വന്ദേമാതരം നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകർന്നു: പ്രധാനമന്ത്രി
വന്ദേമാതരത്തിന്റെ 150 വർഷങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുന്നു എന്നത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്: പ്രധാനമന്ത്രി
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ വിഭാവനം ചെയ്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ശക്തിയാണ് വന്ദേമാതരം: പ്രധാനമന്ത്രി
ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ ആഴത്തിൽ വേരൂന്നിയ ഒരു ആശയത്തെ വന്ദേമാതരം പുനരുജ്ജീവിപ്പിച്ചു: പ്രധാനമന്ത്രി
ആയിരക്കണക്കിന് വർഷത്തെ സാംസ്കാരിക ഊർജ്ജവും വന്ദേമാതരത്തിൽ അടങ്ങിയിരിക്കുന്നു , സ്വാതന്ത്ര്യത്തിനായുള്ള ആവേശവും സ്വതന്ത്ര ഇന്ത്യയുടെ ദർശനവും അതിലുണ്ട് : പ്രധാനമന്ത്രി
ജനങ്ങളുമായുള്ള വന്ദേമാതരത്തിന്റെ ആഴത്തിലുള്ള ബന്ധം നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ യാത്രയെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
വന്ദേമാതരം നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ശക്തിയും ദിശയും നൽകി: പ്രധാനമന്ത്രി
സ്വാതന്ത്ര്യം, ത്യാഗം, ശക്തി, വിശുദ്ധി, സമർപ്പണം, പ്രതിരോധശേഷി എന്നിവയ്ക്ക് പ്രചോദനം നൽകിയ സർവ്വവ്യാപിയായ മന്ത്രമായിരുന്നു വന്ദേമാതരം: പ്രധാനമന്ത്രി

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത   ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും  വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ  ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ചരിത്രത്തിലെ നിരവധി പ്രചോദനാത്മകമായ അധ്യായങ്ങൾ വീണ്ടും നമ്മുടെ മുന്നിൽ സജീവ വന്നുചേരുന്ന  ഒരു കാലഘട്ടമാണിത്. അടുത്തിടെയാണ് നമ്മൾ നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികം വളരെ അഭിമാനത്തോടെ ആഘോഷിച്ചത്. ഇന്ന്, രാജ്യം സർദാർ വല്ലഭായ് പട്ടേലിന്റെയും ഭഗവാൻ ബിർസ മുണ്ടയുടെയും 150-ാം ജന്മവാർഷികം ആഘോഷിക്കുകയാണ്, ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ വാർഷികവും നമ്മൾ അനുസ്മരിച്ചു. ഇന്ന്, വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഈ സഭയുടെ കൂട്ടായ ഊർജ്ജം അനുഭവിക്കാൻ ശ്രമിച്ചുകൊണ്ട് നമ്മൾ ഇവിടെ നിൽക്കുന്നു. ഈ 150 വർഷത്തെ യാത്ര പല ഘട്ടങ്ങളിലൂടെ കടന്നുപോയി.

പക്ഷേ, ബഹുമാനപ്പെട്ട സ്പീക്കർ സർ,

വന്ദേമാതരം 50 വർഷം പൂർത്തിയാക്കിയപ്പോൾ, രാജ്യം അടിമത്തത്തിന്റെ ചങ്ങലകളിൽ കഴിയാൻ നിർബന്ധിതരായി. 100 വർഷം പൂർത്തിയാക്കിയപ്പോൾ, രാഷ്ട്രം അടിയന്തരാവസ്ഥയുടെ ചങ്ങലകളിൽ കുടുങ്ങി. വന്ദേമാതരത്തിന്റെ ശതാബ്ദി ഒരു മഹത്തായ അവസരമായി ആഘോഷിക്കേണ്ട സമയത്ത്, ഇന്ത്യൻ ഭരണഘടനയുടെ ശബ്ദത്തെ ഇല്ലാതാക്കി . വന്ദേമാതരം 100 വയസ്സ് തികഞ്ഞപ്പോൾ, ദേശസ്‌നേഹത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്തവരെ ജയിൽ ശിക്ഷയ്ക്ക് പിന്നിൽ തള്ളി. സ്വാതന്ത്ര്യത്തിനായി പോരാടാനുള്ള ഊർജ്ജം രാഷ്ട്രത്തിന് നൽകിയ അതേ ഗീതം  - അത് അതിന്റെ നൂറാം വാർഷികത്തിലെത്തിയപ്പോൾ, നമ്മുടെ ചരിത്രത്തിൽ ഒരു ഇരുണ്ട അധ്യായം വികസിച്ചു. ഞങ്ങൾ (അവ്യക്തത)അതിൽ കുടുങ്ങി.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

150-ാം വാർഷികം ആ അധ്യായത്തിന്റെ മഹത്വം, ആ മഹത്വം പുനഃസ്ഥാപിക്കാനുള്ള അവസരം നമുക്ക് നൽകുന്നു, ഈ സഭയോ രാഷ്ട്രമോ അത്തരമൊരു അവസരം പാഴാക്കാൻ അനുവദിക്കരുതെന്ന് ഞാൻ വിശ്വസിക്കുന്നു. 1947-ൽ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് വന്ദേമാതരം ആയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ വൈകാരിക നേതൃത്വം 'വന്ദേമാതരം' എന്ന വിജയകരമായ മന്ത്രത്തിൽ ഉൾക്കൊണ്ടിരുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

വന്ദേമാതരം 150-ാം വാർഷികത്തോടനുബന്ധിച്ച് ഈ ചർച്ച ആരംഭിക്കാൻ ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, ഇവിടെ ഭരണപക്ഷമോ പ്രതിപക്ഷമോ ഇല്ല, കാരണം ഇവിടെ ഇരിക്കുന്ന നമുക്കെല്ലാവർക്കും, ഇത് ഒരു ആഴമേറിയ കടപ്പാട് അംഗീകരിക്കാനുള്ള ഒരു അവസരമാണ്. വന്ദേമാതരം ഒന്നുകൊണ്ട് മാത്രമാണ്  നിശ്ചയദാർഢ്യമുള്ള വ്യക്തികൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പോരാടിയതും , അതിന്റെ ഫലമാണ് ഇന്ന് നാമെല്ലാവരും ഇവിടെ ഇരിക്കുന്നതും . അതിനാൽ, എല്ലാ പാർലമെന്റ് അംഗങ്ങൾക്കും എല്ലാ പൊതു പ്രതിനിധികൾക്കും, വന്ദേമാതരത്തോടുള്ള അവരവരുടെ  കടപ്പാട് അംഗീകരിക്കാനുള്ള ഒരു പുണ്യ നിമിഷമാണിത്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വന്ദേമാതരം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തെ -  അതായത്  വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് -പ്രദേശങ്ങളെ ഒരേ  സ്വരത്തിൽ ഏകീകരിച്ചതിന്റെ ആത്മാവിനെ -  നാം വീണ്ടും പുനരുജ്ജീവിപ്പിക്കണം. ഒരിക്കൽ കൂടി, രാഷ്ട്രത്തെ നമ്മോടൊപ്പം കൊണ്ടുപോകാൻ, ഒരുമിച്ച് നടക്കാൻ ഈ നിമിഷം നമ്മോട് ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നമായ  'വന്ദേമാതരം 150' നമ്മുടെ പ്രചോദനവും ഊർജ്ജവുമായി മാറണം, 2047 ഓടെ ഭാരതത്തെ സ്വാശ്രയമാക്കാനും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനും നമ്മെ പ്രേരിപ്പിക്കണം. വന്ദേമാതരം ആഘോഷിക്കുന്ന ഈ സന്ദർഭം ആ പ്രതിജ്ഞ ആവർത്തിക്കാനുള്ള ഒരു മികച്ച അവസരം നമുക്ക് നൽകുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ദാദാ,(സഹോദരൻ എന്നർത്ഥമുള്ള ബംഗാളി പ്രത്യയമാണ്  "ദാ") താങ്കൾക്ക്  സുഖം തോന്നുന്നുണ്ടോ? ഇല്ല, ഇല്ല, ചിലപ്പോൾ ഇത്തരം കാര്യങ്ങൾ ഈ പ്രായത്തിലും സംഭവിക്കാറുണ്ട്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ബങ്കിം ചന്ദ്ര ജി 1875-ൽ വന്ദേമാതരം രചിച്ചപ്പോഴാണ് അതിന്റെ യാത്ര ആരംഭിച്ചത്, 1857-ലെ കലാപത്തിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യം ആഴത്തിൽ ഇളകിമറിഞ്ഞ ഒരു സമയത്താണ് അവർ ഭാരതത്തിന്മേൽ വിവിധ തരത്തിലുള്ള സമ്മർദ്ദം ചെലുത്തുകയും എണ്ണമറ്റ അതിക്രമങ്ങൾ നടത്തുകയും ഈ നാട്ടിലെ ജനങ്ങളെ നിർബന്ധത്തിന് വിധേയമാക്കുകയും ചെയ്തത്. ആ സമയത്ത്, ഭാരതത്തിലെ എല്ലാ വീടുകളിലും അവരുടെ ദേശീയഗാനമായ "ഗോഡ് സേവ് ദി ക്വീൻ" പ്രചരിപ്പിക്കാൻ ഒരു ഗൂഢാലോചന നടന്നു. അത്തരമൊരു സമയത്താണ് ബങ്കിം ദാ വെല്ലുവിളി ഏറ്റെടുത്തത്, താൻ നേരിട്ടതിനേക്കാൾ വലിയ ശക്തിയോടെ പ്രതികരിച്ചു, വന്ദേമാതരം പിറന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, 1882-ൽ, അദ്ദേഹം ആനന്ദമഠം എഴുതിയപ്പോൾ, അദ്ദേഹം ഈ ഗീതം  അതിൽ ഉൾപ്പെടുത്തി.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ആയിരക്കണക്കിന് വർഷങ്ങളായി ഭാരതത്തിന്റെ സിരകളിൽ പതിഞ്ഞുകിടന്ന ആ ആശയത്തെ വന്ദേമാതരം പുനരുജ്ജീവിപ്പിച്ചു. ആഴമേറിയതും ഉന്നതവുമായ വാക്കുകളിലൂടെ അദ്ദേഹം നമുക്ക് അതേ വികാരം, അതേ മൂല്യങ്ങൾ, അതേ സംസ്കാരം, പാരമ്പര്യം എന്നിവ സമ്മാനിച്ചു. വന്ദേമാതരം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള ഒരു മന്ത്രം മാത്രമായിരുന്നില്ല - നമുക്ക് നമ്മുടെ സ്വന്തം പാതയിൽ സ്വതന്ത്രമായി നിൽക്കാൻ കഴിയുന്ന തരത്തിൽ ബ്രിട്ടീഷുകാരുടെ വിടവാങ്ങലിനുള്ള ഒരു ആഹ്വാനം മാത്രമായിരുന്നില്ല. അതിനപ്പുറം അത് പ്രചോദനം നൽകി. ഈ മാതൃരാജ്യത്തെ മോചിപ്പിക്കാനുള്ള ഒരു പുണ്യ ദൗത്യമായിരുന്നു സ്വാതന്ത്ര്യസമരം. ഭാരത മാതാവിനെ  ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാനുള്ള ഒരു വിശുദ്ധ യുദ്ധമായിരുന്നു അത്. വന്ദേമാതരത്തിന്റെ സാംസ്കാരിക അടിത്തറ പരിശോധിക്കുമ്പോൾ, അതിന്റെ മൂല്യങ്ങളുടെ പരമ്പര വേദ കാലഘട്ടത്തിലേതാണ്. നമ്മൾ വന്ദേമാതരം ഉച്ചരിക്കുമ്പോൾ, ഉയർന്നുവരുന്ന ചിന്ത വേദ കാലഘട്ടത്തിലെ ചിന്തയ്ക്ക് സമാനമാണ്: “माता भूमिः पुत्रोऽहं पृथिव्याः”- "ഭൂമി എന്റെ അമ്മയാണ്, ഞാൻ ആ അമ്മയുടെ  മകനാണ്."

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ലങ്കയുടെ മഹത്വം  തള്ളിക്കളഞ്ഞപ്പോൾ,ഭഗവാൻ ശ്രീരാമൻ പോലും പ്രകടിപ്പിച്ച വികാരമാണിത്, "ജനനീ ജൻമഭൂമിശ്ച സ്വർഗാദപി ഗരീയസി" - "അമ്മയും മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ വലുതാണ്." വന്ദേമാതരം ഈ ഉദാത്തമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ആധുനിക രൂപമാണ്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ബങ്കിം ദാ വന്ദേമാതരം രചിച്ചപ്പോൾ, അത് സ്വാഭാവികമായും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ശബ്ദമായി മാറി. കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും, വടക്ക് നിന്ന് തെക്ക് വരെയും, വന്ദേമാതരം ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയമായി മാറി. വന്ദേമാതരത്തെ സ്തുതിച്ചുകൊണ്ട് ഇനിപ്പറയുന്ന  വരികൾ എഴുതപ്പെട്ടു :

“मातृभूमि स्वतंत्रता की वेदिका पर मोदमय, मातृभूमि स्वतंत्रता की वेदिका पर मोदमय, स्वार्थ का बलिदान है, ये शब्द हैं वंदेमातरम, है सजीवन मंत्र भी, यह विश्व विजयी मंत्र भी, शक्ति का आह्वान है, यह शब्द वंदे मातरम। उष्ण शोणित से लिखो, वक्‍तस्‍थलि को चीरकर वीर का अभिमान है, यह शब्द वंदे मातरम।”

(മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ, സ്വാർത്ഥതാൽപര്യങ്ങളുടെ സന്തോഷകരമായ ത്യാഗമുണ്ട്- ഇവയാണ് വന്ദേമാതരത്തിന്റെ വാക്കുകൾ .

ഇതൊരു ജീവൻ നൽകുന്ന മന്ത്രമാണ്, ലോകത്തെ കീഴടക്കുന്ന മന്ത്രമാണ്; ഇത് ശക്തിയുടെ ആഹ്വാനമാണ്- ഈ വാക്കുകൾ വന്ദേമാതരം ഉൾക്കൊള്ളുന്നു .

ചൂടുള്ള രക്തത്താൽ എഴുതുക, നെഞ്ച് കീറുക- ഇതാണ് ധീരന്മാരുടെ അഭിമാനം- ഇതും  വന്ദേമാതരം ആഹ്വാനം ചെയ്യുന്നു .)

ബഹുമാനപ്പെട്ട സ്പീക്കർ സർ,

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, വന്ദേമാതരം 150-ാം വാർഷികാഘോഷം ആരംഭിച്ചപ്പോൾ, വന്ദേമാതരം ആയിരക്കണക്കിന് വർഷത്തെ സാംസ്കാരിക ഊർജ്ജത്തെ പ്രതീകപ്പെടുത്തുന്നുവെന്ന് ഞാൻ ആ പരിപാടിയിൽ പറഞ്ഞിരുന്നു. അത് സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെയും സ്വതന്ത്ര ഭാരതത്തിന്റെ ദർശനത്തെയും ഉൾക്കൊള്ളുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിൽ, ഭാരതത്തെ ദുർബലവും, ഉപയോഗശൂന്യവും,അലസവുമായി ചിത്രീകരിക്കുന്നത് ഒരു ഫാഷനായി മാറിയിരുന്നു - സാധ്യമായ എല്ലാ വിധത്തിലും ഭാരതത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചു .ബ്രിട്ടീഷ് സ്വാധീനത്തിൽ രൂപപ്പെട്ടവരും അതേ ഭാഷ സ്വീകരിച്ചു. ആ അപകർഷതാ ബോധത്തിൽ  നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കാനും  ഭാരതത്തിൻ്റെ ശക്തി വെളിപ്പെടുത്താനും ബങ്കിം ദാ തൻ്റെ ശക്തമായ സ്തുതിഗീതത്തിലൂടെ എഴുതി:

“त्वं हि दुर्गा दशप्रहरणधारिणी, कमला कमलदलविहारिणी, वाणी विद्यादायिनी। नमामि त्वां नमामि कमलाम्, अमलाम् अतुलां सुजलां सुफलां मातरम्॥ वन्दे मातरम्॥”

ഭാരത മാതാവ്,  അറിവിൻ്റെയും സമൃദ്ധിയുടെയും ദേവതയാണെന്നും, ശത്രുക്കളുടെ മുന്നിൽ ആയുധങ്ങളുമായി നിൽക്കുന്ന ഉഗ്ര യോദ്ധാവായ  ദുർഗയാണെന്നും അർത്ഥമാക്കുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

കൊളോണിയൽ ഭരണത്തിൻ കീഴിൽ നിരാശയിൽ മുങ്ങിത്താഴുകയായിരുന്ന ഇന്ത്യക്കാരെ ഈ വാക്കുകൾ, ഈ വികാരം, ഈ പ്രചോദനം എന്നിവ ഉയർത്തി പ്രതിഷ്ഠിച്ചു . ഈ പോരാട്ടം ഒരു തുണ്ട് ഭൂമിക്കുവേണ്ടിയോ, അധികാരസ്ഥാനത്തിനു വേണ്ടിയോ അല്ല, മറിച്ച് അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കുന്നതിനും അതിന്റെ പുരാതന പാരമ്പര്യങ്ങൾക്കും, അതിന്റെ മഹത്തായ സംസ്കാരത്തിനും, അതിന്റെ മഹത്തായ ചരിത്രത്തിനും പുനർജന്മം നൽകുന്നതിനുമാണെന്ന് കോടിക്കണക്കിന് നാട്ടുകാരെ ഈ വരികൾ ബോധ്യപ്പെടുത്തി.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ നീണ്ട കഥയിലൂടെ വന്ദേമാതരത്തിന്  ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധം പ്രകടമാണ്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

സിന്ധു, സരസ്വതി, കാവേരി, ഗോദാവരി, ഗംഗ, യമുന എന്നിങ്ങനെ ഒരു നദിയെക്കുറിച്ച് പറയുമ്പോഴെല്ലാം - അതിനരികിലൂടെ ഒരു സാംസ്കാരിക പ്രവാഹം, ഒരു വികസന യാത്ര, മനുഷ്യജീവിതത്തിന്റെ ഒരു ചരിത്രരേഖ എന്നിവയും ഒഴുകുന്നു. എന്നാൽ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ഓരോ ഘട്ടവും വന്ദേമാതരത്തിന്റെ വികാരങ്ങളിലൂടെ ഒഴുകിയെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് അതിന്റെ തീരങ്ങളിൽ വിരിഞ്ഞു. ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു കാവ്യാത്മക വികാരം കണ്ടെത്താൻ സാധ്യതയില്ല.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

1857 ന് ശേഷം ഇന്ത്യയിൽ കൂടുതൽ കാലം തുടരുന്നത് ബുദ്ധിമുട്ടാണെന്ന് ബ്രിട്ടീഷുകാർക്ക് മനസ്സിലായി. ഭാരതത്തെ വിഭജിക്കാതെ, അവിടുത്തെ ജനങ്ങളെ ഛിന്നഭിന്നമാക്കി പരസ്പരം പോരടിക്കാൻ പ്രേരിപ്പിക്കാതെ , തങ്ങളുടെ ഭരണത്തിന് നിലനിൽക്കാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കി. ബംഗാളിന്റെ ബൗദ്ധിക ശക്തി ഒരിക്കൽ മുഴുവൻ രാഷ്ട്രത്തിനും ദിശാബോധവും ശക്തിയും പ്രചോദനവും നൽകിയിരുന്നുവെന്ന് അവർക്കും അറിയാമായിരുന്നതിനാൽ, അവർ "വിഭജിച്ച് ഭരിക്കുക" എന്ന നയം സ്വീകരിച്ചു, ബംഗാളിനെ അവരുടെ പരീക്ഷണശാലയാക്കി. അതിനാൽ ബംഗാൾ വിഭജിക്കപ്പെട്ടാൽ, മുഴുവൻ രാജ്യവും തകരുമെന്നും, അവർ ആഗ്രഹിക്കുന്നിടത്തോളം കാലം ഭരിക്കാമെന്നും  വിശ്വസിച്ചുകൊണ്ട് ബ്രിട്ടീഷുകാർ ആ ശക്തിയെ ദുർബലപ്പെടുത്താൻ ആഗ്രഹിച്ചു. 1905 ൽ അവർ ബംഗാൾ വിഭജിച്ചു. എന്നാൽ 1905 ൽ അവർ ആ പാപം ചെയ്തപ്പോൾ, വന്ദേമാതരം ഒരു പാറപോലെ ഉറച്ചുനിന്നു. ബംഗാളിന്റെ ഐക്യത്തിനായി പ്രതിധ്വനിക്കുന്ന എല്ലാ തെരുവുകളുടെയും എല്ലാ കോണുകളുടെയും ശബ്ദമായി അത് മാറി. ആ മുദ്രാവാക്യം ജനങ്ങളുടെ പ്രചോദനമായി. ബംഗാൾ വിഭജനത്തോടെ, ഭാരതത്തെ കൂടുതൽ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ബ്രിട്ടീഷുകാർ ശക്തമാക്കി, എന്നാൽ വന്ദേമാതരം, ഒരു ശബ്ദമായും ഒരു ചരടായും , ബ്രിട്ടീഷുകാർക്ക്  നിരന്തരം വളർന്നുവരുന്ന വെല്ലുവിളിയും രാഷ്ട്രത്തിന് ശക്തിയുടെ ഒരു പാറയുമായി മാറി.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ബംഗാൾ വിഭജനം യാഥാർത്ഥ്യമായി ,എന്നാൽ  അതിന്റെ പശ്ചാത്തലത്തിൽ ഒരു വലിയ സ്വദേശി പ്രസ്ഥാനം ഉയർന്നുവന്നു, ആ സമയത്ത് വന്ദേമാതരം എല്ലായിടത്തും മുഴങ്ങി. ബംഗാളിന്റെ മണ്ണിൽ നിന്ന് അസാധാരണമായ എന്തോ ഒന്ന് ഉയർന്നുവന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കിയിരുന്നു - ബങ്കിം ദായുടെ ഈ വൈകാരിക മന്ത്രം... ...ശരി, നന്ദി, നന്ദി, നന്ദി, നിങ്ങളുടെ വികാരങ്ങളെ ഞാൻ മാനിക്കുന്നു. ബങ്കിം ബാബു... ബങ്കിം ബാബു- നന്ദി, ദാദാ, നന്ദി. ഞാൻ താങ്കളെ  ദാദാ എന്ന് വിളിക്കട്ടെ? അല്ലെങ്കിൽ താങ്കളും  അതിനെ എതിർത്തേക്കാം. ഈ ആവേശകരമായ ഗീതത്തിലൂടെ ബങ്കിം ബാബു സൃഷ്ടിച്ച വൈകാരിക പ്രപഞ്ചം ബ്രിട്ടീഷുകാരെ അവരുടെ ഉള്ളുവരെ ഇളക്കി . അവരുടെ ബലഹീനതയുടെ വ്യാപ്തിയും ഈ ഗാനത്തിന്റെ ശക്തിയും നോക്കൂ - ബ്രിട്ടീഷുകാർ അതിന്മേൽ നിയമപരമായ വിലക്ക് ഏർപ്പെടുത്താൻ നിർബന്ധിതരായി. അത് പാടിയതിന് ഒരാൾ  ശിക്ഷിക്കപ്പെടാം, അത് അച്ചടിച്ചതിന് ശിക്ഷിക്കപ്പെടാം, മാത്രമല്ല, വന്ദേമാതരം എന്ന വാക്കുകൾ ഉച്ചരിച്ചതിന് പോലും ശിക്ഷിക്കപ്പെടാം. അത്തരം കഠിനമായ നിയമങ്ങൾ നടപ്പിലാക്കപ്പെട്ടു. നൂറുകണക്കിന് സ്ത്രീകൾ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകി, എണ്ണമറ്റ സ്ത്രീകൾ വലിയ ദൃഢനിശ്ചയത്തോടെ സംഭാവന നൽകി. ഒരു സംഭവം ഞാൻ ഓർമ്മിക്കാൻ ആഗ്രഹിക്കുന്നു. ബാരിസാലിൽ, വന്ദേമാതരം ആലപിച്ചതിനാണ് ഏറ്റവും വലിയ അതിക്രമങ്ങൾ നടന്നത്. ഇന്ന് ബാരിസാൽ ഭാരതത്തിന്റെ ഭാഗമല്ല എന്ന വസ്തുത ഓർമ്മിക്കുക. ആ സമയത്ത്, നമ്മുടെ അമ്മമാരും സഹോദരിമാരും ബാരിസലിന്റെ കുട്ടികളും തെരുവിലിറങ്ങി; ഈ വിലക്കിനെ ധിക്കരിച്ച് വന്ദേമാതരത്തിന്റെ ബഹുമാനാർത്ഥം അവർ യുദ്ധക്കളത്തിലിറങ്ങി. തുടർന്ന് ബാരിസലിന്റെ ആ  ധീര വനിത ഉയർന്നുവന്നു - ശ്രീമതി സരോജിനി ഘോഷ്.ആ കാലഘട്ടത്തിന്റെ ആത്മാവിനെ ശ്രദ്ധിക്കൂ  - വന്ദേമാതരത്തിന്റെ നിരോധനം പിൻവലിക്കുന്നതുവരെ, താൻ ധരിച്ചിരുന്ന വളകൾ അഴിച്ചുമാറ്റുമെന്ന് അവർ പ്രഖ്യാപിച്ചു. ഭാരതത്തിൽ, അക്കാലത്ത്, വളകൾ അഴിച്ചുമാറ്റുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു സുപ്രധാന പ്രവൃത്തിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, അവർക്ക്, വന്ദേമാതരം എല്ലാറ്റിനുമുപരി ഒരു വികാരമായിരുന്നു. വന്ദേമാതരത്തിന്റെ നിരോധനം പിൻവലിക്കുന്നതുവരെ, താൻ വീണ്ടും തൻ്റെ കൈകൾ  അലങ്കരിക്കില്ലെന്ന് അവർ പ്രതിജ്ഞയെടുത്തു. അവർ ഏറ്റെടുത്ത മഹത്തായ പ്രതിജ്ഞ അതായിരുന്നു. നമ്മുടെ രാജ്യത്തെ കൊച്ചുകുട്ടികളെയും ബ്രിട്ടീഷുകാർ വെറുതെവിട്ടില്ല . അവരെ ചാട്ടവാറടിച്ചു; ഇളം പ്രായത്തിൽ അവരെ ജയിലിലടച്ചു. ആ ദിവസങ്ങളിൽ, പ്രത്യേകിച്ച് ബംഗാളിലെ വഴികളിൽ, വന്ദേമാതരം ചൊല്ലുന്ന പ്രഭാത ഘോഷയാത്രകൾ മുടങ്ങാതെ നടക്കുമായിരുന്നു. അവ ബ്രിട്ടീഷുകാർക്ക് ഒരു നിരന്തരമായ വെല്ലുവിളിയായി മാറിയിരുന്നു. ആ സമയത്ത്, ബംഗാളിൽ ഒരു ഗാനം പ്രതിധ്വനിച്ചു:

"ജായേ ജാബേ ജീബോനോ ചോലേ, ജായേ ജാബേ ജീബോനോ ചോലേ, ജോഗോട്ടോ മാജെ തോമർ കന്ദേ  വന്ദേമാതരം ബോലേ." (ബംഗാളി 
ഭാഷയിൽ)

അർത്ഥം: ഓ അമ്മേ, നിന്നെ സേവിച്ചും വന്ദേമാതരം ചൊല്ലിയും ജീവിതം കടന്നുപോകുകയാണെങ്കിൽ, അത്തരമൊരു ജീവിതം പോലും അനുഗ്രഹീതമാണ്. ബംഗാളിലെ തെരുവുകളിലെ കുട്ടികൾ പ്രഖ്യാപിച്ചത് ഇതാണ്. ആ ഗാനം ആ കുട്ടികളുടെ ധൈര്യത്തിന്റെ ശബ്ദമായിരുന്നു, അവരുടെ ധൈര്യം രാഷ്ട്രത്തിന് ശക്തി നൽകി. ബംഗാളിലെ ഇടവഴികളിൽ നിന്ന് ഉയർന്നുവന്ന ശബ്ദം മുഴുവൻ രാജ്യത്തിന്റെയും ശബ്ദമായി മാറി. 1905-ൽ, ഹരിത്പൂരിലെ ഒരു ഗ്രാമത്തിൽ, വളരെ ചെറിയ കുട്ടികൾ വന്ദേമാതരം എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നപ്പോൾ ബ്രിട്ടീഷുകാർ അവരെ നിഷ്കരുണം മർദ്ദിച്ചു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു പോരാട്ടം നടത്താൻ അവർ നിർബന്ധിതരായി. അവരുടെ മേൽ ചുമത്തിയ ക്രൂരത അതായിരുന്നു. 1906-ൽ, നാഗ്പൂരിലെ നീൽ സിറ്റി ഹൈസ്കൂളിലെ കുട്ടികൾക്കെതിരെ ബ്രിട്ടീഷുകാർ സമാനമായ ക്രൂരതകൾ ചെയ്തു. അവരുടെ  മേൽ ചുമത്തിയ ഒരേയൊരു "കുറ്റം" ഒരുമിച്ച് നിന്ന് ഒരു ഏകീകൃത മുദ്രാവാക്യം- 'വന്ദേമാതരം' ഉയർത്തി,എന്നതാണ് . അവരുടെ ശക്തിയാൽ, ഈ മന്ത്രത്തിന്റെ പവിത്രമായ ശക്തി പ്രകടിപ്പിക്കാൻ അവർ ശ്രമിച്ചു. നമ്മുടെ ധീര വിപ്ലവകാരികൾ ഭയമില്ലാതെ തൂക്കുമരത്തെ സ്വീകരിച്ചു, അവസാന ശ്വാസം വരെ അവർ  മുഴങ്ങുന്ന പ്രഖ്യാപനം തുടർന്നു: വന്ദേമാതരം, വന്ദേമാതരം, വന്ദേമാതരം. ഖുദിറാം ബോസ്, മദൻ ലാൽ ധിംഗ്ര, രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുള്ള ഖാൻ, റോഷൻ സിംഗ്, രാജേന്ദ്രനാഥ് ലാഹിരി, രാമകൃഷ്ണ ബിശ്വാസ് - എണ്ണമറ്റ മറ്റുള്ളവർ വന്ദേമാതരം ചൊല്ലുകൊണ്ട്  കുരുക്കിൽ ഒടുങ്ങി . ഇത് വ്യത്യസ്ത ജയിലുകളിൽ, വ്യത്യസ്ത പ്രദേശങ്ങളിൽ സംഭവിച്ചു. പീഡകരുടെ മുഖങ്ങൾ വ്യത്യസ്തമായിരുന്നു, പീഡിപ്പിക്കപ്പെടുന്ന ആളുകൾ വ്യത്യസ്തമായിരുന്നു, അവരുടെ ഭാഷകൾ വ്യത്യസ്തമായിരുന്നു - എന്നാൽ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന മന്ത്രം എല്ലാവർക്കും ഒരുപോലെയായിരുന്നു: വന്ദേമാതരം. സ്വദേശി വിപ്ലവത്തിൽ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച ചിറ്റഗോങ്ങിലെ യുവാക്കളും നമ്മുടെ ചരിത്രത്തിലെ തിളക്കമുള്ള പേരുകളാണ്. ഹർഗോപാൽ കൗൾ, പുലിൻ ബികാഷ് ഘോഷ്, ത്രിപുര സെൻ - എല്ലാവരും രാജ്യത്തിനുവേണ്ടി സ്വയം ത്യാഗം ചെയ്തു. 1934-ൽ മാസ്റ്റർ സൂര്യ സെൻ തൂക്കിലേറ്റപ്പെട്ടപ്പോൾ, അദ്ദേഹം തന്റെ സഖാക്കൾക്ക് ഒരു കത്ത് എഴുതി, ആ കത്തിൽ വന്ദേമാതരം എന്ന ഒറ്റ വാക്ക് മാത്രമേ പ്രതിധ്വനിച്ചുള്ളൂ.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

നമ്മൾ ഇന്ത്യക്കാർക്ക് അഭിമാനിക്കാം. ലോകചരിത്രത്തിൽ, നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ആളുകളെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് പ്രേരിപ്പിക്കുന്ന, അവരുടെ ജീവിതം സമർപ്പിക്കാൻ പ്രചോദിപ്പിക്കുന്ന ഒരു കവിതയോ പ്രചോദനാത്മക ഗീതമോ ഉണ്ടാകില്ല. വന്ദേമാതരം ഒഴികെ ലോകത്ത് എവിടെയും ഇത്രയും വൈകാരികമായ ഒരു ഗാനം ഉണ്ടാകില്ല. അടിമത്തത്തിന്റെ കാലഘട്ടത്തിൽ പോലും, ഇത്തരത്തിലുള്ള ഒരു ഗീതം സൃഷ്ടിക്കാൻ കഴിയുന്ന ഇത്രയും അസാധാരണരായ ആളുകൾ നമ്മുടെ രാജ്യത്ത് ജനിച്ചിട്ടുണ്ടെന്ന് ലോകം മുഴുവൻ അറിയണം. ഇത് ലോകത്തിന് ഒരു അത്ഭുതമാണ്. നമ്മൾ ഇത് അഭിമാനത്തോടെ പറയണം, അപ്പോൾ ലോകം അതിനെ ആദരിക്കാൻ തുടങ്ങും. അത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ മന്ത്രമായിരുന്നു, ത്യാഗത്തിന്റെ മന്ത്രമായിരുന്നു, ഊർജ്ജത്തിന്റെ മന്ത്രമായിരുന്നു, വിശുദ്ധിയുടെ മന്ത്രമായിരുന്നു, സമർപ്പണത്തിന്റെ മന്ത്രമായിരുന്നു, ത്യാഗത്തിന്റെയും തപസ്സിന്റെയും മന്ത്രമായിരുന്നു, കഷ്ടപ്പാടുകൾ സഹിക്കാൻ ശക്തി നൽകിയ മന്ത്രമായിരുന്നു, ആ മന്ത്രം വന്ദേമാതരം ആയിരുന്നു. അതുകൊണ്ടാണ് ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോർ ഇങ്ങനെ എഴുതിയത്: एक कार्ये सोंपियाछि सहस्र जीवन—वन्दे मातरम् (ബംഗാളിയിൽ), അതായത് "ഒറ്റ നൂലിൽ ബന്ധിക്കപ്പെട്ട ആയിരക്കണക്കിന് ഹൃദയങ്ങൾ, ഒരു ദൗത്യത്തിനായി സമർപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് ജീവിതങ്ങൾ: വന്ദേമാതരം". ഇതാണ് രവീന്ദ്രനാഥ ടാഗോർ എഴുതിയത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

അതേ കാലയളവിൽ, വന്ദേമാതരം റെക്കോർഡിംഗുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി. വിപ്ലവകാരികൾക്ക് ലണ്ടൻ ഒരുതരം പുണ്യഭൂമിയായി മാറിയിരുന്നു, ആ ലണ്ടൻ ഇന്ത്യാ ഹൗസിൽ വീർ സവർക്കർ വന്ദേമാതരം ആലപിച്ചു, ആ ഗാനം അവിടെ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു. രാജ്യത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായവർക്ക് അത് പ്രചോദനത്തിന്റെ ഒരു വലിയ ഉറവിടമായിരുന്നു. അക്കാലത്ത്, ബിപിൻ ചന്ദ്ര പാലും മഹർഷി അരബിന്ദോ ഘോഷും ഒരു പത്രം ആരംഭിച്ചു, അതിന് അവർ വന്ദേമാതരം എന്ന് പേരിട്ടു. വാസ്തവത്തിൽ,ഓരോ ഘട്ടത്തിലും വന്ദേമാതരം ബ്രിട്ടീഷുകാരുടെ  ഉറക്കം കെടുത്താൻ പര്യാപ്തമായിരുന്നു, അതുകൊണ്ടാണ് അവർ(സ്വതന്ത്ര പോരാളികൾ)ഈ പേര് തിരഞ്ഞെടുത്തത്. ബ്രിട്ടീഷുകാർ പത്രങ്ങൾ നിരോധിച്ചപ്പോൾ, മാഡം ഭികാജി കാമ പാരീസിൽ ഒരു പത്രം ആരംഭിക്കുകയും അതിന് വന്ദേമാതരം എന്ന് പേരിടുകയും ചെയ്തു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

വന്ദേമാതരം ഭാരതത്തിന് സ്വാശ്രയത്വത്തിന്റെ പാത കാണിച്ചുകൊടുത്തു. അക്കാലത്ത്, തീപ്പെട്ടികളിൽ തുടങ്ങി  വലിയ കപ്പലുകളിൽ വരെ , വന്ദേമാതരം എഴുതുന്ന ഒരു പാരമ്പര്യം ആരംഭിച്ചു. വിദേശ കമ്പനികളെ വെല്ലുവിളിക്കുന്നതിനുള്ള ഒരു മാർഗമായി, സ്വദേശിയുടെ ഒരു മന്ത്രമായി അത് മാറി. സ്വദേശിയുടെ മന്ത്രം പോലെ സ്വാതന്ത്ര്യത്തിന്റെ മന്ത്രവും വികസിക്കാൻ തുടങ്ങി.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

മറ്റൊരു സംഭവം കൂടി ഞാൻ സൂചിപ്പിക്കട്ടെ. 1907-ൽ വി.ഒ. ചിദംബരം പിള്ള ഒരു സ്വദേശി കമ്പനിയുടെ കപ്പൽ നിർമ്മിച്ചപ്പോൾ, അതിൽ വന്ദേമാതരം എഴുതിയിരുന്നു. ദേശീയ കവി സുബ്രഹ്മണ്യ ഭാരതി വന്ദേമാതരം തമിഴിലേക്ക് വിവർത്തനം ചെയ്യുകയും സ്തുതിഗീതങ്ങൾ രചിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പല തമിഴ് ദേശഭക്തി ഗാനങ്ങളിലും വന്ദേമാതരത്തോടുള്ള ഭക്തി വ്യക്തമായി കാണാൻ കഴിയും. ഒരുപക്ഷേ തമിഴ്‌നാട്ടിൽ നിന്നുള്ളവർക്ക് ഇത് അറിയാമായിരിക്കും, പക്ഷേ മറ്റുള്ളവർക്ക് അറിയില്ലായിരിക്കാം. ഭാരതത്തിന്റെ പതാക ഗാനം എഴുതിയത് വി. സുബ്രഹ്മണ്യ ഭാരതി തന്നെയാണ്. ആ പതാക ഗാനത്തിന്റെ വിവരണം വന്ദേമാതരം എന്ന് എഴുതിയ പതാകയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. തമിഴിൽ ഈ ഗാനത്തിന്റെ പേര്: തായിൻ മണിക്കൊടി പരീർ, തഴണ്ടു പനിന്തു പുകഴ്ന്തിട വരീർ! (തമിഴിൽ). അർത്ഥം "ഓ മാതൃരാജ്യത്തെ സ്നേഹിക്കുന്നവരേ, വരൂ, നോക്കൂ, ഭക്തിയോടെ കുമ്പിടൂ, എന്റെ അമ്മയുടെ ദിവ്യ പതാകയെ സ്തുതിക്കൂ."

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഇന്ന്, വന്ദേമാതരത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വികാരങ്ങൾ കൂടി ഈ സഭയിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ച ഒരു വാരിക- ഇന്ത്യൻ ഒപീനിയൻ, മഹാത്മാഗാന്ധി 1905 ഡിസംബർ 2-ന് എഴുതിയത് പ്രസിദ്ധീകരിച്ചു. ഞാൻ അത് ഉദ്ധരിക്കുന്നു. ഗാന്ധി എഴുതി: “ബങ്കിം ചന്ദ്ര രചിച്ച വന്ദേമാതരം എന്ന ഗാനം ബംഗാളിൽ ഉടനീളം വളരെ പ്രചാരത്തിലായി. സ്വദേശി പ്രസ്ഥാനകാലത്ത്, ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടി ബങ്കിമിന്റെ ഈ ഗാനം ആലപിച്ചു. ” ഗാന്ധിജി കൂടുതൽ എഴുതുന്നു, ഇത് വളരെ പ്രധാനമാണ്, 1905-ൽ അദ്ദേഹം ഇങ്ങനെ എഴുതി: “ഈ ഗാനം വളരെ ജനപ്രിയമായിത്തീർന്നിരിക്കുന്നു, അത് നമ്മുടെ ദേശീയ ഗാനം പോലെയായി. അതിന്റെ വികാരങ്ങൾ ഉദാത്തമാണ്, മറ്റ് രാജ്യങ്ങളുടെ ഗാനങ്ങളേക്കാൾ മധുരമുള്ളതാണ്. നമ്മുടെ ഉള്ളിലെ ദേശസ്‌നേഹത്തിന്റെ ആത്മാവിനെ ഉണർത്തുക എന്നതാണ് ഇതിന്റെ ഏക ലക്ഷ്യം. ഇത് ഭാരതത്തെ ഒരു അമ്മയായി കണക്കാക്കുകയും ആ അമ്മയെ  സ്തുതിക്കുകയും ചെയ്യുന്നു.”

സ്പീക്കർ സർ,

1905-ൽ മഹാത്മാഗാന്ധി ദേശീയഗാനമായി കണ്ട വന്ദേമാതരം, രാജ്യത്തിന്റെ എല്ലാ കോണുകളിലും, രാഷ്ട്രത്തിനുവേണ്ടി ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത ഓരോ വ്യക്തിയുടെയും ജീവിതത്തിൽ, ജീവിച്ചിരുന്ന ആ ഗാനം, ഭാരതത്തിന്റെ ലക്ഷ്യത്തിനായി ഉണർന്നിരിക്കുന്ന എല്ലാവർക്കും വലിയ ശക്തിയായിരുന്നു. വന്ദേമാതരം വളരെ മഹത്തരമായിരുന്നു, അതിന്റെ ആത്മാവ് വളരെ ശ്രേഷ്ഠമായിരുന്നു, പിന്നെ എന്തിനാണ് കഴിഞ്ഞ നൂറ്റാണ്ടിൽ അതിനോട് ഇത്ര ഗുരുതരമായ അനീതി ചെയ്തത്? വന്ദേമാതരത്തിനെതിരെ വഞ്ചന നടന്നത് എന്തുകൊണ്ട്? ഈ അനീതി എന്തുകൊണ്ട് സംഭവിച്ചു? ബഹുമാന്യനായ ബാപ്പുവിന്റെ വികാരങ്ങളെക്കാൾ ശക്തമായ ഇച്ഛാശക്തിയുള്ള ആ ശക്തി ഏതാണ്? വന്ദേമാതരം പോലുള്ള ഒരു പവിത്രമായ വികാരത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ആരാണ്? ഇന്ന് വന്ദേമാതരത്തിന്റെ 150 വാർഷികം ആഘോഷിക്കുമ്പോൾ, ഈ വഞ്ചനയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നമ്മുടെ പുതിയ തലമുറകളോട് പറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. വന്ദേമാതരത്തിനെതിരായ മുസ്ലീം ലീഗിന്റെ രാഷ്ട്രീയം കൂടുതൽ ശക്തമാകുകയായിരുന്നു. 1937 ഒക്ടോബർ 15-ന് ലഖ്‌നൗവിൽ നിന്ന് മുഹമ്മദ് അലി ജിന്ന വന്ദേമാതരത്തിനെതിരെ ശക്തമായ ഒരു മുദ്രാവാക്യം ഉയർത്തി. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്‌റു തന്റെ രാഷ്ട്രീയ അടിത്തറ ഇളകുന്നത് മുന്നിൽ കണ്ടു. മുസ്ലീം ലീഗിന്റെ അടിസ്ഥാനരഹിതമായ പ്രസ്താവനകളെ ശക്തമായി എതിർക്കുന്നതിനും, അവരെ അപലപിക്കുന്നതിനും, വന്ദേമാതരത്തോടുള്ള അദ്ദേഹത്തിന്റെയും കോൺഗ്രസ് പാർട്ടിയുടെയും വിശ്വസ്തത പ്രകടിപ്പിക്കുന്നതിനും പകരം, വിപരീതമാണ് സംഭവിച്ചത്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പ്രവർത്തിച്ചതെന്ന് ചോദിച്ചിട്ടില്ല, അറിയില്ല, പക്ഷേ അദ്ദേഹം വന്ദേമാതരത്തെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി. ജിന്നയുടെ എതിർപ്പിന് അഞ്ച് ദിവസത്തിന് ശേഷം, ഒക്ടോബർ 20 ന് നെഹ്‌റു നേതാജി സുഭാഷ് ബോസിന് ഒരു കത്തെഴുതി. ജിന്നയുടെ വികാരം പ്രതിധ്വനിപ്പിച്ചുകൊണ്ട്, വന്ദേമാതരത്തിന്റെ ആനന്ദമഠ പശ്ചാത്തലം മുസ്ലീങ്ങളെ പ്രകോപിപ്പിച്ചേക്കാമെന്ന് അദ്ദേഹം ആ കത്തിൽ സമ്മതിച്ചു. നെഹ്‌റുജിയുടെ ഉദ്ധരണി ഞാൻ വായിക്കാം. നെഹ്‌റുജി പറയുന്നു: "വന്ദേമാതരം എന്ന ഗാനത്തിന്റെ പശ്ചാത്തലം ഞാൻ പഠിച്ചിട്ടുണ്ട്." തുടർന്ന് നെഹ്‌റുജി എഴുതുന്നു: "ഈ പശ്ചാത്തലം കാരണം മുസ്ലീങ്ങൾ പ്രകോപിതരാകാമെന്ന് എനിക്ക് തോന്നുന്നു."

സുഹൃത്തുക്കളേ,

ഇതിനെത്തുടർന്ന്, വന്ദേമാതരത്തിന്റെ ഉപയോഗം അവലോകനം ചെയ്യുന്നതിനായി ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുമെന്ന് കോൺഗ്രസിൽ നിന്ന് ഒരു പ്രസ്താവന വന്നു. ബങ്കിം ബാബുവിന്റെ ബംഗാൾ, ബങ്കിം ബാബുവിന്റെ കൽക്കട്ട എന്നിവ ഈ അവലോകനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യം മുഴുവൻ ഞെട്ടിപ്പോയി, രാജ്യം മുഴുവൻ അത്ഭുതപ്പെട്ടു. രാജ്യമെമ്പാടും, ദേശസ്നേഹികൾ വന്ദേമാതരം ആലപിച്ചുകൊണ്ട് പ്രഭാത മാർച്ചുകൾ സംഘടിപ്പിച്ചു. എന്നാൽ നിർഭാഗ്യവശാൽ, ഒക്ടോബർ 26 ന്, വന്ദേമാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു. വന്ദേമാതരത്തെ കഷണങ്ങളായി തകർക്കാൻ അവർ തീരുമാനിച്ചു. ഈ തീരുമാനത്തിന് പിന്നിൽ അവർ മുഖംമൂടി ധരിച്ചിരുന്നു, "സാമൂഹിക ഐക്യത്തിന്റെ" മേലങ്കി, പക്ഷേ കോൺഗ്രസ് മുസ്ലീം ലീഗിന് മുന്നിൽ മുട്ടുകുത്തി എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് ഇത് അംഗീകരിച്ചു. അവരുടെ പ്രീണന രാഷ്ട്രീയം പിന്തുടരാനുള്ള ഒരു മാർഗമായിരുന്നു അത്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

പ്രീണന രാഷ്ട്രീയത്തിന്റെ സമ്മർദ്ദത്തിൽ വന്ദേമാതരം വിഭജിച്ചതിന് കോൺഗ്രസ് വഴങ്ങി. അതുകൊണ്ടാണ് ഭാരതത്തിന്റെ വിഭജനത്തിനായി കോൺഗ്രസിന്  വഴങ്ങേണ്ടി വന്നത്. കോൺഗ്രസ് തീരുമാനങ്ങൾ എടുക്കുന്നത് ഔട്ട്‌സോഴ്‌സ് ചെയ്തതായി തോന്നുന്നു. നിർഭാഗ്യവശാൽ, കോൺഗ്രസിന്റെ നയങ്ങൾ അതേപടി തുടരുന്നു. മാത്രമല്ല, ഐ‌എൻ‌സി ക്രമേണ ഒരു എം‌എം‌സി ആയി മാറിയിരിക്കുന്നു. ഇന്നും, കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും, കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാവരും, വന്ദേമാതരത്തിന് ചുറ്റും വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഏതൊരു രാജ്യത്തിന്റെയും സ്വഭാവം അതിന്റെ ഏറ്റവും മികച്ച സമയങ്ങളിലല്ല, മറിച്ച് വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും സമയങ്ങളിലാണ് വെളിപ്പെടുന്നത്. നമ്മൾ എത്ര ഉറച്ചവരും, ശക്തരും, കഴിവുള്ളവരുമാണെന്ന് പരീക്ഷിക്കപ്പെടുമ്പോഴാണ് യഥാർത്ഥ ശക്തി പരീക്ഷിക്കപ്പെടുന്നത്. 1947-ൽ സ്വാതന്ത്ര്യത്തിനുശേഷം, രാജ്യത്തിന്റെ വെല്ലുവിളികൾ മാറി, മുൻഗണനകൾ മാറി, പക്ഷേ രാജ്യത്തിന്റെ സ്വഭാവവും പ്രതിരോധശേഷിയും അതേപടി തുടർന്നു, അതേ ആത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. ഭാരതം പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം, രാജ്യം എല്ലായ്പ്പോഴും വന്ദേമാതരത്തിന്റെ ആത്മാവോടെ മുന്നോട്ട് പോയി. മധ്യകാലങ്ങളിൽ സംഭവിച്ചതെന്തായാലും അത് ആകട്ടെ. എന്നാൽ ഇന്നും, ഓഗസ്റ്റ് 15-നും ജനുവരി 26-നും, അല്ലെങ്കിൽ "ഹർ ഘർ തിരംഗ" വേളയിലും, എല്ലായിടത്തും അതേ വികാരം ദൃശ്യമാണ്. ത്രിവർണ്ണ പതാകകൾ അഭിമാനത്തോടെ അലയടിക്കുന്നു. രാജ്യം ഭക്ഷ്യപ്രതിസന്ധി നേരിട്ട ഒരു കാലമുണ്ടായിരുന്നു, നമ്മുടെ കർഷകരുടെ പരിശ്രമത്തിലൂടെ നമ്മുടെ ധാന്യപ്പുരകളിൽ നിറച്ചത് വന്ദേമാതരത്തിന്റെ ആത്മാവായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ തകർക്കാൻ ശ്രമിച്ചപ്പോൾ, ഭരണഘടന തന്നെ ആക്രമിക്കപ്പെട്ടപ്പോൾ, അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ, രാഷ്ട്രത്തെ ഉയർത്തെഴുന്നേൽപ്പിക്കാനും അതിനെ പരാജയപ്പെടുത്താനും പ്രേരിപ്പിച്ചത് വന്ദേമാതരത്തിന്റെ ശക്തിയാണ്. രാജ്യത്തിനുമേൽ യുദ്ധങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടപ്പോഴെല്ലാം, നാം സംഘർഷത്തിലേക്ക് തള്ളിവിടപ്പെട്ടപ്പോഴെല്ലാം, നമ്മുടെ സൈനികരെ അതിർത്തികളിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചത് വന്ദേമാതരത്തിന്റെ ആത്മാവാണ്, വിജയത്തിൽ ഭാരതമാതാവിന്റെ പതാക വീശി. കൊറോണ പോലുള്ള ഒരു ആഗോള പ്രതിസന്ധി വന്നപ്പോൾ, രാഷ്ട്രം ഒരുമിച്ച് നിൽക്കുകയും അതിനെ മറികടക്കുകയും മുന്നോട്ട് പോകുകയും ചെയ്തത് അതേ മനസ്സോടെയാണ്.

ബഹുമാനപ്പെട്ട സ്പീക്കർ സർ,

ഇതാണ് രാഷ്ട്രത്തിന്റെ ശക്തി, രാഷ്ട്രത്തെ ആഴത്തിലുള്ള വികാരങ്ങളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ഊർജ്ജ പ്രവാഹം. ഇത് ഒരു ബോധപ്രവാഹമാണ്, നമ്മുടെ അചഞ്ചലമായ സാംസ്കാരിക പ്രവാഹത്തിന്റെ പ്രതിഫലനമാണ്, അതിന്റെ ആവിഷ്കാരം. വന്ദേമാതരം നമുക്ക് ഓർമ്മിക്കാൻ മാത്രമുള്ള ഒന്നല്ല; പുതിയ ഊർജ്ജം, പുതിയ പ്രചോദനം എന്നിവ ആകർഷിക്കുന്നതിനും അതിലേക്ക് സ്വയം സമർപ്പിക്കുന്നതിനുമുള്ള ഒരു സമയമായി ഇത് മാറണം. ഞാൻ നേരത്തെ പറഞ്ഞതുപോലെ, വന്ദേമാതരത്തോട് നാം കടപ്പെട്ടിരിക്കുന്നു. ഇന്ന് നാം നിൽക്കുന്നിടത്ത് എത്തിയ പാത സൃഷ്ടിച്ചത് വന്ദേമാതരമാണ്, അതിനാൽ, നാം അതിനോട് കടപ്പെട്ടിരിക്കുന്നു. എല്ലാ വെല്ലുവിളികളെയും മറികടക്കാനുള്ള ശക്തി ഭാരതത്തിനുണ്ട്, ഈ ശക്തി വന്ദേമാതരത്തിന്റെ ആത്മാവിൽ നിന്നാണ്. വന്ദേമാതരം വെറുമൊരു ഗാനമോ പ്രചോദനാത്മകമായ ഒരു സ്തുതിഗീതമോ അല്ല; രാഷ്ട്രത്തോടുള്ള നമ്മുടെ കടമകളിലേക്ക് നമ്മെ ഉണർത്തുന്ന ഒരു ശക്തിയാണിത്. അതുകൊണ്ടാണ് നാം അത് തുടർന്നും സ്വീകരിക്കേണ്ടത്. 'ആത്മനിർഭർ ഭാരത്' (ഒരു സ്വാശ്രയ ഇന്ത്യ) എന്ന സ്വപ്നവുമായി നാം മുന്നോട്ട് പോകുകയാണ്, അത് നാം നിറവേറ്റണം. വന്ദേമാതരം നമ്മുടെ പ്രചോദനമാണ്. സ്വദേശി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാലം മാറിയിരിക്കാം, രൂപങ്ങൾ മാറിയിരിക്കാം, പക്ഷേ ആദരണീയനായ ഗാന്ധി പ്രകടിപ്പിച്ച ആത്മാവ് ഇന്നും നിലനിൽക്കുന്നു, വന്ദേമാതരം നമ്മെ ഒന്നിപ്പിക്കുന്നു. നമ്മുടെ മഹാന്മാരായ  നേതാക്കളുടെ സ്വപ്നം ഒരു സ്വതന്ത്ര ഭാരതമായിരുന്നു; ഇന്നത്തെ തലമുറയുടെ സ്വപ്നം ഒരു സമ്പന്ന ഭാരതമാണ്. വന്ദേ ഭാരതത്തിന്റെ ആത്മാവ് ഒരു സ്വതന്ത്ര ഭാരതത്തിന്റെ സ്വപ്നത്തെ പരിപോഷിപ്പിച്ചു; വന്ദേ മാതരത്തിന്റെ ആത്മാവ് ഒരു സമ്പന്ന ഭാരതത്തിന്റെ സ്വപ്നത്തേയും പരിപോഷിപ്പിക്കും.ഈ വികാരങ്ങളിലൂടെയാണ് നാം മുന്നോട്ട് പോകേണ്ടത്. നാം 'ആത്മനിർഭർ ഭാരത്' കെട്ടിപ്പടുക്കണം. 2047 ആകുമ്പോഴേക്കും രാജ്യം 'വിക്ഷിത് ഭാരത്' (വികസിത ഇന്ത്യ) ആയി മാറണം. സ്വാതന്ത്ര്യത്തിന് 50 വർഷം മുമ്പ് ആരെങ്കിലും ഒരു സ്വതന്ത്ര ഭാരതത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നെങ്കിൽ, 2047 ന് 25 വർഷം മുമ്പ്, നമുക്കും ഒരു സമ്പന്നമായ 'വിക്ഷിത് ഭാരത്' സ്വപ്നം കാണാൻ കഴിയും, ഈ സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്ക് സ്വയം സമർപ്പിക്കാം. ഈ മന്ത്രവും ദൃഢനിശ്ചയവും ഉപയോഗിച്ച്, വന്ദേമാതരം നമ്മെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ. വന്ദേമാതരത്തോടുള്ള നമ്മുടെ കടപ്പാട് നമുക്ക് അംഗീകരിക്കാം. അതിന്റെ ആത്മാവ് നമുക്ക് മുന്നോട്ട് കൊണ്ടുപോകാം, രാജ്യത്തെ ജനങ്ങളെ കൊണ്ടുപോകാം, ഒരുമിച്ച് നടക്കാം, ഈ സ്വപ്നം സാക്ഷാത്കരിക്കാം. ഈ ചിന്തയോടെ, ഈ ചർച്ച ഇന്ന് ആരംഭിക്കുന്നു. രാജ്യത്തിനുള്ളിൽ ആ ആത്മാവിനെ ജ്വലിപ്പിക്കാനും, രാഷ്ട്രത്തെ പ്രചോദിപ്പിക്കാനും, പാർലമെന്റിന്റെ ഇരുസഭകളിലും നമ്മുടെ പുതിയ തലമുറയെ ഊർജ്ജസ്വലമാക്കാനും ഇത് ഒരു കാരണമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വാക്കുകളിലൂടെ, എനിക്ക് ഈ അവസരം നൽകിയതിന് ഞാൻ നിങ്ങളോട് എന്റെ അഗാധമായ നന്ദി പ്രകടിപ്പിക്കുന്നു. വളരെ നന്ദി!

വന്ദേമാതരം!

വന്ദേമാതരം!

വന്ദേമാതരം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Our democracy, for the people

Media Coverage

Our democracy, for the people
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the importance of Republic Day
January 26, 2026

The Prime Minister, Shri Narendra Modi said that Republic Day is a powerful symbol of India’s freedom, Constitution and democratic values. He noted that the occasion inspires the nation with renewed energy and motivation to move forward together with a firm resolve towards nation-building.

The Prime Minister shared a Sanskrit Subhashitam on the occasion-
“पारतन्त्र्याभिभूतस्य देशस्याभ्युदयः कुतः। अतः स्वातन्त्र्यमाप्तव्यमैक्यं स्वातन्त्र्यसाधनम्॥”

The Subhashitam conveys that a nation that is dependent or under subjugation cannot progress. Therefore, only by adopting freedom and unity as our guiding principles can the progress of the nation be ensured.

The Prime Minister wrote on X;

“गणतंत्र दिवस हमारी स्वतंत्रता, संविधान और लोकतांत्रिक मूल्यों का सशक्त प्रतीक है। यह पर्व हमें एकजुट होकर राष्ट्र निर्माण के संकल्प के साथ आगे बढ़ने की नई ऊर्जा और प्रेरणा देता है।

पारतन्त्र्याभिभूतस्य देशस्याभ्युदयः कुतः।

अतः स्वातन्त्र्यमाप्तव्यमैक्यं स्वातन्त्र्यसाधनम्॥”