ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഞാന്‍ ജപ്പാനിലെ ഒസാക്ക സന്ദര്‍ശിക്കുകയാണ്. ഇന്നു ലോകം നേരിടുന്ന വെല്ലുവിളികള്‍ ആഗോള നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നതിനു പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. സ്ത്രീശാക്തീകരണം, ഡിജിറ്റലൈസേഷനും കൃത്രിമ ബുദ്ധിയും സംബന്ധിച്ച പ്രശ്‌നങ്ങള്‍, എസ്.ഡി.ജികള്‍ നേടിയെടുക്കുന്നതിലുള്ള പുരോഗതി, ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവും പോലെയുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനുള്ള നമ്മുടെ പൊതുവായ ശ്രമങ്ങള്‍ തുടങ്ങിയവയാണ് ഉച്ചകോടിയുടെ ചര്‍ച്ചാവിഷയങ്ങള്‍.
അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തു ചട്ടപ്രകാരമുള്ള രാജ്യാന്തര ക്രമം നിലനിര്‍ത്തുന്നതില്‍ അതിപ്രധാനമായ പരിഷ്‌കൃത ബഹുമുഖ ബന്ധത്തിനുള്ള നമ്മുടെ ശക്തമായ പിന്‍തുണ ആവര്‍ത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രധാനപ്പെട്ട അവസരം ഉച്ചകോടി ലഭ്യമാക്കും. പുരോഗതിയുടെയും സുസ്ഥിരതയുടെയും പാതയില്‍ മുന്നേറാന്‍ ഗവണ്‍മെന്റിന് ഇന്ത്യന്‍ ജനത നല്‍കിയ വന്‍ഭൂരിപക്ഷത്തോടുകൂടിയ ജനഹിതത്തിന് അടിത്തറയൊരുക്കിയ, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യ നേടിയ കരുത്തുറ്റ വികസനം പങ്കുവെക്കാനുള്ള വേദികൂടി ആയിരിക്കും ഉച്ചകോടി.
നാം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം 2022ല്‍ ആഘോഷിക്കുമ്പോഴേക്കും നവ ഇന്ത്യയായി പരിണമിച്ച് ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതിലേക്കുള്ള പ്രധാന ചവിട്ടുപടി ആയിരിക്കും ഒസാക്ക ഉച്ചകോടി.
ഉച്ചകോടിക്കിടെ, നമ്മോടു ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങളും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കും.
അതോടൊപ്പം, അടുത്ത റഷ്യ, ഇന്ത്യ, ചൈന (ആര്‍.ഐ.സി.) അനൗദ്യോഗിക ഉച്ചകോടിക്ക് ആതിഥ്യമരുളാനും എനിക്കു പദ്ധതിയുണ്ട്. ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക), ജയ് (ജപ്പാന്‍, അമേരിക്ക, ഇന്ത്യ) എന്നിവയുടെ അനൗദ്യോഗിക യോഗങ്ങൡ പങ്കെടുക്കാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.