ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നത്: പ്രധാനമന്ത്രി
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ, തമിഴ്‌നാട്ടിലെ ഹൈവേ ശൃംഖലയിൽ ഗവണ്മെന്റ് വൻതോതിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ട്; ഇതു തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും കാർഷിക ഉൽപ്പന്നങ്ങളുടെയും സമുദ്രോൽപ്പന്നങ്ങളുടെയും സുഗമമായ നീക്കം ഉറപ്പാക്കുന്നതിനും സഹായിക്കുന്നു: പ്രധാനമന്ത്രി
കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ റെയിൽവേ ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു; ആധുനികവും കാര്യക്ഷമവും ജനകേന്ദ്രീകൃതവുമായ ഗതാഗത സംവിധാനമായി ഇതു മാറി; തമിഴ്​നാട്ടിലും ഇതിന്റെ ഗുണഫലങ്ങൾ ദൃശ്യമാണ്: പ്രധാനമന്ത്രി
'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന നമ്മുടെ കാഴ്ചപ്പാട് സ്വയംപര്യാപ്തത വർധിപ്പിക്കുകയും നമ്മുടെ യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നത് അഭിമാനകരമാണ്: പ്രധാനമന്ത്രി
നൂതന ഉൽപ്പാദനം, ഗവേഷണം, സാങ്കേതിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ബജറ്റ് തമിഴ്‌നാടിനെ 'അപൂർവ ധാതു ഇടനാഴികളുടെ' ഭാഗമായി ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രി
വികസിത ഇന്ത്യയ്ക്കായി വികസിത തമിഴ്‌നാട് എന്നതാണ് നമ്മുടെ കൂട്ടായ ലക്ഷ്യം: പ്രധാനമന്ത്രി

ശ്രീ ആർ.എൻ.രവി, എൽ.മുരുകൻ, എടപ്പാടി കെ.പളനിസ്വാമി, നൈനാർ നാഗേന്ദ്രൻ, ഇ.വി.വേലു, തമിഴ്‌നാട്ടിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, വണക്കം!

പവിത്രവും ചരിത്രപ്രസിദ്ധവുമായ നഗരമായ മധുരയിൽ എത്തിയതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഞാൻ മീനാക്ഷി അമ്മനെയും ഭഗവാൻ സുന്ദരേശ്വരനെയും വണങ്ങുന്നു. തമിഴ്‌നാടിന്റെ വികസന യാത്രയിലെ അഭിമാനകരമായ ഒരു അധ്യായമാണ് ഇന്നത്തെ ചടങ്ങ്. നാലായിരത്തി നാനൂറ് കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് നാം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ പദ്ധതികൾ കണക്റ്റിവിറ്റിയെ മാറ്റിമറിക്കുകയും സാമ്പത്തിക രംഗത്തിന് കരുത്തേകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യും. കർഷകർക്ക് വിപണിയിലെത്താൻ മികച്ച റോഡുകൾ. തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും എളുപ്പത്തിലുള്ള യാത്ര. ബിസിനസ്സുകൾക്കായി വേഗതയേറിയ ഗതാഗതം. ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക എന്നത് ജനങ്ങളെ ശാക്തീകരിക്കുന്നു എന്നതാണ്.

 

സുഹൃത്തുക്കളേ,

കഴിഞ്ഞ പന്ത്രണ്ട് വർഷമായി, തമിഴ്‌നാടിന്റെ ഹൈവേ ശൃംഖലയിൽ ഇന്ത്യാ ​ഗവൺമെന്റ് വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. 2014 മുതൽ നാലായിരത്തിലധികം കിലോമീറ്റർ ദേശീയ പാത ഇവിടെ നിർമ്മിക്കപ്പെട്ടു. ഇന്ന് രണ്ട് പ്രധാന ദേശീയ പാത പദ്ധതികൾക്ക് തറക്കല്ലിടാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഒന്നാമതായി, രണ്ടായിരത്തി ഒരുനൂറ് കോടിയിലധികം രൂപയുടെ നിക്ഷേപത്തിൽ നിർമ്മിക്കുന്ന മരക്കാനം-പുതുച്ചേരി പാതയുടെ നാലുവരിപ്പാത. ഇത് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ വിനോദസഞ്ചാരത്തെയും വ്യാപാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തും. രണ്ടാമതായി, പരമകുടി-രാമനാഥപുരം പാതയുടെ നാലുവരിപ്പാത. ഈ പദ്ധതിയിൽ നമ്മൾ ആയിരത്തി എണ്ണൂറ് കോടിയിലധികം രൂപയാണ് നിക്ഷേപിക്കുന്നത്. രാമേശ്വരം, ധനുഷ്കോടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഇത് ഗണ്യമായി വർദ്ധിപ്പിക്കും. ഇത് തീർത്ഥാടകർക്ക് യാത്രാസൗകര്യവും കാർഷിക ഉൽപ്പന്നങ്ങളുടെയും സമുദ്രോൽപ്പന്നങ്ങളുടെയും സുഗമമായ നീക്കവും ഉറപ്പാക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ, ഇന്ത്യൻ റെയിൽവേ ചരിത്രപരമായ ഒരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ആധുനികവും കാര്യക്ഷമവും ജനകേന്ദ്രീകൃതവുമായ ഒരു ഗതാഗത സംവിധാനമായി അത് ഉയർന്നുവരുന്നു. ഈ മാറ്റം തമിഴ്‌നാട്ടിൽ പ്രത്യേകിച്ച് ദൃശ്യമാണ്. നമ്മുടെ ​ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം തമിഴ്‌നാടിനുള്ള റെയിൽവേ ബജറ്റ് വിഹിതം ഏകദേശം ഒമ്പത് മടങ്ങ് വർദ്ധിച്ചു. 2009 മുതൽ 2014 വരെയുള്ള കാലയളവിൽ ശരാശരി വാർഷിക റെയിൽവേ വിഹിതം എണ്ണൂറ്റി എൺപത് കോടി രൂപയായിരുന്നു. 2026-27-ൽ ഈ വിഹിതം ഏഴായിരത്തി അറുന്നൂറ് കോടി രൂപയായി വർദ്ധിച്ചു.

തമിഴ്‌നാട്ടിൽ ആയിരത്തി മുന്നൂറിലധികം കിലോമീറ്റർ പുതിയ റെയിൽപ്പാതകൾ സ്ഥാപിച്ചുകഴിഞ്ഞു. 97% വൈദ്യുതീകരണം പൂർത്തിയായി. നൂറുകണക്കിന് ഫ്ലൈ-ഓവറുകളും അണ്ടർപാസ്സുകളും സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമാണിത്, എഞ്ചിനീയറിംഗ് മികവിന്റെ പ്രതീകമാണ്. ഈ പാലം തന്നെ തമിഴ്‌നാട്ടിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.

 

സുഹൃത്തുക്കളേ,

നിലവിൽ 9 വന്ദേ ഭാരത് ട്രെയിനുകളും 9 അമൃത് ഭാരത് ട്രെയിനുകളും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നു. ഇത്തരം അതിവേഗ ട്രെയിനുകളുടെ കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ICF) നിർമ്മിക്കുന്നത്. നമ്മുടെ ‘മേക്ക് ഇൻ ഇന്ത്യ’ കാഴ്ചപ്പാട് സ്വയംപര്യാപ്തത വർദ്ധിപ്പിക്കുകയും നമ്മുടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ എഴുപത്തിയേഴ് റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽക്കരിക്കപ്പെടുന്നു. ഈ സ്റ്റേഷനുകൾ സൗകര്യം, പ്രാപ്യത, പ്രാദേശിക വ്യക്തിത്വം എന്നിവ സമന്വയിപ്പിക്കുന്നു. ഇന്ന് തമിഴ്‌നാട്ടിലുടനീളമുള്ള പുനർവികസിപ്പിച്ച എട്ട് സ്റ്റേഷനുകൾ നാം ഉദ്ഘാടനം ചെയ്യുന്നു. ചെന്നൈ ബീച്ച് - ചെന്നൈ എഗ്‌മോർ നാലാം ലൈനിന്റെ സമർപ്പണം ചെന്നൈയിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും. കുംഭകോണം, യേർക്കാട്, വെല്ലൂർ എന്നിവിടങ്ങളിലെ ആകാശവാണിയുടെ പുതിയ എഫ്എം റിലേ ട്രാൻസ്മിറ്ററുകൾ ഉദ്ഘാടനം ചെയ്യുന്നതിലും എനിക്ക് സന്തോഷമുണ്ട്. ഈ റേഡിയോ സ്റ്റേഷനുകൾ ഇന്നു മുതൽ നിങ്ങളുടെ സേവനത്തിനായി സമർപ്പിക്കുന്നു.

സുഹൃത്തുക്കളേ,

തമിഴ്‌നാടിനുള്ള അടിസ്ഥാന സൗകര്യ വികസന ഫണ്ട് കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് ഇപ്പോൾ മൂന്നിരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. 2026-ലെ ബജറ്റും തമിഴ്‌നാടിന് വലിയ പ്രാധാന്യം നൽകിക്കൊണ്ട് ഈ പ്രവണത തുടരുന്നു. ഈ ബജറ്റിൽ ബെംഗളൂരു-ചെന്നൈ, ചെന്നൈ-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ ഞങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. അവ ഈ മേഖലയുടെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരും. അപൂർവ ഭൗമ ഇടനാഴികളുടെ ഭാഗമായി ഈ ബജറ്റ് തമിഴ്‌നാടിനെ പ്രതിഷ്ഠിക്കുന്നു. അപൂർവ ഭൗമ ഇടനാഴികൾ അത്യാധുനിക ഉൽപ്പാദനം, ഗവേഷണം, സാങ്കേതിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കും.

 

സുഹൃത്തുക്കളേ, 

തമിഴ്‌നാടിന് സമ്പന്നമായ ചരിത്രവും പൈതൃകവുമുണ്ട്. ആദിച്ചനല്ലൂർ പോലുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങൾ ആഗോള പൈതൃക കേന്ദ്രങ്ങളായി വികസിപ്പിക്കും. പുലിക്കാട്ട് തടാകത്തിനും പൊതിഗൈ മലയ്ക്കും ചുറ്റുമുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികൾ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ഇരുന്നൂറോളം വ്യവസായ ക്ലസ്റ്ററുകൾ തിരിച്ചറിഞ്ഞ് അവയ്ക്ക് പിന്തുണ നൽകും. തമിഴ്‌നാട് അനേകം വ്യവസായങ്ങളുടെ കേന്ദ്രമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, അതിനാൽ ഈ പദ്ധതി ഇവിടുത്തെ യുവാക്കൾക്ക് ഏറെ പ്രയോജനം ചെയ്യും.

 

സുഹൃത്തുക്കളേ,

2047-ഓടെ ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കാൻ ഓരോ ഇന്ത്യക്കാരനും പ്രചോദിതരാണ്. രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ തമിഴ്‌നാട് നിർണ്ണായക പങ്ക് വഹിക്കും. വികസിത ഇന്ത്യക്കായി വികസിത തമിഴ്‌നാട് എന്നതാണ് നമ്മുടെ കൂട്ടായ ലക്ഷ്യം. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും സംസ്ഥാനത്തിന്റെ പുരോഗതിക്കും കേന്ദ്ര ​ഗവൺമെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.

നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi

Media Coverage

Infra spend up six-fold since 2014, crosses Rs 12 lakh crore: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 15
April 15, 2026

From Temples to Turbines: PM Modi’s Blueprint for a Culturally Rooted, Economically Explosive Viksit Bharat