പ്രധാനമന്ത്രി മോദിയുടെ ശക്തമായ നേതൃത്വത്തില്‍ ഉൽപ്പാദനമേഖലയ്ക്കു വിവിധ സഹായ നടപടികള്‍ നല്‍കുന്നതിനാല്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ധിക്കുകയാണ്: ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ
"മാരുതി-സുസുക്കിയുടെ വിജയം കരുത്തുറ്റ ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു"
"കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലെത്തി"
"ഈ സൗഹൃദത്തിന്റെ കാര്യം വരുമ്പോള്‍, ഓരോ ഇന്ത്യക്കാരനും തീര്‍ച്ചയായും നമ്മുടെ സുഹൃത്തും മുന്‍ പ്രധാനമന്ത്രിയുമായ ഷിന്‍സോ ആബെയെ ഓര്‍ക്കും"
"ഞങ്ങള്‍ എല്ലായ്‌പ്പോഴും ജപ്പാനോടു സ്നേഹവും ബഹുമാനവും പുലര്‍ത്തി. അതിനാലാണ് ഏകദേശം 125 ജാപ്പനീസ് കമ്പനികള്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നത്"
"വിതരണം, ആവശ്യകത, ആവാസവ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതോടെ, വൈദ്യുതവാഹനമേഖല തീര്‍ച്ചയായും പുരോഗമിക്കും"

ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ സതോഷി സുസുക്കി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന മന്ത്രി സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ പ്രസിഡന്റ് ജഗദീഷ് പഞ്ചല്‍, മാരുതി-സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ വീഡിയോ സന്ദേശവും പ്രദര്‍ശിപ്പിച്ചു.

നാലുദശാബ്ദക്കാലത്തെ മാരുതി സുസുക്കിയുടെ വളര്‍ച്ച ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധത്തിന്റെ പ്രതീകമാണെന്നു ജപ്പാന്‍ പ്രധാനമന്ത്രി കിഷിദ പറഞ്ഞു. ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ മനസിലാക്കിയതിനു സുസുക്കിയുടെ മാനേജ്‌മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു. "ഈ വിജയത്തിന് ഇന്ത്യയിലെ ജനങ്ങളുടെയും ഗവണ്മെന്റിന്റെയും ധാരണയ്ക്കും പിന്തുണയ്ക്കും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നാണു ഞാന്‍ കരുതുന്നത്. അടുത്തകാലത്തു പ്രധാനമന്ത്രി മോദിയുടെ ശക്തമായ നേതൃത്വത്തില്‍ ഉൽപ്പാദനമേഖലയ്ക്കായി വിവിധ സഹായനടപടികള്‍ സ്വീകരിച്ചതു കാരണം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടുതല്‍ വർധിക്കുകയാണ്"- അദ്ദേഹം പറഞ്ഞു. ജപ്പാനിലെ മറ്റു പല കമ്പനികളും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഈ വര്‍ഷത്തിന്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. "ജപ്പാനും ഇന്ത്യയും തമ്മില്‍ 'തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം' കൂടുതല്‍ വികസിപ്പിക്കുന്നതിനും, 'സ്വതന്ത്രവും തുറന്നതുമായ ഇന്തോ പസഫിക്' യാഥാർഥ്യമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി മോദിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സദസിനെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സുസുക്കി കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിച്ചു. "ഇന്ത്യയിലെ കുടുംബങ്ങളുമായുള്ള സുസുക്കിയുടെ ബന്ധത്തിന് ഇപ്പോള്‍ 40 വര്‍ഷത്തെ കരുത്തുണ്ട്"- അദ്ദേഹം പറഞ്ഞു. മാരുതി-സുസുക്കിയുടെ വിജയം ശക്തമായ ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തത്തെയാണു വ്യക്തമാക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടുവർഷത്തിനിടയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ബന്ധം പുതിയ ഉയരങ്ങളിലെത്തി. ഇന്ന്, ഗുജറാത്ത്-മഹാരാഷ്ട്ര ബുള്ളറ്റ് ട്രെയിന്‍ മുതല്‍ യുപിയിലെ ബനാറസിലെ രുദ്രാക്ഷകേന്ദ്രം വരെ, പല വികസനപദ്ധതികളും ഇന്ത്യ-ജപ്പാന്‍ സൗഹൃദത്തിന്റെ ഉദാഹരണങ്ങളാണ്. ഈ സൗഹൃദത്തിന്റെ കാര്യം വരുമ്പോള്‍, ഓരോ ഇന്ത്യക്കാരനും തീര്‍ച്ചയായും നമ്മുടെ സുഹൃത്തും മുന്‍ പ്രധാനമന്ത്രിയുമായ ഷിന്‍സോ ആബെയെ ഓര്‍ക്കുന്നതായി പ്രധാനമന്ത്രി തുടര്‍ന്നുപറഞ്ഞു.  ആബെ സാൻ ഗുജറാത്തില്‍ ചെലവഴിച്ച സന്ദര്‍ഭം അനുസ്മരിച്ച പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങള്‍ അക്കാര്യം സ്നേഹപൂര്‍വം ഓര്‍ക്കുന്നുണ്ടെന്നും പറഞ്ഞു. "നമ്മുടെ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങൾ പ്രധാനമന്ത്രി കിഷിദ മുന്നോട്ടുകൊണ്ടുപോകുന്നു.''- അദ്ദേഹം പറഞ്ഞു.

13 വര്‍ഷംമുമ്പു സുസുക്കി ഗുജറാത്തില്‍ എത്തിയതിനെ അനുസ്മരിച്ച പ്രധാനമന്ത്രി, ഭരണത്തിന്റെ ഒരു നല്ല മാതൃകയായി സ്വയം അവതരിപ്പിക്കാനുള്ള ഗുജറാത്തിന്റെ ആത്മവിശ്വാസത്തെ അനുസ്മരിച്ചു. "സുസുക്കിയുമായുള്ള വാഗ്ദാനം ഗുജറാത്ത് പാലിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. സുസുക്കിയും ഗുജറാത്തിന്റെ ആഗ്രഹങ്ങള്‍ അതേ അന്തസ്സോടെ പാലിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വാഹന നിർമാണകേന്ദ്രമായി ഗുജറാത്ത് മാറി"- അദ്ദേഹം പറഞ്ഞു.  ഗുജറാത്തും ജപ്പാനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തെക്കുറിച്ചു വ്യക്തമാക്കിയ പ്രധാനമന്ത്രി, അതു നയതന്ത്രമാനങ്ങളേക്കാള്‍ ഉയര്‍ന്നതാണെന്നും വ്യക്തമാക്കി. 2009ല്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ആരംഭിച്ചപ്പോള്‍മുതല്‍ ജപ്പാന്‍ ഒരു പങ്കാളിത്ത രാജ്യമായിരുന്നുവെന്നു താന്‍ ഓര്‍മിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ ജാപ്പനീസ് നിക്ഷേപകരെ ഉള്‍പ്പെടുത്തി ഒരു മിനി ജപ്പാന്‍ സൃഷ്ടിക്കാനുള്ള തന്റെ ദൃഢനിശ്ചയം അദ്ദേഹം അനുസ്മരിച്ചു. ഇതു സാക്ഷാത്കരിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. ലോകോത്തര ഗോള്‍ഫ് കോഴ്‌സുകളുടെയും ജാപ്പനീസ് പാചകരീതികളുള്ള നിരവധി റെസ്റ്റോറന്റുകളുടെയും സൃഷ്ടിയും ജാപ്പനീസ് ഭാഷയുടെ പ്രോത്സാഹനവും ഇതിന്റെ ചില ഉദാഹരണങ്ങളാണ്. "ഞങ്ങളുടെ ശ്രമങ്ങള്‍ എല്ലായ്പ്പോഴും ജപ്പാനോടു സ്നേഹവും ബഹുമാനവും പുലര്‍ത്തി. അതിനാലാണു സുസുക്കിക്കൊപ്പം 125 ജാപ്പനീസ് കമ്പനികള്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദാബാദിലെ ജെഇടിആര്‍ഒ നടത്തുന്ന സഹായകേന്ദ്രം പല കമ്പനികള്‍ക്കും പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ജപ്പാന്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനുഫാക്ചറിങ് നിരവധിപേരെ പരിശീലിപ്പിക്കുന്നു. ഗുജറാത്തിന്റെ വികസനയാത്രയില്‍ 'കൈസെൻ' നല്‍കിയ സംഭാവനകള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലും മറ്റു വകുപ്പുകളിലും 'കൈസെനെ' പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൈദ്യുതവാഹനങ്ങളുടെ മഹത്തായ സവിശേഷതകളിലൊന്നു ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി അവ നിശ്ശബ്ദമാണെന്നു പറഞ്ഞു. ഇരുചക്രവാഹനമായാലും നാലുചക്രമായാലും അവ ശബ്ദമുണ്ടാക്കില്ല. ഈ നിശബ്ദത അതിന്റെ എൻജിനിയറിങ്ങിനെ മാത്രമല്ല, മറിച്ച് രാജ്യത്തെ ഒരു നിശബ്ദ വിപ്ലവത്തിന്റെ തുടക്കം കൂടിയാണു കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതവാഹന ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി വൈദ്യുതവാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കു വിവിധ ആനുകൂല്യങ്ങൾ നല്‍കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ആദായനികുതി ഇളവുകള്‍, വായ്പാപ്രക്രിയ ലളിതമാക്കൽ തുടങ്ങി നിരവധി നടപടികള്‍ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ട്. വിതരണം വർധിപ്പിക്കുന്നതിന്, ഓട്ടോമൊബൈല്‍ ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ പിഎല്‍ഐ പദ്ധതികൾ അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കരുത്തേറിയ വൈദ്യുതവാഹന ചാര്‍ജിങ് സൗകര്യം തയ്യാറാക്കുന്നതിനു നയപരമായ ധാരാളം തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "2022ലെ സാമ്പത്തിക ബജറ്റില്‍ ബാറ്ററി സ്വാപ്പിങ് നയവും അവതരിപ്പിച്ചിട്ടുണ്ട്"- പ്രധാനമന്ത്രി പറഞ്ഞു. വിതരണം, ആവശ്യകത, ആവാസവ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതോടെ ഇവി മേഖല പുരോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2030ഓടെ ഫോസിലിതര സ്രോതസുകളില്‍നിന്നു സ്ഥാപിത വൈദ്യുതശേഷിയുടെ 50 ശതമാനം കൈവരിക്കുമെന്ന് ഇന്ത്യ സിഒപി-26ല്‍ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. 2070ല്‍ 'നെറ്റ് സീറോ' എന്ന ലക്ഷ്യമാണു നാം നിശ്ചയിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ജൈവ ഇന്ധനം, എഥനോള്‍ മിശ്രണം, ഹൈബ്രിഡ് ഇവി തുടങ്ങിയ കാര്യങ്ങളിലും മാരുതി സുസുക്കി പ്രവര്‍ത്തിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കംപ്രസ്ഡ് ബയോമീഥേന്‍ വാതകവുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സുസുക്കി ആരംഭിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.  ആരോഗ്യകരമായ മത്സരത്തിനും പരസ്പരപഠനത്തിനും മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു രാജ്യത്തിനും വ്യവസായത്തിനും ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അമൃതകാലത്തിന്റെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അതിന്റെ ഊർജ ആവശ്യങ്ങള്‍ക്കായി സ്വയംപര്യാപ്തത നേടുക എന്നതാണു തങ്ങളുടെ ലക്ഷ്യം. ഊർജ ഉപഭോഗത്തിന്റെ പ്രധാന ഭാഗം ഗതാഗത മേഖലയിലായതിനാല്‍ ഈ മേഖലയിലെ നൂതനാശയങ്ങളും പുതിയ ശ്രമങ്ങളും നമ്മുടെ മുന്‍ഗണനയാകണം. നമുക്ക് ഇതു നേടാന്‍ കഴിയുമെന്നു തനിക്കുറപ്പുള്ളതായും പ്രധാനമന്ത്രി പറഞ്ഞു.

പശ്ചാത്തലം

ചടങ്ങിൽ സുസുക്കി ഗ്രൂപ്പിന്റെ ഇന്ത്യയിലെ രണ്ടു പ്രധാന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഗുജറാത്തിലെ ഹൻസൽപൂരിൽ സുസുക്കി മോട്ടോർ ഗുജറാത്ത് വൈദ്യുതവാഹന ബാറ്ററി നിർമാണയൂണിറ്റിന്റെയും ഹരിയാനയിലെ ഖാർഖോഡയിൽ മാരുതി സുസുക്കിയുടെ വാഹനനിർമാണകേന്ദ്രത്തിന്റെയും തറക്കല്ലിടലാണു പ്രധാനമന്ത്രി നിർവഹിച്ചത്.

 

വൈദ്യുത വാഹനങ്ങൾക്കായി അഡ്വാൻസ് കെമിസ്ട്രി സെൽ ബാറ്ററികൾ നിർമിക്കാൻ ഏകദേശം 7300 കോടി രൂപ മുതൽമുടക്കിലാണു ഗുജറാത്തിലെ ഹൻസൽപൂരിൽ സുസുക്കി മോട്ടോർ ഗുജറാത്ത് വൈദ്യുതവാഹന ബാറ്ററി നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത്. ഹരിയാനയിലെ ഖാർഖോഡയിലുള്ള വാഹനനിർമാണകേന്ദ്രത്തിനു പ്രതിവർഷം 10 ലക്ഷം  യാത്രാവാഹനങ്ങൾ നിർമിക്കാൻ കഴിയും. ഒരു യൂണിറ്റിൽ ഏറ്റവും കൂടുതൽ യാത്രാവാഹനങ്ങൾ നിർമിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ കേന്ദ്രമായി ഇതു മാറും. 11,000 കോടി രൂപ മുതൽമുടക്കിലാണു പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കംകുറിക്കുന്നത്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
What Is Firefly, India-Based Pixxel's Satellite Constellation PM Modi Mentioned In Mann Ki Baat?

Media Coverage

What Is Firefly, India-Based Pixxel's Satellite Constellation PM Modi Mentioned In Mann Ki Baat?
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM congratulates Donald Trump on taking charge as the 47th President of the United States
January 20, 2025

The Prime Minister Shri Narendra Modi today congratulated Donald Trump on taking charge as the 47th President of the United States. Prime Minister Modi expressed his eagerness to work closely with President Trump to strengthen the ties between India and the United States, and to collaborate on shaping a better future for the world. He conveyed his best wishes for a successful term ahead.

In a post on X, he wrote:

“Congratulations my dear friend President @realDonaldTrump on your historic inauguration as the 47th President of the United States! I look forward to working closely together once again, to benefit both our countries, and to shape a better future for the world. Best wishes for a successful term ahead!”