെ വന്നുവോ, അവിടെയൊക്കെ നമ്മുടെ എൻ.ഡി.ആർ.എഫ്.-എസ്.ഡി.ആർ.എഫ്. ഉദ്യോഗസ്ഥർ, മറ്റ് സുരക്ഷാ സേനകൾ, എല്ലാവരും ആളുകളെ രക്ഷിക്കാൻ രാവും പകലും പ്രവർത്തിച്ചു. സൈനികർ സാങ്കേതികവിദ്യയുടെ സഹായവും സ്വീകരിച്ചു. തെർമൽ ക്യാമറകൾ, ലൈവ് ഡിറ്റക്ടറുകൾ, സ്നിഫർ ഡോഗുകൾ, ഡ്രോൺ നിരീക്ഷണം തുടങ്ങിയ നിരവധി ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. ഈ സമയത്ത്, ഹെലികോപ്റ്റർ വഴി ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചു, പരിക്കേറ്റവരെ എയർ ലിഫ്റ്റ് ചെയ്തു. ദുരന്തസമയത്ത്, സൈന്യം സഹായവുമായി മുന്നോട്ടുവന്നു. നാട്ടുകാർ, സാമൂഹിക പ്രവർത്തകർ, ഡോക്ടർമാർ, ഭരണകൂടം, എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തിൽ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. ഈ ദുഷ്‌കരമായ സമയത്ത് മനുഷ്യത്വത്തെ മറ്റെന്തിനേക്കാളും ഉയർത്തിപ്പിടിച്ച ഓരോ പൗരനും ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വെള്ളപ്പൊക്കത്തിന്റെയും മഴയുടെയും ഈ നാശനഷ്ടങ്ങൾക്കിടയിലും, ജമ്മു കശ്മീർ രണ്ട് പ്രത്യേക നേട്ടങ്ങൾ കൈവരിച്ചു. അധികം ആളുകൾ ഇത് ശ്രദ്ധിച്ചില്ല, ആ നേട്ടങ്ങളെക്കുറിച്ച് അറിയുമ്പോൾ, നിങ്ങൾ വളരെ സന്തോഷിക്കും. ജമ്മു കശ്മീരിലുള്ള, പുൽവാമയിലെ ഒരു സ്റ്റേഡിയത്തിൽ വലിയ തോതിൽ ആളുകൾ ഒത്തുകൂടി. റെക്കോർഡ് പങ്കാളിത്തമായിരുന്നു ഇത്. പുൽവാമയിലെ ആദ്യ രാപ്പകൽ ക്രിക്കറ്റ് മത്സരം ഇവിടെ നടന്നിരുന്നു. നേരത്തെ ഇത് അസാധ്യമായിരുന്നു, പക്ഷേ ഇപ്പോൾ നമ്മുടെ രാജ്യം മാറുകയാണ്. ജമ്മു കശ്മീർലെ വിവിധ ടീമുകൾ കളിക്കുന്ന 'റോയൽ പ്രീമിയർ ലീഗിന്റെ' ഭാഗമാണ് ഈ മത്സരം. പുൽവാമയിൽ ആയിരക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, രാത്രിയിൽ ക്രിക്കറ്റ് ആസ്വദിക്കുന്നു - ഈ കാഴ്ച ശരിക്കും കാണേണ്ടത് തന്നെയാണ്.
സുഹൃത്തുക്കളേ, ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടാമത്തെ പരിപാടി രാജ്യത്തെ ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലായിരുന്നു, അതും ശ്രീനഗറിലെ ദാൽ തടാകത്തിൽ നടന്നു. ശരിക്കും, അത്തരമൊരു ഉത്സവം സംഘടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ജമ്മു കശ്മീരിൽ ജല കായിക വിനോദങ്ങളെ കൂടുതൽ ജനപ്രിയമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭാരതത്തിലുടനീളമുള്ള 800-ലധികം അത്‌ലറ്റുകൾ ഇതിൽ പങ്കെടുത്തു. വനിതാ അത്‌ലറ്റുകൾ ഒട്ടും പിന്നിലല്ല, അവരുടെ പങ്കാളിത്തവും പുരുഷന്മാരുടേതിന് തുല്യമായിരുന്നു. ഇതിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും ഞാൻ അഭിനന്ദിക്കുന്നു. ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ മധ്യപ്രദേശിനും, തുടർന്നുള്ള സ്ഥാനങ്ങൾ നേടിയ ഹരിയാനയ്ക്കും ഒഡീഷയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ. ജമ്മു കശ്മീർ സർക്കാരിന്റെയും അവിടുത്തെ ജനങ്ങളുടെയും ഊഷ്മളതയെയും ആതിഥ്യമര്യാദയെയും ഞാൻ വളരെയധികം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ഈ പരിപാടിയുടെ അനുഭവം നിങ്ങളുടെ മുന്നിൽ കൊണ്ടുവരണമെന്ന് ഞാൻ ആലോചിച്ചു, അതിൽ പങ്കെടുത്ത അത്തരം രണ്ട് കളിക്കാരുമായി സംസാരിച്ചു. അവരിൽ ഒരാൾ ഒഡീഷയിൽ നിന്നുള്ള രശ്മിത സാഹുവും മറ്റൊരാൾ ശ്രീനഗറിൽ നിന്നുള്ള മൊഹ്‌സിൻ അലിയുമാണ്, അവർക്ക് എന്താണ് പറയാനുള്ളതെന്ന് നമുക്ക് കേൾക്കാം.
പ്രധാനമന്ത്രി: രശ്മിത, നമസ്തേ!
രശ്മിത: നമസ്തേ സർ.
പ്രധാനമന്ത്രി: ജയ് ജഗന്നാഥ്.
രശ്മിത: ജയ് ജഗന്നാഥ് സർ.
പ്രധാനമന്ത്രി: രശ്മിത, ആദ്യം തന്നെ നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ.
രശ്മിത: നന്ദി സർ.
പ്രധാനമന്ത്രി: രശ്മിത, നിങ്ങളെയും നിങ്ങളുടെ കായിക യാത്രയെയും കുറിച്ച് അറിയാൻ ഞങ്ങളുടെ ശ്രോതാക്കൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, എനിക്കും വളരെ ആകാംക്ഷയുണ്ട്. പറയൂ!
രശ്മിത: സർ, ഞാൻ രശ്മിത സാഹു. ഒഡീഷയിൽ നിന്നാണ്. ഞാൻ ഒരു കനോയിംഗ് കായികതാരമാണ്. 2017 ൽ ഞാൻ സ്പോർട്സിൽ ചേർന്നു. ഞാൻ കനോയിംഗ് ആരംഭിച്ചു, ദേശീയ തലത്തിൽ, ചാമ്പ്യൻഷിപ്പിലും ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. എനിക്ക് 41 മെഡലുകൾ ലഭിച്ചിട്ടുണ്ട്. 13 സ്വർണ്ണം, 14 വെള്ളി, 14 വെങ്കല മെഡലുകൾ സർ.
പ്രധാനമന്ത്രി: ഈ കായിക ഇനത്തിൽ നിങ്ങൾക്ക് എങ്ങനെയാണ് താൽപ്പര്യം ഉണ്ടായത്? ആരാണ് ആദ്യം നിങ്ങളെ ഇതിലേക്ക് പ്രേരിപ്പിച്ചത്? നിങ്ങളുടെ കുടുംബത്തിൽ ഒരു കായിക അന്തരീക്ഷമുണ്ടോ?
രശ്മിത: ഇല്ല സർ. ഞാൻ വരുന്ന ഗ്രാമത്തിൽ അത്തരമൊരു കായിക വിനോദം ഉണ്ടായിരുന്നില്ല. നദിയിൽ ബോട്ടിംഗ് നടക്കുമ്പോൾ ഞാൻ നീന്താൻ പോയിരുന്നു. ഞാനും എന്റെ കൂട്ടുകാരും നീന്തുന്ന സമയത്ത് അവിടെ കനോയിംഗ്-കയാക്കിംഗിനായി ഒരു ബോട്ട് കടന്നുപോയി. പക്ഷേ, എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അപ്പോൾ ഞാൻ എന്റെ സുഹൃത്തിനോട് ചോദിച്ചു, ഇതെന്താണെന്ന്? എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു, ജഗത്പൂരിൽ ഒരു SAI സ്പോർട്സ് സെന്റർ ഉണ്ടെന്നും അവിടെ സ്പോർട്സ് സംഘടിപ്പിക്കാറുണ്ടെന്നും ഞാനും അവിടെ പോകാൻ പോകുന്നുവെന്നും. എനിക്ക് അത് വളരെ രസകരമായി തോന്നി. അപ്പോൾ ഇതെന്താണ്, എനിക്കറിയില്ലായിരുന്നു, കുട്ടികൾ വെള്ളത്തിൽ ഇത് എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന്? ബോട്ടിംഗ് എങ്ങനെയെന്നും എനിക്കറിയില്ലായിരുന്നു. എനിക്കും പോകണമെന്ന് ഞാൻ അവനോട് പറഞ്ഞു. അവിടെ പോയി സംസാരിക്കാൻ അവൻ എന്നോട് പറഞ്ഞു. പിന്നെ ഞാൻ ഉടനെ വീട്ടിലേക്ക് പോയി, പപ്പാ എനിക്ക് പോകണം, പപ്പാ എനിക്ക് പോകണം എന്ന് പറഞ്ഞു. പിന്നെ പപ്പാ ശരി എന്ന് പറഞ്ഞു എന്നെ കൊണ്ടുപോയി. ആ സമയത്ത് ട്രയൽ ഉണ്ടായിരുന്നില്ല, കോച്ച് പറഞ്ഞു ഫെബ്രുവരിയിൽ ട്രയൽസ് നടക്കുന്നുണ്ടെന്ന്, ഫെബ്രുവരി, മാർച്ചിൽ ട്രയൽ സമയത്ത് നിങ്ങൾക്ക് വരാം. ഞാൻ ട്രയൽ സമയത്ത് അവിടെ പോയി.
പ്രധാനമന്ത്രി: ശരി രശ്മിത, കശ്മീരിൽ നടന്ന 'ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിൽ' നിങ്ങളുടെ അനുഭവം എങ്ങനെയായിരുന്നു? നിങ്ങൾ ആദ്യമായാണോ കശ്മീരിൽ പോയത്?
രശ്മിത: അതെ സർ, ഞാൻ ആദ്യമായി കശ്മീരിലേക്ക് പോയി. ഖേലോ ഇന്ത്യ, ആദ്യത്തെ 'ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവൽ' ഞങ്ങൾക്കായി അവിടെ സംഘടിപ്പിച്ചു. എനിക്ക് അതിൽ രണ്ട് ഇനങ്ങൾ ഉണ്ടായിരുന്നു. സിംഗിൾസ് 200 മീറ്ററും 500 മീറ്റർ ഡബിൾസും. രണ്ടിലും ഞാൻ സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട് സർ.
പ്രധാനമന്ത്രി: ഓ വൗ! നിങ്ങൾ രണ്ടും നേടി.
രശ്മിത: അതെ സർ.
പ്രധാനമന്ത്രി: ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ.
രശ്മിത: നന്ദി സർ.
പ്രധാനമന്ത്രി: ശരി രശ്മിത, ജല കായിക വിനോദങ്ങൾക്ക് പുറമെ, നിങ്ങളുടെ ഹോബികൾ എന്തൊക്കെയാണ്?
രശ്മിത: സർ, ജല കായിക വിനോദങ്ങൾക്ക് പുറമേ, എനിക്ക് ഓട്ടം വളരെ ഇഷ്ടമാണ്. അവധിക്കാലത്ത് ഞാൻ ഓടാൻ പോകാറുണ്ട്. ഫുട്ബോളും കളിക്കാറുണ്ട്. ഞാൻ അവിടെ പോകുമ്പോഴെല്ലാം ഓടുകയും ഫുട്ബോൾ കളിക്കുകയും ചെയ്യുന്നു, സർ.
പ്രധാനമന്ത്രി: അപ്പോൾ സ്പോർട്സ് നിങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു.
രശ്മിത: അതെ സർ, ഞാൻ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സ്കൂളിൽ പഠിക്കുമ്പോൾ, പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഞാൻ ഒന്നാമതായിരുന്നു, ഞാൻ ഒരു ചാമ്പ്യനായിരുന്നു സർ.
പ്രധാനമന്ത്രി: രശ്മിത, നിങ്ങളെപ്പോലെ കായികരംഗത്ത് പുരോഗതി ആഗ്രഹിക്കുന്നവർക്ക് ഒരു സന്ദേശം നൽകണമെങ്കിൽ, നിങ്ങൾ എന്ത് നൽകും?
രശ്മിത: സർ, നിരവധി കുട്ടികളെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല, പെൺകുട്ടികളാണെങ്കിൽ, അവർ എങ്ങനെ പുറത്തുപോകും? ചിലർ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം കായികരംഗം ഉപേക്ഷിക്കുന്നു. ഖേലോ ഇന്ത്യ പദ്ധതിയിൽ, നിരവധി കുട്ടികൾക്ക് സാമ്പത്തിക സഹാവും മറ്റനവധി സഹായങ്ങളും ലഭിക്കുന്നു, അതുകൊണ്ട് നിരവധി കുട്ടികൾക്ക് മുന്നോട്ട് വരാൻ സാധിക്കുന്നു. സ്പോർട്സ് ഉപേക്ഷിക്കരുതെന്ന് ഞാൻ എല്ലാവരോടും പറയും. സ്പോട്സിലൂടെ വ്യക്തികൾക്ക് ഒരുപാട് മുന്നോട്ട് പോകാൻ കഴിയും. സ്പോർട്സ് എന്നാൽ കളി തന്നെയാണ്, പക്ഷേ അത് ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും ആരോഗ്യകരമായി നിലനിർത്തുന്നു. സ്പോർട്സ് മുന്നോട്ട് കൊണ്ടുപോയി ഭാരതത്തിനായി മെഡലുകൾ നേടേണ്ടത് നമ്മുടെ കടമയാണ് സർ.
പ്രധാനമന്ത്രി: ശരി, രശ്മിതാ, എനിക്ക് ഇത് ശരിക്കും ഇഷ്ടപ്പെട്ടു, നിങ്ങൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. നിങ്ങളുടെ അച്ഛനെയും എന്റെ ആശംസകൾ അറിയിക്കട്ടെ, കാരണം നിരവധി ബുദ്ധിമുട്ടുകൾക്കിടയിലും, ഒരു മകൾക്ക് മുന്നോട്ട് പോകാൻ അദ്ദേഹം വളരെയധികം പ്രോത്സാഹനം നൽകി, എന്റെ ആശംസകൾ. നന്ദി.
രശ്മിതാ: നന്ദി സർ.
പ്രധാനമന്ത്രി: ജയ് ജഗന്നാഥ്.
രശ്മിതാ: ജയ് ജഗന്നാഥ് സർ.
പ്രധാനമന്ത്രി: മൊഹ്‌സിൻ അലി, നമസ്തേ!
മൊഹ്‌സിൻ അലി: നമസ്തേ സർ!
പ്രധാനമന്ത്രി: മൊഹ്‌സിൻ, നിങ്ങൾക്ക് ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ, നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകൾ.
മൊഹ്‌സിൻ അലി: നന്ദി സർ.
പ്രധാനമന്ത്രി: മൊഹ്‌സിൻ, ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിൽ ആദ്യമായി സ്വർണ്ണ മെഡൽ നേടിയത് നിങ്ങളാണ്, നിങ്ങൾക്ക് എന്തു തോന്നുന്നു?
മൊഹ്‌സിൻ അലി: സർ, എനിക്ക് വളരെ സന്തോഷമുണ്ട്, ഖേലോ ഇന്ത്യയിൽ കാശ്മീരിനെ പ്രതിനിധീകരിച്ച് ആദ്യ സ്വർണ്ണ മെഡൽ നേടിയതിൽ, എനിക്ക് അതിയായ സന്തോഷമുണ്ട്.
പ്രധാനമന്ത്രി: ആളുകൾക്കിടയിൽ എന്താണ് ചർച്ച?
മൊഹ്‌സിൻ അലി: ധാരാളം ചർച്ചകൾ നടക്കുന്നുണ്ട് സർ, എന്റെ കുടുംബവും സന്തോഷത്തിലാണ്.
പ്രധാനമന്ത്രി: നിങ്ങളുടെ സ്കൂളിലുള്ളവരും സഹപാഠികളും?
മൊഹ്‌സിൻ അലി: സ്കൂളിലുള്ളവരും സഹപാഠികളും സന്തോഷത്തിലാണ്, കശ്മീരിലെ എല്ലാവരും എന്നോട് പറയുന്നത് നിങ്ങൾ ഒരു സ്വർണ്ണ മെഡൽ ജേതാവാണെന്ന്.
പ്രധാനമന്ത്രി: നിങ്ങൾ ഇപ്പോൾ ഒരു വലിയ സെലിബ്രിറ്റിയായി മാറിയിരിക്കുന്നു.
മൊഹ്‌സിൻ അലി: അതെ സർ!
പ്രധാനമന്ത്രി: നിങ്ങൾ എങ്ങനെയാണ് ജല കായിക വിനോദങ്ങളിൽ താൽപ്പര്യം വളർത്തിയെടുത്തത്, അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
മൊഹ്‌സിൻ അലി: എന്റെ കുട്ടിക്കാലത്ത്, ദാൽ തടാകത്തിലാണ് ഞാൻ ആ ബോട്ട് ആദ്യമായി കണ്ടത്, എന്റെ അച്ഛൻ എന്നോട് നീ ഓടിക്കുന്നോ എന്ന് ചോദിച്ചു, അതെ എനിക്കും അതിൽ താൽപ്പര്യമുണ്ട് എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ സെന്ററിലെ മാഡത്തിന്റെ അടുത്തേക്ക് കൊണ്ടുപോയി, പിന്നെ ബിൽക്വിസ് മാഡം എന്നെ പഠിപ്പിച്ചു.
പ്രധാനമന്ത്രി: ശരി, മൊഹ്‌സിൻ, രാജ്യമെമ്പാടുമുള്ള ആളുകൾ എത്തിയിരുന്നല്ലോ. ശ്രീനഗറിലും ദാൽ തടാകത്തിലും ആദ്യമായി ഒരു ജലവിനോദ പരിപാടി നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ എത്തിയിരുന്നു. ആ അനുഭവം എങ്ങനെയുണ്ടായിരുന്നു?
മൊഹ്‌സിൻ അലി: സർ, ഞങ്ങൾ വളരെ സന്തോഷത്തിലാണ്. എല്ലാവരും പറയുന്നത് ഇതൊരു നല്ല സ്ഥലമാണെന്നും ഇവിടെ എല്ലാം നല്ലതാണെന്നും സൗകര്യങ്ങൾ നല്ലതാണെന്നും ആണ്. ഖേലോ ഇന്ത്യയിൽ ഇവിടെ എല്ലാം നല്ലതായിരുന്നു.
പ്രധാനമന്ത്രി: നിങ്ങൾ എപ്പോഴെങ്കിലും കശ്മീരിന് പുറത്ത് കളിക്കാൻ പോയിട്ടുണ്ടോ?
മൊഹ്‌സിൻ അലി: അതെ സർ, ഞാൻ ഭോപ്പാൽ, ഗോവ, കേരളം, ഹിമാചൽ എന്നിവിടങ്ങളിൽ പോയിട്ടുണ്ട്.
പ്രധാനമന്ത്രി: അപ്പോൾ നിങ്ങൾ ഭാരതം മുഴുവൻ കണ്ടിട്ടുണ്ട്.
മൊഹ്‌സിൻ അലി: അതെ സർ
പ്രധാനമന്ത്രി: ശരി, അത്രയധികം കളിക്കാർ അവിടെ വന്നിരുന്നു; അല്ലേ.
മൊഹ്‌സിൻ അലി: അതെ സർ.
പ്രധാനമന്ത്രി: നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ ലഭിച്ചില്ലേ?
മൊഹ്‌സിൻ അലി: സർ, ഞങ്ങൾക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. ദാൽ തടാകത്തിലും ലാൽ ചൗക്കിലും ഞങ്ങൾ ഒരുമിച്ച് ചുറ്റിക്കറങ്ങി. ഞങ്ങൾ പഹൽഗാമിലേക്കും പോയി, അതെ സർ, മുഴുവൻ സ്ഥലവും ചുറ്റിക്കണ്ടു.
പ്രധാനമന്ത്രി: അതെ, ജമ്മു കശ്മീരിലെ കായിക പ്രതിഭ വളരെ അത്ഭുതകരമാണ്.
മൊഹ്‌സിൻ അലി: അതെ സർ.
പ്രധാനമന്ത്രി: ജമ്മു കശ്മീരിലെ യുവാക്കൾക്ക് വളരെയധികം കഴിവുകളുണ്ട്, അവർ രാജ്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നവരാണ്.
മൊഹ്‌സിൻ അലി: സർ, ഒളിമ്പിക്സിൽ ഒരു മെഡൽ നേടുക എന്നതാണ് എന്റെ സ്വപ്നം.
പ്രധാനമന്ത്രി: വളരെ നന്നായി.
മൊഹ്‌സിൻ അലി: അതാണ് എന്റെ സ്വപ്നം സർ.
പ്രധാനമന്ത്രി: നോക്കൂ, നിങ്ങളുടെ വാക്കുകൾ എന്നിൽ രോമാഞ്ചം ഉളവാക്കുന്നു.
മൊഹ്‌സിൻ അലി: സർ, അതാണ് എന്റെ സ്വപ്നം, ഒളിമ്പിക്സിൽ ഒരു മെഡൽ നേടുക. രാജ്യത്തിനുവേണ്ടി ദേശീയഗാനം ആലപിക്കുക എന്നത് എന്റെ ഒരേയൊരു സ്വപ്നമാണ്.
പ്രധാനമന്ത്രി: എന്റെ രാജ്യത്തെ ഒരു തൊഴിലാളി കുടുംബത്തിലെ മകൻ ഇത്ര വലിയ സ്വപ്നം കാണുന്നു, നമ്മുടെ രാജ്യം പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നേറുകയാണ്.
മൊഹ്‌സിൻ അലി: സർ, ഇത് വളരെയധികം പുരോഗമിക്കാൻ പോകുന്നു. ഖേലോ ഇന്ത്യ ഇവിടെ ഇത്രയധികം കാര്യങ്ങൾ ചെയ്ത ഭാരത സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്, ഇത് ഇവിടെ ആദ്യമായാണ് സംഭവിച്ചത് സർ.
പ്രധാനമന്ത്രി: അതുകൊണ്ടാണ് നിങ്ങളുടെ സ്കൂളിലും പ്രോത്സാഹനം നൽകുന്നത്.
മൊഹ്‌സിൻ അലി: അതെ സർ.
പ്രധാനമന്ത്രി: ശരി മൊഹ്‌സിൻ, നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, നിങ്ങളുടെ പിതാവിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹം നിങ്ങളുടെ ജീവിതം പടുത്തുയർത്തിയത് കഠിനാധ്വാനം ചെയ്താണ്, നിങ്ങളുടെ പിതാവിന്റെ വാക്കുകൾക്ക് വില കല്പിച്ച് 10 വർഷം നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇത് ഒരു കളിക്കാരന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദനമാണ്, നിങ്ങളുടെ പിന്നിൽ കഠിനാധ്വാനം ചെയ്ത നിങ്ങളുടെ പരിശീലകനെയും ഞാൻ അഭിനന്ദിക്കുന്നു. എന്റെ ആശംസകൾ, ഒത്തിരി അഭിനന്ദനങ്ങൾ സഹോദരാ.
മൊഹ്‌സിൻ അലി: താങ്ക്യൂ സർ, നമസ്‌കാരം സർ, ജയ് ഹിന്ദ്!
സുഹൃത്തുക്കളേ, 'ഏക് ഭാരത്-ശ്രേഷ്ഠ ഭാരത്' എന്ന വികാരം, രാജ്യത്തിന്റെ ഐക്യം, രാജ്യത്തിന്റെ വികസനത്തിന് വളരെ പ്രധാനമാണ്, തീർച്ചയായും സ്പോർട്സ് അതിൽ വലിയ ഒരു പങ്കു വഹിക്കുന്നു, അതുകൊണ്ടാണ് കളിക്കുന്നവൻ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ഞാൻ പറയുന്നത്. നമ്മുടെ രാജ്യം കൂടുതൽ ടൂർണമെന്റുകൾ കളിക്കുന്തോറും കൂടുതൽ അഭിവൃദ്ധി പ്രാപിക്കുന്നു. നിങ്ങൾ രണ്ടുപേർക്കും നിങ്ങളുടെ സഹതാരങ്ങൾക്കും എന്റെ ആശംസകൾ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങൾ യുപിഎസ്‌സി എന്ന പേര് കേട്ടിട്ടുണ്ടാകും. രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നായ സിവിൽ സർവീസസ് പരീക്ഷയും ഈ സ്ഥാപനം നടത്തുന്നു. സിവിൽ സർവീസസിലെ ഉന്നത വിജയം നേടിയവരുടെ പ്രചോദനാത്മകമായ വാക്കുകൾ നമ്മളെല്ലാവരും പലതവണ കേട്ടിട്ടുണ്ട്. ഈ യുവാക്കൾ ദുഷ്‌കരമായ സാഹചര്യങ്ങളിൽ പഠിക്കുകയും അവരുടെ കഠിനാധ്വാനത്തിലൂടെ ഈ സർവീസിൽ ഇടം നേടുകയും ചെയ്യുന്നു - എന്നാൽ സുഹൃത്തുക്കളേ, യുപിഎസ്‌സി പരീക്ഷയെക്കുറിച്ച് മറ്റൊരു സത്യമുണ്ട്. ആയിരക്കണക്കിന് കഴിവുള്ള ഉദ്യോഗാർത്ഥികളുണ്ട്, അവരുടെ കഠിനാധ്വാനവും മറ്റാരെക്കാളും കുറവല്ല, പക്ഷേ അവർക്ക് ചെറിയ വ്യത്യാസത്തിൽ അന്തിമ പട്ടികയിൽ എത്താൻ കഴിയുന്നില്ല. ഈ ഉദ്യോഗാർത്ഥികൾ മറ്റ് പരീക്ഷകൾക്കായി പുതുതായി തയ്യാറെടുക്കണം. ഇതിൽ അവരുടെ സമയവും പണവും നഷ്ടമാകുന്നു. അതിനാൽ, ഇപ്പോൾ അത്തരം മിടുക്കരായ വിദ്യാർത്ഥികൾക്കായി ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചിട്ടുണ്ട്, അതിന്റെ പേര് 'പ്രതിഭ സേതു' എന്നാണ്. യുപിഎസ്‌സിയുടെ വിവിധ പരീക്ഷകളുടെ എല്ലാ ഘട്ടങ്ങളിലും വിജയിച്ച ഉദ്യോഗാർത്ഥികളുടെ ഡാറ്റ 'പ്രതിഭ സേതു'വിലുണ്ട്, പക്ഷേ അവരുടെ പേര് അന്തിമ മെറിറ്റ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടില്ല. ഈ പോർട്ടലിൽ പതിനായിരത്തിലധികം മിടുക്കരായ യുവാക്കളുടെ ഒരു ഡാറ്റാബാങ്ക് ഉണ്ട്. ചിലർ സിവിൽ സർവീസിന് തയ്യാറെടുക്കുകയായിരുന്നു, ചിലർ എഞ്ചിനീയറിംഗ് സർവീസുകളിൽ ചേരാൻ ആഗ്രഹിച്ചു, ചിലർ മെഡിക്കൽ സർവീസുകളുടെ എല്ലാ ഘട്ടങ്ങളും പാസായി, പക്ഷേ ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ടില്ല - അത്തരം എല്ലാ ഉദ്യോഗാർത്ഥികളുടെയും വിവരങ്ങൾ ഇപ്പോൾ 'പ്രതിഭ സേതു' പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ പോർട്ടലിൽ നിന്ന്, സ്വകാര്യ കമ്പനികൾക്ക് ഈ സമർത്ഥരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ നേടാനും അവരെ നിയമിക്കാനും കഴിയും. സുഹൃത്തുക്കളേ, ഈ ശ്രമത്തിന്റെ ഫലങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു. ഈ പോർട്ടലിന്റെ സഹായത്തോടെ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഉടനടി ജോലി ലഭിച്ചു, ചെറിയ വ്യത്യാസത്തിൽ കുടുങ്ങിപ്പോയ യുവാക്കൾ ഇപ്പോൾ പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകം മുഴുവൻ ഭാരതത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാരതത്തിലെ മറഞ്ഞിരിക്കുന്ന സാധ്യതകളിലേക്ക് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു മനോഹരമായ അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇക്കാലത്ത് പോഡ്‌കാസ്റ്റുകൾ വളരെ ഫാഷനാണെന്ന് നിങ്ങൾക്കറിയാം. വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റുകൾ വ്യത്യസ്ത ആളുകൾ കാണുകയും കേൾക്കുകയും ചെയ്യുന്നു. അടുത്തിടെ, ഞാനും ചില പോഡ്‌കാസ്റ്റുകളിൽ പങ്കെടുത്തിരുന്നു. ലോകത്തിലെ വളരെ പ്രശസ്തനായ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്‌മാനുമൊത്തുള്ള അത്തരമൊരു പോഡ്‌കാസ്റ്റ് ഉണ്ടായിരുന്നു. ആ പോഡ്‌കാസ്റ്റിൽ ധാരാളം കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു, ലോകമെമ്പാടുമുള്ള ആളുകൾ അത് ശ്രദ്ധിച്ചു. പോഡ്‌കാസ്റ്റ് ചർച്ച ചെയ്യപ്പെടുമ്പോൾ, ഞാൻ സംഭാഷണത്തിൽ ഒരു വിഷയം ഉന്നയിച്ചിരുന്നു. ഒരു ജർമ്മൻ കളിക്കാരൻ ആ പോഡ്‌കാസ്റ്റ് ശ്രദ്ധിച്ചു, ഞാൻ അതിൽ പരാമർശിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ വിഷയവുമായി അദ്ദേഹം വളരെയധികം ആഴത്തിൽ ഇടപെട്ടു, ആദ്യം അതിനെക്കുറിച്ച് ഗവേഷണം നടത്തി, തുടർന്ന് ജർമ്മനിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ആ വിഷയത്തിൽ ഭാരതവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു കത്ത് എഴുതുകയും ചെയ്തു. മോദിജി പോഡ്‌കാസ്റ്റിൽ എന്തു വിഷയത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും - ഒരു ജർമ്മൻ കളിക്കാരന് പ്രചോദനമായ ഈ വിഷയം എന്തായിരുന്നുവെന്ന് - മധ്യപ്രദേശിലെ ഷഹഡോളിന്റെ ഫുട്ബോൾ ആവേശവുമായി ബന്ധപ്പെട്ട ഒരു ഗ്രാമത്തെക്കുറിച്ച് പോഡ്‌കാസ്റ്റിൽ വിവരിച്ചിരുന്നുവെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. വാസ്തവത്തിൽ, രണ്ട് വർഷം മുമ്പ് ഞാൻ ഷഹഡോളിൽ പോയി അവിടെയുള്ള ഫുട്ബോൾ കളിക്കാരെ കണ്ടുമുട്ടിയിരുന്നു. പോഡ്‌കാസ്റ്റിനിടെ, ഒരു ചോദ്യത്തിന് മറുപടിയായി, ഷഹഡോളിലെ ഫുട്ബോൾ കളിക്കാരെക്കുറിച്ചും ഞാൻ പരാമർശിച്ചിരുന്നു. ജർമ്മൻ ഫുട്ബോൾ കളിക്കാരനും പരിശീലകനുമായ ഡയറ്റ്മർ ബെയേഴ്‌സ്‌ഡോർഫർ ഇക്കാര്യം കേൾക്കുകയും ഷഹഡോളിലെ യുവ ഫുട്ബോൾ കളിക്കാരുടെ ജീവിതയാത്ര അദ്ദേഹത്തെ വളരെയധികം ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. വാസ്തവത്തിൽ, അവിടെ നിന്നുള്ള കഴിവുള്ള ഫുട്ബോൾ കളിക്കാർ മറ്റ് രാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇപ്പോൾ ഈ ജർമ്മൻ പരിശീലകൻ ജർമ്മനിയിലെ ഒരു അക്കാദമിയിൽ ഷഹഡോളിലെ ചില കളിക്കാരെ പരിശീലിപ്പിക്കാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുശേഷം, മധ്യപ്രദേശ് സർക്കാരും അദ്ദേഹത്തെ ബന്ധപ്പെട്ടു. ഷഹഡോളിൽ നിന്നുള്ള ഞങ്ങളുടെ ചില യുവ സുഹൃത്തുക്കൾ താമസിയാതെ പരിശീലന കോഴ്‌സിനായി ജർമ്മനിയിലേക്ക് പോകും. ഭാരതത്തിൽ ഫുട്‌ബോളിന്റെ ജനപ്രീതി നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കാണുന്നതിലും എനിക്ക് വളരെ സന്തോഷമുണ്ട്. സമയം ലഭിക്കുമ്പോഴെല്ലാം ഷഹഡോൾ സന്ദർശിക്കാനും അവിടെ നടക്കുന്ന കായിക വിപ്ലവം അടുത്തറിയാനും ഞാൻ ഫുട്ബോൾ പ്രേമികളോട് അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സൂറത്തിൽ താമസിക്കുന്ന ജിതേന്ദ്ര സിംഗ് റാത്തോഡിനെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾക്ക് വളരെ സന്തോഷം തോന്നും. നിങ്ങളുടെ ഹൃദയം അഭിമാനത്താൽ നിറയും. ജിതേന്ദ്ര സിംഗ് റാത്തോഡ് ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ്. അദ്ദേഹം അത്ഭുതകരമായ സംരംഭം ഏറ്റെടുത്തിട്ടുണ്ട്, അത് ഓരോ ദേശസ്‌നേഹിക്കും വലിയ പ്രചോദനമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഭാരതമാതാവിന്റെ സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച എല്ലാ സൈനികരെയും കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ശേഖരിച്ചുവരികയാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രക്തസാക്ഷികളായ ആയിരക്കണക്കിന് ധീര സൈനികരെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ പക്കലുണ്ട്. രക്തസാക്ഷികളുടെ ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഒരിക്കൽ, ഒരു രക്തസാക്ഷിയുടെ പിതാവിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. രക്തസാക്ഷിയുടെ പിതാവ് പറഞ്ഞു, "എന്റെ മകൻ പോയാൽ എന്ത്, രാജ്യം സുരക്ഷിതമായിരിക്കും, അല്ലേ?" ഈ ഒരു കാര്യം ജിതേന്ദ്ര സിങ്ങിന്റെ ഹൃദയത്തിൽ ദേശസ്‌നേഹത്തോടുള്ള അതിശയകരമായ അഭിനിവേശം നിറച്ചു. ഇന്ന് അദ്ദേഹം നിരവധി രക്തസാക്ഷികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം രണ്ടായിരത്തിയഞ്ഞൂറ് രക്തസാക്ഷികളുടെ മാതാപിതാക്കളുടെ പാദം സ്പർശിച്ച മണ്ണ് കൊണ്ടുവന്നു. സായുധ സേനകളോടുള്ള അദ്ദേഹത്തിന്റെ അഗാധ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണിത്. ജിതേന്ദ്രയുടെ ജീവിതം നമ്മെ ദേശസ്നേഹത്തിന്റെ യഥാർത്ഥ പാഠം പഠിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇക്കാലത്ത് വീടുകളുടെ മേൽക്കൂരകളിലും വലിയ കെട്ടിടങ്ങളിലും സർക്കാർ ഓഫീസുകളിലും സോളാർ പാനലുകൾ പലപ്പോഴും തിളങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ആളുകൾ ഇപ്പോൾ അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും തുറന്ന മനസ്സോടെ അത് സ്വീകരിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യം സൂര്യദേവനാൽ അനുഗ്രഹിക്കപ്പെട്ടതാണ്. എങ്കിൽ പിന്നെ, അദ്ദേഹം നൽകുന്ന ഊർജ്ജം എന്തുകൊണ്ട് പൂർണ്ണമായി ഉപയോഗപ്പെടുത്തിക്കൂടാ? സുഹൃത്തുക്കളേ, സൗരോർജ്ജം കർഷകരുടെ ജീവിതത്തെയും മാറ്റിമറിക്കുന്നു. അതേ വയലുകൾ, അതേ കഠിനാധ്വാനം, അതേ കർഷകർ, പക്ഷേ ഇപ്പോൾ അധ്വാനത്തിന് വളരെ വലിയ ഫലം ലഭിക്കുന്നു. സോളാർ പമ്പിൽ നിന്നും സോളാർ റൈസ് മില്ലുകളിൽ നിന്നുമാണ് ഈ മാറ്റം വരുന്നത്. ഇന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളിലും നൂറുകണക്കിന് സോളാർ റൈസ് മില്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സോളാർ റൈസ് മില്ലുകൾ കർഷകരുടെ വരുമാനവും അവരുടെ മുഖത്തെ തിളക്കവും വർദ്ധിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ബിഹാറിലെ ദേവ്കി സോളാർ പമ്പിലൂടെ ഒരു ഗ്രാമത്തിന്റെ വിധി തന്നെ മാറ്റിമറിച്ചു. മുസാഫർപൂരിലെ രത്തൻപുര ഗ്രാമത്തിലെ താമസക്കാരിയായ ദേവ്കിയെ ഇപ്പോൾ ആളുകൾ സ്നേഹപൂർവ്വം "സോളാർ ദീദി" എന്ന് വിളിക്കുന്നു. ദേവ്കിയുടെ ജീവിതം സുഖകരമായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ അവർ വിവാഹിതയായി. ഒരു ചെറിയ കൃഷിയിടം, നാല് കുട്ടികളുടെ ഉത്തരവാദിത്തം - ഭാവിയെക്കുറിച്ച് വ്യക്തമായ ചിത്രം ഇല്ലായിരുന്നു. പക്ഷേ അവരുടെ ധൈര്യം ഒരിക്കലും തകർന്നില്ല. അവർ ഒരു സ്വയം സഹായ സംഘത്തിൽ ചേർന്നു, അവിടെ അവർക്ക് സോളാർ പമ്പിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു. സോളാർ പമ്പിനുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഇതിനുശേഷം സോളാർ ദീദിയുടെ സോളാർ പമ്പ് ഗ്രാമത്തിന്റെ ചിത്രം മാറ്റി. മുമ്പ് കുറച്ച് ഏക്കർ ഭൂമിക്ക് മാത്രമേ ജലസേചനം നൽകാൻ കഴിയുമായിരുന്നുള്ളൂ, ഇപ്പോൾ 40 ഏക്കറിലധികം പ്രദേശത്തിന് സോളാർ ദീദിയുടെ സോളാർ പമ്പിൽ നിന്ന് വെള്ളം ലഭിക്കുന്നു. ഗ്രാമത്തിലെ മറ്റ് കർഷകരും സോളാർ ദീദിയുടെ പ്രചാരണത്തിൽ പങ്കുചേർന്നു. അവരുടെ വിളകൾ പച്ചപിടിക്കാൻ തുടങ്ങി, അവരുടെ വരുമാനം വർദ്ധിച്ചു തുടങ്ങി. സുഹൃത്തുക്കളേ, മുമ്പ് ദേവ്കിയുടെ ജീവിതം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നു. എന്നാൽ ഇന്ന് അവർ പൂർണ്ണ ആത്മവിശ്വാസത്തോടെ തന്റെ ജോലി ചെയ്യുന്നു, ഒരു സോളാർ ദീദിയായി മാറുന്നതിലൂടെ പണം സമ്പാദിക്കുന്നു. ഏറ്റവും രസകരമായ കാര്യം അവർ പ്രദേശത്തെ കർഷകരിൽ നിന്ന് യുപിഐ വഴി പണം വാങ്ങുന്നു എന്നതാണ്. ഇപ്പോൾ ഗ്രാമം മുഴുവൻ അവരെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. സൗരോർജ്ജം വൈദ്യുതിയുടെ ഒരു ഉറവിടം മാത്രമല്ല, എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ വെളിച്ചം കൊണ്ടുവരുന്ന ഒരു പുതിയ ശക്തി കൂടിയാണെന്ന് അവരുടെ കഠിനാധ്വാനവും ദീർഘവീക്ഷണവും തെളിയിച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സെപ്റ്റംബർ 15 ഭാരതത്തിന്റെ മഹാനായ എഞ്ചിനീയർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ്. ആ ദിവസം നമ്മൾ എഞ്ചിനീയേഴ്‌സ് ദിനമായി ആഘോഷിക്കുന്നു. എഞ്ചിനീയർമാർ യന്ത്രങ്ങൾ നിർമ്മിക്കുന്നവർ മാത്രമല്ല, സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്ന കർമ്മയോഗികളാണ്. ഭാരതത്തിലെ ഓരോ എഞ്ചിനീയർക്കും ഞാൻ നന്ദി പറയുന്നു. അവർക്ക് എന്റെ ആശംസകൾ.
സുഹൃത്തുക്കളേ, ഭഗവാൻ വിശ്വകർമയെ ആരാധിക്കുന്ന പുണ്യവേളയും സെപ്റ്റംബറിൽ വരുന്നു. വിശ്വകർമ ജയന്തി സെപ്റ്റംബർ 17 ന് ആണ്. പരമ്പരാഗത കരകൗശല വസ്തുക്കൾ, കഴിവുകൾ, അറിവ് എന്നിവ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി കൈമാറുന്ന നമ്മുടെ വിശ്വകർമ സഹോദരന്മാർക്കും ഈ ദിവസം സമർപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ആശാരിമാർ, കമ്മാരന്മാർ, സ്വർണ്ണപ്പണിക്കാർ, കുശവന്മാർ, ശിൽപികൾ, എന്നിവർ എല്ലായ്പ്പോഴും ഭാരതത്തിന്റെ സമൃദ്ധിയുടെ അടിത്തറയാണ്. നമ്മുടെ ഈ വിശ്വകർമ സഹോദരന്മാരെ സഹായിക്കുന്നതിനായി, സർക്കാർ വിശ്വകർമ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
“അപ്പോൾ ഞാൻ സംസ്ഥാനങ്ങൾക്കായി ചെയ്തതോ അല്ലെങ്കിൽ നമ്മുടെ സർക്കാർ ഹൈദരാബാദിനായി ചെയ്തതോ ആയ കാര്യങ്ങൾ നിങ്ങൾ സർട്ടിഫിക്കറ്റിൽ എഴുതിയത് നന്നായിരുന്നു. പക്ഷേ, ഹൈദരാബാദിന്റെ കഥ ഇങ്ങനെയാണെന്ന് നിങ്ങൾക്കറിയാം. അത് ചെയ്യുന്നതിൽ ഞങ്ങൾ എത്രമാത്രം ബുദ്ധിമുട്ടുകൾ നേരിട്ടു. ഒരു രാജകുമാരനോ രാജാവിനോ വേണ്ടി ഞങ്ങൾ തെറ്റായ തീരുമാനം എടുക്കില്ലെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും, എല്ലാ രാജകുമാരന്മാർക്കും ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എല്ലാവർക്കും ഒരേ പരിഗണന ലഭിക്കും, എല്ലാവർക്കും എന്ത് സംഭവിക്കുന്നോ, അവർക്കും അത് തന്നെ സംഭവിക്കും. പക്ഷേ അവർക്ക് വേണ്ടി ഞങ്ങൾ ഒരു പ്രത്യേക കരാർ ഉണ്ടാക്കി.”
സുഹൃത്തുക്കളേ, ഇത് ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ശബ്ദമാണ്. ഹൈദരാബാദിലെ സംഭവങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ ശബ്ദത്തിലുള്ള വേദന നിങ്ങൾക്ക് അനുഭവപ്പെട്ടല്ലോ. അടുത്ത മാസം, സെപ്റ്റംബറിൽ നമ്മൾ ഹൈദരാബാദ് ലിബറേഷൻ ഡെ ആഘോഷിക്കും. 'ഓപ്പറേഷൻ പോളോ'യിൽ പങ്കെടുത്ത എല്ലാ വീരന്മാരുടെയും ധൈര്യത്തെ നമ്മൾ ഓർക്കുന്ന മാസമാണിത്. 1947 ഓഗസ്റ്റിൽ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഹൈദരാബാദ് വ്യത്യസ്തമായ ഒരു സാഹചര്യത്തിലായിരുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. നൈസാമിന്റെയും റസാക്കർമാരുടെയും അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു. ത്രിവർണ്ണ പതാക ഉയർത്തിയതിനോ 'വന്ദേമാതരം' ചൊല്ലിയതിനോപോലും ആളുകൾ കൊല്ലപ്പെട്ടു. സ്ത്രീകളും ദരിദ്രരും പീഡിപ്പിക്കപ്പെട്ടു. അക്കാലത്ത് ഈ പ്രശ്നം വളരെ വലുതായിക്കൊണ്ടിരിക്കുകയാണ് എന്ന് ബാബാ സാഹിബ് അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ, സർദാർ പട്ടേൽ ഇക്കാര്യം സ്വയം ഏറ്റെടുത്തു. 'ഓപ്പറേഷൻ പോളോ' ആരംഭിക്കാൻ അദ്ദേഹം സർക്കാരിനെ സജ്ജമാക്കി. റെക്കോർഡ് സമയംകൊണ്ട് നമ്മുടെ സൈന്യം ഹൈദരാബാദിനെ നൈസാമിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുകയും അതിനെ ഭാരതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. രാജ്യം മുഴുവൻ ഈ വിജയം ആഘോഷിച്ചു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങൾ ലോകത്തിൽ എവിടെ പോയാലും, ഭാരത സംസ്കാരത്തിന്റെ സ്വാധീനം നിങ്ങൾക്ക് തീർച്ചയായും അവിടെ കാണാൻ കഴിയും, ഈ സ്വാധീനം ലോകത്തിലെ വലിയ നഗരങ്ങളിൽ മാത്രമല്ല, ചെറിയ നഗരങ്ങളിലും കാണാം. ഇറ്റലിയിലെ ഒരു ചെറിയ നഗരമായ ക്യാമ്പ്-റൊത്തോൻണ്ടോയിലും സമാനമായ ഒന്ന് കാണാനിടയായി. മഹർഷി വാൽമീകിയുടെ പ്രതിമ അവിടെ അനാച്ഛാദനം ചെയ്യപ്പെട്ടു. സ്ഥലത്തെ മേയർ ഉൾപ്പെടെ പ്രദേശത്തെ നിരവധി പ്രധാന വ്യക്തികളും ഈ പരിപാടിയിൽ പങ്കെടുത്തു. ക്യാമ്പ് റൊത്തോൻണ്ടോയിൽ താമസിക്കുന്ന ഭാരതീയ വംശജരായ ആളുകൾ മഹർഷി വാൽമീകിയുടെ പ്രതിമ സ്ഥാപിച്ചതിൽ വളരെ സന്തുഷ്ടരാണ്. മഹർഷി വാൽമീകിയുടെ സന്ദേശങ്ങൾ നമുക്കെല്ലാവർക്കും പ്രചോദനം നൽകുന്നു.
സുഹൃത്തുക്കളേ, ഈ മാസം ആദ്യം, കാനഡയിലെ മിസിസാഗയിൽ 51 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമയും അനാച്ഛാദനം ചെയ്യപ്പെട്ടു. ഈ പരിപാടിയിൽ ആളുകൾ വളരെ ആവേശത്തിലായിരുന്നു. ശ്രീരാമന്റെ മഹത്തായ പ്രതിമയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ധാരാളം ഷെയർ ചെയ്തു.
സുഹൃത്തുക്കളേ, രാമായണത്തോടും ഭാരത സംസ്കാരത്തോടുമുള്ള ഈ സ്നേഹം ഇപ്പോൾ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തുന്നു. റഷ്യയിൽ പ്രശസ്തമായ ഒരു സ്ഥലമുണ്ട് - വ്ലാഡിവോസ്റ്റോക്ക്. ശൈത്യകാലത്ത് താപനില -20 (മൈനസ് ഇരുപത്) മുതൽ -30 (മൈനസ് മുപ്പത്) ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന സ്ഥലമായി പലരും ഇതിനെ അറിയുന്നു. ഈ മാസം വ്ലാഡിവോസ്റ്റോക്കിൽ ഒരു അതുല്യ പ്രദർശനം നടന്നു. രാമായണത്തിലെ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി റഷ്യൻ കുട്ടികൾ വരച്ച ചിത്രങ്ങളും ഇതിൽ പ്രദർശിപ്പിച്ചു. ഇവിടെ ഒരു മത്സരവും സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാരത സംസ്കാരത്തോട് വർദ്ധിച്ചുവരുന്ന അവബോധം കാണുന്നത് വളരെ സന്തോഷകരമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത്തവണ 'മൻ കി ബാത്തിൽ' ഇത്രമാത്രം. ഈ സമയത്ത്, രാജ്യം മുഴുവൻ 'ഗണേഷ് ഉത്സവം' ആഘോഷിക്കുകയാണ്. വരും ദിവസങ്ങളിൽ നിരവധി ഉത്സവങ്ങൾ ഉണ്ടാകും. ഈ ഉത്സവങ്ങളിൽ, നിങ്ങൾ ഒരിക്കലും 'സ്വദേശി'യെക്കുറിച്ച് മറക്കരുത്. സമ്മാനങ്ങൾ, വസ്ത്രങ്ങൾ, അലങ്കാരങ്ങൾ, തോരണങ്ങൾ കൂടാതെ മറ്റെല്ലാം ഭാരതത്തിൽ നിർമ്മിക്കപ്പെട്ടവയായിരിക്കണം. ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും സ്വദേശിയായിരിക്കണം. 'ഇതാണ് സ്വദേശി', 'ഇതാണ് സ്വദേശി', 'ഇതാണ് സ്വദേശി' എന്ന് അഭിമാനത്തോടെ പറയുക. ഈ വികാരത്തോടെയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. 'Vocal for Local' എന്ന ഒരു മന്ത്രം, ഒരു പാത 'ആത്മനിർഭർ ഭാരത്', ഒരേയൊരു ലക്ഷ്യം 'വികസിത ഭാരതം'.
സുഹൃത്തുക്കളേ, ഈ സന്തോഷത്തിനിടയിലും, നിങ്ങൾ എല്ലാവരും ശുചിത്വത്തിന് ഊന്നൽ നൽകണം, കാരണം ശുചിത്വം ഉള്ളിടത്ത് ഉത്സവങ്ങളുടെ സന്തോഷവും വർദ്ധിക്കുന്നു. സുഹൃത്തുക്കളേ, 'മൻ കി ബാത്തി'നായി നിങ്ങളുടെ സന്ദേശങ്ങൾ ധാരാളമായി എനിക്ക് അയച്ചുകൊണ്ടിരിക്കൂ. നിങ്ങളുടെ ഓരോ നിർദ്ദേശവും ഈ പരിപാടിക്ക് വളരെ പ്രധാനമാണ്. നിങ്ങളുടെ ഫീഡ്‌ബാക്ക് എനിക്ക് അയച്ചുകൊണ്ടിരിക്കൂ. അടുത്ത തവണ നമ്മൾ ഒത്തുചേരുമ്പോൾ, കൂടുതൽ പുതിയ വിഷയങ്ങൾ ചർച്ച ചെയ്യാം. വളരെ നന്ദി, നമസ്‌കാരം.
Jammu and Kashmir has achieved two remarkable milestones. #MannKiBaat pic.twitter.com/HyjpGIrS2N
— PMO India (@PMOIndia) August 31, 2025
PRATIBHA Setu is a digital platform that connects capable UPSC aspirants who missed the final list with new career opportunities. #MannKiBaat pic.twitter.com/jXKehDntQ5
— PMO India (@PMOIndia) August 31, 2025
Today, the attention of the world is focused on India. #MannKiBaat pic.twitter.com/Z0ULy7oImW
— PMO India (@PMOIndia) August 31, 2025
Young footballers from Shahdol inspired a German coach, who has invited them to train in Germany. #MannKiBaat pic.twitter.com/xWLMUUcA5B
— PMO India (@PMOIndia) August 31, 2025
The inspiring story of Jitendra Singh Rathore Ji, a security guard from Surat, who has dedicated his life to honouring India's martyrs and keeping their memories alive. #MannKiBaat pic.twitter.com/aDoxSKP5jS
— PMO India (@PMOIndia) August 31, 2025
The inspiring journey of Devki Ji from Bihar's Muzaffarpur... #MannKiBaat pic.twitter.com/qaWXtviGlv
— PMO India (@PMOIndia) August 31, 2025
Hyderabad Liberation Day is a tribute to Sardar Patel's leadership and the people's courage. #MannKiBaat pic.twitter.com/t8HE0RPjsq
— PMO India (@PMOIndia) August 31, 2025
Indian culture takes over the world! #MannKiBaat pic.twitter.com/qM7eJaq3Yj
— PMO India (@PMOIndia) August 31, 2025
Let us celebrate festivals with the Swadeshi spirit. #MannKiBaat pic.twitter.com/7zVX4W8BKV
— PMO India (@PMOIndia) August 31, 2025


