പ്രധാനമന്ത്രി – നിങ്ങളെല്ലാവരും അസാധാരണമായ ഒരു യാത്ര നടത്തിയ ശേഷം തിരിച്ചെത്തിയിരിക്കുകയാണെല്ലോ.....
ശുഭാൻഷു ശുക്ല – അതെ, സർ.
പ്രധാനമന്ത്രി – നിങ്ങൾ വ്യത്യസ്തമായ എന്തോ ഒന്ന് അനുഭവിച്ചിട്ടുണ്ടാകണം. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, നിങ്ങൾക്ക് എന്താണ് തോന്നിയത്?
ശുഭാൻഷു ശുക്ല – സർ, നമ്മൾ അവിടെ പോകുമ്പോൾ, അന്തരീക്ഷവും പരിസ്ഥിതിയും തികച്ചും വ്യത്യസ്തമാണ്. ഗുരുത്വാകർഷണമില്ല.
പ്രധാനമന്ത്രി – അപ്പോൾ, ഇരിപ്പിട ക്രമീകരണത്തെ സംബന്ധിച്ചിടത്തോളം, അത് അതേപടി തുടരുമോ?
ശുഭാൻഷു ശുക്ല – അതെ, സർ, അത് അതേപടി തുടരും .
പ്രധാനമന്ത്രി – നിങ്ങൾക്ക് 23–24 മണിക്കൂർ മുഴുവൻ ആ സ്ഥലത്തിനുള്ളിൽ ചെലവഴിക്കേണ്ടതുണ്ടോ?
ശുഭാൻഷു ശുക്ല – അതെ, സർ. എന്നാൽ ബഹിരാകാശത്ത് എത്തിക്കഴിഞ്ഞാൽ, നമുക്ക് നമ്മുടെ സീറ്റ് അഴിക്കാവുന്നതാണ്, നമ്മുടെ ബന്ധനം നീക്കാം, തുടർന്ന് നമുക്ക് കാപ്സ്യൂളിനുള്ളിൽ പൊങ്ങിക്കിടക്കാനും നീങ്ങാനും കാര്യങ്ങൾ ചെയ്യാനും കഴിയും.

പ്രധാനമന്ത്രി - അകത്ത് അത്രയധികം സ്ഥലമുണ്ടോ?
ശുഭാൻഷു ശുക്ല - അധികം സ്ഥലമില്ല, സർ, എന്നാൽ കുറച്ച് സ്ഥലമുണ്ട്.
പ്രധാനമന്ത്രി - അതിനർത്ഥം അത് നിങ്ങളുടെ യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റിനേക്കാൾ വലിപ്പമേറിയതാണോ?
ശുഭാൻഷു ശുക്ല - അതിനേക്കാൾ വലിപ്പമുണ്ട്, സർ. പക്ഷേ നമ്മൾ അവിടെ എത്തിക്കഴിഞ്ഞാൽ, നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. ഉദാഹരണത്തിന്, ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്നു. പക്ഷേ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ശരീരം അതിനോട് പൊരുത്തപ്പെടുകയും അവിടെ നമ്മൾ സാധാരണ നിലയിലാവുകയും ചെയ്യുന്നു. അതുപോലെ തിരിച്ചെത്തുമ്പോൾ, വീണ്ടും അതേ മാറ്റങ്ങൾ സംഭവിക്കുന്നു. നമ്മൾ എത്ര ആരോഗ്യവാനാണെങ്കിലും, തിരിച്ചെത്തിയ ഉടൻ നമുക്ക് നടക്കാൻ കഴിയില്ല. വ്യക്തിപരമായി, എനിക്ക് അസുഖം തോന്നിയില്ല, ഞാൻ സുഖമായിരിക്കുകയായിരുന്നു. പക്ഷേ, ആദ്യ ചുവടുവെച്ചപ്പോൾ, ഞാൻ വീഴാനാഞ്ഞു. ആളുകൾ എന്നെ പിടിക്കേണ്ടിവന്നു. പിന്നെ രണ്ടാമത്തെയും മൂന്നാമത്തെയും ചുവടുകൾ. നടക്കണമെന്ന് മനസ്സിന് അറിയാമെങ്കിലും, ഇത് ഇപ്പോൾ ഒരു പുതിയ അന്തരീക്ഷമാണെന്ന് മനസ്സിലാക്കാൻ തലച്ചോറിന് സമയമെടുക്കും.
പ്രധാനമന്ത്രി - അപ്പോൾ ഇത് വെറും ശാരീരിക പരിശീലനമല്ല, മറിച്ച് മനസ്സിന്റെ പരിശീലനമാണ്?
ശുഭാൻഷു ശുക്ല - അതെ, സർ, ഇത് മനസ്സിന്റെ പരിശീലനമാണ്. ശരീരത്തിന് ശക്തിയുണ്ട്, പേശികൾക്ക് ശക്തിയുണ്ട്, പക്ഷേ തലച്ചോറിനെ വീണ്ടും പരിശീലിപ്പിക്കേണ്ടതുണ്ട്, ഇത് ഒരു പുതിയ അന്തരീക്ഷമാണെന്നും ഇവിടെ നടക്കാൻ ഇത്രയധികം പരിശ്രമമോ ശക്തിയോ ആവശ്യമാണെന്നും അത് വീണ്ടും മനസ്സിലാക്കണം. അത് വീണ്ടും പഠിക്കണം, സർ.

പ്രധാനമന്ത്രി - ആരാണ് ഏറ്റവും കൂടുതൽ കാലം അവിടെ ഉണ്ടായിരുന്നത്, എത്ര കാലം?
ശുഭാൻഷു ശുക്ല - സർ, നിലവിൽ ചിലർ ഏകദേശം എട്ട് മാസത്തോളം തുടർച്ചയായി താമസിച്ചിട്ടുണ്ട്. അത്തരമൊരു എട്ട് മാസത്തെ കാലയളവ് ആരംഭിച്ചത് ഈ ദൗത്യത്തോടെയാണ്.
പ്രധാനമന്ത്രി - നിങ്ങൾ അവിടെ കണ്ടുമുട്ടിയവരും ഈ കാലയളവ് പൂർത്തിയാക്കിയവരാണോ.....
ശുഭാൻഷു ശുക്ല - അതെ, അവരിൽ ചിലർ ഡിസംബറിൽ തിരിച്ചെത്തും.
പ്രധാനമന്ത്രി - ഈ ദൗത്യത്തിൽ, ചെറുനാരങ്ങയുടെയും ഉലുവയുടെയും പ്രാധാന്യം എന്താണ്?
ശുഭാൻഷു ശുക്ല – വളരെ പ്രധാനപ്പെട്ടതാണ് സർ. ആളുകൾക്ക് ഈ കാര്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നത് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി. ഒരു ബഹിരാകാശ നിലയത്തിൽ ഭക്ഷണം വളരെ വലിയ വെല്ലുവിളിയാണ്. സ്ഥലം പരിമിതമാണ്, ചരക്കുനീക്കം ചെലവേറിയതാണ്, പരമാവധി കലോറിയും പോഷകങ്ങളും ലഭ്യമായ കുറഞ്ഞ സ്ഥലത്ത് പായ്ക്ക് ചെയ്യാൻ എപ്പോഴും ശ്രമം നടക്കുന്നുണ്ട്. എല്ലാത്തരം പരീക്ഷണങ്ങളും നടക്കുന്നുണ്ട് സർ. ഇവ വളർത്തുന്നത് വളരെ ലളിതമാണ്; ഒരു ബഹിരാകാശ നിലയത്തിൽ ഇവയ്ക്ക് ധാരാളം വിഭവങ്ങൾ ആവശ്യമില്ല. ഒരു ചെറിയ പാത്രത്തിൽ അല്പം വെള്ളം വയ്ക്കുക, അതിനെ വെറുതെ വിടുക, എട്ട് ദിവസത്തിനുള്ളിൽ മുളകൾ വളരെ നന്നായി പ്രത്യക്ഷപ്പെടാൻ തുടങ്ങും സർ. അവ സ്റ്റേഷനിൽ തന്നെ വളരുന്നത് ഞാൻ കണ്ടു. സർ, ഇവയാണ് നമ്മുടെ രാജ്യത്തിന്റെ രഹസ്യങ്ങൾ എന്ന് ഞാൻ പറയും. മൈക്രോ-ഗ്രാവിറ്റി ഗവേഷണം നടത്താൻ ഞങ്ങൾക്ക് അവസരം ലഭിച്ചയുടനെ, ഇവയും അവിടെ എത്തി. ആർക്കറിയാം, ഇത് നമ്മുടെ ഭക്ഷ്യസുരക്ഷാ പ്രശ്നം പരിഹരിക്കില്ലെന്ന്.. ബഹിരാകാശയാത്രികർക്ക്, ഇത് സ്റ്റേഷനിൽ ഉപയോഗപ്രദമാണ്, പക്ഷേ അവിടെ പരിഹരിച്ചാൽ, ഭൂമിയിലെ ഭക്ഷ്യസുരക്ഷാ വെല്ലുവിളികൾ പരിഹരിക്കുന്നതിനും ഇത് നമ്മെ സഹായിക്കും സർ.
പ്രധാനമന്ത്രി – ഇത്തവണ ഒരു ഇന്ത്യക്കാരൻ അവിടെ എത്തിയപ്പോൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മറ്റുള്ളവർക്ക് ഒരു ഇന്ത്യക്കാരനെ കണ്ടപ്പോൾ എന്ത് തോന്നി? അവർ എന്താണ് ചോദിച്ചത്, എന്തിനെക്കുറിച്ചാണ് സംസാരിച്ചത്?

ശുഭാൻഷു ശുക്ല - അതെ, സർ. കഴിഞ്ഞ ഒരു വർഷത്തെ എന്റെ വ്യക്തിപരമായ അനുഭവം, ഞാൻ എവിടെ പോയാലും ആരെ കണ്ടുമുട്ടിയാലും, അവർ എന്നെ കാണുന്നതിൽ വളരെ സന്തോഷിച്ചു, സംസാരിക്കാൻ വളരെ ആവേശം കാണിച്ചു, ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നും ഞങ്ങൾ അത് എങ്ങനെ ചെയ്യുന്നുവെന്നും ചോദിച്ചു. ഏറ്റവും പ്രധാനമായി, ബഹിരാകാശ മേഖലയിൽ ഭാരതത്തിന്റെ പുരോഗതിയെക്കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നു. ഗഗൻയാനിനെക്കുറിച്ച് എന്നേക്കാൾ പലരും ആവേശത്തിലായിരുന്നു സർ. നമ്മുടെ ദൗത്യം എപ്പോൾ ആരംഭിക്കുമെന്ന് അവർ എന്നോട് ചോദിച്ചു. വാസ്തവത്തിൽ, ഗഗൻയാൻ വിക്ഷേപിക്കുമ്പോൾ ഞാൻ അവരെ ക്ഷണിക്കണമെന്നും അവർക്ക് നമ്മുടെ വാഹനത്തിൽ ഇരിക്കാൻ ആഗ്രഹമുണ്ടെന്നും എന്റെ ക്രൂ അംഗങ്ങൾ എന്നിൽ നിന്ന് എഴുതി ഒപ്പിട്ടുവാങ്ങി. എനിക്ക് തോന്നുന്നു, സർ, അവർ വലിയ ആവേശത്തിലാണ്.
പ്രധാനമന്ത്രി - അവർ നിങ്ങളെ ഒരു സാങ്കേതിക പ്രതിഭ എന്ന് വിളിച്ചിരുന്നു. കാരണം എന്തായിരുന്നു?
ശുഭാൻഷു ശുക്ല - ഇല്ല, സർ. അവരുടെ ദയാവായ്പുള്ള മനസ്സുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞതെന്ന് ഞാൻ കരുതുന്നു. പക്ഷേ, സർ, വ്യോമസേനയിലെ എന്റെ പരിശീലനവും പിന്നീട് ഒരു ടെസ്റ്റ് പൈലറ്റായി ലഭിച്ച പരിശീലനവും വളരെ കർശനമായിരുന്നു. ഞാൻ വ്യോമസേനയിൽ ചേർന്നപ്പോൾ, എനിക്ക് അധികം പഠിക്കേണ്ടതില്ലെന്ന് ഞാൻ കരുതി, പക്ഷേ പിന്നീട് എനിക്ക് വളരെയധികം പഠിക്കേണ്ടി വന്നു. ഒരു ടെസ്റ്റ് പൈലറ്റായതിനുശേഷം, അത് യഥാർത്ഥത്തിൽ ഒരു എഞ്ചിനീയറിംഗ് വിഭാഗം പോലെയായിരുന്നു. ഞങ്ങൾക്ക് കൂടുതൽ പരിശീലനം ലഭിച്ചു, ഞങ്ങളുടെ ശാസ്ത്രജ്ഞർ രണ്ട്, മൂന്ന്, നാല് വർഷം ഞങ്ങളെ പഠിപ്പിച്ചു. അതിനാൽ, സർ, ഈ ദൗത്യത്തിനായി ഞങ്ങൾ പോയപ്പോൾ വളരെ നന്നായി തയ്യാറായിരുന്നുവെന്ന് ഞാൻ കരുതുന്നു.
പ്രധാനമന്ത്രി - ഞാൻ നിങ്ങൾക്ക് നൽകിയ ഗൃഹപാഠം - നിങ്ങൾ അതിൽ എത്രത്തോളം പുരോഗതി കൈവരിച്ചു?
ശുഭാൻഷു ശുക്ല - വളരെ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്, സർ. പിന്നീട് ആളുകൾ എന്നെ നോക്കി ഒരുപാട് ചിരിച്ചു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം, അവർ എന്നെ കളിയാക്കി, "നിങ്ങളുടെ പ്രധാനമന്ത്രി നിങ്ങൾക്ക് ഗൃഹപാഠം തന്നു" എന്ന് പറഞ്ഞുകൊണ്ട്. ഞാൻ അതെ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ഇത് നമ്മൾ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു - അതുകൊണ്ടാണ് ഞാൻ പോയത്. ദൗത്യം വിജയകരമായിരുന്നു സർ, ഞങ്ങൾ തിരിച്ചെത്തി. പക്ഷേ ഈ ദൗത്യം അവസാനമല്ല, തുടക്കമാണ്.
പ്രധാനമന്ത്രി - അന്നും ഞാൻ അങ്ങനെയാണ് പറഞ്ഞത്.
ശുഭാൻഷു ശുക്ല - അതെ, സർ, താങ്കൾ അന്ന് പറഞ്ഞിരുന്നു...

പ്രധാനമന്ത്രി - ഇത് നമ്മുടെ ആദ്യ ചുവടുവയ്പ്പാണ്.
ശുഭാൻഷു ശുക്ല - തീർച്ചയായും, സർ, ആദ്യ ചുവടുവയ്പ്പ്. ഈ ആദ്യ ചുവടുവയ്പ്പിന്റെ പ്രധാന ലക്ഷ്യം, നമുക്ക് ഇതിൽ നിന്ന് എത്രമാത്രം പഠിക്കാനും തിരികെ കൊണ്ടുവരാനും കഴിയും എന്നതായിരുന്നു.
പ്രധാനമന്ത്രി - നോക്കൂ, നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കടമ ഒരു വലിയ ബഹിരാകാശയാത്രികസംഘത്തെ സജ്ജമാക്കുക എന്നതായിരിക്കും. 40-50 പേർ തയ്യാറായിരിക്കണം. ഇതുവരെ, ഒരുപക്ഷേ വളരെ കുറച്ച് കുട്ടികൾ മാത്രമേ ഇത് അഭിലഷണീയമായ ഒന്നാണെന്ന് കരുതിയിരിക്കുകയുള്ളൂ. എന്നാൽ നിങ്ങളുടെ യാത്രയ്ക്ക് ശേഷം, ഒരുപക്ഷേ അവർക്ക് ഇതിലുള്ള വിശ്വാസം കൂടുതൽ ശക്തമാകുകയും അതിനോടുള്ള ആകർഷണം വളരെയധികം വർദ്ധിക്കുകയും ചെയ്യും.
ശുഭാൻഷു ശുക്ല - സർ, ഞാൻ കുട്ടിയായിരുന്നപ്പോൾ, രാകേഷ് ശർമ്മ സർ 1984 ൽ ബഹിരാകാശത്തേക്ക് പോയിരുന്നു. പക്ഷേ ഒരു ബഹിരാകാശയാത്രികനാകുക എന്ന ചിന്ത എന്റെ മനസ്സിൽ ഒരിക്കലും വന്നില്ല. കാരണം, നമുക്ക് അന്ന് ഒരു ബഹിരാകാശ പദ്ധതിയും ഇല്ലായിരുന്നു. ഒന്നുമില്ലായിരുന്നു, സർ. പക്ഷേ ഇത്തവണ, ഞാൻ സ്റ്റേഷനിൽ (അന്താരാഷ്ട്ര ബഹിരാകാശ നിലയം) ആയിരുന്നപ്പോൾ, മൂന്ന് തവണ കുട്ടികളുമായി സംവദിച്ചു - ഒരു ലൈവ് പരിപാടിയിലും രണ്ട് തവണ റേഡിയോയിലൂടെയും. മൂന്ന് പരിപാടികളിലും, സർ, കുറഞ്ഞത് ഒരു കുട്ടിയെങ്കിലും "സർ, എനിക്ക് എങ്ങനെ ഒരു ബഹിരാകാശ സഞ്ചാരിയാകാൻ കഴിയും?" എന്ന് ചോദിച്ചിരുന്നു. ഇത് നമ്മുടെ രാജ്യത്തിന് ഒരു വലിയ വിജയമാണെന്ന് എനിക്ക് തോന്നുന്നു, സർ - ഇന്നത്തെ ഭാരതത്തിൽ, കുട്ടികൾ സ്വപ്നം കാണുക മാത്രമല്ല, അത് സാധ്യമാണെന്നും, ഒരു അവസരമുണ്ടെന്നും, അവർക്ക് തീർച്ചയായും അത് എത്തിപ്പിടിക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു. സർ, താങ്കൾ പറഞ്ഞതുപോലെ, ഇപ്പോൾ അത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ എനിക്ക് വലിയ പദവി ലഭിച്ചതായി ഞാൻ കരുതുന്നു, ഇപ്പോൾ കഴിയുന്നത്ര ആളുകളെ ഈ ഘട്ടത്തിലെത്താൻ സഹായിക്കേണ്ടത് എന്റെ കടമയാണ്.
പ്രധാനമന്ത്രി - ഇനി അടുത്തതായി, ബഹിരാകാശ നിലയവും ഗഗൻയാനും...
ശുഭാൻഷു ശുക്ല - സർ!
പ്രധാനമന്ത്രി - ഇവയാണ് നമ്മുടെ രണ്ട് പ്രധാന ദൗത്യങ്ങൾ...
ശുഭാൻഷു ശുക്ല - സർ!
പ്രധാനമന്ത്രി - നിങ്ങളുടെ അനുഭവം ഇതിൽ വളരെ വിലപ്പെട്ടതായിരിക്കും.
ശുഭാൻഷു ശുക്ല - ഞാനും അങ്ങനെ വിശ്വസിക്കുന്നു, സർ. പ്രത്യേകിച്ച് താങ്കളുടെ നേതൃത്വത്തിലുള്ള നമ്മുടെ ഗവൺമെൻ്റ് ബഹിരാകാശ പദ്ധതിയോട് കാണിച്ച പ്രതിബദ്ധത കാരണം - പരാജയങ്ങൾക്കിടയിലും എല്ലാ വർഷവും സുസ്ഥിരമായ ബജറ്റ് നൽകുന്നു. ഉദാഹരണത്തിന്, സർ, ചന്ദ്രയാൻ -2 വിജയിച്ചില്ല, എന്നിട്ടും നമ്മൾ മുന്നോട്ട് പോകുമെന്ന് പറഞ്ഞു, ചന്ദ്രയാൻ -3 വിജയിച്ചു. പരാജയങ്ങൾക്ക് ശേഷവും, അത്തരം പിന്തുണ ലഭിക്കുകയും ലോകം മുഴുവൻ കാണുകയും ചെയ്യുന്നുണ്ടെങ്കിൽ, തീർച്ചയായും, സർ, ഈ മേഖലയിൽ നേതൃപാടവം നേടാനുള്ള ശേഷിയും സ്ഥാനവും നമുക്കുണ്ട്. ഭാരതത്തിന്റെ നേതൃത്വത്തിൽ ഒരു ബഹിരാകാശ നിലയം ഉണ്ടായിരുന്നെങ്കിൽ, അതും മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ, അത് വളരെ ശക്തമായ ഒരു ഉപകരണമായേനെ. ബഹിരാകാശ നിർമ്മാണത്തിൽ ആത്മനിർഭരത (സ്വാശ്രയത്വം) സംബന്ധിച്ച താങ്കളുടെ വാക്കുകളും ഞാൻ കേട്ടു, സർ. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഗഗൻയാൻ, ബിഎഎസ്, പിന്നെ ചന്ദ്രനിൽ ഇറങ്ങൽ എന്നിവയെക്കുറിച്ച് താങ്കൾ ഞങ്ങൾക്ക് നൽകിയ ദർശനം തീർച്ചയായും വളരെ മികച്ച ഒരു സ്വപ്നമാണ്, സർ.
പ്രധാനമന്ത്രി - സ്വാശ്രയത്വത്തോടെ ഇവ നേടിയാൽ വളരെ നല്ലതായിരിക്കും.
ശുഭാൻഷു ശുക്ല - തീർച്ചയായും, സർ.
ശുഭാൻഷു ശുക്ല - ബഹിരാകാശത്ത് നിന്ന് ഭാരതത്തിന്റെ നിരവധി ഫോട്ടോകൾ എടുക്കാൻ ഞാൻ ശ്രമിച്ചു, സർ. ഇവിടെയാണ് ഭാരതം ആരംഭിക്കുന്നത്. ഈ ത്രികോണം ബെംഗളൂരു ആണ്, സർ. ഇത് ഹൈദരാബാദ് ആണ്. താങ്കൾ കാണുന്ന ഈ വെളിച്ചം, സർ, മിന്നലാണ്. ഈ പ്രദേശം പർവതങ്ങൾ നിറഞ്ഞതാണ്. ഞങ്ങൾ കടന്ന ഈ ഇരുണ്ട പ്രദേശം ഹിമാലയമാണ്. മുകളിൽ, സർ, അവയെല്ലാം നക്ഷത്രങ്ങളാണ്, ഞങ്ങൾ കടന്നുപോകുമ്പോൾ, സൂര്യൻ പിന്നിൽ നിന്ന് ഉദിച്ചുയർന്നു, സർ.


