ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ,

ബഹുമാനപ്പെട്ട ഉർസുല വോൺ ഡെർ ലെയ്ൻ,

ആദരണീയ കിരീടാവകാശി,

വോൾവോ ഗ്രൂപ്പിന്റെ പ്രസിഡന്റ്, സിഇഒ,

യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയുടെ അധ്യക്ഷൻ,

സന്നിഹിതരായിരിക്കുന്ന യൂറോപ്പിലെ വിശിഷ്ട ബിസിനസ്സ് നേതാക്കളേ,

മാന്യരേ, മഹതികളേ,

നമസ്കാരം!

ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.

സുഹൃത്തുക്കളേ,

യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രി പോലെയുള്ള ഒരു വിശിഷ്ട വേദിയിൽ സംസാരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണ്. 

നിങ്ങളിൽ ചിലരെ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്, എന്നാൽ മറ്റു ചിലരെ ഇന്ന് ആദ്യമായാണ് ഞാൻ കാണുന്നത്. പക്ഷേ ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ എല്ലാവരും ഏതെങ്കിലും ഒരു തരത്തിൽ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്.

ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പാദന പ്രവർത്തനങ്ങൾ  ഇന്ത്യ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മറ്റു ചിലരെ സംബന്ധിച്ച് അവരുടെ ഗവേഷണ വികസന പ്രവർത്തനങ്ങളാണ് ഇന്ത്യയിൽ. ചിലർക്ക് അവരുടെ പ്രതിഭാ അടിത്തറ ഇന്ത്യയിലാണ്, എന്നാൽ വേറെ ചിലർക്കാകട്ടെ അവരുടെ വിതരണ ശൃംഖലകൾ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളിൽ പലരും ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു. ഇന്നത്തെ ഈ കൂടിക്കാഴ്ച ഈ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മികച്ച അവസരമാണ്.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ഒരു പുതിയ വഴിത്തിരിവിലാണ്. ഭരണകൂട തലത്തിൽ ഞങ്ങൾ വലിയ ലക്ഷ്യങ്ങളുള്ളതും തന്ത്രപ്രധാനവുമായ ഒരു അജണ്ടയ്ക്ക് രൂപം നൽകിയിട്ടുണ്ട്.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ കാര്യത്തിൽ പൊതുവായ ധാരണയിലെത്തിയിട്ടുണ്ട്. ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞതുപോലെ, ഇത് യഥാർത്ഥത്തിൽ "എല്ലാ കരാറുകളുടെയും മാതാവ്" തന്നെയാണ്. ഈ കരാർ എത്രയും വേഗം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് നമ്മുടെ ശ്രമം.

സുരക്ഷാ-പ്രതിരോധ പങ്കാളിത്തവും അതുപോലെ തന്നെ കൈമാറ്റ കരാറും നമ്മുടെ സഹകരണത്തിന് ഒരു പുതിയ ദിശ നൽകിയിട്ടുണ്ട്. ഇന്ത്യ-ഇയു ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ നമ്മുടെ പങ്കാളിത്തത്തിന് പുതിയൊരു സ്ഥാപനപരമായ കരുത്ത് പകർന്നുനൽകിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ, വിതരണ ശൃംഖലകൾ, നവീനാശയം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യൂറോപ്പും ഒന്നിച്ച് പ്രവർത്തിക്കുകയാണ്.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലെയുള്ള ചരിത്രപ്രധാന സംരംഭങ്ങൾ കണക്റ്റിവിറ്റിയും സാമ്പത്തിക കൂട്ടായ്മയും വേഗത്തിലാക്കുന്നു. ഹരിത പരിവർത്തനത്തോടും സുസ്ഥിര വികസനത്തോടുമുള്ള നമ്മുടെ മുൻഗണനകളും ചിന്തകളും ഒരേ ദിശയിലാണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മൾ ഇതിന്റെ വലിയൊരു ചിത്രം നോക്കുകയാണെങ്കിൽ നമുക്കിടയിൽ ആഴത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപ്രധാനമായ യോജിപ്പുണ്ട്. സന്തുലിതവും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ലോകത്തിനായുള്ള തന്ത്രപ്രധാന പങ്കാളികളാണ് ഇന്ത്യയും യൂറോപ്പും.

പക്ഷേ സുഹൃത്തുക്കളേ,

ഗവൺമെന്റുകൾക്ക് ചട്ടക്കൂടുകളും സ്ഥാപനപരമായ പിന്തുണയും നയപരമായ ദിശാബോധവും മാത്രമേ നൽകാൻ കഴിയൂ. അടിത്തട്ടിലുള്ള യഥാർത്ഥ മാറ്റം കൈവരിക്കാൻ നിങ്ങളെല്ലാവരുടെയും പരിശ്രമങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇന്ത്യയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ നിങ്ങളെ ക്ഷണിക്കാൻ ഞാനിന്ന് ഇവിടെയെത്തിയിരിക്കുന്നത്.

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ ഇന്ത്യ ഇന്ന് പുതുക്കിയ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് കുതിക്കുന്നത്. 140 കോടി അഭിലാഷങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ യുവജനസംഖ്യയും വികസിച്ചുകൊണ്ടിരിക്കുന്ന മധ്യവർഗവും അതിവേഗത്തിലുള്ള അടിസ്ഥാന സൗകര്യ വികസനവും ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയൊരു വേഗത നൽകുന്നു.

കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി, "പരിഷ്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക" എന്ന മന്ത്രവുമായാണ് ഇന്ത്യ മുന്നേറുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിൻബലത്തിൽ, ഈ പരിഷ്കരണ എക്സ്പ്രസ് പൂർണ്ണ വേഗതയിൽ മുന്നേറുകയാണ്. 

ചരക്കുസേവന നികുതി (GST) "ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി" എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ മുന്നോട്ട് നയിച്ചിരിക്കുകയാണ്. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (പാപ്പരത്ത നിയമം) ബിസിനസ്സ് സംസ്കാരത്തിൽ കൂടുതൽ ഉത്തരവാദിത്തം കൊണ്ടുവന്നു. കോർപ്പറേറ്റ് നികുതി പരിഷ്കാരങ്ങൾ ഉത്പാദന മേഖലയെ കൂടുതൽ മത്സരക്ഷമമാക്കിയപ്പോൾ തൊഴിൽ നിയമങ്ങൾ അനുവർത്തനങ്ങളെ ലളിതവും കൂടുതൽ സുതാര്യവുമാക്കി മാറ്റി.

എഫ്ഡിഐ പരിഷ്കാരങ്ങൾ നിരവധി മേഖലകളെ ആഗോള മൂലധനത്തിനായി തുറന്നുകൊടുത്തു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികൾ ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോ ഘടകങ്ങൾ, സോളാർ മോഡ്യൂളുകൾ, ടെലികമ്മ്യൂണിക്കേഷൻസ്, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിൽ ശക്തമായ ഉത്പാദന വേഗത സൃഷ്ടിച്ചു.

നിയമപരമായ അനുവർത്തനങ്ങളുടെ ഭാരം ഞങ്ങൾ കുറയ്ക്കുകയും കാലഹരണപ്പെട്ട ആയിരക്കണക്കിന് ചട്ടങ്ങൾ റദ്ദാക്കുകയും ചെയ്തു. ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം (Ease of Doing Business) എന്നത് ഭരണനിർവ്വഹണത്തിന്റെ ഒരു അവിഭാജ്യ ഘടകമാക്കി മാറ്റി. ഡിജിറ്റൽ ഇന്ത്യ പദ്ധതി പൊതുസേവനങ്ങളെ കൂടുതൽ സുതാര്യവും കാര്യക്ഷമവും പ്രാപ്യവുമാക്കി മാറ്റി.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. നമ്മുടെ സ്റ്റാർട്ടപ്പുകൾ എഐ, ഫിൻടെക്, ബഹിരാകാശം, ഡ്രോണുകൾ, ബയോടെക്, ക്ലൈമറ്റ് ടെക്നോളജി, മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിലുള്ള പരിഹാരങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ന് ഇന്ത്യയ്ക്ക് പ്രതിഭയുണ്ട്, വലിയ തോതിലുള്ള വിപുലീകരണ ശേഷിയുണ്ട്, ആവശ്യകതയുണ്ട്, സ്ഥിരതയുമുണ്ട് - അതിലുപരിയായി 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയവും ആഗ്രഹങ്ങളുമുണ്ട്. അതുകൊണ്ടാണ് നമ്മുടെ താല്പര്യങ്ങളിൽ നിന്ന് നിക്ഷേപങ്ങളിലേക്ക് മാറാനുള്ള സമയം ഇപ്പോൾ വന്നെത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ, ഞാൻ നിങ്ങളുടെ മുന്നിൽ അഞ്ച് നിർദ്ദേശങ്ങൾ വെക്കാൻ ആഗ്രഹിക്കുന്നു.

ഒന്നാമത്തേത്: ടെലികോം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ. വൊഡാഫോൺ, എറിക്സൺ, നോക്കിയ, ഓറഞ്ച് തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ വിപുലമായ അനുഭവസമ്പത്തുണ്ട്. 5Gയിൽ നിന്ന് 6Gയിലേക്കുള്ള പരിവർത്തനം, എഐ സഹായത്തോടെയുള്ള നെറ്റ്‌വർക്കുകൾ, സുരക്ഷിതമായ കണക്റ്റിവിറ്റി, ഡിജിറ്റൽ ഉൾപ്പെടുത്തൽ എന്നിവയിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന പങ്കാളിയാകാൻ കഴിയും. ഇന്ത്യയെ ഒരു ആഗോള ഗവേഷണ വികസന കേന്ദ്രമാക്കി മാറ്റുന്നതിന് നിങ്ങൾക്കെല്ലാവർക്കും സംഭാവന നൽകാൻ സാധിക്കും.

രണ്ടാമത്തേത്: എഐ, സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക്സ്, ഡീപ്-ടെക് ഉത്പാദനം. ASML, NXP സെമികണ്ടക്ടേഴ്സ്, SAP, Capgemini തുടങ്ങിയ പ്രമുഖർ ഇന്ന് ഇവിടെ സന്നിഹിതരാണ്. ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമഗ്ര സാങ്കേതിക ആവാസവ്യവസ്ഥയിൽ പങ്കാളികളാകാൻ ഞാൻ നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു.

ഇന്ത്യയുടെ കാഴ്ചപ്പാട് വ്യക്തമാണ്: സാങ്കേതിക നവീകരണത്തിന്റെ അടുത്ത തരംഗം ഇന്ത്യയിൽ സംയുക്തമായി രൂപപ്പെടുത്തണം.
മൂന്നാമത്തേത്: ഹരിത പരിവർത്തനവും ശുദ്ധോർജ്ജവും. അനിശ്ചിതത്വം നിറഞ്ഞ ഒരു ആഗോള അന്തരീക്ഷത്തിൽ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും ശുദ്ധോർജ്ജ ശേഷി വികസിപ്പിക്കുന്നതിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ENGIE, ടോട്ടൽഎനർജീസ്, ഷെൽ, യൂമിക്കോർ തുടങ്ങിയ കമ്പനികൾ ശുദ്ധോർജ്ജം, ഹൈഡ്രജൻ, ഊർജ്ജ സംഭരണം, ഇലക്ട്രിക് വാഹനങ്ങൾ, ഡീകാർബണൈസേഷൻ എന്നിവയിൽ ആഗോള പ്രമുഖരാണ്. ഇന്ത്യയിൽ നിങ്ങൾക്ക് വൻതോതിലുള്ള നിക്ഷേപങ്ങൾ നടത്താൻ സാധിക്കും.

നാലാമത്തേത്: അടിസ്ഥാന സൗകര്യങ്ങൾ, മൊബിലിറ്റി, നഗര പരിവർത്തനം. വോൾവോ ഗ്രൂപ്പ്, Maersk, എയർബസ്, Saab AB, ആർസെലർ മിത്തൽ, ഹൈഡൽബർഗ് എന്നീ കമ്പനികളുടെയെല്ലാം വൈദഗ്ധ്യം ഇന്ത്യയുടെ പരിവർത്തനവുമായി നേരിട്ട് പൊരുത്തപ്പെടുന്നതാണ്. സുസ്ഥിര സിമന്റ്, ഗ്രീൻ സ്റ്റീൽ, മൊബിലിറ്റി, ലോജിസ്റ്റിക്സ്, എയറോസ്പേസ്, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള പങ്കാളിത്തത്തിന് ലോകോത്തര ഫലങ്ങൾ നൽകാൻ കഴിയും.

അഞ്ചാമത്തേത്: ആരോഗ്യ സംരക്ഷണവും ലൈഫ് സയൻസസും. ആസ്ട്രാസെനെക്ക, റോഷെ, മെർക്ക്, ഫിലിപ്സ്, നെസ്‌ലെ, യൂണിലിവർ തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയുമായി ദീർഘകാലത്തെ ബന്ധമാണുള്ളത്. ഇനി നാം ഈ പങ്കാളിത്തത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ടതുണ്ട്.

വാക്സിനുകൾ, കാൻസർ പരിചരണം, ഡിജിറ്റൽ ആരോഗ്യം, പോഷകാഹാരം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ വലിയ സാധ്യതകളാണുള്ളത്. "ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്യുക, ഇന്ത്യയിൽ നിർമ്മിക്കുക, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുക" എന്ന മാതൃകയുമായി നിങ്ങൾക്ക് മുന്നോട്ട് പോകാം.

സമയപരിമിതിയുള്ളതിനാൽ ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ കമ്പനികളെയും എനിക്ക് പരാമർശിക്കാൻ കഴിഞ്ഞില്ല, എന്നാൽ ഇന്ത്യയിലെ അവസരങ്ങൾ എല്ലാവർക്കുമായി ഉള്ളതാണ്, എന്റെ ക്ഷണം നിങ്ങൾ ഏവർക്കുമായി നീട്ടുന്നു.

സുഹൃത്തുക്കളേ,

ഈ നിർദ്ദേശങ്ങൾ നിങ്ങളുടെ മുന്നിൽ വെച്ചതിന് ശേഷം, ഒരു വെല്ലുവിളി കൂടി മുന്നോട്ട് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന ഓരോ കമ്പനിക്കും ഇന്ത്യയ്ക്കായി ഒരു പുതിയ വലിയ പ്രതിബദ്ധത പ്രഖ്യാപിക്കാൻ സാധിക്കുമോ? അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ആരംഭിക്കാൻ സാധിക്കുന്ന മുൻനിര പദ്ധതികൾ നമുക്ക് കണ്ടെത്താൻ സാധിക്കുമോ?

ഈ പദ്ധതികളെല്ലാം കൃത്യസമയത്ത് തന്നെ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യാ ഗവൺമെന്റ് പൂർണ്ണ പിന്തുണ നൽകും. ഈ സംരംഭങ്ങളുടെ പതിവ് അവലോകനത്തിനും നിരീക്ഷണത്തിനുമായി നമുക്കൊരു സ്ഥാപനപരമായ സംവിധാനം രൂപീകരിക്കാനും സാധിക്കും.

സുഹൃത്തുക്കളേ,

നമുക്ക് വർഷത്തിലൊരിക്കൽ ഇന്ത്യ-യൂറോപ്പ് സിഇഒ റൗണ്ട് ടേബിൾ സംഘടിപ്പിക്കാം. ഇന്ത്യയിലെയും യൂറോപ്പിലെയും വ്യവസായ കൂട്ടായ്മകളെ ഈ വേദിയുമായി ബന്ധിപ്പിക്കാൻ കഴിയും. കൂടാതെ ഓരോ മേഖല തിരിച്ചുള്ള പ്രത്യേക വർക്കിംഗ് ഗ്രൂപ്പുകളും രൂപീകരിക്കാവുന്നതാണ്.

യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രി ഒരു 'ഇന്ത്യ ഡെസ്ക്'അല്ലെങ്കിൽ 'ഇന്ത്യ ആക്ഷൻ ഗ്രൂപ്പ്' രൂപീകരിക്കണമെന്നും ഞാൻ നിർദ്ദേശിക്കുന്നു. അതിന്റെ ചുമതല ലളിതമായിരിക്കും. നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ വിപുലീകരണത്തിന് പിന്തുണ നൽകുക, ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന പുതിയ കമ്പനികളുടെ പ്രവേശനത്തിന് സൗകര്യമൊരുക്കുക, ബിസിനസ്സുമായി ബന്ധപ്പെട്ട ആശങ്കകൾ സജീവമായി പരിഹരിക്കുക എന്നിവയായിരിക്കണം അത്.

സുഹൃത്തുക്കളേ,

ഇന്ത്യയും യൂറോപ്പും തമ്മിലുള്ള പങ്കാളിത്തം കേവലം സാമ്പത്തിക കണക്കുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് പങ്കിട്ട മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പങ്കാളിത്തമാണ്. അത് ജനാധിപത്യത്തിന്റെയും വൈവിധ്യത്തിന്റെയും പങ്കാളിത്തമാണ്. അത് വിശ്വാസത്തിന്റെയും സുതാര്യതയുടെയും പങ്കാളിത്തമാണ്. അത് നവീനാശയത്തിന്റെയും ഉൾപ്പെടുത്തലിന്റെയും പങ്കാളിത്തമാണ്.

ലോകം അനിശ്ചിതത്വം നേരിടുകയും വിതരണ ശൃംഖലകൾ സമ്മർദ്ദത്തിലാകുകയും സാങ്കേതിക മത്സരം തീവ്രമാകുകയും ഊർജ്ജ സുരക്ഷയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങളും ഒരേസമയം വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ ഇന്ത്യയ്ക്കും യൂറോപ്പിനും ഒന്നിച്ച് സ്ഥിരതയുടെയും സുസ്ഥിരതയുടെയും പങ്കുവെക്കപ്പെട്ട സമൃദ്ധിയുടെയും ശക്തമായ തൂണുകളായി ഉയർന്നുവരാൻ സാധിക്കും.

ഈ മനോഭാവത്തോടെ, ഇന്ത്യയുടെ വികസന യാത്രയിൽ പങ്കാളികളാകാൻ ഞാൻ നിങ്ങളേവരെയും ക്ഷണിക്കുന്നു. ഇന്ന് ഗോഥെൻബർഗിൽ ആരംഭിക്കുന്ന ഈ ചർച്ച വരുംവർഷങ്ങളിൽ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യവസായ പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം എഴുതുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

ഇത്രയുമാളുകൾ ഇവിടെ പങ്കെടുത്തതിനും ഈ ഉച്ചകോടിയിൽ എന്റെ ചിന്തകൾ നിങ്ങളുമായി പങ്കുവെക്കാൻ എനിക്ക് അവസരം നൽകിയതിനും ഞാൻ നിങ്ങളോടെല്ലാവരോടും ആത്മാർത്ഥമായി നന്ദി പറയുന്നു. നിങ്ങളോരോരുത്തർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.  

വളരെയധികം നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
103 Cr Internet Connections, 66 Cr Daily UPI Transactions: PM Modi Highlights Digital India Impact At 11

Media Coverage

103 Cr Internet Connections, 66 Cr Daily UPI Transactions: PM Modi Highlights Digital India Impact At 11
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives in a mishap in Bengaluru
July 02, 2026

The Prime Minister, Shri Narendra Modi, condoled loss of lives due to a mishap in stone quarry in Bengaluru. "I extend my deepest condolences to those who have lost their loved ones. Praying for the speedy recovery of the injured", Shri Modi stated.

The Prime Minister posted on X:

Pained to hear about the loss of lives due to a mishap in stone quarry in Bengaluru Urban district of Karnataka. I extend my deepest condolences to those who have lost their loved ones. Praying for the speedy recovery of the injured: PM @narendramodi

ಕರ್ನಾಟಕದ ಬೆಂಗಳೂರು ನಗರ ಜಿಲ್ಲೆಯ ಕಲ್ಲು ಗಣಿಯಲ್ಲಿ ಸಂಭವಿಸಿದ ದುರ್ಘಟನೆಯಲ್ಲಿ ಪ್ರಾಣಹಾನಿ ಸಂಭವಿಸಿರುವುದು ನೋವು ತಂದಿದೆ. ಪ್ರೀತಿಪಾತ್ರರನ್ನು ಕಳೆದುಕೊಂಡವರಿಗೆ ನನ್ನ ಸಂತಾಪವನ್ನು ವ್ಯಕ್ತಪಡಿಸುತ್ತೇನೆ. ಗಾಯಾಳುಗಳು ಶೀಘ್ರ ಗುಣಮುಖರಾಗಲಿ ಎಂದು ಪ್ರಾರ್ಥಿಸುತ್ತೇನೆ: ಪ್ರಧಾನಮಂತ್ರಿ
@narendramodi