നിർമ്മിത ബുദ്ധി,മനുഷ്യചരിത്രത്തിലെ പരിവർത്തനാത്മകമായ ഒരു അധ്യായമാണ് അടയാളപ്പെടുത്തുന്നത്: പ്രധാനമന്ത്രി
നമ്മൾ എഐ-യെ (AI) ജനാധിപത്യവൽക്കരിക്കണം; ഇത് ഉൾപ്പെടുത്തലിനും ശാക്തീകരണത്തിനുമുള്ള ഒരു ഉപകരണമായി മാറണം,പ്രത്യേകിച്ച് 'ഗ്ലോബൽ സൗത്തിന്' : പ്രധാനമന്ത്രി
ധാർമ്മികവും നീതിയുക്തവുമായ സംവിധാനങ്ങൾ, ഉത്തരവാദിത്ത ഭരണം, ദേശീയ പരമാധികാരം, പ്രാപ്യവും ഉൾക്കൊള്ളുന്നതും, സാധുവും നിയമാനുസൃതവുമായ എഐയെക്കുറിച്ചുള്ള എം.എ.എൻ.എ.വി. അഥവാ 'M.A.N.A.V.' (മാനവ്) ദർശനം പ്രധാനമന്ത്രി മുന്നോട്ടുവെച്ചു
മനുഷ്യരും ബുദ്ധിപരമായ സംവിധാനങ്ങളും ഒന്നിച്ച് സൃഷ്ടിക്കുകയും ഒന്നിച്ച് പ്രവർത്തിക്കുകയും ഒന്നിച്ച് വികസിക്കുകയും ചെയ്യുന്ന ഒരു യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്; എഐ നമ്മുടെ ജോലിയെ കൂടുതൽ സ്മാർട്ടും കാര്യക്ഷമവും സ്വാധീനമുള്ളതുമാക്കും: പ്രധാനമന്ത്രി
ആഗോള പൊതുനന്മയ്ക്കായി എഐ ഉപയോഗിക്കുമെന്ന ഒരു കൂട്ടായ ദൃഢനിശ്ചയം നമ്മൾ വികസിപ്പിക്കണം: പ്രധാനമന്ത്രി
എഐ-യിൽ ഇന്ത്യ കാണുന്നത് വൻ അവസരങ്ങളും നാളെയ്ക്കായുള്ള രൂപരേഖയുമാണ് : പ്രധാനമന്ത്രി

ആദരണീയരെ , ബഹുമാനപ്പെട്ട മന്ത്രിമാരേ, വ്യവസായ പ്രമുഖരേ, നവസംരംഭകരേ, ഗവേഷകരേ, പ്രതിനിധികളേ, വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യരേ - നമസ്തേ!

ലോകത്തിലെ ഏറ്റവും വലുതും ചരിത്രപരവുമായ 'എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക്' (AI Impact Summit) നിങ്ങളെ ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. മാനവികതയുടെ ആറിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലാണ് ഈ ഉച്ചകോടി നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയും, സാങ്കേതിക നൈപുണ്യമുള്ളവരുടെ ഏറ്റവും വലിയ ശേഖരവും, അതിവിപുലമായ സാങ്കേതിക സൗഹൃദ ആവാസവ്യവസ്ഥയും ഇന്ത്യയുടെ സവിശേഷതയാണ്. ഇന്ത്യ പുതിയ സാങ്കേതികവിദ്യകൾ നിർമ്മിക്കുക മാത്രമല്ല, അവ അഭൂതപൂർവ്വമായ വേഗതയിൽ സ്വായത്തമാക്കുകയും ചെയ്യുന്നു.
നൂതനാശയങ്ങളെ നെഞ്ചേറ്റാൻ കാത്തിരിക്കുന്ന 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി, ഇവിടെ സന്നിഹിതരായിട്ടുള്ള വിവിധ ഗവൺമെന്റ് തലവന്മാരെയും, ആഗോള എഐ (AI) മേഖലയിലെ പ്രമുഖരെയും, നവസംരംഭകരെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ സാന്നിധ്യത്തിന് എന്റെ ആഴമാർന്ന  നന്ദി രേഖപ്പെടുത്തുന്നു.

 

ഈ ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നു എന്നത് ഇന്ത്യക്ക് മാത്രമല്ല, ഗ്ലോബൽ സൗത്തിന് (Global South) ഒന്നടങ്കം അഭിമാനകരമായ കാര്യമാണ്. നിർമ്മിതബുദ്ധി (AI) ലോകത്തെ പ്രമുഖരെല്ലാം ഇന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ഈ ഉച്ചകോടി വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.യുവാക്കളുടെ ശക്തമായ സാന്നിധ്യം ഈ മേഖലയിൽ പുതിയ ആത്മവിശ്വാസം പകരുന്നു. സാധാരണയായി പുതിയ സാങ്കേതികവിദ്യകൾ അതിന്റെ പ്രാരംഭ ഘട്ടത്തിൽ സംശയത്തോടെയാണ് വീക്ഷിക്കപ്പെടാറുള്ളത്. എന്നാൽ ലോകമെമ്പാടുമുള്ള യുവാക്കൾ AI-യെ സ്വീകരിക്കുന്ന വേഗതയും, അതിൽ കാണിക്കുന്ന വിശ്വാസവും, അത് സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്ത് ഉപയോഗിക്കുന്ന രീതിയും ശരിക്കും അസാധാരണമാണ്.ഈ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള പ്രദർശനം വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്; പ്രത്യേകിച്ച് വൻതോതിൽ എത്തിച്ചേർന്ന യുവപ്രതിഭകൾക്കിടയിൽ. കൃഷി, സുരക്ഷ, ഭിന്നശേഷിക്കാർക്കുള്ള സഹായങ്ങൾ, ബഹുഭാഷാ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഇവിടെ അവതരിപ്പിക്കപ്പെട്ട പരിഹാരങ്ങൾ 'മെയ്ഡ് ഇൻ ഇന്ത്യ' (Made in India) കരുത്തിന്റെയും ഇന്ത്യയുടെ നൂതനമായ കണ്ടുപിടുത്ത ശേഷിയുടെയും ശക്തമായ ഉദാഹരണങ്ങളാണ്.

സുഹൃത്തുക്കളേ,

മനുഷ്യചരിത്രത്തിൽ, ഓരോ നൂറ്റാണ്ടുകൾ കൂടുമ്പോഴും ഒരു വഴിത്തിരിവ് ഉണ്ടാകാറുണ്ട് - അത് നാഗരികതയുടെ ദിശ മാറ്റുകയും, വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും, നമ്മുടെ ചിന്താരീതികളെയും പ്രവൃത്തികളെയും പാടേ മാറ്റിമറിക്കുകയും ചെയ്യുന്നു. ഏറ്റവും കൗതുകകരമായ കാര്യം, ഇത്തരമൊരു മാറ്റത്തിലൂടെ നാം കടന്നുപോകുമ്പോൾ അതിന്റെ യഥാർത്ഥ ഫലം നാം പലപ്പോഴും തിരിച്ചറിയാറില്ല എന്നതാണ്.കല്ലുകൾ തമ്മിലുരസി ആദ്യമായി തീപ്പൊരി ഉണ്ടായപ്പോൾ, അത് നാഗരികതയുടെ അടിത്തറയാകുമെന്ന് ആരും കരുതിയിരുന്നില്ല. സംസാരം ആദ്യമായി ലിപിരൂപത്തിലേക്ക് മാറ്റപ്പെട്ടപ്പോൾ, രേഖപ്പെടുത്തപ്പെട്ട ആ അറിവ് ഭാവി സംവിധാനങ്ങളുടെ നട്ടെല്ലായി മാറുമെന്ന് ആരും മുൻകൂട്ടി കണ്ടില്ല. ആദ്യമായി സിഗ്നലുകൾ വയർലെസ്സ് (wireless) ആയി കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ, ഒരു ദിവസം ലോകം മുഴുവൻ തത്സമയം പരസ്പരം ബന്ധപ്പെടുമെന്ന്  ആർക്കും ഭാവനയിൽ പോലും കാണാൻ കഴിയില്ലായിരുന്നു.

സുഹൃത്തുക്കളേ,

മനുഷ്യചരിത്രത്തിലെ അത്തരമൊരു വലിയ പരിവർത്തനമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അഥവാ നിർമ്മിത ബുദ്ധി . ഇന്ന് നമ്മൾ കാണുന്നതും പ്രവചിക്കുന്നതും അതിന്റെ ഫലങ്ങളുടെ  ആദ്യകാല സൂചനകൾ മാത്രമാണ്. AI യന്ത്രങ്ങളെ ബുദ്ധിശക്തിയുള്ളതാക്കുന്നു, എന്നാൽ അതിനേക്കാൾ പ്രധാനമായി, അത് മനുഷ്യന്റെ കഴിവിനെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. മുൻപത്തെ മാറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ അതിന്റെ വേഗതയും വ്യാപ്തിയും സമാനതകളില്ലാത്തതാണ്.പണ്ട്, ഒരു സാങ്കേതികവിദ്യ അതിന്റെ സ്വാധീനം ചെലുത്താൻ പതിറ്റാണ്ടുകൾ എടുക്കുമായിരുന്നു. എന്നാൽ ഇന്ന്, 'മെഷീൻ ലേണിംഗിൽ' (machine learning) നിന്ന് 'ലേണിംഗ് മെഷീനുകളിലേക്കുള്ള' (learning machines) യാത്ര കൂടുതൽ വേഗതയുള്ളതും ആഴത്തിലുള്ളതും വിപുലവുമാണ്. അതിനാൽ തന്നെ, നമ്മുടെ കാഴ്ചപ്പാട് അത്രതന്നെ വിശാലമായിരിക്കണം, നമ്മുടെ ഉത്തരവാദിത്തം അത്രതന്നെ ഗൗരവമേറിയതുമായിരിക്കണം. ഈ തലമുറയ്‌ക്കൊപ്പം തന്നെ, വരുംതലമുറകൾക്ക് നമ്മൾ എങ്ങനെയുള്ള AI ആണ് കൈമാറാൻ പോകുന്നത് എന്നതും നമ്മൾ ചിന്തിക്കേണ്ടതുണ്ട്.

 

യഥാർത്ഥ ചോദ്യം ഭാവിയിൽ 'നിർമ്മിത ബുദ്ധി'യ്ക്ക് എന്ത് ചെയ്യാൻ കഴിയും എന്നതല്ല, മറിച്ച് ഇന്ന് നമ്മൾ അത് ഉപയോഗിച്ച് എന്ത് ചെയ്യാൻ തീരുമാനിക്കുന്നു എന്നതാണ്. മനുഷ്യരാശി ഇതിനുമുമ്പും ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ആണവോർജ്ജം - അതിന്റെ വിനാശകരമായ ശക്തിയും അതുപോലെതന്നെ ഗുണപരമായ സംഭാവനകളും നമ്മൾ കണ്ടതാണ്. AI-യും അത്തരമൊരു പരിവർത്തന ശക്തിയാണ്: കൃത്യമായ ദിശയില്ലെങ്കിൽ അത് തകർച്ചയിലേക്ക് നയിക്കും; ശരിയായി നയിക്കപ്പെട്ടാൽ അത് വലിയൊരു പരിഹാരമായി മാറും.
എങ്ങനെ AI-യെ യന്ത്ര കേന്ദ്രീകൃതമാക്കുന്നതിന് പകരം മനുഷ്യ കേന്ദ്രീകൃതമാക്കാം , ഉത്തരവാദിത്തമില്ലായ്മക്ക്  പകരം സംവേദനക്ഷമവും ഉത്തരവാദിത്തമുള്ളതുമാക്കാം എന്നതാണ് ഈ ഗ്ലോബൽ എഐ ഇംപാക്ട് ഉച്ചകോടിയുടെ  (Global AI Impact Summit) പ്രധാന ലക്ഷ്യം.

സുഹൃത്തുക്കളേ,

AI-യെ കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ഈ ഉച്ചകോടിയുടെ പ്രമേയത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്: 'സർവ്വജന ഹിതായ, സർവ്വജന സുഖായ' - എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം. ഇതാണ് നമ്മുടെ മാനദണ്ഡം. AI മനുഷ്യരെ വെറും വിവരങ്ങളായോ (data points) അസംസ്‌കൃത വസ്തുക്കളായോ മാത്രം കാണരുത്. അതുകൊണ്ടുതന്നെ, AI ജനാധിപത്യവൽക്കരിക്കപ്പെടണം. ഇത് എല്ലാവരെയും ഉൾക്കൊള്ളുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ഒരു മാധ്യമമായി മാറണം, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ .

സുഹൃത്തുക്കളേ,

നമ്മൾ AI-ക്ക് പറക്കാൻ വിശാലമായ ആകാശം നൽകണം, എന്നാൽ അതിന്റെ നിയന്ത്രണം നമ്മുടെ കൈകളിൽ തന്നെ വെക്കണം. ജിപിഎസ് (GPS) പോലെ - അത് വഴി കാണിച്ചുതരുന്നു, എന്നാൽ ഏത് ദിശയിലേക്ക് പോകണമെന്ന അന്തിമ തീരുമാനം നമ്മുടേതാണ്. ഇന്ന് നമ്മൾ AI-ക്കായി തിരഞ്ഞെടുക്കുന്ന പാതയാണ് നാളെ നമ്മൾ കെട്ടിപ്പടുക്കുന്ന ഭാവി നിർണ്ണയിക്കുന്നത്.

 

സുഹൃത്തുക്കളേ,

ന്യൂഡൽഹി എഐ ഇംപാക്ട് ഉച്ചകോടിയിൽ  (New Delhi AI Impact Summit), AI-യെ കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ഞാൻ അവതരിപ്പിക്കുന്നു - M.A.N.A.V. (മാനവ്), അതായത് മനുഷ്യൻ. 'മാനവ്' (MANAV) എന്ന കാഴ്ചപ്പാട് അർത്ഥമാക്കുന്നത്:

M – Moral and Ethical Systems (ധാർമ്മികവും നീതിയുക്തവുമായ വ്യവസ്ഥകൾ): AI എന്നത് ധാർമ്മികമായ മാർഗ്ഗനിർദ്ദേശങ്ങളിൽ അധിഷ്ഠിതമായി നിർമ്മിക്കപ്പെടണം.

A – Accountable Governance (ഉത്തരവാദിത്തമുള്ള ഭരണം): സുതാര്യമായ നിയമങ്ങളും ശക്തമായ മേൽനോട്ടവും ഉണ്ടായിരിക്കണം.

N – National Sovereignty (ദേശീയ പരമാധികാരം): വിവരങ്ങൾ (Data) അത് സൃഷ്ടിക്കുന്നവർക്ക് അവകാശപ്പെട്ടതാണ്.

A – Accessible and Inclusive (ലഭ്യതയും ഉൾക്കൊള്ളലും): AI എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുത്തകയാകരുത്, മറിച്ച് എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒന്നായിരിക്കണം.

V – Valid and Legitimate (സാധുതയുള്ളതും നിയമപരവുമായത്): AI നിയമവിധേയവും പരിശോധിച്ചുറപ്പിക്കാൻ കഴിയുന്നതുമായിരിക്കണം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ AI അധിഷ്ഠിത ലോകത്ത്, ഇന്ത്യയുടെ ഈ 'മാനവ്' (MANAV) കാഴ്ചപ്പാട് മാനവക്ഷേമത്തിനായുള്ള സുപ്രധാനമായ ഒരു കണ്ണിയായിരിക്കും.

സുഹൃത്തുക്കളേ,

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്റർനെറ്റ് ആരംഭിച്ചപ്പോൾ, അത് എന്തുമാത്രം  തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആർക്കും വ്യക്തതയുണ്ടായിരുന്നില്ല. AI-യുടെ കാര്യത്തിലും ഇത് സത്യമാണ്. ഈ മേഖലയിൽ എത്തരത്തിലുള്ള ജോലികളാണ് വരാനിരിക്കുന്നതെന്ന് ഇന്ന് പ്രവചിക്കുക പ്രയാസമാണ്. തൊഴിലിന്റെ ഭാവി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നല്ല; അത് നമ്മുടെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും ആശ്രയിച്ചിരിക്കും. തൊഴിലിന്റെ ഭാവി ഒരു പുതിയ അവസരമാണെന്ന് ഞാൻ വിശ്വസിക്കുന്നു.ഇത് മനുഷ്യരും ബുദ്ധിശക്തിയുള്ള സംവിധാനങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കുന്ന യുഗമാണ്. "മനുഷ്യരും ഇന്റലിജന്റ് സിസ്റ്റങ്ങളും ഒന്നിച്ച് സൃഷ്ടിക്കുകയും, ഒന്നിച്ച് ജോലി ചെയ്യുകയും, ഒന്നിച്ച് വികസിക്കുകയും ചെയ്യുന്ന ഒരു യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്." AI നമ്മുടെ ജോലിയെ കൂടുതൽ സ്മാർട്ടും കാര്യക്ഷമവും സ്വാധീനമുള്ളതുമാക്കും. നമുക്ക് മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യാനും വേഗത്തിൽ നിർമ്മിക്കാനും ശക്തമായ തീരുമാനങ്ങൾ എടുക്കാനും സാധിക്കും.കൂടുതൽ ആളുകൾക്ക് ഉയർന്ന മൂല്യമുള്ളതും സർഗ്ഗാത്മകവും അർത്ഥവത്തായതുമായ തൊഴിലുകൾ ലഭിക്കും. നവസംരംഭങ്ങൾക്കും , സംരംഭകത്വത്തിനും, പുതിയ വ്യവസായങ്ങൾക്കും ഇതൊരു വലിയ അവസരമാണ്. അതിനാൽ, നൈപുണ്യ വികസനം , പുനർനൈപുണ്യ വികസനം , ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പഠനം എന്നിവ ഒരു ജനകീയ മുന്നേറ്റമായി മാറണം.

 

സുഹൃത്തുക്കളേ,

തൊഴിലിന്റെ ഭാവി എല്ലാവരെയും ഉൾക്കൊള്ളുന്നതും, വിശ്വസനീയവും, മനുഷ്യകേന്ദ്രീകൃതവുമായിരിക്കും. നമ്മൾ ഒത്തൊരുമിച്ച് മുന്നേറുകയാണെങ്കിൽ, നിർമ്മിത ബുദ്ധി  മനുഷ്യരാശിയുടെ ശേഷിയെ പുതിയ ഉയരങ്ങളിലെത്തിക്കും.

സുഹൃത്തുക്കളേ,

"സൂര്യപ്രകാശമാണ് ഏറ്റവും മികച്ച അണുനാശിനി" എന്ന് പറയാറുണ്ട്. അതായത്, സുതാര്യതയാണ് ഏറ്റവും വലിയ സുരക്ഷാകവചം. ചില രാജ്യങ്ങളും കമ്പനികളും AI ഒരു 'തന്ത്രപ്രധാനമായ സ്വത്താണെന്നും' അത് അതീവ രഹസ്യമായി വികസിപ്പിക്കണമെന്നും വിശ്വസിക്കുന്നു. എന്നാൽ ഇന്ത്യ ചിന്തിക്കുന്നത് മറിച്ചാണ്. AI എല്ലാവരുമായി പങ്കുവെക്കുമ്പോൾ മാത്രമേ അത് ലോകത്തിന് ഗുണകരമാകൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കോഡുകൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുമ്പോൾ, ദശലക്ഷക്കണക്കിന് യുവാക്കൾക്ക് അവയെ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ സാധിക്കും. അതിനാൽ, AI-യെ ഒരു 'ആഗോള പൊതുനന്മയ്ക്കായുള്ള സേവനമായി' (Global Common Good) വികസിപ്പിക്കുമെന്ന് നമുക്ക് ഉറച്ചു തീരുമാനിക്കാം.

 

സുഹൃത്തുക്കളേ,

ഇന്ന് ആഗോളതലത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത് അടിയന്തിരമായ മറ്റൊരു ആവശ്യമാണ്. ഡീപ്‌ഫേക്കുകളും (Deepfakes) വ്യാജമായി നിർമ്മിച്ച ഉള്ളടക്കങ്ങളും സ്വതന്ത്ര സമൂഹങ്ങളുടെ സുസ്ഥിരതയെ തകർക്കുന്നുണ്ട്. ഭൗതിക ലോകത്ത്, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നവയെക്കുറിച്ച് അറിയാൻ 'ന്യൂട്രീഷൻ ലേബലുകൾ' (nutrition labels) കാണാറുണ്ട്. അതുപോലെ തന്നെ, ഡിജിറ്റൽ ലോകത്തും ഉള്ളടക്കങ്ങൾക്ക് ആധികാരികത വ്യക്തമാക്കുന്ന ലേബലുകൾ ഉണ്ടായിരിക്കണം; എങ്കിൽ മാത്രമേ എന്താണ് യാഥാർത്ഥ്യമെന്നും എന്താണ് AI നിർമ്മിതമെന്നും ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കൂ. AI കൂടുതൽ എഴുത്തുകളും ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുമ്പോൾ, വാട്ടർമാർക്കിംഗിന്റെയും (watermarking) ഉറവിടം വ്യക്തമാക്കുന്ന കൃത്യമായ മാനദണ്ഡങ്ങളുടെയും ആവശ്യം വർദ്ധിക്കുന്നു. അതുകൊണ്ടാണ് സാങ്കേതികവിദ്യയുടെ തുടക്കം മുതൽ തന്നെ അതിൽ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത്.

സുഹൃത്തുക്കളേ,

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ നമ്മൾ കൂടുതൽ ജാഗരൂകരാകണം. ഒരു സ്കൂൾ പാഠ്യപദ്ധതി എത്രത്തോളം ശ്രദ്ധയോടെയാണോ തയ്യാറാക്കുന്നത്, അതുപോലെ തന്നെ AI ഇടവും കുട്ടികൾക്ക് സുരക്ഷിതവും കുടുംബത്തിന്റെ മേൽനോട്ടത്തിലുള്ളതുമായിരിക്കണം.

സുഹൃത്തുക്കളേ,

ഇന്ന് ലോകം രണ്ടുതരം ആളുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു: AI-യെ ഭയത്തോടെ കാണുന്നവരും ആ ഭയത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നവരും - പിന്നെ AI-യിൽ വലിയൊരു അവസരം കാണുന്നവരും.

സുഹൃത്തുക്കളേ,

പൂർണ്ണ ഉത്തരവാദിത്തത്തോടും അഭിമാനത്തോടും കൂടി ഞാൻ ഇത് പറയട്ടെ: ഇന്ത്യ AI-യെ ഭയത്തോടെയല്ല കാണുന്നത്. ഇന്ത്യ AI-യിൽ വലിയൊരു അവസരമാണ് കാണുന്നത്. ഇന്ത്യ AI-യിൽ ഭാവിയെ കാണുന്നു. നമുക്ക് അതിനുള്ള പ്രതിഭയുണ്ട്, ഊർജ്ജവും ശേഷിയുമുണ്ട്, കൂടാതെ വ്യക്തമായ നയങ്ങളുമുണ്ട്. ഈ ഉച്ചകോടിക്കിടയിൽ മൂന്ന് ഇന്ത്യൻ കമ്പനികൾ സ്വന്തമായി AI മോഡലുകളും ആപ്പുകളും പുറത്തിറക്കി എന്ന വിവരം നിങ്ങളുമായി പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മോഡലുകൾ നമ്മുടെ യുവാക്കളുടെ കഴിവ് വിളിച്ചോതുന്നതും ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പരിഹാരങ്ങളുടെ ആഴവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നതുമാണ്.

സുഹൃത്തുക്കളേ,

സെമികണ്ടക്ടറുകളും ചിപ്പ് നിർമ്മാണവും മുതൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് വരെ നീളുന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ ഇന്ത്യ കെട്ടിപ്പടുക്കുകയാണ്. സുരക്ഷിതമായ ഡാറ്റാ സെന്ററുകൾ, കരുത്തുറ്റ ഐടി ശൃംഖല, ചടുലമായ സ്റ്റാർട്ടപ്പ് രംഗം എന്നിവ ഇന്ത്യയെ കുറഞ്ഞ ചിലവിലുള്ളതും സുരക്ഷിതവുമായ AI പരിഹാരങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നു. ഇന്ത്യയ്ക്ക് വൈവിധ്യവും ജനസംഖ്യാപരമായ കരുത്തും ജനാധിപത്യവുമുണ്ട്. ഇന്ത്യയിൽ വിജയിക്കുന്ന ഏതൊരു AI മോഡലും ആഗോളതലത്തിൽ നടപ്പിലാക്കാൻ സാധിക്കും. അതിനാൽ, ഞാൻ നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു: ഇന്ത്യയിൽ രൂപകൽപ്പന ചെയ്യൂ, ഇന്ത്യയിൽ വികസിപ്പിക്കൂ. ലോകത്തിന് സമർപ്പിക്കൂ, മനുഷ്യരാശിക്കായി നൽകൂ.

ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Labour reforms: Govt fully operationalises four new codes by publishing rules

Media Coverage

Labour reforms: Govt fully operationalises four new codes by publishing rules
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister meets Andhra Pradesh Chief Minister Shri N. Chandrababu Naidu and his family in Hyderabad
May 10, 2026

The Prime Minister, Shri Narendra Modi met the Chief Minister of Andhra Pradesh, Shri N. Chandrababu Naidu, and his family at his residence in Hyderabad today.

The Prime Minister said that it is always a delight to meet Shri Chandrababu Naidu and his family and exchange views on a wide range of subjects and diverse topics.

The Prime Minister wrote on X;

“In Hyderabad, went to Andhra Pradesh Chief Minister Shri Chandrababu Naidu Garu’s residence and met him along with his family. It’s always a delight to meet them and exchange views on so many diverse topics.

@ncbn”