ആദരണീയ പ്രസിഡന്റ്,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ,
മാധ്യമ സുഹൃത്തുക്കളേ,
നമസ്‌കാരം!
മബുഹേ!

ആദ്യമായി, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഈ വർഷം ഇന്ത്യയും ഫിലിപ്പീൻസും നയതന്ത്ര ബന്ധത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഈ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധങ്ങൾ സമീപകാലത്താണ് രൂപംകൊണ്ടതെങ്കിലും, നമ്മുടെ നാഗരിക ബന്ധം പുരാതന കാലം മുതലുള്ളതാണ്. രാമായണത്തിന്റെ ഫിലിപ്പൈൻ പതിപ്പ് - "മഹാരാഡിയ ലവാന" നമ്മുടെ ആഴത്തിൽ വേരൂന്നിയ സാംസ്കാരിക ബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ്. ഇരു രാജ്യങ്ങളുടെയും ദേശീയ പുഷ്പങ്ങൾ ഉൾക്കൊള്ളുന്ന അടുത്തിടെ പുറത്തിറങ്ങിയ തപാൽ സ്റ്റാമ്പുകൾ നമ്മുടെ സൗഹൃദത്തിന്റെ സുഗന്ധത്തെ മനോഹരമായി പ്രതീകപ്പെടുത്തുന്നു.

 

സുഹൃത്തുക്കളേ,

എല്ലാ തലങ്ങളിലുമുള്ള സംഭാഷണവും എല്ലാ മേഖലകളിലെയും സഹകരണവും വളരെക്കാലമായി നമ്മുടെ ബന്ധത്തിന്റെ മുഖമുദ്രയാണ്. ഇന്ന്, പ്രസിഡന്റും ഞാനും ഞങ്ങളുടെ ഉഭയകക്ഷി സഹകരണം, പ്രാദേശിക കാര്യങ്ങൾ, ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. നമ്മുടെ ബന്ധങ്ങളെ ഒരു തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പങ്കാളിത്തത്തിന്റെ സാധ്യതകളെ ഫലങ്ങളാക്കി മാറ്റുന്നതിനായി ഞങ്ങൾ വിശദമായ ഒരു കർമ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

നമ്മുടെ ഉഭയകക്ഷി വ്യാപാരം തുടർച്ചയായി വളരുകയും, അത് 3 ബില്യൺ ഡോളർ മറികടക്കുകയും ചെയ്തു. ഇത് കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിന്റെ അവലോകനം നേരത്തെ പൂർത്തിയാക്കുന്നതിന് ഞങ്ങൾ മുൻഗണന നൽകുന്നു. കൂടാതെ, ഒരു ഉഭയകക്ഷി മുൻഗണനാ വ്യാപാര കരാറിനായി പ്രവർത്തിക്കാൻ ഞങ്ങൾ പരസ്പരം സമ്മതിച്ചിട്ടുണ്ട്.

ഇൻഫർമേഷൻ ആൻഡ് ഡിജിറ്റൽ ടെക്നോളജി, ആരോഗ്യം, ഓട്ടോമൊബൈൽസ്, അടിസ്ഥാനസൗകര്യം, ധാതുക്കൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ മേഖലകളിലും ഞങ്ങളുടെ കമ്പനികൾ സജീവമായി ഏർപ്പെട്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രം​ഗത്ത്, വൈറോളജി, AI, അഡിറ്റീവ് നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഞങ്ങൾ സംയുക്ത ഗവേഷണം നടത്തുന്നു. ഇന്ന് ഒപ്പുവച്ച ശാസ്ത്ര സാങ്കേതിക സഹകരണ പദ്ധതി ഈ ശ്രമങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടും.

വാരണാസിയിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര അരി ഗവേഷണ സ്ഥാപനത്തിന്റെ പ്രാദേശിക കേന്ദ്രം ഗ്ലൈസീമിക് സൂചിക ഏറ്റവും കുറവുള്ള അരിയുടെ വികസനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രുചിയിലും ആരോ​ഗ്യത്തിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു! ഞങ്ങളുടെ വികസന പങ്കാളിത്തത്തിന് കീഴിൽ, ഫിലിപ്പീൻസിൽ ക്വിക്ക് ഇംപാക്ട് പ്രോജക്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന വിവരം പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഫിലിപ്പീൻസിലെ സോവറിൻ ഡാറ്റ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനത്തിലും ഞങ്ങൾ സഹകരിക്കും.

ഭൗമമേഖലയിൽ നമ്മുടെ പങ്കാളിത്തം ഇതിനകം ശക്തമാണ്, ഇപ്പോൾ നമ്മൾ ബഹിരാകാശത്തും നമ്മുടെ ലക്ഷ്യം കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതിനുള്ള ഒരു കരാറിലും ഇന്ന് ഒപ്പുവച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ശക്തിയാർജ്ജിക്കുന്ന നമ്മുടെ പ്രതിരോധ ബന്ധങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതീകമാണ്. സമുദ്ര രാഷ്ട്രങ്ങൾ എന്ന നിലയിൽ, സമുദ്ര മേഖലയിലെ സഹകരണം സ്വാഭാവികവും അനിവാര്യവുമാണ്.

മാനുഷിക സഹായം, ദുരന്ത നിവാരണം, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഞങ്ങൾ സ്ഥിരമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇന്ന്, പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുമ്പോൾ, മൂന്ന് ഇന്ത്യൻ നാവിക കപ്പലുകൾ ആദ്യമായി ഫിലിപ്പീൻസിൽ ഒരു നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നു. ഇന്ത്യയുടെ ഹൈഡ്രോഗ്രാഫി കപ്പലും ഈ സുപ്രധാന ഇടപെടലിന്റെ ഭാഗമാണ്.

ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കായി ഇന്ത്യ സ്ഥാപിച്ച അന്താരാഷ്ട്ര ഫ്യൂഷൻ സെന്ററിൽ ചേരാനുള്ള ഫിലിപ്പീൻസിന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം നിന്നതിനും ഫിലിപ്പീൻസ് ​ഗവൺമെന്റിനും പ്രസിഡന്റിനും ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

പരസ്പര നിയമസഹായവും ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ കൈമാറ്റവും സംബന്ധിച്ച് ഇന്ന് ഒപ്പുവച്ച കരാറുകൾ നമ്മുടെ സുരക്ഷാ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും.

 

സുഹൃത്തുക്കളേ,

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കാനുള്ള ഫിലിപ്പീൻസിന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഫിലിപ്പീൻസിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് സൗജന്യ ഇ-വിസ സൗകര്യം വ്യാപിപ്പിക്കാൻ ഇന്ത്യയും തീരുമാനിച്ചു. ഈ വർഷത്തിനുള്ളിൽ ഡൽഹിക്കും മനിലയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങളും നടത്തും.

ഇന്ന് സമാപിച്ച സാംസ്കാരിക വിനിമയ പരിപാടി നമ്മുടെ ചരിത്രപരമായ സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും.

സുഹൃത്തുക്കളേ,

നമ്മുടെ ആക്ട് ഈസ്റ്റ് നയത്തിലും "മഹാസാഗർ" ദർശനത്തിലും ഫിലിപ്പീൻസ് ഒരു പ്രധാന പങ്കാളിയാണ്. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സമൃദ്ധി, നിയമാധിഷ്ഠിത ക്രമം എന്നിവയ്ക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അന്താരാഷ്ട്ര നിയമം അനുസരിച്ച് നാവിഗേഷൻ സ്വാതന്ത്ര്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

അടുത്ത വർഷം, ഫിലിപ്പീൻസ് ആസിയാന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. അതിന്റെ വിജയത്തിന് ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നു.

ആദരണീയ പ്രസിഡന്റ്,

ഇന്ത്യയും ഫിലിപ്പീൻസും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കളും വിധിപ്രകാരം പങ്കാളികളുമാണ്. ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക് വരെ, പങ്കിട്ട മൂല്യങ്ങളാൽ ഞങ്ങൾ ഐക്യപ്പെട്ടിരിക്കുന്നു. നമ്മുടേത് ഭൂതകാലത്തിന്റെ സൗഹൃദം മാത്രമല്ല, ഭാവിയിലേക്കുള്ള ഒരു വാഗ്ദാനവുമാണ്.

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions