Quote860 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Quote“സൗരാഷ്ട്രയുടെ വളർച്ചായന്ത്രമായാണു രാജ്കോട്ട് കണക്കാക്കപ്പെട്ടിരിക്കുന്നത്”
Quote“രാജ്‌കോട്ടിനോടുള്ള കടം വീട്ടാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്”
Quote“ഞങ്ങൾ 'മികച്ച ഭരണം' ഉറപ്പുനൽകിയാണു വന്നത്, ഞങ്ങൾ അതു നിറവേറ്റുകയാണ്”
Quote“നവ മധ്യവർഗവും മധ്യവർഗവുമാണു ഗവണ്മെന്റിന്റെ മുൻഗണന”
Quote“വിമാനസർവീസുകൾ വിപുലപ്പെടുത്തിയത് ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്കു പുതിയ ഉയരങ്ങളേകി”
Quote“ജീവിതസൗകര്യം മെച്ചപ്പെടുത്തലും ജീവിതനിലവാരവും ഗവണ്മെന്റിന്റെ മുൻ‌ഗണനകളിൽപ്പെടുന്നു”
Quote“ഇന്ന്, ലക്ഷക്കണക്കിനുപേരുടെ പണം കൊള്ളയടിക്കപ്പെടുന്നത് ആർഇആർഎ നിയമം തടയുന്നു”
Quote“ഇന്ന്, നമ്മുടെ അയൽരാജ്യങ്ങളിൽ പണപ്പെരുപ്പം 25-30 ശതമാനം എന്ന നിരക്കിൽ വർധിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ രാജ്‌കോട്ടിൽ അന്താരാഷ്ട്ര വിമാനത്താവളവും 860 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും രാജ്യത്തിന് സമർപ്പിച്ചു. സൗനി യോജന ലിങ്ക് 3 പാക്കേജ് 8-9, ദ്വാരക ഗ്രാമീണ ജലവിതരണ - ശുചിത്വ (RWSS) പദ്ധതി നവീകരണം, ഉപർകോട്ട് ഒന്ന്-രണ്ട് കോട്ടകളുടെ സംരക്ഷണവും പുനരുദ്ധാരണവും വികസനവും; ജലശുദ്ധീകരണ പ്ലാന്റ‌ിന്റെയും മലിനജല സംസ്കരണ പ്ലാന്റിന്റെയും മേൽപ്പാലത്തിന്റെയും നിർമാണം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതുതായി ഉദ്ഘാടനം ചെയ്ത രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്തു.

 

|

രാജ്‌കോട്ടിന് മാത്രമല്ല, സൗരാഷ്ട്ര മേഖലയ്ക്കാകെ ഇന്ന് മഹത്തായ ദിനമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റ്, സമീപകാലത്തെ വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ മേഖലയിൽ നഷ്ടം സംഭവിച്ചവരോട് അദ്ദേഹം തന്റെ ദുഃഖം അറിയിച്ചു. ഗവണ്മെന്റും ജനങ്ങളും ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിട്ടുവെന്നു പറഞ്ഞ പ്രധാനമന്ത്രി, സംസ്ഥാന ഗവണ്മെന്റിന്റെ സഹായത്തോടെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പുനൽകി. സംസ്ഥാന ഗവണ്മെന്റിന് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര ഗവണ്മെന്റ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗരാഷ്ട്രയുടെ വളർച്ചായന്ത്രമായാണ് രാജ്‌കോട്ട് കണക്കാക്കപ്പെട്ടിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. വ്യവസായവും സംസ്കാരവും പാചകരീതിയും ഉണ്ടായിരുന്നിട്ടും അന്താരാഷ്ട്ര വിമാനത്താവളം ആവശ്യമായി തോന്നിയിരുന്നെന്നും ഇന്നതു നിറവേറ്റപ്പെട്ടതായും അദ്ദേഹം പറഞ്ഞു. രാജ്‌കോട്ടാണു തന്നെ ആദ്യമായി എംഎൽഎയായി തിരഞ്ഞെടുത്തത് എന്ന കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, നഗരം തന്നെ പലതും പഠിപ്പിച്ചുവെന്നും പറഞ്ഞു. "രാജ്‌കോട്ടിനോടുള്ള കടം എപ്പോഴും ഉണ്ട്. അത് കുറയ്ക്കാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു" - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തെക്കുറിച്ചു  പരാമർശിക്കവേ, യാത്രാസൗകര്യത്തിന് പുറമെ മേഖലയിലെ വ്യവസായങ്ങൾക്ക് വിമാനത്താവളത്തിലൂടെ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെന്ന നിലയിൽ താൻ കണ്ട ‘മിനി ജപ്പാൻ’ എന്ന കാഴ്ചപ്പാട് രാജ്‌കോട്ട് സാക്ഷാത്കരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ രൂപത്തിൽ, രാജ്‌കോട്ടിന് പുതിയ ഊർജവും കുതിപ്പും നൽകുന്ന ശക്തികേന്ദ്രമാണു ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗനി യോജനയ്ക്കു കീഴിലുള്ള വിവിധ പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്തതിനെക്കുറിച്ച് സംസാരിക്കവെ, പദ്ധതികളുടെ പൂർത്തീകരണം മേഖലയിലെ ഡസൻകണക്കിന് ഗ്രാമങ്ങളിൽ കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള ജലവിതരണത്തിലേക്കു നയിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി രാജ്‌കോട്ടിലെ ജനങ്ങളെ അഭിനന്ദിച്ചു.

 

|

കഴിഞ്ഞ 9 വർഷത്തിനിടയിൽ, ഓരോ സാമൂഹിക വിഭാഗത്തിന്റെയും പ്രദേശങ്ങളുടെയും ജീവിതം സുഗമമാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഞങ്ങൾ 'സുശാസൻ' അഥവാ സദ്ഭരണം ഉറപ്പുനൽകിയിട്ടുണ്ട്. ഞങ്ങൾ ഇന്നതു നിറവേറ്റുകയും ചെയ്യുന്നു"- പ്രധാനമന്ത്രി പറഞ്ഞു, "പാവപ്പെട്ടവരോ ദളിതരോ ഗിരിവർഗക്കാരോ പിന്നാക്ക വിഭാഗങ്ങളോ ആരുമാകട്ടെ, അവരുടെയെല്ലാം ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്" - അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യത്തിന്റെ തോത് വളരെ വേഗത്തിൽ കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ 5 വർഷത്തിനിടെ 13.5 കോടി പൗരന്മാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും ഇവർ രാജ്യത്ത് നവ മധ്യവർഗമായി ഉയർന്നുവരുന്നുവെന്നും അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് ഉദ്ധരിച്ച് പരാമർശിച്ചു. അതുകൊണ്ടുതന്നെ, മധ്യവർഗത്തെയും ഉൾക്കൊള്ളുന്ന ഗവൺമെന്റിന്റെ മുൻഗണനയിൽ നവമധ്യവർഗവും മധ്യവർഗവുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമ്പർക്കസൗകര്യങ്ങളെക്കുറിച്ചുള്ള ഇടത്തരക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ 9 വർഷമായി സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദീകരിച്ചു. 2014-ൽ 4 നഗരങ്ങളിൽ മാത്രമാണ് മെട്രോ ശൃംഖലയുണ്ടായിരുന്നത്. ഇന്ന് മെട്രോ ശൃംഖല ഇന്ത്യയിലെ 20ലധികം നഗരങ്ങളിൽ എത്തിയിരിക്കുന്നു. വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകൾ 25 പാതകളിൽ ഓടുന്നു. ഈ കാലയളവിൽ വിമാനത്താവളങ്ങളുടെ എണ്ണം 2014ലെ 70ൽനിന്ന് ഇരട്ടിയിലധികമായി. “വിമാന സർവീസുകൾ വിപുലപ്പെടുത്തിയത് ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പുതിയ ഉയരങ്ങൾ നൽകി. കോടിക്കണക്കിനു രൂപയുടെ വിമാനങ്ങളാണ് ഇന്ത്യൻ കമ്പനികൾ വാങ്ങുന്നത്”. വിമാനങ്ങൾ നിർമിക്കുന്ന ദിശയിലേക്കു ഗുജറാത്ത് മുന്നേറുകയാണെന്നും അദ്ദേഹം അറിയിച്ചു.

 

|

“ജീവിതസൗകര്യം മെച്ചപ്പെടുത്തലും ജീവിതനിലവാരവും ഗവണ്മെന്റിന്റെ മുൻ‌ഗണനകളിൽപ്പെടുന്നു” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ ജനങ്ങൾ നേരിട്ട അസൗകര്യങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി, ആശുപത്രികളിലെയും യൂട്ടിലിറ്റി പേയ്‌മെന്റ് സെന്ററുകളിലെയും നീണ്ട ക്യൂ, ഇൻഷുറൻസും പെൻഷനും സംബന്ധിച്ച പ്രശ്നങ്ങൾ, നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവ പരാമർശിച്ചു. ഈ പ്രശ്നങ്ങളെല്ലാം ഡിജിറ്റൽ ഇന്ത്യ യജ്ഞത്തിലൂടെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നികുതി റിട്ടേണുകൾ മൊബൈൽ ബാങ്കിങ്ങിലൂടെയും ഓൺലൈൻ ഫയലിങ്ങിലൂടെയും എളുപ്പത്തിൽ നടത്താമെന്ന് അദ്ദേഹം പരാമർശിച്ചു. കൂടാതെ റിട്ടേണുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭവനനിർമാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, "ഞങ്ങൾ പാവപ്പെട്ടവരുടെ ഭവന ആവശ്യങ്ങൾ നിറവേറ്റുകയും ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം നിറവേറ്റുകയും ചെയ്തു" എന്നു വ്യക്തമാക്കി.  ഇടത്തരക്കാർക്കായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 18 ലക്ഷം രൂപ വരെ പ്രത്യേക സബ്‌സിഡി നൽകുന്ന കാര്യം അദ്ദേഹം പരാമർശിച്ചു. ഗുജറാത്തിലെ 60,000 പേർ ഉൾപ്പെടെ 6 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

|

ഭവനനിർമാണത്തിന്റെ പേരിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, നിയമത്തിന്റെ അഭാവത്തിൽ മുൻ ഗവണ്മെന്റുകളുടെ കാലത്ത് വർഷങ്ങളോളം വീടിന്റെ കൈവശാവകാശം നൽകിയിട്ടില്ലെന്നും പരാമർശിച്ചു. ആർഇആർഎ നിയമം നടപ്പിലാക്കിയതും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചതും ഇപ്പോഴത്തെ ഗവണ്മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന്, ലക്ഷക്കണക്കിനുപേരുടെ പണം കൊള്ളയടിക്കപ്പെടുന്നത് ആർഇആർഎ നിയമം തടയുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിൽ പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിൽ എത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയും യുദ്ധവും ഉണ്ടായിട്ടും നിലവിലെ ഗവണ്മെന്റ് പണപ്പെരുപ്പം നിയന്ത്രണത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന്, നമ്മുടെ അയൽരാജ്യങ്ങളിൽ പണപ്പെരുപ്പം 25-30 ശതമാനം എന്ന നിരക്കിൽ വർധി‌ക്കുകയാണ്. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, ഭാവിയിലും ഇത് തുടരും” - അദ്ദേഹം പറഞ്ഞു.

ദരിദ്രരുടെയും ഇടത്തരക്കാരുടെയും ചെലവുകൾ ലാഭിക്കുന്നതിനൊപ്പം ഇടത്തരക്കാരുടെ പോക്കറ്റിൽ പരമാവധി സമ്പാദ്യവും ഗവണ്മെന്റ് ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 9 വർഷം മുമ്പ് 2 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് നികുതി ചുമത്തിയിരുന്നെങ്കിൽ ഇന്ന് 7 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടി വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഏഴ് ലക്ഷം രൂപവരെ വരുമാനത്തിന് നികുതിയില്ല”. നഗരങ്ങളിൽ താമസിക്കുന്ന ഇടത്തരം കുടുംബങ്ങൾക്ക് ഇത് ഓരോ വർഷവും ആയിരക്കണക്കിനു രൂപയുടെ ലാഭം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട സമ്പാദ്യത്തിന് ഉയർന്ന പലിശയും ഇപിഎഫ്ഒയിൽ 8.25 ശതമാനം പലിശയും നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.

 

|

നയങ്ങൾ എങ്ങനെയാണ് പൗരന്മാരുടെ പണം ലാഭിക്കുന്നത് എന്ന് വ്യക്തമാക്കാൻ മൊബൈൽ ഫോൺ ഉപയോഗച്ചെലവിന്റെ ഉദാഹരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ൽ ഒരു ജിബി ഡാറ്റയ്ക്ക് 300 രൂപയായിരുന്നു ന‌ിരക്ക്. ഇന്ന് ശരാശരി 20 ജിബി ഡാറ്റയാണ് ഒരാൾക്കു പ്രതിമാസം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ശരാശരി പൗരന് പ്രതിമാസം 5000 രൂപയിലധികം ലാഭിക്കാൻ ഇതുവഴി സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൻ ഔഷധി കേന്ദ്രങ്ങൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, സ്ഥിരമായി മരുന്ന് കഴിക്കേണ്ടവർക്ക് ഇത് അനുഗ്രഹമാണെന്നും ദരിദ്രരുടെയും ഇടത്തരക്കാരുടെയും 20,000 കോടി രൂപ ലാഭിക്കാൻ ഈ കേന്ദ്രങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അറിയിച്ചു. "ദരിദ്രരോടും ഇടത്തരക്കാരോടും സംവേദനക്ഷമതയുള്ള ഗവണ്മെന്റ് ഇതുപോലെയാണ് പ്രവർത്തിക്കുന്നത്" - അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിന്റെയും സൗരാഷ്ട്രയുടെയും വികസനത്തിനായി ഗവണ്മെന്റ് പൂർണ സംവേദനക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗനി പദ്ധതി മേഖലയിലെ ജലസാഹചര്യത്തിൽ കൊണ്ടുവന്ന മാറ്റത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. “സൗരാഷ്ട്രയിലെ ഡസൻ കണക്കിന് അണക്കെട്ടുകളും ആയിരക്കണക്കിന് ചെക്ക് ഡാമുകളും ഇന്ന് ജലസ്രോതസ്സുകളായി മാറിയിരിക്കുന്നു. 'ഹർ ഘർ ജൽ യോജന'യ്ക്ക് കീഴിൽ ഗുജറാത്തിലെ കോടിക്കണക്കിന് കുടുംബങ്ങൾക്ക് ഇപ്പോൾ പൈപ്പി‌ലൂടെ വെള്ളം ലഭിക്കുന്നുണ്ട്” - അദ്ദേഹം കൂട്ടിച്ചേർത്തു.

 

|

കഴിഞ്ഞ 9 വർഷമായി വികസിപ്പിച്ചെടുത്ത ഈ ഭരണമാതൃക സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾക്കും വികസനമോഹങ്ങൾക്കും അനുസൃതമാണെന്നു പ്രസംഗം ഉപസംഹരിച്ചു പ്രധാനമന്ത്രി പറഞ്ഞു. “ഇതാണ് വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ വഴി. ഈ പാതയിലൂടെ സഞ്ചരിച്ച് അമൃതകാലത്തിന്റെ ദൃഢനിശ്ചയങ്ങൾ നാം തെളിയിക്കേണ്ടതുണ്ട്” -  പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര വ്യോമയാനമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, പാർലമെന്റ് അംഗം ശ്രീ സി ആർ പാട്ടീൽ, ഗുജറാത്ത് മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

രാജ്യത്തുടനീളമുള്ള വ്യോമഗതാഗതം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് രാജ്‌കോട്ടിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം വഴിയൊരുക്കും. 1400 കോടിയിലധികം രൂപ ചെലവഴിച്ച് 2500 ഏക്കറിലധികം വിസ്തൃതിയിലാണ് ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും സുസ്ഥിര സവിശേഷതകളും സമന്വയിപ്പിച്ചാണു പുതിയ വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. GRIHA -4 കംപ്ലയിന്റാണ് (ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസെസ്‌മെന്റിനുള്ള ഗ്രീൻ റേറ്റിങ്) ടെർമിനൽ കെട്ടിടം. പുതിയ ടെർമിനൽ കെട്ടിടത്തിൽ (NITB) ഡബിൾ ഇൻസുലേറ്റഡ് റൂഫിങ് സിസ്റ്റം, സ്കൈലൈറ്റുകൾ, എൽഇഡി ലൈറ്റിങ്, ലോ ഹീറ്റ് ഗെയിൻ ഗ്ലേസിങ് തുടങ്ങിയ വിവിധ സുസ്ഥിര സവിശേഷതകൾ സജ്ജീകരിച്ചിട്ടുണ്ട്.

 

|

രാജ്‌കോട്ടിന്റെ സാംസ്‌കാരിക ചൈതന്യം വിമാനത്താവള ടെർമിനലിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായി. ലിപ്പൻ ആർട്ട് മുതൽ ദാണ്ഡിയ നൃത്തം വരെയുള്ള കലാരൂപങ്ങളെ അതിന്റെ ചലനാത്മകമായ ബാഹ്യ മുഖത്തിലൂടെയും ഗംഭീരമായ ഇന്റീരിയറുകളിലൂടെയും ഇതു ചിത്രീകരിക്കും. പ്രാദേശിക വാസ്തുവിദ്യാ പൈതൃകത്തിന്റെ പ്രതീകമായ ഈ വിമാനത്താവളം, ഗുജറാത്തിലെ കത്തിയവാർ പ്രദേശത്തെ കലയുടെയും നൃത്തരൂപങ്ങളുടെയും സാംസ്കാരിക മഹത്വം പ്രതിഫലിപ്പിക്കും. രാജ്‌കോട്ടിലെ പുതിയ വിമാനത്താവളം രാജ്‌കോട്ടിലെ പ്രാദേശിക വാഹന വ്യവസായത്തിന്റെ വികസനത്തിന് മാത്രമല്ല, ഗുജറാത്തിലുടനീളം വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യാവസായികം എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

860 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. സൗനി യോജന ലിങ്ക് 3 പാക്കേജ് 8ഉം 9ഉം ജലസേചന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൗരാഷ്ട്ര മേഖലയ്ക്ക് കുടിവെള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സഹായിക്കും. ദ്വാരക RWSS നവീകരിക്കുന്നത് പൈപ്പ്‌ലൈൻ വഴി ഗ്രാമങ്ങളിൽ മതിയായ കുടിവെള്ളം ലഭ്യമാക്കാൻ സഹായിക്കും. ഉപർകോട്ട് കോട്ട I & II ന്റെ സംരക്ഷണവും പുനരുദ്ധാരണവും വികസനവും; ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം; മലിനജല സംസ്കരണ പ്ലാന്റ്; മേൽപ്പാലം തുടങ്ങിയവയാണ് മറ്റു പദ്ധതികൾ.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Government Schemes Introduced by the Prime Minister to Uplift the Farmer Community

Media Coverage

Government Schemes Introduced by the Prime Minister to Uplift the Farmer Community
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM commends efforts to chronicle the beauty of Kutch and encouraging motorcyclists to go there
July 20, 2025

Shri Venu Srinivasan and Shri Sudarshan Venu of TVS Motor Company met the Prime Minister, Shri Narendra Modi in New Delhi yesterday. Shri Modi commended them for the effort to chronicle the beauty of Kutch and also encourage motorcyclists to go there.

Responding to a post by TVS Motor Company on X, Shri Modi said:

“Glad to have met Shri Venu Srinivasan Ji and Mr. Sudarshan Venu. I commend them for the effort to chronicle the beauty of Kutch and also encourage motorcyclists to go there.”