പ്രസിഡന്റ് മാക്രോൺ,
 
മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളെ,

നമസ്കാരം!

ജി-7 ഉച്ചകോടിയിലെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് മാക്രോണിന് ഞാൻ ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,

ഇന്നത്തെ ലോകം മുമ്പെന്നത്തേക്കാളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും ഒന്നിനൊന്ന് ആശ്രയിച്ചുനിൽക്കുന്നതുമാണ്. ഒരു രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ, ഭക്ഷ്യ സുരക്ഷ, ആരോഗ്യ സുരക്ഷ, സൈബർ സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയൊന്നും ഇപ്പോൾ ആ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. ആശയവിനിമയം, വിവരങ്ങൾ (ഡാറ്റ), പണം, സാങ്കേതികവിദ്യ എന്നിവയെല്ലാം നമ്മെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നു.

ഇങ്ങനെയുള്ള കാലഘട്ടങ്ങളിൽ, ശക്തമായ പങ്കാളിത്തങ്ങൾക്ക് പ്രാധാന്യം ഏറുന്നു. എന്നാൽ പങ്കാളിത്തങ്ങൾ വിജയകരമാകണമെങ്കിൽ അവ പരസ്പര വിശ്വാസത്തിന്മേൽ പടുത്തുയർത്തിയതായിരിക്കണം. ഇന്ന്, ഏറ്റവും തന്ത്രപ്രധാനമായ ആസ്തി എന്നത് ധാതുക്കളോ, സാങ്കേതികവിദ്യയോ, വിപണികളോ അല്ല - അത് പരസ്പര വിശ്വാസമാണ്.

സാങ്കേതികവിദ്യയും വിതരണ ശൃംഖലകളും ആയുധങ്ങളായല്ല, മറിച്ച് ആഗോള നന്മയ്ക്കായി ഉപയോഗിക്കപ്പെടുമെന്ന വിശ്വാസം. വികസന അവസരങ്ങൾ ഏതാനും രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടില്ലെന്ന വിശ്വാസം. ആഗോള സ്ഥാപനങ്ങൾ എല്ലാ രാജ്യങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുമെന്ന വിശ്വാസം.

സുഹൃത്തുക്കളെ,

കഴിഞ്ഞ നൂറ്റാണ്ടിൽ മനുഷ്യരാശിക്ക് രണ്ട് ലോകമഹായുദ്ധങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു. നിരവധി ത്യാഗങ്ങൾക്ക് ശേഷം, സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും സമൃദ്ധിയിലേക്കും മുന്നേറുന്നതിനായി ആഗോള സമൂഹം ചില സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തു. ഈ ക്രമീകരണങ്ങളുടെ അടിസ്ഥാനവും വിശ്വാസമായിരുന്നു.

എന്നാൽ, പതിറ്റാണ്ടുകളിലൂടെയും പല തലമുറകളുടെ സംഭാവനകളിലൂടെയും കെട്ടിപ്പടുത്ത ആ വിശ്വാസം ഇന്ന് ഭീഷണിയിലാണ്. വിശ്വാസത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അവകാശവാദങ്ങൾ പലപ്പോഴും ആളുകൾ വിശ്വസിച്ചിരുന്നതിനേക്കാൾ ദുർബലമായിരുന്നു എന്ന് കോവിഡ്-19 തുറന്നുകാട്ടി.

ഇന്ന് ലോകം നേരിടുന്നത് വിഭവങ്ങളുടെ ദൗർലഭ്യമല്ല; മറിച്ച് വിശ്വാസത്തിന്റെ ദൗർലഭ്യമാണ്. നമ്മുടെ പങ്കാളിത്തങ്ങളുടെ ഭാവി നിലനിൽക്കുന്നത് ഈ വിശ്വാസം കെട്ടിപ്പടുക്കുന്നതിനെ ആശ്രയിച്ചാണ്.

മുൻ യു.എസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, "വിശ്വസിക്കുക, പക്ഷേ ഉറപ്പുവരുത്തുക" (Trust, but verify) എന്ന്. ഈ സന്ദേശം ഇന്നത്തെ കാലത്തും പ്രസക്തമാണ്. പുതിയ യുഗത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ, വിശ്വാസത്തിലധിഷ്ഠിതവും നിയമങ്ങൾക്കനുസൃതവുമായ ഒരു ആഗോള ക്രമം കെട്ടിപ്പടുക്കുക എന്നത് വരുംതലമുറകളോട് നമുക്കുള്ള ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളെ,

ലോകം മുഴുവൻ ഒരൊറ്റ കുടുംബമാണെന്നാണ് ഇന്ത്യ എപ്പോഴും വിശ്വസിച്ചിട്ടുള്ളത്. എല്ലാവരുടെയും ക്ഷേമവും സന്തോഷവും അർത്ഥമാക്കുന്ന "സർവ്വജന ഹിതായ, സർവ്വജന സുഖായ" എന്ന തത്വമാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് വഴികാട്ടുന്നത്.

പുരോഗതി എന്നത് ജനങ്ങളുടെ ആഗ്രഹങ്ങളാൽ നയിക്കപ്പെടുമ്പോഴാണ് ഏറ്റവും അർത്ഥപൂർണ്ണമാകുന്നത് എന്നാണ് ഇന്ത്യയുടെ വികസന യാത്ര ഞങ്ങളെ പഠിപ്പിച്ചത്. ഈ തത്വം തന്നെയാണ് ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളിത്തങ്ങളെയും രൂപപ്പെടുത്തുന്നത്. ഈ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യ നിരവധി ആഗോള സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്; ഇന്റർനാഷണൽ സോളാർ അലയൻസ് (International Solar Alliance), കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ (Coalition for Disaster Resilient Infrastructure), ഗ്ലോബൽ ബയോഫ്യുവൽസ് അലയൻസ് (Global Biofuels Alliance), മിഷൻ ലൈഫ് (Mission LiFE), "ഏക് പേഡ് മാ കേ നാം" (Ek Ped Maa Ke Naam) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു 'ഫസ്റ്റ് റെസ്‌പോണ്ടർ' (ആദ്യം സഹായമെത്തിക്കുന്നവർ) എന്ന നിലയിൽ രാജ്യങ്ങളെ സഹായിക്കുന്നത് ഇന്ത്യ എപ്പോഴും തങ്ങളുടെ കടമയായിട്ടാണ് കണക്കാക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യ 150-ലധികം രാജ്യങ്ങളിലേക്ക് മരുന്നുകളും വാക്സിനുകളും എത്തിച്ചു നൽകി.

ശ്രീലങ്കയിലെ ചുഴലിക്കാറ്റോ, അഫ്ഗാനിസ്ഥാനിലെ ഭൂകമ്പമോ, മൊസാംബിക്കിലെ പ്രളയമോ, ക്യൂബയിലെയും ജമൈക്കയിലെയും കൊടുങ്കാറ്റുകളോ  ആകട്ടെ, ഇന്ത്യ എപ്പോഴും പ്രതികരിച്ചത് "മനുഷ്യത്വം ആദ്യം"  എന്ന സമീപനത്തോടെയാണ്. ഇതേ മനോഭാവം തന്നെയാണ് ഞങ്ങളുടെ വികസന പങ്കാളിത്തങ്ങളെയും നയിക്കുന്നത്; ഇവ പങ്കാളിത്ത രാജ്യങ്ങളിലെ ശേഷി വികസനത്തിലും നൈപുണ്യ വികസനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മറ്റുള്ളവർക്കായി നമ്മൾ എന്ത് നിർമ്മിക്കുന്നു എന്നതല്ല, മറിച്ച് മറ്റുള്ളവർക്ക് സ്വന്തമായി നിർമ്മിക്കാൻ നമ്മൾ അവരെ എത്രത്തോളം പ്രാപ്തരാക്കുന്നു എന്നതാണ് പങ്കാളിത്തത്തിന്റെ യഥാർത്ഥ പരീക്ഷണം എന്ന് ഇന്ത്യ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ന്, ഗ്ലോബൽ സൗത്തിലെ  രാജ്യങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് വലിയ പ്രതീക്ഷകളാണുള്ളത്. എങ്കിലും, അവർ കേവലം സഹായമോ പിന്തുണയോ മാത്രമല്ല ആഗ്രഹിക്കുന്നത്, മറിച്ച് യഥാർത്ഥ പങ്കാളിത്തമാണ് അവർ ലക്ഷ്യമിടുന്നത്. ആഗോള വികസനത്തിന്റെ ഗുണഫലങ്ങൾ വെറുതെ സ്വീകരിക്കുന്നതിന് പകരം, അതിലേക്ക് സംഭാവനകൾ നൽകാനും അതിന്റെ ഭാഗമാകാനും അവർ ആഗ്രഹിക്കുന്നു.

പരമ്പരാഗതമായ ദാതാവ്-സ്വീകർത്താവ് സമീപനത്തിനപ്പുറത്തേക്ക് നമ്മൾ മാറുകയും സമത്വത്തിലധിഷ്ഠിതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും വേണം. വെറുതെ പരസ്പരം സഹകരിച്ച് പോകുന്നതിന് പകരം, പൊതുവായ ലക്ഷ്യങ്ങൾക്കായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണം. നമ്മുടെ പങ്കാളിത്തങ്ങൾ പരസ്പരാശ്രിതത്വത്തിലല്ല, മറിച്ച് അന്തസ്സിലും പരസ്പര ബഹുമാനത്തിലുമായിരിക്കണം അധിഷ്ഠിതമാകേണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ, വരുംതലമുറകളുടെ സുസ്ഥിര വികസനത്തിനായി ശക്തമായൊരു അടിത്തറ പാകാൻ നമുക്ക് സാധിക്കും.

സുഹൃത്തുക്കളെ,

പൊതുവായ വെല്ലുവിളികളെ നേരിടാൻ നമ്മൾ ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾക്കും ആഗോള ഐക്യദാർഢ്യത്തിനും അർത്ഥമുണ്ടാകൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള സംഘർഷങ്ങൾക്കും തർക്കങ്ങൾക്കും ശാശ്വതമായ പരിഹാരം സാധ്യമാകുന്നത് ചർച്ചകൾ, നയതന്ത്രം, അന്താരാഷ്ട്ര സഹകരണം എന്നിവയിലൂടെ മാത്രമാണെന്ന് ഇന്ത്യ ദൃഢമായി വിശ്വസിക്കുന്നു.

പശ്ചിമേഷ്യയിൽ സമാധാനത്തിനായി  കൈവരിക്കുന്ന പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ സംഘർഷം ഈ മേഖലയിലെ നമ്മുടെ സുഹൃദ് രാജ്യങ്ങളിൽ വലിയ തോതിലുള്ള ജീവഹാനിക്കും സ്വത്തുനാശത്തിനും കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്രവ്യാപാരത്തിലുണ്ടായ തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു. നിരവധി ഇന്ത്യൻ പൗരന്മാർക്ക് ഇതിൽ ജീവൻ നഷ്ടമായി. ആഗോള സമുദ്രവ്യാപാരത്തിലൂടെ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സമുദ്രപാതകൾ സുരക്ഷിതമായിരിക്കണമെന്നും നാവികർക്ക് ഭയമില്ലാതെ തങ്ങളുടെ ചുമതലകൾ നിർവഹിക്കാൻ കഴിയുമെന്നും നമ്മൾ ഉറപ്പാക്കണം.

സുഹൃത്തുക്കളെ,

ഇത്തരം വിഷയങ്ങളിൽ തങ്ങളുടെ എല്ലാ പങ്കാളികളോടും ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ സദാ സന്നദ്ധമാണ്.

വളരെയധികം നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi, Guterres Stress Multipolarity, Need To Reform UN Institutions Including UNSC

Media Coverage

PM Modi, Guterres Stress Multipolarity, Need To Reform UN Institutions Including UNSC
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister offers prayers to Bhagwan Shri Ganesh during Ganpati Darshan at Union Minister Piyush Goyal’s residence
September 14, 2026

The Prime Minister, Shri Narendra Modi has visited the residence of Union Minister Shri Piyush Goyal for Ganpati Darshan.

The Prime Minister prayed for the blessings of Bhagwan Shri Ganesh for everyone.

The Prime Minister wrote on X;

“Went for Ganpati Darshan at the residence of Union Minister Shri Piyush Goyal Ji.

May Bhagwan Shri Ganesh bless everyone!

@PiyushGoyal”