PM Congratulates Shri Harivansh on Historic Third Term as Rajya Sabha Deputy Chairman

ബഹുമാനപ്പെട്ട അധ്യക്ഷൻ ,

സഭയ്ക്ക് വേണ്ടിയും എന്റെ സ്വന്തം പേരിലും ശ്രീ ഹരിവംശ് ജിക്ക് ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. തുടർച്ചയായി മൂന്നാം തവണയും രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ സഭയ്ക്ക് താങ്കളിലുള്ള ആഴമേറിയ വിശ്വാസത്തിന്റെ തെളിവാണ്. കഴിഞ്ഞ കാലയളവിൽ താങ്കളുടെ  അനുഭവസമ്പത്തിൽ നിന്ന് സഭയ്ക്ക് ലഭിച്ച നേട്ടങ്ങൾക്കും, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള താങ്കളുടെ  ശ്രമങ്ങൾക്കും സഭ ഇപ്പോൾ ഔദ്യോഗികമായി അംഗീകാരം നൽകിയിരിക്കുകയാണ്. ഇത് അനുഭവസമ്പത്തിനോടുള്ള ആദരവും, താങ്കളുടെ  സ്വാഭാവികമായ പ്രവർത്തനശൈലിയോടുള്ള ബഹുമാനവും അംഗീകാരവുമാണ്.
ഹരിവംശ് ജിയുടെ നേതൃത്വത്തിന് കീഴിൽ ഈ സഭയുടെ കരുത്ത് കൂടുതൽ ഫലപ്രദമാകുന്നത് നാം കണ്ടിട്ടുണ്ട്. അദ്ദേഹം സഭാ നടപടികൾ നിയന്ത്രിക്കുക മാത്രമല്ല, സഭയെ സമ്പന്നമാക്കാൻ തന്റെ മുൻകാല ജീവിതാനുഭവങ്ങളെ വളരെ കൃത്യമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു എന്ന് എനിക്ക് പറയാൻ കഴിയും. അദ്ദേഹത്തിന്റെ ഈ അനുഭവസമ്പത്ത് സഭാനടപടികളെയും പെരുമാറ്റരീതികളെയും അന്തരീക്ഷത്തെയും കൂടുതൽ പക്വതയുള്ളതാക്കുന്നു. ഡെപ്യൂട്ടി ചെയർമാന്റെ പുതിയ കാലാവധി അതേ ആവേശത്തോടും സമനിലയോടും അർപ്പണബോധത്തോടും കൂടി മുന്നോട്ട് പോകുമെന്നും, നമ്മുടെ എല്ലാവരുടെയും പരിശ്രമത്തിലൂടെ സഭയുടെ അന്തസ്സ് പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.

ബഹുമാനപ്പെട്ട അധ്യക്ഷൻ ,

ഹരിവംശ് ജി ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ഗ്രാമീണ പശ്ചാത്തലം കാരണം വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ തന്റെ ഗ്രാമത്തിന്റെ വികസനത്തിനായി അദ്ദേഹം എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം കാശിയിലായിരുന്നു. മുൻപ് ഈ വിഷയങ്ങളെക്കുറിച്ചെല്ലാം സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുള്ളതിനാൽ അന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനാൽ ഇന്ന് ഞാൻ അവ വീണ്ടും ആവർത്തിക്കുന്നില്ല.തീർച്ചയായും ഇന്ന് ഒരു കാര്യം ഞാൻ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്നു: ഇന്ന് ഏപ്രിൽ 17 ആണ്. 1927 ഏപ്രിൽ 17 നമ്മുടെ മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ജിയുടെ ജന്മദിനം കൂടിയാണ്. ഒരു പ്രത്യേകത എന്തെന്നാൽ, ഇന്ന് ഏപ്രിൽ 17-ന് താങ്കൾ  മൂന്നാം തവണയും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ അത് ചന്ദ്രശേഖർ ജിയുടെ ജന്മവാർഷിക ദിനത്തിലാണ് എന്നത് ശ്രദ്ധേയമാണ്. ചന്ദ്രശേഖർ ജിയുമായുള്ള താങ്കളുടെ  ബന്ധം, അദ്ദേഹത്തോടുള്ള താങ്കളുടെ  സ്നേഹം, ഒരു തരത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക കാലഘട്ടത്തിലുടനീളം ഒരു സഹയാത്രികനായിരിക്കുക എന്നത് വലിയൊരു യാദൃശ്ചികതയാണ്. ചന്ദ്രശേഖർ ജിയുടെ ജീവിതത്തെക്കുറിച്ച് താങ്കൾ  പുസ്തകങ്ങൾ എഴുതുകയും അദ്ദേഹത്തിന്റെ വിപുലമായ ജീവിതത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ, താങ്കളുടെ  മൂന്നാം ഊഴം ചന്ദ്രശേഖർ ജിയുടെ ജന്മദിനത്തിൽ ആരംഭിക്കുന്നു എന്നത് താങ്കളെ  സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സന്ദർഭമായി മാറുന്നു.

ഹരിവംശ് ജിയുടെ പൊതുജീവിതം പാർലമെന്ററി കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. പത്രപ്രവർത്തന രംഗത്തെ ഉന്നതമായ മാനദണ്ഡങ്ങൾ ഇന്നും ഒരു മാതൃകയായി ഉയർത്തിക്കാട്ടപ്പെടുന്നുണ്ട്. പത്രപ്രവർത്തന മേഖലയിൽ അദ്ദേഹത്തിന് ദീർഘകാലത്തെ അനുഭവസമ്പത്തുണ്ട്, എന്നാൽ അവിടെയും ഉന്നതമായ മൂല്യങ്ങളെയാണ് അദ്ദേഹം എപ്പോഴും അടിസ്ഥാനമായി കണക്കാക്കിയിരുന്നത്. അദ്ദേഹത്തിന്റെ രചനകളിൽ മൂർച്ചയുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം, എങ്കിലും അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും സൗമ്യതയും വിനയവും നിറഞ്ഞതാണ്.ഞാൻ ഗുജറാത്തിലായിരുന്ന സമയത്തും അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിക്കുന്ന ശീലമുണ്ടായിരുന്നു. തന്റെ പക്ഷം വളരെ ദൃഢമായി അദ്ദേഹം അവതരിപ്പിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്; വലിയ പഠനത്തിന് ശേഷമുള്ള സത്തയാണ് അവയിൽ ദൃശ്യമാകുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പത്രപ്രവർത്തനത്തിലും സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും എത്താൻ അദ്ദേഹം നിരന്തരവും വിജയകരവുമായ പരിശ്രമങ്ങൾ നടത്തി. സഭയിലെ നയങ്ങളിലും നടപടിക്രമങ്ങളിലും ഇതിന്റെയൊക്കെ പ്രതിഫലനം എവിടെയെങ്കിലുമൊക്കെ നാം കാണാറുണ്ട്, ഇത് നമുക്കെല്ലാവർക്കും സന്തോഷകരമായ ഒരു അനുഭവമാണ്.സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ലോക്‌സഭയിലായാലും രാജ്യസഭയിലായാലും, പുതുതായി വരുന്ന എംപിമാർക്ക് ഹരിവംശ് ജിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനും അദ്ദേഹത്തോട് സംസാരിച്ച് പല കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കും. കാരണം, അദ്ദേഹം പത്രപ്രവർത്തന രംഗത്തായിരുന്നപ്പോൾ "നമ്മുടെ എംപി എങ്ങനെയായിരിക്കണം?" അല്ലെങ്കിൽ "നമ്മുടെ പാർലമെന്റ് അംഗം എങ്ങനെയായിരിക്കണം?" എന്ന പേരിൽ ഒരു കോളം എഴുതാറുണ്ടായിരുന്നു. ഒരുപക്ഷേ, എന്നെങ്കിലും തനിക്ക് തന്നെ അവിടെ ഇരിക്കേണ്ടി വരുമെന്ന് അന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല. എങ്കിലും അദ്ദേഹം എഴുതാറുണ്ടായിരുന്നു, ആ വിഷയങ്ങളിൽ വലിയ അറിവും വ്യക്തതയും ഉണ്ടായിരുന്നു.

സഭയുടെ അന്തസ്സിനെക്കുറിച്ചും, സഭയിലുള്ള ഓരോ അംഗത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും, അവരുടെ പെരുമാറ്റത്തെയും ചിന്തകളെയും കുറിച്ചും അദ്ദേഹത്തിന് വളരെ ആഴത്തിലുള്ള അറിവുണ്ട്. നമ്മുടെ സഭയിലെ സഹപ്രവർത്തകർക്ക് അദ്ദേഹത്തോടൊപ്പം ഇരിക്കുന്നതിലൂടെയും ആ കാര്യങ്ങൾ ചോദിച്ചറിയുന്നതിലൂടെയും ഒരുപാട് പഠിക്കാൻ സാധിക്കും. അച്ചടക്കമുള്ള ജീവിതത്തിലെ സമയനിഷ്ഠയും കടമകളോടുള്ള ഗൗരവവുമാണ് താങ്കളുടെ പ്രത്യേകത; ഒരുപക്ഷേ ഇതുകൊണ്ടായിരിക്കാം എല്ലാവർക്കും ഒരുപോലെ സ്വീകാര്യനായ ഒരു വ്യക്തിത്വമായി താങ്കൾ വളർന്നത്. രാജ്യസഭാംഗമായത് മുതൽ അദ്ദേഹം മുഴുവൻ സമയവും സഭയിലുണ്ടാകാറുണ്ട് എന്ന് എനിക്ക് പറയാൻ കഴിയും. ചെയർമാന്റെ അസാന്നിധ്യത്തിൽ സഭ നിയന്ത്രിക്കുന്ന ജോലി അദ്ദേഹം ചെയ്യുന്നുണ്ട്; എന്നാൽ മറ്റ് സമയങ്ങളിലും, ഏതെങ്കിലും കമ്മിറ്റിയിലെ അംഗമാണ് സഭയിലിരിക്കുന്നതെങ്കിൽ പോലും അദ്ദേഹത്തിന്റെ സാന്നിധ്യം അവിടെ എപ്പോഴും ഉണ്ടാകാറുണ്ട്. അദ്ദേഹം എല്ലാം ശ്രദ്ധിച്ചു കേൾക്കുന്നു, സഭ നിയന്ത്രിക്കുന്നവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. തന്റെ ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ് ഇത് സാധ്യമാകുന്നത്, ഇത് നമുക്കെല്ലാവർക്കും പഠിക്കാനുള്ള ഒന്നാണ്. അദ്ദേഹം തന്റെ മുഴുവൻ സമയവും ഇത്തരം കാര്യങ്ങൾക്കായി ചെലവഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ബഹുമാനപ്പെട്ട അധ്യക്ഷൻ ,

ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ അദ്ദേഹം എങ്ങനെ സഭ നടത്തിക്കൊണ്ടുപോയി എന്നതിനെക്കുറിച്ചും, സഭാംഗം എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചും സ്വാഭാവികമായും നാം നല്ല രീതിയിലുള്ള ചർച്ചകൾ നടത്താറുണ്ട്. എന്നാൽ സഭയ്ക്ക് പുറത്ത് പൊതുജനങ്ങൾക്കിടയിൽ അദ്ദേഹം തന്റെ ജനാധിപത്യപരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങൾ എങ്ങനെ നിറവേറ്റുന്നു എന്നത് പൊതുജീവിതത്തിലുള്ള നമ്മെ സംബന്ധിച്ചിടത്തോളം തീർച്ചയായും ശ്രദ്ധിക്കേണ്ടതും മാതൃകയാക്കേണ്ടതുമായ ഒരു കാര്യമാണ്. എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും, ആ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്നു മാത്രമല്ല, മാതൃകാപരവുമാണ്.നമ്മുടേത് ഒരു യുവരാജ്യമാണ്, ഹരിവംശ് ജി തന്റെ ഭൂരിഭാഗം സമയവും യുവാക്കൾക്കിടയിൽ ചെലവഴിക്കാൻ താല്പര്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ ഒരു രൂപം എന്ന നിലയിൽ, ഗൗരവമേറിയ വിഷയങ്ങളിൽ യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി അദ്ദേഹം രാജ്യത്തുടനീളം നിരന്തരം സഞ്ചരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകാൻ അദ്ദേഹം അമിതമായി ആഗ്രഹിക്കാറില്ല, എങ്കിലും അദ്ദേഹത്തിന്റെ യാത്രകളുടെയും പരിപാടികളുടെയും എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2018-ൽ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി ചുമതലയേറ്റ ശേഷം, എനിക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, അദ്ദേഹം കോളേജുകളിലും സർവ്വകലാശാലകളിലുമായി 350-ലധികം പരിപാടികൾ നടത്തിയിട്ടുണ്ട്. ഇതൊരു വലിയ കാര്യമാണ്. രാജ്യത്തെ സർവ്വകലാശാലകളിലും കോളേജുകളിലും 350-ലധികം പരിപാടികൾക്കായി പോകുക, വരിക, അവരോടൊപ്പം ഇരിക്കുക, സംസാരിക്കുക, അതിനായി വിഷയങ്ങൾ തയ്യാറാക്കുക എന്നത് നിസ്സാരമല്ല; താങ്കൾ  ഈ പ്രവർത്തനം വളരെ വലിയ രീതിയിൽ തന്നെ നിർവ്വഹിച്ചിട്ടുണ്ട്.യുവാക്കളുമായി ബന്ധപ്പെടുക എന്ന ലക്ഷ്യത്തിൽ നിന്ന് അല്പം പോലും മാറാൻ താങ്കൾ  തയ്യാറായിട്ടില്ല. 'വികസിത ഭാരതം' എന്ന സ്വപ്നം യുവാക്കളുടേത് കൂടിയായിരിക്കണം എന്ന് വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ രീതികളിൽ അദ്ദേഹം വിശദീകരിച്ചു കൊടുക്കാറുണ്ട്. വിദ്യാർത്ഥികളിലും യുവതലമുറയിലും ആത്മവിശ്വാസം വളർത്തുന്നതിനെക്കുറിച്ചും അവരെ നിരാശയിൽ നിന്ന് അകറ്റി നിർത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംവദിക്കുന്നു. ചരിത്രപരമായ പരാമർശങ്ങളിലൂടെ, നാം ആഗ്രഹിച്ച വേഗതയിൽ മുന്നേറാൻ തടസ്സമായ കാരണങ്ങൾ എന്തൊക്കെയായിരുന്നുവെന്നും, ഇപ്പോൾ കൈവന്നിരിക്കുന്ന അവസരം എന്താണെന്നും, രാജ്യത്തിന് എങ്ങനെ ഇത്ര വലിയൊരു കുതിച്ചുചാട്ടം നടത്താൻ കഴിയുമെന്നും അദ്ദേഹം അവർക്ക് പറഞ്ഞുകൊടുക്കുന്നു. അവരിൽ ആത്മവിശ്വാസം നിറയ്ക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്യുന്നത്.ഇക്കാലത്ത് രാജ്യത്ത് സാഹിത്യോത്സവങ്ങളുടെ ഒരു തരംഗം തന്നെ ആരംഭിച്ചിട്ടുണ്ട്, ഇപ്പോൾ അത് ടയർ-2, ടയർ-3 നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഹരിവംശ് ജി പലപ്പോഴും ഇത്തരം സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുകയും തന്റെ ചിന്തകളിലൂടെ സമൂഹത്തിലെ ആ വിഭാഗത്തെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ ,

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം ഞാൻ കേട്ടിട്ടുണ്ട്; പൊതുമധ്യത്തിലുള്ള എന്റെ ഈ വിവരം ഒരുപക്ഷേ പൂർണ്ണമായും കൃത്യമാകണമെന്നില്ല. 1994-ൽ ഹരിവംശ് ജി ആദ്യമായി വിദേശയാത്ര നടത്തുകയും അമേരിക്ക സന്ദർശിക്കുകയും ചെയ്തു എന്ന് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം അമേരിക്കയിൽ പോയപ്പോൾ, തന്റെ എല്ലാ പരിപാടികൾക്കും പുറമെ മറ്റെവിടെയെങ്കിലും പോകാനോ മറ്റെന്തെങ്കിലും ചെയ്യാനോ താല്പര്യമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇതൊരു വികസിത രാജ്യമായതുകൊണ്ട് തന്നെ, ഇവിടുത്തെ സർവ്വകലാശാലകൾ കാണാനും അവിടുത്തെ വിദ്യാഭ്യാസ രീതിയും സംസ്കാരവും എന്താണെന്ന് മനസ്സിലാക്കാനും എനിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം അന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു . ഈ രാജ്യം ഇത്രയധികം പുരോഗതി കൈവരിക്കാൻ കാരണമായ ഘടകങ്ങൾ എന്താണെന്ന് അറിയാനായിരുന്നു അത്.ആദ്യത്തെ അമേരിക്കൻ സന്ദർശന വേളയിൽ, നിശ്ചയിച്ചിരുന്ന പരിപാടികൾ കഴിഞ്ഞുള്ള തന്റെ സമയം മുഴുവൻ സർവ്വകലാശാലകൾ സന്ദർശിക്കാനും അവയെക്കുറിച്ച് പഠിക്കാനുമാണ് അദ്ദേഹം ചെലവഴിച്ചത്. അതായത്, ഒരു വികസിത രാജ്യത്തെ സർവ്വകലാശാലകളിൽ നിന്ന് ഇത്തരമൊരു ഫലമാണ് ലഭിക്കുന്നതെങ്കിൽ, 'വികസിത ഭാരതം' എന്ന സ്വപ്നത്തിന് അടിത്തറ പാകാൻ ഇന്ത്യയിലെ സർവ്വകലാശാലകളും ഇത്തരത്തിൽ മാറണം എന്നൊരു ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ ,

എം.പി. ലാഡ് (MPLAD,പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി) ഫണ്ടിനെക്കുറിച്ച് എം.പിമാർക്കിടയിൽ വലിയ ചർച്ചകൾ നടക്കാറുണ്ട്; എം.എൽ.എ ഫണ്ടിനെ അപേക്ഷിച്ച് എം.പി ഫണ്ട് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ചിലപ്പോൾ തർക്കങ്ങൾ പോലും ഉണ്ടാകാറുണ്ട്. എന്നാൽ ഈ ഫണ്ട് എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിൽ ഹരിവംശ് ജിക്കുള്ള ചിന്തകൾ ഞാൻ വ്യക്തിപരമായി കേട്ടിട്ടുണ്ട്, അവ എന്നെ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. എങ്കിലും നമുക്കും ചില പരിമിതികളുണ്ടായിരുന്നു. എല്ലാവരെയും ഇത്തരം ഒരു വിഷയത്തിൽ ഒരുമിച്ച് കൊണ്ടുപോകുന്നത് അല്പം പ്രയാസകരമായതിനാൽ അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് അത് ചെയ്യാൻ ഒരുപക്ഷേ നമുക്ക് കഴിഞ്ഞിട്ടുണ്ടാകില്ല.എന്നാൽ അദ്ദേഹം തന്നെ ആ ഉത്തരവാദിത്തം എങ്ങനെ നിറവേറ്റിയെന്ന് നാം കണ്ടതാണ്. വിദ്യാഭ്യാസ മേഖലയെയും യുവതലമുറയെയും കേന്ദ്രീകരിച്ചുകൊണ്ട് തന്റെ ചിന്തകളെ പ്രായോഗിക തലത്തിൽ എത്തിക്കാൻ അദ്ദേഹം എം.പി. ലാഡ് ഫണ്ട് ഉപയോഗിച്ചു; ഇതിന്റെ വിനിയോഗത്തിൽ അദ്ദേഹം ഒരു മാതൃക തന്നെ സൃഷ്ടിച്ചു. സർവ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദീർഘകാലം സ്വാധീനം ചെലുത്തുന്ന പഠന കേന്ദ്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. പ്രശ്നങ്ങൾക്ക് പദ്ധതി അധിഷ്ഠിത പരിഹാരം  കണ്ടെത്തുക എന്നതായിരുന്നു ഇതിന്റെയൊക്കെ കേന്ദ്രബിന്ദു. ഉദാഹരണത്തിന്, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ഭാഷകളുടെ സംരക്ഷണത്തിനായി പട്ന ഐ.ഐ.ടിയിൽ ഒരു പഠന കേന്ദ്രം തുടങ്ങാൻ അദ്ദേഹം എം.പി. ലാഡ് ഫണ്ട് ഉപയോഗിച്ചു, ആ പ്രവർത്തനം അവിടെ ഇപ്പോഴും നടന്നുവരുന്നു.മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്: ബിഹാറിലെ ചില പ്രദേശങ്ങളിൽ ഭൂകമ്പങ്ങൾ പതിവായി ഉണ്ടാകാറുണ്ട്; നേപ്പാളിൽ ഒരു ചെറിയ ഭൂകമ്പം ഉണ്ടായാൽ പോലും അത് ഈ പ്രദേശത്തെ ബാധിക്കും. ഇത് കണക്കിലെടുത്ത് ഗവേഷണങ്ങൾക്കായി ഒരു പഠന കേന്ദ്രം  എം.പി ഫണ്ട് ഉപയോഗിച്ച് അദ്ദേഹം തുറന്നു. അതായത്, അവിടെ പഠനവും ഗവേഷണവും തുടർച്ചയായി നടക്കുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ജയപ്രകാശ് ജിയുടെ ഗ്രാമമായ സിതാബ് ദിയാരയിൽ നിന്നാണ് ഹരിവംശ് ജിയും വരുന്നത്. ഗംഗ, ഘാഘ്ര എന്നീ രണ്ട് നദികൾക്കിടയിലുള്ള ഗ്രാമമായതിനാൽ നദികളുടെ ഗതിമാറ്റവും മണ്ണൊലിപ്പും അവിടെ വലിയ നാശനഷ്ടങ്ങൾ വരുത്താറുണ്ട്. ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനായി പട്നയിലെ ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയിൽ അദ്ദേഹം ഒരു റിവർ സ്റ്റഡി സെന്റർ (River Study Center) സ്ഥാപിച്ചു. പട്നയിലെ ചന്ദ്രഗുപ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഒരു ബിസിനസ് ഇൻകുബേഷൻ ആൻഡ് ഇന്നൊവേഷൻ സെന്ററും അദ്ദേഹം നിർമ്മിച്ച് വരുന്നു. ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുഗത്തിൽ, മഗധ സർവ്വകലാശാലയിൽ അദ്ദേഹം ഒരു എ.ഐ സെന്ററും സ്ഥാപിച്ചിട്ടുണ്ട്. അതായത്, എം.പി. ലാഡ് ഫണ്ട് എങ്ങനെ ഒരു നിശ്ചിത ലക്ഷ്യത്തോടെ ഉപയോഗിക്കാം എന്നതിന് താങ്കൾ  ഒരു മികച്ച ഉദാഹരണമാണ് നൽകിയിരിക്കുന്നത്.

ബഹുമാനപ്പെട്ട അധ്യക്ഷൻ ,

ഗ്രാമത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് കുടിയേറുന്ന ആളുകൾ പലപ്പോഴും തങ്ങളുടെ ഗ്രാമവുമായുള്ള ബന്ധം അറ്റുപോകാറാണ് പതിവ് എന്നത്  നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇന്നും ഹരിവംശ് ജിയുടെ ജീവിതം തന്റെ ഗ്രാമവുമായി, സ്വന്തം വേരുകളുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു. അവിടുത്തെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരു പങ്കാളിയായിക്കൊണ്ട് തന്നാലാകുന്ന സംഭാവനകൾ അദ്ദേഹം നിരന്തരം നൽകി വരുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ ,

നാം ഇപ്പോൾ ഇരിക്കുന്ന ഈ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ആ സമയത്ത് എന്റെ മനസ്സിൽ വരുന്ന ആശയങ്ങൾ ഞാൻ ഹരിവംശ് ജിയോട് പങ്കുവെക്കുമായിരുന്നു; "നമുക്ക് ഇങ്ങനെ ചെയ്താൽ എങ്ങനെയുണ്ടാകും?" എന്ന് ഞാൻ ചോദിച്ചാൽ, രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം അത് കൃത്യമായി രൂപപ്പെടുത്തി കൊണ്ടുവരുമായിരുന്നു. അത് ഏതെങ്കിലും കാര്യത്തിന് പേര് നൽകുന്നതാകട്ടെ, അല്ലെങ്കിൽ ഈ സഭയുടെ വ്യക്തിത്വം എങ്ങനെ രൂപപ്പെടണം എന്ന കാര്യത്തിലാകട്ടെ—ഈ സഭയുടെ നിർമ്മാണത്തിലും, ഇതിലെ ആർട്ട് ഗാലറിയിലും, വിവിധ കവാടങ്ങൾക്ക് പേര് നൽകുന്നതിലുമെല്ലാം അദ്ദേഹത്തിന്റെ വലിയ സംഭാവനയുണ്ട്. അതായത്, എല്ലാ അർത്ഥത്തിലും എനിക്കൊരു പങ്കാളിയായി അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ച ആ അനുഭവം എനിക്ക് ഏറെ സന്തോഷകരമായിരുന്നു.

ബഹുമാനപ്പെട്ട അധ്യക്ഷൻ ,

സഭ നടത്തിക്കൊണ്ടുപോകുന്നതിൽ ഹരിവംശ് ജിക്കുള്ള വൈദഗ്ദ്ധ്യം നാം നന്നായി കണ്ടിട്ടുള്ളതാണ്. എന്നാൽ അതിനോടൊപ്പം തന്നെ, സംസ്ഥാനങ്ങളിലെ നിയമസഭകളിലെയും നിയമനിർമ്മാണ കൗൺസിലുകളിലെയും പ്രിസൈഡിംഗ് ഓഫീസർമാരുടെ പരിശീലനത്തിനും അവർക്ക് സഹായകരമാകുന്ന രീതിയിൽ പ്രവർത്തിക്കാനും അദ്ദേഹം ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷനിൽ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയുടെ മുദ്ര പതിപ്പിക്കുന്നതിലും അദ്ദേഹം വളരെ സജീവമായ പങ്ക് വഹിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ രണ്ടാം പാദത്തിൽ, ഈ സഭയ്ക്ക് ഒരുപാട് സംഭാവനകൾ നൽകാനുണ്ടെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. രാജ്യത്തെ പുരോഗതിയുടെ പാതയിലൂടെ കൊണ്ടുപോകുന്നതിനും വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും സഭയിലൂടെ ഒരുപാട് കാര്യങ്ങൾ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ എല്ലാ പ്രിസൈഡിംഗ് ഓഫീസർമാരുടെയും ഉത്തരവാദിത്തം വളരെ വലുതാണ്.താങ്കൾ  ആഗ്രഹിക്കുന്ന കാര്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ സഹപ്രവർത്തകരും സഹകരണം തുടരുമെന്ന് എനിക്ക് വലിയ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.താങ്കളുടെ  ജോലിയെ  പ്രയാസകരമാക്കുന്ന തരത്തിൽ ആരും പ്രവർത്തിക്കില്ലെന്നും അതുകൊണ്ടുതന്നെ താങ്കൾക്ക്  കൂടുതൽ ഫലങ്ങൾ നൽകാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു; എല്ലാവരും അങ്ങനെ തന്നെ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, എല്ലാം 'ഹരികൃപ'യെ (ദൈവാനുഗ്രഹം) ആശ്രയിച്ചിരിക്കുന്നു; 'ഹരി' ഇവിടെയുമുണ്ട്, 'ഹരി' അവിടെയുമുണ്ട്, 'ഹരി' ഇവിടെത്തന്നെ ഇരിക്കുകയും ചെയ്യും. അതിനാൽ 'ഹരികൃപ' എപ്പോഴും ഉണ്ടാകട്ടെ. ഈയൊരു പ്രതീക്ഷയോടെ, എന്റെ എല്ലാവിധ ആശംസകളും ഞാൻ താങ്കൾക്ക് നേരുന്നു.

വളരെയധികം നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s power sector set for strong FY27 growth on rising demand, capacity additions: Report

Media Coverage

India’s power sector set for strong FY27 growth on rising demand, capacity additions: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Mr. Andy Burnham on assuming office as Prime Minister of the United Kingdom
July 21, 2026

Prime Minister Shri Narendra Modi today extended congratulations to Mr. Andy Burnham on assuming office as Prime Minister of the United Kingdom.

Shri Modi noted that India and the UK are bound by shared democratic values and enjoy wide-ranging cooperation across trade, investment, technology, defence, and people-to-people relations. With CETA entering into force this month, the Prime Minister pointed out that the bilateral partnership is poised to grow even stronger.

The Prime Minister stated that he looks forward to working closely with him to further deepen the India-UK Comprehensive Strategic Partnership and advance their shared Vision 2035.

In a post on X, the Prime Minister shared:

"Warmest congratulations to Mr. Andy Burnham on assuming office as Prime Minister of the United Kingdom.

India and the UK are bound by shared democratic values and enjoy wide-ranging cooperation across trade, investment, technology, defence and people-to-people relations. With CETA entering into force this month, our bilateral partnership is poised to grow even stronger.

I look forward to working closely with you to further deepen the India-UK Comprehensive Strategic Partnership and advance our shared Vision 2035.

@andyburnham"