ഏതൊരു സംസ്ഥാനത്തിന്റെയും വികസനത്തിന്റെ നട്ടെല്ലാണ് അടിസ്ഥാനസൗകര്യങ്ങളും ഊർജവും; കഴിഞ്ഞ 11 വർഷമായി, ഈ മേഖലകളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തമിഴ്‌നാടിന്റെ വികസനത്തിനു ഞങ്ങൾ നൽകുന്ന ഉയർന്ന മുൻഗണനയെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
ഇന്ന്, ഇന്ത്യയുടെ വളർച്ചയിൽ ലോകം ലോകത്തിന്റെ വളർച്ച കാണുന്നു: പ്രധാനമന്ത്രി
തമിഴ്‌നാടിന്റെ അടിസ്ഥാനസൗകര്യങ്ങൾ ആധുനികവൽക്കരിക്കാൻ ഇന്ത്യാഗവൺമെന്റ് പ്രവർത്തിക്കുന്നു; സംസ്ഥാനത്തിന്റെ തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ ഹൈടെക് ആക്കുന്നതിനോടൊപ്പം, വിമാനത്താവളങ്ങൾ, ഹൈവേകൾ, റോഡുകൾ എന്നിവ തടസ്സമില്ലാത്ത സമ്പർക്കസൗകര്യത്തിനായി കൂട്ടിയിണക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
ഇന്ന്, രാജ്യത്തുടനീളം ബൃഹദ്-ആധുനിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള വലിയ യജ്ഞം പുരോഗമിക്കുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ രാഷ്ട്രവികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. പ്രാദേശിക സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുകയും, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സംശുദ്ധ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി സുപ്രധാന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പിലാക്കി. കാർഗിൽ വിജയ് ദിനത്തിൽ, ശ്രീ മോദി കാർഗിലിലെ ധീരസൈനികർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ധീരയോദ്ധാക്കളെ അഭിവാദ്യം ചെയ്യുകയും, രാഷ്ട്രത്തിനുവേണ്ടി പരമോന്നത ത്യാഗംവരിച്ച രക്തസാക്ഷികൾക്കു ഹൃദയംഗമമായ ആദരമർപ്പിക്കുകയും ചെയ്തു.

സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നാലുദിവസത്തെ വിദേശപര്യടനത്തിനുശേഷം നേരിട്ടു രാമേശ്വരന്റെ പുണ്യഭൂമിയിൽ എത്തിച്ചേരാൻ കഴിഞ്ഞതു ഭാഗ്യമാണെന്ന് അഭിപ്രായപ്പെട്ടു. വിദേശപര്യടനത്തിനിടെ ഇന്ത്യയും UK-യും ഒപ്പുവച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാറിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഈ വികസനം ഇന്ത്യയുടെ കാര്യത്തിൽ ആഗോളതലത്തിൽ വർധിച്ചുവരുന്ന വിശ്വാസത്തെയും രാജ്യത്തിന്റെ പുതുക്കപ്പെട്ട ആത്മവിശ്വാസത്തെയും അടയാളപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ ആത്മവിശ്വാസം വികസിത ഇന്ത്യയും വികസിത തമിഴ്‌നാടും സൃഷ്ടിക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാമേശ്വര ഭഗവാന്റെയും തിരുച്ചെന്തൂർ മുരുകന്റെയും അനുഗ്രഹത്താൽ ഇന്നു തൂത്തുക്കുടിയിൽ വികസനത്തിന്റെ പുതിയ അധ്യായം വിരിയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “തമിഴ്‌നാടിനെ വികസനത്തിന്റെ ഔന്നത്യത്തിലെത്തിക്കുന്നതിനായി 2014-ൽ ആരംഭിച്ച ദൗത്യത്തിനു തൂത്തുക്കുടി സാക്ഷ്യം വഹിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

 

2024 ഫെബ്രുവരിയിൽ വി.ഒ. ചിദംബരനാർ തുറമുഖത്ത് ഔട്ടർ ഹാർബർ കണ്ടെയ്നർ ടെർമിനലിനു തറക്കല്ലിട്ടത് അനുസ്മരിച്ച പ്രധാനമന്ത്രി, ആ സന്ദർശനവേളയിൽ നൂറുകണക്കിനു കോടിരൂപയുടെ നിരവധി പദ്ധതികൾ ഉദ്ഘാടനംചെയ്ത കാര്യം എടുത്തുപറഞ്ഞു. 2024 സെപ്റ്റംബറിൽ പുതിയ തൂത്തുക്കുടി അന്താരാഷ്ട്ര കപ്പൽച്ചരക്കുകൈമാറ്റ ടെർമിനലും ഉദ്ഘാടനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു വീണ്ടും 4800 കോടി രൂപയുടെ പദ്ധതികൾ തൂത്തുക്കുടിയിൽ ആരംഭിച്ചതായും ഉദ്ഘാടനം ചെയ്തതായും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങൾ, ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽപ്പാതകൾ, വൈദ്യുതിമേഖലയിലെ നിർണായക പുരോഗതികൾ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലായി ഈ സംരംഭങ്ങൾ വ്യാപിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സുപ്രധാന വികസനങ്ങൾക്ക് അദ്ദേഹം തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

“ഏതൊരു സംസ്ഥാനത്തിന്റെയും വികസനത്തിന്റെ നട്ടെല്ലാണ് അടിസ്ഥാനസൗകര്യങ്ങളും ഊർജവും. കഴിഞ്ഞ 11 വർഷമായി, ഈ മേഖലകളിൽ സ്ഥിരമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തമിഴ്‌നാടിന്റെ പുരോഗതിക്കു നൽകുന്ന മുൻഗണനയെ പ്രതിഫലിപ്പിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഉദ്ഘാടനംചെയ്ത പദ്ധതികൾ തൂത്തുക്കുടിയെയും തമിഴ്‌നാടിനെയും മെച്ചപ്പെട്ട സമ്പർക്കസൗകര്യം, സംശുദ്ധ ഊർജം, പുതിയ അവസരങ്ങൾ എന്നിവയുടെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

​തമിഴ്‌നാടിന്റെയും തൂത്തുക്കുടിയുടെയും സമ്പന്നമായ സാംസ്കാരിക-ചരിത്ര പൈതൃകത്തിനു ശ്രീ മോദി ആദരമർപ്പിച്ചു. സമ്പന്നവും ശക്തവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഈ മേഖലയുടെ ശാശ്വത സംഭാവനകളെ അദ്ദേഹം അംഗീകരിച്ചു. കോളനിവാഴ്ചക്കാലത്തു സമുദ്രവ്യാപാരത്തിന്റെ സാധ്യതകൾ മുൻകൂട്ടികണ്ട, തദ്ദേശീയ കപ്പൽ സംരംഭങ്ങൾ ആരംഭിച്ചു ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ച, ദീർഘവീക്ഷണമുള്ള സ്വാതന്ത്ര്യസമര സേനാനി ശ്രീ വി. ഒ. ചിദംബരം പിള്ളയെ അദ്ദേഹം പ്രകീർത്തിച്ചു. ധൈര്യത്തിലും ദേശസ്നേഹത്തിലും വേരൂന്നിയ സ്വതന്ത്രവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം നെയ്ത വീരപാണ്ഡ്യ കട്ടബൊമ്മൻ, അഴകു മുത്തുക്കോൻ തുടങ്ങിയ ഇതിഹാസ വ്യക്തികളെയും പ്രധാനമന്ത്രി ആദരിച്ചു. ദേശീയ കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മസ്ഥലം തൂത്തുക്കുടിക്കു സമീപത്താണെന്ന് അനുസ്മരിച്ച ശ്രീ മോദി, തൂത്തുക്കുടിയും അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ കാശിയും തമ്മിലുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തുകാട്ടി. കാശി-തമിഴ് സംഗമം പോലുള്ള സാംസ്കാരിക സംരംഭങ്ങൾ ഇന്ത്യയുടെ പൊതുപൈതൃകത്തെയും ഐക്യത്തെയും നിരന്തരം ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ വർഷം, തൂത്തുക്കുടിയുടെ പ്രശസ്തമായ മുത്തുകൾ ശ്രീ ബിൽ ഗേറ്റ്സിനു സമ്മാനിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, ശ്രീ ഗേറ്റ്സ് മുത്തുകളെ വളരെയധികം പ്രശംസിച്ചതായി എടുത്തുകാട്ടി. ഈ മേഖലയിലെ പാണ്ഡ്യമുത്തുകൾ ഒരുകാലത്തു ലോകമെമ്പാടും ഇന്ത്യയുടെ സാമ്പത്തിക ശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇന്ത്യ തുടർച്ചയായ ശ്രമങ്ങളിലൂടെ വികസിത തമിഴ്‌നാടിനെയും വികസിത ഇന്ത്യയെയുംകുറിച്ചുള്ള കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നു” - ഇന്ത്യയും UK-യും ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാർ (FTA) ഈ കാഴ്ചപ്പാടിനെ കൂടുതൽ വേഗത്തിലാക്കുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. “ഇന്ത്യയുടെ പുരോഗതിയിൽ ഇപ്പോൾ ലോകം സ്വന്തം വളർച്ച കാണുന്നു”- FTA ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള രാജ്യത്തിന്റെ യാത്രയ്ക്ക് ആക്കംകൂട്ടുമെന്നും ശ്രീ മോദി പറഞ്ഞു.

സ്വതന്ത്ര വ്യാപാരക്കരാറിനെത്തുടർന്ന്, UK-യിൽ വിൽക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ 99 ശതമാനവും നികുതിരഹിതമാകുമെന്നു പ്രധാനമന്ത്രി അറിയിച്ചു. UK-യിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വലിയ വിലക്കുറവിൽ ലഭിക്കുമ്പോൾ, ആവശ്യകത വർധിക്കുമെന്നും ഇത് ഇന്ത്യയിൽ കൂടുതൽ ഉൽപ്പാദന അവസരങ്ങളിലേക്കു നയിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ-UK FTA തമിഴ്‌നാട്ടിലെ യുവാക്കൾക്കും ചെറുകിട വ്യവസായങ്ങൾക്കും MSME-കൾക്കും സ്റ്റാർട്ടപ്പുകൾക്കും വളരെയധികം ഗുണംചെയ്യുമെന്നും ശ്രീ മോദി പറഞ്ഞു. വ്യവസായം, മത്സ്യബന്ധനസമൂഹം, ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളെ ഈ കരാർ പിന്തുണയ്ക്കുമെന്നും വ്യാപകനേട്ടങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മേക്ക് ഇൻ ഇന്ത്യ’, ‘മിഷൻ മാനുഫാക്ചറിങ്’ എന്നിവയ്ക്കു ഗവണ്മെന്റ് വലിയ ഊന്നൽ നൽകുന്നുവെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഓപ്പറേഷൻ സിന്ദൂറിൽ ‘മേക്ക് ഇൻ ഇന്ത്യ’യുടെ ശക്തി വലിയതോതിൽ പ്രകടമായെന്നു ചൂണ്ടിക്കാട്ടി. ഭീകരരുടെ ശക്തികേന്ദ്രങ്ങളെ നിർവീര്യമാക്കുന്നതിൽ ആഭ്യന്തരമായി നിർമിച്ച ആയുധങ്ങൾ നിർണായക പങ്കുവഹിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിർമിച്ച ആയുധങ്ങൾ ഭീകരവാദത്തിന്റെ സൂത്രധാരരെ എന്നും അസ്വസ്ഥരാക്കുമെന്നു ശ്രീ മോദി പറഞ്ഞു.

 

തമിഴ്‌നാടിന്റെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിച്ച്, സംസ്ഥാനത്തിന്റെ സാധ്യതകളാകെ തുറന്നുനൽകുന്നതിനുള്ള കേന്ദ്രഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ഉറപ്പുനൽകിയ ശ്രീ മോദി, നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ചു തുറമുഖ സൗകര്യങ്ങൾ നവീകരിക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവന്നതായും പറഞ്ഞു. അതോടൊപ്പം, വിമാനത്താവളങ്ങൾ, ഹൈവേകൾ, റെയിൽപ്പാതകൾ എന്നിവ സംയോജിപ്പിക്കുന്നതിനും സംസ്ഥാനത്തുടനീളം തടസ്സരഹിത സമ്പർക്കസൗകര്യം ഒരുക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തൂത്തുക്കുടി വിമാനത്താവളത്തിലെ പുതിയ നൂതന ടെർമിനലിന്റെ ഉദ്ഘാടനം ഈ ദിശയിലെ സുപ്രധാന നാഴികക്കല്ലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 450 കോടിരൂപ ചെലവിൽ നിർമിച്ച ഈ ടെർമിനൽ, വർഷത്തിൽ 20 ലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പു വെറും 3 ലക്ഷം യാത്രക്കാരെ മാത്രമാണ് ഇവിടം കൈകാര്യം ചെയ്തിരുന്നത്.

പുതുതായി ഉദ്ഘാടനംചെയ്ത ടെർമിനൽ ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്കുള്ള തൂത്തുക്കുടിയുടെ സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ വികസനം തമിഴ്‌നാട്ടിലുടനീളമുള്ള കോർപ്പറേറ്റ് യാത്ര, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആരോഗ്യസംരക്ഷണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്കു ഗുണംചെയ്യുമെന്ന് എടുത്തുപറഞ്ഞു. കൂടാതെ, മെച്ചപ്പെട്ട ഈ പ്രവേശനക്ഷമതയിലൂടെ മേഖലയുടെ വിനോദസഞ്ചാര സാധ്യതകൾക്കു പുതിയ ഉണർവു ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ രണ്ട് പ്രധാന റോഡ് ഗതാഗത പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഏകദേശം 2,500 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾ രണ്ട് പ്രധാന വികസന മേഖലകളെ ചെന്നൈയുമായി ബന്ധിപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട റോഡ് അടിസ്ഥാന സൗകര്യങ്ങൾ ഡെൽറ്റ ജില്ലകൾക്കും സംസ്ഥാന തലസ്ഥാനത്തിനും ഇടയിലുള്ള ഗതാഗത സൗകര്യം ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഇത് കൂടുതൽ സാമ്പത്തിക സംയോജനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

തൂത്തുക്കുടി തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് പദ്ധതികൾ, മേഖലയിലുടനീളമുള്ള ജനങ്ങളുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുമെന്നും വ്യാപാരത്തിനും തൊഴിലിനുമുള്ള പുതിയ വഴികൾ തുറക്കുമെന്നും ശ്രീ മോദി പറഞ്ഞു.

രാജ്യത്തിന്റെ വ്യാവസായിക വളർച്ചയുടെയും ആത്മനിർഭർ ഭാരതിന്റെയും ജീവവായുവായി റെയിൽവേ ശൃംഖലയെ കേന്ദ്ര സർക്കാർ കണക്കാക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾകൊണ്ട്  ഇന്ത്യയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരണത്തിന്റെയും  പരിവർത്തനത്തിന്റെയും  പാതയിലാണെന്നും, ഈ മാറ്റത്തിന്റെ പ്രധാന കേന്ദ്രമായി തമിഴ്‌നാട് ഉയർന്നുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം തമിഴ്‌നാട്ടിലുടനീളമുള്ള എഴുപത്തിയേഴ് സ്റ്റേഷനുകൾ സമഗ്രമായ പുനർവികസനത്തിന് വിധേയമാകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക വന്ദേ ഭാരത് ട്രെയിനുകൾ ഇപ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പുതിയൊരു യാത്രാനുഭവം പ്രദാനം ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലമായ പാമ്പൻ പാലം തമിഴ്‌നാട്ടിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും, മേഖലയിൽ വ്യാവസായിക വികാസത്തിനും, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഒരു അതുല്യ എഞ്ചിനീയറിംഗ് നേട്ടമാണിതെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.

 "രാജ്യമെമ്പാടും മെഗാ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിവർത്തനാത്മകമായ ഒരു പ്രചാരണത്തിന് ഇന്ത്യ വിധേയമായിക്കൊണ്ടിരിക്കുകയാണ്", പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ജമ്മുകശ്മീരിൽ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ചെനാബ് പാലത്തെ ഒരു എഞ്ചിനീയറിംഗ് അത്ഭുതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്, ഇത് ആദ്യമായി ജമ്മുവിനെയും ശ്രീനഗറിനെയും റെയിൽ വഴി ബന്ധിപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം - അടൽ സേതു, അസമിലെ ബോഗിബീൽ പാലം, ആറ് കിലോമീറ്ററിലധികം ദൈർഘ്യമുള്ള സോനാമാർഗ് തുരങ്കം തുടങ്ങി നിരവധി നാഴികക്കല്ലുകളായ പദ്ധതികൾ ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. സംയോജിത വികസനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്നും രാജ്യവ്യാപകമായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

തമിഴ്‌നാട്ടിൽ പുതുതായി പ്രഖ്യാപിക്കപ്പെട്ട റെയിൽവേ പദ്ധതികൾ സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മധുര-ബോഡിനായ്ക്കനൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണത്തോടെ, വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകൾക്ക് ഈ മേഖലയിൽ സർവീസ് നടത്താൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഈ റെയിൽവേ സംരംഭങ്ങൾ തമിഴ്‌നാടിന്റെ പുരോഗതിയുടെ വേഗത ത്വരിതപ്പെടുത്തുന്നതിനും വികസനത്തിന്റെ തോത് പുതിയ വേഗതയിൽ മുന്നോട്ട് കുത്തിക്കുന്നതിനും സജ്ജമാണ്", ശ്രീ മോദി പറഞ്ഞു.

2,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷിയുള്ള തമിഴ്‌നാട്ടിലെ കൂടംകുളം ആണവ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രസരണ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 550 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ സംവിധാനം വരും വർഷങ്ങളിൽ ശുദ്ധമായ ഊർജ്ജം വിതരണം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ആഗോള ഊർജ്ജ ലക്ഷ്യങ്ങൾക്കും പാരിസ്ഥിതിക പ്രതിബദ്ധതകൾക്കും ഈ ഊർജ്ജ സംരംഭം അർത്ഥവത്തായ സംഭാവന നൽകുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. വൈദ്യുതി ഉൽപാദനം വർദ്ധിക്കുന്നതോടെ, മെച്ചപ്പെട്ട ഊർജ്ജ ലഭ്യതയിൽ നിന്ന് തമിഴ്‌നാട്ടിലെ വ്യാവസായിക മേഖലകൾക്കും ഗാർഹിക ഉപയോക്താക്കൾക്കും ഗണ്യമായ നേട്ടങ്ങൾ ലഭിക്കും.

പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയുടെ തമിഴ്‌നാട്ടിലെ  ദ്രുതഗതിയിലുള്ള പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച ശ്രീ മോദി, പദ്ധതി പ്രകാരം ഏകദേശം ഒരു ലക്ഷം അപേക്ഷകൾ ഇതിനകം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇതുവരെ നാൽപ്പതിനായിരത്തിലധികം സൗരോർജ്ജ മേൽക്കൂരകൾ സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പദ്ധതിയിലൂടെ സൗജന്യവും ശുദ്ധവുമായ വൈദ്യുതി നൽകുക മാത്രമല്ല, ആയിരക്കണക്കിന് ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

തമിഴ്‌നാടിന്റെ വികസനവും വികസിത തമിഴ്‌നാട് എന്ന ദർശനവും കേന്ദ്ര സർക്കാരിന്റെ പ്രധാന പ്രതിബദ്ധതയാണെന്ന് ആവർത്തിച്ചുകൊണ്ട്, തമിഴ്‌നാടിന്റെ വളർച്ചയുമായി ബന്ധപ്പെട്ട നയങ്ങൾക്ക്  മുൻ‌ഗണന നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, കേന്ദ്ര സർക്കാർ അധികാര വികേന്ദ്രീകരണത്തിലൂടെ തമിഴ്‌നാടിന് 3 ലക്ഷം കോടി രൂപ കൈമാറിയതായി അദ്ദേഹം എടുത്തുപറഞ്ഞു - മുൻ സർക്കാർ നൽകിയതിന്റെ മൂന്നിരട്ടിയിലധികമാണിത്. ഈ പതിനൊന്ന് വർഷത്തിനിടെ തമിഴ്‌നാടിന് പതിനൊന്ന് പുതിയ മെഡിക്കൽ കോളേജുകൾ ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. തീരദേശ മേഖലകളിലുടനീളമുള്ള മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള സമൂഹങ്ങളോട് ഇത്രയും സമർപ്പിതമായ കരുതൽ ഒരു സർക്കാർ കാണിക്കുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നീല വിപ്ലവത്തിലൂടെ, കേന്ദ്ര ഗവണ്മെന്റ് തീരദേശ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയാണെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

"വികസനത്തിൽ ഒരു പുതിയ അധ്യായത്തിന്റെ ഉദയത്തിന് തൂത്തുക്കുടി സാക്ഷ്യം വഹിക്കുകയാണ്", ഗതാഗത സൗകര്യം, വൈദ്യുതി വിതരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ വികസിത തമിഴ്‌നാടിനും വികസിത ഇന്ത്യയ്ക്കും ശക്തമായ അടിത്തറ പാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു. പരിവർത്തനാത്മകമായ ഈ പദ്ധതികൾക്ക് തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ഗവർണർ ശ്രീ ആർ. എൻ. രവി, കേന്ദ്രമന്ത്രിമാരായ ശ്രീ റാംമോഹൻ നായിഡു കിഞ്ചരാപു, ഡോ. എൽ. മുരുകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

ലോകോത്തര നിലവാരത്തിലുള്ള വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വ്യോമ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, തെക്കൻ മേഖലയിലെ വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തൂത്തുക്കുടി വിമാനത്താവളത്തിൽ ഏകദേശം 450 കോടി രൂപ ചെലവിൽ വികസിപ്പിച്ച പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തൂത്തുക്കുടി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ നടപ്പാതയും പ്രധാനമന്ത്രി സന്ദർശിച്ചു.

17,340 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ടെർമിനൽ, ഏറ്റവും തിരക്കുള്ള സമയങ്ങളിൽ 1,350 യാത്രക്കാരെയും പ്രതിവർഷം 20 ലക്ഷം യാത്രക്കാരെയും ഉൾക്കൊള്ളാൻ സജ്ജമായിരിക്കും. ഭാവിയിൽ തിരക്കുള്ള സമയങ്ങളിൽ 1,800 യാത്രക്കാർക്കും പ്രതിവർഷം 25 ലക്ഷം യാത്രക്കാർക്കും വരെ സേവനം നൽകാൻ ഉള്ള ശേഷിയുണ്ടാകും. 100% എൽഇഡി ലൈറ്റിംഗ് സംവിധാനം, ഊർജ്ജ-കാര്യക്ഷമമായ ഇ & എം സംവിധാനങ്ങൾ, മലിനജല സംസ്കരണ പ്ലാന്റ്, അത് വഴി സംസ്കരിച്ച ജലത്തിന്റെ പുനരുപയോഗം എന്നിവ പുതിയ ടെർമിനലിൽ പ്രവർത്തികമാക്കിയിട്ടുണ്ട്.  GRIHA-4 സുസ്ഥിരതാ റേറ്റിംഗ് നേടുന്ന തരത്തിലാണ് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. ഈ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ പ്രാദേശിക വ്യോമ ഗതാഗത സൗകര്യങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുകയും തെക്കൻ തമിഴ്‌നാട്ടിലെ ടൂറിസം, വ്യാപാരം, നിക്ഷേപം എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 

റോഡ് അടിസ്ഥാന സൗകര്യ മേഖലയിൽ, തന്ത്രപരമായി പ്രധാനപ്പെട്ട രണ്ട് ഹൈവേ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. വിക്രവണ്ടി-തഞ്ചാവൂർ ഇടനാഴി പദ്ധതിയുടെ ഭാഗമായി 2,350 കോടിയിൽ അധികം രൂപ ചെലവഴിച്ച് വികസിപ്പിച്ച NH-36 ലെ 50 കിലോമീറ്റർ സേതിയതോപ്പ്-ചോളപുരം പാതയുടെ നാലുവരിയാക്കലാണ് ആദ്യത്തേത്. ഇതിൽ മൂന്ന് ബൈപാസുകൾ, കൊല്ലിഡാം നദിക്ക് കുറുകെയുള്ള ഒരു കിലോമീറ്റർ നാലുവരി പാലം, നാല് പ്രധാന പാലങ്ങൾ, ഏഴ് ഫ്ലൈ ഓവറുകൾ, നിരവധി അണ്ടർപാസുകൾ എന്നിവ ഉൾപ്പെടുന്നു, ഇത് സേതിയതോപ്പ്-ചോളപുരം എന്നിവിടങ്ങൾ തമ്മിലുള്ള യാത്രാ സമയം 45 മിനിറ്റ് കുറയ്ക്കുകയും ഡെൽറ്റ മേഖലയിലെ സാംസ്കാരിക, കാർഷിക കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ പദ്ധതി ഏകദേശം 200 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 5.16 കിലോമീറ്റർ NH-138 തൂത്തുക്കുടി തുറമുഖ റോഡിന്റെ ആറുവരി പാതയാക്കലാണ്. അണ്ടർപാസുകളും പാലങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതിയിൽ ചരക്ക് ഗതാഗതം സുഗമമാക്കുകയും ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുകയും വി.ഒ. ചിദംബരനാർ തുറമുഖത്തിന് ചുറ്റുമുള്ള വ്യാവസായിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും.

തുറമുഖ അടിസ്ഥാന സൗകര്യങ്ങളും ശുദ്ധ ഊർജ്ജ സംരംഭങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, വി.ഒ. ചിദംബരനാർ തുറമുഖത്ത് ഏകദേശം 285 കോടി രൂപ ചിലവിൽ നിർമ്മിച്ച,  6.96 എം.എം.ടി.പി.എ ചരക്ക് കൈകാര്യം ചെയ്യൽ ശേഷിയുള്ള നോർത്ത് കാർഗോ ബെർത്ത് -3 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഡ്രൈ ബൾക്ക് കാർഗോ മികച്ചരീതിയിൽ കൈകാര്യം ചെയ്യുന്നതിനും അതുവഴി തുറമുഖ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചരക്ക് സംഭരണവും നീക്കവും ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്നതിനും സഹായിക്കുന്നു.

സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തെക്കൻ തമിഴ്‌നാട്ടിലെ മൂന്ന് പ്രധാന റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. 90 കിലോമീറ്റർ മധുര-ബോഡിനായ്ക്കനൂർ പാതയുടെ വൈദ്യുതീകരണം പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയും മധുരയിലും തേനിയിലും വിനോദസഞ്ചാരത്തെയും യാത്രാ സൗകര്യത്തെയും  പിന്തുണയ്ക്കുകയും ചെയ്യും. തിരുവനന്തപുരം-കന്യാകുമാരി പദ്ധതിയുടെ ഭാഗമായ 21 കിലോമീറ്റർ നാഗർകോവിൽ ടൗൺ-കന്യാകുമാരി മേഖലയിലെ 650 കോടി രൂപ ചിലവിൽ പാത ഇരട്ടിപ്പിക്കൽ തമിഴ്‌നാടിനും കേരളത്തിനും ഇടയിലുള്ള ബന്ധം ശക്തിപ്പെടുത്തും. കൂടാതെ, അരുൾവായ്മൊഴി-നാഗർകോവിൽ ജംഗ്ഷൻ (12.87 കിലോമീറ്റർ), തിരുനെൽവേലി-മേലപ്പാളയം (3.6 കിലോമീറ്റർ) ഭാഗങ്ങൾ ഇരട്ടിപ്പിക്കുന്നത് ചെന്നൈ-കന്യാകുമാരി പോലുള്ള പ്രധാന തെക്കൻ റൂട്ടുകളിലെ യാത്രാ സമയം കുറയ്ക്കുകയും യാത്രക്കാരുടെ എണ്ണവും ചരക്ക് ശേഷിയും വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ പ്രാദേശിക സാമ്പത്തിക സംയോജനം മെച്ചപ്പെടും.

 

സംസ്ഥാനത്തിന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉറപ്പാക്കുന്നതിനുമായി, പ്രധാനമന്ത്രി ഒരു സുപ്രധാന വൈദ്യുതി പ്രസരണ പദ്ധതിക്ക് തറക്കല്ലിട്ടു - കൂടംകുളം ആണവ നിലയത്തിലെ 3 ഉം 4 ഉം യൂണിറ്റുകളിൽ (2x1000 MW) നിന്ന് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ഇന്റർ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റം (ISTS). ഏകദേശം 550 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഈ പദ്ധതിയിൽ കൂടംകുളത്ത് നിന്ന് തൂത്തുക്കുടി-II GIS സബ്സ്റ്റേഷനിലേക്കും അനുബന്ധ ടെർമിനൽ ഉപകരണങ്ങളിലേക്കുമുള്ള 400 kV (ക്വാഡ്) ഡബിൾ-സർക്യൂട്ട് ട്രാൻസ്മിഷൻ ലൈനും ഉൾപ്പെടും. ദേശീയ ശൃംഖല ശക്തിപ്പെടുത്തുന്നതിലും വിശ്വസനീയമായ ശുദ്ധമായ ഊർജ്ജ വിതരണം ഉറപ്പാക്കുന്നതിലും തമിഴ്‌നാടിന്റെയും മറ്റ് ഗുണഭോക്തൃ സംസ്ഥാനങ്ങളുടെയും വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഇത് നിർണായക പങ്ക് വഹിക്കും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Textile exports to 111 countries see growth in Apr-Sept; supplies to 38 countries see more than 50% jump

Media Coverage

Textile exports to 111 countries see growth in Apr-Sept; supplies to 38 countries see more than 50% jump
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 നവംബർ 12
November 12, 2025

Bonds Beyond Borders: Modi's Bhutan Boost and India's Global Welfare Legacy Under PM Modi