പ്രാധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി (പി.എം.ജി.എസ്.വൈ), ഭവന, കല്‍ക്കരി, ഊര്‍ജ്ജം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന അടിസ്ഥാനസൗകര്യ മേഖലകളുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ അവലോകനം ചെയ്തു. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, നിതി ആയോഗ്, വിവിധ അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

നിതി ആയോഗ് സി.ഇ.ഒ നടത്തിയ അവതരണത്തില്‍ വിവിധ പദ്ധതികളുടെ നടത്തിപ്പില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി വിലയിരുത്തി. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്കു കീഴില്‍ ലക്ഷ്യമിട്ടുരുന്നതില്‍ 81% ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനായി. ഇത് 1.45 ലക്ഷം ജനവാസകേന്ദ്രങ്ങള്‍ വരും. നിശ്ചിത സമയ പരിധിക്കുള്ളില്‍ അവശേഷിക്കുന്ന ജനവാസകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ പ്രവൃത്തികള്‍ക്ക് ലഭ്യമായ വിഭവങ്ങള്‍ വര്‍ഷം മുഴുവന്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റ് അവതരണം നേരത്തേയാക്കിയത് പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മേരി സഡക് അപ്ലിക്കേഷനില്‍ ലഭിക്കുന്ന പരാതികള്‍ ത്വരിതഗതിയില്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പരാതികള്‍ വിശദമായി വിശകലനം ചെയ്ത് ആവശ്യമായവയില്‍ പരിഹാര നടപടികള്‍ യഥാക്രമം കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

2019 ഓടെ ഗ്രാമീണ മേഖലകളില്‍ ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ഗുണഭോക്താക്കളുടെ ജീവിതത്തില്‍ ഈ വീടുകള്‍ വരുത്തുന്ന ഗുണപരമായ മാറ്റം പരിശോധിക്കണമെന്നും അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ശ്രദ്ധയൂന്നേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കല്‍ക്കരി മേഖലയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യവേ, നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഭൂഗര്‍ഭ ഖനനത്തിനും കല്‍ക്കരിയെ വാതകരൂപത്തിലാക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗ്രാമീണ വൈദ്യുതീകരണം, വീടുകളുടെ വൈദ്യുതീകരണം എന്നിവയുടെ പുരോഗതിയെക്കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.


